ഈറൻമേഘം: ഭാഗം 23

ഈറൻമേഘം: ഭാഗം 23

 എഴുത്തുകാരി: Angel Kollam

കാളിങ് ബെല്ലടിക്കുന്ന ഒച്ച കേട്ടപ്പോൾ അനിത ഉമ്മറത്തേക്ക് വന്നു.. വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന സരിതയെ കണ്ടപ്പോൾ അനിതയുടെ മുഖത്ത് ദേഷ്യം ഇരച്ചു വന്നു.. അനിത പുച്ഛത്തോടെ സരിതയോട് ചോദിച്ചു.. “എന്തിനാ വന്നത്? നിന്റെ അമ്മ പുതിയ വല്ല പദ്ധതിയും ആസൂത്രണം ചെയ്തു പറഞ്ഞു വിട്ടതാണോ?” തന്റെ അമ്മയോടുള്ള ദേഷ്യമാണ് അനിതയുടെ ശബ്ദത്തിലെന്ന് സരിതയ്ക്ക് മനസിലായി.. “ചേച്ചിയെന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് എനിക്കറിയാം.. എന്റെ അമ്മ ചെയ്ത തെറ്റിന് ചേച്ചിയോടും ആമിചേച്ചിയോടും മാപ്പ് ചോദിക്കാൻ വേണ്ടിയാണ് ഞാൻ വന്നത് ” “ഹും.. മാപ്പ് ചോദിക്കാൻ വന്നിരിക്കുന്നു.. നിന്റെ അമ്മയും അമ്മാവനും കൂടി ഒരു ദാക്ഷിണ്യവുമില്ലാതെ എന്നെയും ആമിയേയും ആ വീട്ടിൽ നിന്നിറക്കി വിട്ടപ്പോൾ ഒരു വാക്ക് പോലും മിണ്ടാതെ ആ കാഴ്ച കണ്ടു നിന്നവളല്ലേ നീ.. എന്നിട്ടിപ്പോൾ അവൾ മാപ്പ് പറയാൻ വന്നിരിക്കുന്നു..

എടീ.. നീയും നിന്റെ അമ്മയും ഞങ്ങളോട് ചെയ്തതിന് നീയൊക്കെ അനുഭവിക്കും.. എന്റെ അച്ഛന്റെ ആത്മാവ് പോലും നിങ്ങളോട് ക്ഷമിക്കില്ല.. നിന്നെയും നിന്റെ അമ്മയേയും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നതിൽ ആ ആത്മാവ് പോലും ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും.. നിന്റെ അമ്മയുടെ സ്വാർത്ഥതയ്ക്ക് വേണ്ടി എന്തൊക്കെ നെറികെട്ട പ്രവർത്തികളാണ് ആ സ്ത്രീ ചെയ്തത്.. ഞങ്ങളുടെ അച്ഛന്റെ പേരിലുള്ള വസ്തു സ്വന്തമാക്കിയത് ഞങ്ങൾ ക്ഷമിക്കും.. പക്ഷേ എന്റെ ആമിയെക്കുറിച്ച്.. അവർ പറഞ്ഞുണ്ടാക്കിയ അപവാദങ്ങൾ അതൊരിക്കലും ഞങ്ങൾ ക്ഷമിക്കില്ലെടി.. നിന്നോടും നിന്റെ അമ്മയോടും കാലം കണക്ക് ചോദിക്കും.. ” ഉമ്മറത്ത് നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടത് കൊണ്ട് ഭവാനിയും അവിടേക്ക് വന്നു.. സരിതയെ അവിടെ കണ്ടതും അവരുടെ മുഖവും കടുത്തു.. അനിതയുടെ ഇപ്പോളത്തെ മാനസികനില മനസിലാക്കിയത് കൊണ്ട് സരിത ശാന്തമായി നിന്നതേയുള്ളു..

