ഇന്ദീവരം: ഭാഗം 6 – അവസാനിച്ചു

ഇന്ദീവരം: ഭാഗം 6 – അവസാനിച്ചു

എഴുത്തുകാരി: ഭദ്ര ആലില

“” എന്റെ മോള്ക്ക് ശിവ വേണ്ട… ആ മോഹം ന്റെ മോള് കളഞ്ഞേരെ “” ചെവ്വമ്മ എല്ലാം അവളോട് തുറന്നു പറഞ്ഞു.. കഴിഞ്ഞ സംഭവങ്ങൾ ഒന്നിട വിടാതെ പറഞ്ഞു കഴിഞ്ഞപ്പോൾ ചെവ്വമ്മയും വർഷയും ഒരുപാട് കരഞ്ഞു.വർഷ എഴുന്നേറ്റു അടഞ്ഞു കിടക്കുന്ന ആ മുറിയുടെ വാതിൽ തുറന്നു അകത്തു കയറി … വാതിൽ കൊളുത്തിട്ടു , നീല വിരി വിരിച്ച കട്ടിലിനു ചുവട്ടിൽ നിലത്തു മുട്ടു കുത്തി നിന്നു…. “” അറിയില്ലായിരുന്നു എനിക്ക് ഒന്നും…. എന്നോട് ക്ഷമിക്ക്… “” മുന്നിലെ കാഴ്ച നീർ കൊണ്ട് മങ്ങിയിരുന്നു…കട്ടിലിൽ മുഖം ചേർത്ത് അവൾ ഏങ്ങി കരഞ്ഞു. കാലത്ത് പതിവിലും നേരത്തെ എഴുന്നേറ്റ ശിവ കണി കണ്ടത് വർഷയുടെ മുഖമാണ്. കണ്ടതും കണ്ണടച്ച് തന്നെ കിടന്നു. “” അമ്പട കള്ളാ… കണ്ണടച്ച് ഇരുട്ട് ആക്കുന്നോ .. മതി ഉറങ്ങീത്… എണീറ്റെ .. എണീറ്റെ “” ശിവക് മേലെ കിടന്ന പുതപ് വലിച്ചു താഴേക്കു ഇട്ടു .. “”നോക്കി പേടിപ്പിക്കൊന്നും വേണ്ട..””

കണ്ണുരുട്ടി പേടിപ്പിക്കുന്ന അവനെ നോക്കി കൊഞ്ഞനം കുത്തി.. എണീക്ക് ശിവേട്ടാ… എന്നും പറഞ്ഞു കയ്യിൽ പിടിച്ചു വലിച്ചു.. “” ഇന്നെന്നെ വഴക്ക് പറയല്ലേ ശിവേട്ടാ… ന്റെ പിറന്നാളല്ലേ ഇന്ന്… “”എന്തോ പറയാനാഞ അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു. അവളെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം ശിവ എഴുന്നേറ്റു ബാത്‌റൂമിലേക്കു നടന്നു. തിരികെ വരുമ്പോൾ അവനു ഉടുക്കാൻ കസവു മുണ്ടും ചന്ദനകളർ ഷർട്ടും എടുത്തു കട്ടിലിൽ വച്ചിട്ടുണ്ടായിരുന്നു അവൾ. “”ഇത് എന്തിനാ..”” “” അമ്പലത്തിൽ പോവാൻ… “” “” ആർക്… ഞാനില്ല എങ്ങോട്ടും.. “” അവളുടെ മുഖം മങ്ങി.. “”വായോ ശിവേട്ടാ…. എന്റെ ഒരു ആഗ്രഹം അല്ലെ… ഞാൻ ചോദിച്ചതോ സാധിച്ചു തന്നില്ല… ഇതെങ്കിലും…”” അവൾ കെഞ്ചി കൊണ്ട് ചോദിച്ചു. “” നാശം…ഇറങ്ങി പോണുണ്ടോ.. “” ഇപ്പോൾ കരയുംന്ന ഭാവത്തിൽ ആയിരുന്നു വർഷ..

