അനന്തൻ: ഭാഗം 1

അനന്തൻ: ഭാഗം 1

എഴുത്തുകാരി: നിഹാരിക

“കണ്ണു കണ്ടൂടേ ടീ നിനക്ക് ” ദേഷിച്ച് പറയുന്നവനെ കണ്ണ് കൂർപ്പിച്ചൊന്ന് നോക്കി തനു… തെറ്റ് തൻ്റെ കയ്യിൽ തന്നെയാണ്, കല്യാണ വീട്ടിൽ തലേ ദിവസം എത്തിയപ്പഴാ കുറേ നാള് മുമ്പ് കണ്ട കൂട്ടുകാരിയെ കണ്ടത്….. വർത്താനം പറഞ്ഞ് തീർന്നിട്ടില്ലായിരുന്നു , അവളുടെ വീട്ടുകാർ അവളേം കൊണ്ട് പോവാൻ ഇറങ്ങി… ഞാൻ തിരികെ അനുവിൻ്റെ അടുത്തേക്കും .. തിരിച്ച് നടക്കുമ്പോൾ അവൾ കാറിൽ കേറും മുമ്പ് അവിടെ നിന്ന് വിളിച്ച് പറഞ്ഞിരുന്നു, ” തൻമയ ബൈ ” എന്ന്…. അത് കേട്ട് തിരിഞ്ഞ് കൈ വീശിക്കാണിച്ച് വരുന്ന വഴിയാണ് ദേഹണ്ണക്കാർക്ക് ട്രേയിൽ കട്ടനും ആയി പോകുന്ന ഈ കുരിശിനെ ചെന്നിടിച്ചത്…..

“”” അനന്തൻ “”” അനന്യ എന്ന എൻ്റെ അനുവിൻ്റെ വല്യേട്ടൻ….. “എവടേലും ഒക്കെ നോക്കി നടക്കും…. മനുഷ്യൻ്റെ മെക്കെട്ട് കേറാൻ… മറങ്ങോട്ട്…” എന്ന് പറഞ്ഞതും ശരിക്ക് സങ്കടായി ….. കൂടെ പഠിക്കുന്ന കൂട്ടുകാരിയാ അനന്യ… കൂട്ടുകാരി ന്ന് പറഞ്ഞാ കുറഞ്ഞ് പോവും… കൂടെ പിറപ്പിനെ പോലെയാ അവൾ …… നാളെ കല്യാണം അവളുടെ ചേച്ചി അനുപമയുടെതും… അനുപമച്ചേച്ചി പാവാ…. ഈ സാധനം മാത്രമേ ഉള്ളൂ ഇവിടെ ഇങ്ങനെ…. അച്ഛൻ്റെ കൂടെയാ ഇങ്ങോട്ട് വന്നത്…. ഇത്തിരി നേരം ഇരുന്ന് പോവാൻ ഇറങ്ങിയപ്പോ അനു വിട്ടില്ല… “തനു പിന്നെ വരും അച്ഛാ…

ഞങ്ങൾ കൊണ്ട് വിട്ടോളാം ” എന്ന് പറഞ്ഞപ്പോൾ സമ്മതത്തോടെ തലയാട്ടി അച്ഛൻ ഇറങ്ങി… അച്ഛന് അനന്യയെ വല്യ കാര്യാ …അതാ പറഞ്ഞപ്പോഴേക്കും സമ്മതിച്ചത്… അച്ഛനില്ലാത്ത അനുവിന് എൻ്റെ അച്ഛനേയും… മനക്കലെ കാര്യസ്ഥനാ അച്ഛൻ… എന്നും ആറു മണിക്ക് അവിടെ എത്തണം.. നേരത്തെ കിടക്കും അതുകൊണ്ട്…. അച്ഛനെ പടി വരെ കൊണ്ടാക്കി തിരിച്ച് വന്നപ്പഴാ പണ്ട് അഞ്ചാം ക്ലാസ് വരെ കൂടെ പഠിച്ച ദേവികയെ കണ്ടതും, ഇതൊക്കെ ഉണ്ടായതും… എല്ലാരും സഹതാപത്തോടെ നോക്കണത് കണ്ടതും കണ്ണിൽ നിന്ന് എവിടെ നിന്നൊക്കെയോ കണ്ണീര് വരുന്നത് അറിഞ്ഞു, അയാളുടെ മുമ്പിൽ കാണിക്കാതെ അകത്തേക്ക് നടന്നു.. അപ്പഴും സഹതാപം നിറച്ച കണ്ണുകൾ എന്നെ നോക്കുന്നുണ്ടാവും… ആരും കാണാത്തിടത്ത് ചെന്ന് കണ്ണ് തുടച്ചു …..

