ഒരുമ്പെട്ടോള്: ഭാഗം 16

ഒരുമ്പെട്ടോള്: ഭാഗം 16

എഴുത്തുകാരൻ: SHANAVAS JALAL

പോലീസ് ജീപ്പിൽ നിന്നും ഇറങ്ങിയ പ്രതിയെ കണ്ടതോടെ അറിയാതെ ഞാൻ ഭദ്രൻ എന്ന് പറഞ്ഞു പോയി . ഭദ്രൻ ആയിരുന്നോ അപ്പോൾ അമ്മുനെ രക്ഷിച്ചതെന്ന് നോക്കി നിൽക്കുന്നതിനിടക്കാണ് മാധ്യമ പ്രവർത്തകൻ പോലീസിനോടായി , എങ്ങനെയാണ് സാർ ഇത്ര പെട്ടെന്ന് പ്രതിയിലേക്ക് എത്തിയതെന്ന ചോദ്യവുമായി എത്തിയത് . ഇത് രണ്ട് ഗ്രുപ്പുകൾ തമ്മിലുള്ള സംഘടനം ആയിരുന്നോ എന്ന് പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു . അതിന് പ്രധാനമായും കാരണമായത് ഭദ്രന്റെ അച്ഛന്റെ ജ്വല്ലറി ജോലിക്കാരനായിരുന്ന ആദർശ് അവരിൽ നിന്നും മാറി പുതിയ ജ്വല്ലറി തുറക്കാൻ ശ്രമിച്ചതാണ് .

അതിന് കുറച്ചും കൂടെ ശക്തമായ തെളിവ് കിട്ടിയത്‌ കേരളത്തിലേക്ക് സ്വാർണ്ണം കടത്തുന്ന ഗോൾഡ് ഏജന്റുമാരായ ഡെൽഹിക്കാരുടെ ബോഡി കൂടി നമുക്ക്‌ കിട്ടിയത് കൊണ്ടാണ് . അത് കൂടാതെ ബോഡി കണ്ടെത്തിയ സ്ഥലം , ആദ്യം ഭദ്രനും കൂട്ടുകാരും ഒത്തുകൂടിയിരുന്ന സ്ഥലം കൂടിയാണ് , പുറത്തു നിന്ന് ഒരാൾക്ക്‌ അവിടെ എത്തുക എന്നത് ബുദ്ധിമുട്ടാണ് . അതാണ് അവരുടെ ഗാങിനെ ചുറ്റിപ്പറ്റി തന്നെ അന്വേഷണം നടത്തിയതെന്ന് പറഞ്ഞു തിരികെ ഭദ്രനെയും കൊണ്ട് പോലീസ് മടങ്ങി .. ഹാ മോൾ എപ്പോ വന്നു എന്ന അമ്മയുടെ ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത് , രാഹുലിനെ കണ്ടോ എന്ന അമ്മയുടെ വീണ്ടുമുള്ള ചോദ്യത്തിന് കണ്ടു എന്ന് മറുപടി പറഞ്ഞു .

