ആത്മിക : ഭാഗം 34

ആത്മിക : ഭാഗം 34

എഴുത്തുകാരി: ശിവ നന്ദ

“ജെറി മതിയാക്ക്…നീ എന്താ പറഞ്ഞ് വരുന്നത്..ഞാൻ മനഃപൂർവം അവളെ കളിപ്പിക്കുവായിരുന്നെന്നോ?? അറിയാതെ ഒരു ഉമ്മ കൊടുത്തതിന്റെ പേരിലാണ് അവൾക് പ്രേമം തോന്നിയതെങ്കിൽ അതേ പ്രേമം അവൾക്ക് ഹർഷനോടും തോന്നണമല്ലോ..അവനും അതേ ചുണ്ടിൽ തന്നെയല്ലേ ഉമ്മ വെച്ചത്” പറഞ്ഞ് തീർന്നപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന അമ്മുവിനെ ആൽബി കണ്ടത്..ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന അവസ്ഥയിൽ നിൽക്കുന്നവളെ കണ്ട് ജെറിയും ഞെട്ടി.. “ഫുഡ് കഴിക്കാൻ അമ്മച്ചി വിളിക്കുന്നു” എങ്ങനെയോ അത്രയും പറഞ്ഞുകൊണ്ട് ഓടിപൊക്കുന്നവളെ കണ്ട് സർവ്വവും നഷ്ടപെട്ടത് പോലെ ആൽബി ബെഡിലേക്ക് ഇരുന്നു.

“ഇത് കുറച്ച് കൂടിപ്പോയി ഇച്ചായ” ചുവന്നുകലങ്ങിയ കണ്ണുകളുമായി തന്നിലേക്ക് നീളുന്ന ജെറിയുടെ നോട്ടം നേരിടാനാകാത്തവനെ പോലെ ആൽബി തലകുമ്പിട്ട് നെറ്റിയുഴിഞ്ഞ് ഇരുന്നു. “ഇച്ചായനെ കണ്ടാ ഞാൻ വളർന്നത്..എന്റെ ഇച്ചായനെ പോലെയാകാനാ ശ്രമിച്ചത്..എല്ലാ കാര്യത്തിലും എന്റെ ഇച്ചായൻ പെർഫെക്ട് ആയിരുന്നു..മകനായും സഹോദരനായും കൂട്ടുകാരനായും എല്ലാം…പക്ഷെ ഒരു പെണ്ണിന്റെ മനസ്സ് അറിയാൻ മാത്രം എന്റെ ഇച്ചായന് കഴിഞ്ഞില്ല..ടീനൂച്ചിയെ ഉപേക്ഷിച്ച് അമ്മുവിനെ സ്വീകരിക്കണമെന്ന് പറയാനല്ല ഞാൻ വന്നത്..അവൾ അങ്ങനെ ആഗ്രഹിക്കുന്നും ഇല്ല..എല്ലാം കേട്ടപ്പോൾ ഒന്ന് വന്ന് ചോദിക്കണമെന്ന് കരുതി. പക്ഷെ എന്റെ ഇച്ചായൻ ഇത്രയും അധപതിച്ച് പോയെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒന്നും ചോദിക്കില്ലായിരുന്നു..”

“ജെറി പ്ലീസ്…ഞാൻ അറിയാതെ..” “ഹും..അറിയാതെ…ഉമ്മവെച്ചത് അറിയാതെയാണോ?? ആണെങ്കിൽ തന്നെയും അതിന്റെ പേരിൽ അവളെ കുറിച്ച് ഇങ്ങനെ പറയാൻ ഇച്ചായന് തോന്നിയല്ലോ..” മറുപടി പറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ആൽബി..മനസ്സ് നിറയെ കരഞ്ഞുകൊണ്ട് ഓടിപോകുന്നവളുടെ മുഖം ആയിരുന്നു.. “ഹർഷൻ ബലമായിട്ടാണ് അവളെ ഉമ്മ വെച്ചത്..അതിന് അവൾ പ്രതികരിച്ചത് കൊണ്ടാണ് ഈ വീട്ടിലേക്ക് അവൾക്ക് വരേണ്ടി വന്നത്..ഇച്ചായൻ തന്നെയല്ലേ അവളെ കൊണ്ട് വന്നത്..എന്തേ അന്ന് തോന്നിയില്ലേ അവൾ ഉമ്മ വെക്കുന്നവരോടെല്ലാം പ്രേമം തോന്നുന്ന ഒരു വൃത്തികെട്ട പെണ്ണാണെന്ന്” “ജെറി…വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം..

