ഈറൻമേഘം: ഭാഗം 21

ഈറൻമേഘം: ഭാഗം 21

 എഴുത്തുകാരി: Angel Kollam

ജോയൽ അവളുടെ ചുമലുകളിൽ പിടിച്ചു തന്റെ നേർക്ക് തിരിച്ചു കൊണ്ട് പറഞ്ഞു.. “എടോ.. താൻ പിണങ്ങാതെ.. ഞാൻ പറയുന്നതൊന്ന് കേൾക്ക്.. ” അവന് പറയാനുള്ളത് എന്താണെന്നറിയാൻ അമേയ അവന്റെ നേർക്ക് നോക്കി.. “താൻ ആരോടും ഒരു വാക്ക് പോലും പറയാതെ എമറാൾഡിൽ നിന്നും പോയതല്ലേ? അപ്പോൾ പോയതിനേക്കാൾ ഡബിൾ സ്ട്രോങ്ങ്‌ ആയിട്ട് താൻ തിരിച്ചെത്തിയിട്ടുണ്ടെന്ന് അവിടെ ചിലരെ നമുക്ക് കാണിച്ചു കൊടുക്കണ്ടേ?” “അതിനൊക്കെ ഇനിയും സമയമുണ്ട്.. ജോലിക്ക് ജോയിൻ പോലും ചെയ്യാതെ നിൽക്കുന്ന ഈ അവസ്ഥയിലല്ല ഞാൻ അവിടേക്ക് പോകേണ്ടത്.. ഞാൻ ആഗ്രഹിച്ചത് പലതും എന്റെ ജീവിതത്തിൽ സാധ്യമാകുന്ന ഒരു ദിവസം.. ഞാനിവിടെ വരും.. ഞാനിവിടെ നിന്നും ഒളിച്ചോടി പോയതല്ലെന്ന് ചിലരെയെങ്കിലും ഓർമിപ്പിക്കാൻ..

ചിലരുടെയൊക്കെ പ്രവർത്തികൾ കൊണ്ട് എന്റെ ജീവിതത്തിൽ പ്രത്യേകിച്ച് ദോഷങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.. നന്മകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ബോധ്യപ്പെടുത്തി കൊടുക്കാൻ.. ഞാൻ ഒന്നുമാകാതെ നിൽക്കുന്ന ഈ അവസ്ഥയിലല്ല എനിക്കവരെ കാണേണ്ടത്.. അതിന് ഇനിയും പല കടമ്പകൾ കൂടി കടക്കാനുണ്ട്.. അതെല്ലാം സാധ്യമാകുമ്പോൾ ഞാൻ വരും ഇവിടേക്ക്.. സാർ പറഞ്ഞത് പോലെ തലയുയർത്തിപിടിച്ചു നടക്കുകയും ചെയ്യും ” “എന്തൊക്കെയാണെടോ തന്റെ മനസിലെ ആഗ്രഹങ്ങൾ? പറയ്.. ഞാനും കൂടി കേൾക്കട്ടെ ” “ഇപ്പോൾ ഞാൻ ഒന്നും പറയില്ല.. ആഗ്രഹങ്ങൾ ഒന്നൊന്നായി സാധിക്കുമ്പോൾ പറയാം ” “താനെന്റെ മുഖത്തേക്ക് നോക്കിക്കേ.. ഞാൻ പറയാം എന്തൊക്കെയാണ് തന്റെ മനസിലുള്ളത് ”

അമേയ അവന്റെ മുഖത്തേക്ക് നോക്കാൻ മടിച്ചു.. തന്റെ മനസ് അവൻ വായിച്ചെടുത്താലോ എന്ന വെപ്രാളത്തോടെ പറഞ്ഞു.. “ചുമ്മാ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കാതെ വണ്ടിയെടുക്ക്.. എന്താണ് ആഗ്രഹങ്ങളെന്ന് ഞാൻ വഴിയേ അറിയിച്ചോളാം ” “താൻ പറയാതെ ഞാൻ അത് മനസിലാക്കിയാലോ?” “എങ്ങനെ?” “തന്നെ ഞാൻ ഹിപ്നോട്ടിസം ചെയ്യും.. അപ്പോൾ എനിക്കറിയാൻ പറ്റും ” “ദേ.. ഒരാളുടെ പെർമിഷൻ ഇല്ലാതെ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലെന്ന് അറിയില്ലേ?” “ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാണെടോ.. തന്റെ മനസിലെ എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ ഞാനും പ്രാർത്ഥിക്കാം.. എന്നിട്ട് താൻ ആഗ്രഹിച്ചത് പോലെ വിജയശ്രീലാളിതയായി നമുക്കിവിടേക്ക് വരാം..