ശബ്ദം താഴ്ത്തിയാണ് അവൾ മറുപടി പറഞ്ഞത്.. “ചേച്ചി.. എനിക്ക് ചേച്ചിയുടെ മാനസികാവസ്ഥ മനസിലാക്കാൻ കഴിയും.. അതുകൊണ്ട് തന്നെ നിങ്ങളെന്നെ എന്ത് പറഞ്ഞാലും കേൾക്കാൻ തയ്യാറായിട്ടാണ് ഞാനിവിടേക്ക് വന്നത്.. ചേച്ചിക്കെന്നെ എന്ത് വേണമെങ്കിലും പറയാം.. അതെല്ലാം കേൾക്കാൻ ഞാൻ ബാധ്യസ്തയാണ്.. പക്ഷേ അതിന് മുൻപ് എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള ക്ഷമ ചേച്ചിക്കുണ്ടാകണം ” “നിനക്കിനി എന്ത് കള്ളക്കഥയാണ് പറയാനുള്ളത്? നീ പറയുന്നതെല്ലാം ഞാൻ വെള്ളം തൊടാതെ വിഴുങ്ങുമെന്ന് നീ കരുതിയെങ്കിൽ അത് നിന്റെ തെറ്റിദ്ധാരണ മാത്രമാണ്.. വീണ്ടും എന്തോ ഗൂഡതന്ത്രം പ്ലാൻ ചെയ്തിട്ട് നിന്റെ അമ്മ തന്നെ നിന്നെ ഇവിടേക്ക് അയച്ചതാണോയെന്ന് എനിക്ക് സംശയമുണ്ട് ” “ചേച്ചിയുടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെ തന്നെയേ പ്രതികരിക്കുകയുള്ളൂ.. പക്ഷേ ഞാൻ പറയുന്നത് സത്യമാണ്.. അമ്മയറിയാതെയാണ് ഞാനിങ്ങോട്ട് വന്നത്..

ഇത്രയും ദിവസം ഞാനിങ്ങോട്ട് വരണമെന്ന് കരുതിയെങ്കിലും എനിക്ക് കഴിഞ്ഞില്ല.. കാരണം.. എനിക്ക് കോളേജിൽ കുറച്ച് പ്രൊജക്റ്റും അസൈൻമെന്റുമൊക്കെ സബ്‌മിറ്റ് ചെയ്യാനുണ്ടായിരുന്നു.. അത് മാത്രമല്ല.. നിങ്ങളുടെ മനസിലെ മുറിവുണങ്ങുന്നതിന് മുൻപ് തന്നെ ഞാനിവിടേക്ക് വരുന്നത് ശരിയല്ലെന്ന് തോന്നി.. ഇന്ന് കോളേജിൽ സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് അമ്മയോട് കള്ളം പറഞ്ഞിട്ടാണ് ഞാനിറങ്ങിയത്.. ” “എന്താ നിനക്ക് പറയാനുള്ളത്? എന്താ ഇനിയും നിനക്ക് വേണ്ടത്? നീ അറിയാതെയാണ് നിന്റെ അമ്മ ഇങ്ങനെയൊക്കെ ചെയ്തതെന്നായിരിക്കും ഇനി പറയാൻ പോകുന്നത്.. എന്താ ഇനി ഏതെങ്കിലും പേപ്പറിൽ എന്റെയോ ആമിയുടെയോ ഒപ്പോ വല്ലതും വേണോ? അങ്ങനെ കിട്ടിയിട്ട് പ്രയോജനമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല..

ഞങ്ങളുടെ പേരിൽ പ്രത്യേകിച്ച് സ്വത്തൊന്നുമില്ല ” “ചേച്ചി.. പരിഹാസം എനിക്ക് മനസിലാകും.. പക്ഷേ ഞാൻ ആദ്യം പറഞ്ഞത് പോലെ തന്നെ എന്തും കേൾക്കാൻ മനസിനെ സജ്ജമാക്കിയിട്ടാണ് ഇങ്ങോട്ടേക്കു വന്നത്.. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് വിഷമമൊന്നും തോന്നുന്നില്ല.. ചേച്ചി വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ പറയുന്നത് സത്യമാണ്.. അമ്മയുടെ മനസ്സിൽ ഇങ്ങനെയൊരു സ്വാർത്ഥതാല്പര്യം ഉണ്ടായിരുന്നുവെന്ന് സത്യമായിട്ടും എനിക്കറിയില്ല.. അച്ഛന്റെ പേരിലുള്ള സ്വത്ത്‌ അമ്മയുടെ പേരിലാക്കിയതിനെ പറ്റി ഒരിക്കൽ പോലും അമ്മ സംസാരിച്ച് കേട്ടിട്ടില്ല.. അമ്മയുടെ മനസ്സിൽ ഇത്രയും വിഷമൊന്നും ഇല്ലായിരുന്നു.. ഇതിപ്പോൾ സുരേന്ദ്രൻ മാമൻ കൂടെ കൂട്ടിയിട്ട് അമ്മയെ ഉപദേശിച്ച് നശിപ്പിച്ചതാണ്.. പക്ഷേ ഈ ഗൂഢാലോചനയിലൊന്നും എനിക്കൊരു പങ്കുമില്ല..

