അല്ലിയാമ്പൽ: ഭാഗം 1

അല്ലിയാമ്പൽ: ഭാഗം 1

എഴുത്തുകാരി: ആർദ്ര നവനീത്

കണ്ണുകളടച്ച് കൈകൂപ്പി നിവേദിന്റെ താലിയേറ്റ് വാങ്ങുമ്പോൾ അല്ലിയുടെ മനസ്സ് പിടച്ചു. അമ്മ നീട്ടിയ ചെപ്പിലെ സിന്ദൂരം സീമന്തരേഖയെ ചുവപ്പിക്കുമ്പോൾ മരണം വരെയും തന്റെ നെഞ്ചോട് ചേർന്ന് ഈ താലി ഉണ്ടാകണേയെന്നവൾ പ്രാർത്ഥിച്ചു. പരസ്പരം തുളസീമാലയണിഞ്ഞ് രജിസ്റ്ററിൽ ഒപ്പ് വച്ച് വിവാഹച്ചടങ്ങ് പൂർത്തിയാക്കി. കാറിലിരിക്കുമ്പോഴും നിവേദിന്റെ നോട്ടം പോലും അവളെ തേടിയെത്താത്തതിൽ തെല്ല് നിരാശ തോന്നിയെങ്കിലും അതവൾ മറച്ചു പിടിച്ചു. വീടിന് മുൻപിൽ കാർ എത്തുമ്പോൾ എന്തൊക്കെയോ ഓർമ്മകൾ അവളെ തഴുകി കടന്നുപോയി. ഈറനണിഞ്ഞ മിഴികളിലെ നനവ് ചൂണ്ടുവിരലാൽ തട്ടിത്തെറിപ്പിച്ചുകൊണ്ട് മഹേശ്വരി നൽകിയ നിലവിളക്കുമായവൾ “പാലാഴിയുടെ ”

മരുമകളായി വലംകാൽ വച്ചുകയറി. പൂജാമുറിയിൽ വിളക്ക് വച്ച് കൈകൾ കൂപ്പി പ്രാർത്ഥിച്ചപ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ നിവേദ് അരികിലുണ്ടായിരുന്നു. പാലാഴിയിലെ മഹേശ്വരിയുടെ ഏകമകൻ നിവേദ് മുകുന്ദ്. ടെക്നോപാർക്കിലെ സോഫ്ട്‍വെയർ എൻജിനീയർ. പൂജാമുറിയ്ക്ക് പുറത്തിറങ്ങിയപ്പോൾ തന്നെ ജോലിക്ക് നിൽക്കുന്ന അംബിക ചേച്ചിയുടെ കൈയിലിരുന്ന് അലറിക്കരയുന്ന ആരുവിനെ കണ്ടു. നിവേദിന്റെ നേർക്ക് നോട്ടം പായിച്ചശേഷം അവൾ അവനെ വാരിയെടുത്തു. ചുവന്ന മുഖവും ഒഴുകുന്ന മൂക്കും അവൻ നന്നായി കരഞ്ഞിട്ടുണ്ടെന്ന് അവൾക്ക് തോന്നി. മഹേശ്വരി അവളെ നോക്കി ചിരിച്ചശേഷം അകത്തേക്ക് പോയി. അല്ലിയെ നോക്കിയതിന് ശേഷം നിവേദുo റൂമിലേക്ക് നടന്നു. കുഞ്ഞിനെ മാറോടടക്കി അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

