ഈറൻമേഘം: ഭാഗം 22

ഈറൻമേഘം: ഭാഗം 22

 എഴുത്തുകാരി: Angel Kollam

ഡോക്ടർ സുഹാസ് എമർജൻസിയുടെ ഡോർ തുറന്ന് പുറത്തേക്ക് പോയി.. ശ്യാം അപ്പോളും ആദ്യത്തെ അമ്പരപ്പിൽ തന്നെയായിരുന്നു.. റിജോ അവന്റെ അരികിലെത്തിയിട്ട് ചോദിച്ചു.. “നിനക്ക് വല്ല ആവശ്യവുമുണ്ടായിരുന്നോ പുള്ളിയെ ചൊറിയണ്ടത്.. പുള്ളി ചോദിച്ചതിൽ എന്താ തെറ്റ്? നിന്നെ വിളിക്കാതെ അവളെങ്ങനെ പുള്ളിയെ വിളിക്കും?” “അല്ലെടാ.. ഞാൻ അവളെ കുറിച്ച് വല്ല വിവരവും കിട്ടുമോ എന്നറിയാൻ വേണ്ടി ചോദിച്ചതാണ് ” “ഇപ്പോൾ കിട്ടാനുള്ളതൊക്കെ കിട്ടിയല്ലോ.. ഇനിയിപ്പോൾ സമാധാനമായിട്ട് പോയികിടന്നുറങ്ങാമല്ലോ അല്ലേ.. എങ്കിൽ വാ ” റിജോ കാന്റീനിലേക്ക് നടന്നു..

അവന്റെ പിന്നാലെ ശ്യാമും നടന്നു.. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മനസ്സിൽ സുഹാസിന്റെ വാക്കുകൾ തികട്ടി വന്നു.. ഇനി അവൾ സുഹാസിനോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ? ശ്യാമിന്റെ മനസ്സിൽ ആശങ്ക തോന്നി.. ജോയലും അമേയയും ബാൽക്കണിയിലിരുന്ന് സംസാരിക്കുകയായിരുന്നു.. ഇടയ്ക്കെപ്പോളോ വാച്ചിലേക്ക് നോക്കിയിട്ട് ജോയൽ പറഞ്ഞു.. “എടോ.. സമയം പതിനൊന്നായി.. ഇവിടിങ്ങനെ ഇരുന്നാൽ മതിയോ.. ഉറങ്ങണ്ടേ ” അവിടെ തണുത്ത കാറ്റേറ്റ് ഇങ്ങനെയിരിക്കുമ്പോൾ മനസിനും ശരീരത്തിനും പ്രത്യേക കുളിർമ തോന്നുന്നു.. എങ്കിലും ജോയലിന് നാളെ ഡ്യൂട്ടിക്ക് പോകണമല്ലോ എന്നോർത്തപ്പോൾ അമേയ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. “ഉം.. ഉറങ്ങണം ” അവരിരുവരും തങ്ങളുടെ റൂമിലേക്ക് നടന്നു.. ജോയൽ അവളുടെ നേർക്ക് നോക്കിയിട്ട് പറഞ്ഞു..

“ഗുഡ് നൈറ്റ്‌ ” “ഗുഡ് നൈറ്റ്‌ സാർ ” റൂമിനുള്ളിൽ കയറി ഡോർ ലോക്ക് ചെയ്തിട്ട് അമേയ കിടക്കയിലിരുന്ന് കൊണ്ട് മൊബൈലിൽ അലാറം സെറ്റ് ചെയ്തു വച്ചു.. നേരത്തേ എഴുന്നേൽക്കണം.. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കണം.. അങ്ങനെ പലതും പ്ലാൻ ചെയ്ത് കിടന്ന് അവൾ ഉറങ്ങിപ്പോയി.. രാവിലെ അലാറത്തിന്റെ ഒച്ച കേട്ടാണ് അമേയ ഉണർന്നത്.. സമയം ആറു മണി.. അവൾ ഫ്രഷായിട്ട് അടുക്കളയിലേക്ക് നടന്നു.. ഇവിടെ ഓരോ സാധനങ്ങൾ എവിടെയാണ് ഇരിക്കുന്നതെന്ന് തനിക്കറിയില്ല.. തന്നെയുമല്ല താൻ പാചകത്തിൽ വീക്കാണ്.. എന്നാലും സാരമില്ല.. ഇന്ന് ജോയൽ ഉണർന്നു വരുമ്പോൾ ഞെട്ടിക്കണം.. അമേയ അടുക്കളയിൽ കുറച്ചു നേരം പരതിയപ്പോൾ കുറച്ച് സാധനങ്ങളൊക്കെ എവിടെയാണെന്ന് മനസിലാക്കാൻ കഴിഞ്ഞു.. അവൾ ചപ്പാത്തിക്കുള്ള മാവ് കുഴച്ച് വച്ചിട്ട് രണ്ടു കപ്പ് ബ്ലാക്ക്കോഫി ഉണ്ടാക്കി..