ഞാൻ മനസ്സിൽ ആലോചിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് അന്നവിടെ നടന്നത് ” സരിതയുടെ മുഖം കണ്ടപ്പോൾ അവൾ പറയുന്നത് സത്യമാണെന്നു അനിതയ്ക്ക് തോന്നി.. അതുകൊണ്ട് തന്നെ സരിത പറയുന്നത് ക്ഷമയോടെ കേൾക്കാൻ അനിത തീരുമാനിച്ചു.. “അമ്മ അരവിന്ദേട്ടനെ വിളിച്ചതും അങ്ങനെയൊക്കെ സംസാരിച്ചതൊന്നും ഞാനറിഞ്ഞില്ല.. നിങ്ങൾ എല്ലാവരും വീട്ടിൽ വന്നതിന് ശേഷമാണ് അതൊക്കെ ഞാനറിഞ്ഞത്.. അച്ഛന്റെ പേരിലുള്ള സ്വത്ത്‌ തട്ടിയെടുത്തത് സ്വാർത്ഥത കൊണ്ടാണെന്നു മനസിലാക്കാം.. പക്ഷേ ആമിചേച്ചിയെ പറ്റി ഇല്ലാത്ത അപവാദം പറഞ്ഞ് കൊടുത്ത് ആ വിവാഹം മുടക്കിയതെന്തിനാണെന്ന് സത്യമായിട്ടും എനിക്കറിയില്ല..

ഒരുകാര്യം മാത്രമറിയാം. അമ്മ ഒരുപാട് മാറിപ്പോയി.. ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് പോലുമിപ്പോൾ അപൂർവമാണ് ” “അന്ന് അത്രയും സംഭവം നിന്റെ കണ്മുന്നിൽ നടന്നിട്ട് നീയൊരു വാക്ക് പോലും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ കരുതിയത് ഇതൊക്കെ നിന്റെയും അറിവൊടും സമ്മതത്തോടും കൂടിയാണെന്നാണ് ” “നിങ്ങളെന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു.. അന്നെനിക്ക് പ്രതികരിക്കാൻ കഴിയാഞ്ഞത് രണ്ടു കാരണങ്ങൾ കൊണ്ടാണ്.. ഒന്ന്.. ഞാനൊരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് അന്നവിടെ നടന്നത്.. കണ്മുന്നിൽ നടക്കുന്നതൊക്കെ സത്യമാണോ എന്നറിയാൻ പോലും കഴിയാതെ ഞാൻ നിന്നുപോയെന്നുള്ളതാണ് സത്യം.. പിന്നെ സുരേന്ദ്രൻ മാമൻ.. അയാളെയെനിക്ക് പേടിയായിരുന്നു ചേച്ചി..

ഞാനെന്തെങ്കിലും പറഞ്ഞാൽ അയാളെന്നെ ഉപദ്രവിക്കുമോ എന്ന് ഞാൻ ഭയന്നു.. പക്ഷേ നിങ്ങളവിടെ നിന്നിറങ്ങി പോന്നതിനു ശേഷം ഞാൻ അവരെ ചോദ്യം ചെയ്തപ്പോൾ അയാളെന്നെ തല്ലാൻ വന്നു.. ഞാൻ കൃഷ്ണന്റെ മകളായിട്ടാണ് വളർന്നത്, നിങ്ങൾക്കെന്നെ തല്ലാൻ യാതൊരു അധികാരവുമില്ലെന്ന് ഞാൻ പറഞ്ഞു..” സരിതയോടുള്ള ദേഷ്യം മഞ്ഞു പോലെ ഉരുകി ഒലിക്കുന്നത് അനിതയറിഞ്ഞു.. ആമിയും സരിതയും തനിക്കൊരു പോലെയായിരുന്നു.. അവളുടെ അമ്മ ചെയ്ത തെറ്റിന് അവളെ ശിക്ഷിക്കുന്നത് ശരിയല്ലല്ലോ.. അനിത സരിതയെ തന്നോട് ചേർത്ത് നിർത്തി അവളുടെ നിറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.. “സോറി മോളെ.. ഇതൊന്നും ഞാനറിഞ്ഞില്ല.. അപ്പോളത്തെ ദേഷ്യത്തിന് അറിയാതെ എന്തൊക്കെയോ ഞാൻ പറഞ്ഞുപോയി ” “സാരമില്ല ചേച്ചി.. ”

സരിതയെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയതിന് ശേഷം ഹാളിലെ സെറ്റിയിൽ പിടിച്ചിരുത്തിയിട്ട് അവൾക്ക് അഭിമുഖമായി അനിതയും ഇരുന്നു.. അപ്പോളേക്കും ഭവാനി രണ്ട് ഗ്ലാസിൽ ജ്യൂസുമായി വന്നു.. ജ്യൂസ്‌ കുടിക്കുന്നതിനിടയിൽ ചുറ്റും നോക്കിക്കൊണ്ട് സരിത തിരക്കി.. “ആമിചേച്ചി പുറത്ത് വല്ലതും പോയിരിക്കുകയാണോ? കണ്ടില്ലല്ലോ?” “ആമി ബാംഗ്ലൂരിലേക്ക് തന്നെ തിരിച്ചു പോയി.. അവൾക്കവിടെ വേറൊരു ഹോസ്പിറ്റലിൽ ജോലി കിട്ടി ” “അതെന്തായാലും നന്നായി.. ആർക്കും ബാധ്യതയാകാതെ ജോലി ചെയ്ത് സ്വന്തം കാലിൽ നില്കുന്നത് തന്നെയാണ് നല്ലത്.” അവൾ പറഞ്ഞ ആ വാചകം തന്റെ നെഞ്ചിൽ തുളച്ചു കയറിയത് പോലെ ഭവാനിയ്ക്ക് തോന്നി.. അനിതയുടെ മുഖത്തേക്ക് നോക്കിയിട്ട് പതിഞ്ഞ ശബ്ദത്തിൽ സരിത പറഞ്ഞു.. “ചേച്ചീ..

മറ്റൊരു കാര്യം കൂടി പറയാനാണ് ഞാൻ വന്നത് ” സരിതയുടെ മുഖം കണ്ടപ്പോൾ അവൾക്ക് പറയാനുള്ളത് എന്തോ ഗൗരവമുള്ള കാര്യമാണെന്ന് അനിതയ്ക്ക് മനസിലായി.. “എന്താ മോളെ?” “ഒരു മിനിട്ട് ചേച്ചി ” സരിത ബാഗിൽ നിന്നും ഫോണെടുത്ത് ഏതോ നമ്പർ ഡയൽ ചെയ്ത് കാതോട് ചേർത്തിട്ട് പറഞ്ഞു.. “ഇങ്ങോട്ട് വാ.. ” അനിത ഒന്നും മനസിലാകാതെ അമ്പരപ്പോടെ സരിതയുടെ മുഖത്തേക്ക് നോക്കി.. “എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് നീ എന്താ മിണ്ടാതെയിരിക്കുന്നത്?” “ഇപ്പോൾ പറയാം ചേച്ചി.. അതിന് മുൻപ് ഒരാൾ കൂടി ഇങ്ങോട്ടേക്ക് വരാനുണ്ട് ” അപ്പോളേക്കും മുറ്റത്തൊരു ബൈക്ക് വന്ന ശബ്ദം കേട്ടു.. ബൈക്കിൽ നിന്നും ഇരുനിറമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി.. ഉമ്മറത്തേക്ക് കയറി വന്നിട്ട് അകത്തേക്ക് വരണോ വേണ്ടയോ എന്ന് ചിന്തിച്ചു നിൽക്കുന്ന അവനെ കണ്ടപ്പോൾ അനിതയുടെ നെറ്റിയിൽ ചുളിവ് വീണു.. സരിത ഉമ്മറത്തേക്ക് വന്നിട്ട് അവനോട് പറഞ്ഞു..

“അകത്തേക്ക് കയറി വാ ഉണ്ണി ” അവൻ ചെരുപ്പഴിച്ചിട്ടിട്ട് അകത്തേക്ക് കയറി വന്നു.. അനിത അവരുടെ രണ്ട് പേരുടെയും മുഖത്തേക്ക് മാറിമാറി നോക്കി.. സരിത എന്താണ് പറയാൻ പോകുന്നതെന്ന് അനിതയ്ക്ക് ഊഹിക്കാൻ കഴിഞ്ഞു.. സരിത ആ ചെറുപ്പക്കാരനോട് ഇരിക്കാൻ പറഞ്ഞു.. ഹാളിലെ സെറ്റിയിലേക്ക് അവനിരുന്നു.. അനിതയുടെ മുഖത്തേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ സരിത സംസാരിച്ച് തുടങ്ങി.. “ചേച്ചീ.. ഇത് ഉണ്ണികൃഷ്ണൻ.. ഞാൻ ഫസ്റ്റ് ഇയറിൽ ജോയിൻ ചെയ്യുമ്പോൾ കോളേജിൽ എന്റെ സീനിയറായിരുന്നു.. ഇപ്പോൾ ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ട് ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക്‌ ചെയ്യുകയാണ് ഉണ്ണി… കൂട്ടത്തിൽ പിഎസ്സിയ്ക്ക് വേണ്ടി പഠിക്കുകയും ചെയ്യുന്നുണ്ട്.. അധികം ചുറ്റി വളയ്ക്കാതെ ഞാൻ കാര്യം പറയാം.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് ചേച്ചി.. ”