വല്ലാത്ത ഭാരം മനസിന് ….. അച്ഛൻ്റെ കൂടെ പോയാൽ മതിയാരുന്നു… ” ടീ നീയിവിടെ നിക്കാണോ? വാ ചേച്ചീടെ അടുത്ത് നിക്കാം” അവളോടൊന്ന് ചിരിച്ചു പുറകേ നടന്നു… അനുപമ ചേച്ചി കട്ടിലിൽ ഇരിക്കുന്നുണ്ട്…. വന്നവരൊക്കെ ചുറ്റിനും … കല്യാണ ചെക്കൻ്റെ വിത്തും വേരും ചോദിച്ചറിയുകയാണ് എല്ലാവരും .. “എൽ.പി സ്കൂളിലെ മാഷാണ് ” എന്ന് പറയുമ്പോ പലതരം മറുപടികൾ …. ” ഗവൺമെൻ്റ് ജോലിയല്ലേ ഒന്നുമില്ലെങ്കിൽ, ഈ വാടക വീട്ടിലെത്തി അവർക്ക് ഇത് മതി എന്ന് പറഞ്ഞല്ലോ നിൻ്റെ ഭാഗ്യം” “സ്ത്രീ ധനം വേണ്ടന്ന് പറഞ്ഞോ? മോളെ നോക്കീലേ ടീ നീ …. ചെക്കന് വല്ല കുഴപ്പോം ണ്ടോ?” അങ്ങനെ നീണ്ടു പല തരം സംഭാഷണങ്ങൾ, ചലതിന് മൂളിയും തലയാട്ടിയും..

ചെറുതായി ചിരിച്ചും ഇടക്ക് ഞങ്ങളെ ദയനീയമായി നോക്കിയും അനുപമച്ചേച്ചി അവർക്കിടയിൽ ഇരുന്നു .. അതു കൂടെ ആയപ്പോൾ ശരിക്ക് എനിക്ക് കണ്ട്രോൾ പോകും പോലെ .. ” അനൂ ഞാൻ പോവാ… നാളെ നേരത്തെ വരാം” “തനൂ നിക്ക് ഒറ്റക്ക് പോണ്ട ” അപ്പഴേക്ക് അനുവിൻ്റെ അമ്മയെ ഒരു നോട്ടം കണ്ടു.. ഒൻപതാം ക്ലാസിൽ പഠിക്കുമ്പഴാ മലേരിയ വന്ന് എൻ്റെ അമ്മ മരിക്കുന്നത് .. അതിൽ പിന്നെ ഇവര് വന്നശേഷാ’… ഈ അമ്മയെ കണ്ട ശേഷാ എനിക്ക് ആ സ്നേഹം പിന്നെയും കിട്ടി തുടങ്ങിയേ… ” അമ്മേ … ഞാനിറങ്ങാട്ടോ നാളെ നേരത്തെ വരാം …… ” “തനു മോള് രാത്രി ഒറ്റയ്ക്ക് പോണ്ട….

അനു, വല്യേട്ടനോട് അങ്ങട് വീട്ടിലേക്ക് ആക്കി കൊടുക്കാൻ പറ” എന്തോ ആ കരുതൽ കണ്ട് ആ അമ്മയെ ഇത്തിരി നേരം നോക്കി നിന്നു… “ആ ” എന്ന് പറഞ്ഞ് അനു പുറത്തേക്ക് പോയി… ” നാളെ നേരത്തെ വരണം ട്ടോ ” എന്നും പറഞ്ഞ് കവിളിലൊന്ന് തലോടി ആ അമ്മ.. ചിരിച്ച് തലയാട്ടി പുറത്തേക്ക് നടന്നപ്പോഴുണ്ട്, “ടി…. വരുന്നുണ്ടേ വരാൻ പറ” എന്നു പറഞ്ഞ് കത്താത്ത ടോർച്ചിൻ്റെ മണ്ടക്ക് അടിച്ച് കത്തിക്കുന്ന അവൾടെ വല്യേട്ടനെ.. അനുവാണെങ്കിൽ പേടിച്ച്, “തനൂ വേം വാ…. ദേ വല്യേട്ടൻ ” എന്ന് ആക്ഷൻ കാണിക്കുന്നുണ്ട്… “ഒരു വല്യേട്ടൻ, ഹും! ജാഡത്തെണ്ടി” എന്ന് മനസിൽ പറഞ്ഞാ ഇറങ്ങിയത്..

