ആത്മിക : ഭാഗം 36

ആത്മിക : ഭാഗം 36

എഴുത്തുകാരി: ശിവ നന്ദ

“ഏതവനാടാ കോളേജിൽ വന്ന് ഹീറോയിസം കാണിക്കുന്നത്??” പൂജയുടെ ചേട്ടൻ ദേഷ്യത്തോടെ ചോദിച്ചതും അമ്മുവിന്റെ ബുക്ക്‌ പിടിച്ചുകൊണ്ട് നിന്നവൻ അവനെ കൈയിൽ പിടിച്ച് പിന്നോക്കം വലിച്ചു. “ഒന്ന് മിണ്ടാതിരിക്കടാ…” “നീ കൈവിടടാ ചന്തു..അവനാരാണെന്ന് ഒന്ന് അറിയണമല്ലോ” കൈ വിടുവിച്ച് കൊണ്ട് അവൻ ആൽബിയുടെ അടുത്തേക്ക് ചെന്ന് വിരൽ ചൂണ്ടി എന്തോ ചോദിച്ചതും കരണംപുകച്ചുള്ള അടിയുടെ ശബ്ദം ആണ് പിന്നീട് കേട്ടത്. “എന്റെ നേർക്ക് വിരൽ ചൂണ്ടാനും മാത്രം ആയോടാ ഞാഞ്ഞൂലെ നീ” അതും ചോദിച്ച് ബൈക്കിൽ നിന്നിറങ്ങി ആൽബി അമ്മുവിന്റെ അടുത്തേക്ക് വന്നു.അപ്പോഴേക്കും അടികിട്ടിയവൻ വീണ്ടും ആൽബിയുടെ നേർക്ക് ചെന്നതും മറുകരണത്തും ആൽബിയുടെ വിരൽപ്പാട് പതിഞ്ഞു.ആ അടിയിൽ ഒന്ന് വേച്ചുപോയവനെ ആൽബി കോളറിൽ പിടിച്ച് പൊക്കി. “ആർക്കാടാ ഇവളെ സാരി ഉടുത്ത് കാണേണ്ടത്??”

“വേണ്ട ഇച്ചായ..വിട്ടേക്ക്” “ചന്തു..നീയും ഇതിൽ ഉണ്ടായിരുന്നോടാ?? ഇതിനാണോ നിന്റെ അച്ഛൻ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത്” “ഇച്ചായ ഞങ്ങൾ വെറുതെ…” “പെൺപിള്ളേരെ ശല്യം ചെയ്യുന്നത് ആണോടാ വെറുതെ.അല്ലാ..ചേട്ടന്മാർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഏതോക്കെയോ മുഖം കാണുമെന്ന് ഒക്കെ അറിഞ്ഞല്ലോ..എവിടെ..ഞാൻ ഒന്ന് കാണട്ടെ ആ മുഖങ്ങൾ..” “ഇത് കോളേജ് ആണ്..ഇവിടെ ഇങ്ങനൊക്കെ സംഭവിക്കും.അതിന് തനിക്കെന്താ??” കൂട്ടത്തിൽ ഉള്ള വേറൊരുത്തൻ അതും ചോദിച്ച് മുന്നോട്ട് വന്നതും ചന്തു അവനെ ദയനീയമായി ഒന്ന് നോക്കി..അതിന്റെ അർത്ഥം മനസ്സിലായതും അവൻ അതുപോലെ തന്നെ പിറകിലേക്ക് നീങ്ങി. “ചോദിച്ചതിന് മറുപടി തരുന്നതിന് മുൻപ് നീയിത് എങ്ങോട്ടാടാ നുഴഞ്ഞുപോകുന്നത്??” അവന്റെ കോളറിൽ പിടിച്ച് ആൽബി മുന്നിലേക്ക് നിർത്തി.

“നീയീ പറഞ്ഞ കോളേജ് ഞാൻ ഇന്ന് ആദ്യമായിട്ട് അല്ല കാണുന്നത്..നിന്നെക്കാൾ കൂടുതൽ ഈ കോളേജ് അറിഞ്ഞവനാ ഞാൻ..അതുപക്ഷേ ഇതുപോലെ കൂട്ടം കൂടിനിന്ന് ചെറ്റത്തരം കാണിച്ച് അല്ല..” “ഇച്ചായ ഒരു പ്രശ്നം ഉണ്ടാകേണ്ട..ഞങ്ങൾ ചുമ്മാ ഒന്ന് വിരട്ടാൻ നോക്കിയതാ..” “റാഗിങ് ഇവിടെ നിരോധിച്ച കാര്യമൊന്നും നീ അറിഞ്ഞില്ലേടാ???” “അയ്യോ റാഗിംഗ് ഒന്നുമല്ലായിരുന്നു..വെറുതെ…ഈ കുട്ടി ഭയങ്കര സൈലന്റ് ആയത് കൊണ്ട് ഒന്ന് ആക്റ്റീവ് ആക്കാൻ നോക്കിയതാ” “ഇവളെ ആക്റ്റീവ് ആക്കാൻ നിന്നെ ആരെങ്കിലും ചുമതലപെടുത്തിയിട്ടുണ്ടോ?? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം..പഠിക്കാൻ വരുന്നവരെ അതിന് വിട്ടേക്കണം..അല്ലാതെ അവരെക്കൊണ്ട് സാരി ഉടുപ്പിക്കാനും ഒപ്പന കളിപ്പിക്കാനും നോക്കിയാൽ…ഇപ്പോൾ കിട്ടിയതൊന്നും ആയിരിക്കില്ല…”

