ആത്മിക : ഭാഗം 35

ആത്മിക : ഭാഗം 35

എഴുത്തുകാരി: ശിവ നന്ദ

കോളേജിൽ നിന്നും അമ്മു വരുമ്പോൾ കളരിയ്ക്കൽ വീട്ടിൽ ദേവുവും കിച്ചനും ഉണ്ടായിരുന്നു.ദേവുവിനെ കണ്ടതും അമ്മു ഒന്ന് പരുങ്ങി..രണ്ട് ദിവസമായിട്ട് അവളുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ല..അതിന്റെ പരിഭവം ദേവുവിന്റെ മുഖത്തും ഉണ്ടായിരുന്നു. “അമ്മൂസേ..എങ്ങനുണ്ട് കോളേജ് ഒക്കെ??” “കുഴപ്പമില്ല കിച്ചേട്ടാ..തുടങ്ങിയിട്ടല്ലേ ഉള്ളു” “നന്നായി പഠിക്കണമെന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ..അല്ലേടാ ആൽബി” അപ്പോഴാണ് കിച്ചന്റെ അടുത്ത് ആൽബി ഇരിപ്പുണ്ടെന്ന് അമ്മു അറിഞ്ഞത്. അവൾ തലചരിച്ചൊന്ന് നോക്കി..അതേ സമയം തന്നെ അവനും നോക്കി.പെട്ടെന്ന് തന്നെ അമ്മു നോട്ടം മാറ്റി ദേവുവിനെയും വിളിച്ച് റൂമിലേക്ക് പോയി.

“അവൾക്ക് ഒരു സന്തോഷം ഇല്ലല്ലോടാ..എന്ത് പറ്റി??” “അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല കിച്ചു. ക്ലാസ്സ്‌ തുടങ്ങിയത് കൊണ്ട് ഞാൻ ഒന്ന് സ്ട്രിക്ട് ആയതാ” “ഇവൻ ആ പാവത്തിനെ പേടിപ്പിച്ച് നിർത്തിയേക്കുവാ കിച്ചു..അവൾ ഇരുന്നാൽ കുറ്റം നിന്നാൽ കുറ്റം..എത്ര ദിവസം ആയെന്നോ അത് നേരെചൊവ്വേ ഒന്ന് ആഹാരം പോലും കഴിച്ചിട്ട്” അമ്മച്ചിയും കൂടി പറഞ്ഞതോടെ കിച്ചൻ ആൽബിയെ ഒന്ന് നോക്കി..”എന്തുവാടെ?” എന്നൊരു ഭാവം അവന്റെ മുഖത്ത് ഉണ്ടായിരുന്നത് പോലെ ആൽബിക്ക് തോന്നി..അവനൊന്ന് ചിരിച്ചു..ഉള്ളിൽ നോവുള്ള ചിരി. ******** “പറ മോളെ..എങ്ങനെയുണ്ട് കിച്ചേട്ടന്റെ കൂടെയുള്ള ജീവിതം??” “അടിപൊളിയാണ് എന്റെ അമ്മൂസേ..

കല്യാണത്തിന് മുൻപ് ഉണ്ടായിരുന്നതിലും അടിയാണ് ഇപ്പോൾ..പക്ഷെ അവസാനം കിച്ചേട്ടൻ ആ നെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോൾ കിട്ടുന്നൊരു ഫീൽ ഉണ്ട്..ആ ഒരുനിമിഷം നമ്മൾ ഇങ്ങനെ അലിഞ്ഞുപോകുന്നത് പോലെ തോന്നും” ദേവുവിന്റെ സംസാരത്തിൽ നിറഞ്ഞുനിൽക്കുന്ന അവളുടെ സന്തോഷവും പ്രണയവും അത്രമേൽ സ്നേഹത്തോടെ അമ്മു കേട്ടിരുന്നു..എന്നും ഇവളിൽ ഈ ചിരി നിലനിൽക്കണമെന്ന് മൗനമായി അവൾ പ്രാര്ത്ഥിച്ചു. “അതേ കിച്ചേട്ടനെ കുറിച്ച് ചോദിച്ചത് കൊണ്ടാ ഞാൻ ചിരിച്ച് കളിച്ച് മറുപടി പറഞ്ഞത്.ഇനി നീ പറ..എന്താ എന്റെ ഫോൺ എടുക്കാഞ്ഞ??” “അത് ദേവു..ക്ലാസ്സ്‌ തുടങ്ങിയത് കൊണ്ട്” “ഓ വിശ്വസിച്ചു..” “പിണങ്ങല്ലേ ദേവു..” “ഇല്ല പിണങ്ങില്ല..നീ കാര്യം പറ..ഇച്ചായനോട് സംസാരിച്ചോ??” “മ്മ്മ്..”

