പെയ്‌തൊഴിയാതെ: ഭാഗം 13

പെയ്‌തൊഴിയാതെ: ഭാഗം 13

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവൾ പറയുമ്പോൾ കാര്യമറിയാതെ തന്നെ ദിവാകരന്റെ തോളിലിരുന്നു കളിച്ച ശങ്കരിമോള് പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. ആരെയും ആകർഷിക്കുന്ന ഭംഗിയുള്ള മോണകാട്ടിയുള്ള പുഞ്ചിരി.. ********* ആ തന്റെ ക്ലാസ് കഴിഞ്ഞോ.. സ്റ്റാഫ് മീറ്റിങ്ങിന് വിളിച്ചിട്ടുണ്ട്.. ഗിരി പറഞ്ഞു.. ക്ലാസ്സിൽ നിന്നിറങ്ങുന്ന വഴി അത് കേട്ടതും വേദ വേഗം ഗിരിയോടൊപ്പം നടന്നു.. അവളുടെ അലസമായി ക്ലിപ്പ് ചെയ്തു വെച്ചിരുന്ന നീളൻ മുടി കാറ്റിൽ പാറി പറക്കുന്നുണ്ടായിരുന്നു.. അവൾ അവനൊപ്പം നടന്നു.. ഭംഗിയായി ഞൊറിഞ്ഞുടുത്ത കോട്ടൺ സാരിയും നെറ്റിയിലെ കുഞ്ഞു പൊട്ടും കുറിയും.. അതിനു മാറ്റ് കൂട്ടുന്ന അവളുടെ മൂക്കുത്തിയും.. കയ്യിൽ നെഞ്ചോടടക്കി പിടിച്ച പുസ്തകവും.. ശ്യാം മാറി നിന്ന് നോക്കുകയായിരുന്നു അവർ നടന്നു വരുന്നത്..

രണ്ടാളും തമ്മിൽ ഒന്നും സംസാരിക്കുന്നില്ല..പരസ്പരം നോക്കുന്നു കൂടിയില്ല.. പക്ഷെ അവരുടെ വരവ് അവനിലും ഒരു പുഞ്ചിരി വിരിയിച്ചു… അമ്മയ്ക്ക് എങ്ങനെയുണ്ട്.. അവൾ ചോദിച്ചു.. കുറച്ചു താമസമെടുക്കുമെടോ ശെരിയാകാൻ.. ഏതായാലും ഇന്ന് ഒരു ഹോം നേഴ്‌സ് വരും.. അച്ഛനോ ലേഖാമ്മായിയ്ക്കോ അമ്മയെ നോക്കാൻ പ്രയാസമാണ്.. ഞാൻ അവിടെ നിന്നാലും കാര്യമില്ലല്ലോ.. ജോലിക്ക് വരാതെ വീട്ടിലെ കാര്യങ്ങളും നടക്കില്ലല്ലോടോ.. അവൻ പറഞ്ഞു.. അവൾ തലയനക്കി.. നീ പോയില്ലേ.. ശ്യാം നോക്കി നിൽക്കുന്നത് കണ്ട് ഗിരി ചോദിച്ചു.. ഇല്ല വാ.. അവർ ഒന്നിച്ചു സ്റ്റാഫ് റൂമിലേയ്ക്ക് നടക്കുമ്പോൾ പലപ്പോഴും ഗിരിയുടെ കണ്ണുകൾ വേദയിൽ പതിഞ്ഞു.. അവളുടെ കണ്ണുകൾ.. പുഞ്ചിരിക്കുന്നുണ്ട് അവൾ…