അല്ലേ? ഇപ്പോൾ നമുക്ക് തിരിച്ചു പോകാം ” “ഉം ” ജോയൽ കാർ തിരിച്ചു.. ഫ്ലാറ്റിലേക്ക് ഡ്രൈവ് ചെയ്യാൻ തുടങ്ങി.. ഒരു ഹോട്ടലിന് മുന്നിൽ കാർ നിർത്തിയിട്ടു അവൻ രാത്രിയിൽ കഴിക്കാനുള്ള ഭക്ഷണം പാർസൽ വാങ്ങി.. ഫ്ലാറ്റിലെത്തിയതിന് ശേഷം ഇരുവരും തങ്ങളുടെ റൂമിലേക്ക് പോയി.. അമേയ റെഡിയായിട്ട് എത്തിയപ്പോൾ ജോയൽ ടീവിയുടെ മുന്നിലായിരുന്നു.. അവൻ ഏതോ വാർത്താ ചാനൽ കാണുകയായിരുന്നു.. അമേയയുടെ നേർക്ക് റിമോർട്ട് നീട്ടിക്കൊണ്ട് അവൻ പറഞ്ഞു.. “തനിക്ക് സീരിയൽ കാണണമെങ്കിൽ കണ്ടോളൂ.. മമ്മി ഇവിടുള്ളപ്പോൾ ഈ സമയത്ത് ഞാനോ പപ്പയോ ടീവിയുടെ മുന്നിൽ പോലും വരില്ലായിരുന്നു.. ഈ സമയം സ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു ” “ഹേയ്.. എനിക്ക് സീരിയലിന്റെ ബിജിഎം കേൾക്കുന്നത് പോലും ഇഷ്ടമല്ല ”

“ആഹാ.. സീരിയൽ ഇഷ്ടമില്ലാത്ത പെൺപിള്ളേരൊക്കെയുണ്ടോ? ഞാൻ ആദ്യമായിട്ട് കാണുകയാണ് ” “അതിന് സാറിന് അധികം പെൺപിള്ളേരെ പരിചയമില്ലാത്തത് കൊണ്ടാണ്.. എല്ലാ സീരിയലും മോശമാണെന്നൊന്നും ഞാൻ പറയുന്നില്ല.. പക്ഷേ മലയാളത്തിലെ ഒരു പ്രത്യേക ചാനലിന് ഇപ്പോളും പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടിയിട്ടില്ലെന്ന് തോന്നും അവരുടെ സീരിയലിന്റെ പ്രോമോ കാണുമ്പോൾ.. അതും ഞാനിഷ്ടമുണ്ടായിട്ട് കാണുന്നതല്ല.. സിനിമ കാണുമ്പോൾ ഇടയ്ക്ക് പരസ്യം ആയിട്ട് കാണുമ്പോൾ തന്നെ സഹിക്കാൻ പറ്റില്ല.. അപ്പോൾ അരമണിക്കൂർ ക്ഷമയോടെ കാണുന്ന പ്രേക്ഷകരെ സമ്മതിക്കണം.. അവിഹിതബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നതും അച്ഛന് മകളെ അറിയാത്തതും അമ്മയ്ക്ക് മകളെ മാറിയാത്തതും ഒക്കെയല്ലേ ചിലതിന്റെ കഥ..

ഇത് കണ്ടിരിക്കാനുള്ള സമയവും ക്ഷമയും എനിക്കില്ല ” “നല്ല സീരിയലൊക്കെ ഉണ്ടെടോ.. എന്റെ മമ്മി കാണുന്നതൊക്കെ അത്യാവശ്യം കുഴപ്പമില്ലാത്ത സീരിയൽ ആയിരുന്നു ” “എല്ലാ സീരിയലും മോശമാണെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ സാർ.. ചിലതെന്നല്ലേ പറഞ്ഞത്.. പിന്നെ ഞങ്ങൾ പെൺകുട്ടികൾ എല്ലാവരും സീരിയൽ അഡിക്ട് ആണെന്നുള്ള സാറിന്റെ കാഴ്ചപ്പാട് തെറ്റാണെന്നുമാണ് ഞാൻ പറഞ്ഞത് ” “ഓ.. സമ്മതിച്ചു.. താൻ നഴ്സല്ല.. വക്കീലാകുകയായിരുന്നു വേണ്ടത്. നല്ല വാക്ചാതുര്യം ഉണ്ടല്ലോ.. കേസൊക്കെ പുഷ്പം പോലെ ജയിച്ചേനെ ” “കളിയാക്കിയതാണെങ്കിലും എനിക്കിഷ്ടപ്പെട്ടു ഈ പറഞ്ഞത് ” പിന്നെയും എന്തൊക്കെയോ സംസാരിച്ച് കൊണ്ട് അവർ ടീവിയ്ക്ക് മുൻപിലിരുന്നു.. എട്ടര മണിയായപ്പോൾ ജോയൽ അവളോട് ചോദിച്ചു..

