ശിവഭദ്ര: ഭാഗം 2

ശിവഭദ്ര: ഭാഗം 2

എഴുത്തുകാരി: ദേവസൂര്യ

“”നോക്കി പേടിപ്പിക്കുന്നോടി ഉണ്ടക്കണ്ണി…”” അവന്റെ നോട്ടം കണ്ടതും പേടിയോടെ തിരിഞ്ഞു കിടന്നു…അമ്മ നഴ്സിനോട് എന്തോ ചോദിക്കാനായി പോയതാണ്… പിന്നിൽ അടക്കിയ ചിരി കേട്ടതും പതിയെ ഇടകണ്ണിട്ട് തിരിഞ്ഞു നോക്കി… “”എന്താടി നോക്കി പേടിപ്പിക്കുന്നത്…”” അവളുടെ നോട്ടം കണ്ടതും ഇടംകൈ കൊണ്ട് മീശ പിരിച്ചു കൊണ്ട് ചോദിച്ചു… “”മ്മ്ഹ്ഹ് മ്മ്ഹ്ഹ്….”” ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽ അനക്കി…കണ്ണുകൾ ചെന്നെത്തി നിന്നത് ബാൻഡേജ് ഇട്ട വലം കയ്യിലേക്കാണ്…തന്റെ നോട്ടം കണ്ടാണ് എന്ന് തോന്നുന്നു…ആളും കയ്യിലേക്ക് നോക്കി… “”ഇയാൾ ഗുണ്ടയാണോ??…”” ചോദിച്ചു കഴിഞ്ഞപ്പോൾ ആണ്..താനിപ്പോ എന്താണ് ചോദിച്ചത് എന്ന് ഓർമ വന്നത്… കൃഷ്ണ…നാവ് ചതിച്ചല്ലോ…

മനസ്സിൽ വന്നത് പെട്ടെന്ന് ചോദിച്ചു പോയതാണ്…ഇഷ്ട്ടമായി കാണുമോ…ഇല്ലെങ്കിൽ ഇന്നലെ അയാളെ തല്ലിയത് പോലെ തല്ലാൻ വന്നാൽ…അമ്മ അടുത്തില്ലല്ലോ…രുദ്രേട്ടനെയും കാണാൻ ഇല്ല… അവൾ പേടിയോടെ ചുറ്റുമൊന്ന് കണ്ണോടിച്ചു… “”ഗുണ്ടയൊന്നുമല്ല…പക്ഷെ വേണ്ടി വന്നാൽ നല്ല അസ്സൽ നാടൻ തല്ല് കൊടുക്കും…തിരിച്ചു വാങ്ങുകയും ചെയ്യും…ഇന്നലെ കണ്ടില്ലേ നീ…”” അവന്റെ സംസാരം കേൾക്കുമ്പോളും അവളുടെ കണ്ണെത്തി നിന്നത് നിറയെ പീലികൾ തിങ്ങിയ അവന്റെ കടുംകാപ്പി മിഴികളിലേക്കാണ്…മൂക്കിൻ തുമ്പിലെ വിയർപ്പ് കണങ്ങൾ ചെറുതായി തിളങ്ങുന്നുണ്ട്…. “”കണ്ടില്ലേ ടി നീ ഉണ്ടക്കണ്ണി…”” അവന്റെ അലർച്ച കേട്ടതും ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി…ഗൗരവം നിറഞ്ഞ ആ മുഖത്തേക്ക് നോക്കി…വെപ്രാളത്തോടെ പറഞ്ഞു… “”ഉ…ഉവ്വ്…ഞാൻ കണ്ടതാ…””