ഉണ്ണിയെ കണ്ടപ്പോൾ തന്നെ സരിത പറയാൻ പോകുന്നത് ഇതാണെന്ന് ഊഹിച്ചത് കൊണ്ട് അവൾ പറയുന്നത് കേട്ടപ്പോൾ അനിതയ്ക്ക് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടായില്ല.. “നിന്റെ അമ്മയ്ക്കറിയാമോ ഇത്?” “ഇല്ല ചേച്ചീ.. പറയാനെനിക്ക് പേടിയാണ്.. അറിഞ്ഞാൽ അമ്മയൊരിക്കലും സമ്മതിക്കില്ലെന്നറിയാം ” “നിന്റെ അമ്മയോട് സംസാരിക്കുന്നതിന് മുൻപേ തന്നെ സമ്മതിക്കില്ലെന്ന് നീ തന്നെയങ്ങ് തീരുമാനിച്ചോ?” “അതിന് ചില കാരണങ്ങളുണ്ട് ചേച്ചീ.. നമ്മുടെ അച്ഛനുണ്ടായിരുന്നെങ്കിൽ സമ്മതിച്ചേനെ.. എനിക്കുറപ്പാണ്.. അച്ഛനൊരിക്കലും സൗന്ദര്യമോ സ്വത്തോ ഒന്നും നോക്കിയായിരുന്നില്ല കാര്യങ്ങൾ ചെയ്തിരുന്നത്.. ഗിരീഷേട്ടന്റെ ആലോചന വന്നപ്പോൾ ചേട്ടന് ബാധ്യതകൾ ഉണ്ടെന്ന് മനസിലായിട്ടും നിങ്ങൾ തമ്മിലുള്ള വിവാഹം നടത്തിയത് ചേട്ടന് നല്ലൊരു മനസുണ്ടെന്ന് മനസിലാക്കിയിട്ടാണ്.. പക്ഷേ.. അമ്മ അങ്ങനെയല്ല..

സ്വത്തിനും പണത്തിനും പ്രതാപത്തിനുമൊക്കെയാണ് മുൻഗണന നൽകുന്നത് ” “നീ എന്താ ഉദ്ദേശിക്കുന്നത് ഒന്ന് തെളിച്ചു പറയ്.. ഉണ്ണികൃഷ്ണന്റെ വീട്ടുകാർക്ക് സമ്പത്തില്ലാത്തത് കൊണ്ട് നിന്റെ അമ്മ ഈ വിവാഹത്തിന് സമ്മതിക്കില്ലെന്നാണോ?” “അത് മാത്രമല്ല ചേച്ചീ.. മറ്റൊരു കാരണം കൂടിയുണ്ട്.. ഉണ്ണിയുടെ അച്ഛൻ ഒരു കൊലക്കേസിലെ പ്രതിയായിരുന്നു.. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ആളാണ് ഉണ്ണിയുടെ അച്ഛൻ ” അനിതയുടെ മുഖത്തൊരു ഞെട്ടൽ പ്രകടമായി.. ഭവാനിയുടെ മുഖത്തും അമ്പരപ്പായിരുന്നു.. “നീ… നീ.. എന്താ ഈ പറയുന്നത്?” “സത്യമാണ് ചേച്ചീ.. ഉണ്ണിയുടെ അച്ഛന്റെ സഹോദരിയുടെ ഭർത്താവിനെ കൊലപെടുത്തിയ കുറ്റത്തിന് ജയിൽശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം ” അനിതയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി..