അവൾ എങ്ങനെയുള്ള പെണ്ണാണെന്ന് എനിക്ക് നന്നായിട്ട് അറിയാം” “ഓഓഓ…കുറച്ച് മുൻപ് സൂക്ഷിച്ച് ഉപയോഗിച്ച വാക്കുകൾ ആണല്ലോ ഇച്ചായനിൽ നിന്ന് വന്നത്…അത് കേട്ടപ്പോൾ ആ പെണ്ണിന് ഒരുപാട് സന്തോഷമായി കാണുമല്ലേ…” പരിഹാസത്തോടെ ജെറി പറഞ്ഞതും കുറ്റബോധത്താൽ ആൽബിയുടെ ശിരസ്സ് കുനിഞ്ഞു. “ചെയ്യുന്നതെല്ലാം തെറ്റാണെന്ന് ബോധ്യമുള്ളത് കൊണ്ടല്ലേ ഇച്ചായൻ ഇങ്ങനെ തലകുനിച്ചിരിക്കുന്നത്..പക്ഷെ എന്നും ശരിയുടെ പക്ഷത്ത് നിൽക്കുന്ന എന്റെ ഇച്ചായനെ ഈ അവസ്ഥയിൽ കണ്ടുകൊണ്ട് നിൽക്കാൻ എനിക്ക് പറ്റില്ല…

അതുകൊണ്ട് ഇനി നമുക്കിടയിൽ ഇതിനെ കുറിച്ചൊരു സംസാരം വേണ്ട” കടുപ്പിച്ച് അത്രയും പറഞ്ഞുകൊണ്ട് ജെറി പോയതും ആൽബി ബെഡിലേക്ക് മലർന്ന് കിടന്നു..കഴിഞ്ഞുപോയ നിമിഷങ്ങൾ അവനെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു..അപ്പോഴും പുറത്തേക്ക് ഒഴുകില്ലെന്ന് ഉറപ്പിച്ചത് പോലെ നീർതുള്ളി അവന്റെ കൺകോണിൽ തറഞ്ഞുനിന്നു. ****** “ആൽബി എവിടെടാ??” ഫുഡ് കഴിക്കാനായി ജെറി ഇരുന്നപ്പോഴാണ് കത്രീനാമ്മയുടെ ചോദ്യം. “ഇച്ചായൻ മുറിയിലുണ്ട്..ഇപ്പോൾ വരും..അല്ല അമ്മു എവിടെ?” “വയ്യെന്നും പറഞ്ഞ് കിടന്നു..ഒന്നും കഴിച്ചതുമില്ല..മോൾക്ക് എന്തോ സങ്കടം ഉള്ളതുപോലെ” അമ്മച്ചിയുടെ വാക്കുകൾ കേട്ടുകൊണ്ട് വന്ന ആൽബിയെ ജെറി ഒന്ന് നോക്കി..അവനും അമ്മുവിനെ തേടുകയാണെന്ന് ജെറിക്ക് മനസിലായി..ഇന്നലെ വരെ ഇച്ചായന്റെ ഈ നോട്ടം കണ്ട് താൻ ഒരുപാട് സന്തോഷിച്ചേനെ..പക്ഷെ…