ചപ്പാത്തിയുടെ മാവ് ചെറിയ ഉരുളകളാക്കി വച്ചിട്ട് അവിടെയെല്ലാം വീണ്ടും തിരച്ചിൽ നടത്തിയിട്ട് ചപ്പാത്തി പരത്തുന്ന പലക കണ്ടുപിടിച്ചു.. അമേയ ചപ്പാത്തി പരത്താൻ ആരംഭിച്ചു.. ഒന്നും ഒരു ഷേപ്പ് ആകുന്നില്ലല്ലോ ഭഗവാനേ.. ഇതിപ്പോൾ ഞാൻ ഉണ്ടാക്കിയ ചപ്പാത്തി കണ്ടാൽ ഇന്ത്യയുടെ ഭൂപടം പോലെയുണ്ടല്ലോ എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൾ നിരാശയോടെ നിന്നു.. പിന്നെ റൗണ്ട് ഷേപ്പിലുള്ള ഒരു സ്റ്റീൽ പാത്രം എടുത്ത് ചപ്പാത്തിയുടെ മുകളിൽ വച്ചിട്ട് അതിന്റെ അളവിൽ മുറിച്ചെടുത്തു.. ആഹാ.. പെർഫെക്ട് ഷേപ്പ്.. ജോയൽ എഴുന്നേറ്റു വന്നപ്പോൾ അമേയ കാര്യമായ പണിയിലായിരുന്നു.. അവൻ അടുക്കള വാതിലിൽ ചാരി നിന്നുകൊണ്ട് പറഞ്ഞു. “ഗുഡ് മോർണിംഗ് ”

അമേയ തിരിഞ്ഞു നോക്കി.. ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.. “ഗുഡ് മോർണിംഗ് ” “ആഹാ.. താൻ രാവിലെ തന്നെ എന്തോ കാര്യമായ പണിയിലാണെന്ന് തോന്നുന്നല്ലോ ” “അതേ.. ചപ്പാത്തി ഉണ്ടാക്കുകയായിരുന്നു ” ജോയൽ കുറച്ച് കൂടി മുന്നോട്ടേക്ക് നടന്ന് വന്നിട്ട് അമേയ അവിടെ പരത്തി വച്ചിരിക്കുന്ന ചപ്പാത്തിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. “ആഹാ.. നല്ല പെർഫെക്ട് ഷേപ്പ്.. അളവെടുത്തു മുറിച്ചതാണെന്ന് ആർക്കും മനസിലാകുകയേയില്ല ” അമേയയുടെ മുഖത്ത് ഒരു ചമ്മിയ ചിരി വിടർന്നു.. “അത് പിന്നെ.. ഞാൻ പരത്തി വന്നപ്പോൾ.. കുളമായിപ്പോയി.. അതാണ് ഞാൻ..” “തനിക്ക് ഈ പാചകത്തെപ്പറ്റിയൊന്നും വല്യ ധാരണയില്ല.. അല്ലേ?” “സത്യം പറഞ്ഞാൽ ഒരു ധാരണയുമില്ല..

പിന്നെ സാർ ഡ്യൂട്ടിക്ക് പോകുമ്പോളേക്കും എന്തെങ്കിലും കുക്ക് ചെയ്തു തരണമെന്ന് ആഗ്രഹം തോന്നി നേരത്തേ എഴുന്നേറ്റതാണ് ” “താൻ എത്ര മണിയ്ക്കുണർന്നു?” “ആറുമണിയ്ക്ക് ” “എനിക്ക് പത്തുമണിക്ക് ഹോസ്പിറ്റലിൽ പോയാൽ മതിയല്ലോ.. അതുകൊണ്ട് അത്രയും നേരത്തെയൊന്നും എഴുന്നേൽക്കണ്ട.. നാളെ മുതൽ ഏഴു മണിക്ക് അലാറം വച്ചാൽ മതി.. എന്നിട്ട് നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് കുക്ക് ചെയ്യാം.. തനിക്ക് കുക്കിംഗിന്റെ എബിസിഡി അറിയാത്ത സ്ഥിതിയ്ക്ക് ഞാൻ തന്നെ പഠിപ്പിക്കുകയും ചെയ്യാം ” “എന്നെ അങ്ങനെ കളിയാക്കുകയൊന്നും വേണ്ട.. ഞാൻ ഹോസ്റ്റലിൽ നിന്നാണ് നഴ്സിംഗ് പഠിച്ചത്.. അതുകൊണ്ട് കുക്കിംഗ്‌ ചെയ്യാനുള്ള സാഹചര്യമൊന്നും ഉണ്ടായില്ല.. അതല്ലേ ഞാൻ പഠിക്കാഞ്ഞത് ” “കളിയാക്കിയതല്ലടോ.. കാര്യമായിട്ട് പറഞ്ഞതാണ്..

താനിത്ര താല്പര്യം കാണിച്ച് നേരത്തേ എഴുന്നേറ്റത് കണ്ടപ്പോൾ പറഞ്ഞതാണ് കേട്ടോ… നമ്മൾ ചപ്പാത്തിയ്ക്ക് മാവ് കുഴച്ച് വച്ചിട്ട് ഉടനെ ഇങ്ങനെ പരത്തി എടുക്കില്ല.. മാവ് സോഫ്റ്റാകാൻ വേണ്ടി കുറച്ച് നേരം മാറ്റി വയ്ക്കണം.. അങ്ങനെ ചില കാര്യങ്ങളൊക്കെ പാചകത്തിൽ ശ്രദ്ധിക്കാനുണ്ട്.. രണ്ടാഴ്ച കൊണ്ട് അതൊക്കെ ഞാൻ പഠിപ്പിക്കാം ” “നന്നായിട്ട് പാചകം ചെയ്യാനാറിയാവുന്ന ഒരു പയ്യനെയേ ഞാൻ വിവാഹം ചെയ്യുന്നുള്ളൂ.. അപ്പോൾ ഞാൻ പാചകം പഠിക്കേണ്ട ആവശ്യമില്ലല്ലോ?” ജോയലിനെ ചൊടിപ്പിക്കാൻ വേണ്ടിയാണ് അമേയ അങ്ങനെ പറഞ്ഞത്.. ചെറു ചിരിയോടെ അവൻ മറുപടി നൽകി.. “അയ്യടി.. എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം…

