ഈറൻമേഘം: ഭാഗം 24

ഈറൻമേഘം: ഭാഗം 24

 എഴുത്തുകാരി: Angel Kollam

തന്റെ മുന്നിൽ വന്നു നിൽക്കുന്ന അമേയയുടെ മുഖത്തേക്ക് ജോയൽ കണ്ണിമയ്ക്കാതെ നോക്കി നിന്നു.. അവളൊരു ദേവതയെപ്പോലെ സുന്ദരിയാണെന്ന് ജോയലിന് തോന്നി.. അവളിങ്ങനെ മുന്നിൽ നിൽക്കുമ്പോൾ തന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അവൻ തിരിച്ചറിഞ്ഞു.. അമേയയേ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി ആ നിറുകയിൽ അധരങ്ങളമർത്തിയിട്ട് നീ എന്റെ സ്വന്തമാണെന്ന് പറയാൻ മനസ്സ് തുടിക്കുന്നു.. അവളുടെ മിഴികളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ പ്രണയം മുഴുവനും തനിക്ക് മാത്രം സ്വന്തമാക്കാൻ ഉള്ള് തുടിക്കുകയാണ്.. ഇനിയൊരു നിമിഷം കൂടി ഇവിടെയിങ്ങനെ നിന്നാൽ അവളോട് തന്റെ മനസിലുള്ളത് പറഞ്ഞ് പോയാലോ എന്നവന് ഭയമായി..

ജോയൽ തിടുക്കത്തിൽ പുറത്തേക്കിറങ്ങി.. അമേയയ്ക്ക് മനസിലായി അവന്റെ വെപ്രാളവും ഭാവമാറ്റവും.. അവൾ ആത്മഗതം പോലെ പതിയെ പറഞ്ഞു.. ‘ എന്നെ ഇഷ്ടമാണെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരേ.. എന്തിനാ ഈ മസിലു പിടിത്തം.. എന്തായാലും നിങ്ങളുടെ കണ്ണുകളിൽ നിന്നെനിക്കത് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.. എങ്കിൽ പിന്നെ തുറന്ന് പറഞ്ഞാലെന്താ.. വല്യ സൈക്കോളജിസ്റ്റൊക്കെയായിട്ട് ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയാൽ അത് തുറന്നു പറയാനുള്ള ധൈര്യം പോലും ഇല്ലല്ലോ സാറേ ‘ ജോയൽ തിരിഞ്ഞു നോക്കിയിട്ട് അവളോട് പറഞ്ഞു.. “എടോ.. അവിടെ നിന്ന് പിറുപിറുക്കാതെ ഇങ്ങോട്ട് വാ ” “ദേ…വരുന്നു..” അമേയയും തിടുക്കത്തിൽ പുറത്തേക്കിറങ്ങി.. ജോയൽ ഫ്രണ്ട് ഡോർ ലോക്ക് ചെയ്തിട്ട് മുന്നോട്ട് നടന്നു..

മുണ്ടിന്റെ ഒരു കോന്തല ഉയർത്തി പിടിച്ചുള്ള ആ നടപ്പ് അമേയ നോക്കി നിന്നു.. ലിഫ്റ്റിന്റെ അടുത്തെത്തിയപ്പോൾ ജോയൽ തിരിഞ്ഞു നോക്കി… അവൾ തങ്ങളുടെ ഫ്ലാറ്റിന്റെ മുന്നിൽ തന്നെ നിൽക്കുകയാണ്.. “എടോ.. താനെന്ത് കാഴ്ച കാണാൻ നിൽക്കുകയാണ് അവിടെ? ഇങ്ങോട്ട് വാ” അമേയ അവന്റെയടുത്തേക്ക് നടന്ന് ചെന്നു.. “സാർ.. നമുക്ക് സ്റ്റെപ്പിറങ്ങി പോയാലോ?” “എന്താ പതിവില്ലാത്ത ആഗ്രഹങ്ങളൊക്കെ?” “ചുമ്മാ ഒരു രസം ” ജോയൽ അവളെയും കൂട്ടി സ്റ്റെപ്പുകളിറങ്ങാൻ തുടങ്ങി.. താൻ ചെറിയൊരാഗ്രഹം പറഞ്ഞാൽ അതവൻ സാധിപ്പിച്ചു തരുമോയെന്ന് മാത്രമറിഞ്ഞാൽ മതിയായിരുന്നു അമേയയ്ക്ക്.. ജോയലിന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്ത് അവരെത്തി.. അവൻ കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ അവളോട് ചോദിച്ചു.. “തനിക്ക് റോയൽ ഹോസ്പിറ്റൽ കാണണ്ടേ?”