ഒന്നും കഴിക്കാതെ പ്ലേറ്റിൽ കുത്തിയിരിക്കുന്ന രണ്ടുപേരെയും അമ്മച്ചി മാറി മാറി നോക്കി..അമ്മച്ചിയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ വരുമെന്ന് അറിയാവുന്നത് കൊണ്ട് വിശപ്പില്ലെന്ന് പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റ് പോയി.എന്തൊക്കെയോ പ്രശ്നങ്ങൾ തന്റെ മക്കൾക്കിടയിൽ സംഭവിക്കുന്നുണ്ടെന്നും അതൊക്കെ തരണം ചെയ്യാൻ അവർക്ക് സാധിക്കണമെന്നും ആ അമ്മമനസ്സ് നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിച്ചു. ജെറി അമ്മുവിന്റെ മുറിയിൽ വരുമ്പോൾ അവൾ കിടക്കുവായിരുന്നു.അവന്റെ സാമിപ്യം അറിഞ്ഞതും അവൾ വിതുമ്പലോടെ അവന്റെ അടുത്തേക്ക് ചെന്നു. “ഇച്ചൻ എന്താ ജെറി അങ്ങനെ പറഞ്ഞ?? ഞാൻ അങ്ങനെയുള്ള പെണ്ണായിട്ടാണോ ഇച്ചൻ കരുതിയിരിക്കുന്ന??”

“അല്ല അമ്മു..ഞാൻ തർക്കിച്ചതിന്റെ ദേഷ്യത്തിന് അറിയാതെ വായിൽ നിന്ന് വീണുപോയതാ..അതിന് ഇച്ചായന് കുറ്റബോധം ഉണ്ട്” “സഹിക്കാൻ പറ്റുന്നില്ല ജെറി..ഇച്ചൻ എന്നെ സ്നേഹിക്കണ്ട..ഒരിക്കലും എന്റെ ഇഷ്ടം പറഞ്ഞ് ഞാൻ അവർക്കിടയിൽ പ്രശ്നങ്ങളുമായി ചെല്ലില്ലാ..എന്റെ ടീനുചേച്ചി എന്നും ഇച്ചനോടൊപ്പം സന്തോഷത്തോടെ ജീവിക്കണമെന്ന് മാത്രമേ ഞാൻ പ്രാർത്ഥിക്കു..” “അറിയാം അമ്മു…ഇങ്ങനെ ചിന്തിക്കാനുള്ള മനസ്സ് അധികം ആർക്കും ഉണ്ടാകില്ല” “എന്നിട്ടും എന്താടാ എനിക്ക് മാത്രം എന്നും സങ്കടം…ഇച്ചൻ പറഞ്ഞത് കേട്ടില്ലേ..ഉമ്മ വെച്ചതുകൊണ്ടാ ഞാൻ പ്രേമിച്ചതെന്ന്…ഹർഷേട്ടനെ ഞാൻ ആ ഒരു അർത്ഥത്തിൽ സമീപിച്ചെന്നല്ലേ ഇച്ചൻ പറഞ്ഞതിന്റെ പൊരുൾ???”