എങ്കില്പിന്നെ കല്യാണം വേണ്ട.. ഒരു വേലക്കാരനെ നോക്കിയാൽ മതി ” “ഇന്നലെ പറഞ്ഞതോ കുടുംബജീവിതത്തിൽ രണ്ടുപേർക്കും തുല്യ ഉത്തരവാദിത്തമാണെന്ന് ” “അത് തന്നെയാണ് ഇപ്പോളും പറയാനുള്ളത്.. രണ്ടുപേർക്കും ഒരേപോലെയാണ് ഉത്തരവാദിത്തം.. തന്നെ ജോലിയിൽ ഹെല്പ് ചെയ്യണമെന്ന് പറയുന്നത് ന്യായമായ ആവശ്യം.. അല്ലാതെ എല്ലാ പാചകവും ഭർത്താവിനെക്കൊണ്ട് ചെയ്യിക്കാമെന്നൊന്നും മോൾ വെറുതെ സ്വപ്നം കാണണ്ട ” “വിട്ടേക്ക് മാഷേ.. ഞാൻ ഒരു തമാശ പറഞ്ഞതാണ്.. എന്തായാലും കല്യാണത്തിന് മുൻപ് ഞാൻ പാചകം പഠിച്ചോളാം ” അമേയ രണ്ടു കപ്പുകളിൽ കോഫി പകർന്നു.. ഒരെണ്ണം അവന്റെ നേർക്ക് നീട്ടി.. അവൻ അത് വാങ്ങി കുടിച്ചു നോക്കി..

“കോഫി നന്നായിട്ടുണ്ട് കേട്ടോ ” “രാവിലെ തന്നെ കളിയാക്കണ്ട കേട്ടോ ” “സത്യമാണെടോ പറഞ്ഞത്… നല്ലത് കാണുമ്പോൾ അഭിനന്ദിക്കണമെന്നാണ് മമ്മി എന്നെ പഠിപ്പിച്ചിരിക്കുന്നത് ” “കോഫി ഉണ്ടാക്കാൻ ഒരു പ്രയാസവുമില്ലാത്തത് കൊണ്ട് ഞാൻ നന്നായിട്ട് ഉണ്ടാക്കി.. അല്ലാതെ വേറെയൊന്നും എനിക്ക് അറിയില്ല.. എന്നല്ലേ ഈ അഭിനന്ദനത്തിന്റെ അർത്ഥം?” “ഞാൻ കരുതിയത് പോലെയല്ലല്ലോ താൻ.. നല്ല അസ്സൽ വഴക്കാളിയാണല്ലോ?” “എനിക്ക് ഒരുപാട് അടുപ്പമുള്ളവരോട് മാത്രമേ ഞാൻ ഇങ്ങനെയൊക്കെ സംസാരിക്കാറുള്ളൂ ” അമേയ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. ജോയൽ മറുപടി ഒന്നും പറഞ്ഞില്ല… അമേയയ്ക്ക് തന്നോടുള്ള അടുപ്പം ജോയൽ മനസിലാക്കുന്നുണ്ടായിരുന്നു..

മനസ്സിൽ വല്ലാത്തൊരു വേലിയേറ്റം നടക്കുന്നത് പോലെ തോന്നുന്നു.. അവളോട് തന്റെയുള്ളിൽ സ്നേഹമുണ്ടെന്നുള്ളത് സത്യമാണ്.. അതേസമയം അവൾക്ക് തന്നേക്കാളും കുറച്ച് കൂടി ചെറുപ്പമായ ഒരാളായിരിക്കും അനുയോജ്യനെന്നു തോന്നുന്നു.. അതേസമയം അവളെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ മനസിന് വല്ലാത്തൊരു നൊമ്പരവും തോന്നുന്നു.. വെറും രണ്ട് ദിവസം കൊണ്ട് തന്റെ മനസ്സിൽ ഇത്രയും ആഴത്തിൽ പതിയാൻ ഈ പെണ്ണ് എന്ത് ജാലവിദ്യയാണാവോ കാട്ടിയത്? കുറച്ച് നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.. കോഫി കുടിച്ച കപ്പ് കഴുകി വച്ചിട്ട് ജോയൽ അവളോട് പറഞ്ഞു.. “താനിങ്ങോട്ട് മാറി നിൽക്ക്.. അറിയാത്ത പണിയൊക്കെ ചെയ്തിട്ട് കയ്യൊന്നും പൊള്ളിക്കണ്ട..