അപ്പോ കണ്ടു തൊട്ടടുത്തുള്ള രമണി ചേച്ചിയും മക്കളും തിരിച്ച് പോണത്… ” രമണി ചേച്ചി ഞാനൂടിണ്ട് ” എന്ന് വിളിച്ച് കൂവി പറഞ്ഞപ്പോൾ അവര് അവിടെ നിന്നു… ” അനൂ ടാ ഞാനിവരടെ കൂടെ പൊയ്ക്കോളാം….. അങ്ങനെ ആരും എനിക്കായി ബുദ്ധിമുട്ടണ്ട..” എന്ന് പകുതി അനൂൻ്റെം ബാക്കി അവളുടെ വല്യേട്ടൻ്റെം മുഖത്ത് നോക്കി പറഞ്ഞു.. കണ്ണ് കൂർപ്പിച്ച് എന്നേം നോക്കി നിൽപ്പുണ്ട് ….. കിളി പോയി അനുവും.. കണക്കായി പോയി അല്ല പിന്നെ….. 🌺🌺🌺 രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ചു അലമാരയിൽ നിന്ന് സിൽവർ കളറിൽ പിങ്ക് സ്റ്റോൺ വർക്കുള്ള സിംപിൾ ആയ ഒരു സാരി ഉടുത്തു…

കണ്ണ് നീട്ടിയെഴുതി.. ഒരു കുഞ്ഞു പൊട്ടും, നീളമുള്ള മുടിയെ ചുറ്റി മുല്ലപ്പൂവച്ച് മുടി പുറകിൽ വിടർത്തിയിട്ടു…. ഒരുക്കം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്ക് അച്ഛൻ മനക്കലെ രാവിലത്തെ വിസിറ്റ് കഴിഞ്ഞ് എത്തിയിരുന്നു… “പൊടിയരിക്കഞ്ഞി മേശേടെ മുകളിലുണ്ട് വിളമ്പി തരണോ അച്ഛാ….?” “വേണ്ടടാ അച്ഛൻ്റെ കുട്ടി പൊയ്ക്കോ.. അനുമോള് കാത്ത് നിക്കാവും” എന്ന് പറഞ്ഞ് തലയിൽ തഴുകുന്ന അച്ഛൻ്റെ കവിളിൽ ഒരുമ്മയും കൊടുത്ത് ഇറങ്ങി …… 🌺🌺🌺 ചെന്നപ്പോൾ തന്നെ വരുന്നവരെ എന്തോ പണിക്കിടയിൽ ഓടി വന്ന് സ്വീകരിക്കുന്ന അനന്തേട്ടനെയാണ് കണ്ടത്… ഇന്നലെ ഉണ്ടായ സംഭവങ്ങൾ ഉള്ളിൽ ദേഷ്യം വിടർത്തി, തുറിച്ച് തന്നെ നോക്കി അത്രയും ദേഷ്യത്തോടെ ….

“നല്ല കണി ” എന്ന് പിറുപിറുത്ത്, എപ്പഴോ ആ നോട്ടം എന്നിൽ എത്തിയതും കണ്ണുകൾ തമ്മിൽ കൊരുത്തതും ….. ആ മിഴികൾ ഒന്ന് കൂടി വിടർന്നു … എന്നെ ആകെ ഒന്ന് നോക്കി….. ഞാൻ സാരി ഉടുത്ത് ആദ്യമായിട്ടാണ് അനന്തേട്ടൻ കാണുന്നത് .. പെട്ടെന്ന് രണ്ടാളും നോട്ടം മാറ്റി….. പക്ഷെ എന്നിൽ ദേഷ്യം മാറി എന്തോ….. കുളിരുള്ള ഭാവങ്ങൾ ഉള്ളിൽ നിറയുന്നത് പോലെ, … വേഗം സ്ഥലം വിട്ടു, മെല്ലെ നടന്ന് ചെന്നപ്പോൾ കണ്ടു ദക്ഷിണ കൊടുക്കുന്നതിനടുത്ത് നിൽക്കുന്ന അനുവിനെ ….. “തനു…. നിനക്ക് സാരി നല്ല മാച്ച് ഉണ്ട് ട്ടോ…. എന്ത് ഭംഗിയാടി കാണാൻ” പോടി എന്ന് പറഞ്ഞ് ചിരിച്ച് അവളോട് ചേർന്ന് നടന്നു…..

ഇടക്ക് മിഴികൾ ആ വല്യേട്ടനിൽ ചെന്ന് നിന്നു… ഉത്തരവാദിത്തത്തോടെ ഓരോന്ന് ചെയ്യുന്നത് ആരും കാണാതെ ശ്രദ്ധിച്ചിരുന്നു…. ഒടുവിൽ അനിയത്തി പടിയിറങ്ങുമ്പോൾ ഉള്ളിലെ വിങ്ങൽ മറച്ച് യാത്രയാക്കുമ്പോൾ ഒരു നെഞ്ചിൽ അമ്മയേയും മറു നെഞ്ചിൽ കുഞ്ഞനിയത്തിയേയും ചേർത്ത് പിടിച്ചത് കണ്ടു.. അനുവിൻ്റെയും അമ്മയുടെയും സങ്കടത്തേക്കാൾ എന്തോ ആ മുഖം ഉള്ളിൽ നോവായി, മിഴി നിറച്ചു … 🌺🌺🌺 ദിവസങ്ങൾ വീണ്ടും ഞെട്ടറ്റു വീണു കൊണ്ടിരുന്നു പ്ലസ് ടു ക്ലാസ് അവസാനിക്കാറായി…. മൂന്ന് ദിവസത്തെ ടൂർ ആണ് സ്കൂളിൽ തീരുമാനിച്ചത്….. മനക്കലെ അമ്മ പോവാനുളള പണം തരാം എന്ന് പറഞ്ഞു… ”

