ഒരുമ്പെട്ടോള്: ഭാഗം 14

ഒരുമ്പെട്ടോള്: ഭാഗം 14

എഴുത്തുകാരൻ: SHANAVAS JALAL

അമ്മു എന്റെ കൈകളിൽ മുറുക്കെ പിടിച്ചപ്പോൾ , എന്തിനാ പേടിക്കുന്നെ ചേച്ചി ഇല്ലേ കൂടെ എന്ന് പറഞ്ഞു ഞാൻ ഒന്നുടെ അവളെ ചേർത്ത് പിടിച്ചു . വണ്ടി എത്ര പതിയെ പോയിട്ടും ആ ജീപ്പ് ഞങ്ങളുടെ മുന്നിൽ കയറുന്നില്ല . ഇടക്ക് ഒന്ന് വണ്ടി നിർത്തി നോക്കി, കുറച്ചു പുറകിലായി ജീപ്പും നിർത്തി ഇട്ടേക്കുന്നത് കണ്ടു . ഞാൻ ഒന്ന് ഇറങ്ങി നോക്കിയാലോ ചേച്ചി എന്ന ഡ്രൈവറിന്റെ വാക്കിന് വേണ്ട എന്ന് മറുപടി പറഞ്ഞത് അമ്മു ആയിരുന്നു . ചേച്ചി നമ്മുക്ക് വീട്ടിൽ പോകാം എന്ന് അമ്മുവിൻറെ ഭയത്തോടെയുള്ള സംസാരം കേട്ട് വീട്ടിലേക്ക് പോട്ടെ എന്ന് ഞാൻ പറഞ്ഞപ്പോൾ ഡ്രൈവർ വണ്ടി മുന്നിലേക്ക് എടുത്തു . വീട് എത്തും വരെയും ആ ജീപ്പും പുറകിൽ തന്നെ ഉണ്ടായിരുന്നു .

വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറിയപ്പോൾ നല്ല സ്പീഡിൽ അത് ഓടിച്ചു പോവുകയും ചെയ്തു . അതെ ചേച്ചി ഈ രാത്രി ഒന്ന് സൂക്ഷിച്ചേക്ക് കേട്ടോ . കൂടെ ഒരാൺ ഉള്ളത് കൊണ്ടാകും ചിലപ്പോൾ ആ ജീപ്പ് നമ്മളെ ഉപദ്രവിക്കാതെ ഇരുന്നത് . വീട് മനസ്സിലായ സ്ഥിതിക്ക് ഞാൻ പോയി കഴിയുമ്പോൾ തിരികെ വന്നാലോ എന്ന ഡ്രൈവർ ചെക്കന്റെ വാക്ക് നെഞ്ചിൽ തീ കോരി ഇട്ടെങ്കിലും പുറത്തു കാണിക്കാതെ തലയാട്ടി . അവനോട് നന്ദി പറഞ്ഞു ഞങ്ങൾ മൂന്നും പേരും കൂടി വീടിനകത്തേക്ക് കയറി . ജനലും വാതിലുകളും എല്ലാം നല്ല രീതിയിൽ തന്നെ അടച്ചു കൊളുത്ത് ഇട്ടു . അമ്മക്കൊപ്പം ഞങ്ങൾ രണ്ടു പേരും കൂടി കയറി കിടക്കാൻ … കുറച്ചു നേരത്തെ മൗനത്തിന് ശേഷം , ഒരു ദിവസം മൊത്തത്തിൽ ഉള്ള അലച്ചിൽ കാരണം പെട്ടെന്ന് തന്നെ കണ്ണിൽ ഉറക്കം പിടിച്ചു . കുറച്ചു നേരങ്ങൾക്ക് ശേഷമാണു കാലിന്റെ പാദത്തിൽ എന്തോ നനവ് അനുഭവപ്പെട്ടു ഞാൻ കണ്ണ് തുറന്നത് .