പൂജയുടെ ചേട്ടനെ നോക്കി പറഞ്ഞിട്ട് ആൽബി പോകാനായി തിരിഞ്ഞു..ചന്തു ഒന്ന് ശ്വാസം വിട്ടതും ആൽബി തലചരിച്ച് അവനെയും അവന്റെ കൈയിൽ ഇരിക്കുന്ന ബുക്കിലേക്കും നോക്കി. “ക്ലാസ്സും കട്ട്‌ ചെയ്ത് കറങ്ങിത്തിരിഞ്ഞ് നടക്കുന്ന നിനക്കൊന്നും ആ ബുക്കിന്റെ വില അറിയില്ല…തിരിച്ച് കൊടുക്കടാ അത്” ആൽബി അലറിയതും യാന്ത്രികമായി ആ ബുക്ക്‌ അവൻ അമ്മുവിന്റെ നേരെ നീട്ടി.ബുക്ക്‌ വാങ്ങുമ്പോഴും അമ്മുവിന്റെ നോട്ടം ആൽബിയിൽ ആയിരുന്നു. “ഇത് ഇവിടെ അവസാനിപ്പിച്ചേക്കണം.അല്ലാതെ ഇതിന്റെ പേരിൽ ഇനി ആരെങ്കിലും ഇവളോട് വഴക്കിന് ചെന്നെന്ന് അറിഞ്ഞാൽ….ഒരിക്കൽ കൂടി ഞാൻ വരും.അപ്പോൾ എന്താ സംഭവിക്കുക എന്ന് നീ നിന്റെ ഗുണ്ടാകുഞ്ഞുങ്ങൾക്ക് ഒന്ന് പറഞ്ഞ് കൊടുത്തേക്ക്” ചന്തുവിനോട് താക്കീതെന്ന പോലെ പറഞ്ഞിട്ട് ആൽബി തിരിഞ്ഞു നടന്നു.

അപ്പോഴേക്കും എല്ലാവന്മാരും ചന്തുവിന് ചുറ്റും കൂടി. “ആരാടാ അത്?? അങ്ങേരോട് നിനക്കെന്താ ഇത്ര ബഹുമാനം??” “അതാടാ മക്കളെ ആൽബിച്ചായൻ..ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഏട്ടന്റെ കൂടെ പഠിച്ച..പോരാത്തതിന് ഇച്ചായന്റെ ഓഫീസിലാണ് എന്റെ അച്ഛൻ ജോലി ചെയ്യുന്നത്.” “ഛെ എന്നാലും…ഒരുത്തൻ ഒറ്റക്ക് വന്ന് നമ്മളെ വിരട്ടിയിട്ട് പോയത് നാണക്കേടായി പോയി” “നാണംകെട്ടതല്ലേ ഉള്ളു..ജീവൻ പോയിട്ടില്ലല്ലോ…ഒറ്റ ദിവസം കൊണ്ട് ഇവിടുത്തെ റാഗിങ്ങ് ഇല്ലാതാക്കിയ ടീം ആണ്..അതിന്റെ ഫലമായിട്ടാ ‘Ragging is prohibited in the campus’ എന്നാ ബോർഡ്‌ ഓരോ മൂലയ്ക്കും സ്ഥാപിച്ചിരിക്കുന്നത്.” ആൽബിയെ കുറിച്ച് ചന്തു പറയുന്നത് കേട്ട് അമ്മു നോക്കിയതും ആൽബി ബൈക്കിൽ കയറിയിരുന്നു..

അവൾ ഓടി അവന്റെ അടുത്ത് എത്തിയെങ്കിലും അവൻ അവളെ നോക്കിയില്ല..പകരം ബൈക്കിന്റെ റേസ് കൂട്ടികൊണ്ടിരുന്നു. “അമ്മച്ചിയാണോ പറഞ്ഞത്??” “എന്ത്??” “ഈ പ്രശ്നം…” “ഹും…കുറച്ച് ദിവസം മുൻപായിരുന്നെങ്കിൽ ഇച്ചാന്ന് വിളിച്ച് നീ ഇത് ആദ്യം വന്ന് എന്നോട് പറഞ്ഞേനെ..ഇപ്പോൾ അതിൽ നിന്നൊക്കെ ഒരുപാട് മാറ്റം വന്നു” “അത് ഞാൻ…” “മ്മ്മ്മ് എനിക്ക് അറിയാം..ഞാൻ പ്രണയം നിരസിച്ചത് കൊണ്ടല്ല നീയെന്നിൽ നിന്നും അകന്നത്..പകരം എന്റെ വായിൽ നിന്ന് വീണുപോയ ആ ഒരു വാക്ക്..എത്ര മാപ്പ് പറഞ്ഞാലും ആ മുറിവ് ഉണങ്ങില്ലെന്ന് എനിക്ക് മനസിലായി..എന്ന് കരുതി എന്റെ കടമ എനിക്ക് ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ” “ഇച്ചൻ വെറുതെ എന്റെ കാര്യത്തിൽ ഇടപെടണ്ടായിരുന്നു..”