“” വായി നോക്കി നിന്നാ എനിക്ക് തുണി മാറണ്ടേ.. “” ദേഷ്യത്തോടെയാണ് പറഞ്ഞത് എങ്കിലും വർഷ സന്തോഷം കൊണ്ടു തുള്ളി ചാടി. അമ്പലത്തിലേക്കുള്ള യാത്രയിൽ അരുണും അവര്ക് ഒപ്പം കൂടി.തൊഴുതു നിൽക്കുമ്പോൾ ശിവയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങുന്നത് കണ്ടു വർഷയും കരഞ്ഞു… “”ഞാൻ ഒരുപാട് സ്നേഹിക്കുന്നതാ ന്റെ ശിവേട്ടനെ… ഇനീം കരയിക്കല്ലേ ഭഗവാനെ ..”” വർഷ ഉള്ളുരുകി പ്രാർത്ഥിച്ചു. “”വർഷ… എനിക്കൊരു കാര്യം പറയാൻ ഉണ്ട്…”” “”ക്ക് അറിയാം…എന്നോട് ഇഷ്ടംല്ലന്നു അല്ലെ പറയാൻ പോണേ.. അപ്പച്ചിയമ്മ പറഞ്ഞു എന്നോട് എല്ലാം..”” വാക്കുകൾക്കായി പരതുന്ന ശിവയെ തടഞ്ഞു കൊണ്ട് ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു “” എന്നിട്ടും…. എന്തിനാ… “” “” ഇഷ്ടം… കൊണ്ട്.. “” ചിരിച്ചു കൊണ്ട് നടന്നകലുന്ന അവളെ ശിവ അത്ഭുതത്തോടെ നോക്കി..

എന്റെ ഇന്ദൂട്ടി അല്ലാണ്ട് വേറെ ആരെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല വർഷ… എന്നോട് ക്ഷമിക്. ഇലച്ചീന്തിലെ പ്രസാദം ശിവക് നേരെ നീട്ടുമ്പോൾ അവളുടെ കണ്ണുകൾ അവനെ നോക്കി കാണുകയായിരുന്നു… ഒരു ഫോട്ടോ മാത്രം കണ്ടു ഇഷ്ടപെട്ടത് ആണ് ശിവേട്ടനെ… അപ്പച്ചിയമ്മയെ കുറിച്ച് ഒക്കെ ഒരുപാട് വൈകിയാണ് അച്ഛൻ പറഞ്ഞത്… നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ശിവേട്ടൻ ഇപ്പൊ ഈ വർഷയുടെയായെനെ…ഓരോന്ന് ആലോചിച്ചു നിന്ന് അവൾ തലക് നല്ലൊരു കിഴുക്ക് കിട്ടിയപ്പോൾ ആണ് ബോധത്തിലേക്ക് വന്നത്. “” ഡോ… തനിക് എന്തിന്റെ സൂക്കേടാ… എന്തിനാ ന്റെ തലേൽ തോണ്ടുന്നേ.. “” അമ്പലത്തിൽ ആണെന്ന് പോലും നോക്കാണ്ട് അവൾ ഒച്ചയിട്ടു. “” എനിക്ക് ഇഷ്ടംണ്ടായിട്ട് “” “”എന്തോന്ന്…”” വർഷ കണ്ണ് മിഴിച്ചു… “”അതേടി കാന്താരി…