ചിലമ്പിയ ഒച്ചയിൽ അവൾ പറഞ്ഞു.. “നീ ഒന്ന് തെളിച്ചു പറയ് മോളെ.. ” “ഉണ്ണിയുടെ അച്ഛന്റെ സഹോദരിയെ ഉണ്ണിയുടെ നാട്ടിൽ തന്നെയുള്ള ഒരാളെക്കൊണ്ടാണ് വിവാഹം കഴിപ്പിച്ചത്.. അവരുടെ വിവാഹശേഷം ആദ്യം കുറച്ച് നാളുകൾ സന്തോഷകരമായി ജീവിതം മുന്നോട്ട് പോയി.. അവർക്ക് രണ്ട് പെൺകുട്ടികൾ ജനിക്കുകയും ചെയ്തു.. അതിനിടയിലാണ് സഹോദരിഭർത്താവിന് മദ്യപാനശീലം തുടങ്ങിയത്.. അതിന് ശേഷം അവരുടെ കുടുംബജീവിതത്തിലെ സമാധാനം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു… മദ്യപിച്ച് സുബോധം നഷ്ടപെട്ടെത്തുന്ന അയാൾ നിസാര കാര്യത്തിന് ഉണ്ണിയുടെ അമ്മായിയോട് വഴക്ക് ഉണ്ടാക്കാനും അവരെ ദേഹോപദ്രവം ഏൽപ്പിക്കാനും തുടങ്ങി..

അയാളുടെ ഉപദ്രവം തീരെ സഹിക്കാൻ കഴിയാത്ത ഒരവസരത്തിൽ അമ്മായി രണ്ടു കുട്ടികളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചു വന്നു… ഉണ്ണിയുടെ അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു.. അദേഹത്തിന്റെ അച്ഛനും അമ്മയും ഭാര്യയും രണ്ടു മക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ചിലവ് കഴിയാൻ തന്നെ അദേഹത്തിന്റെ വരുമാനത്തിൽ ബുദ്ധിമുട്ടുമ്പോളാണ് അമ്മായിയും അവരുടെ മക്കളും കൂടി ആ വീട്ടിലേക്ക് വരുന്നത്.. താങ്ങാവുന്നതിലും ഏറെ ബാധ്യതകളാണ് തന്റെ ജീവിതത്തിലേക്ക് വരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടും സ്വന്തം സഹോദരിയെയും മക്കളെയും അദ്ദേഹം ഉപേക്ഷിച്ചില്ല.. സ്വന്തം മക്കളെപ്പോലെ തന്നെ സഹോദരിയുടെ മക്കളെയും സ്നേഹിക്കുകയും ചെയ്തു..

പക്ഷേ അവർക്ക് തീരെ സമാധാനം കൊടുക്കാതെ അമ്മായിയും മക്കളും തിരികെ വരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അമ്മായിയുടെ ഭർത്താവ് വീട്ടിലും വന്ന് ബഹളമുണ്ടക്കാൻ തുടങ്ങി.. കാര്യങ്ങൾ എങ്ങനെയെങ്കിലും പറഞ്ഞ് ഒത്തുതീർപ്പാക്കണമെന്ന് മുതിർന്ന ബന്ധുക്കളെല്ലാം ഉപദേശിച്ചപ്പോളാണ് സ്വന്തം സഹോദരിയ്ക്കും മക്കൾക്കും വേണ്ടി സംസാരിക്കാൻ ഉണ്ണിയുടെ അച്ഛൻ ആ മനുഷ്യന്റെ വീട്ടിലേക്ക് പോയത്.. സന്ധിസംഭാഷണത്തിന് ചെന്ന അദ്ദേഹത്തെ ആ മനുഷ്യൻ ഉപദ്രവിക്കാനും കത്തിയെടുത്ത് കുത്താനും ശ്രമിച്ചു.. സ്വയരക്ഷയ്ക്ക് വേണ്ടി അദ്ദേഹം പ്രതിരോധിച്ചപ്പോൾ ആ കത്തി അമ്മായിയുടെ ഭർത്താവിന്റെ വയറ്റിൽ തുളച്ചു കയറി.. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്ന വഴിയ്ക്ക് അയാൾ മരിക്കുകയും ചെയ്തു.. പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു..

ആ മനുഷ്യന്റെ വീട്ടുകാർ മുഴുവനും അച്ഛനെതിരെ സാക്ഷി പറഞ്ഞു.. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് അച്ഛനങ്ങനെ ചെയ്തതെന്ന് അച്ഛന്റെ വക്കീൽ കോടതിയിൽ വാദിച്ചെങ്കിലും അതൊന്നും വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞു.. അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.. അച്ഛൻ ജയിലിലായപ്പോൾ ഉണ്ണിയും സഹോദരിയും അമ്മായിയുടെ മക്കളും സ്കൂളിൽ പഠിക്കുകയായിരുന്നു.. അവരുടെ ചിലവിനും മറ്റ് കാര്യങ്ങൾക്കുമായി ഉണ്ണിയുടെ അമ്മയും അമ്മായിയും ജോലിക്ക് പോയി തുടങ്ങി.. സ്കൂളിൽ എല്ലാവരും കൊലപാതകിയുടെ മകനെന്ന് പറഞ്ഞ് ഉണ്ണിയെ ഒറ്റപ്പെടുത്താൻ തുടങ്ങി.. കോളേജിൽ എത്തിയിട്ടും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായിരുന്നില്ല..