ഞാൻ ചെയ്യുന്നത് നോക്കി നിന്നാൽ മതി ” “ചപ്പാത്തി ഉണ്ടാക്കാനൊക്കെ എനിക്കറിയാം” “ആ.. അത് കുറച്ച് മുൻപ് എനിക്ക് മനസിലായതാണല്ലോ ” അമേയ മുഖം കൂർപ്പിച്ചു അവനെ നോക്കി.. ദേഷ്യം വരുമ്പോൾ അവളുടെ സൗന്ദര്യം കൂടുന്നുണ്ടല്ലോ എന്ന് അവൻ ചിന്തിച്ചു.. “ഞാൻ ആദ്യമേ തന്നെ പറഞ്ഞല്ലോ.. ഹോസ്റ്റലിൽ നിന്ന് പഠിച്ചത് കൊണ്ട് എനിക്ക് പാചകം അത്രയ്ക്ക് വശമില്ലെന്ന് ” “അതിന് ഞാൻ തന്നെ കുറ്റമൊന്നും പറഞ്ഞില്ലല്ലോ.. പാചകമറിയാത്ത പെൺകുട്ടികളെ വിമർശിക്കാൻ വേണ്ടി ഞാനിവിടെ സെലിബ്രിറ്റി കുക്കറി ഷോയൊന്നും നടത്തുന്നില്ല.. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പാചകം അറിയില്ലെന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ അതത്ര വല്യ പാതകമൊന്നും അല്ലടോ..

അതൊക്കെ പഠിക്കാൻ ഇനിയും സമയമുണ്ടല്ലോ ” ജോയലാണ് ഭക്ഷണം ഉണ്ടാക്കിയത്.. അമേയയോട് ഇന്നത്തേക്ക് ഒന്നും ചെയ്യണ്ട.. നോക്കി നിന്നാൽ മാത്രം മതിയെന്ന് അവൻ നിർദേശിച്ചു.. അവൾ ഒരല്പം അസഹിഷ്ണുതയോടെ പറഞ്ഞു.. “ഞാനെന്താ കൊച്ചു കുട്ടിയാണോ.. നോക്കി നിന്ന് പഠിക്കാൻ പറയുന്നത്?” “തന്നെ സുഹാസ് ഉത്തരവാദിത്തോടെ എന്നെ ഏല്പിച്ചു പോയതല്ലേ.. താനിവിടെ പാചക പരീക്ഷണമൊക്കെ നടത്തി കൈയൊക്കെ പൊള്ളിച്ചു വച്ചാൽ അവനോട് സമാധാനം പറയേണ്ടത് ഞാനാണ് ” “ഇന്ന് മാത്രമേ ഞാനിങ്ങനെ നോക്കി നിൽക്കത്തുള്ളു.. നാളെ മുതൽ നമ്മളൊരുമിച്ചായിരിക്കും എല്ലാ കാര്യങ്ങളും ചെയ്യുന്നത് ” “സമ്മതിച്ചു ” വളരെ പെട്ടന്ന് തന്നെ ബ്രേക്ക്‌ഫാസ്റ്റും ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണവും അവൻ റെഡിയാക്കി..

അതിന് ശേഷം ജോയൽ കുളിക്കാൻ വേണ്ടി പോയി.. ആ സമയം അമേയ ചേച്ചിയെ വിളിച്ച് വിശേഷങ്ങൾ അന്വേഷിച്ചു.. ചേച്ചിക്ക് പ്രശ്നമൊന്നുമില്ല.. സന്തോഷമായിട്ടിരിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെയൊരു ആശ്വാസം.. ജോയൽ റെഡിയായി വന്നപ്പോൾ അവർ രണ്ടുപേരും ഒരുമിച്ച് ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു.. അൽപ്പസമയം കൂടി വർത്തമാനം പറഞ്ഞിരുന്നിട്ട് ജോയൽ അവളോട് യാത്ര പറഞ്ഞിറങ്ങി.. “എടോ.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുത്.. പിന്നെ ആരെങ്കിലും വന്ന് കാളിങ് ബെല്ലടിച്ചാൽ ഓടിപോയി കതക് തുറക്കരുത്.. ഉച്ചയ്ക്ക് ഞാൻ വരുന്ന സമയത്തായാൽ പോലും ഞാൻ തന്നെയാണെന്ന് ഉറപ്പ് വരുത്തിയിട്ടേ കതക് തുറക്കാവൂ കേട്ടോ.. ” “ശരി ” ജോയൽ ലിഫ്റ്റിന്റെ അടുത്തെത്തുന്നത് വരെ അമേയ വാതിൽക്കൽ തന്നെ നിന്നു..

ലിഫ്റ്റിൽ കയറിയതും അവൻ അവളുടെ നേർക്ക് കൈവീശി കാണിച്ചു.. ജോയൽ ഹോസ്പിറ്റലിലേക്ക് നടന്ന് പോകാറാണ് പതിവ്.. ഹോസ്പിറ്റലിന്റെ തൊട്ടടുത്താണ് ഫ്ലാറ്റ്.. തന്നെയുമല്ല ബാംഗ്ലൂരിലെ ട്രാഫിക്കിൽ അധികം ദൂരമില്ലാത്ത സ്ഥലങ്ങളിലേക്കൊക്കെ നടന്ന് പോകുന്നത് തന്നെയാണ് നല്ലത്.. അമേയ ഡോർ ലോക്ക് ചെയ്തതിന് ശേഷം ഹാളിലെ സെറ്റിയിലിരുന്ന് എന്തോ ആലോചനയിൽ മുഴുകി.. ഇനി ഉച്ചക്ക് സാർ വരുന്നത് വരെ ബോറടിച്ച് ഇവിടെ ഇരിക്കണമല്ലോ.. അവൾ ടീവി ഓൺ ചെയ്തു.. ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.. അവൾ ഓരോ ചാനലും മാറ്റി മാറ്റിയിരുന്നു.. മനസ്സിൽ എന്തൊക്കെയോ ചിന്ത ആയിരുന്നത് കൊണ്ട് ടീവി സ്ക്രീനിലെ കാഴ്ചകൾ അവളുടെ മനസ്സിൽ പതിഞ്ഞില്ല..