“അയ്യേ..അങ്ങനെ ഒന്നുമല്ല പെണ്ണേ..നീ ഓരോന്ന് ചിന്തിച്ചുകൂട്ടാതെ..മുഖം ഒക്കെ കഴുകിയിട്ട് വാ..ഒന്നും കഴിച്ചില്ലെന്ന് അമ്മച്ചി പറഞ്ഞു.” “വിശപ്പില്ല..” “പിന്നെ എന്താ നിനക്കിപ്പോൾ വേണ്ടേ??” “എനിക്ക്…എനിക്ക് ഇവിടുന്ന് പോകണം” “എങ്ങോട്ട്??” “തത്കാലം ഹോസ്റ്റലിലേക്ക് മാറാം..” “ഓ..അപ്പോൾ നീ ഇച്ചായനെ മാത്രമേ സ്നേഹിച്ചിട്ടുള്ളു..ഞങ്ങൾ ഒക്കെ അന്യര് അല്ലേ??” “അല്ല..അങ്ങനെ അല്ല ജെറി” “പിന്നെ എങ്ങനാടി?? ഇച്ചായൻ പറഞ്ഞത് കേട്ടിട്ടാണ് ഈ തീരുമാനം എടുത്തതെങ്കിൽ അത് ഞാൻ സമ്മതിക്കില്ല..നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് ഇച്ചായൻ ആയിരിക്കും..പക്ഷെ ഈ വീട്ടിൽ ഇച്ചായൻ മാത്രമല്ല ഉള്ളത്.നിന്റെ കാര്യത്തിൽ ഇപ്പോൾ എനിക്കും അവകാശമുണ്ട്…ഏട്ടനായും അനിയനായും ഒക്കെ നിന്റെ കൂടെ നിൽക്കുന്ന എന്നെ കളഞ്ഞിട്ട് പോകാൻ പറ്റുമോ നിനക്ക്??

അത് പോട്ടെ..കോളേജിലെ നിന്റെ രെജിസ്ട്രേഷൻ ഫോമിൽ ലോക്കൽ ഗാർഡ്യന്റെ സ്ഥാനത് ആൽബിൻ ജോൺ എന്നല്ല…’കത്രീന ജോൺ കരിയ്ക്കൽ’ എന്നാണ്..ആ അമ്മച്ചിയോട് എന്ത് പറഞ്ഞിട്ട നീ പോകുന്നത്??” എന്ത് പറയണമെന്ന് അറിയാൻ വയ്യാതെ നിൽക്കുന്നവളെ ജെറി ചേർത്ത് പിടിച്ചു. “നിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഒരു പരിധി വരെ ഞാൻ തന്നെയാണ് കാരണക്കാരൻ..ആ മുറിവേല്പിച്ച ആഘാതത്തിൽ നിന്നും നീ പുറത്ത് വരണം..ഞാൻ ഉണ്ടാകും നിന്റെ കൂടെ…” ****** ബുക്ക് തുറന്നുവെച്ച് ആലോചനയോടെ ഇരിക്കുമ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്..വാതിൽ തുറന്ന് ആൽബിയെ കണ്ടതും അമ്മുവിന്റെ കണ്ണുനീർ ഇടതടവില്ലാതെ ഒഴുകാൻ തുടങ്ങി.

പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ ശക്താമായി കണ്ണുനീർ തുടച്ചുകൊണ്ട് അവനെ നോക്കി കൈകെട്ടി നിന്നു. “അമ്മു…Am…really സോറി…ഞാൻ..ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചല്ല…പെട്ടെന്ന് ജെറി അങ്ങനൊക്കെ ചോദിച്ചപ്പോ..അറിയാതെ..” അവൻ ബാക്കി പറയാൻ സമ്മതിക്കാതെ അവൾ കൈയുയർത്തി തടഞ്ഞു.. “വിശദീകരിച്ചു ബുദ്ധിമുട്ടണ്ട ഇച്ചാ..എത്ര സോറി പറഞ്ഞാലും പറഞ്ഞുപോയ വാക്കുകൾ മാറില്ലല്ലോ..ശെരിയാണ്..ഹർഷേട്ടൻ ചുംബിച്ച അതേ ചുണ്ടിൽ തന്നെയാണ് ഇച്ചന്റെ ചുണ്ടും പതിഞ്ഞത്.പക്ഷെ അത് രണ്ടും ആത്മിക നേരിട്ടത് രണ്ട് മനസ്സോടെ ആണ്..ഒന്നിൽ വെറുപ്പും മറ്റൊന്നിൽ പ്രണയവും.. ഹർഷേട്ടനോട് പ്രതികരിച്ചത് പോലെ ഇച്ചനോട്‌ പെരുമാറഞ്ഞതും അതേ പ്രണയം കൊണ്ട് തന്നെയായിരുന്നു..ഇച്ചനെ ഞാൻ വിശ്വസിച്ചത് കൊണ്ടായിരുന്നു..