കളിയാക്കുന്നവരായിരുന്നു കൂടുതൽ.. അതുകൊണ്ട് തന്നെ ഉണ്ണി മിക്കപ്പോഴും തനിച്ചായിരുന്നു നടന്നിരുന്നത്.. അവന്റെ ഒറ്റപെടലിൽ ഒരു കൂട്ടാവണം എന്നെനിക്ക് തോന്നി.. ഞങ്ങൾ സൗഹൃദത്തിലായതിനു ശേഷം അവന്റെ ജീവിതത്തിലെ എല്ലാകാര്യങ്ങളും അറിഞ്ഞപ്പോൾ അവനെ ജീവിതാവസാനം വരെ കൂടെ വേണമെന്ന് തോന്നി.. ” സരിത പറഞ്ഞവസാനിപ്പിച്ചതും എന്ത് മറുപടി പറയണമെന്നറിയാതെ അനിത ഇരുന്നു പോയി.. സരിത തുടർന്ന് പറഞ്ഞു.. “ഉണ്ണിയുടെ ഈ കാര്യങ്ങളൊക്കെ പറഞ്ഞാൽ അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കില്ലെന്ന് എനിക്കുറപ്പാണ് ” “ഉണ്ണിയുടെ സഹോദരിയുടെയും ആ പെൺകുട്ടികളുടെയും വിവാഹമൊക്കെ കഴിഞ്ഞോ?”

“ഇല്ല.. ഉണ്ണിയുടെ സഹോദരി എഞ്ചിനീയറിംഗ് പഠിക്കുകയാണ്.. അമ്മായിയുടെ രണ്ട് മക്കളും ലാബ് ടെക്‌നിഷ്യൻസാണ്.. എറണാകുളത്ത് ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.. ഉണ്ണിയുടെ അച്ഛന്റെ ശിക്ഷ കഴിയാൻ ഇനി ഒന്നര വർഷം കൂടിയുണ്ട്.. അദ്ദേഹം ജയിലിൽ നിന്ന് വന്നിട്ട് വിവാഹം മതിയെന്നുള്ള തീരുമാനത്തിലാണ് എല്ലാവരും.. അവരുടെ മൂന്നുപേരുടെയും വിവാഹം കഴിഞ്ഞിട്ട് ഞങ്ങളുടെ കാര്യം വീട്ടിൽ പറയാമെന്നാണ് ഉണ്ണി പറഞ്ഞത്.. എന്തായാലും അമ്മ സമ്മതിക്കില്ലെന്ന് എനിക്കുറപ്പാണ്.. ചേച്ചിയുടെ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങൾക്ക് വേണം ” അനിതയ്ക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.. സരിതയും ഉണ്ണിയും യാത്ര പറഞ്ഞിറങ്ങിയിട്ടും അനിത വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു.. സരിതയ്ക്ക് നല്ലൊരു മനസുണ്ടെന്ന് അവൾക്ക് തോന്നി..

സ്വത്തും പണത്തിനും വേണ്ടി ആളുകൾ പരസ്പരം മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ യാതൊന്നും പ്രതീക്ഷിക്കാതെ ഒരാളെ സ്നേഹിക്കാൻ കഴിയണമെങ്കിൽ അത്രയും നല്ലൊരു മനസ്സ് വേണം.. സരിതയെക്കുറിച്ചോർത്തപ്പോൾ അനിതയ്ക്ക് അഭിമാനം തോന്നി.. അതേസമയം ഈ വിവാഹം നടക്കാൻ സുമ സമ്മതിക്കില്ലെന്നോർത്തപ്പോൾ ആശങ്കയും തോന്നി… രാത്രിയിൽ ഗിരീഷ് വന്നപ്പോൾ അനിത എല്ലാകാര്യങ്ങളും അവനെ അറിയിച്ചു.. അനിതയുടെ അതേ ആശങ്കയായിരുന്നു അവനും… ഭക്ഷണം കഴിച്ചതിന് ശേഷം ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു അമേയയും ജോയലും.. നാളെ ഞായറാഴ്ച ആയതിനാൽ അവന് അവധിയാണ്.. അതിന്റെ സന്തോഷം അമേയയുടെ മുഖത്ത് പ്രകടമായിരുന്നു.. “എടോ… നാളെ നമുക്ക് ചുമ്മാ ബാംഗ്ലൂരിലെ കുറച്ചു സ്ഥലങ്ങളൊക്കെ ചുറ്റിക്കാണാൻ പോയാലോ?”