ഇടയ്ക്കിടെ മുടി മാടി ഒതുക്കുന്നുണ്ട്.. കാണുന്ന കുട്ടികളോട് കഥ പറയുന്നുണ്ട്.. പക്ഷെ അവളുടെ കണ്ണുകൾ മറ്റെന്തിനെയോ മറയ്ക്കുന്നുണ്ട്.. ആ വിശദ ഭാവത്തിനുള്ളിൽ മൂടപ്പെട്ട എന്തൊക്കെയോ സത്യങ്ങൾ.. അവൻ ഓർത്തു.. വാ.. ശ്യാം വിളിച്ചതും അവർ ഒന്നുകൂടി വേഗത്തിൽ നടന്നു.. അപ്പോഴും സുഗന്ധമുള്ള ഒരിളം കാറ്റ് ആ വരാന്തയിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു.. *********** എങ്ങനെയുണ്ട് അമ്മേ.. ഗിരി സാവിത്രിയമ്മയ്ക്ക് അരികിൽ ചെന്നിരുന്നു.. അവൻ ചുറ്റും നോക്കി.. ആഴ്ച 2 കഴിഞ്ഞിരിക്കുന്നു അമ്മ ഈ മുറിയിൽ.. ജനാലയിൽ ഇട്ടിരിക്കുന്ന കർട്ടനിടയിലൂടെ വരുന്ന വെളിച്ചത്തിലും കണ്ടു അവരുടെ മെലിഞ്ഞ ശരീരം.. മരുന്നിന്റെയും തറ തുടയ്ക്കുന്ന പുൽ തൈലത്തിന്റെയും സമ്മിശ്ര ഗന്ധം അവന്റെ ശ്വാസത്തിൽ നിറഞ്ഞു..

അവൻ അവരെ നോക്കിയിരുന്നു.. എന്താ ഗിരീ.. സാവിത്രിയമ്മ ചോദിച്ചു.. എങ്ങനെയുണ്ട് പുതിയ ഹോം നേഴ്‌സ്… അവൻ ചോദിച്ചു.. കുഴപ്പമില്ല ഗിരീ.. പാവം ഒരു സ്ത്രീ.. സാവിത്രിയമ്മ പറഞ്ഞു.. അവൻ പുഞ്ചിരിച്ചു.. ഇപ്പൊ അഞ്ജുവും ലേഖയും ഒക്കെയുണ്ടല്ലോ.. അഞ്ചു കൂടി പോയി കഴിയുമ്പോഴാ ബുദ്ധിമുട്ട്… അവർ പറഞ്ഞു. അവൻ അവരുടെ കയ്യിൽ പിടിച്ചു.. ഒന്നുമില്ലെടാ.. നിനക്ക് കോളേജിൽ പോകേണ്ടേ.. ഇന്ന് അവധിയാണ് അമ്മേ.. അവൻ പറഞ്ഞു.. ഇപ്പൊ ദിവസോന്നും അറിയുന്നില്ല.. മോളെന്തിയെ.. അവർ ചോദിച്ചു.. അവിടെ ശ്രദ്ധമോൾടെ കൂടെയുണ്ട്. കളിയും ചിരിയുമായി നടക്കുവാ.. അവര് പോയി കഴിയുമ്പോൾ കാണാം.. പിന്നെയും കരച്ചിലാകുമോ എന്നാ പേടി. അവൻ പറഞ്ഞു.. മ്മ്. എന്ത് ചെയ്യാനാ.. അവർ പറഞ്ഞു.. ഗിരീ.. ഒട്ടൊരു നിശ്ശബ്ദതയ്ക്ക് ശേഷമാണ് അവർ അവനെ വിളിച്ചത്.. അവൻ അവരെ നോക്കി.. ശങ്കരിമോള്.. അവള് തീരെ കുഞ്ഞാ ഗിരീ.

ഇപ്പൊ അവൾക്ക് അത്യാവിശം ഒരമ്മയുടെ സ്നേഹവും കരുതലുമാണ്…ഈ പ്രായത്തിലുള്ള ഒരു കുഞ്ഞിന് അവളുടെ അമ്മയുടെ വാത്സല്യവും ചൂടും തണലും അത്യാവിശമാ.. ഇപ്പൊ അഞ്ജുവുണ്ട് മോൾക്ക് അമ്മയെപ്പോലെ.. പക്ഷെ അവര് കൂടെ പോയാൽ.. അമ്മയെന്താ ഉദ്ദേശിക്കുന്നത്.. ആർദ്ര.. അമ്മേ.. പ്ലീസ് ഗിരീ. ഞാൻ പറയട്ടെ.. ആർദ്രയെ പറ്റിയാണെങ്കിൽ വേണ്ട. ആ കാലം കഴിഞ്ഞുപോയി അമ്മേ.. ഞാൻ നിങ്ങളോട് പറഞ്ഞില്ല എന്നേയുള്ളു.. ആർദ്ര പോയി… യു എസിലേക്ക്.. അവിടെ ഒരു ഫേമസ് ന്യൂസ് ചാനലിൽ.. ഡസ്കിലേയ്ക്ക് തന്നെ.. അവളുടെ ആഗ്രഹങ്ങളിലേയ്ക്ക് അവൾ പറന്നുയരുകയാണ്.. അതിനിടയിൽ എന്റെ മോൾക്ക് വേണ്ടി ഇനിയും പോയി അവളുടെ കാലു പിടിക്കാൻ എനിക്ക് വയ്യമ്മേ. അവൾ വരില്ല. അത്ര ഉറപ്പിച്ചെടുത്ത തീരുമാനമാണ് അവളുടേത്..