ടീനുചേച്ചിയെ ഓർത്താണ് അങ്ങനെയൊക്കെ പെരുമാറിയതെന്ന് പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..എന്നാൽ അതിന് ശേഷം ഇച്ചൻ പറഞ്ഞയാ വാക്ക്…അത് എനിക്ക് മറക്കാൻ കഴിയില്ല ഇച്ചാ..അത്രക്ക് തരംതാഴ്ന്ന പെണ്ണല്ല ഇച്ചാ ഞാൻ…ടീനുചേച്ചിയുടെ പ്രണയമാണെന്ന് അറിയാതെ ഇച്ചനെ മോഹിച്ചു എന്നൊരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു…അല്ലാതെ ഞാൻ ഒന്നും…” കണ്ണുനീർ തടസമായി വന്നെങ്കിലും..വാക്കുകൾ ഇടറിയെങ്കിലും…എല്ലാം അവന്റെ മുഖത്ത് നോക്കി തന്നെ അവൾ പറഞ്ഞു. “അമ്മു…പ്ലീസ്…ഇങ്ങനൊന്നും പറയല്ലേ നീ..” “ഇപ്പോഴും ഞാനീ വീട്ടിൽ നിൽക്കുന്നത് അമ്മച്ചിയെ ഓർത്തിട്ടാണ്..ഇവിടുന്ന് പോകുന്നതിന്റെ കാരണം അമ്മച്ചിയോട് എനിക്ക് പറയേണ്ടി വരും..

ഞാൻ ഇച്ചനെ ആഗ്രഹിച്ചു എന്നറിഞ്ഞാൽ നന്ദികേട് കാണിച്ച ഈ പെണ്ണിനോട് അമ്മച്ചിക്ക് വെറുപ്പ് തോന്നും..അതുംകൂടി സഹിക്കാൻ എനിക്ക് പറ്റില്ല ഇച്ചാ…പക്ഷെ പതുക്കെ പതുക്കെ അമ്മച്ചിയിൽ നിന്ന് ഞാൻ അകലും..എന്നിട്ട് ഒരു ദിവസം ഞാൻ ഈ വീട് വിട്ട് പോകും” ആൽബിയുടെ മറുപടിക്ക് കാക്കാതെ അവൾ വാതിൽ അടച്ച് കുറ്റിയിട്ടു..എന്നിട്ട് ആ വാതിൽ ചാരിയിരുന്ന് വാപൊത്തി കരഞ്ഞു…പുറത്ത് ആൽബിയുടെ അവസ്ഥയും അത് തന്നെയായിരുന്നു..അവളുടെ വാക്കുകളിൽ തറഞ്ഞുനിൽകുവാണ് അവൻ…അങ്ങനൊക്കെ പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി..ഫോൺ എടുത്ത് ടീനയെ വിളിച്ചപ്പോൾ ഉറക്കപിച്ചിലാണ് അവൾ അറ്റൻഡ് ചെയ്തത്. “എന്താടാ ഉറങ്ങിയില്ലേ??” “നീയൊന്ന് പുറത്തേക്ക് ഇറങ്ങ്” “ഈ സമയത്തോ??