അവന്റെ ഒട്ടിയ വയർ കണ്ടവൾക്ക് വല്ലാത്ത സങ്കടം തോന്നി. മോനൊന്നും കഴിച്ചില്ലായിരുന്നോ അംബികേച്ചീ.. ഇല്ല മോളേ.. ഭയങ്കര കരച്ചിലായിരുന്നു. പാൽ കുപ്പിയിലാക്കി കൊടുത്തിട്ടും കുടിക്കുന്നില്ല. വാഷ്ബേസിനരികെ ചെന്ന് വെള്ളം കൊണ്ട് കുഞ്ഞിന്റെ മുഖം കഴുകി ടവ്വൽ കൊണ്ട് മുഖം തുടച്ചു. അപ്പോഴേക്കും അംബിക പാൽ തണുപ്പിച്ച് കൊണ്ടുവന്നു. ടിന്നിൽനിന്നും ബിസ്ക്കറ്റ് എടുത്ത് പാലിൽ കുതിർത്ത് വായിൽ വച്ചുകൊടുത്തപ്പോൾ അവനത് നുണഞ്ഞിറക്കി. കരച്ചിൽ നിർത്തിയെങ്കിലും ഇടയ്ക്കിടെ ഏങ്ങൽ ഉയർന്നിരുന്നു. ഇടയ്ക്കിടെ ചെറിയ സ്പൂണിൽ പാൽ കോരി അവൾ കുഞ്ഞിന്റെ വായിലിറ്റിച്ചു. വയർ നിറഞ്ഞതിന്റെ സന്തോഷത്തിൽ അവൻ കാലുയർത്തി മോണകാട്ടി അവളെ നോക്കിച്ചിരിച്ചു.

മുഖത്ത് പറ്റിയിരുന്ന ബിസ്ക്കറ്റും പാലും തുടച്ചശേഷം അവൾ അവനെയും കൊണ്ട് മുറിയിലേക്ക് നടന്നു. മുറിയിൽ നിവേദിനെ കണ്ടില്ലായിരുന്നു. ബാത്‌റൂമിൽ കയറി വെള്ളം കൊണ്ട് മോന്റെ ദേഹം കഴുകിച്ച് ടവ്വൽകൊണ്ട് നന്നായി ഒപ്പിയശേഷം കബോർഡിൽനിന്നും കുഞ്ഞുടുപ്പ് എടുത്ത് ഇടീപ്പിച്ചു. മോനെ നെഞ്ചോടടക്കി മെല്ലെ പുറത്ത് തട്ടിക്കൊണ്ട് നടന്നു. വയർ നിറഞ്ഞതിന്റെയാകാം പെട്ടെന്നുതന്നെ അവൻ ഉറക്കം പിടിച്ചത്. അവനെ കട്ടിലിലേക്ക് കിടത്തിയശേഷം വശത്തായി തലയിണ വച്ചു. ഫ്രഷ് ആയി വന്നപ്പോൾ നിവേദ് കുഞ്ഞിനടുത്തായി കിടപ്പുണ്ടായിരുന്നു. അവളെ കണ്ടതും അവനെഴുന്നേറ്റ് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നു. ഞാൻ താഴേക്ക് ചെല്ലട്ടെ. ഊണെടുക്കാം ഏട്ടൻ വായോ.. അവൾ പറഞ്ഞുകൊണ്ട് വാതിലിനടത്തേക്ക് നീങ്ങി. അല്ലീ.. ആ വിളിയിൽ അല്ലി നിന്നു. മെല്ലെയവൾ തലചരിച്ചവനെ നോക്കി.

ഞൊടിയിടയിൽ അവനവളെ വലിച്ച് ചുവരോട് ചേർത്തു. എന്നെയും എന്റെ ജീവിതത്തെയും കണ്ടവളാണ് നീ. എനിക്ക് അല്പം സമയം വേണം അല്ലീ. എന്റെ കാര്യങ്ങൾ അല്ലി നോക്കണമെന്നില്ല. കുഞ്ഞിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി. എട്ടുമാസമേയായുള്ളൂ അവന്. അതുകൊണ്ട് മാത്രം.. അതുകൊണ്ട് മാത്രമാണ് ഇഷ്ടമില്ലാതിരുന്നിട്ടുകൂടി അല്ലിയെ എനിക്ക് കൂടെ കൂട്ടേണ്ടി വന്നത്. ഞാൻ അല്ലിയോട് വിവാഹത്തിന് മുൻപേ പറഞ്ഞിരുന്നു പിന്മാറാൻ. അത് താൻ കേട്ടിരുന്നുവെങ്കിൽ ഇപ്പോഴെനിക്കിത് പറയേണ്ടി വരുമായിരുന്നില്ല.. ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ല പക്ഷേ എല്ലാം മറക്കാൻ എനിക്ക് സമയം വേണം. ഒരുറപ്പ് ഞാൻ നൽകാം ഞാൻ കാരണം നിന്റെ ജീവിതം ഇല്ലാതാകില്ല. നീ ആഗ്രഹിക്കുന്നതുപോലെ നല്ലൊരു ഭർത്താവാകാനുള്ള സമയം എനിക്ക് വേണം.