“ഏഹ്ഹ്..ശെരിക്കും?? എന്നിട്ട്..എന്തായിരുന്നു ഇച്ചായന്റെ റിയാക്ഷൻ?? ശ്ശോ..ഇതിപ്പോ ഇച്ചായനും നീയും ഒന്നായതിന് സന്തോഷിക്കണോ അതോ നീ ഐഎഎസ് വേണ്ടെന്ന് വെച്ചതിന് സങ്കടപ്പെടണോന്ന് അറിയില്ലല്ലോ” “ആദ്യം ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്” “ഓക്കേ ഓക്കേ.. നീ പറ..എങ്ങനെയാ ഇച്ചായനോട് പറഞ്ഞത്?? അത് കേട്ടപ്പോൾ ഇച്ചായൻ നിന്നെ കെട്ടിപിടിച്ചോ??” ദേവുവിന്റെ ആവേശം കണ്ടപ്പോൾ അമ്മുവിന് ചിരിയാണ് വന്നത്…താൻ ഇനി പറയാൻ പോകുന്നത് കേട്ട് ഈ പെണ്ണ് ഞെട്ടുമല്ലോ എന്നോർത്തതും അമ്മു വീണ്ടും ചിരിച്ചു. “ആഹാ..അപ്പോൾ നീ ഹാപ്പി ആണ്..വന്നുകയറിയ കോലം കണ്ടപ്പോൾ ഞാൻ കരുതി കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കുമെന്ന്” “കോളേജിൽ അല്ല ദേവു..ഈ വീട്ടിൽ ആണ് പ്രശ്നം ഉണ്ടായത്” “ഇവിടെയോ??

എന്താ അമ്മു? ഇച്ചായനും നീയും തമ്മിലുള്ളത് ആരെങ്കിലും അറിഞ്ഞോ? പക്ഷെ അമ്മച്ചിക്ക് ഒരു മാറ്റവും ഇല്ലല്ലോ” “അതിന് ഞാനും ഇച്ചനും തമ്മിൽ ഒന്നുമില്ലല്ലോ പെണ്ണേ… ” “ഏഹ്..അപ്പോൾ നീ ഇഷ്ടം പറഞ്ഞില്ലേ??” “പറഞ്ഞു..പക്ഷെ ഇച്ചന് അങ്ങനെയൊന്നും എന്നോട് ഇല്ല” “ആര് പറഞ്ഞു?” “പറയേണ്ട ആള് തന്നെ പറഞ്ഞു” “ഇച്ചായനോ..ഒന്ന് പോടീ..” “അതെന്താടി ഇച്ചായൻ അങ്ങനെ പറഞ്ഞെന്ന് ആരും വിശ്വസിക്കാത്തത്..ജെറിയും ആദ്യം കേട്ടപ്പോൾ ഇങ്ങനെ തന്നെയാ പ്രതികരിച്ചത്.” “എന്തോ..ഇച്ചായന് നിന്നെ ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്..ഞാൻ ഇവിടെ താമസിച്ച അത്രയും നാളും എനിക്ക് അത് ഫീൽ ചെയ്തിട്ടുണ്ട്..” “നമുക്ക് എല്ലാവർക്കും തെറ്റ് പറ്റിയത് അവിടെയാ ദേവൂട്ടി..