അവളൊരു അമ്മയല്ലേ . അമ്മയ്ക്കെന്താ.. അവളും ഒരമ്മയാണ്. അങ്ങനെ വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നെങ്കിൽ അത് തോന്നേണ്ടത് ഒറ്റ മാസം പ്രായമായ ഒരു പൊടികുഞ്ഞിനെ ഉപേക്ഷിച്ചവൾ പോയപ്പോഴായിരുന്നു അവർക്കത് തൊന്നേണ്ടത്.. പക്ഷെ അന്നും അവൾക്ക് എന്റെ മോളൊരു വീക് പോയിന്റ് അല്ലായിരുന്നു.. ആയിരുന്നുവെങ്കിൽ എന്റെ മോൾക്ക് മുലപ്പാൽ പോലും അവൾ നിഷേധിക്കില്ലായിരുന്നു… എങ്കിൽ നിനക്ക് മറ്റൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചൂടെ ഗിരീ.. അമ്മേ പ്ലീസ്. ലൈഫിൽ ഒരു വലിയ പ്രതിസന്ധി തന്നെയാണ് ഞാൻ നേരിടുന്നത്.. അമ്മയ്ക്ക് ഞാൻ പ്രത്യേകിച്ചു പറഞ്ഞുതരണോ ഞാനിപ്പോ അനുഭവിക്കുന്ന സ്‌ട്രെസ്.. ഈ ഒരവസരത്തിൽ ഞാൻ ചിന്തിക്കുന്നത് ഒരുപാട് കാര്യങ്ങളാണ്. അതിലൊരിടത്തും ഒരു വിവാഹം എന്ന കാര്യം ഇല്ല.. ഗിരി പറഞ്ഞു . സാവിത്രിയമ്മയുടെ കണ്ണു നിറഞ്ഞു.. നിന്നെ മനസിലാകാഞ്ഞിട്ടല്ല ഗിരീ. ഞാൻ.

ഞാൻ മോളെ മാത്രമേ ഓർത്തുള്ളൂ.. ഞാനും ഇപ്പൊ കിടപ്പിലാ.. അഞ്ചു പോകും. പിന്നെ ഉള്ളത് ലേഖയാണ്.. അവൾക്കും വയ്യ… മോളെ എത്ര അവൾക്ക് കെയർ ചെയ്യാൻ പറ്റുമെന്നും അറിയില്ല.. ഇനിയിപ്പോ ദിവാകരന്റെയും നിന്റെയും അച്ഛന്റെയും കാര്യം കൂടി അവളുടെ തലയിൽ ആകില്ലേ..സാരമില്ല…. പോട്ടെ. അമ്മേടെ കുട്ടി ചെല്ലു.. അവർ പറഞ്ഞു.. ഗിരി കുനിഞ്ഞവരുടെ കൈകളിൽ മുത്തി.. വളരെ പതിയെ. അവർ പുഞ്ചിരിച്ചു. അവനും..അത് ചിലരുടെ മാത്രം പ്രത്യേകതയാണ്.. അവരുടെ വേദനയ്ക്കിടയിലും പുഞ്ചിരിക്കാൻ കഴിയുക എന്നത്… ********* അമ്മായി.. അഞ്ചു ശങ്കരി മോളേയും എടുത്ത് സാവിത്രിയമ്മയുടെ അരികിൽ ചെന്നിരുന്നു.. പോവാ അല്ലെ.. സാവിത്രിയമ്മ ചോദിച്ചു.. അമ്മൂമ്മേ.. അപ്പോഴേയ്ക്കും ശ്രദ്ധമോളും വന്നിരുന്നു.. എന്നാ ഗൾഫിലേക്ക് പോകുന്നേ..