ജോയലിന് ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു.. പതിവിലും കൂടുതൽ ആളുകൾ ഇന്ന് കൗൺസിലിങ്ങിന് വേണ്ടി എത്തിയിട്ടുണ്ട്.. പ്രണയനൈരാശ്യം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു പെൺകുട്ടിയേ ഉപദേശിക്കുമ്പോൾ ജോയലിന് അമേയയേ ഓർമ വന്നു.. ഈ പെൺകുട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ അമേയ ഭയങ്കര ധൈര്യശാലിയാണെന്ന് തോന്നി.. ജീവിതത്തിൽ ഇത്രയേറെ പരീക്ഷണങ്ങൾ ഉണ്ടായിട്ടും മനസിന്റെ നിയന്ത്രണം കൈവിട്ടു പോകാതെ നിൽക്കാൻ അവൾക്ക് കഴിഞ്ഞല്ലോ.. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്നും എപ്പോളും നഷ്ടം സ്വന്തം വീട്ടുകാർക്ക് മാത്രമാണെന്നും ജീവിതത്തിൽ ഒരു നഷ്ടമുണ്ടാകുന്നത് അതിലും മികച്ച മറ്റൊന്ന് ലഭിക്കാൻ വേണ്ടിയാണെന്നും മറ്റും പറഞ്ഞ് ആ പെൺകുട്ടിയുടെ മനസിലെ നെഗറ്റീവ് ചിന്തകളൊക്കെ മായിച്ചു കളയാൻ ജോയലിന് കഴിഞ്ഞു..

ആ മുറിയിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ അവളുടെ മുഖത്ത് പ്രതീക്ഷയുടെ വെള്ളി വെളിച്ചം തെളിഞ്ഞു കാണാമായിരുന്നു.. പന്ത്രണ്ട് മണിയായപ്പോളാണ് ജോയൽ കുറച്ചൊന്ന് ഫ്രീയായത്.. അമേയയ്ക്ക് ഫ്ലാറ്റിൽ തനിച്ചിരുന്നു ബോറടിക്കുന്നുണ്ടാകുമെന്ന് ചിന്തിച്ചു കൊണ്ട് അവൻ ഫോണെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു.. അമേയ സെറ്റിയിൽ ചാരിയിരുന്ന് ഒരു പഴയ സിനിമ കാണുകയായിരുന്നു.. ഫോണിന്റെ ഡിസ്പ്ലേയിൽ ജോയൽ സാർ എന്ന പേര് എഴുതി കാണിക്കുന്നത് കണ്ടപ്പോൾ നെഞ്ചിലൊരു കുളിർമ തോന്നുന്നു.. അവൾ കാൾ അറ്റൻഡ് ചെയ്തു.. “ഹലോ ” “താൻ എന്തെടുക്കുവാടോ? ബോറടിക്കുന്നുണ്ടോ?” “ഹേയ്.. വെറുതെ ടീവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു.. ”

“ഞാൻ വരുമ്പോൾ തനിക്കെന്തെങ്കിലും വാങ്ങിക്കൊണ്ട് വരണോ?” “വേണ്ട.. പെട്ടന്നൊന്ന് വന്നാൽ മതി ” മനസിലുള്ളത് അറിയാതെ പറഞ്ഞ് പോയതിന്റെ ചമ്മലോടെ കൂടുതലൊന്നും പറയാതെ അമേയ ഫോൺ കട്ട്‌ ചെയ്തു.. ജോയലിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. ജോയലിന്റെ അസിസ്റ്റന്റ് പൂജ റൂമിലേക്ക് കയറി വന്നിട്ട് ചോദിച്ചു.. “സാർ.. അടുത്തയാളെ വിളിക്കട്ടെ?” “കേസ് ഫയൽ എവിടെ? എന്താ കേസ്?” “പ്രണയനൈരാശ്യമാണ് സാർ.. ഇരുപത്തൊന്ന് വയസുള്ള ഒരു പെൺകുട്ടി.. ആ പ്രണയം തകർന്നതിന് ശേഷം പഠനത്തിലൊന്നും ഒരു താല്പര്യവുമില്ലെന്ന് പറഞ്ഞ് വീട്ടുകാരാണ് കൊണ്ട് വന്നിരിക്കുന്നത് ” “വിളിക്ക്.. ” പൂജ പുറത്തേക്ക് പോയിട്ട് ഒരു പെൺകുട്ടിയോടൊപ്പം തിരികെ വന്നു.. ജോയൽ പ്രസന്നമായ മുഖത്തോടെ അവളോട് സംസാരിക്കാൻ തുടങ്ങി..

ആ പെൺകുട്ടിക്ക് കോൺസിലിങ് കൊടുത്ത് കഴിഞ്ഞപ്പോളേക്കും ഒരു മണി ആയിരുന്നു.. ജോയൽ തിടുക്കത്തിൽ ഫ്ലാറ്റിലേക്ക് പോയി.. ഉച്ചക്ക് ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ജോയലും അമേയയും ഒരുമിച്ച് ടീവി കാണാനിരുന്നു.. രണ്ടര ആയപ്പോൾ ജോയൽ എഴുന്നേറ്റിട്ട് അവളോട് പറഞ്ഞു.. “എടോ.. എനിക്ക് ഉച്ചയ്ക്ക് രണ്ടുമണിക്കൂർ ഉറങ്ങുന്ന ശീലമുണ്ട്.. തനിക്കങ്ങനെയുള്ള ശീലങ്ങൾ വല്ലതുമുണ്ടോ?” “ഡ്യൂട്ടി ഇല്ലാത്ത സമയത്ത് കിടന്നുറങ്ങുന്ന ശീലം എനിക്കുമുണ്ട് ” “എങ്കിൽ താനും പോയി ഉറങ്ങിക്കോ ” ജോയൽ അവന്റെ റൂമിൽ കയറി കതകടച്ചു.. അഞ്ച് മണിക്ക് ജോയൽ പോകാൻ റെഡിയായി വന്നപ്പോളേക്കും അവനൊരു കപ്പ് കട്ടൻചായ കൊടുത്ത് കൊണ്ട് അമേയ പറഞ്ഞു..