“ഉം.. പോകാം ” “എങ്കിൽ ഞാൻ സുഹാസിനെ കൂടി വിളിക്കട്ടെ.. അവനെയും കൂടെ കൂട്ടാം ” ജോയൽ ഡോക്ടർ സുഹാസിനെ ഫോൺ വിളിക്കുമ്പോൾ അമേയ മനസ്സിൽ പ്രാർത്ഥിച്ചു.. ‘ ദൈവമേ.. സുഹാസ് സാറിന് ഡ്യൂട്ടി ആയിരിക്കണേ.. വരാൻ സാധിക്കരുതേ.. തത്കാലം സാറും ഞാനും മാത്രം മതി.. വേറെയാരെയും കട്ടുറുമ്പായിട്ട് കൊണ്ട് വരരുതേ ‘ ജോയൽ ഫോൺ കട്ട്‌ ചെയ്തിട്ട് നിരാശയോടെ പറഞ്ഞു.. “എടോ.. അവന് നാളെ ഡ്യൂട്ടി ഉണ്ടെന്ന്.. അടുത്ത ഞായറാഴ്ച ഓഫ് എടുത്തിട്ട് വരാമെന്ന് ” മനസിലെ സന്തോഷം നിയന്തിച്ചു കൊണ്ട് അവൾ ചോദിച്ചു.. “അപ്പോൾപ്പിന്നെ അടുത്ത ഞായറാഴ്ചയേ നമ്മൾ പോകുന്നുള്ളോ?” “അല്ല.. നമുക്ക് നാളെ ചുമ്മാ ഒന്ന് കറങ്ങിയിട്ട് വരാം.. ഒരുദിവസം മുഴുവനും ഈ ഫ്ലാറ്റിലിങ്ങനെയിരുന്നാൽ ബോറടിക്കില്ലേ?” അമേയയ്ക്ക് ഭയങ്കര സന്തോഷം തോന്നി…

എത്ര ഒളിച്ചു വയ്ക്കാൻ ശ്രമിച്ചിട്ടും അവളുടെ മിഴികളിലെ തിളക്കം ജോയൽ തിരിച്ചറിഞ്ഞു.. രാവിലെ അമേയയ്ക്ക് പതിവില്ലാത്ത ഉത്സാഹമായിരുന്നു.. രാവിലെ എട്ട് മണിയാകുമ്പോളേക്കും ഇറങ്ങാം എന്നാണ് ഇന്നലെ തങ്ങൾ തീരുമാനിച്ചത്.. ഭക്ഷണം പുറത്ത് നിന്ന് കഴിക്കാനായിരുന്നു പ്ലാൻ.. അമേയ കുളിച്ചിട്ട് വന്നു കണ്ണാടിക്ക് മുൻപിൽ നിന്നു.. ഏത് വസ്ത്രം ധരിക്കണമെന്ന് ആലോചിച്ചു.. ഏറെ ആലോചിച്ചിട്ട് ചുമന്ന നിറത്തിലുള്ള ഒരു ചുരിദാർ ധരിച്ചു.. ചെറിയ രീതിയിൽ അണിഞ്ഞൊരുങ്ങി.. കണ്ണാടിയുടെ മുന്നിൽ നിന്നിട്ട് സ്വയം നോക്കി തൃപ്തി വരുത്തിയിട്ട് റൂമിന് പുറത്തേക്കിറങ്ങി..

ഹാളിലെ സെറ്റിയിൽ ജോയലിരിപ്പുണ്ടായിരുന്നു.. നീല കരയുള്ള മുണ്ടും നീല ഷർട്ടുമായിരുന്നു വേഷം.. മുണ്ടും ഷർട്ടും അമേയയ്ക്ക് ഏറെ ഇഷ്ടമുള്ള വേഷമായിരുന്നു.. തന്റെ മുന്നിൽ വന്നു നിൽക്കുന്ന അമേയയുടെ മുഖത്തേക്ക് ജോയൽ കണ്ണിമയ്ക്കാതെ നോക്കി നിന്നു.. അവളൊരു ദേവതയെപ്പോലെ സുന്ദരിയാണെന്ന് ജോയലിന് തോന്നി.. അവളിങ്ങനെ മുന്നിൽ നിൽക്കുമ്പോൾ തന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അവൻ തിരിച്ചറിഞ്ഞു….. തുടരും…….

ഈറൻമേഘം: ഭാഗം 22

Share this story