“നമുക്ക് ഭക്ഷണം കഴിച്ചാലോ?” “ഉം ” ജോയൽ പ്ലേറ്റ് എടുക്കാൻ വേണ്ടി എഴുന്നേറ്റതും അവനെ തടഞ്ഞു കൊണ്ട് അമേയ പറഞ്ഞു.. “ഞാൻ പ്ലേറ്റ് എടുത്ത് കൊണ്ട് വരാം ” അമേയ അടുക്കളയിൽ നിന്ന് രണ്ടു പ്ലേറ്റ് എടുത്ത് കൊണ്ട് വന്നു.. അവൾ നടന്ന് വരുന്നത് കണ്ടപ്പോൾ ജോയലിന് മമ്മിയെ ഓർമ വന്നു.. അവളുടെ നടത്തവും പ്രവർത്തിയുമെല്ലാം ചില സമയത്ത് മമ്മിയെ പോലെയാണ്.. ദൈവമേ.. താനിവിടെ ഒരു പെങ്കൊച്ചിനെ ഫ്ലാറ്റിൽ താമസിച്ചിട്ടുണ്ടെന്ന് മമ്മിയോ പപ്പയോ അറിഞ്ഞാലുള്ള പുകിൽ എന്തായിരിക്കും? ഓർത്തപ്പോൾ ഉള്ളിൽ ഒരു ഭയം.. ജോയലിന്റെ മമ്മി നേഴ്സ് ആയിരുന്നു.. പപ്പ റിട്ടയർഡ് കേണൽ ആണ്.. പട്ടാളക്കാരൻ ആയതിന്റെ ഒരു സ്ട്രിക്ട് ഇപ്പോളും ഉണ്ട്.. തന്നെയും പെങ്ങളെയും അതുപോലെയാണ് വളർത്തിയത്.. പക്ഷേ വിവാഹകാര്യത്തിൽ സ്വന്തം തീരുമാനമെടുക്കാൻ അനുവാദം തന്നിരുന്നു.. ജോയലിന്റെ പെങ്ങൾ ജോസ്ന ഡോക്ടറാണ്..

എംബിബിഎസിന് പഠിക്കുമ്പോൾ തന്റെ സീനിയർ ആയിട്ട് പഠിച്ചിരുന്ന ഒരാളെ പ്രണയിച്ചു.. വീട്ടിൽ പറഞ്ഞപ്പോൾ പയ്യൻ ഡോക്ടർ ആയതു കൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ പപ്പാ സമ്മതിച്ചു.. അവരുടെ വിവാഹവും കഴിഞ്ഞു.. തന്റെ കാര്യത്തിൽ എന്താകുമോ എന്തോ.. അമേയയുടെ ജോലി ഒരു പ്രശ്നമാകില്ല… മമ്മി നേഴ്സ് ആയിരുന്നത് കൊണ്ട് തന്നെ അവർക്ക് രണ്ടാൾക്കും ആ പ്രൊഫഷനോട്‌ ബഹുമാനമുണ്ട്.. പക്ഷേ അവളുടെ മതം…. അതൊരു പ്രശ്നമാകുമെന്ന് തന്റെ മനസ് പറയുന്നുണ്ട്.. ഡൈനിംഗ് ടേബിളിന്റെ മുകളിൽ പ്ലേറ്റ് വച്ചിട്ട് അവൾ ജോയലിന്റെ നേർക്ക് നോക്കി.. “ഇതെന്താ അവിടെ നിന്ന് സ്വപ്നം കാണുകയാണോ? കഴിക്കണ്ടേ?” ജോയൽ തിടുക്കത്തിൽ അമേയ ഇരുന്നതിന് എതിരെയുള്ള കസേരയിലായിട്ടിരുന്നു..

അമേയ തന്റെ പ്ലേറ്റിലേക്കും അവന്റെ പ്ലേറ്റിലേക്കും ഭക്ഷണം പകർന്നു.. പതിയെ അവർ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു.. ഇടയ്ക്കിടെ അവരുടെ മിഴികൾ നേർക്ക് നേർ വരുമ്പോൾ രണ്ട് പേരുടെയും നെഞ്ചിൽ എന്തോ പോലെ തോന്നി… ജോയലാണ് ആദ്യം ഭക്ഷണം കഴിച്ചെഴുന്നേറ്റത്.. അവൻ താൻ കഴിച്ച പാത്രവുമായി എഴുന്നേൽക്കുന്നത് കണ്ടപ്പോൾ അമേയ പറഞ്ഞു.. “സാർ എഴുന്നേറ്റോളൂ.. ഞാൻ പാത്രം കഴുകിക്കോളാം ” “വേണ്ട..കഴിച്ച പാത്രം സ്വന്തമായി കഴുകണമെന്നാണ് എന്റെ മമ്മി എന്നെ പഠിപ്പിച്ചിരിക്കുന്നത്.. അതിപ്പോൾ മാത്രമല്ല കല്യാണം കഴിഞ്ഞാലും.. കാരണം.. നമ്മൾ കല്യാണം കഴിച്ചു കൊണ്ട് വരുന്നത് ഒരു വേലക്കാരിയേയല്ല ലൈഫ് പാർട്ണറിനെയാണ്.. അതുകൊണ്ട് കുടുംബജീവിതത്തിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്യപങ്കാളിത്തമാണെന്ന് പറയുക മാത്രമല്ല അത് പ്രാവർത്തികമാക്കുക കൂടി ചെയ്യണമെന്നാണ് മമ്മി എന്നെ പഠിപ്പിച്ചിട്ടുള്ളത് ”