നിനക്ക് ശിവയോട് തോന്നിയില്ലേ ഒരിഷ്ടം… അത് പോലൊന്നു എനിക്ക് നിന്നോടും തോന്നി ..”” അന്തം വിട്ടു നിൽക്കുന്ന അവളുടെ നെറ്റിയിൽ ഇലച്ചീന്തിൽ നിന്ന് കുങ്കുമം എടുത്തു ചെറിയൊരു കുറി വരച്ചു കൊടുത്തു അരുൺ. “”നിനക്ക് ഇഷ്ടാണെൽ അടുത്ത തവണ ഇത് നിന്റെ നിറുകയിൽ തൊട്ട് തരും ഞാൻ.”” ഒരു കണ്ണിറുക്കി ചിരിച്ചു കൊണ്ട് അരുൺ കടന്നു പോയപ്പോൾ ആരെങ്കിലും കണ്ടോന്നുള്ള നോട്ടത്തിൽ ആയിരുന്നു വർഷ. എല്ലാം കണ്ടിട്ടും ഒന്നും കാണാത്ത ഭാവത്തിൽ ശിവ തിരിഞ്ഞു നിന്നു. “” ശിവേട്ടന് ഒരു സർപ്രൈസ് ഉണ്ട് കെട്ടോ… വീട്ടിൽ ചെല്ലട്ടെ “” “”അപ്പോ എനിക്കോ..എനിക്ക് ന്താ ഉള്ളെ “” അരുൺ പതുക്കെ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ ചോദിച്ചു. “”തനിക്കു കുന്തം… ന്താ… വേണ്ടേ.””

” എനിക്ക് അതൊന്നും വേണ്ടായേ..പറ്റുങ്കി ന്റെ രണ്ടു പിള്ളേരെ തന്നാൽ മതി… ഇപ്പൊ വേണ്ട… പതുക്കെ മതി… “” വർഷ ചുറ്റുപാടും നോക്കിയ ശേഷം നിലത്തേക് കുനിയുന്നത് കണ്ടതും അരുൺ ഓടി ശിവയുടെ അടുത്ത് ചെന്നു നിന്നു. “” ഹ്മ്മ് .. ന്താടാ.. “” “”ഹേയ്… ഒന്നുല്ല..”” ചുമൽ കൂച്ചി അരുൺ മറുപടി പറഞ്ഞു.ശിവക്ക് വല്ലാത്ത ക്ഷീണം തോന്നി തുടങ്ങിയിരുന്നു. .”” മരുന്ന് കഴിക്കാൻ ലേറ്റ് ആവുന്നു… പോവല്ലേ. “” പിന്നെ എത്രയും പെട്ടന്ന് വീടെത്താനുള്ള പാച്ചിൽ ആയിരുന്നു. “”വാ… ശിവേട്ടാ .”” മുറ്റത്തു കാൽ വച്ച ഉടനെ അവൾ ശിവയുടെ കൈ പിടിച്ചു അകത്തേക്കു വലിച്ചു. “” ചെവ്വമ്മേ… ഞങ്ങൾ വന്നൂട്ടോ.. “” അകത്തേക് കാൽ വച്ച ശിവ ഒരു നിമിഷം ചുറ്റുപാടും നോക്കി നിന്ന് പോയി.ഹാൾ ആകെ ചെറിയ വെള്ള റോസാ പൂക്കൾ കൊണ്ട് അലങ്കാരം ചെയ്തിരുന്നു.

ചെവ്വമ്മ പച്ച കരയുള്ള സെറ്റ് ഉടുത്തു ചുണ്ടിൽ ചെറു ചിരിയുമായി ഒരു കപ്പ് പായസം മൂന്നു പേർക്കും കൊടുത്തു. “”ഒരു വിശേഷ ദിവസം അല്ലെ… പായസം കുടിക്ക്..”” “”വേണ്ട… അമ്മക്ക് എങ്ങനെ തോന്നി ഇങ്ങനെ ഒരുങ്ങാനും ഇതൊക്കെ ഉണ്ടാക്കാനും… നമ്മുടെ നഷ്ടങ്ങൾ ഒക്കെ അമ്മ ഇത്ര പെട്ടന്ന് മറന്നോ..”” ശിവയുടെ വാക്കുകളിൽ ദുഃഖവും ദേഷ്യവും ഒരുപോലെ പ്രകടമായിരുന്നു.. “”എന്റെ മക്കള് കഴിക്ക്… അമ്മ പറയാം എല്ലാം.. ഇതൊക്കെ കുറച്ചു പോയിന്നു പറയരുത് പിന്നീട്…”” “”ഒരു ആഘോഷം…. “” ശിവ മുഖം വീർപ്പിച്ചു അകത്തേക്കു പോയി.. അകത്തു അവന്റെ മുറിയിലും ഉണ്ടായിരുന്നു ചെണ്ട് പോലെ റോസാ പൂക്കൾ.. വെള്ള റോസാ പൂക്കൾ… ആദ്യമായി ഇന്ദുവിന് കൊടുത്ത വെള്ള റോസാ പൂക്കൾ അവന്റെ ഓർമ്മയിൽ വന്നു . “””ശിവേട്ടാ ..