ഇച്ചായൻ എന്നെ സ്നേഹിക്കുന്നുണ്ട്..അത് പക്ഷെ ഞാൻ വിചാരിച്ചത് പോലെ പ്രണയം ആയിരുന്നില്ല..ഒറ്റപ്പെട്ട് പോയ ഒരു പെണ്ണിനോട് തോന്നിയ സഹതാപം..ഒരേ വീട്ടിൽ താമസിക്കുമ്പോൾ തോന്നുന്നൊരു അടുപ്പം..അതിനപ്പുറം ഒന്നുമില്ലായിരുന്നു…ഒന്നും…” “അമ്മു…” “ഇല്ലടി പെണ്ണേ..ഞാൻ ഓക്കേ ആണ്.കണ്ടില്ലേ..ഒരുതുള്ളി കണ്ണുനീർ പോലും വരാത്തത്” “എങ്ങനെ വരാനാ..അതിനകത്ത് ഇനി കണ്ണീർ ബാക്കിയുണ്ടോ??” അമ്മു നിശബ്ദമായി ദേവുവിനെ തന്നെ നോക്കിയിരുന്നു.ശെരിയാണ്..കരഞ്ഞ് കരഞ്ഞ് കണ്ണിന് പോലും തന്നോട് ദേഷ്യമായി കാണും. “നിനക്കൊരു സങ്കടവും ഇല്ലേ അമ്മു??” “ഞാൻ എന്തിനാ സങ്കടപെടുന്ന??.ഇഷ്ടമൊന്നും പിടിച്ച് വാങ്ങാൻ പറ്റില്ലല്ലോ..പിന്നെ വിഷമം തോന്നിയിരുന്നു..അത് പക്ഷെ ഇച്ചൻ എന്റെ പ്രണയം നിരസിച്ചത് കൊണ്ടല്ല…”

“പിന്നെ??” ഇച്ചൻ തന്നെക്കുറിച്ച് ജെറിയോട് പറഞ്ഞ വാക്കുകൾ അമ്മു ഓർത്തു..അവളിൽ ഒരു വിങ്ങലുണ്ടായി.. “എന്താ അമ്മു??” “ഒന്നുമില്ല..നീ അത് വിട്” “നിന്നെ എനിക്കങ്ങനെ വിടാൻ പറ്റുമോ അമ്മു..പറ..ഇച്ചൻ എന്ത് കൊണ്ടാ നിന്നെ വേണ്ടെന്ന് വെച്ചത്??” “ഇച്ചന് വേറെ പ്രണയം ഉള്ളത് കൊണ്ട്” നിസാരത്തോടെ അമ്മു പറഞ്ഞെങ്കിലും അത് അവളെ എത്രത്തോളം വിഷമിപ്പിക്കുന്നുണ്ടെന്ന് ദേവുവിന് മനസിലായി..പക്ഷെ ആൽബിയ്ക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന് ദേവുവിന് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. “ഇതെന്തോ തെറ്റിദ്ധാരണ ആയിട്ടാ എനിക്ക് തോന്നുന്നത്..ഒരു പ്രണയം ഉള്ള ആള് തന്റെ ആരുമല്ലാത്ത ഒരു പെണ്ണിന് വേണ്ടി ഇത്രയുമൊക്കെ ചെയ്യുമോ?? എന്തിനേറെ..

നിന്നോടുള്ള അടുപ്പം കാരണമാണ് ഹർഷേട്ടന്റെ കാര്യങ്ങൾ പോലും ഇച്ചായൻ നോക്കുന്നത്..ഏതെങ്കിലും ഒരു പെണ്ണിന് വേണ്ടി ഇച്ചായനെ പോലൊരാൾ ഇങ്ങനെ കഷ്ടപെടുമോ??” “നിന്റെ ചോദ്യങ്ങൾക്ക് ഒന്നും എനിക്ക് ഉത്തരമില്ല ദേവു..ഒന്ന് മാത്രമെനിക്ക് അറിയാം..ഇച്ചന്റെ കണ്ണിൽ കണ്ടിരുന്ന പ്രണയത്തിന്റെ അവകാശി ഞാനല്ല..” “പിന്നെയാരാ??” “ആഹാ രണ്ട് പേരും ഇവിടെ ഇരിക്കുവാണോ..” ആൽബിയുടെ പ്രണയം ആരെന്ന് അമ്മു പറയുന്നതിന് മുൻപ് തന്നെ ടീന അവരുടെ അടുത്തേക്ക് വന്നു. “എന്താ ടീനുചേച്ചി..അവിടെ എന്തെങ്കിലും പരിപാടി ഉണ്ടോ??” “അപ്പോൾ എന്റെ വീട്ടിലേക്ക് വരനല്ലേ നീയും കിച്ചുവും വന്നത്” “ഇങ്ങോട്ടേക്ക് വന്നതാ..പിന്നെ പോകുന്നതിന് മുൻപ് അവിടെയും വരുമായിരുന്നു..എന്താ ചേച്ചി വിശേഷം??”