എന്റെ കാലിൽ കെട്ടിപ്പിടിച്ചു നിശബ്ദമായി കരയുന്ന മോളെ കണ്ടപ്പോൾ ഞാൻ ഞെട്ടി എഴുനേറ്റു . അവളെ ഞാൻ ചേർത്തുപിടിച്ചു . ഞാൻ എന്റെ ചേച്ചിയോട് എന്തൊക്കെ മോശമായിട്ടാണ് പറഞ്ഞതെന്ന് പറഞ്ഞു ഏങ്ങലടിച്ചു കരഞ്ഞവളെ “അയ്യേ നീ എന്റെ അനിയത്തി അല്ലല്ലോ മോൾ അല്ലെ . അമ്മമാരോട് നമ്മൾ ദേഷ്യം വരുമ്പോൾ എന്തൊക്കെ പറയുന്നു . അത് അപ്പോഴേ കഴിഞ്ഞില്ലേ . ചേച്ചിക്ക് ദേഷ്യമോ സങ്കടമോ ഒന്നുമില്ല . എന്റെ കുട്ടിയെ കുഴപ്പം ഒന്നുമില്ലാതെ ഇങ്ങ് കിട്ടിയല്ലോ” എന്നെന്റെ വാക്ക് കേട്ട് തിരിഞ്ഞു കിടന്ന് കരയുന്നത് കേട്ടപ്പോഴാണ് അമ്മയും ഉറങ്ങിയിരുന്നില്ല എന്ന് എനിക്ക് മനസ്സിലായത് … ‘അമ്മ എന്നെന്റെ ഒരൊറ്റ വിളിക്ക് എഴുന്നെറ്റ് ഞങ്ങളുടെ അടുക്കലേക്ക് ഒന്നും മിണ്ടാതെ വന്നിരുന്നു . മോൾ ഒക്കെ ആയോ എന്നെന്റെ ചോദ്യത്തിന് അമ്മു ചെറുതായി തലയാട്ടി .

എന്താ സംഭവിച്ചേ സത്യത്തിൽ എന്നെന്റെ ചോദ്യത്തിന് അമ്മയെയും എന്നെയും മാറി മാറി നോക്കിയിട്ട് , ആദർശും അമ്മയും വന്ന് കണ്ട് പോയതിന്റെ പുറകിൽ തന്നെ ആദർശ് എനിക്ക് ഫോൺ ചെയ്തു .. ” നാളെ ജോലിക്ക് എന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ബസ് സ്റ്റാൻഡിൽ നിന്നാൽ മതി . നമ്മുക്ക് ഒരു പാർട്ടിക്ക് പങ്കെടുക്കാൻ പോകാം , എന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യം എതിർത്തു . എടോ ഇത് ഞാൻ പറഞ്ഞതല്ല അമ്മയുടെ നിര്ബന്ധമാണ് മരുമോളും കൂടെ വേണമെന്ന ആദിയുടെ വാക്ക് കേട്ടിട്ടാണ് അപ്പോ അമ്മയും വരുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചത് . പിന്നെ അമ്മയില്ലാതെ തന്നെ ഞാൻ കൂട്ടുമോ എന്ന ആദിയുടെ സംസാരത്തിൽ പകുതി മനസ്സോടെ ഞാൻ സമ്മതിച്ചു .

ഫോൺ വെക്കും മുമ്പ് അതെ ഞങ്ങൾ ഇന്ന് കൊണ്ട് വന്ന ഡ്രസ്സ് ഇട്ടിട്ട് വന്നാൽ മതി എന്ന് ആദർശ് പറഞ്ഞപ്പോൾ തൊട്ട് അടുത്തുള്ള ജോലി സ്ഥലത്തേക്ക് ഇതൊന്നും ഇട്ടിട്ട് പോകാൻ അമ്മ സമ്മതിക്കില്ലെന്ന് പറഞ്ഞു ഞാൻ . കല്യാണക്കുറിയിൽ വെക്കാൻ ഈ ഡ്രസ്സ് ഇട്ട് ഒരു ഫോട്ടോ വേണമെന്ന് ഞാൻ പറഞ്ഞെന്ന് അമ്മയോട് പറഞ്ഞാൽ മതിയെന്ന് ആദർശ് പറഞ്ഞപ്പോൾ അതും ഞാൻ സമ്മതിച്ചു … എല്ലാം സമ്മതിച്ചെങ്കിലും അമ്മയോട് കള്ളം പറഞ്ഞു പോകുമ്പോൾ നല്ല നെഞ്ചിടിപ്പ് ഉണ്ടായിരുന്നു . ബസ് സ്റ്റാൻഡിൽ എത്തി വണ്ടിയിൽ കയറും മുമ്പ് ആദർശ് ഒറ്റക്കെ ഉള്ളുവെന്ന് കണ്ടപ്പോൾ ആദ്യം ഞാൻ കയറിയില്ല . ഷോപ്പിൽ നിന്ന് വരുവാണെന്നും . അമ്മ ഒരുങ്ങി നിക്കുന്നുണ്ടെന്നും പോകുന്ന വഴിക്ക് കൂട്ടിക്കൊണ്ട് പോകാമെന്ന് പറഞ്ഞു ഡോർ തുറന്നപ്പോൾ മടിച്ചാണ് ഞാൻ അകത്തേക്ക് കയറിയത് ..