നാളെ രാവിലെ സംസാരിക്കാടാ..നീ പോയി ഉറങ്ങ്” “പറ്റില്ല ടീനു..പ്ലീസ്..ഞാൻ അങ്ങോട്ട് വരുവാ” അവന്റെ സംസാരത്തിലെ ഇടർച്ച മനസ്സിലായതും ടീന എഴുന്നേറ്റ് മുഖം കഴുകി താഴേക്ക് ചെന്നു..പപ്പയും മമ്മിയും ഒക്കെ കിടന്നിരുന്നു..അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴേ കണ്ടു ഗാർഡനിലെ ബെഞ്ചിൽ മുഖത്തിന്‌ കുറുകെ ഇടംകൈ വെച്ച് ചാരിയിരിക്കുന്ന ആൽബിയെ.. “ഡാ താന്തോന്നി..നിനക്ക് ഈ പാതിരാത്രിക്ക് എന്താ ഇത്രക്ക് അത്യാവശ്യം??” അവന്റെ അടുത്തായി ഇരുന്നുകൊണ്ട് അവൾ ചോദിച്ചെങ്കിലും അവൻ മറുപടി ഒന്നും പറയാതെ അതേ ഇരിപ്പ് തുടർന്നു. “ഈ തണുപ്പത്ത് എന്നെ പിടിച്ച് ഇരുത്താമെന്ന് നിനക്ക് വല്ല നേർച്ചയും ഉണ്ടോ ചെക്കാ.?

ശ്ശെടാ..നീയെന്താ ഒന്നും മിണ്ടാത്ത..” ബലമായി അവന്റെ കൈ പിടിച്ച് മാറ്റിയപ്പോഴാണ് ചെന്നിയിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ കണ്ടത്. “ആൽബി..നീ..നീ കരയുവാണോ?? എന്താടാ പറ്റിയ???” മറുപടി ഇല്ലാതെ അവൻ അവളുടെ തോളിലേക്ക് ചാഞ്ഞു..എത്ര അടക്കാൻ ശ്രമിച്ചിട്ടും ആ ഇരുട്ടിനെ ഭേദിച്ചുകൊണ്ട് അവന്റെ കരച്ചിൽ അവിടെ മുഴങ്ങി..അന്നാദ്യമായി അവൻ ഇങ്ങനെ കരയുന്നത് കണ്ട പകപ്പിൽ ആയിരുന്നു ടീന. “ഡാ..ആൽബി..എന്താടാ ഇത്..എന്റെ താന്തോന്നി കരയുന്നോ..കളരിയ്ക്കൽ വീട്ടിലെ ചുണക്കുട്ടിയ നീ..ആരെങ്കിലും കണ്ടാൽ നാണക്കേടാട്ടോ” അവന്റെ അവസ്ഥ കണ്ട് ഉള്ള് പിടഞ്ഞിട്ടും അവനെ കളിയാക്കികൊണ്ട് അവൾ അവന്റെ മുഖം പിടിച്ചുയർത്തി.

“അറിയാതെ പറഞ്ഞു പോയതാ ടീനു ഞാൻ..അല്ലാതെ ഞാൻ അങ്ങനെ ആണോ അവളെ കണ്ടേക്കുന്നത്…പറ്റിപോയതാ..” “എന്ത്?? ആരുടെ കാര്യമാ നീ പറയുന്ന?” ടീനയുടെ ചോദ്യമാണ് ആൽബിയെ സ്വബോധത്തിലേക്ക് എത്തിച്ചത്.പെട്ടെന്ന് തന്നെ അവൻ പൈപ്പിൻചുവട്ടിലേക്ക് പോയി..വെള്ളം മുഖത്തേക്ക് കോരിയൊഴിച്ച് അമർത്തിതുടച്ചിട്ട് അവൻ തിരികെ വന്നു. “ഒന്നുമില്ല…നീ പോയി കിടന്നോ” “ആൽബി…” “ഒന്നുല്ലടി..” ചെറുതായി ഒരു ചിരി വരുത്തിക്കൊണ്ട് അവൻ പറഞ്ഞെങ്കിലും ടീന അവനെ വിടാതെ പിടിച്ചു. “ഒന്നുമില്ലാഞ്ഞിട്ടാണോ നട്ടപാതിരായ്ക്ക് ഇവിടെ വന്നിരുന്ന് കരഞ്ഞത്?? ആൽബിൻ ജോൺ അങ്ങനെ കരയണമെങ്കിൽ കാര്യം നിസാരമാകില്ല..