പതർച്ചയോടെ പറഞ്ഞപ്പോൾ ആളുടെ ചുണ്ടിൽ ചെറുപുഞ്ചിരി മിന്നി മാഞ്ഞു… “”നേരത്തെ കൂടെയുണ്ടായിരുന്ന ആളാരാ അച്ഛനാണോ…?? “” ചോദ്യം കേട്ടപ്പോൾ സംശയത്തോടെ നോക്കി…ഏട്ടനെയാണോ പറയുന്നേ…ഏട്ടനെ കണ്ടാൽ അച്ഛനെ പോലെ തോന്നുവോ.. “”ഓഹ്…അമ്മാവൻ ആയിരിക്കും ല്ലേ…”” വീണ്ടും കുസൃതിയോടെ ചോദിക്കുന്നത് കേട്ടപ്പോൾ കളിയാക്കുവാണ് ന്ന് മനസ്സിലായി… “”അല്ല എന്റെ അപ്പൂപ്പനാണ്…ന്ത്യേ…”” ചുണ്ട് ഒരുവശത്തേക്ക് കോട്ടി പറഞ്ഞപ്പോൾ ആളും ചിരിച്ചു കൊണ്ട് തലയാട്ടുന്നുണ്ട്…ചിരിക്കുമ്പോൾ താടിക്കിടയിലൂടെ വിരിയുന്ന നുണക്കുഴി കണ്ടതും കണ്ണുകൾ ഒന്ന് വിടർന്നു…ആദ്യമായാണ് ഒരു ആണിന് നുണക്കുഴി കാണുന്നത്…

“”അല്ല…മാഷിന് വീട്ടിൽ ചോദിക്കാനും പറയാനും ആരുല്ലേ…”” തന്റെ ചോദ്യം കേൾക്കെ സംശയത്തോടെ നോക്കുന്നുണ്ട്… “”അല്ല ഒറ്റക്ക് കിടക്കുന്നു…”” ആൾ മറുപടി പറയാൻ നിൽക്കുമ്പോളേക്കും ഒരുകൂട്ടം ചെറുപ്പക്കാർ അവിടേക്ക് വന്നു… “”എന്താ ശിവ…എന്താ പറ്റിയെ…ആരാ നിന്നെ തല്ലിയത്??…”” കൂട്ടത്തിൽ ഒരുവൻ വിളിക്കുന്നത് കേട്ടപ്പോൾ ആ മുഖത്തേക്ക് ഒന്ന് നോക്കി… “”ഏയ്യ്…കാര്യം ആകാൻ ഒന്നുല്ലടാ…ചെറിയൊരു പോറൽ അത്രേ ഉള്ളൂ….നാളെ ഡിസ്ചാർജ് ആവാം…”” അവരോട് മറുപടി പറയുന്നുവെങ്കിലും കണ്ണ് തന്നിലേക്കാണ് എന്ന് തോന്നിയതും വേഗം തിരിഞ്ഞു കിടന്നു….അപ്പുറത്ത് നിന്ന് ചിരിയും സംസാരവും ഒക്കെ കേൾക്കുന്നുണ്ടെങ്കിലും തിരിഞ്ഞു നോക്കാൻ പോയില്ല… “”ന്നാ കുഞ്ഞി ഈ പൊടിയരി കഞ്ഞി കുടിച്ചേ…”” ഏട്ടൻ ഒരു തൂക്കു പത്രത്തിൽ കഞ്ഞി കൊണ്ട് വന്ന് തന്നപ്പോൾ…ഇടംകണ്ണിട്ട് അപ്പുറത്ത് കിടക്കുന്ന അയാളെ ഒന്നു നോക്കി…

ആൾ നല്ല ഉറക്കത്തിലാണ്…വന്ന വാനരപ്പട കുറച്ച് മുൻപേ സ്ഥലം വിട്ടിരുന്നു… അമ്മ ബ്ലഡ്‌ ടെസ്റ്റ്‌ ചെയതത് വാങ്ങാനും മറ്റും പോയതായിരുന്നു… “”എന്താ ഇപ്പൊ ഏട്ടന്റെ കുഞ്ഞിക്ക് പെട്ടെന്നൊരു പനി…എന്തേലും കണ്ടു പേടിച്ചോ മോള്??…”” ഏയ്യ്…ഇല്ല ഏട്ടാ…ഇത് ജലദോഷപനി ആണെന്ന് തോന്നുന്നു… “”ന്നിട്ടാണോ നീ രാത്രി…ചോര…കത്തി ന്നൊക്കെ പറഞ്ഞു നിലവിളിച്ചേ…”” പിടപ്പോടെ ഏട്ടനെ നോക്കിയപ്പോ…വാത്സല്യത്തോടെ തലമുടിയിൽ തലോടുന്നുണ്ട്…അറിയാതെ നോട്ടം ചെന്ന് നിന്നത്…ഇപ്പുറത്ത് കിടക്കുന്നവനിലേക്കാണ് ആൾ കണ്ണ് തുറന്ന് തങ്ങളെ നോക്കി കിടക്കുവാണ്…ആ ചുണ്ടിൽ ചെറുചിരി മിന്നിമാഞ്ഞത് കണ്ടു… “”അറിയില്ല ഏട്ടാ…ഉറക്കത്തിൽ സ്വപ്നം കണ്ടതാവും…”” എങ്ങെനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…മിണ്ടാതെ കിടന്നു…