“പിന്നെ ആര് ഇടപെടും?? ഒന്നുകിൽ പ്രശ്നം നേരിടുന്ന ആള് ബോൾഡ് ആയിരിക്കണം..അല്ലെങ്കിൽ ഇതുപോലെ ഉത്തരവാദിത്തപെട്ടവർ വന്ന് ചോദിച്ചെന്ന് ഇരിക്കും..ജെറി സ്ഥലത്ത് ഇല്ല..കിച്ചുവിന് അവന്റെ കാര്യം നോക്കാൻ പോലും സമയമില്ല..പിന്നെ ഹർഷന്റെ കാര്യം ഞാൻ പറയണ്ടല്ലോ..പിന്നെയുള്ളത് ഞാൻ ആണ്..ഇങ്ങനെയൊരു സംഭവം നടന്നാൽ ആൽബി ഇടപെടും..ഇപ്പോൾ മാത്രമല്ല..എപ്പോഴും…” അമ്മു എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ആൽബി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയിരുന്നു.വീണ്ടും തനിക്ക് വേണ്ടി ഇച്ചൻ വന്നിരിക്കുന്നു..പക്ഷെ എന്തിന്?? ഇച്ചനിൽ നിന്ന് അകലുംതോറും ഓരോ കാരണങ്ങൾ ഇച്ചനെ തന്നിലേക്ക് തന്നെ എത്തിക്കുന്നു..തല ശക്തമായി കുടഞ്ഞ് ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടുകൊണ്ട് അവൾ ക്ലാസ്സിലേക്ക് നടന്നു.

ഇതേ സമയം ഈ രംഗങ്ങൾ എല്ലാം തൂണിന്റെ മറവിൽ നിന്ന് കണ്ടുകൊണ്ടിരുന്ന പൂജയെ കണ്ടതും ചന്തുവും കൂട്ടരും ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്നു. “നീ ഇവന്റെ പെങ്ങളായത് കൊണ്ടാ ഈ നെറികെട്ട പണിക്ക് ഞങ്ങൾ ഇറങ്ങിയത്.അവൾ കളരിയ്ക്കൽ വീട്ടിലെ ആണെന്ന് ഒരു വാക്ക് നിനക്ക് പറഞ്ഞൂടായിരുന്നോ??” “കളരിയ്ക്കലിന് എന്താ കൊമ്പുണ്ടോ??” “കൊമ്പുണ്ടോ വാലുണ്ടോ എന്നൊക്കെ നീ നിന്റെ ചേട്ടനോട് ചോദിക്ക്..ഇച്ചായന്റെ സമ്മാനത്തിന്റെ ചൂട് അറിഞ്ഞതിന് ഇവൻ ആണല്ലോ..എന്റെ പൊന്നുമോളെ..ആ പെങ്കൊച്ചിന്റെ മെക്കട്ട് കേറാതെ നീ അടങ്ങി ഒതുങ്ങി ഇരിക്കുന്നതാ നല്ലത്” ചന്തു പറയുന്നത് കേട്ട് തന്റെ ചേട്ടൻ പോലും മിണ്ടാതെ നിൽക്കുന്നത് കണ്ട് പൂജയ്ക്ക് ദേഷ്യം വന്നു..

ആത്മികയ്ക്കുള്ള പണി താൻ തന്നെ കൊടുക്കുമെന്ന് ഉറപ്പിച്ച് കൊണ്ട് അവൾ ചാടിത്തുള്ളി പോയി. ക്ലാസ്സിലേക്കുള്ള വരാന്തയിലൂടെ നടക്കുമ്പോഴാണ് ചൈതന്യ മിസ്സ്‌ അമ്മുവിന്റെ അടുത്തേക്ക് വന്നത്..നിറഞ്ഞ ചിരിയാലെ അവൾ അവരെ വിഷ് ചെയ്തു. “ആൽബി വന്നിരുന്നു അല്ലേ” “മ്മ്മ്..” “അവൻ വന്നാൽ ഇവന്മാരൊക്കെ പൂച്ചയെ പോലെ നിൽക്കുമെന്ന് എനിക്ക് അറിയാമായിരുന്നു..അതാ ഇന്നലെ അവന്മാര് നിന്നെ തടഞ്ഞുനിർത്തിയത് കണ്ടപ്പോൾ തന്നെ ആൽബിയെ വിളിച്ച് ഞാൻ കാര്യം പറഞ്ഞത്” “ഏഹ്ഹ്…അപ്പോൾ മാം ആണോ ഇച്ചനെ അറിയിച്ചത്??” “പിന്നല്ലാതെ..നിന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ അവൻ എന്നെയല്ലേ ഏൽപിച്ചിരിക്കുന്നത്.എല്ലാം കേട്ട് കഴിഞ്ഞതും അപ്പോൾ തന്നെ അവന്മാരെ കാണാൻ ഹോസ്റ്റലിലേക്ക് പോകുമെന്ന ഞാൻ കരുതിയത്..