മറ്റന്നാൾ.. അവൾ പറഞ്ഞു.. മ്മ്. ശരത്ത്.. ഇങ്ങോട്ട് എന്റെ കൂടെ വന്നതാ.. അതിനിടെ അച്ഛൻ വിളിച്ചു.. അവൾ പറഞ്ഞു.. സാവിത്രിയമ്മ അവളുടെ നെഞ്ചിലേക്ക് മുഖം പൊത്തി കിടക്കുന്ന മോളെ ഒന്നു നോക്കി.. മരുന്നൊക്കെ കൃത്യമായി കഴിക്കണം.. ഇങ്ങനെ കിടന്നാൽ പോരാട്ടോ. വേഗം എഴുന്നേറ്റ് പഴയപോലെ നടക്കണം കേട്ടോ.. അഞ്ചു പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു.. അമ്മായീ.. അപ്പോഴേയ്ക്കും ശരത്തും കയറി വന്നിരുന്നു.. ഇറങ്ങിയോ… അവർ ചോദിച്ചു.. മ്മ്.. ഞങ്ങൾ ഒരു 6 മാസം കഴിയുമ്പോ വരാൻ നോക്കാം.. അതിനാണ് ഇപ്പൊ നോക്കുന്നത്. അപ്പോഴേയ്ക്ക് പഴയപോലെ മിടുക്കി കുട്ടിയായി ഓടി നടക്കണം കേട്ടോ.. ശരത്ത് സാവിത്രിയമ്മയെ തഴുകി കുസൃതിയായി പറഞ്ഞു.. ശ്രദ്ധമോളെ.. ഇങ്ങു വാ.. സാവിത്രിയമ്മ അവളെ അടുത്തേയ്ക്ക് വിളിച്ചു.

അവൾ അടുത്തേയ്ക്ക് ചെന്നതും തലയിണയ്ക്ക് അടിയിൽ നിന്നും ചുരുട്ടി വെച്ചിരുന്ന 2000ത്തിന്റ നോട്ട് എടുത്തവളുടെ കയ്യിൽ ഏൽപ്പിച്ചു.. ഇപ്പൊ മുത്തശ്ശിയുടെ കയ്യിൽ ഇതേയുള്ളൂ. ന്റെ കുട്ടി പഠിച്ചു മിടുക്കിയായി വരണം കേട്ടോ.. സാവിത്രിയമ്മ പറയുമ്പോൾ അവരുടെ വാക്കുകൾ ഇടറിയിരുന്നു.. എന്തിനാ അമ്മായി കാശൊക്കെ.. ഇത് ഞാനെന്റെ കുട്ടിക്ക് കൊടുത്ത സമ്മാനമായി കണ്ടാൽ മതി.. സാവിത്രിയമ്മ തീർത്തും പറഞ്ഞു.. യാത്ര പറയുവാനായി ശങ്കറിന്റെ അടുത്തു ചെന്നപ്പോഴും ആ മുഖത്തെ സങ്കടം അഞ്ചു ശ്രദ്ധിച്ചിരുന്നു.. സദാ ഗൗരവം അണിഞ്ഞിരുന്ന ആ മുഖത്തിപ്പോൾ ബലമില്ലാത്ത ഏതോ മനുഷ്യന്റെ ഭാവമാണ്.. അദ്ദേഹം ശ്രദ്ധമോളുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു.. ലേഖ അന്ന് മുഴുവൻ കരച്ചിൽ തന്നെ ആയിരുന്നു.. ദിവാകരനും മൗനമായിരുന്നു..

ഗീതയും വേദയും വേദനയോടെ അവർക്ക് യാത്ര നൽകിയപ്പോൾ തന്റെ ഏറ്റവും വലിയ തണൽ നഷ്ടപ്പെടുന്നതോർത്തു പിടയുന്ന മനസ്സോടെ ഗിരിയും അവർക്ക് യാത്ര നൽകി.. അപ്പോഴും ശങ്കരി മോള് അഞ്ജുവിന്റെ മാറിൽ മുഖം പൂഴ്ത്തി കിടക്കുകയായിരുന്നു.. വാടാ.. ഗിരി എടുക്കാൻ ശ്രമിച്ചതും ചിണുങ്ങിക്കൊണ്ട് അവൾ ഒന്നുകൂടി അഞ്ജുവിന്റെ മാറിലേക്ക് മുഖം പൂഴ്ത്തി.. ഗിരി നിസ്സഹായമായി അഞ്ജുവിനെ നോക്കി.. അഞ്ജുവിനെ നഷ്ടപ്പെടുമെന്ന തോന്നലിൽ ആകണം.. അവൾ വല്ലാതെ വാശി കാണിക്കുന്നുണ്ടായിരുന്നു.. ചക്കരെ.. അവള് പോട്ടെടാ. മോനിങ്‌ വാ.. ലേഖ വിളിച്ചു നോക്കി… അവൾ നോക്കിയതെയില്ല.. അപ്പോഴാണ് വേദ വന്നത്. ഗിരിയുടെ ധർമ്മസങ്കടം കണ്ടതും വേദ ചെന്ന് മോൾക്ക് നേരെ കൈനീട്ടി.. വായോ.. വേദ ഒന്നു വിളിച്ചതും അവൾ വേദയുടെ കയ്യിലേക്ക് ചാടി..