നീ ആരോട് എന്ത് പറഞ്ഞെന്ന?? ‘അവൾ’ എന്ന് ഉദ്ദേശിച്ചത് അമ്മുവിനെ ആണോ??” “അല്ലല്ല..പെട്ടെന്ന് മനസ്സ് അസ്വസ്ഥമായപ്പോൾ നിന്നെ കാണണമെന്ന് തോന്നി..ആൽബിയുടെ സങ്കടം മാറണമെങ്കിൽ ടീനു അടുത്ത് വേണമല്ലോ..അതാ വന്നത്” “കള്ളം…” അവളെയൊന്ന് കണ്ണുചിമ്മി കാണിച്ചിട്ട് അവൻ തിരികെ നടന്നു..അവന്റെ പോക്ക് നോക്കി സംശയത്തോടെ അവളും നിന്നു. 💞💞💞💞💞💞💞💞💞 പിള്ളേരൊക്കെ കലപിലാ സംസാരിക്കുമ്പോഴും അമ്മു ഓരോ ചിന്തകളിൽ ആയിരുന്നു.ടീച്ചർ വന്നതും എല്ലാവരും സൈലന്റ് ആയി.വെളുത്ത് കൊലുന്നനെ നീളമുള്ള ടീച്ചറുടെ മുഖത്തെ ചിരി കണ്ടതും മറ്റെല്ലാം മറന്ന് അമ്മുവും ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി.

“ഹലോ സ്റ്റുഡന്റ്സ്…ഞാൻ ചൈതന്യ..നിങ്ങളുടെ ഡിപ്പാർട്മെന്റ് ഹെഡ്..ഇന്നലെ ലീവ് ആയിരുന്നത് കൊണ്ടാണ് മായ മാം ഇൻചാർജ് ആയിട്ട് വന്നത്.ഇനിമുതൽ ഞാനാണ് നിങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്” പേര് പോലെതന്നെയാണ് അവരുടെ സ്വഭാവം എന്ന് സംസാരത്തിൽ നിന്നും അമ്മുവിന് മനസിലായി.അവരുടെ കോഴ്സിനെ കുറിച്ചും എക്സാമിനെ കുറിച്ചുമൊക്കെ ചൈതന്യ വിശദമായി പറഞ്ഞുകൊടുത്തു..ഒരു പരാതിയും കേൾപിക്കരുതെന്ന് വിനീതമായി പറഞ്ഞതും എല്ലാവരും അതേ ഈണത്തിൽ തന്നെ “ഇല്ലെന്ന്” മറുപടി കൊടുത്തു.അമ്മു എല്ലാമൊരു ചിരിയോടെ കേട്ടിരിക്കുവാണ്.

“ആത്മിക..ഒന്ന് വരൂ” ബെൽ അടിച്ച് ക്ലാസിൽ നിന്നും പോകാൻ നേരം ടീച്ചർ വിളിച്ചതും എല്ലാവരുടെയും നോട്ടം അമ്മുവിലേക്കായി..ക്ലാസ്സിൽ സൈലന്റ് ആയിട്ട് ഇരിക്കുന്നവളുടെ പേര് ടീച്ചർ വന്നദിവസം തന്നെ പഠിച്ചതെങ്ങനെ എന്ന സംശയമായിരുന്നു എല്ലാവർക്കും..അമ്മുവും അതേ ചിന്തയോടെയാണ് പുറത്തേക്ക് ഇറങ്ങിയത്. “ആത്മിക…highest മാർക്കോടെ പ്ലസ്ടു പാസ് ആയി..പേഴ്‌സണൽ പ്രശ്നങ്ങൾ കാരണം പിന്നീട് പഠിക്കാൻ കഴിഞ്ഞില്ല..ഇപ്പോൾ വീണ്ടും സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചിരിക്കുന്നു…കോളേജിന്റെ റാങ്ക് പ്രതീക്ഷ…” തന്നെ കുറിച്ച് ഇത്രയും ഡീറ്റൈൽട് ആയിട്ട് പറയുന്നവരെ അമ്മു അത്ഭുതത്തോടെ നോക്കി.. “കൺഫ്യൂസ്ഡ് ആകണ്ട..കോളേജിൽ ഞാൻ ആൽബിയുടെ സൂപ്പർ സീനിയർ ആയിരുന്നു.തനിക്ക് ഇവിടെ അഡ്മിഷൻ എടുത്ത അന്ന് തന്നെ അവൻ എന്നോട് എല്ലാം പറഞ്ഞു..