“നമ്മൾ ഹോസ്പിറ്റലിന്റെ മുന്നിൽ കൂടിയാണ് പോകുന്നതെങ്കിൽ കണ്ടാൽ മതി.. അല്ലാതെ എന്നെ ഹോസ്പിറ്റൽ കാണിച്ച് തരാൻ വേണ്ടി മാത്രം സാർ ബുദ്ധിമുട്ടണ്ട ” “എനിക്കൊരു ബുദ്ധിമുട്ടും ഇല്ലെടോ.. നമുക്ക് വേണമെങ്കിൽ എമർജൻസിയിലൊക്കെ ഒന്ന് കയറിയിട്ട് പോകാം ” “ഹേയ്.. അതൊന്നും വേണ്ട.. ജസ്റ്റ്‌ പുറത്തൊന്ന് കണ്ടാൽ മാത്രം മതി ” “ഓക്കേ ” റോയൽ ഹോസ്പിറ്റലിന്റെ മുന്നിൽ കൂടി അവൻ കാറോടിച്ചു.. താൻ പ്രതീ

ക്ഷിച്ചതിനേക്കാളും വല്യ ഹോസ്പിറ്റലാണതെന്ന് അവൾക്ക് മനസിലായി.. “ഇനി എങ്ങോട്ടാ പോകേണ്ടത്.. താൻ പറയ് ” “എനിക്കറിയില്ല സാർ..” “താനിവിടെയല്ലേ നഴ്സിംഗ് പഠിച്ചത്.. എന്നിട്ടുമിവിടത്തെ സ്ഥലങ്ങളൊന്നും പരിചയമില്ലേ?” “സത്യമായിട്ടും ഒരു സ്ഥലവും അറിയില്ല സാർ.. കോളേജിൽ ഭയങ്കര സ്ട്രിക്ട് ആയിരുന്നു. അങ്ങനെ പുറത്തൊന്നും വിടത്തില്ലായിരുന്നു ” “താൻ ഫ്രണ്ട്സിന്റെ കൂടെയൊന്നും പുറത്ത് പോകില്ലായിരുന്നോ?” “കോളേജിൽ നിന്നും പുറത്തേക്ക് വിടത്തില്ലെന്നല്ലേ ഞാൻ പറഞ്ഞത്.. പിന്നെ ഫ്രണ്ട്സിന്റെ കൂടെ ഞാനെങ്ങനെ പുറത്ത് പോകാനാണ്?” “അത് കോളേജിൽ പഠിച്ചപ്പോളല്ലേ.. അത് കഴിഞ്ഞു രണ്ടു വർഷം താൻ എമറാൾഡിൽ ജോലി ചെയ്തില്ലേ? അപ്പോളും പുറത്ത് പോയിട്ടില്ലേ?” “അപ്പോൾ ഇടയ്ക്ക് പുറത്തൊക്കെ പോയിട്ടുണ്ട്..

എന്നാലും ഒരുപാട് സ്ഥലങ്ങളിലൊന്നും പോയിട്ടില്ല.. എനിക്കൊരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്.. ധന്യ.. അവളും എന്നെപോലെ തന്നെയാണ്.. റോഡ് ക്രോസ്സ് ചെയ്യാനൊക്കെ ഭയങ്കര പേടിയാണ്.. ഞങ്ങൾ രണ്ടുപേരും കൂടി പുറത്ത് പോകുമ്പോൾ എത്ര റിസ്ക്കെടുത്താണെന്നോ റോഡ് ക്രോസ്സ് ചെയ്യുന്നത്..” “ആ.. ഈ ധന്യയല്ലേ തന്റെ അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ തന്നോടൊപ്പം നാട്ടിൽ വന്നത്?” “ധന്യയും ശ്യാമേട്ടനും വന്നിരുന്നു ” “അതെനിക്കറിയാം.. ആ പേര് പറഞ്ഞ് തന്നെ സങ്കടപെടുത്തണ്ടല്ലോ എന്ന് കരുതി പറയാതെ ഇരുന്നതാണ് ” “ആ പേര് കേട്ടാൽ ഇപ്പോൾ എനിക്ക് സങ്കടമൊന്നും തോന്നുന്നില്ല സാറേ.. എന്നോട് പ്രണയമുണ്ടായിരുന്ന അതേ സമയത്ത് അയാൾക്ക് മറ്റൊരു പെണ്ണിനോട് ബന്ധം വച്ച് പുലർത്താമായിരുന്നെങ്കിൽ അവളുമായി ശാരീരികമായി അടുത്തിടപഴകാമെങ്കിൽ അങ്ങനെ ഒരാളുടെ മുഖം മനസ്സിൽ നിന്നും മായിച്ചു കളയുന്നതിൽ ഞാനെന്തിന് വിഷമിക്കണം.. ഞാൻ ഒരല്പം വൈകിപ്പോയോ എന്നാണെന്റെ സംശയം..