അത്രക്ക് ദേഷ്യം ആയിരുന്നു അവന്..ഇന്ന് രാവിലെ നിന്റെ കൂടെ വന്ന് അവരെ കണ്ടാൽ മതിയെന്ന് പറഞ്ഞ് ഒരുവിധമാ സമാധാനിപ്പിച്ചത്.” ചൈതന്യയുടെ വാക്കുകൾ അമ്മുവിന്റെ ഹൃദയത്തിൽ ആണ് പതിച്ചത്..കുഴിച്ചുമൂടിയ ചിന്തകൾ ഒക്കെ വീണ്ടും മുളപൊട്ടുന്നതായി അവൾക്ക് തോന്നി.അത് വീണ്ടും തന്നെ തളർത്തുമെന്ന് അറിയാവുന്നത് കൊണ്ട് അവൾ കണ്ണിറുക്കിയടച്ച് മനസ്സിനെ നിയന്ത്രിച്ചു. “ഇപ്പോഴും എന്റെ ആ സംശയം മാറിയിട്ടില്ല ആത്മിക..തന്റെ കാര്യത്തിൽ അവൻ കാണിക്കുന്ന കെയർ..എനിക്ക് അറിയാവുന്ന ആൽബിയിൽ നിന്നും തികച്ചും വ്യത്യസ്ഥനായ ആൽബിയെ ആണ് തന്റെ കാര്യം പറയുമ്പോൾ ഞാൻ കാണുന്നത്..” “മാം പ്ലീസ്..നിങ്ങളാരും കരുതുന്നത് പോലെ ഒന്നുമില്ല..എന്റെ കാര്യത്തിൽ മാത്രമല്ല ഇച്ചൻ താല്പര്യം കാണിക്കുന്നത്..

ടീനു ചേച്ചിയ്ക്കായിരുന്നു ഈ സിറ്റുവേഷൻ വന്നതെങ്കിൽ ഇതിലും ശൗര്യത്തോടെ ഇച്ചനെ കാണാമായിരുന്നു.” “ടീനയുടെ കാര്യത്തിൽ ആൽബി ഇടപെടുന്നത് ഒരു പുതുമയുള്ള കാര്യമല്ലല്ലോ..അവർ ഒരുമിച്ച് കളിച്ചുവളർന്നവർ ആണ്..സൗഹൃദത്തിന്റെ ഏറ്റവും നല്ല ഉദാഹരണം..” അവസാനവാചകം കേട്ടതും അമ്മു ഒന്ന് നിന്നു.കുറച്ച് നടന്നിട്ട് ചൈതന്യ അവളെ തിരിഞ്ഞുനോക്കി “എന്തെന്ന്” ചോദിച്ചു. “സൗഹൃദം???” “ഉം എന്തേ…?” “അവർ പ്രണയത്തിൽ ആണെന്ന് ഒരിക്കൽ പോലും മാംമിന് തോന്നിയിട്ടില്ലേ?” “കാണുന്നവർക്കൊക്കെ അത് പ്രണയം ആണെന്ന് തോന്നും.അങ്ങനെ കുറേ റൂമേഴ്സ് കേട്ട് മടുത്തവരാ അവർ.പക്ഷെ അടുത്തറിയാവുന്നവർക്ക് മനസിലാകും എത്രത്തോളം പരിശുദ്ധമാണ് അവരുടെ ബന്ധമെന്ന്.”