“ഇന്ന് പപ്പയുടെയും മമ്മിയുടെയും വെഡിങ് ആനിവേഴ്സറി ആണ്.അതാ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങിയത്.കിച്ചുവിനോട് ഞാൻ പറഞ്ഞിരുന്നതാണല്ലോ” “കിച്ചേട്ടൻ അല്ലേ ആള്..എപ്പഴേ മറന്ന് കാണും.ഇങ്ങോട്ട് വരുന്ന കാര്യം തന്നെ ഞാൻ എത്ര ദിവസം കൊണ്ട് പറയുന്നത് ആണെന്നോ” “മ്മ്മ് മ്മ്..കല്യാണം കഴിഞ്ഞപ്പോഴേക്കും ചെക്കന് ഒന്നും ഓർക്കാനുള്ള സമയം ഇല്ലല്ലേ…എന്താ മോളെ..റൊമാന്റിക് അല്ലെന്നുള്ള പരാതിയൊക്കെ മാറിയില്ലേ??” “ഒന്ന് പോ ചേച്ചി…” ടീനയ്ക്ക് ഒരു നുള്ള് കൊടുത്തുകൊണ്ട് ദേവു അമ്മുവിനെ നോക്കി..അമ്മു കണ്ണിമചിമ്മാതെ ടീനയെ തന്നെ നോക്കിയിരിക്കുവാണ്.തന്റെ ഇച്ചന്റെ പ്രണയം..അല്ല..താന്തോന്നിയുടെ ടീനുക്കൊച്ച്… “എന്താ അമ്മു നീ എന്നെ ഇങ്ങനെ നോക്കുന്ന??” “ഒന്നുമില്ല ചേച്ചി..ഞാൻ വെറുതെ”

“നിനക്ക് ക്ലാസ്സ്‌ തുടങ്ങിയതോടെ നമുക്ക് അധികം കാണാൻ പറ്റുന്നില്ലല്ലോ..ആൽബി നേരത്തെ തന്നെ ഓർഡർ തന്നിട്ടുണ്ട്..നീ പഠിക്കാൻ ഇരിക്കുമ്പോൾ ശല്യം ചെയ്യാൻ വന്നേക്കരുതെന്ന്” അമ്മു ചിരിയോടെ നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. “ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ..നിങ്ങൾ പെട്ടെന്ന് അങ്ങ് വന്നേക്കണം..അമ്മുവേ..നിന്റെ പപ്പാ നീ വന്നിട്ടേ കേക്ക് കട്ട്‌ ചെയ്യത്തോളു കേട്ടോ” അമ്മുവിനെ നോക്കി അത്രയും പറഞ്ഞ് ടീന മുറിയിൽ നിന്നിറങ്ങി..അവളുടെ പിറകെ അമ്മുവും ദേവുവും ഹാളിലേക്ക് ചെന്നു. “ഡാ കിച്ചു..നീ ദേവുവിനേം കൂട്ടി വന്നേക്ക്..ആൽബി..വാ” ആൽബിയുടെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് ടീന പോകുന്നത് കണ്ടപ്പോൾ അമ്മുവിന് വല്ലാത്ത കുറ്റബോധം തോന്നി..തന്നെ ഒത്തിരി സ്നേഹിക്കുന്ന രണ്ട് പേര്…കണ്ണന്റെ ശക്തി ഒന്നുകൊണ്ട് മാത്രമാണ് അവർക്കിടയിൽ ഒരു പ്രശ്നമായി താൻ മാറാഞ്ഞത്.

“അമ്മു..ഇച്ചായന് പ്രണയവും ഇല്ലാ ഒരു മണ്ണാങ്കട്ടയും ഇല്ല..ഉണ്ടായിരുന്നെങ്കിൽ ടീനുചേച്ചിയുമായി ഇപ്പോഴും ഇത്രയും ഡീപ് റിലേഷൻ ഉണ്ടാവുമായിരുന്നോ..” “ഇച്ചന്റെ പ്രണയം ടീനുചേച്ചി ആണെങ്കിലോ??” “അമ്മു…” “ഹോ ഒന്ന് പതുക്കെ വിളിക്ക് പെണ്ണേ…ഞാൻ പറഞ്ഞത് സത്യമാ..അവർ തമ്മിൽ ഇഷ്ടത്തിൽ ആണ്..ഇനി ഇത് ചെന്ന് കിചേട്ടനോട് ഒന്നും പറഞ്ഞേക്കരുത്” “ഇത്രയും അറിഞ്ഞിട്ടും നീ എങ്ങനെ പിടിച്ചുനിൽക്കുന്നു??” “അമ്മച്ചിയും ജെറിയും ഉള്ളത് കൊണ്ട്..” “നിനക്ക് ഇവിടെ പറ്റുന്നില്ലെങ്കിൽ നീ എന്റെ കൂടെ വാ..സങ്കടം ഉള്ളിലൊതുക്കി നീയിങ്ങനെ സ്വയം ഉരുകണ്ട” “കളരിയ്ക്കൽ വീട് എനിക്ക് മുന്നിൽ തുറന്നത് പോലെ കിച്ചേട്ടന്റെ വീട്ടുകാർ എന്നെ സ്വീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?? ഒന്നോ രണ്ടോ ദിവസം കുഴപ്പം ഇല്ലായിരിക്കും..

