ശിവഭദ്ര: ഭാഗം 1

ശിവഭദ്ര: ഭാഗം 1

എഴുത്തുകാരി: ദേവസൂര്യ

“”മിഴിച്ചു നോക്കി നിൽക്കാതെ… വീട്ടിൽ പോവാൻ നോക്കടി ഉണ്ടക്കണ്ണി…. “” കയ്യിലെ വാർന്നൊഴുകുന്ന ചോര മറുകയ്യാൽ പിടിച്ചു കൊണ്ട് പറയുന്നവനെ… പേടിയോടെ നോക്കുമ്പോൾ ആണ്… അയാൾ തനിക്ക് നേരെ അലറിയത്…അപ്പോളേക്കും അയാൾക്ക് നേരെ വേറെ ആരൊക്കെയോ അടിക്കാനായി വന്നതും…അയാളെ തല്ലി മറിച്ചിടുന്നതും കണ്ടു…. “”ഭദ്രേ… വന്നേ നീയ്… നമുക്ക് പോവാം…ഇല്ലേൽ നമ്മളും തല്ല് കൊണ്ട് ചാവും… “” ശ്രീ പറഞ്ഞപ്പോളും… അടികൊണ്ട് തളരുന്ന അയാളെ തന്നെ നോക്കി…ഇടക്ക് അയാൾ എഴുന്നേറ്റ്… തിരിച്ചടിക്കുന്നത് കണ്ടപ്പോളും പിടപ്പോടെ അയാളുടെ വെട്ട് കൊണ്ട് കയ്യിലേക്കാണ് നോട്ടം ചെന്ന് നിന്നത്…. “”ഏയ്യ് ശിവ….അടിയെടാ അവനെ….””

മറ്റൊരുവൻ അയാളുടെ കയ്യിലേക്ക് വലിയ വടി എറിഞ്ഞു കൊടുക്കുമ്പോളും പകപ്പോടെ ആ മുഖത്തേക്ക് നോക്കി നിൽക്കുകയായിരുന്നു…. തായമ്പകവും ചെണ്ടമേളവും നടക്കുന്നതിനിടയിൽ ആവേശത്തോടെ കാണാനായി വന്നതായിരുന്നു…ആരോ തന്നെ മുട്ടിയുരുമ്മുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കിയതേ ഓർമയുള്ളു… ഒരുവനെ അയാൾ നിലത്തേക്ക് മറിച്ചിട്ടു… പൊടിപാറും വിധം… അവന്റെ കൈകളും കാലുകളും തല്ലിയൊടിച്ചു…പെട്ടെന്നെവിടെന്നോ വന്നൊരു വാൾ മൂർച്ചയിൽ അയാളുടെ കൈയ്യിൽ ചോര പൊടിയുന്നത് കണ്ടു… “”ഭദ്രേ… ഭദ്രേ… ഡീ… “” ശ്രീയുടെ അലർച്ചയിൽ ആണ് പെട്ടെന്ന് ബോധത്തിലേക്ക് വന്നത്…

“”എ… എന്താ ശ്രീ… “” പതർച്ചയോടെ അവളെയൊന്ന് നോക്കി… “”പൂരപ്പറമ്പിൽ നടന്നതൊന്നും ഇനി മുത്തശ്ശനോട് പോയി വിളമ്പാൻ നിൽക്കണ്ട.. കേട്ടോ… അല്ലേലെ… മേജർ വർമക്ക് വീടിന്റെ വെളിയിലേക്ക് ഇറങ്ങുന്നത് കണ്ണിൽ പിടിക്കില്ല… ഇനി ഇതൂടെ അറിഞ്ഞാൽ പൊന്ന് ഭദ്രേ… നീ നാളെയങ്ങ് പോവും… പിന്നെ എങ്ങോട്ടും വിടില്ല അങ്ങേര്…”” ശ്രീയുടെ വാക്കുകൾ കേൾകുന്നുണ്ടെങ്കിലും.മനസ്സിൽ മുഴുവൻ ആ താടിക്കാരൻ ആയിരുന്നു…. കൂട്ട് പുരികനും ഗൗരവം നിറഞ്ഞ മുഖവും… രക്തമൊഴുകുന്ന കൈകളും… “”ഡീ… നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ??… “” ശ്രീയുടെ അലർച്ച കേട്ടതും ഞെട്ടലോടെ അവളെ നോക്കി കണ്ണുരുട്ടി… “”അമ്മയും അമ്മാവന്മാരും മുത്തശ്ശനും ഒന്നും അറിയില്ല പോരെ നിനക്ക്… “” ശ്രീയെ നോക്കി ദേഷ്യത്തോടെ പറഞ്ഞപ്പോൾ…