വണ്ടി മുന്നോട്ട് പോയി . കുറച്ചു ചോക്ലറ്റ്സും ഐസ്ക്രീമും എല്ലാം വാങ്ങി വന്നിട്ട് എന്റെ കയ്യിൽ തന്നിട്ട് ആദ്യമായി എന്റെ കയ്യിൽ തൊട്ടു ആദർശ് . വണ്ടി മുന്നോട്ട് പോകുമ്പോളെക്ക് പുറകിൽ ഇരുന്ന ഒരു പെട്ടിയിൽ നിന്ന് ഒരു മാല എടുത്ത് എന്റെ കയ്യിൽ തന്നിട്ട് , ഇത് പോലെയുള്ളത് മതി കല്യാണത്തിന് എന്ന് പറഞ്ഞപ്പോളാണ് ചേച്ചിയുടെ ആദ്യത്തെ കോൾ വരുന്നത് , ആദർശിനെ കാണണമെന്ന് പറഞ്ഞു തുടങ്ങിയപ്പോൾ എനിക്ക് കിട്ടിയ സൗഭാഗ്യങ്ങളിൽ ചേച്ചിക്ക് അസൂയ ആണെന്ന് ആദർശ് പറഞ്ഞത് ഓർമ്മ വന്നത് കൊണ്ടാണ് ഞാൻ അപ്പോൾ മോശമായി ചേച്ചിയോട് സംസാരിച്ചത് . വണ്ടി നിങ്ങൾ വന്ന ഇരുനില വീട്നിന്റെ മുന്നിൽ നിർത്തിയപ്പോൾ എവിടെയാണ് അമ്മയെന്ന എന്റെ ചോദ്യത്തിന് മറുപടി പറയാതെ , ഈ വീട് നിനക്ക് ഇഷ്ടമായോ ‘അമ്മ പോലും അറിയാതെ ഞാൻ വാങ്ങിയതാണ് ,

വിവാഹശേഷം നമ്മുക്ക് ഇവിടെ വേണം താമസിക്കാൻ, ‘അമ്മ ഇവിടെ കയറും മുമ്പ് നിന്റെ കൈ പിടിച്ചു എനിക്ക് ഇതിൽ കയറണം എന്ന് പറഞ്ഞു ആദർശ് വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ സത്യത്തിൽ ഞാൻ അതൊക്കെ വിശ്വസിച്ചു . ആദർശിനൊപ്പം ഞാനും കാറിൽ നിന്നിറങ്ങി , ഒരുമിച്ചു ആ വീടിന് മുന്നിലേക്ക് ചെന്നു . സത്യത്തിൽ അതെല്ലാം എനിക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു . ആദർശിനെ പോലെ ഒരാളുടെ ഭാര്യ , സ്വപ്നം മാത്രം കാണാൻ ഭാഗ്യമുള്ള ആ വലിയ വീട്ടിൽ താമസിക്കുക എന്നതെല്ലാം ഓർത്തപ്പോൾ കുറച്ചു നേരത്തേക്ക് എങ്കിലും പാർട്ടിയൊക്കെ ഞാൻ മറന്നു . വാതിൽ തുറന്നു അകത്തേക്ക് കടക്കാൻ പോയ എന്നെ തടഞ്ഞിട്ട് അകത്തേക്ക് പോയി ആദർശ് ഒരു വിളക്ക് തെളിയിച്ചു കൊണ്ട് വന്നിട്ട് വലത് കാൽ വെച്ച് കയറു എന്ന് പറഞ്ഞപ്പോ ഏതോ ഒരു മായാ ലോകത്ത് ആയിരുന്നു ഞാൻ ..