തന്റെ ഗിരീഷ് ചേട്ടന്റെ കാഴ്ചപ്പാട് തന്നെയാണ് ജോയലിനുമെന്ന് അവൾ മനസിലാക്കി.. ചെറു ചിരിയോടെ അവൾ പറഞ്ഞു.. “സാറിന്റെ മമ്മി കൊള്ളാമല്ലോ? സാധാരണ എല്ലാ അമ്മമാരും നീ ആണാണ്.. അങ്ങനെ ചെയ്യരുത്.. ഇങ്ങനെ ചെയ്യരുതെന്നാണ് പഠിപ്പിക്കുക.. പക്ഷേ.. യുവർ മദർ ഈസ്‌ റിയലി ഗ്രേറ്റ്‌” “എന്റെ മമ്മി മാത്രമല്ലെടോ പപ്പയും ഇങ്ങനെയൊക്കെ തന്നെയാണ്.. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിന് അവന്റെ കുടുംബം നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്.. അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്.. പപ്പയുടെയും അമ്മയുടെയും ഉപദേശം കേട്ട് വളർന്നത് കൊണ്ട് ജീവിതത്തിൽ ഒരിക്കൽ പോലും കാലിടറി പോകുകയോ സംസ്കാരശൂന്യമായ പ്രവർത്തികൾ കാണിക്കുകയോ ചെയ്തിട്ടില്ല ” “സാറിന്റെ ഫാമിലിയേ പറ്റി പറഞ്ഞില്ലല്ലോ?” ജോയൽ പപ്പയെയും മമ്മിയെയും സഹോദരിയെയും കുറിച്ച് സംസാരിക്കാൻ തുടങ്ങി.. അമേയ ആകാംഷയോടെ അതെല്ലാം കേട്ടിരുന്നു..

ജോയൽ സംഭാഷണം അവസാനിപ്പിച്ചപ്പോൾ കൗതുകത്തോടെ അമേയ അവനോട് ചോദിച്ചു.. “സാറിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞുവെന്നല്ലേ പറഞ്ഞത്.. പിന്നെന്താ സാർ ഇത്രയും നാളായിട്ട് കല്യാണം നോക്കാഞ്ഞത്?” ജോയലിന് വല്ല പ്രണയനൈരാശ്യവുമുണ്ടായിട്ട് നിരാശാകാമുകനായിട്ട് നടക്കുകയാണോ എന്നായിരുന്നു അമേയ മനസ്സിൽ ചിന്തിച്ചത്.. ജോയലിന് അവളുടെ മനസ്സറിയാൻ സാധിച്ചു.. അവൻ മുഖത്ത് ദുഃഖഭാവം വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.. “എടോ.. ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ഒരു പെൺകുട്ടിയുമായി ഞാൻ പ്രണയത്തിലായിരുന്നു.. അവളെ മാത്രമേ വിവാഹം കഴിക്കുള്ളൂ എന്നൊക്കെ മനസ്സിൽ കരുതിയായിരുന്നു പ്രണയിച്ചത്.. പക്ഷേ ഡിഗ്രി കഴിഞ്ഞിട്ട് ഞാൻ പിജിയ്ക്ക് ജോയിൻ ചെയ്തപ്പോളേക്കും വീട്ടുകാർ നിർബന്ധിച്ച് അവളുടെ കല്യാണം നടത്തി..

എത്ര ശ്രമിച്ചിട്ടും ജീവിതത്തിൽ ഭാര്യയായി സങ്കൽപ്പിച്ചവളുടെ സ്ഥാനത്ത് മറ്റൊരാളെ കാണാനെനിക്ക് സാധിച്ചില്ല.. അതുകൊണ്ട് വീട്ടിൽ നിന്നും വിവാഹക്കാര്യം പറയുമ്പോളൊക്കെ ഒഴിഞ്ഞു മാറി നടന്നു ” അമേയയുടെ മുഖം വാടിയത് ജോയലിന്റെ ശ്രദ്ധയിൽ പെട്ടു.. ഗൂഢമായ ചിരിയോടെ അവൻ ചോദിച്ചു.. “എന്താടോ? എന്റെ പ്രണയകഥ കേട്ടപ്പോൾ തന്റെ മുഖം വല്ലാതായല്ലോ ” “ഹേയ്.. ഒന്നൂല്ലാ..” അമേയ താൻ ഭക്ഷണം കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് നടന്നു.. ജോയൽ അവളുടെ പിന്നാലെ നടന്ന് ചെന്നു.. അവൾ സിങ്കിന്റെ അരികിൽ പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് അവളുടെ മുഖഭാവം കാണാൻ കഴിയുന്നില്ല.. ജോയൽ അവളെ തനിക്കഭിമുഖമായി തിരിച്ചു നിർത്തിക്കൊണ്ട് ചോദിച്ചു.. “എന്താടോ.. തനിക്ക് പറ്റിയത്?” “ഒന്നൂല്ലാ ”