അവനു ഇപ്പൊ നല്ല മാറ്റമുണ്ട് മോളെ . തള്ളെ എന്ന് വിളിച്ചിരുന്നവനാ ഇപ്പൊ അമ്മേയെന്ന വിളിക്കുന്നെ . മോളോട് വല്ലതും പറഞ്ഞോ അവൻ എന്നമ്മയുടെ വീണ്ടുമുള്ള ചോദ്യത്തിന് , ചെറുതായി ഒന്ന് ചിരിച്ചിട്ട് എന്നോടൊപ്പം ജീവിക്കണമെന്ന് പറഞ്ഞു എന്നെന്റെ വാക്ക് കേട്ടിട്ട് എന്നിട്ട് മോൾ സമ്മതിച്ചോ എന്ന് അമ്മ ചോദിച്ചത് .. അന്നത്തെ ആ ദേഷ്യം ഇപ്പോൾ ഇല്ല എന്നത് സത്യമാണ് , പക്ഷേ കൂടെ താമസിക്കാനൊന്നും എനിക്ക് കഴിയില്ല . എന്റെ ജീവിതം നശിച്ചാലും വേണ്ടില്ല രാഹുൽ ഇപ്പൊ ഒരു പുതിയ മനുഷ്യൻ ആയില്ലേ , അത് മതി . ഇനി അമ്മുവിനെ ജോലിക്ക് വിടാൻ കഴിയില്ല , വീണ്ടും എനിക്ക് ജോലിക്ക് പോകേണ്ടി വരും . അമ്മയെ ഒന്ന് കാണണം , ഇതൊക്കെ പറഞ്ഞിട്ട് പോകണം എന്ന് കൂടി കരുതിയിട്ടാണ് ഞാൻ ഇവിടെ വരെ വന്നതെന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നപ്പോൾ മോളോട് എനിക്ക് കുറച്ചു സംസാരിക്കാനുണ്ടെന്ന വാക്ക് കേട്ട് ഞാൻ തിരിഞ്ഞു നിന്നു ..

മോളുടെ ജീവിതം അവൻ നശിപ്പിച്ചു ശരിയാണ് . അതിന് ഇനി എത്ര ന്യായികരണം ഉണ്ടായാലും അവൻ ചെയ്തത് ശരിയാകുന്നില്ല . എനിക്ക് മോളോട് ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട് . കേട്ട് കഴിയുമ്പോൾ ചിലപ്പോൾ ഇപ്പൊ മോള്ക്കുള്ള വെറുപ്പും ദേഷ്യവുമൊക്കെ കുറയും എന്ന് എന്റെ മനസ്സ് പറയുന്നു . രാഹുലിന് നാളെ ഡിസ്ചാർജ്ജ് ആണ് . നമ്മുക്ക് ഒരുമിച്ചു വീട്ടിലേക്ക് പൊക്കൂടെ . ഒരുപാട് ഒന്നും വേണ്ട , രണ്ട് ദിവസം വീട്ടിൽ നിൽക്ക് , എന്നിട്ടും മോള്ക്ക് പൊരുത്തപ്പെടാൻ പറ്റുന്നില്ലെങ്കിൽ പിന്നെ അമ്മ ഈ വിഷയം പറയില്ലെന്ന് പറഞ്ഞപ്പോൾ മനസില്ല മനസ്സോടെ ഞാൻ സമ്മതിച്ചു … വീട്ടിലേക്ക് വിളിച്ചു അമ്മയോട് കാര്യങ്ങൾ പറയുന്നതിനിടയിൽ , വാർത്തയിൽ കണ്ടത് പറഞ്ഞപ്പോൾ ആദ്യം എന്റെ കൂട്ട് അമ്മക്കും വിശ്വാസമായില്ല ,

അല്ല മോളെ അങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ മുതലാളി നമുക്ക്‌ വഴി പറഞ്ഞു തരുമോ എന്ന അമ്മയുടെ സംശയം കേട്ട് , ആദർശ് അവിടെ നിന്ന് മാറിയെന്ന വാർത്തയിൽ പറഞ്ഞത് , പുറമെ ചിരിച്ചാലും പുതിയ ഒരു ജ്വല്ലറി തന്റെ സ്റ്റാഫ് തുടങ്ങുക എന്നൊക്കെ പറയുമ്പോൾ ഉള്ളിൽ എന്തായാലും ഒരു ദേഷ്യം ഉണ്ടാകില്ലേ . അതാകും നമ്മളെ അങ്ങോട്ട്‌ അയച്ചത് . പക്ഷേ അതിന് മുമ്പ് ഭദ്രൻ അവിടെ എത്തുമെന്ന് ചിലപ്പോൾ മുതലാളി അറിഞ്ഞു കാണില്ല .. നമ്മളെ ആളെയും കൂട്ടി പറഞ്ഞു വിട്ടിട്ട് ആദർശിനെ കൊല്ലിക്കാൻ ആയിരിക്കണം മുതലാളി വഴി പറഞ്ഞു തന്നത് , പേരിനു അമ്മുവിനെ രക്ഷിക്കാൻ നമ്മൊളൊടൊപ്പം നിന്നെന്നും ആയി . അതല്ല മോളെ എന്ന അമ്മയുടെ സംശയത്തിന്റെ കെട്ട്‌ അഴിക്കാൻ തുടങ്ങും മുന്നേ , ആദർശിന്റെ പുതിയ ജ്വല്ലറി എന്നത് ആയിരുന്നു വിഷയം ,