നോക്ക് “” ഓടി അകത്തേക്കു കയറിയ വർഷയെ അവൻ അത്ഭുതത്തോടെ നോക്കി .ചുരിദാർ മാറ്റി അവൾ സാരി ഉടുത്തിരുന്നു. “”നീ ഇത് എന്തിനുള്ള പുറപ്പാടാ…”” “”ഞാൻ പറഞ്ഞില്ലേ… സർപ്രൈസ് ഉണ്ടെന്നു… ഇതാ ആദ്യത്തെ .. വാ… ഇനീം ഉണ്ട്.ദേഷ്യപെടേണ്ട .. ന്റെ പിറന്നാളാ ഇന്ന്… പിറന്നാള് കാരിയെ കരയിച്ചൂടാ..”” ഓർമിപ്പിക്കാൻ എന്നോണം അവൾ ഒന്നുടെ പറഞ്ഞു.ശിവയെയും കൊണ്ടു ഹാളിൽ എത്തുമ്പോൾ കാഴ്ച്ചക്ക് ചെവ്വമ്മയും അരുണും ഉണ്ടായിരുന്നു. “”നീ ഭാഗ്യാവനാ ശിവ… നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടുകാന്ന് വച്ചാൽ അതിലും വല്യ ഭാഗ്യം ഒന്നുല്ല..”” അരുൺ വർഷയെ നോക്കി കൊണ്ടാണ് പറഞ്ഞത്. ശിവ ഒന്നും മനസിലാകാതെ എല്ലാവരെയും മാറി മാറി നോക്കി. പിന്നെ കണ്ണുകൾ വർഷയിൽ തന്നെ ഉടക്കി നിന്നു.

നിറയെ പുഞ്ചിരിയുമായി കയ്യിൽ ഒരു പാക്കറ്റുമായി വർഷ അവര്ക് അരികിലേക്ക് വന്നു നിന്നു. “”ഇതൊന്നു തുറന്നു നോക്ക് ശിവേട്ടാ … ഇഷ്ടായോന്നു… കല്യാണത്തിന് എനിക്ക് ഉടുക്കാൻ ഉള്ളതാ…”റാണി പിങ്ക് കളർ കല്യാണ സാരി എടുത്തു നെഞ്ചോടു ചേർത്ത് വച്ചു അവൾ സ്റ്റൈലിൽ ചരിഞ്ഞു നിന്നു. കല്യാണത്തിന് ഉടുക്കാനുള്ള ഒരു ജോഡി അരുണിനും കൊടുത്തു..വാടിയ മുഖത്തോടെ അവൻ അത് കൈ നീട്ടി വാങ്ങി. “”പേടിക്കണ്ട… ശിവേട്ടനും ഉണ്ട്..””അവനു എടുത്ത മുണ്ടും ഷർട്ടും അവനു വച്ചു നീട്ടി .. “”കല്യാണത്തിന് ശിവേട്ടൻ ഇതുടുത്താൽ മതി”. “”ഇത് … പക്ഷേ വർഷ…. എനിക്ക്… എനിക്ക് ഒരിക്കലും നിന്നെ വിവാഹം ചെയ്യാൻ പറ്റില്ല… ഒക്കെ അറിയാവുന്നത് അല്ലെ നിനക്ക്..”” “”യ്യോ… ശിവേട്ടാ.. ന്റെ ചെക്കൻ ദേ ഈ മരമാക്രിയാ…””വിഷമിച്ചു നിൽക്കുന്ന അരുണിന്റെ അടുത്തേക് ചേർന്ന് നിന്ന് പറഞ്ഞു.””നോക്കി നിൽക്കാതെ വാ തുറന്നു പറയ്‌ ചെക്കാ ..