അര മണിക്കൂറോളം കഴിഞ്ഞിട്ടും ഇറങ്ങാതെ ആയപ്പോൾ ആണ് ഞാൻ “പാർട്ടിക്ക് പോകണ്ടേ , സമയം പോകുന്നു എനിക്ക് വീട്ടിലും പോകണം ” എന്ന് ചോദിച്ചപ്പോൾ ചിരിച്ചിട്ട് “ഇനി ഇതല്ലേ നിന്റെ വീട് എന്ന ആദർശിന്റെ മറുപടിക്ക് ” എന്റെ കണ്ണിൽ ചെറിയ ഭയം വരുത്തി എന്ന് കണ്ടിട്ടാകണം , “ഡോ അമ്മയെ ഞാൻ വിളിച്ചിട്ടുണ്ട് , ഇങ്ങോട് വരാമെന്ന് പറഞ്ഞു അമ്മ” എന്ന് പറഞ്ഞു ആദർശ് ഒഴിഞ്ഞത് . അപ്പോഴൊന്നും വരാനിരിക്കുന്ന ചതിയുടെ സൂചന പോലും എനിക്ക് കിട്ടിയില്ല . തനിക്ക് ഫ്രഷ് ആകണമെങ്കിൽ ആയിക്കോ എന്ന് പറഞ്ഞു ഒന്ന് രണ്ട് വെട്ടം എന്നെ നിർബന്ധിച്ചു ആദർശ് . അപ്പോഴൊക്കെ ഞാൻ അത് വേണ്ടെന്ന് പറഞ്ഞു . കുറച്ചും കൂടി കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോൾ ഞാൻ വീണ്ടും ചോദിച്ചു ആദർശിനോട് . “ഡാ അത് ‘അമ്മ ആകെ ദേഷ്യത്തിൽ ആയി ,

വീടിന്റെ കാര്യമൊക്കെ ഞാൻ പറഞ്ഞപ്പോൾ വന്നത് പോലെ തിരിച്ചു പോയി , അമ്മയില്ലതെ അങ്ങൊട് പോയിട്ട് കാര്യമില്ലെന്ന്” ആദർശ് പറഞ്ഞപ്പോൾ “എങ്കിൽ എന്നെ കൊണ്ട് വിട് , സമയം ഒരുപാട് ആയില്ലേ ” എന്ന എന്റെ വാക്ക് ആദർശ് കേൾക്കാത്തത് പോലെ നടിച്ചിട്ട് കയ്യിൽ ഇരുന്ന ഐസ്ക്രീം എനിക്ക് നേരെ നീട്ടി … എനിക്ക് വേണ്ട ആദർശ് നമ്മുക്ക് പോകാമെന്ന് പറഞ്ഞ് ഞാൻ വാതിൽക്കലേക്ക് എത്തിയപ്പോൾ അത് ലോക്ക് ചെയ്തിരിക്കുന്നത് കണ്ടിട്ട് , ഇത് എന്തിനാ ലോക്ക് ചെയ്തിരിക്കുന്നത് തുറക്ക് പോകണ്ടേ എന്നെന്റെ ചോദ്യത്തിന് , ഡീ മണ്ടിപ്പെണ്ണേ നീ ഇവിടെ ആദ്യമായിട്ട് വന്നിട്ട് ഒന്നും കഴിക്കാതെ പോകുന്നത് ശരിയാണോ . എന്റെ രണ്ട് ഫ്രണ്ട്സും ഫാമിലിയും ഇപ്പൊ വരും ,

അവരോടൊപ്പം വല്ലതും കഴിക്കുന്നു . നമ്മൾ വീട്ടിലേക്ക് പോകുന്നു എന്ന ആദർശിന്റെ വാക്കുകളിൽ അത് വരെയുണ്ടായിരുന്ന സ്നേഹം ആയിരുന്നില്ല , ചെറിയ ഭീഷണിയുടെ സ്വരംപോലെയായിരുന്നു …. ചെറിയ ഭയത്തോടെ ഞാൻ ഫോൺ എടുത്തു ചേച്ചിയെ വിളിക്കാം എന്ന് കരുതി ഡയൽ ചെയ്തപ്പോഴേക്കും ഒരു കത്തി എന്നെ തൊട്ടു തൊട്ടില്ലെന്ന് കരുതി ഞാൻ ഇരുന്ന കസേരയുടെ അടുത്ത് തറച്ചു . അത് കണ്ടിട്ടാണ് ഭയന്ന് ഞാൻ ചേച്ചിന്നു വിളിച്ചത് . പെട്ടെന്ന് എന്റെ അടുക്കലേക്ക് എത്തിയ ആദർശ് ഫോൺ വാങ്ങി കട്ടാക്കിയിട്ട് എന്നെ നോക്കിയിട്ട് , എന്താ നിന്റെ വിഷയം , എനിക്ക് നിന്നെ വല്ലതും ചെയ്യാൻ ആണെകിൽ എപ്പോഴേ ചെയ്തൂടെ , നീ വിളിച്ചു അവരോടൊക്കെ പറഞ്ഞാൽ പിന്നെ എനിക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റുമോ . അങ്ങനെ ഒരവസ്ഥ ഉണ്ടായാൽ പിന്നെ അമ്മുവിനെ ഞാൻ ജീവനോടെ വെക്കുമോ എന്ന ആദർശിന്റെ വാക്ക് കേട്ട് ഞാൻ ഞെട്ടിപ്പോയി ..