ശ്രീ അവളെ നോക്കി ചുണ്ട് പിളർത്തി… “”നീ പറയുന്നത് കേട്ടാൽ തോന്നൂല്ലോ…ഞാൻ അങ്ങേരെ കൂലിക്ക് തല്ലാൻ വിട്ടതാ എന്ന്…പൂരപ്പറമ്പ് ആവുമ്പോൾ അങ്ങനെ പലതും ഉണ്ടാവും…നമ്മൾ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞു നടക്കുക…ഇല്ലേൽ അവറ്റോൾ ഭിത്തിയിൽ ഒട്ടിക്കും…”” ശ്രീയുടെ പറച്ചിൽ കേട്ടപ്പോൾ അറിയാതെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… അമ്മാവന്റെ മോളാണ് ശ്രീ എന്ന ശ്രീലക്ഷ്മി..ആൾ തന്നെപോലെ എന്താടിന്ന് ചോദിച്ചാൽ കരഞ്ഞു വിളിക്കുന്ന ടൈപ്പ് അല്ല…പക്ഷെ ഞാൻ എന്ന് പറഞ്ഞാൽ ജീവനാണ്…തന്റെ കണ്ണൊന്ന് നിറഞ്ഞാൽ ആൾക്ക് സഹിക്കാൻ കഴിയില്ല….അവളാണ് ചെറുപ്പം മുതൽക്കേ ഉള്ള തന്റെ കളികൂട്ടുകാരി…അവൾ ഉള്ളത് കൊണ്ട് മാത്രമാണ്…

ആർക്കും വേണ്ടാഞ്ഞിട്ട് പോലും…അമ്മാത്തേക്ക് ഇടക്കിടക്ക് വരുന്നത്…പ്രണയവിവാഹമായിരുന്നു അച്ഛന്റെയും അമ്മയുടെയും…അത്കൊണ്ട് തന്നെ…മുത്തശ്ശനും കാരണവന്മാർക്കും ആ ബന്ധം ഇഷ്ടമല്ലായിരുന്നു…അമ്മയുടെ നിർബന്ധത്തിനാണ് അച്ഛനെ വിവാഹം ചെയ്ത് കൊടുത്തത്…ആരും കണ്ടാലും കൊതിച്ചു പോവുന്ന കുടുംബജീവിതം….അതായിരിക്കും തങ്ങളുടെ കുടുംബം…രുദ്രേട്ടനും താനും ഉണ്ടായി കുറച്ചു കഴിഞ്ഞപ്പോളായിരുന്നു പ്രശ്നങ്ങളുടെ തുടക്കം…പലിശയും കടവും കേറി കിടപ്പാടം പോകും എന്ന് തോന്നിയപ്പോളാണ് എന്ന് തോന്നുന്നു…അച്ഛനെ പിന്നെ ആരും കണ്ടിട്ടില്ല…””കടം കേറി നാട് വിട്ടവന്റെ കുടുംബം “”