ഇയാൾക്കു ന്നെ ഇഷ്ടാന്ന് .”” ചിരിക്കണോ കരയണോ എന്നറിയാതെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അരുൺ. ശിവാക്കും ആശ്വാസം തോന്നി.. “”എങ്ങനെ ഉണ്ട്… ഞെട്ടിയില്ലേ…”” വർഷ ചിരിച്ചു കൊണ്ട് ചോദിച്ചു. “”ഇതിപ്പോ സർപ്രൈസ് എനിക്ക് അല്ലെ…””അരുൺ ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ മുറുകെ പിടിച്ചു.അവന്റെ കൈ ബലമായി വിടുവിച് വർഷ ചെവ്വമ്മയുടെ അടുത്തേക് നീങ്ങി നിന്നു. “”ഇനിയാണ് ഏറ്റവും വല്യ സർപ്രൈസ്… നമുക്ക് പൊട്ടിക്കാ അത്..”” ചെവ്വമ്മയും അരുണും തലയാട്ടി സമ്മതം അറിയിച്ചു.. ചെവ്വമ്മ മകന്റെ നിറുകയിൽ ചുംബിച്ചു… “”എന്റെ കുട്ടീടെ സങ്കടങ്ങൾ എല്ലാം ഇല്ലാണ്ട് ആവാൻ പോവാ… ഇനി ഒരസുഖോം വരില്ല ന്റെ കുട്ടിക്ക്.ചെല്ല്..”” വർഷയുടെ കൈ പിടിച്ചു പിന്നാലെ ചെല്ലുമ്പോൾ ശിവ അമ്മയെ തിരിഞ്ഞു ഒന്ന് നോക്കി.

“”അവർ അവിടെ നിന്നോട്ടെ ശിവേട്ടാ… ശിവേട്ടൻ തനിച്ചു മതി ഇവിടെ.”” അവന്റെ മനസ് അറിഞ്ഞു എന്നൊണം അവൾ പറഞ്ഞു.ചെന്നു നിന്നത് ശക്തിയുടെ മുറിക്കു മുന്നിൽ ആണ്… വന്നതിൽ പിന്നെ ഒരു തവണ പോലും അങ്ങോട്ട്‌ നോക്കാൻ താൻ ഭയപ്പെട്ടിരുന്നുവെന്ന് വേദനയോടെ ശിവ ഓർത്തു. പഴയ സംഭവങ്ങൾ ഓരോന്നായി കണ്മുന്നിൽ തെളിഞ്ഞു വരും പോലെ… ഇന്ദുവിന്റെ കരച്ചിലും… ശക്തിയുടെ രക്തത്തിന്റെ ഗന്ധവുമെല്ലാം അവനു ഓർമ്മ വന്നു. “”വർഷ…. വേണ്ട… നമുക്ക് പോകാം..”” ശിവ തലയിൽ കൈ വച്ചു… മിന്നൽ പോലെ എന്തോ ഒന്ന് തലയ്ക്കുള്ളിൽ പാഞ്ഞു..കണ്ണുകളിൽ ഇരുട്ട് കയറും പോലെ അവൻ ആശ്രയത്തിനായി വാതിലിൽ മുറുകെ പിടിച്ചു. “” അകത്തേക്ക് കയറ് ശിവേട്ടാ.”