“പാലില്ലായിരുന്നു.. ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ പാൽ വാങ്ങിക്കൊണ്ടു വന്നാൽ നാളെ കട്ടൻചായയ്ക്ക് പകരം ചായയുണ്ടാക്കി തരാം ” “താൻ ശരിക്കും ഇവിടുത്തെ വീട്ടുകാരി ആയല്ലോ..” അമേയയുടെ കവിളുകൾ നാണം കൊണ്ട് ചുമന്നു തുടുത്തു.. അവളുടെ മനസ്സ് മുഴുവൻ ആ മുഖത്ത് നിന്നും ജോയൽ വായിച്ചെടുത്തു.. വീണ്ടും മനസ്സിൽ ഒരു വടംവലി നടക്കുന്നു.. മനസിലെ ചിന്തകൾക്ക് കടിഞ്ഞാണിടാൻ ശ്രമിച്ചു കൊണ്ട് ജോയൽ അവളോട് യാത്ര പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.. എട്ട് മണി ആയപ്പോൾ ജോയൽ ഡ്യൂട്ടി കഴിഞ്ഞിറങ്ങി.. പൂജയും അവനോടൊപ്പം പുറത്തേക്ക് നടന്നു വന്നു.. ഹോസ്പിറ്റലിന്റെ തൊട്ട് മുന്നിലുള്ള ബസ്സ്റ്റോപ്പിൽ നിന്നുമാണ് പൂജ ബസ് കയറുന്നത്.. ബസ് സ്റ്റോപ്പിന് മുന്നിലെത്തിയപ്പോൾ അവിടെ ഒരു ചെറിയ ഉന്തുവണ്ടിയിൽ മുല്ലപ്പൂ കച്ചവടം നടത്തുന്നത് കണ്ടു..

ജോയൽ തിടുക്കത്തിൽ അവിടേക്ക് ചെന്നിട്ട് രണ്ടു മുഴം പൂവ് വാങ്ങി.. പൂജ അമ്പരപ്പോടെ അവനോട് ചോദിച്ചു.. “സാറിനെന്തിനാ മുല്ലപ്പൂ?” കള്ളം കണ്ടുപിടിക്കപ്പെട്ട കൊച്ചു കുട്ടിയെപ്പോലെ അവനൊന്നു പതറി.. പിന്നെ ആ പതർച്ച മറച്ച് വയ്ക്കാൻ ശ്രമിച്ചു കൊണ്ട് അവളോട് പറഞ്ഞു.. “അത് പിന്നെ.. എന്റെ ഫ്ലാറ്റിന്റെ അപ്പുറത്തെ ഫ്ലാറ്റിൽ ഒരു കൊച്ചുകുട്ടിയുണ്ട്.. അതിന് കൊടുക്കാനാണ് ” പൂജ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.. സാറിന് എന്തോ ഒരു കള്ളലക്ഷണം ഉണ്ടല്ലോ.. ഇനിയിപ്പോൾ സാർ വല്ല പ്രേമത്തിലും വീണോ… ഹേയ്.. പ്രേമത്തിൽ വീണാലുടനെ ആരെങ്കിലും ആദ്യമായിട്ട് മുല്ലപ്പൂവോക്കെ വാങ്ങിക്കൊടുക്കുമോ..

ഇതിപ്പോൾ ആ കൊച്ചുകുട്ടിയ്ക്ക് തന്നെയായിരിക്കും.. പൂജയ്ക്ക് അധികം ചിന്തിക്കാൻ അവസരം ലഭിക്കുന്നതിന് മുൻപ് തന്നെ അവൾക്ക് കയറാനുള്ള ബസ് വന്നു.. തിരക്കുള്ള ബസിൽ കയറിയാൽ പിന്നെ മറ്റൊന്നും ചിന്തിക്കാൻ തോന്നില്ല.. എത്രയും പെട്ടന്ന് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തണേ എന്നൊരു ചിന്ത മാത്രമേ എല്ലാവരുടെയും മനസിലുണ്ടാകുകയുള്ളൂ.. ജോയൽ ഫ്ലാറ്റിന് മുന്നിലുള്ള ഷോപ്പിൽ നിന്നും പാലും ഒന്ന് രണ്ട് സാധനങ്ങളും കൂടി വാങ്ങിയിട്ട് ഫ്ലാറ്റിലേക്ക് നടന്നു.. താൻ മുല്ലപ്പൂ കൊടുക്കുമ്പോൾ അവളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അവൻ മനസ്സിൽ ചിന്തിച്ചു.. അതേസമയം പൂജ തന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാകുമോ എന്നൊരു ആശങ്കയും അവനുണ്ടായിരുന്നു.. കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ പുറത്ത് ജോയൽ തന്നെയെന്ന് ഉറപ്പ് വരുത്തിയിട്ട് അമേയ കതക് തുറന്നു..