ആ കാഴ്ച നേരിട്ട് കണ്ട രാത്രിയിൽ തന്നെ മനസ്സിൽ നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കണമായിരുന്നു ആ മുഖം.. പിന്നെയും എന്തിന് വേണ്ടി അയാളെപ്പറ്റി ആലോചിച്ചു ഞാൻ സങ്കടപെട്ടുവെന്ന് എനിക്കിപ്പോളും അറിയില്ല.. ഒരു പ്രണയം തകരുമ്പോൾ പങ്കാളികളിൽ ഒരാൾക്ക് തോന്നാത്ത ദുഃഖം മറ്റേയാൾക്കും തോന്നേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം.. പ്രത്യേകിച്ച് ഇത്രയും വല്യ വിശ്വാസവഞ്ചനയൊക്കെ കാണിക്കുകയാണെങ്കിൽ ” “താൻ പറഞ്ഞതൊക്കെ നൂറ് ശതമാനവും ശരിയാണ്.. പക്ഷേ താൻ ചിന്തിക്കുന്നത് പോലെ ചിന്തിക്കാൻ എല്ലാവർക്കും കഴിയുന്നില്ല എന്നുള്ളതാണ് സത്യം.. അങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നുവെങ്കിൽ പ്രണയനൈരാശ്യത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞേനെ.. തനിക്കറിയാമോ..

എന്റെ മുന്നിൽ കൗൺസിലിങ് വരുന്നതിൽ ഭൂരിഭാഗം ആളുകളുടെയും പ്രശ്നം പ്രണയതകർച്ച തന്നെയാണ് ” “സാർ അവർക്കൊക്കെ എന്ത് ഉപദേശമാണ് കൊടുക്കുന്നത്?” “അതൊക്കെ എല്ലാവരുടെയും സാഹചര്യങ്ങളും മനോനിലയുമൊക്കെ കണക്കിലെടുത്തിരിക്കും.. പക്ഷേ എല്ലാവർക്കും കോമണായിട്ട് കൊടുക്കുന്ന ഒരു ഉപദേശമുണ്ട്.. നമ്മുടെ ജീവിതത്തിൽ നിന്നും ഒരാൾ പടിയിറങ്ങി പോകുന്നത് അതിലും നല്ലയൊരാൾ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരാനാണ്.… ആത്മഹത്യ ചെയ്താൽ നഷ്ടം അങ്ങനെ ചെയ്യുന്നവരുടെ വീട്ടുകാർക്ക് മാത്രമാണ്.. ഇങ്ങനെ ചില കാര്യങ്ങൾ എല്ലാവരോടും പറയും ” “ഉം ” “ഞാൻ ചോദിക്കാൻ മറന്നു.. താൻ ധന്യയോടൊക്കെ ഇവിടെ വന്നത് പറഞ്ഞോ?”

“ഇല്ല..” “അതെന്താ?” “ഞാൻ ഹോസ്റ്റലിലേക്ക് മാറിയിട്ട് പറയാം.. അവളോട് കള്ളം പറയാൻ എനിക്ക് കഴിയില്ല.. ഞാൻ കള്ളം പറഞ്ഞാലും പെട്ടന്നവൾക്ക് മനസിലാകും.. ഞാൻ സാറിന്റെ കൂടെ ഒരേ ഫ്ലാറ്റിലാണ് താമസിക്കുന്നതെങ്ങാനും അവളറിഞ്ഞാലുണ്ടല്ലോ.. പിന്നെ ഉപദേശം തന്നെയായിരിക്കും.. അപ്പോൾ തത്കാലം അവളിൽ നിന്നും മറച്ചു വയ്ക്കുന്നത് തന്നെയാണ് നല്ലത് ” “ബെസ്റ്റ് ഫ്രണ്ടാണ് എന്നല്ലേ പറഞ്ഞത്.. എന്നിട്ടും ധന്യ തന്നെ വിളിക്കുകയും വിശേഷം അന്വേഷിക്കുകയൊന്നും ചെയ്യില്ലേ?” “ബെസ്റ്റ് ഫ്രണ്ട്സാണെങ്കിൽ ഡെയിലി വിളിക്കുകയും മെസ്സേജ് ചെയ്യുകയുമൊക്കെ ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ലല്ലോ?.. എനിക്കൊരു സങ്കടം വന്നാൽ ആദ്യം മനസ്സിൽ തെളിയുന്നത് അവളുടെ മുഖമായിരിക്കും..