“എടോ എന്റെ പ്രണയകഥ കെട്ടിട്ടാണ് താനിങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നതെങ്കിൽ അങ്ങനെയൊരു കഥയില്ല കേട്ടോ.. ഞാൻ ചുമ്മാ തന്റെ മനസ്സറിയാൻ വേണ്ടി പറഞ്ഞതാണ് ” അമേയയുടെ മിഴികൾ വിടർന്നു.. എങ്കിലും തെല്ലൊരു സംശയത്തോടെ ചോദിച്ചു.. “അപ്പോൾ സാറിനിത് വരെ ആരോടും പ്രണയം തോന്നിയിട്ടേയില്ല.. എന്നാണോ?” “ആഹാ.. താനെന്താ എന്റെ ഇന്റർവ്യൂ എടുക്കുകയാണോ?” “പറയാനിഷ്ടമില്ലെങ്കിൽ പറയണ്ട ” “എടോ.. ജീവിതത്തിൽ ഒരിക്കലെങ്കിലും ആരോടെങ്കിലും മനസിലെങ്കിലും പ്രണയം തോന്നാത്ത ഒരു മനുഷ്യരും ഉണ്ടാകില്ല.. കാരണം നമ്മുടെ പ്രായത്തിന്റെയും ഹോർമോൺ വ്യതിയാനത്തിന്റെയുമൊക്കെ ഭാഗമായിട്ട് അങ്ങനെയൊക്കെ സംഭവിക്കും..

പക്ഷേ.. അന്നും ഇന്നും ഒരു പെണ്ണിനോട് പ്രണയം തോന്നിയാൽ അത് നേരിട്ട് ചെന്ന് പറയാനുള്ള ധൈര്യമൊന്നും എനിക്കില്ല.. അതിപ്പോൾ എത്ര ധൈര്യശാലികൾ എന്ന് പറഞ്ഞാലും ഭൂരിഭാഗം ആളുകളും മടിക്കുന്നത് തങ്ങളുടെ പ്രണയം തുറന്നു പറയാനായിരിക്കും എന്നാണെനിക്ക് തോന്നുന്നത്.. കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു.. ഇന്ന് പറയാം, നാളെ പറയാം എന്ന് കരുതി ഓരോ ദിവസവും തള്ളി നീക്കി.. അപ്പോളേക്കും ഞങ്ങളുടെ സീനിയറിൽ ഒരാൾ അവളെ ഇഷ്ടമാണെന്ന് പറഞ്ഞു.. അങ്ങനെ അവരുടെ പ്രണയം ക്യാമ്പസിൽ പൂത്തുലയുന്നത് എനിക്ക് കാണേണ്ടി വന്നു.. പിന്നെ ആ സമയത്ത് പഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തത് കൊണ്ട് പ്രണയത്തെപ്പറ്റിയൊന്നും ചിന്തിച്ചില്ല.. അതിലൊന്നും എനിക്കൊരു കുറ്റബോധവുമില്ല..

കാരണം.. എനിക്ക് വേണ്ടി ദൈവം നല്ലൊരു പെൺകുട്ടിയെ കരുതി വച്ചിട്ടുണ്ടെന്ന് എനിക്കറിയാം ” അമേയയ്ക്ക് ആശ്വാസം തോന്നി.. അവൾ പാത്രം കഴുകിയിട്ട് മാറി നിന്നു.. അവർ രണ്ടു പേരും കൂടി ഹാളിലേക്ക് വന്നപ്പോൾ ജോയലിന്റെ ഫോൺ റിംഗ് ചെയ്തു.. അവൻ ഫോൺ എടുത്ത് നോക്കി.. ഡോക്ടർ സുഹാസ് ആയിരുന്നു വിളിച്ചത്.. ജോയൽ കാൾ അറ്റൻഡ് ചെയ്തു.. “ഹലോ.. എന്താ മോനേ പതിവില്ലാതെ രാത്രിയിൽ ഒരു വിളി?” “ഞങ്ങളുടെ ഒരു പെങ്കൊച്ചിനെ അച്ചായനെ ഏൽപ്പിച്ചിട്ടല്ലേ വന്നത്.. അവളുടെ കാര്യം വിളിച്ചന്വേഷിക്കേണ്ടത് എന്റെ കടമയല്ലേ?” “ഓഹോ..” “അവളെവിടെ?” “ഇവിടെയുണ്ട്.. കൊടുക്കാം ” ജോയൽ അമേയയുടെ നേർക്ക് ഫോൺ നീട്ടിക്കൊണ്ട് പറഞ്ഞു.. “സുഹാസാണ് ” അവൾ ഫോൺ വാങ്ങി.. “ഹലോ ” “എന്തൊക്കെയുണ്ട് വിശേഷം.. ഭക്ഷണമൊക്കെ കഴിച്ചോ?” “ഉം.. കഴിച്ചു.. ” “ആ… പിന്നെ ഒരു കാര്യം പറയാനാണ് വിളിച്ചത്..