അവന്റെ മുഖം മുറുകിയിരുന്നു. കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൻ താഴേക്കിറങ്ങിപ്പോയി. നിറഞ്ഞുവന്ന കണ്ണുനീർ തട്ടിത്തെറിപ്പിച്ചു കളഞ്ഞു അവൾ. ഇനിയെന്നാ നിവേദേട്ടാ നിങ്ങൾ അല്ലിയെ മനസ്സിലാക്കുന്നത്.. നിങ്ങളെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന എന്നെ അംഗീകരിക്കുന്നത്. എന്റെ മനസ്സ് പിടയുന്നത് നിങ്ങളെന്നിലേൽപ്പിക്കുന്ന ആഘാതങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കാത്തതെന്താ നിങ്ങൾ… ചുവരോട് ചേർന്നവൾ വിങ്ങിപ്പൊട്ടി. കട്ടിലിന്റെ പിന്നിലെ ചുവരിലായി വലുതായി ഫ്രെയിം ചെയ്ത ഫോട്ടോയിലേക്കവളുടെ നോട്ടം തങ്ങിനിന്നു. നുണക്കുഴി കവിളുള്ള സുന്ദരിയായ പെൺകുട്ടി പൊട്ടിച്ചിരിക്കുന്നു.

അവളുടെ തലമുടി പാറിപ്പറക്കുന്നുണ്ട്. പിന്നിൽ നിന്നും അവളെ പുണർന്ന പുരുഷന്റെ മുഖത്ത് അവളോടുള്ള പ്രണയഭാവം വ്യക്തമാക്കുന്നതായിരുന്നു. ആ പുരുഷന് നിവേദിന്റെ ഛായയായിരുന്നു.. പെൺകുട്ടിക്ക് അല്ലിയുടെയും. ഊണ് കഴിക്കുമ്പോഴും പിന്നീടുള്ള സമയങ്ങളിലുമെല്ലാം അവനെ തേടിച്ചെല്ലുന്ന അവളുടെ നോട്ടങ്ങളെ അവൻ അവഗണിച്ചു. ഉള്ളിലെ മുറിവിൽനിന്നും കിനിയുന്ന രക്തത്തുള്ളികൾ അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു കൊണ്ടേയിരുന്നു. മോളേ.. മഹേശ്വരിയാണ്.. നിവേദിന്റെ അമ്മ. അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവരെ നോക്കി. എനിക്കറിയാം കുട്ടീ ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊളിപ്പിച്ചാണ് നീ ഈ ചിരിയുടെ ആവരണം അണിഞ്ഞിരിക്കുന്നതെന്ന്.

കഴിഞ്ഞതെല്ലാം പെട്ടെന്ന് മറക്കാൻ അവനാകില്ലല്ലോ മോളേ. മോൾ അൽപ്പം ഒന്ന് ക്ഷമിക്കണം. എന്റെ മകന്റെ ജീവിതത്തിലെ പരീക്ഷണവസ്തുവായല്ല നിനക്ക് അവനോടുള്ള സ്നേഹം കണ്ടറിഞ്ഞ് തന്നെയാണ് അമ്മ നിന്നെ അവന്റെ പെണ്ണായി കൈപിടിച്ച് കയറ്റിയത്. കുഞ്ഞിനെ നോക്കാൻ വേണ്ടി മാത്രമല്ല അവനുള്ള കൂട്ടിന് വേണ്ടിയാ മോളെ അവന്റെ ഭാര്യയാക്കിയതും. ആരുമോന്റെ അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അവനെ നോക്കാൻ കഴിയുന്നത്. സ്നേഹം കൊണ്ട് മായ്ക്കാൻ കഴിയാത്ത മുറിവില്ലല്ലോ. മോൾക്ക് കഴിയും അവനെ പഴയ നിവേദാക്കാൻ.. കൈയിൽ ഒരു ഗ്ലാസ്സ് പാൽ നൽകി അവരവളെ മുറിയിലേക്ക് അയച്ചു. നിവേദിന്റെ പ്രതികരണം എന്താകുമെന്ന് ഭയന്ന് അവൾ മുറിയിലേക്ക് ചെന്നു.