അമ്മുവിന്റെ മനസ്സാകെ കലങ്ങിമറിഞ്ഞ അവസ്ഥയിൽ ആയിരുന്നു.ഇച്ചനെയും ടീനുചേച്ചിയെയും വർഷങ്ങളായിട്ട് അറിയാവുന്നവർക്കൊന്നും അവർ പ്രണയത്തിൽ ആണെന്ന് ഉൾകൊള്ളാൻ കഴിയുന്നില്ല..പക്ഷെ ഇച്ചൻ തന്നോട് നേരിട്ട് പറഞ്ഞതാണ് അവരുടെ പ്രണയത്തെ കുറിച്ച്..അത് കള്ളമായിരിക്കുമോ?? തന്നിൽ ഒരു കുളിർമഴ പെയ്യുന്നത് പോലെ അമ്മുവിന് അനുഭവപെട്ടു.’വീണ്ടും പ്രതീക്ഷകൾ നൽകി സങ്കടപെടുത്താൻ ആണോ കണ്ണാ’ എന്നവൾ മൗനമായി ചോദിച്ചപ്പോഴാണ് അന്ന് ജെറിയോട് ആൽബി പറഞ്ഞയാ വാക്കുകൾ അവൾ ഓർത്തത്..നെഞ്ചോന്ന് വിങ്ങി..വേണ്ട ഒന്നും വേണ്ട..ഇച്ചൻ തന്റേത് അല്ല..ആയിരുന്നെങ്കിൽ ഒരിക്കലും തന്നെ കുറിച്ച് അങ്ങനെ പറയില്ലായിരുന്നു..ഇനി ഒന്നിലും ഇച്ചനെ ഇടപെടുത്തരുത്..

ഒരിക്കൽ കൂടി ഇച്ചൻ തന്നെ കുറ്റപ്പെടുത്താൻ അവസരം ഉണ്ടാക്കരുത്. മനസ്സിനെ നിയന്ത്രണത്തിലാക്കി അവൾ ക്ലാസിൽ കയറി.അവളെ കണ്ടതും പൂജയുടെ മുഖം വലിഞ്ഞുമുറുകി.എന്നാൽ ചൈതന്യയുടെ കടുപ്പിച്ചുള്ള നോട്ടം കണ്ടതും പൂജ തലതാഴ്ത്തി ഇരുന്നു. “എന്റെ ക്ലാസ്സിനെ കുറിച്ച് ഒരു കംപ്ലയിന്റ് ഉണ്ടാകരുതെന്ന് ആദ്യമേ ഞാൻ പറഞ്ഞതാണ്..എന്റെ വാക്കിന് പുല്ലുവില നൽകികൊണ്ട് ചിലർ സീനിയർസ് വഴി റാഗിങ് നടത്താൻ നോക്കിയതൊക്കെ ഞാൻ അറിഞ്ഞു..അവർക്കുള്ള ലാസ്റ്റ് വാണിംഗ് ആണിത്..പഠിക്കാൻ താല്പര്യം ഇല്ലാത്തവർ ഇങ്ങോട്ട് വരണമെന്നില്ല…അതല്ല തോന്ന്യാസം കാണിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനാണ് ഭാവമെങ്കിൽ….പൂജയ്ക്ക് മനസിലാകുന്നുണ്ടോ ഞാൻ പറഞ്ഞത്???” നാണക്കേടും ദേഷ്യവും എല്ലാം നിറഞ്ഞ ഭാവമായിരുന്നു പൂജയ്ക്ക്..അമ്മുവിനോടുള്ള പക കൈയിലിരുന്ന പേന ഒടിച്ചാണ് അവൾ തീർത്തത്. 💞💞💞💞💞💞💞💞💞💞💞

ഓഫീസിൽ പോകാൻ റെഡി ആകുമ്പോഴും കിച്ചന്റെ നോട്ടം ഇടയ്ക്കിടയ്ക്ക് ബെഡിൽ മുഖം വീർപ്പിച്ച് ഇരിക്കുന്നവളെ തേടിച്ചെന്നു.കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തെ നോക്കി കിച്ചൻ ചിരിക്കുന്നത് കണ്ടതും ദേവുവിന് വീണ്ടും ദേഷ്യം വന്നു. “എന്തിനാ എന്നെ നോക്കി ചിരിക്കുന്ന??” “ഞാൻ എന്റെ ഭാര്യയെ അല്ലേ നോക്കിയത്..അതിന് നിനക്ക് എന്താ??” “അയ്യോടാ ഭാര്യയോട് എന്താ സ്നേഹം?? അതുകൊണ്ടാണല്ലോ എന്റെ അടുത്തിരിക്കാൻ പറഞ്ഞിട്ടും തിരക്കുകൂട്ടി ഓഫീസിലേക്ക് പോകുന്നത്” “ലീവ് എടുത്ത് ഭാര്യയോട് സ്നേഹം കാണിക്കേണ്ട ആവശ്യം എനിക്ക് ഇല്ല..നിനക്ക് വയ്യെങ്കിൽ കോളേജിൽ പോകണ്ടെന്ന് ഞാൻ പറഞ്ഞല്ലോ” “അങ്ങനെ പറഞ്ഞതോടെ നിങ്ങളുടെ കടമ കഴിഞ്ഞല്ലോ അല്ലേ??” ചുണ്ട് പിളർത്തി പരിഭവം പറയുന്നവളുടെ അടുത്തായിട്ട് കിച്ചൻ ഇരുന്നു..