ഞങ്ങളുടെ അച്ചായൻ ഒരു പാവമാണ്.. നിന്നെ വിശ്വസിച്ച് അവിടെ നിർത്തിയിട്ടു വന്നതാണ്.. നീ അച്ചായനെ വിഷമിപ്പിക്കുകയൊന്നും ചെയ്യരുത് ” “ഇതെന്താ ഇങ്ങനെയൊക്കെ പറയുന്നത്?” “നിനക്ക് ബന്ധത്തിനും സ്നേഹത്തിനുമൊക്കെ ഒരു പരിധി ഉണ്ടെന്ന് എനിക്ക് മനസിലായി.. അപ്പോൾ രണ്ടാഴ്ചത്തേക്ക് അവിടെ നിന്നിട്ട് പോകുമ്പോൾ അച്ചായന് സങ്കടം വരുത്തുന്നതൊന്നും ചെയ്യരുതെന്ന് ” “രണ്ടു വർഷമായിട്ട് നമ്മൾ നല്ല സുഹൃത്തുക്കളല്ലേ.. എന്നെയിങ്ങനെയാണോ മനസിലാക്കി വച്ചിരിക്കുന്നത്.. എന്നെ സ്നേഹിക്കുന്നവരുടെ മനസ് വേദനിപ്പിക്കുന്നതൊന്നും ഞാൻ ചെയ്യില്ല ” “അയ്യടി.. വല്യ ഡയലോഗ് പറയല്ലേ.. ഇവിടുന്ന് പോയപ്പോൾ ഒന്ന് പറഞ്ഞിട്ട് പോയില്ലെന്നുള്ളത് ഞാൻ ക്ഷമിച്ചു.. രാവിലെ അവിടെ കൊണ്ടാക്കിയിട്ട് വന്നിട്ട് നീ പിന്നീട് എന്നെയൊന്നു വിളിച്ചു വിവരം പറഞ്ഞോ?

ഇനി അങ്ങോട്ട് വിളിക്കാമെന്ന് കരുതിയാൽ മേഡം നമ്പർ മാറ്റിയിട്ട് പുതിയ നമ്പർ എനിക്ക് തന്നായിരുന്നോ.. എന്നിട്ടാണ് ഞാൻ സ്നേഹിക്കുന്നവരുടെ മനസ്സ് വേദനിപ്പിക്കില്ലെന്നൊക്കെ വല്യ ഡയലോഗ് പറയുന്നത് ” അമേയയ്ക്ക് ചിരി വന്നു.. താൻ പുതിയ നമ്പർ കൊടുക്കാത്തതിന്റെയും ഇത്രയും നേരമായിട്ടും വിളിക്കാത്തതിന്റെയും പരിഭവമാണ് സുഹാസിന്റെ വാക്കുകളിൽ.. “സോറി.. സത്യമായിട്ടും സമയം കിട്ടിയില്ല അതാണ് വിളിക്കാഞ്ഞത്.. നമ്പർ തന്നില്ലെന്ന് പറഞ്ഞ് നാടകത്തിലെപോലെ ഇത്രയും വല്യ ഡയലോഗ് ഒക്കെ വേണമായിരുന്നോ?” “അവിടെ വെറുതെ ഇരുന്നിട്ടും സമയം കിട്ടിയില്ലെന്നോ?” “വെറുതെ ഇരിക്കുവല്ലായിരുന്നു.. ഉറങ്ങി എഴുന്നേറ്റിട്ട് വൈകുന്നേരം ഞങ്ങൾ പള്ളിയിൽ പോയി.. പിന്നെ തിരിച്ചു വന്നിട്ട് ഭക്ഷണം കഴിച്ച സമയം ആയതേയുള്ളൂ ”