പക്ഷേ പല സാഹചര്യത്തിലും എന്റെ സങ്കടങ്ങൾ അറിയിച്ച് അവളെക്കൂടി വേദനിപ്പിക്കണ്ടെന്ന് കരുതി ചിലതൊക്കെ ഞാനവളോട് മറച്ചു വയ്ക്കും.. ഇവിടുന്ന് റിസൈൻ ചെയ്ത് പോയതിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായതൊന്നും ഞാനവളെ അറിയിച്ചിട്ടില്ല.. അല്ലെങ്കിൽ തന്നെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവളാണ് അവൾ.. അതിനിടയിൽ എന്റെ സങ്കടങ്ങൾ കൂടി അറിഞ്ഞിട്ട് അവളുടെ മനസ് കൂടുതൽ വിഷമിപ്പിക്കണ്ടെന്ന് കരുതിയാണ് ഞാൻ പലതും അവളിൽ നിന്നും മറച്ചു വയ്ക്കുന്നത് ” “തനിക്ക് എല്ലാവരുടെയും കാര്യത്തിൽ ഭയങ്കര കരുതലാണല്ലോ..?” “ഞാൻ സ്നേഹിക്കുന്ന.. എന്നെ സ്നേഹിക്കുന്ന എല്ലാവരുടെയും കാര്യത്തിൽ എനിക്ക് കരുതലും, അവരുടെ കാര്യത്തിൽ സ്വാർത്ഥതയും ഒക്കെയുണ്ട്… എന്നിട്ടും.. ചിലരൊന്നും അത് മനസിലാക്കുന്നില്ല ”

അവൾ തന്നെയാണ് ഉദ്ദേശിച്ചതെന്ന് ജോയലിന് മനസിലായി.. എങ്കിലും അവൻ അത് മനസിലാകാത്ത ഭാവത്തിലിരുന്നു.. ജോയൽ ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി.. അവിടുന്ന് ഭക്ഷണം കഴിച്ചിട്ട് അവർ യാത്ര തുടർന്നു.. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാത്ത യാത്രയായിരുന്നുവെങ്കിലും ആ യാത്ര അവസാനിച്ചത് ഒരു പാർക്കിലായിരുന്നു.. അമേയയും ജോയലും കൂടി അതിനുള്ളിൽ കൂടി നടന്നു.. ഒരു തണൽ മരത്തിന്റെ താഴെ അവർ ഇരുന്നു.. ജോയൽ അവളോട് പറഞ്ഞു.. “എന്തൊരു ശാന്തതയാണ് ഇവിടെ..” “സാർ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ?” “ഞാൻ ഇവിടത്തെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കറങ്ങിയിട്ടുണ്ട്.. ഇതുവരെ പോകാത്തത് ലാൽബാഗിൽ മാത്രമാണ്…

പ്രണയം ഉള്ളവർക്ക് വേണ്ടിയുള്ള പാർക്കെന്നാണ് അതറിയപ്പെടുന്നത് തന്നെ.. പ്രണയമൊന്നും ഇല്ലാത്തത് കൊണ്ട് ഇതുവരെ അങ്ങോട്ടേക്ക് പോകണമെന്ന് തോന്നിയിട്ടില്ല ” “സാരമില്ല ഇനിയും സമയമുണ്ടല്ലോ ” “അതേ.. ആദ്യം പ്രണയിക്കാൻ ഒരാളെ കണ്ട് പിടിക്കട്ടെ… പിന്നെയല്ലേ അവിടേക്കുള്ള യാത്രയൊക്കെ…” അമേയ അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി… ഇപ്പോളും തനിക്കു കാണാം.. ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം.. എന്നിട്ടും എന്താണ് അത് തന്നിൽ നിന്നും മറച്ച് പിടിക്കുന്നത്? ഒരുപക്ഷേ തന്റെ മനസിലിപ്പോളും ശ്യാം ഉണ്ടായിരിക്കുമെന്ന് കരുതിയാണോ? അതോ അരവിന്ദ് തന്നെ സംശയിച്ചത് പോലെ തന്റെ ചാരിത്രത്തിൽ അവനെന്തെങ്കിലും സംശയമുണ്ടോ?…