പിന്നെ ഞാനൊരു ഭാരം ആകും.അത് നിന്റെയും കിച്ചെട്ടന്റേം ജീവിതത്തെ ബാധിക്കും” “അങ്ങനെയൊന്നും ഇല്ല അമ്മു..കിച്ചേട്ടനെ നിനക്ക് അറിയില്ലേ..ഇനി അവിടുത്തെ അച്ഛനെയും അമ്മയെയും ഓർത്തിട്ടാണെങ്കിൽ നിനക്ക് നമ്മുടെ വീട്ടിൽ പൊയ്ക്കൂടേ..അവിടെ ഇപ്പോൾ ദിയ ചേച്ചിയും ഉണ്ടല്ലോ..” “മ്മ്മ് പോകാം..സമയം ആകട്ടെ…” ******* കുര്യച്ചന്റെയും സിസിലിയുടെയും വെഡിങ് ആനിവേഴ്സറി രണ്ട് കുടുംബങ്ങളും പിന്നെ കിച്ചനും ദേവുവും കൂടി ചെറുതായി ഒന്ന് ആഘോഷിച്ചു.എല്ലാത്തിനും മുൻപന്തിയിൽ നിന്നത് ആൽബി ആണ്..മറ്റെല്ലാം മറന്ന് ജെറിയും അവനോടൊപ്പം കൂടി..എന്നും ഒരേ കാര്യം ഓർത്ത് സങ്കടപ്പെട്ടിരിക്കണ്ടെന്ന് സ്വയം പറഞ്ഞ് മനസിലാക്കികൊണ്ട് അമ്മുവും സന്തോഷിക്കാൻ ശ്രമിച്ചു..ഒരുപക്ഷെ അതൊരു മൂടുപടം ആയിരിക്കാം..അല്ലെങ്കിൽ പഠനത്തിരക്ക് അവളിലെ വിഷമങ്ങൾ മറയ്ക്കുന്നതാകാം…. 💞💞💞

മാസങ്ങൾ കടന്ന് പോയി..അമ്മു പൂർണമായും പഠിത്തത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി.ആൽബി അവന്റേതായ ലോകത്ത് സമയം ചിലവഴിച്ചു..അന്നത്തെ മാപ്പ് പറച്ചിലിന് ശേഷം അമ്മുവും ആൽബിയും പരസ്പരം സംസാരിച്ചിട്ടില്ല.ജെറിയും അതിനെ കുറിച്ച് രണ്ട് പേരോടും ചോദിക്കാനും പോയില്ല.. ഫസ്റ്റ് സെമസ്റ്റർ റിസൾട്ട്‌ വന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ അമ്മുവിന് തന്നെയായിരുന്നു ടോപ് മാർക്ക്‌.അതിന്റെ സന്തോഷം അമ്മച്ചിയോടും ജെറിയോടും ഒപ്പം അവൾ പങ്കിടുന്നത് മാറി നിന്ന് ആൽബി ശ്രദ്ധിച്ചു..നാളുകൾക്ക് ശേഷം അവന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു..അമ്മൂട്ടിയ്ക്കായി അവന്റെ ചൊടികളിൽ വിരിഞ്ഞിരുന്ന അതേ ചിരി. ******* രാത്രിയിൽ ആൽബിയും ടീനയും ടെറസിൽ ഇരിക്കുമ്പോൾ ആണ് ജെറി കയറി വന്നത്. “അമ്മു എവിടെ??” “അവൾക് വയ്യ ചേച്ചി.