“ആഹാ.. അച്ചായൻ ആളു കൊള്ളാമല്ലോ. ആദ്യ ദിവസം തന്നെ നിന്നെ പള്ളിയിൽ കൊണ്ട് പോയോ.. ഇങ്ങനെയാണെങ്കിൽ രണ്ടാഴ്ച കൊണ്ട് നിന്നെ അച്ചായത്തി ആക്കുമല്ലോ ” “ഒന്ന് പോയെ അവിടുന്ന്.. ചുമ്മാ ഓരോന്ന് പറയാതെ ” “നീ അച്ചായന് കൊടുത്തേ.. ഞാൻ ചോദിക്കട്ടെ.. പിന്നെ നീ എനിക്കൊരു മിസ്സ്കാൾ തന്നേക്ക്.. ബെസ്റ്റ് ഫ്രണ്ടാണെന്നൊക്കെയല്ലേ പറയുന്നത്.. അപ്പോൾ ഫോൺ നമ്പരെങ്കിലും കയ്യിൽ വേണ്ടേ ” “ഒരു അബദ്ധം പറ്റിപ്പോയി.. പുതിയ നമ്പർ എടുത്തിട്ട് വിളിച്ചില്ല.. അത് തന്നെ ആവർത്തിച്ചു പറയണോ.. ” “ഓഹോ.. ഞാൻ പറഞ്ഞതാണോ കുറ്റം” “തർക്കിക്കാനൊന്നും എനിക്ക് വയ്യ.. ഞാൻ സാറിന്റെ കയ്യിൽ കൊടുക്കാം ” അമേയ നീട്ടിയ ഫോണുമായി ജോയൽ ബാൽക്കണിയിലേക്ക് നടന്നു.. സുഹാസ് കളിയാക്കുന്നതിന് ജോയൽ എന്തൊക്കെയോ മറുപടി പറയുന്നത് കേൾക്കാമായിരുന്നു..

എന്തായാലും താനേറ്റവും സുരക്ഷിതമായ സ്ഥലത്ത് തന്നെയാണ് എത്തിച്ചേർന്നതെന്ന് അമേയയ്ക്ക് തോന്നി.. ജോയൽ ഫോൺ കട്ട്‌ ചെയ്തതും അമേയയും ബാൽക്കണിയിലേക്ക് ചെന്നു.. ബാംഗ്ലൂർ നഗരത്തിന്റെ മനോഹാരിത അവിടെ നിന്നാൽ കാണാമായിരുന്നു.. അവിടെ ഒരു ചെറിയ ടേബിളും മൂന്ന് കസേരകളും കിടപ്പുണ്ടായിരുന്നു.. ജോയൽ അമേയയോട് പറഞ്ഞു.. “പപ്പയും മമ്മിയും ഇവിടെ ഉള്ളപ്പോൾ ഞങ്ങൾ രാത്രിയിൽ ഒരുപാട് വൈകുന്നത് വരെ ഇവിടിങ്ങനെയിരുന്നു വർത്തമാനം പറയുമായിരുന്നു.. ഇവിടെയിരുന്നാൽ സമയം പോകുന്നതറിയുകയേ ഇല്ല..” അമേയ അവിടെയിട്ടിരുന്ന കസേരകളിൽ ഒന്നിലേക്കിരുന്നു.. ജോയലും തൊട്ടടുത്തായിട്ടുള്ള കസേരയിലിരുന്നു.. രണ്ടുപേരും സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടന്നെന്തോ ഓർത്തത് പോലെ അമേയ പറഞ്ഞു.. “ഞാനിപ്പോൾ വരാം.. ഡോക്ടർ സുഹാസിന് എന്റെ നമ്പർ ഇനിയും കൊടുത്തില്ലെങ്കിൽ ചിലപ്പോൾ പിണങ്ങിയേക്കും ” അവൾ ഫോണുമായി തിരികെ വന്നു.

ഡോക്ടർ സുഹാസിന്റെ നമ്പർ ഡയൽ ചെയ്തു.. അവൻ ഫോണെടുത്തതും അമേയ പറഞ്ഞു.. “ദേ.. ഇതാണ് എന്റെ നമ്പർ കേട്ടോ.. സേവ് ചെയ്തേക്ക്.. അല്ലാതെ കൊച്ചു പിള്ളേർ പരാതി പറയുന്നത് പോലെ നമ്പർ തന്നില്ലേയെന്ന് ഇനി പരാതിയൊന്നും പറയരുത് ” “ഞാൻ കുറച്ച് ബിസിയാണ്.. നൈറ്റ്‌ ഡ്യൂട്ടിയിൽ ഉള്ളവർക്ക് ഹാൻഡ്ഓവർ കൊടുത്തു കൊണ്ടിരിക്കുകയാണ്.. ഇല്ലെങ്കിൽ ഇതിനുള്ള മറുപടി ഇപ്പോൾ തന്നെ മോൾക്ക് തന്നേനെ കേട്ടോ ” “അതെന്താ ഹാൻഡ് ഓവർ കൊടുക്കാൻ ഇത്രയും ലേറ്റായത്?” “കുറച്ച് ബിസി ആയിരുന്നു ” “ഓക്കേ.. എങ്കിൽ നാളെ വിളിക്കാം ” അവൾ ഫോൺ കട്ട്‌ ചെയ്തതും ജോയൽ പറഞ്ഞു.. “തന്റെ നമ്പർ പറയടോ.. എനിക്ക് ഹോസ്പിറ്റലിൽ ചെന്ന് കഴിഞ്ഞിട്ട് എന്തെങ്കിലും ആവശ്യത്തിന് വിളിക്കേണ്ടി വന്നാലോ?” “സാറിന്റെ നമ്പർ പറയ്…