ഇനി നിൽക്കേണ്ട. അവൾ വഴക്ക് തുടങ്ങും. ദിവാകരൻ പറഞ്ഞതും അഞ്ചു കണ്ണുനീർ തുടച്ചു കാറിലേക്ക് കയറി.. കാർ മുൻപോട്ട് പോകുമ്പോൾ കണ്ണുനീർ തുടച്ചു അഞ്ചു അവരെ നോക്കുന്നുണ്ടായിരുന്നു.. നിശബ്ദം അവളുടെ അമ്മ മനം തേങ്ങുന്നുണ്ടായിരുന്നു. അപ്പോഴും ശങ്കരിമോളുടെ ചൂട് അവളുടെ മാറിൽ നിലനിൽക്കുന്നുണ്ടായിരുന്നു.. അവർ യാത്ര പോകുന്നതും നോക്കി നിന്ന ഓരോ കണ്ണിലും കണ്ണുനീർ മൂടുന്നുണ്ടായിരുന്നു.. അമ്മായി എപ്പോഴാ പോകുന്നേ.. മറ്റന്നാൾ അല്ലെ അവര് പോകുന്നത്.. ഗിരി ചോദിച്ചു.. വൈകീട്ട് പോകാം.. അവര് പോകുന്നത് കാണുമ്പോ നെഞ്ചു പൊടിയുവാ.. അതാ ഞാൻ.. ലേഖ കണ്ണു തുടച്ചു.. മക്കൾ വലുതാകുമ്പോ അവരുടെ ജീവിതം അവർക്ക് ജീവിക്കേണ്ടേ.. നമ്മൾ അത് അക്സപ്റ്റ് ചെയ്യണം . അതാണ് സത്യത്തിൽ ജീവിതത്തിലെ ഒരു വലിയ സമസ്യയും..

ഗീത ചെറു ചിരിയോടെ പറഞ്ഞതും വേദയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പോയി.. വയസ്സാം കാലത്ത് മക്കളുടെ സ്നേഹവും കേയറിങ്ങും ഒക്കെ കിട്ടേണ്ട സമയത്ത്‌ അവർ അവരുടെ ജീവിതവും നോക്കി പോകും.. അപ്പൊ അവരെ ആവോളം സ്നേഹിച്ചു വളർത്തിയ നമ്മളൊക്കെ ഇങ്ങനെ ആകും.. ലേഖ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു.. അത് മാത്രമല്ല. തിരിച്ചും ചിന്തിക്കാം. ആയ കാലത്ത് മക്കളെ പോലും അപേക്ഷിച്ചു സ്വന്തം വാശിക്ക് വേണ്ടി ജീവിക്കുന്നവരും ഉണ്ട്.. ശങ്കർ പറഞ്ഞത് ഗിരിയെ നോക്കിയായിരുന്നുവെങ്കിലും ഗീതയുടെ മുഖത്തെ പുഞ്ചിരി മാറി.. അവർ വേദയെ പാളി നോക്കി . അവൾ മറ്റൊന്നും ശ്രദ്ധിക്കാതെ ശങ്കരിയെ കളിപ്പിക്കുകയായിരുന്നു.. ഗിരിയും മറ്റേതോ ലോകത്തായിരുന്നു.. വേദനയുടെ മറ്റേതോ ലോകത്ത്.. ***