അമ്പലപ്പറമ്പിലെ സംഭവം ഏട്ടൻ അറിഞ്ഞാൽ പിന്നെ തനിക്ക് ജന്മത്തിൽ അമ്മാത്തിലേക്ക് പോകാനോ..ശ്രീയെ കാണാനോ കഴിയില്ല എന്നറിയുന്നത് കൊണ്ട് ഒന്നും പറയാൻ നിന്നില്ല… “”ഡിസ്ചാർജ് ആവാം ന്ന് ഡോക്ടർ പറഞ്ഞു…പേടിക്കാൻ ഇല്ലത്രെ…ഇതെന്തോ കണ്ട് പേടിച്ചു പനിച്ചതാണ് എന്ന്…”” അമ്മ റിസൾട്ട്‌ കൊണ്ട് വന്ന് പറഞ്ഞപ്പോളും ഇടംകണ്ണിട്ട് ഇപ്പുറത്ത് കിടക്കുന്നവനെ നോക്കി…ആൾ ആലുവ മണപ്പുറത്ത് കണ്ട പരിജയം പോലും കാണിക്കുന്നില്ല… “”ന്നാ പോവാം കുഞ്ഞി..”” ഏട്ടൻ ഇറങ്ങാനായി വിളിച്ചപ്പോൾ…അയാളെ ഒന്ന് നോക്കി…ആൾ തന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു….താൻ തിരിച്ചും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവിടെന്ന് നടന്നകന്നു…. 🖤❤🖤❤

“”പോയ് ഇത്തിരി നേരം കിടന്നോ കുഞ്ഞി…. വയ്യാതെ ഇരിക്കുന്നതല്ലേ…”” വീട്ടിൽ എത്തിയപ്പോൾ..ഏട്ടൻ പറയുന്നത് കേട്ടപ്പോൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു…കട്ടിലിന്റെ ഒരറ്റത്തായി കിടക്കുമ്പോളും മനസ്സിൽ നിറയെ ഇന്നലെയും ഇന്നുമായി നടന്ന കാര്യങ്ങൾ മാത്രമായിരുന്നു…. “”ശിവ…അതാണ് ന്ന് തോന്നുന്നു പുള്ളിക്കാരന്റെ പേര്….”” അറിയാതെ ചുണ്ടിൽ ചെറുചിരി വിരിഞ്ഞു… ചിന്തകൾക്കൊടുവിൽ എപ്പോളോ മയങ്ങി പോയിരുന്നു…. രാത്രിയിൽ ഇരുൾ വീണ മുറിയിൽ…നേർത്ത നിലാവുള്ള ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു രുദ്രൻ…കയ്യിൽ എന്നെത്തെയും പോലെ ഒരു ഗ്ലാസ് മദ്യവും ഉണ്ട്…കുടിച്ചിട്ട് കണ്ണുകൾ ചുവന്നിരിക്കുന്നു… കാല് നിലത്തുറക്കുന്നില്ല…. “”എന്തിനാ പെണ്ണെ ഒറ്റക്കാക്കി പോയത്…വയ്യ ടാ…