ഞാൻ മിസ്സ്ഡ് കാൾ തരാം ” അവൻ നമ്പർ പറഞ്ഞു.. അമേയ അവന്റെ നമ്പറിലേക്ക് ഒരു മിസ്സ്ഡ് കാൾ കൊടുത്തിട്ട് അവന്റെ നമ്പർ ‘ജോയൽ സാർ ‘ എന്ന് സേവ് ചെയ്തു.. ജോയൽ അവളുടെ നമ്പർ എന്ത് പേരിൽ സേവ് ചെയ്യണമെന്ന് ആലോചിച്ചു.. തത്കാലം പേരൊന്നും വേണ്ട നമ്പർ മാത്രം സേവ് ചെയ്യാം.. ഡോക്ടർ സുഹാസ് നൈറ്റ്‌ ഡ്യൂട്ടിയിൽ ഉള്ളവർക്ക് ഹാൻഡ് ഓവർ കൊടുത്തിട്ട് പുറത്തേക്ക് പോകാൻ തുടങ്ങുമ്പോളാണ് ശ്യാം എമർജൻസിയിലേക്ക് വരുന്നത് കണ്ടത്.. എന്താണെന്നറിയില്ല, ഈയിടെയായിട്ട് ശ്യാമിനെ കാണുമ്പോളൊക്കെ വല്ലാത്തൊരു ദേഷ്യം തോന്നുന്നു.. അവനെ കാണുമ്പോളൊക്കെ അമേയയുടെ അന്നത്തെ കരഞ്ഞു കലങ്ങിയ മുഖമാണ് മനസിലേക്ക് കടന്ന് വരുന്നത്.. ശ്യാം റിജോയെ വിളിക്കാൻ വേണ്ടി വന്നതാണ്.. രണ്ടുപേർക്കും ഈവെനിംഗ് ഡ്യൂട്ടി ആയിരുന്നു..

ഭക്ഷണം കഴിച്ചിട്ട് രണ്ടുപേരും ഒരുമിച്ച് റൂമിലേക്ക് പോകാറാണ് പതിവ്.. സുഹാസിനെ കണ്ടതും ശ്യാം ചോദിച്ചു.. “എന്തൊക്കെയുണ്ട് സുഹാസ് സാറെ വിശേഷങ്ങൾ? ഇവിടുന്ന് ഒരു വാക്ക് പോലും പറയാതെ പോയിട്ട് സാറിന്റെ ഫ്രണ്ട് ഫോൺ വിളിച്ചോ?” സുഹാസിന്റെ മുഖം വലിഞ്ഞു മുറുകി.. ശ്യാമിന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കിക്കൊണ്ട് സുഹാസ് മറുപടി പറഞ്ഞു.. “ഞാനും അവളും തമ്മിൽ ഫ്രണ്ട്സ് ആകുന്നതിനും വർഷങ്ങൾക്ക് മുൻപേ തൊട്ടുള്ള പരിചയമല്ലേ നിങ്ങൾ തമ്മിൽ… എനിക്ക് അവളോട് ഉള്ളതിനേക്കാൾ അടുപ്പമായിരുന്നില്ലേ നിനക്കവളോട്.. ഞാൻ അവളുടെ ഫ്രണ്ട് മാത്രമല്ലേ.. നീ അങ്ങനെ ആയിരുന്നില്ലല്ലോ.. അപ്പോൾ പിന്നെ അവളെന്നെ വിളിക്കുന്നതിനും മുൻപ് നിന്നെയല്ലേ വിളിക്കേണ്ടത്.. എന്നിട്ടും നീയെന്താ എന്നോട് അവൾ വിളിച്ചോയെന്ന് അന്വേഷിച്ചത്.. അവളിനി ഒരിക്കലും നിന്നെ വിളിക്കില്ലെന്ന് നീ മനസിലാക്കിയോ? ” ശ്യാം മുഖമടച്ച് അടിയേറ്റത് പോലെ തറഞ്ഞു നിന്നുപോയി… ഡോക്ടർ സുഹാസിൽ നിന്നും അത്തരം വാക്കുകൾ അവൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല….. തുടരും…….

ഈറൻമേഘം: ഭാഗം 20

Share this story