തലവേദന ആണെന്ന് പറഞ്ഞ് കിടന്നു” “എങ്ങനെ തലവേദനിക്കാതിരിക്കും..റിസൾട്ട്‌ അറിഞ്ഞ സന്തോഷത്തിൽ 3 ഗ്ലാസ്‌ പായസം അല്ലേ അമ്മച്ചി അവളെ കൊണ്ട് കുടിപ്പിച്ചത്..” താടിക്ക് കൈകൊടുത്ത് ടീന അത് പറയുമ്പോൾ ആൽബിയും ജെറിയും പരസ്പരം നോക്കി..ആ രണ്ട് മനസുകൾക്ക് മാത്രം അറിയാമായിരുന്നു അവൾ എന്തുകൊണ്ടാണ് വരാതിരുന്നതെന്ന്. “ഞാനും കിടക്കാൻ പോകുവാ..നാളെ കോഴിക്കോട് പോകേണ്ടത് അല്ലേ..ഇച്ചായ രാവിലെ എന്നെ ഒന്ന് സ്റ്റേഷനിൽ ആക്കിയേക്കണേ” “നീ ടിക്കറ് ബുക്ക്‌ ചെയ്തോ??” “അതൊക്കെ ഇച്ചായൻ ചെയ്തായിരുന്നു” “നീ പോയി കിടന്നോ..രാവിലെ എഴുന്നേൽക്കുമ്പോൾ എന്നെ വിളിച്ചാൽ മതി” “ശെരി..ടീനുച്ചി ഗുഡ് നൈറ്റ്‌” “ഓക്കേ ഡാ മോനേ” ജെറി പോയതും വീണ്ടും ആൽബിയും ടീനയും മാത്രമായി. “കുറേ നാളായില്ലേ നമ്മൾ എല്ലാവരും ഒരുമിച്ച് കൂടിയിട്ട്” “അത് എല്ലാവർക്കും തിരക്കായത് കൊണ്ട് അല്ലേടി..

ഞാൻ മാത്രമല്ലേ ഉള്ളു ഒരു മാറ്റവും ഇല്ലാതെ ഇങ്ങനെ ഇരിക്കുന്നത്” “ഈയിടെ ആയിട്ട് എന്റെ ചെക്കന് സെന്റിയടി കുറച്ച് കൂടിയിട്ടുണ്ട്..എന്താ പറ്റിയത് നിനക്ക്???” “പറയാം..ഇവിടെ വെച്ചല്ല..” “പിന്നെ എവിടെ വെച്ച്??” “അതറിയില്ല..എന്തായാലും ഞാൻ പറയും..നിന്നോട് അത് മറച്ചുവെക്കുന്നത് വല്യ തെറ്റാണെന്ന് തോന്നി..പക്ഷെ കേട്ട് കഴിഞ്ഞ് നീയെന്നെ വെറുക്കരുത്..അത് എനിക്ക് താങ്ങാൻ പറ്റില്ലെന്ന് അറിയാലോ” “അമ്മു ഉൾപ്പെടുന്ന എന്തെങ്കിലും കാര്യമാണോ??” “മ്മ്മ്മ്..അവളോട് ഞാനൊരു തെറ്റ് ചെയ്തു..അത് മറയ്ക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് അറിയാതെ വാക്കുകളാലും വേദനിപ്പിച്ചു..” ടീനയുടെ മനസ്സിൽ പലവിധ സംശയങ്ങളും മിന്നിമാഞ്ഞു..കൂടുതൽ ഒന്നും അവനോട് ചോദിക്കാൻ അവൾ അപ്പോൾ ആഗ്രഹിച്ചില്ല. 💞💞💞💞

“സെമസ്റ്റർ റിസൾട്ട്‌ വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ ആണ്..കാരണം ടോപ് സ്കോറർ എന്റെ ഡിപ്പാർട്മെന്റിലെ കുട്ടിയാണ്..ആത്മിക..” ചൈതന്യ മാഡം പറയുമ്പോഴാണ് കുട്ടികളിൽ പലരും ആ കാര്യം അറിയുന്നത്..നിറഞ്ഞ കൈയടിയോടെ എല്ലാവരും അമ്മുവിനെ നോക്കി..അവളുടെ മുഖത്ത് അപ്പോഴും ആ ചെറുപുഞ്ചിരി മാത്രമായിരുന്നു..കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ ടീച്ചർസിന്റെ എല്ലാം പ്രിയപ്പെട്ട സ്റ്റുഡന്റ് ആയി മാറിയ അമ്മുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു..ഒരാൾ ഒഴികെ..അവളുടെ തന്നെ ക്ലാസ്സ്‌മേറ്റ് ആയ..സ്വയം “ബ്യൂട്ടി ക്വീൻ” എന്ന് വിശേഷിപ്പിക്കുന്ന പൂജ. തന്റെ സൗന്ദര്യത്തെ മറ്റുള്ളവർ ആരാധനയോടെ നോക്കണമെന്ന വാശിയുടെ പുറത്ത് അവളായിട്ട് ഒരു ബ്യൂട്ടി കോണ്ടെസ്റ് കോളേജിൽ സംഘടിപ്പിച്ചിരുന്നു..എല്ലാവരും സാരീ ഉടുത്ത് വരണമെന്ന് അവൾ ആവശ്യപ്പെടുകയും ചെയ്തു.പക്ഷെ അമ്മു മാത്രം അതിൽനിന്ന് ഒഴിഞ്ഞുമാറി..