കുഞ്ഞിന് നേരത്തെ തന്നെ സെറിലാക്ക് കൊടുത്തിരുന്നു. നിവേദ് അവനെ തട്ടിയുറക്കിയിരുന്നു. കുഞ്ഞിനെ പുതപ്പിച്ചശേഷം തിരിഞ്ഞ അവൻ കണ്ടത് കൈയിൽ പാലുമായി നിൽക്കുന്ന അല്ലിയെയാണ്. ഒരുനിമിഷം അവന്റെ കണ്ണുകൾ അവളെ ഇമചിമ്മാതെ നോക്കി. യാന്ത്രികമായെന്നോണം അവന്റെ കാലുകൾ അവൾക്കരികിലേക്ക് ചലിച്ചു. അവൾക്കടുത്തേക്ക് വന്ന് ഇരുകൈകളാലും അവളുടെ മുഖം കോരിയെടുത്തുകൊണ്ടവൻ അവളുടെ നെറുകയിൽ അധരമമർത്തി. അവന്റെ അധരത്തിന്റെ നേർത്ത നനവ് അവൾ തിരിച്ചറിഞ്ഞു. കണ്ണുകളിൽ കുടുങ്ങിയ മിഴികളെ പിന്തിരിപ്പിച്ച് അവളുടെ ചെഞ്ചുണ്ടിലേക്കവന്റെ നോട്ടം എത്തിനിന്നു. തന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. വെൺശംഖുപോലുള്ള അവളുടെ കഴുത്തിൽ മുഖമടുപ്പിച്ചപ്പോൾ ആ കണ്ണുകൾ കൂമ്പിയടഞ്ഞു. ആമീ..

അവന്റെ സ്വരം ചെവിക്കരികിൽ പതിഞ്ഞതും അവൾ പിടപ്പോടെ കണ്ണുകൾ വലിച്ച് തുറന്നു. അവനെ പിന്നിലേക്ക് ആഞ്ഞുതള്ളുമ്പോൾ അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. താൻ ചെയ്തത് എന്താണെന്ന ബോധ്യം വന്നതുകൊണ്ടോ എന്തോ അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. അതിന്റെ പരിണിതഫലമായി ഫ്ലവർകെയ്സ് തറയിൽ വീണുടഞ്ഞു. ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടിയുണർന്ന് കരയാൻ തുടങ്ങി. മോന്റെയടുത്തേക്ക് പായാൻ നിന്ന അവളെ ഒരു നോട്ടം കൊണ്ട് തടഞ്ഞുകൊണ്ട് അവൻ കുഞ്ഞിനെ തട്ടിയുറക്കാൻ ശ്രമിച്ചു. കുഞ്ഞുറങ്ങിയെന്ന് ഉറപ്പായതും അവൻ അവൾക്കരികിലേക്ക് നടന്നടുത്തു. സോറി അല്ലീ.. ഞാൻ പെട്ടെന്ന്… എന്തൊക്കെയോ ഓർത്തുപോയി.

ഐ ആം റിയലി സോറി. വാക്കുകൾ കിട്ടാതെ ചെയ്ത തെറ്റിനാൽ കുനിഞ്ഞ ശിരസ്സുമായി അവൻ മുൻപിൽ നിൽക്കുമ്പോൾ അവൾക്ക് കരച്ചിൽ തൊണ്ടക്കുഴിയിൽ ഞെരിഞ്ഞമർന്നു. കുഞ്ഞിനടുത്തായി അവൻ കിടന്നു. എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായയായി അവൾ നിലത്തേക്ക് ഊർന്നിരുന്നു. (തുടരും )

Share this story