തോളിലൂടെ കൈയിട്ട് അവളെ തന്നിലേക്ക് ചേർക്കാൻ നോക്കിയെങ്കിലും അവൾ ബലം പിടിച്ചിരുന്നു. “ദേ ഇതാ നിന്റെ കുഴപ്പം…അമ്മുവിനെ കാണാൻ പോയാലോ അവളോട് സംസാരിച്ച് കഴിഞ്ഞാലോ നീയാകെ disturbed ആണ്..കാര്യം ചോദിച്ചാൽ നീയൊന്നും പറയത്തതും ഇല്ല..ആവശ്യമില്ലാതെ അവളെ ഓർത്ത് ടെന്ഷൻ അടിച്ചാണ് നിനക്കിപ്പോൾ വയ്യാതായത്..” “അവളുടെ വിഷമങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് പറ്റില്ല..” “അതിന് അവൾക്ക് എന്ത് വിഷമം?? നല്ല ഹാപ്പി ആണല്ലോ അവിടെ” “അല്ലേലും നിങ്ങൾ ആണുങ്ങൾക്ക് പെണ്ണിന്റെ മനസ്സറിയാനുള്ള കഴിവ് ഇല്ലല്ലോ..ഒന്ന് ചിരിച്ചാൽ അവൾ ഹാപ്പി ആണെന്നങ്ങ് വിചാരിക്കും..ഇപ്പോൾ തന്നെ എനിക്ക് ഒട്ടും വയ്യാത്തത് കൊണ്ടല്ലേ അടുത്ത് വേണമെന്ന് പറഞ്ഞത്”

“അങ്ങനെ 24 മണിക്കൂറും നിന്റെ അടുത്തിരിക്കാൻ ഒന്നും പറ്റില്ല.എനിക്ക് ഉത്തരവാദിത്തപ്പെട്ട ഒരു ജോലി ഉണ്ട്.” “ഓ സമ്മതിച്ചു..എന്നെക്കാൾ വലുത് ജോലി ആണല്ലോ..നിങ്ങൾ പൊയ്ക്കോ” “ചുമ്മാ ഓരോന്ന് പറയല്ലേ ദേവു..എനിക്ക് ദേഷ്യം വരുന്നുണ്ട്..” “കിച്ചേട്ടൻ ദേഷ്യപ്പെടണ്ട..എനിക്ക് ഒരു കുഴപ്പവും ഇല്ല..പോരേ..” “ഇങ്ങനെ വീർപ്പിച്ച് കെട്ടിയ മുഖം കണ്ടുകൊണ്ട് പോയാൽ എനിക്ക് വല്ല സമാധാനവും കാണുമോ??” “എന്റെ മുഖം കാണുന്നതല്ലേ ഇപ്പോഴത്തെ കുഴപ്പം..ഞാൻ മാറിതന്നോളം..ഒരു കാര്യം കിച്ചേട്ടൻ മറന്ന് പോയി..കിച്ചേട്ടന്റെ പ്രൊപോസൽ ഞാൻ അക്‌സെപ്റ് ചെയ്തതിന്റെ പിറ്റേന്നാണ് നിങ്ങൾക്ക് ഈ ജോലി കിട്ടിയത്..അതേ എന്റെ ഐശ്വര്യം കൊണ്ടാ” അവളുടെ പരാതി കേട്ട് അവന് ചിരി വന്നെങ്കിലും അത് മറച്ചുകൊണ്ട് ഗൗരവത്തോടെ അവൻ എഴുന്നേറ്റു. “ജോലി കളഞ്ഞ് നിന്നെ പ്രണയിക്കാൻ നിന്നാലേ ജീവിതം വഴിമുട്ടി പോകും..അത് മനസിലാക്കി കൂടെ നില്കുന്നവളാ യഥാർത്ഥ ഭാര്യ..”

“എപ്പോഴും കൂടെയിരിക്കാൻ ഞാൻ പറഞ്ഞോ?? ഇന്ന് അങ്ങനെ തോന്നി…അൺറൊമാന്റിക് ആണെന്ന് ഓർക്കാതെ ഞാൻ അത് പറഞ്ഞ് പോയി” “റൊമാൻസൊക്കെ വന്നിട്ട് ഞാൻ കാണിച്ചുതരാം” അവളുടെ മുഖത്തിന്‌ നേർക്ക് അവൻ ചെന്നതും അവൾ അവനെ പിന്നോക്കം തള്ളി. “റൊമാൻസ് എന്ന് പറയുന്നത് മറ്റേത് മാത്രമല്ല” “ഏത്‌ മറ്റേത്??” “ഹും..രാത്രിയിൽ ഇങ്ങ് വാ..അപ്പോൾ പറഞ്ഞ് തരാം മറ്റേതും മറിച്ചതും ഏതാണെന്ന്” അവനെ കൂർപ്പിച്ച് നോക്കിയിട്ട് അവൾ കട്ടിലിൽ കയറി കിടന്നു..പിന്നെയുമൊരു വാക്ക് തർക്കത്തിന് സമയം ഇല്ലാത്തത് കൊണ്ട് അവളെ നോക്കി ചിരിച്ചിട്ട് അവൻ ഓഫീസിലേക്ക് പോയി. ******