ആ മത്സരത്തിൽ പൂജ ജയിച്ചെങ്കിലും അമ്മു ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് അവൾ വിജയി ആയതെന്നും അമ്മു ഉണ്ടായിരുന്നെങ്കിൽ പൂജ ഫസ്റ്റ് റൗണ്ട് പോലും പാസ്സ് ആകില്ലായിരുന്നു എന്നുള്ള കമന്റ്സ് അവളിൽ അമ്മുവിനോടുള്ള ദേഷ്യം നിറച്ചു.അവളെ എങ്ങനെയും വേദനിപ്പിക്കാൻ നോക്കി.പക്ഷെ അമ്മു ഒന്നിലും ഇടപെടാതെ പഠിത്തം മാത്രമായിട്ട് നടക്കുന്നത് കൊണ്ട് പൂജയ്ക്ക് അതിനുള്ള അവസരം കിട്ടിയില്ല..ഇന്ന് വീണ്ടും എല്ലാവരും അവളെ അംഗീകരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് വാശിയായി..അതിനായി അവൾ സീനിയർസിന്റെ സഹായം തേടി..സീനിയർ ഗ്രൂപ്പിൽ ഉള്ള ഒരാൾ അവളുടെ കസിൻ ആയത് കൊണ്ട് അമ്മുവിനുള്ള പണി അന്ന് വൈകിട്ട് തന്നെ കിട്ടുമെന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് 3, 4 പേര് അമ്മുവിനെ വളഞ്ഞത്.അവൾ ഒഴിഞ്ഞുമാറി പോകാൻ നോക്കിയെങ്കിലും അവർ തടസമായി നിന്നു.

“നീയാണല്ലേ ഇവിടുത്തെ ബുജ്ജി??” കൂട്ടത്തിൽ ഒരുത്തൻ അതും ചോദിച്ച് അവളുടെ കൈയിൽ ഇരുന്ന ബുക്ക്‌ പിടിച്ചുവാങ്ങി.. “ആത്മിക…കൊള്ളാല്ലോ പേര്” “ബുക്ക്‌ തിരിച്ച് താ” “ഹാ തരാം മോളെ..അതിന് മുൻപ് ചേട്ടന്മാർ ചിലത് ചോദിക്കട്ടെ” എന്തെന്ന സംശയത്തിൽ അവൾ അവരെ നോക്കി. “എന്റെ പെങ്ങൾ ഒരു കാര്യം പറഞ്ഞിട്ട് നീ അത് ചെയ്തില്ലെന്ന് അറിഞ്ഞല്ലോ..അതെന്താ നിനക്ക് സാരി ഉടുക്കാൻ അറിയില്ലേ??” അമ്മു മറുപടി പറയാതെ ആ ബുക്ക്‌ പിടിച്ചുവാങ്ങാൻ നോക്കി. “ഈ ബുക്ക്‌ തിരിച്ച് വേണമെങ്കിൽ നാളെ നീ സാരി ഉടുത്തുവേണം വരാൻ..അല്ലെങ്കിൽ ബുക്ക്‌ കിട്ടില്ലെന്ന്‌ മാത്രമല്ല..ചേട്ടന്മാരുടെ മറ്റൊരു മുഖം കൂടി എന്റെ മോള് കാണും” താക്കീതോടെ പറഞ്ഞിട്ട് അമ്മുവിന്റെ ബുക്കുമായി അവർ പോയി..ഇനി എന്ത് ചെയ്യുമെന്ന് ഓർത്ത് അമ്മു നടന്നു..