ശിവയെ പിന്നിൽ നിന്ന് മുറിക്കു അകത്തേക്കു തള്ളി വിട്ടു വർഷ വാതിൽ അടച്ചു.അകത്തു ഒരു തരി വെളിച്ചം പോലും ഇല്ലെന്നത് ശിവയെ ഭയപ്പെടുത്തി .ശക്തിയുടെ മുറി… അവന്റെ ഗന്ധം… അലറി കരച്ചിൽ… ഓർമ്മകൾ കുതിച്ചു പാഞ്ഞെത്തിയപ്പോൾ ശ്വാസമെടുക്കാൻ ശിവ പാട് പെട്ടു. “” വർഷ… വാതിൽ തുറക്ക്… ” കതകിൽ തട്ടി വിളിക്കാനുള്ള ശക്തി പോലുമില്ലാതെ അവൻ തളർന്നു താഴേക്കു ഇരുന്നു..ശിവ കണ്ണുകൾ ഇറുക്കി അടച്ചു.. പതുക്കെ പതുക്കെ ശ്വാസഗതി നോർമൽ ആയി.കണ്ണ് തുറന്നപ്പോൾ മുന്നിലെ ബെഡിൽ ആരോ കിടക്കും പോലെ … ഞെട്ടി പിടഞ്ഞു എഴുന്നേറ്റു … വെപ്രാളപെട്ടു കൊതുകുവല വകഞ്ഞു മാറ്റി അകത്തേക്ക് നോക്കി.. “”””ഇന്ദൂ….”””” ആഹ്ലാദം കൊണ്ട് ശബ്ദം വിറച്ചു … കണ്ണുകൾ നിറഞ്ഞു . വിറക്കുന്ന കൈകൾ കൊണ്ട് സത്യമാണോ എന്നറിയാൻ സ്വയം നുള്ളി നോക്കി. “””എന്റെ ഇന്ദൂട്ടിയേ ….”” കുനിഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു..

“”കണ്ണ് തുറക്ക് പെണ്ണെ…”” കൈയിൽ കൈ കോർത്തു പിടിച്ചു പതുക്കെ വിളിച്ചു. അപ്പോഴേക്കും അരുണും അമ്മയും വർഷക്ക് ഒപ്പം അകത്തേക്കു കയറി വന്നു. “”എങ്ങനെ ഉണ്ട് ശിവേട്ടാ… ന്റെ സർപ്രൈസ്… ഇഷ്ടായോ .”” സന്തോഷം കൊണ്ട് ശിവ വർഷയെ കെട്ടി പിടിച്ചു.. “”നീ എനിക്ക് തിരിച്ചു തന്നത് എന്റെ ജീവനാ വർഷ… പകരം.. പകരം ഞാൻ ന്താ നിനക്ക് തരണ്ടേ…”” എനിക്ക് വേണ്ടത് തരാൻ ഈ ജന്മം നിങ്ങൾക് ആവില്ല ശിവേട്ടന്നു പറയാൻ ആണ് തോന്നിയത് എങ്കിലും എല്ലാം ഉള്ളിൽ അടക്കി “”ക്ക് ഒന്നും വേണ്ടേ …””ന്നു പറഞ്ഞു വെറുതെ ഒന്ന് ചിരിച്ചു. ശിവ തിരിഞ്ഞു ഇന്ദുവിന്റെ അടുത്തേക് ചെന്നു . “”ഈ പെണ്ണെന്താ ഇങ്ങനെ… ഒന്നെണീക്ക് പെണ്ണെ..”” കുറെ വിളിച്ചിട്ടും അവൾ അനങ്ങാത്തത് കണ്ടു ഭയത്തോടെ പിന്നെയും വിളിച്ചു നോക്കി.. കണ്ണ് നിറച്ചു അമ്മയെ നോക്കി..