ഉച്ചക്ക് ദേവുവിനുള്ള ആഹാരവുമായി മുറിയിലേക്ക് വന്ന കിച്ചന്റെ അമ്മ കാണുന്നത് വയറുപൊത്തി കരയുന്നവളെ ആണ്. “എന്താ മോളെ..ഒട്ടും വയ്യേ നിനക്ക്??” “അറിയില്ല അമ്മ…എനിക്ക്…വയറ് പൊട്ടിപോകുന്നത് പോലെ” “ഇങ്ങനെ കിടന്ന് അനുഭവിക്കാതെ അപ്പോൾ തന്നെ എന്നെ വിളിക്കണ്ടായിരുന്നോ” “ഞാൻ…വിളിച്ചതാ..അമ്മ കേട്ടില്ല..എണീക്കാൻ നോക്കിയിട്ട് പറ്റുന്നില്ല…എനിക്ക് അടിവയറ്റിൽ വല്ലാത്ത പുകച്ചിൽ പോലെ..” അവരുടെ കൈയിൽ മുറുകെ പിടിച്ച് അവൾ കരഞ്ഞു..പിന്നെ ഒട്ടും താമസിച്ചില്ല..തൊട്ടപ്പുറത്തെ വീട്ടിലെ പയ്യനെ വിളിച്ച് കാർ ഇറക്കിച്ച് ദേവുവുമായി ഹോസ്പിറ്റലിലേക്ക് പോയി. ********

ബൈക്ക് ഓടിക്കുമ്പോഴും കിച്ചന്റെ മനസ്സിൽ ദേവു ആയിരുന്നു..അമ്മയുടെ കാൾ വന്നയുടൻ തന്നെ ഓഫീസിൽ നിന്നിറങ്ങിയത് ആണ്..ദേവുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് ഇപ്പോൾ തിരിച്ച് എത്തിയതേ ഉള്ളെന്നും ഉടനെ തന്നെ താൻ വീട്ടിൽ എത്തണമെന്നും പറഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് നെഞ്ചിന്റെ പിടച്ചിൽ..രാവിലെ അവളുടെ ക്ഷീണിച്ച മുഖം കണ്ടിട്ടും..അടുത്തിരിക്കാൻ അവൾ പറഞ്ഞിട്ടും..അതൊന്നും കാര്യമാക്കാതെ പോന്നത് ആണ്..അവളോളം വലുതല്ല തനിക്കീ ലോകത്ത് മറ്റൊന്നും..കണ്ണിൽ പൊടിഞ്ഞ നീർതുള്ളി തുടച്ചുമാറ്റി അവൻ ബൈക്കിന്റെ സ്പീഡ് കൂട്ടി. *******

അമ്മ പിടിച്ചുകൊടുക്കുന്ന ജ്യൂസും കുടിച്ച് സെറ്റിയിൽ ഇരിക്കുന്നവളെ കണ്ടപ്പോഴാണ് കിച്ചന് ശ്വാസം നേരെ വീണത്.ഓടി അവളുടെ അടുത്ത് ചെന്ന് കൈയിൽ മുറുകെ പിടിച്ചു. “എന്താടാ പറ്റിയ??” “നീ പോയൊന്ന് ഫ്രഷ് ആയിട്ട് വാ കിച്ചു” “അമ്മാ..ഇവൾക്ക് എന്താ പറ്റിയതെന്ന് പറ…ഡോക്ടർ എന്ത് പറഞ്ഞു??” “നീ ആദ്യം ഞാൻ പറഞ്ഞത് കേൾക്ക്..ചെല്ല്” കിച്ചൻ വിഷമത്തോടെ ദേവുവിനെ നോക്കി.അവൾ പക്ഷെ മുഖം കുനിച്ച് ഇരുന്നതേ ഉള്ളു.അതുംകൂടി കണ്ടതോടെ താൻ എന്തോ തെറ്റ് ചെയ്തത് പോലെ അവന് തോന്നി.സങ്കടപ്പെട്ട് അവൻ സ്റ്റെപ് കയറി പോയതും അമ്മ ദേവുവിന്റെ മുഖം പിടിച്ച് ഉയർത്തി. “മ്മ്മ് ചെല്ല്..നിങ്ങളുടേതായ ലോകത്തിരുന്ന് വേണം ഈ സന്തോഷം അവനെ അറിയിക്കേണ്ടത്..ഞാൻ അപ്പോഴേക്കും അച്ഛനെ വിളിച്ച് പറയട്ടെ” അമ്മ ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങിയതും ദേവു നാണത്തോടെ റൂമിലേക്ക് ചെന്നു..