ആ.. വാ തുറന്നേ.. ആ.. ഗിരി പുറത്തേക്കിറങ്ങി വന്നതും പുറത്ത് അച്ഛനൊപ്പം മോളുമായി പുറത്തിരിക്കുന്ന വേദയെ കണ്ടു.. അവൾ മടിയിൽ മോളെ വെച്ചിട്ടുണ്ട്. കുറുക്ക് ചെറിയ സ്പൂണിൽ കോരി അവൾ മോൾക്ക് കൊടുക്കുന്നുണ്ട്. കഥയൊക്കെ പറഞ്ഞു തലയാട്ടി ആണ് അവൾ കുഞ്ഞിന് ആഹാരം കൊടുക്കുന്നത് . ഗിരി അവളെ നോക്കി നിന്നുപോയി.. ആരാണവൾ.. അങ്ങനെ ചോദിച്ചാൽ ആരുമല്ല.. പക്ഷെ ഇന്ന് തന്റെ കുടുംബത്തിന്റെ വലിയൊരു ബലമാണ് അവൾ.. ആ നീ വന്നോ.. ഞാൻ സാവിത്രിയ്ക്ക് ആ കൊച്ചു മരുന്ന് കൊടുത്തോന്ന് നോക്കിയിട്ട് വരാം.. അതും പറഞ്ഞു ശങ്കർ അകത്തേയ്ക്ക് പോയി. വേദ അവനെ നൊന്നു നോക്കി.. ശേഷം മോൾക്ക് വീണ്ടും ആഹാരം കൊടുത്തു.. താൻ.. തനിക്ക് ബുദ്ധിമുട്ടായി അല്ലെ.. ഗിരി അവൾക്കരികിൽ ചെന്നിരുന്നു.. ഹേയ്..

ഇതൊക്കെ ആണോ ബുദ്ധിമുട്ട്.. അവൾ ചെറു ചിരിയോടെ പറഞ്ഞു… താൻ ഇങ്ങനെ മോളുമായി അടുക്കുന്നത് എനിക്ക് പേടിയാടോ.. ഗിരി പുറത്തേയ്ക്ക് നോക്കിയാണ് പറഞ്ഞത്. അത് കേട്ടതും വേദയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.. എപ്പോഴും തോന്നാറുണ്ട്.. എന്റെ മോൾക്ക് അമ്മയുടെ സ്നേഹം വിധിച്ചിട്ടില്ല എന്ന്.. അവൾക്ക് പെറ്റമ്മയുടെ സ്നേഹം ആദ്യമേ നഷ്ടപ്പെട്ടു.. പിന്നെ അഞ്ജുചേച്ചി.. ഇനി താൻ കൂടെ ഇവിടുന്നു പോയാൽ.. അത് ചിലപ്പോ എന്റെ മോളുടെ മനസ്സിനൊരു മുറിവാകും.. അവൾ വളർന്നു വരുന്ന പ്രായമാണ്..ഈ പ്രായത്തിൽ അവളുടെ മനസ്സിനേൽക്കുന്ന മുറിവുകൾ ചിലപ്പോ വളർന്നു വരുന്ന അവളുടെ മനസ്സിനെയും ബാധിക്കും.. പേടിയാടോ.. സത്യം.. ഗിരി വേദനയോടെ പറഞ്ഞു.. അവൾ മോൾക്ക് കുറുക്ക് നൽകി കഴിഞ്ഞിരുന്നു..

അവൾ എഴുന്നേറ്റ് പോയി മോളുടെ നനഞ്ഞ ഉടുപ്പ് മാറ്റി വായ കഴുകിച്ചു ഗിരിക്ക് നൽകി.. പേടിക്കേണ്ട സർ.. ഞാൻ കാരണം മോൾക്ക് ഒരു വേദനയും ഉണ്ടാകില്ല..ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.. എവിടെയൊക്കെയോ സ്നേഹം കൊതിച്ചുപോകുന്ന ഒരു മനസ്സുണ്ട് എനിക്ക്. അതിന്റെ കുഴപ്പമാണ്. സാരമില്ല..പോട്ടെ.. ഗിരിയുടെ മുഖം മങ്ങിയിരുന്നു.. ആ കണ്ണുകളിലെ നനവ് അവൻ കണ്ടിരുന്നു . അവൾക്കെന്തോ പറയുവാനുള്ളതുപോലെ അവനു തോന്നി.. പക്ഷെ ഒരു നിമിഷം കൊണ്ടവൾ പുഞ്ചിരിയോടെ അവന്റെ മുൻപിൽ നിന്നൊഴിഞ്ഞു മാറി.. കണ്ണുനീരോടെ.. ആ കണ്ണുനീർ അവന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയോ ചെറു നോവുണർത്തുന്നുണ്ടായിരുന്നു…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 12

Share this story