മാറി നിക്ക് എനിക്ക് പോണം എന്ന് ഞാൻ വാശിപിടിച്ചു എഴുന്നേറ്റപ്പോൾ , അടങ്ങി ഇരിക്കെടി , രണ്ട് പേര് വരുന്നുണ്ട് ഇങ്ങോട് , അവരോടൊപ്പം കുറച്ചു നേരം ഇരുന്നിട്ട് നമ്മുക്ക് പോകാം , മോൾ അനുസരിച്ചു കൂടെ നിന്നാൽ ജീവനോടെ ഞാൻ വീട്ടിൽ എത്തിക്കും , ഇല്ലെങ്കിൽ എന്ന് പറഞ്ഞു കത്തിയെടുത്തു എന്റെ കഴുത്തിലേക്ക് വെച്ചപ്പോൾ ആണ് ‘അമ്മ ആദർശിന്റെ ഫോണിൽ വിളിച്ചത് , കത്തി കഴുത്തിൽ വെച്ചിട്ടാണ് എന്നോട് സംസാരിക്കാനും പറഞ്ഞത് , കൊല്ലുമൊന്ന് പേടിച്ചിട്ടാണ് ഞാൻ ഒന്നും മിണ്ടാഞ്ഞതെന്ന് പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞപ്പോൾ കൂടെ കരയാൻ അല്ലാതെ ഞങ്ങൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല …. കുറച്ചു നേരത്തെ മൗനത്തിന് ശേഷം അമ്മു വീണ്ടും പറഞ്ഞു തുടങ്ങി , അമ്മ അവസാനമായി വിളിക്കുന്നതിന് തൊട്ട് മുമ്പാണ് രണ്ട് ഹിന്ദിക്കാർ റൂമിലേക്ക് കയറി വന്നത് , അവരെ കണ്ടയുടനെ ആദർശ് ഇപ്പൊ വരാമെന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി .

അവർ എന്റെ അടുത്തേക്ക് വന്നതും ഡോർ ചവിട്ട് തുറന്ന് ഒരാൾ പെട്ടെന്ന് അകത്തേക്ക് വന്നു, പെട്ടെന്ന് ലൈറ്റുകൾ എല്ലാം ഓഫായി . പിന്നെ അവിടെ എന്തൊക്കെയോ തകരുന്ന ശബ്ദം കേട്ട് അമ്മേയെന്ന് ഞാൻ നിലവിളിച്ചു കരഞ്ഞു എന്ന് അമ്മു പറഞ്ഞവസാനിപ്പിച്ചിട്ട് കുഞ്ഞിഞ്ഞു ഇരുന്നു കരഞ്ഞു .. മോളെ അവർ ഉപദ്രവിച്ചോ എന്നെന്റെ ചോദ്യത്തിന് ഇല്ല എന്ന് അമ്മു മറുപടി പറഞ്ഞു പിന്നെ ആരാ മോളെ തല്ലിയത്‌ എന്നെന്റെ വീണ്ടുമുള്ള ചോദ്യത്തിന് ആ വന്ന ആൾ എന്നവൾ മറുപടി പറഞ്ഞു . മോൾ കണ്ടോ അത് ആരാണെന്ന് എന്നെന്റെ ചോദ്യത്തിന് അവൾ എന്റെ മുഖത്തേക്ക് നോക്കിയപ്പോഴേക്കും അമ്മയുടെ മൊബൈൽ റിംഗ് ചെയ്തിരുന്നു …….. (തുടരും )

ഒരുമ്പെട്ടോള്: ഭാഗം 13

Share this story