ഇരുകൈകളിലും നെറ്റി താങ്ങി ബെഡിൽ ഇരിക്കുന്നവന്റെ അടുത്തായി അവൾ ചെന്ന് നിന്നു..കിച്ചൻ മുഖം ഉയർത്തി അവളെ നോക്കി എന്തോ പറയാൻ തുടങ്ങിയതും അവൾ അവന്റെ വാ പൊത്തി.. “ഇന്ന് കിച്ചേട്ടൻ എന്റെ അടുത്ത് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചത് ഞാൻ അല്ല…” ദേവുവിന്റെ കൈ പിടിച്ച് മാറ്റിക്കൊണ്ട് അവൻ അവളെ സംശയത്തോടെ നോക്കി. “പിന്നെ??” കിച്ചന്റെ കൈയെടുത്ത് അവൾ തന്റെ വയറിലേക്ക് വെച്ചു. “വരവറിയിച്ചു….” കേട്ടത് വിശ്വസിക്കാൻ ആകാതെ അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.അവിടെ നാണം കലർന്ന ചിരി കണ്ടതും സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞൊഴുകി..ഇടുപ്പിൽ പിടിച്ച് അവളെ തന്നിലേക്ക് അടുപ്പിച്ച് ആ വയറിൽ ചുണ്ട് ചേർത്തു…അച്ഛന്റെ ആദ്യചുംബനം… ഹർഷനെ വിളിച്ച് സംസാരിച്ചതിന് ശേഷം റൂമിൽ വന്ന ദേവു,

ചിക്കുവിന്റെ ഫോട്ടോയിൽ നോക്കി വിശേഷം പറയുന്നവനെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു. “ഞാൻ രണ്ട് ദിവസത്തേക്ക് ലീവ് എടുക്കട്ടെ ദേവൂട്ടി..” “ഓഹോ അപ്പോൾ എനിക്ക് വേണ്ടി ലീവ് എടുക്കാനേ ബുദ്ധിമുട്ടുള്ളു” “ഏയ് അങ്ങനെ അല്ല” “മ്മ്മ് മ്മ്മ്…തത്കാലം അതൊന്നും വേണ്ട…എനിക്കിപ്പോൾ കിച്ചേട്ടനോട് ഒരു കാര്യം പറയണം” “എന്താടാ??” “അമ്മുവിനെ കുറിച്ചാണ്..ഏട്ടനോട് ഒന്നും പറയരുതെന്ന് കട്ടായം പറഞ്ഞതാ..പക്ഷെ ഇനി കിച്ചേട്ടൻ അറിയാത്ത ഒന്നും എന്റെ മനസ്സിൽ ഉണ്ടാകരുത്” അവൾ എന്തായിരിക്കും പറയാൻ പോകുന്നതെന്ന് അറിയാനായി കിച്ചൻ ശ്രദ്ധയോടെ ഇരുന്നു.. 💞💞💞

വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് അമ്മുവിന്റെ കൈയിൽ പൂജയുടെ പിടി വീണത്. “നീ ആള് കൊള്ളാലോടി..മിണ്ടാപൂച്ച പോലെയിരുന്ന് നീ എല്ലാവരെയും കൈയിൽ എടുത്തല്ലോ..” “പൂജ പ്ലീസ്..എന്നെ എന്റെ വഴിക്ക് വിട്ടേക്ക്” “അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ലടി” “പൂജാ..നിന്നോട് കൈവിടാനാ പറഞ്ഞത്” “വിട്ടില്ലെങ്കിൽ നീ എന്ത് ചെയ്യും?? കൂടെ ഒരുത്തൻ ഉള്ളതിന്റെ ഹുങ്ക് അല്ലേടി നിനക്ക്” അത് കേട്ടതും സർവ്വശക്തിയുമെടുത്ത് അമ്മു പൂജയുടെ കൈ കുടഞ്ഞുമാറ്റി.പെട്ടെന്നുള്ള പ്രതികരണത്തിൽ പൂജ ഒന്ന് പതറി. “നിന്നെ പോലൊരു ഞാഞ്ഞൂലിനെ നേരിടാൻ എനിക്ക് ആരുടേയും സഹായം വേണ്ടടി..നിന്റെയൊക്കെ നേരംപോക്കിന് നിന്ന് തരാനുള്ള സമയവും താല്പര്യവും എനിക്ക് ഇല്ല..

ഒരുപാട് ക്ഷമിച്ചും സഹിച്ചുമാണ് ആത്മിക ഇവിടം വരെ എത്തിയത്..ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഈ കൈയുടെ ചൂട് നീ അറിയും…” വലംകൈ ഉയർത്തി അമ്മു പറഞ്ഞത് കേട്ട് പൂജ അറിയാതെ പിന്നിലേക്ക് നീങ്ങി..കനലെരിയുന്ന അവളുടെ നോട്ടത്തിന് മുന്നിൽ വിളറി നിൽക്കാൻ മാത്രമേ പൂജയ്ക്ക് കഴിഞ്ഞുള്ളു..അവളെയൊന്ന് അടിമുടി നോക്കി അമ്മു ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി..ഇനി ആരുടെ മുന്നിലും തോറ്റുകൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെ……. (തുടരും )

ആത്മിക:  ഭാഗം 35

Share this story