കുളി കഴിഞ്ഞു ടവൽ തലയിൽ ചുറ്റി വച്ചിരിക്കുകയായിരുന്നു അവൾ.. ഹാളിനുള്ളിലേക്ക് കടന്ന് കൊണ്ട് അവൻ അമേയയോട് ചോദിച്ചു.. “ബോറടിച്ചോടോ?” “ഹേയ്.. ഇല്ല.. ഞാൻ ചെറിയ രീതിയിൽ ഒരു പാചക പരീക്ഷണമൊക്കെ നടത്തി” “ആഹാ.. എന്തായിരുന്നു പരീക്ഷണം?” “സത്യത്തിൽ ഞാൻ ഉദേശിച്ചത്‌ ഉപ്പുമാവ് ഉണ്ടാക്കാനായിരുന്നു.. പക്ഷേ ഇതിനിപ്പോൾ വേറെ എന്തെങ്കിലും പേരിടേണ്ടി വരുമെന്നാണ് തോന്നുന്നത് ” “നോക്കട്ടെ ” ജോയൽ അടുക്കളയിലേക്ക് നടന്നു.. അവിടെ അടച്ചു വച്ചിരിക്കുന്ന പാത്രത്തിന്റെ മൂടി തുറന്ന് നോക്കിയിട്ട് അവൻ പറഞ്ഞു.. “സാരമില്ലടോ.. കുറച്ച് വെള്ളം കൂടിപ്പോയെന്നേയുള്ളൂ.. അതൊക്കെ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.. അല്ലെങ്കിൽ തന്നെ ആരും ജനിക്കുമ്പോൾ തന്നെ എല്ലാം പഠിച്ചു കൊണ്ടല്ലല്ലോ ജനിക്കുന്നത്..

ഇതുപോലെ ചെറിയ ചെറിയ മിസ്റ്റേക്കിൽ നിന്നാണ് എല്ലാവരും പഠിക്കുന്നത്. ഞാനും തുടക്കത്തിൽ ഇങ്ങനെയൊക്കെ തന്നെയായിരുന്നു ” “എന്നെ സമാധാനിപ്പിക്കാൻ വേണ്ടി ചുമ്മാ പറയുന്നതല്ലേ?” “അല്ലടോ.. സത്യം പറഞ്ഞതാണ് ” ജോയൽ തന്റെ കയ്യിലിരുന്ന കവർ അവളുടെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു.. “എടോ ഇതിൽ പാലൊക്കെയുണ്ട്.. താൻ എടുത്തു വയ്ക്ക്.. ഞാൻ അപ്പോളേക്കും കുളിച്ചിട്ട് വരാം..” അമേയ ആ കവർ വാങ്ങി.. ജോയൽ തന്റെ റൂമിലേക്ക് പോയതും അവൾ ആ കവറിൽ നിന്നും പാലെടുത്തു ഫ്രിഡ്ജിലേക്ക് വച്ചു.. മറ്റുള്ള സാധനങ്ങൾ മാറ്റി വയ്ക്കുമ്പോളാണ് ആ കൂട്ടത്തിൽ മുല്ലപ്പൂ കണ്ടത്.. ഇതെന്താ മുല്ലപ്പൂവോക്കെ എന്ന് ചിന്തിച്ചു കൊണ്ട് അവൾ നിന്നു..

ജോയൽ കുളി കഴിഞ്ഞു വന്നപ്പോളും അമേയ അടുക്കളയിൽ തന്നെ നിൽക്കുന്നതേയുണ്ടായിരുന്നുള്ളൂ.. “താനെന്താ അവിടെ സ്വപ്നം കണ്ടുകൊണ്ട് നിൽക്കുവാണോ?” “കാണുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ നിൽക്കുവാ” അവൻ അടുക്കളയിലേക്ക് ചെന്നു.. അമേയ പൂവെടുത്തു വിടർത്തി നോക്കിക്കൊണ്ട് അവനോട് ചോദിച്ചു.. “എന്താ ഇതിന്റെയൊക്കെ അർത്ഥം?” “പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല.. താൻ തനി നാടൻ പെൺകുട്ടിയായിട്ടല്ലേ നടക്കുന്നത്.. അപ്പോൾ പിന്നെ പൂവൊക്കെ വച്ചാൽ നല്ല ഭംഗിയായിരിക്കുമെന്ന് കരുതി വാങ്ങിയതാണ്.. തനിക്കു ഇഷ്ടമായില്ലെങ്കിൽ എടുത്ത് കളഞ്ഞേക്ക് ” “ആരും സ്നേഹത്തോടെ തരുന്നതൊന്നും ഞാൻ കളയാറില്ല ” മുല്ലപ്പൂവെടുത്തു തലയിൽ ചൂടുന്നതിനിടയിൽ അമേയ പറഞ്ഞു..