നാളെ സബ്മിറ്റ് ചെയ്യേണ്ട നോട്സ് ആണ് അതിൽ..അത് നഷ്ടപ്പെട്ടാൽ വീണ്ടും ആദ്യംമുതൽ എഴുതേണ്ടി വരും.. വീട്ടിൽ വന്ന് സങ്കടത്തോടെ ഇരിക്കുന്നവളോട് കത്രീനാമ്മ കാര്യം അന്വേഷിച്ചു..നടന്നതെല്ലാം അവൾ അമ്മച്ചിയോട് പറഞ്ഞു. “ഇതിന് ഇത്ര പേടിക്കുന്നത് എന്തിനാ?? നീ നാളെ പോയി ആ പ്രിൻസിപ്പലിനെ കാണ്..വേണമെങ്കിൽ ഞാനും കൂടി വിളിച്ച് പറയാം” “കംപ്ലയിന്റ് ഒക്കെ ചെയ്‌താൽ അത് അടുത്ത പ്രശ്നം ആകും അമ്മച്ചി..അവർക്ക് എന്നോട് ശത്രുത കൂടത്തതേ ഉള്ളു” “എന്റെ കൊച്ചിനോട് അവർക്കൊക്കെ എന്തിനാ ശത്രുത??” “അവർ കോളേജിൽ ഓരോന്ന് ഒപ്പിക്കുമ്പോൾ ഞാൻ അതിലൊന്നും ചേരാത്തതാ പ്രശ്നം” “അങ്ങനെ ആണെങ്കിൽ നീയൊരു കാര്യം ചെയ്യ്..

പോയി നിന്റെ ഇച്ചനോട് കാര്യം പറ..അവൻ വേണ്ടത് എന്താണെന്ന് വെച്ചാൽ അതുപോലെ ചെയ്തോളും” ഇച്ചനോട്‌ സംസാരിക്കാമെന്ന് അവൾ അമ്മച്ചിയോട് പറഞ്ഞെങ്കിലും ആൽബിയോട് തന്റെ ആവശ്യം പറയാൻ അവൾ തയ്യാറല്ലായിരുന്നു..ഇനിയും അവനെ തന്റെ കാര്യത്തിലേക്ക് വലിച്ചിടാൻ അവൾ ആഗ്രഹിച്ചില്ല..ജെറി ഉണ്ടായിരുന്നെങ്കിൽ..ശേ..ചെറുക്കന് കോഴിക്കോട് പോകാൻ കണ്ട നേരം. 💞💞💞💞💞💞💞 രണ്ടും കല്പിച്ച് പിറ്റേന്നവൾ കോളേജിൽ എത്തി..അവളെ കാത്ത് ആ സീനിയർസ് മെയിൻ ഗേറ്റിന്റെ അടുത്ത് തന്നെയുണ്ടായിരുന്നു.സാരിക്ക് പകരം ചുരിദാർ ഇട്ട് വരുന്നവളെ കണ്ട് അവർ പരസ്പരം നോക്കി..അമ്മുവിന്റെ ബുക്ക്‌ കൈയിൽ ഇട്ട് കറക്കി കൊണ്ട് അവർ അവളുടെ അടുത്തേക്ക് വന്നു. “നല്ല അനുസരണ ആണല്ലോ മോൾക്ക്”

“പ്ലീസ്..ആ ബുക്ക്‌ തിരിച്ച് തരണം” “ഞങ്ങൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ തിരിച്ച് തന്നേനെ..ഇതിപ്പോൾ..ഡാ..ആ ബുക്ക്‌ അങ്ങ് കീറിയേക്ക്” അമ്മു ഞെട്ടലോടെ അവരെ നോക്കി..അവളെ ഒന്ന് പുച്ഛിച്ച് നോക്കികൊണ്ട് ആ ബുക്ക്‌ അവർ തുറന്നു..പെട്ടെന്ന് ബൈക്ക് റേസ് ചെയ്യുന്ന സൗണ്ട് കേട്ട് എല്ലാവരും ഞെട്ടി ഗേറ്റിന്റെ അടുത്തേക്ക് നോക്കി. “ഇച്ചായൻ…” അമ്മുവിന്റെ ബുക്ക്‌ പിടിച്ചവന്റെ വായിൽ നിന്ന് ആ വാക്ക് വീണതും അമ്മു തിരിഞ്ഞുനോക്കി…ബൈക്കിൽ ഇരുന്ന് ദേഷ്യം മുഴുവൻ റേസ് കൊടുത്ത് തീർക്കുന്ന ആൽബിയെ കണ്ട് അമ്മുവും പകച്ചുനിന്നു….. (തുടരും )

ആത്മിക:  ഭാഗം 34

Share this story