“”എന്താ…. എന്താ ഇവളിങ്ങനെ.”” “”ഇന്ദു.. ഇന്ദു എണീക്കില്ല ശിവ .. നമുക്ക് ഇവളെ തിരികെ കിട്ടിയത് ഇങ്ങനെയാ “” മറുപടി പറഞ്ഞത് അരുൺ ആണ്. മൂന്നു പേരെയും ഹോസ്പിറ്റലിൽ കൊണ്ട് പോയതും മരിച്ചെന്നു കരുതിയ ഇന്ദുവിനും ശിവക്കും ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതും ഇന്ദുവിന്റെ ഓപ്പറേഷന്റെ കാര്യവും എല്ലാം അരുൺ വിശദമായി പറഞ്ഞു. “” നെഞ്ചിൽ തറച്ച കത്തിക്കു അവളെ കൊല്ലാൻ ആയില്ല ശിവ… പക്ഷേ… വീഴ്ചയിൽ തലക്ക് പിന്നിൽ ഏറ്റ ക്ഷതം… അതാ അവളെ ഇങ്ങനെ ആക്കിയത്.. മരണത്തിനും ജീവിതത്തിനും ഇടയിലാണ് ഇപ്പൊ നമ്മുടെ ഇന്ദു…ചിലപ്പോൾ കുറച്ചു മാസങ്ങൾ .. അല്ലെങ്കിൽ ഒരു വർഷം… അതുമല്ലെങ്കിൽ ….. അവളെ തിരിച്ചു കൊണ്ട് വരാൻ .. നിന്നെ നോർമൽ ലൈഫിലേക്കു മടക്കി കൊണ്ട് വരാൻ…. എല്ലാം… എല്ലാം നീ അറിയണംന്നു തോന്നി ..

അതാ… “” ഒരു ഞെട്ടലോടെ . അതിലേറെ വേദനയോടെയാണ് ശിവ എല്ലാം കേട്ട് നിന്നത്. കണ്മുന്നിൽ പ്രതികരണ ശേഷിയില്ലാതെ കിടക്കുന്ന ഇന്ദുവിനെ കണ്ടു അവന്റെ ഉള്ള് നീറി.. “”എന്നാലും വേണ്ടീല..ജീവനോടെ തന്നല്ലോ എനിക്ക് ഇവളെ..””അവൻ ഈശ്വരൻ മാരോട് നന്ദി പറഞ്ഞു.ബെഡിൽ ഒരറ്റതായി അവൾക് അരികിൽ കയറി കിടന്നു. “”ഇന്ദൂട്ടിയേ””ന്നു കാതിൽ സ്നേഹത്തോടെ വിളിച്ചു.. “”എണീക് പെണ്ണെ…. കണ്ണ് തുറന്നു ഒന്ന് നോക്ക് എന്നെ… ശിവാന്നു ഒന്ന് വിളിക്ക്.” അനങ്ങാതെ കണ്ണടച്ച് കിടക്കുന്ന അവളുടെ കവിളിൽ കവിൾ ചേർത്ത് വച്ചു… കുറ്റി താടി അവളുടെ കവിളിൽ ഉരുമ്മി…. “”ഇക്കിളി ആവുന്നോ നിനക്ക്..? ഓഹ്… ആയിട്ടും കണ്ണടച്ച് കിടക്കാ അല്ലെ..”” പിന്നെയും കവിളിൽ കവിൾ ചേർത്തുരുമ്മി. ഇത് വരെ ജീവിതത്തിൽ നടന്നത് എല്ലാം കഥ പോലെ പറഞ്ഞു കേൾപ്പിച്ചു.. ഒരു വാതിലിന് അപ്പുറം അരുൺ വർഷക്ക് മുന്നിൽ ചോദ്യങ്ങളുടെ പെരുമഴ തീർക്കുകയായിരുന്നു.