ജോയലിന് വല്ലാത്ത ചമ്മൽ തോന്നി.. താനെന്താ ഇങ്ങനെ കൊച്ചുകുട്ടിയെപ്പോലെ പെരുമാറുന്നത്? ഒന്നുമല്ലെങ്കിലും തന്റെ പ്രായത്തെ എങ്കിലും ഓർക്കണ്ടേ.. ഒരു പെൺകുട്ടിയോട് മനസ്സിൽ ഇഷ്ടം തോന്നിയാൽ അതവളുടെ മുഖത്ത് നോക്കി പറയുകയല്ലേ വേണ്ടത്.. അല്ലാതെ ഇങ്ങനെ ടീനേജ് പിള്ളേരെപോലെ കാണിച്ച് കൂട്ടുകയാണോ വേണ്ടത്.. ഭക്ഷണം കഴിച്ചതിന് ശേഷം ബാൽക്കണിയിലിരുന്ന് അവർ സംസാരിച്ചു.. ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ മുഖത്തേക്ക് പാറി വീഴുന്നത് കണ്ടപ്പോൾ അത് മാടിയൊതുക്കി വയ്ക്കണമെന്ന് ജോയലിന് തോന്നി.. തൊട്ടടുത്ത നിമിഷം തന്റെ ചിന്തകളെ അവൻ ശാസിച്ചു.. അമേയ ഇടംകണ്ണിട്ട് അവന്റെ മുഖത്തേക്ക് നോക്കി..

അവന്റെ കണ്ണുകളിൽ തന്നോടുള്ള സ്നേഹം വ്യക്തമായി കാണാം.. പക്ഷേ അത് തുറന്ന് പറയാൻ കഴിയാതെ എന്തോ ഒന്ന് അവനെ പിന്നിലേക്ക് വലിക്കുന്നു.. അതാണല്ലോ അവൻ ഒരു മുഖം മൂടി അണിഞ്ഞു തന്റെ മുന്നിലിരിക്കുന്നത്.. അവന്റെ മുഖം തന്റെ നേർക്ക് പിടിച്ചു തിരിച്ചു കൊണ്ട് തനിക്കെന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചാലോ.. ഒരു പെൺകുട്ടിയോട് മനസ് തുറക്കാൻ പോലും കഴിയാത്ത ഭീരുവാണോ സാർ എന്ന് ചോദിച്ചാലോ.. അവളുടെ മനസിലും പല ചിന്തകളായിരുന്നു.. ജോയൽ കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. “ഉറക്കം വരുന്നുണ്ട്.. താനും എഴുന്നേറ്റു വാ.. ഈ തണുപ്പത്ത് ഇവിടിങ്ങനെ അധികം ഇരിക്കണ്ട ” അമേയയും അവന്റെ പിന്നാലെ ചെന്നു.. ജോയൽ അവളോട് ഗുഡ് നൈറ്റ്‌ പറഞ്ഞിട്ട് അവന്റെ റൂമിൽ കയറി കതകടച്ചു..

പിറ്റേന്ന് രാവിലെ അവർ രണ്ടുപേരും ഒരേ സമയത്താണ് ഉണർന്നത്.. ഒരുമിച്ച് അവർ പാചകം ചെയ്തു.. ജോയലിനോടൊപ്പമുള്ള ഓരോ നിമിഷവും അമേയ ആസ്വദിക്കുകയായിരുന്നു.. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളാണ് ഈ കടന്ന് പോകുന്നതെന്ന് അവൾക്കറിയാമായിരുന്നു.. പരസ്പരം തുറന്ന് പറഞ്ഞില്ലെങ്കിലും ഒരേ പ്രണയനദിയിൽ നീന്തി തുടിക്കുന്ന അരയന്നങ്ങളായിരുന്നു അവർ.. ശനിയാഴ്ച.. ഗിരീഷ് രാവിലെ പോയിക്കഴിഞ്ഞതും അനിതയും ഭവാനിയും കൂടി അടുക്കളയിൽ ബാക്കിയുള്ള ജോലികൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.. അനിതയ്ക്ക് ഈയിടെയായിട്ട് ശർദ്ധി കൂടുതലാണ്.. ഭവാനി അവളോട് പറഞ്ഞു.. “മോൾക്ക് വയ്യെങ്കിൽ പോയി കിടന്നോ.. ബാക്കിയുള്ളത് ഞാൻ ചെയ്തോളാം ” “സാരമില്ലമ്മേ..

രാവിലെ നേരത്തേ ഉണർന്നൊന്ന് സഹായിക്കാൻ പോലും എനിക്ക് പറ്റിയില്ല.. ഇതിപ്പോൾ നമ്മൾ രണ്ടുപേരും കൂടി വിചാരിച്ചാൽ പെട്ടന്ന് തീരുമല്ലോ ” “നിന്റെ മുഖത്ത് നല്ലത് ക്ഷീണമുണ്ട്.. അതാ പോയി റെസ്റ്റെടുത്തോളാൻ ഞാൻ പറഞ്ഞത് ” കാളിങ് ബെല്ലടിക്കുന്ന ഒച്ച കേട്ടപ്പോൾ അനിത ഉമ്മറത്തേക്ക് വന്നു.. വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന സരിതയെ കണ്ടപ്പോൾ അനിതയുടെ മുഖത്ത് ദേഷ്യം ഇരച്ചു വന്നു.. അനിത പുച്ഛത്തോടെ സരിതയോട് ചോദിച്ചു.. “എന്തിനാ വന്നത്? നിന്റെ അമ്മ പുതിയ വല്ല പദ്ധതിയും ആസൂത്രണം ചെയ്തു പറഞ്ഞു വിട്ടതാണോ?” തന്റെ അമ്മയോടുള്ള ദേഷ്യമാണ് അനിതയുടെ ശബ്ദത്തിലെന്ന് സരിതയ്ക്ക് മനസിലായി…… തുടരും…….

ഈറൻമേഘം: ഭാഗം 21

Share this story