എന്റെ ഡിപ്പാർട്മെന്റ് ആണെന്നും കൂടി അറിഞ്ഞപ്പോൾ ആള് ഡബിൾ ഹാപ്പി.” ഇച്ചൻ തന്നെ കുറിച്ച് ടീച്ചറിനോട്‌ പറഞ്ഞതൊക്കെ കേട്ട് അമ്മുവിന് സന്തോഷം തോന്നിയെങ്കിലും കഴിഞ്ഞ രാത്രിയിൽ അവനിൽ നിന്നും കേട്ട വാക്കുക്കൾ ഓർത്ത് അവളിലെ ചിരി മാഞ്ഞു. “അവന്റെ പെണ്ണാണ് അല്ലേ??” അങ്ങനെയൊരു ചോദ്യം അവൾ പ്രതീക്ഷിച്ചില്ല..മറക്കാൻ ശ്രമിക്കുന്നതൊക്കെ കൂടുതൽ ശക്തിയോടെ തന്റെ നേർക്ക് പാഞ്ഞുവരുന്നത് പോലെ അവൾക്ക് തോന്നി. “അവനോട് ചോദിച്ചപ്പോൾ വേണ്ടപ്പെട്ട കുട്ടിയാണെന്ന് മാത്രമേ പറഞ്ഞോളൂ..പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല…താൻ ലക്കി ആണെടോ..അത്ര പെട്ടെന്നൊന്നും ആൽബിയുടെ മനസ്സിൽ ഒരു പെണ്ണിന് സ്ഥാനം കിട്ടില്ലെന്ന് നന്നായിട്ട് എനിക്ക് അറിയാം..കോളേജിൽ കുറെ പേര് അതിന് ശ്രമിച്ച് പരാജയപ്പെട്ടതാണെ..”

“ഇല്ല..അങ്ങനെ ഒന്നും ഇല്ല മാം..എന്റെ സിസ്റ്റർ ആണ് ആൽബിച്ചന്റെ ഫ്രണ്ടിന്റെ വൈഫ്‌..ആ വഴിയുള്ള ബന്ധമാണ്” “ആണോ..എങ്കിൽ ഞാൻ ചോദിച്ചത് തിരിച്ചെടുത്തിരിക്കുന്നു..ഒന്നും തോന്നരുത്” “ഹേയ് ഇല്ല മാം” “എങ്കിൽ താൻ ക്ലാസ്സിലേക്ക് പൊയ്ക്കോ.എന്ത് ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി..പിന്നെ നല്ലത് പോലെ പഠിക്കണം കേട്ടോ..തന്റെ മാർക്ക്‌ ഒക്കെ ഞാനും കണ്ടിരുന്നു..ആ മികവ് ഇവിടെയും കാട്ടണം..തനിക് അതിനുള്ള പൊട്ടൻഷ്യൽ ഉണ്ട്” ഇടയ്ക്ക് ഒന്ന് തളർന്ന് പോയെങ്കിലും ആ അവസാനവാക്കുകൾ അമ്മുവിൽ ആത്മവിശ്വാസം നിറച്ചു..തനിക്ക് എല്ലാ വിഷമങ്ങളും മറക്കാൻ പഠനം തന്നെയാണ് ഏറ്റവും നല്ല മാർഗമെന്ന് ഉറപ്പിച്ചുകൊണ്ട് അവൾ ക്ലാസിലേക്ക് കയറി….. (തുടരും )

ആത്മിക:  ഭാഗം 33

Share this story