എന്ന തലക്കെട്ടോടെയാണ് പിന്നീട് അറിയപ്പെട്ടത്… അതോടെ അമ്മാത്തെ സ്നേഹനിധികളായ അമ്മാവന്മാരുടെയും ചെറിയച്ഛന്മാരുടെയും മുഖകറുപ്പ് കൂടുന്നതറിഞ്ഞു…ഒളിഞ്ഞും തെളിഞ്ഞും അമ്മയെ പറയുന്നത് തങ്ങളും കേൾക്കാറുണ്ട്…അതുകൊണ്ട് തന്നെ രുദ്രേട്ടന് ഇവിടേക്ക് വരുന്നത് ഇഷ്ട്ടമല്ല… അമ്മയോട് ചോദിക്കുമ്പോൾ..അമ്മച്ചനെ കാണാതെ ഇരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു കരയും പാവം…അമ്മച്ചനും അങ്ങനെ തന്നെയാണ്….വല്യ വീരശൂരപരാക്രമിയായ മേജർ വർമ…മുട്ടുകുത്തിയിട്ടുള്ളതും അമ്മക്ക് മുൻപിൽ മാത്രമാണ്…അത്രയേറെ ഇഷ്ട്ടമാണ് അമ്മയെ… “”ഡീ എന്നാലും ആ ചേട്ടൻ കൊള്ളായിരുന്നു ല്ലേ….”” ശ്രീയുടെ വാക്കുകൾ ആണ് ചിന്തയിൽ നിന്ന് വിടുവിച്ചത്…സംശയത്തോടെ അവളെ നോക്കുമ്പോൾ…ആള് വെളുക്കനെ ചിരിച്ചു കൊണ്ട് പറഞ്ഞു….

“”ആ താടി ചേട്ടൻ….”” “”ഉവ്വാ…അവിടെ നിന്നിരുന്നുവെങ്കിൽ കുറച്ചേറെ കൊള്ളുമായിരുന്നു… മനുഷ്യന്റെ ദേഹത്ത് നിന്ന് വിറയൽ ഇപ്പോളും വിട്ട് മാറിയിട്ടില്ല….ഇനിയിത് വല്ല പോലീസ് കേസ് ആവുമോ ന്നാണ് എന്റെ പേടി…”‘ “”ഏയ്യ്…നീ വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ ഇരിക്കുന്നുണ്ടോ….ഇത് വല്യ പ്രശ്നം ആവുക ഒന്നുമുണ്ടാവില്ല…അമ്പലപ്പറമ്പിൽ തല്ലുണ്ടാവുന്നത് ആദ്യമായൊന്നുമല്ലല്ലോ….നീയായിട്ട് ഇനി ആരോടും പറയാൻ നിൽക്കണ്ട..കേട്ടല്ലോ…”” ശ്രീയുടെ പറച്ചിൽ കേട്ടപ്പോൾ…അടക്കിപ്പിടിച്ച ചിരി പൊട്ടി..വല്യ ധൈര്യശാലിയാണ്…ചിലനേരങ്ങളിൽ ഇങ്ങനെയും…..തന്റെ ചിരി കണ്ടപ്പോൾ അവളും വെളുക്കനെ ഒന്ന് ചിരിച്ചു…. 🖤❤🖤❤

“”മുത്തശ്ശന്റെ ഭദ്രമോൾക്ക് ഇന്ന് തന്നെ പോണോ….രാവിലെ പോയാൽ പോരെ ഇതിപ്പോ സന്ധ്യയായില്ലേ….”” വീട്ടിൽ എത്തിയപ്പോൾ…ആണ് അമ്മ പറയുന്നത് ഏട്ടൻ വിളിച്ചിരുന്നുത്രെ…വേഗം ഒരുങ്ങി നിന്നോളാൻ…ഏട്ടൻ കൂട്ടാൻ വരുമെന്ന്…അമ്മ എന്തെങ്കിലും പറയുന്നതിന് മുൻപേ ഫോൺ വച്ചിരുന്നു ത്രെ…അല്ലെങ്കിലും ഏട്ടൻ അങ്ങനെയാണ്… വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരൻ…ഏട്ടന്റെ പ്രണയവിവാഹം ആയിരുന്നു… ദേവിക ഏടത്തി…ഒരു പാവം നാട്ടിൻപുറംകാരി പെണ്ണ്…എന്റെ സ്വന്തം ദേവുവേച്ചി….ഒരു ഏടത്തി അമ്മക്ക് പകരം എന്നും ചേച്ചിയെ പോലെ കൂടെയുണ്ടായിരുന്നവൾ…ഏട്ടന്റെ ജീവനും ജീവിതവും എല്ലാം ഏടത്തി ആയിരുന്നു…