അല്ലാതെ അമ്മു അല്ല , എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ടാക്കിയപ്പോഴും ആ സമയത്ത് ഒരു പെണ്ണിനെ തനിച്ചു കിട്ടിയാൽ ഭദ്രൻ വെറുതെ വിടുമോ എന്നൊരു സംശയം എന്റെ മനസ്സിൽ തോന്നി തുടങ്ങിയിരുന്നു .. അമ്മയോടൊപ്പം താമസ സ്ഥലത്തേക്ക് ചെന്നു . മനസ്സ് അപ്പോഴും വീട്ടിൽ തന്നെയായിരുന്നു . ദാ മോളെ രാഹുലിന് എന്തോ പറയണമെന്നെന്ന് പറഞ്ഞു എനിക്ക് നേരെ ‘അമ്മ ഫോൺ നീട്ടി .. ദേവി എന്ന രാഹുലിന്റെ വിളിക്ക് ഹാലോ എന്ന് ഞാൻ മറുപടി നൽകി . എനിക്ക് പറ്റിയ തെറ്റിന്റെ ആഴം ഈ ബെഡിൽ കിടക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് . ലഹരിക്കൊപ്പം ജീവിച്ചപ്പോൾ ഞാൻ ഒരു മൃഗമായിരുന്നുവെന്നും മനസ്സിലായി . എനിക്ക് ഒരവസരം തന്നൂടെ ചെയ്തു പോയ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ എങ്കിലും എന്ന രാഹുലിന്റെ വാക്കുകൾക്ക് , എനിക്ക് ഉറങ്ങണം രാഹുൽ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്യാൻ തുനിഞ്ഞപ്പോഴേക്കും .

ന്റെ ജീവൻ കൊണ്ടേ ദേവിയുടെ ദേഷ്യം മാറുള്ളു എന്നുണ്ടോ . അതെ അങ്ങനെ തന്നെ മാറുള്ളു എന്നെന്റെ മറുപടിക്ക് , ശെരി എങ്കിൽ തന്റെ സന്തോഷം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ . നാളത്തെ സൂര്യോദയം കാണാൻ ഞാൻ ഉണ്ടാകില്ല , പോരെ എന്ന രാഹുലിന്റെ വാക്കിന് ആയിക്കോട്ടെ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു ….ഉറക്കത്തിലേക്ക് വീണു … രാഹുലിന്റെ ചുറ്റിനും ആളുകൾ കൂടി നിപ്പുണ്ട് , ‘അമ്മ വാ പൊത്തി ഇരുന്ന് കരയുന്നു . എനിക്ക് മാത്രം പ്രേത്യകിച്ചു ഒന്നും തോന്നുന്നില്ല . മരിക്കേണ്ടവൻ തന്നെയല്ലേ , മരിക്കട്ടെ . ആളുകൾ എന്നെ സഹതാപത്തോടെ നോക്കി പോകുന്നുണ്ട് , ഇനി ആരും കാണാനില്ലെങ്കിൽ ബോഡി എടുത്താലോ എന്ന ഒരാളുടെ ശബ്ദം കേട്ട് ‘അമ്മ വാവിട്ട് കരയുന്നുണ്ട് .