“” എപ്പോഴാ എന്നോട് ഇഷ്ടം തോന്നിയെ… ഇതൊക്കെ അഭിനയം അല്ലല്ലോ അല്ലെ… “” നൂറായിരം ചോദ്യങ്ങൾ കൊണ്ട് വർഷയേ അവൻ ശ്വാസം മുട്ടിച്ചു. “”ഇഷ്ടം ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ടെന്നു പറയാം… ഒരിത്തിരി.ഒരുപാട് ഒന്നും ഇല്ല കെട്ടോ… ശിവേട്ടന് ഇന്ദുനോട്‌ ഉള്ള സ്നേഹം കണ്ടപ്പോഴാ… സ്നേഹം നഷ്ടപെടുന്നതിന്റെ വേദന എന്താണ്ന്നു അറിഞ്ഞപ്പോഴാ ഞാൻ തന്റെ കാര്യം ഓർത്തെ …”! “”എന്തായാലും ഓർത്തല്ലോ… അത് മതി .. ഇനി ഒരുപാട് ഇഷ്ടം തോന്നിപ്പിക്കാൻ എനിക്ക് അറിയാം..”” വർഷയെയും കൊണ്ട് ശിവയുടെ അടുത്ത് ചെല്ലുമ്പോൾ അവൻ അതെ കിടപ്പ് കിടക്കുകയായിരുന്നു. “”ചേച്ചിയുടെ കാര്യം ശിവേട്ടനെ അറിയിക്കരുത് അറിഞ്ഞാൽ പ്രശ്നം ആവുന്നു എല്ലാവരും പറഞ്ഞു . പക്ഷേ എനിക്ക് തോന്നി ശിവേട്ടന്റ പ്രശ്നങ്ങൾക്ക് പരിഹാരം ആണ് ഈ കിടക്കുന്നത് ന്നു… ക്ക് തെറ്റീല ല്ലേ…”” “”ഇല്ല… നീയാ .. ശെരി..”” ഇന്ദുവിന്റ കൈ എടുത്തു അവന്റെ നെഞ്ചിൽ വച്ചു അവൻ.

“” എത്രയും പെട്ടെന്ന് എണീക്കണം ഇന്ദൂട്ടിയേ… എന്നിട്ട് എല്ലാരും കാണെ നമുക്ക് ഒന്നുടെ കെട്ടണം… ഒത്തിരി യാത്ര പോകണം… നഷ്ടമാക്കി കളഞ്ഞ സ്വപ്‌നങ്ങളുടെ മാളിക വീണ്ടും പുതുക്കി പണിയണം… പിന്നെ മരണം വരെ നിന്നെ ഇങ്ങനെ നെഞ്ചോട് ചേർക്കണം “” മുഖം അവളുടെ മുഖത്തോട് ചേർത്തു വച്ചു… കവിളിൽ നനവ് പടർന്നപ്പോൾ ഞെട്ടി പിടഞ്ഞേഴുന്നേറ്റു … നിറഞ്ഞൊഴുകുന്ന ഇന്ദുവിന്റെ കണ്ണുകൾ കണ്ടു ആഹ്ലാദത്തോടെ ഒച്ചയിട്ടു “”നോക്കമ്മേ…. എന്റെ ഇന്ദു കരയുന്നു… ഒക്കെ അറിയുന്നുണ്ട് അവൾ… ക്ക് ഉറപ്പാ… ഞാൻ വിളിച്ചാൽ വരാതിരിക്കാൻ ആവില്ല അവൾക്.. അവളുടെ കണ്ണുനീർ അവൻ കൈ കൊണ്ട് ഒപ്പിയെടുത്തു…ഇഴ പൊട്ടിയ സ്വപനങ്ങളുടെ ലോകം വീണ്ടും പുതുക്കി പണിതു. ഇന്ദു കണ്ണ് തുറക്കുന്ന നാളെയും കാത്ത് അവളെയും നെഞ്ചോട് ചേർത്തു കണ്ണടച്ച് കിടന്നു. അവസാനിച്ചു.

ഇന്ദീവരം: ഭാഗം 5

Share this story