രണ്ടുപേരും മത്സരിച്ചു സ്നേഹിക്കുന്നത് ദൈവത്തിനു ഇഷ്ട്ടായി കാണില്ല എന്ന് തോന്നുന്നു…തുടർച്ചയായുള്ള തലവേദന കാരണം ടെസ്റ്റ്‌ ചെയ്തതാ ബ്രെയിൻ ട്യുമൗർ ആയിരുന്നു ത്രെ….അവസാന നാളുകളിൽ ആണ് കണ്ടുപിടിച്ചത്…ഏടത്തിയുടെ മരണത്തോടെ ഏട്ടൻ ആകെ തകർന്നിരുന്നു.അന്ന് മുതലാണ് ഏട്ടൻ മദ്യത്തിന് അടിമയായത്….ഇപ്പൊ കുറച്ചായി ആരോടും അങ്ങനെ മിണ്ടാറില്ല…രാവിലെ പോയാൽ പിന്നെ വൈകിട്ട് നാല് കാലിൽ ആവും വരുന്നത്… ഒരിക്കൽ ദേഷ്യവും സങ്കടവും സഹിക്ക്യ വയ്യാതെ കുടിച്ചു ജീവിതം നശിപ്പിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ…അന്നാദ്യമായി ഏട്ടൻ കരയുന്നത് കണ്ടു….അവളില്ലാതെ പറ്റുന്നില്ല എന്ന് പറഞ്ഞു പൊട്ടികരഞ്ഞു…

വേറെ ഒരു വിവാഹത്തിനായി അമ്മ ഒരുപാട് ഉപദേശിച്ചു…താനും കരഞ്ഞു പറഞ്ഞു….പക്ഷെ ഏട്ടന്റെ വാക്കുകളിൽ നിന്നും എത്ര തീവ്രമായിരുന്നു അവരുടെ പ്രണയമെന്ന് അറിയുകയായിരുന്നു…ആ ഷോക്കിൽ നിന്നുള്ള മോചനമാണ് മദ്യത്തിലുള്ള ഈ അടിമത്തം…. അമ്മാത്ത് നിന്നിറങ്ങുമ്പോൾ…തങ്ങളെ നോക്കി നിൽക്കുന്ന ശ്രീയെയും മുത്തശ്ശനെയും നോക്കി കൈ വീശി കാണിച്ചു…തങ്ങളെ സ്നേഹിക്കുന്ന ആ രണ്ടു പേരിൽ ഒഴിച്ചാൽ ബാക്കിയുള്ളവരിൽ നിറഞ്ഞു നിൽക്കുന്നത് പുച്ഛം മാത്രമാണ് എന്നറിയാമായിരുന്നു…. ഓട്ടോ ദൂരെ മറയുമ്പോളും…കഴിഞ്ഞു പോയ ശ്രീയോടൊപ്പമുള്ള ദിവസങ്ങൾ മനസ്സിലേക്ക് ഓടിയെത്തി…പൂരപ്പറമ്പും…ചെണ്ടമേളവും ഒപ്പം…ആ കട്ട താടിയും…ചുവന്ന കണ്ണുകളും മനസ്സിലേക്ക് വന്നു… അയാളെ പറ്റി ആലോചിച്ചതും പേടിയോടെ കണ്ണുകൾ ഒന്ന് പിടച്ചു… 🖤❤🖤