എന്റെ കുഞ്ഞിനെ കൊണ്ട് പോകരുതെന്ന് പറഞ്ഞു ‘അമ്മ ബോഡിക്ക് മുകളിലേക്ക് വീണെങ്കിലും ആരോ അമ്മയെ പിടിച്ചു മാറ്റി. എന്റെ മുന്നിലേക്ക് എത്തിയപ്പോൾ അവസാനമായി ഒന്നും കൂടി കാണാൻ വേണ്ടി മുഖത്തു നിന്നും അൽപ്പം തുണി മാറ്റി ,ഇപ്പോഴും കാണും പോലെ ആ കണ്ണുകൾ ഇപ്പോഴും തന്നോട് മാപ്പിരക്കുന്നത് പോലെ എനിക്ക് തോന്നി , താൻ ഒന്ന് ക്ഷമിച്ചിരുന്നുവെങ്കിൽ എനിക്കും നിങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിച്ചൂടായിരുന്നോ എന്ന് രാഹുൽ പറയുന്നത് എനിക്ക് വ്യക്തമായി കേൾക്കാൻ കഴിയുന്നത് പോലെ .

അത് വരെ തോന്നിയ വെറുപ്പൊക്കെ എന്നോട് തന്നെയുള്ള ദേഷ്യമായി മാറി . ശരിയായിരുന്നു ഇത്രത്തോളം താഴ്ന്നിട്ടും ഞാൻ ഒന്ന് ക്ഷെമിച്ചു കൊടുത്തിരുന്നെങ്കിൽ എന്നൊരു തോന്നൽ അത് വരെ അടക്കി വെച്ചിരുന്ന സങ്കടത്തോടൊപ്പം പുറത്തേക്ക് ഒഴുകി . ബോഡി എന്റെ മുന്നിൽ നിന്നും എടുത്തവർ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ, എന്തോ വിലപ്പെട്ട ഒന്ന് നഷ്ടമായവളെ പോലെ ഞാൻ അലറി കരഞ്ഞു . മോളെ , മോളെ എന്താ പറ്റിയെ എന്ന ‘അമ്മ എന്നെ ശക്തിയായി കുലുക്കി വിളിച്ചുണർത്തിയപ്പോളാണ് കണ്ടത് സ്വപ്നമായിരുന്നുവെന്ന് എനിക്ക് മനസ്സിലായത് … അപ്പോഴേക്കും രാഹുലിന്റെ നാളത്തെ സൂര്യോദയം കാണാൻ ഞാൻ ഉണ്ടാകില്ലെന്ന വാക്ക് എന്റെ ഓർമ്മയിലേക്ക് എത്തി . പെട്ടെന്ന് അമ്മയുടെ ഫോൺ വാങ്ങി രാഹുൽ വിളിച്ച നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും റിംഗ് തീർന്നത് അല്ലാതെ രാഹുൽ ഫോൺ എടുത്തില്ല .

ഈശ്വര എന്ന് വിളിച്ചു വെപ്രാളത്തോടെ ഒന്ന് രണ്ട് തവണ വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുക്കാത്തത് കണ്ടിട്ടാണ് , ഉറങ്ങുകയായിരുന്ന നേഴ്‌സിനെ വിളിച്ചു നൈറ്റ്‌ ഡ്യൂട്ടിക്കാരിയുടെ നമ്പർ വാങ്ങിയത് , വിളിച്ചു പെട്ടെന്ന് രാഹുലിന്റെ മുറിയിൽ ഒന്ന് നോക്കാമോ എന്നെന്റെ സംസാരത്തിലെ വെപ്രാളം കണ്ടിട്ടാകണം തിരിച്ചു ഒന്നും ചോദിക്കാതെ അവർ പെട്ടെന്ന് രാഹുലിന്റെ മുറിയിലേക്ക് ചെന്നത്. ഡോർ തുറക്കുന്ന ശബ്ദം കേട്ടിട്ട് അവർ രാഹുൽ എന്ന് വിളിച്ചപ്പോ ഒന്നും സംഭവിക്കല്ലേ ഈശ്വര എന്ന് ദൈവങ്ങളോട് മനമുരുകി പ്രാർത്ഥിക്കുകയിരുന്നു ഞാൻ …….. (തുടരും )

ഒരുമ്പെട്ടോള്: ഭാഗം 15

Share this story