അനു വരണുണ്ടെങ്കിൽ പൊയ്ക്കോ” എന്ന് അച്ഛനും പറഞ്ഞു അനുവിൻ്റെ വീട്ടിലേക്ക് ഓടിയത് അവളെ സമ്മതിപ്പിക്കാനായിരുന്നു .. ” അമ്മേ അനു എവടെ? ” മുറ്റത്ത് ഉണങ്ങാനിട്ട ചുമന്ന മുളക് ഒന്നൂടെ വെയിലത്തേക്ക് നീട്ടിയിടുന്ന അവളുടെ അമ്മയോട് ചോദിച്ചു.. “ഹാ തനു മോളോ ….. അവൾ മോളിലുണ്ടാവും അവിടെ ഒന്ന് തൂത്തു തുടക്കാൻ ഞാൻ പറഞ്ഞ് പറഞ്ഞ് ഒന്ന് പോയിട്ടുണ്ട് ” കേട്ട പാട് മോളിലെത്തി….. ” ഠോ ” മുറിയിൽ തൂത്തുവാരുന്നവളുടെ പുറകിലൂടെ ചെന്ന് പേടിപ്പിച്ചപ്പോൾ ” അയ്യോ എൻറമ്മേ ” എന്ന് പറഞ്ഞവൾ നിലവിളിച്ചിരുന്നു… “എന്തിനാടി ഭദ്രകാളീ എന്നെ പേടിപ്പിച്ചേ?” എന്ന് ചോദിച്ചവളെ കൊഞ്ചി ഒന്ന് തോണ്ടി, ചോദിച്ചു, ” ടീ നീ ടൂറിന് വരുന്നില്ലേ?” എന്ന്…

“ഇല്ല ടീ വല്യേട്ടൻ സമ്മതിക്കില്ല ” എന്ന് പറഞ്ഞപ്പോൾ ദേഷ്യമാ വന്നത്….. ” അവൾടെ ഒരു കൊല്യേട്ടൻ പോവാൻ പറ… ആരാ ന്നാ അയാൾടെ വിചാരം.. ഒരു അനന്തൻ…..” പിന്നെം എന്തൊക്കെയോ വിളിച്ച് പറഞ്ഞപ്പോൾ പെണ്ണ് പുറകിലേക്ക് കണ്ണ് നീട്ടി കഥകളി കളിക്കുന്നുണ്ടായിരുന്നു .. മെല്ലെ തിരിഞ്ഞ് നോക്കിയപ്പോൾ സപ്തനാഡികളും തളർന്ന് ആ മനുഷ്യനെ കണ്ടു … ഒന്ന് ഉമിനീരിറക്കി തിരിഞ്ഞപ്പോൾ കണ്ടു ചൂലും പൊക്കി ഓടുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ… വീണ്ടും ആ മുഖത്തേക്ക് തന്നെ നോക്കി… ചെറിയ പേടി ഇല്ലാതില്ല… ” ഉം…..?” വല്ലാത്ത കനമുള്ള ശബ്ദത്തിൽ ചോദിച്ചു, “ഞാൻ… ടൂറ്…

സ്കൂളില്… അനു…. ” ഞാൻ വിക്കി വിക്കി പറയുന്നതിനോടൊപ്പം അനന്തേട്ടൻ അരികിലേക്ക് അരികിലേക്ക് വന്നിരുന്നു….. ഭിത്തിയിൽ തട്ടി നിന്നപ്പോൾ രണ്ടു കയ്യും അപ്പുറത്തും ഇപ്പുറത്തും വച്ച് ലോക്കാക്കി ….. “ആരും പോണില്ല ടൂറിന്…. നീയും…..” എന്ന് പറഞ്ഞതും ഞാനെന്തോ പറയാൻ ശ്രമിക്കുന്നതിന് മുമ്പ് ആ അധരങ്ങൾ എൻ്റെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു .. ഉന്തി മാറ്റി അവിടെ നിന്ന് കരഞ്ഞ് ഓടുമ്പോൾ ആ ചുണ്ടിൽ ചെറിയ കുസൃതി ചിരിയുണ്ടായിരുന്നു …. (തുടരും)….

Share this story