നിന്റെ രുദ്രേട്ടന് ഒറ്റക്കിങ്ങനെ നീറി നീറി ജീവിക്കാൻ വയ്യ…പോണതിന് മുൻപ് ഒരു കുഞ്ഞുവാവയെ തന്നോടായിരുന്നോ നിനക്ക്…അങ്ങനെ ആണേൽ ഇനിയുള്ള കാലം അവന് എന്ന് പറഞ്ഞെങ്കിലും എനിക്ക് കഴിയാമായിരുന്നു….ഇതിപ്പോ തനിച്ചാക്കിയില്ലേ നീ…എന്നെ പറ്റിച്ചു പോയില്ലേ…”” ബാൽക്കണിയിലേക്ക് ചാഞ്ഞു നിൽക്കുന്ന ഇലഞ്ഞിമരം പൂത്തതിന്റെ നറുമണം അവിടെമാകെ നിറഞ്ഞു നിന്നിരുന്നു… “”ദേ രുദ്രേട്ടാ.. ഈ ഇലഞ്ഞി പൂക്കുന്ന ദിവസം…നമുക്കിങ്ങനെ ഇവിടെ വന്ന് നിൽക്കണം ട്ടോ…എന്നിട്ട് ദാ ഇങ്ങനെ എന്നെ ചേർത്തണച്ച ഏട്ടന്റെ കൈകളിൽ കോർത്തു പിടിച്ചു കൊണ്ട്…എനിക്ക് ആ മണം ആസ്വദിക്കണം….”” “”അതൊക്കെ നമുക്ക് ഇലഞ്ഞി പൂത്തിട്ട് ആസ്വധികം…തത്കാലം മോള് ഇങ്ങ് വന്നേ… മോൾക്ക് ഏട്ടൻ ഒരു കാര്യം പറഞ്ഞു തരാം…””

കഴുത്തിൽ ചെറുതായി കടിച്ചു കുസൃതിയോടെ പറയുന്ന രുദ്രനെ തള്ളിമാറ്റിയവൾ നാണത്തോടെ മിഴികൾ താഴ്ത്തി… “”ഇലഞ്ഞി പൂത്ത സുഗന്ധത്തിന് വല്ലാത്ത മത്താണ് ല്ലേ ദേവു….”” അവന്റെ ചോദ്യത്തിന് അവൾ അവനോട് ഒന്നൂടെ ചേർന്ന് നിന്നു… “”ന്റെ രുദ്രേട്ടനെ പോലെ വല്ലാത്ത നൈർമല്യതയാണ് അവക്ക് രുദ്രേട്ടാ….”” അതിലേറെ മത്ത് പിടിപ്പിക്കുന്ന സുഗന്ധം എന്താണ് ന്ന് അറിയുവോ ദേവു നിനക്ക്??… അവന്റെ ചോദ്യത്തിന് അവളവന്റെ കണ്ണിലേക്ക് ഉറ്റുനോക്കി…. “”പ്രണയത്തിന്റെ സുഗന്ധം….ഇപ്പൊ നിന്നിൽ നിന്ന് വമിക്കുന്ന പ്രണയത്തിന്റെ സുഗന്ധം…

അവയോളം മത്ത് ഒരു പൂവിനും ഇല്ല…”” മറുപടി എന്നപോലെ കൊലുസ്സ് കൊഞ്ചും പോലെ കിലുങ്ങി ചിരിക്കുന്ന അവളുടെ ശബ്‌ദം കാതിൽ വന്ന് പതിയുന്നു…അവൻ ഏതോ ഓർമയിൽ നിന്ന് രക്ഷപെടാൻ എന്നപോലെ കണ്ണുകൾ ഇറുക്കിയടച്ചു….വാശിയോടെ കയ്യിലെ മദ്യം വായിലേക്ക് കമഴ്ത്തി…അപ്പോഴും ദൂരെ ആകാശത്തെ കുഞ്ഞു നക്ഷത്രം അവനെ നോക്കി കണ്ണ് ചിമ്മിയിരുന്നു…ആ നക്ഷത്രവും വളരെ മൗനമായി തേങ്ങുകയായിരുന്നു……..(തുടരും )

ശിവഭദ്ര: ഭാഗം 1

Share this story