കണ്ണ് തുറക്കുമ്പോൾ കറങ്ങുന്ന ഫാൻ മാത്രമാണ് കണ്ടത്….പിടപ്പോടെ ചുറ്റുമൊന്ന് നോക്കി…അടുത്തായി അമ്മയും ഏട്ടനും ഇരിക്കുന്നുണ്ട്….ഏട്ടൻ എന്തൊക്കെയോ ദേഷ്യത്തിൽ അമ്മയോട് പറയുന്നുണ്ട്…. ഇന്നലെ രാത്രി വീട്ടിൽ വന്ന് കേറി…കട്ടിലിൽ പോയി കിടന്നത് മാത്രമേ ഓർമയുള്ളു…. ഇതിപ്പോ താൻ എവിടെയാ…. “”അമ്മയും മോളും കൂടെ സ്നേഹിക്കാൻ പോയതല്ലേ സഹിച്ചോ…പാതിരാത്രി പനിച്ചു വിറച്ചു പിച്ചു പേയും പറഞ്ഞപ്പോൾ…ഈ കണ്ട ബന്ധുക്കൾ ഒന്നുല്ലായിരുന്നല്ലോ…ഞാനെ ഉണ്ടായുള്ളൂ…”” ഏട്ടന്റെ വാക്കുകൾ കേട്ടപ്പോൾ ആണ്…തനിക്ക് രാത്രി പനിച്ചതാനെന്നും…ഏട്ടൻ എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ വന്നതാണെന്നും അറിയുന്ന….

എഴുന്നേൽക്കാൻ നോക്കിയപ്പോൾ…നല്ല വേദനയുണ്ട് ശരീരത്തിന്…തലയണേൽ വെട്ടി പൊളിയുന്ന പോലെ… “”ശരീരം ഇളക്കണ്ട…രണ്ടാളും ഇവിടെ നിക്ക്…ഞാൻ പോയി വല്ലതും കഴിക്കാൻ കിട്ടുവോ ന്ന് നോക്കട്ടെ…”” ഏട്ടൻ പറഞ്ഞപ്പോൾ പിന്നെ അതേപോലെ കിടന്നു…അമ്മ അരികിൽ വന്ന് തലയിൽ തലോടുന്നുണ്ട്…. “”എന്നാലും എന്തായിരിക്കും പെട്ടെന്നൊരു പനി??…”” സ്വയം ചിന്തിച്ചിരിക്കുമ്പോൾ ആണ്…ഇപ്പുറത്തെ ബെഡിൽ നിന്നും എവിടെയോ കേട്ട് മറന്നൊരു ശബ്‌ദം…. “”ഇൻജെക്ഷൻ വേണ്ട സിസ്റ്ററെ….സൂചി എനിക്ക് പേടിയാണ്….വല്ല ഗുളികയും തന്നോ…ഞാൻ തിന്നോളാം….”” “”മിണ്ടാണ്ട് തിരിഞ്ഞു കിടക്കേടോ…ടി.ടി അടിച്ചില്ലേൽ മുറി പഴുക്കും…”” സംസാരം കേട്ട് സംശയത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ…കണ്ണുകൾ ഇപ്പോൾ താഴെ വീഴും എന്നപോലെയായി….

“”എന്റെ കൃഷ്ണ…ഇതാ താടിയല്ലേ….”” അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു…നെഞ്ചിടിപ്പോടെ അയാളെയൊന്നു നോക്കി… വെട്ട് കൊണ്ട കൈ ബാൻഡേജ് ഇട്ടിട്ടുണ്ട്… തലയിൽ വേറെ കെട്ടും ഉണ്ട്… “”പേടിച്ചു പനിച്ച എനിക്ക് കൂട്ടിന് കിട്ടിയ ആള്…ബെസ്റ്റ്….”” ഇടംകണ്ണിട്ട് നോക്കിയപ്പോൾ…മനസ്സിൽ തോന്നിയത് അതാണ്….സൂചി വെപ്പെല്ലാം കഴിഞ്ഞു…ബാക്ക് തിരുമി തിരിഞ്ഞു കിടക്കുമ്പോളാണ്….അയാൾ തന്നെ കാണുന്നത്….ആദ്യം ഞെട്ടൽ ആയിരുന്നുവെങ്കിലും പിന്നീട് ആ മുഖം വലിഞ്ഞു മുറുകുന്നത് താനറിഞ്ഞു….(തുടരും )

Share this story