അമേയയുടെ മനസ്സിലെ ആശങ്ക അവളുടെ മുഖത്ത് നിഴലിട്ടു.. അമേയയുടെ മുഖത്തെ മ്ലാനത ജോയൽ ശ്രദ്ധിച്ചു.. തത്കാലം വിഷയം മാറ്റാൻ വേണ്ടി അവൻ പറഞ്ഞു.. “എടോ തനിക്ക് അവിടെ പോകണമെങ്കിൽ ഞാൻ കൊണ്ട് പോകാം.. അതിന് വേണ്ടി കൊച്ച് പിള്ളേർ പിണങ്ങി നിൽക്കുന്നത് പോലെ ഇങ്ങനെ മുഖവും വീർപ്പിച്ചു നിൽക്കണ്ട” ഉറങ്ങികിടക്കുന്നവരെയാണെങ്കിൽ വിളിച്ചുണർത്താം.. പക്ഷേ ഉറക്കം നടിക്കുകയാണെങ്കിലോ.. തന്റെ മനസിലുള്ളതെന്താണെന്ന് സാർ തിരിച്ചറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ അഭിനയിക്കുകയാണ്.. നന്നായിട്ട് അഭിനയിച്ചോ കേട്ടോ.. എത്രനാൾ പോകും ഈ അഭിനയമെന്ന് നോക്കാം…

“എനിക്ക് ലോവേർസ് പാർക്കിലൊന്നും പോകണ്ട.. ഞാനും പ്രേമിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടോയെന്നു കണ്ടുപിടിക്കട്ടെ.. എന്നിട്ട് പൊയ്ക്കോളാം കേട്ടോ ” ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള അവളുടെ മറുപടി കേട്ടിട്ട് ജോയലിന് ചിരി വന്നു.. താൻ നേരത്തേ അങ്ങനെ പറഞ്ഞതിനുള്ള കലിപ്പ് തീർത്തതാണെന്ന് അവന് മനസിലായി.. കുറച്ച് നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല.. ദൂരേക്ക് മിഴികളൂന്നിയിരിക്കുന്ന അമേയയേ ശ്രദ്ധിച്ചു കൊണ്ട് ജോയൽ ചോദിച്ചു.. “എന്താടോ പതിവില്ലാത്ത ഒരാലോചന?” “ഹേയ് ഒന്നൂല്ല…” “തന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഇങ്ങനെ കലങ്ങി മറിഞ്ഞു കിടക്കുകയാണല്ലോ.. ഞാൻ കണ്ട് പിടിച്ചാലോ എന്ന് കരുതിയായിരിക്കും താനെനിക്ക് മുഖം പോലും തരാത്തത് ”

“ഇതിപ്പോൾ എന്റെ പ്രശ്നം സാർ മനസിലാക്കിയാലും ഉടനെ പരിഹാരമൊന്നും ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.. അപ്പോൾ പിന്നെ അറിയാതിരിക്കുന്നതല്ലേ നല്ലത്?” “അതിപ്പോൾ പ്രശ്നം എന്താണെന്ന് പറഞ്ഞെങ്കിലല്ലേ പരിഹാരം ഉണ്ടോ ഇല്ലയോ എന്നൊക്കെ അറിയാൻ സാധിക്കുകയുള്ളൂ.. ഇതിപ്പോൾ ഇങ്ങനെ എങ്ങും തൊടാതെ സംസാരിച്ചാൽ ഞാനെന്ത് ചെയ്യാനാണ്?” അമേയ അവന്റെ കണ്ണുകളിലേക്ക് നോക്കി.. എന്താ താനവനോട് പറയേണ്ടത്.. നിങ്ങളാണ് എന്റെ പ്രശ്നമെന്നാണോ.. എനിക്കറിയില്ല.. എന്താണെനിക്ക് സംഭവിച്ചതെന്ന്.. ഒരിക്കലും ശ്യാമിനെ മറക്കാൻ കഴിയുമെന്ന് കരുതിയതല്ല.. പക്ഷേ ഓർക്കാൻ വേണ്ടി എന്താണ് ആ ബന്ധത്തിൽ ഉണ്ടായിരുന്നത്..

അവൻ തന്നോട് കാണിച്ച സ്നേഹം വെറും അഭിനയമാണെന്ന് മനസിലായപ്പോൾ അതിന് വേണ്ടി ഇനിയുള്ള തന്റെ ജീവിതകാലം മുഴുവനും ദുഃഖിച്ചിരിക്കണമായിരുന്നോ? ഒരുപക്ഷേ ജോയലിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ ശ്യാമിനെക്കുറിച്ചുള്ള ഓർമ്മകൾ തന്നെ ശ്വാസം മുട്ടിച്ചേനെ.. തന്റെ മനസ്സിൽ നിന്നും എല്ലാം ഒറ്റദിവസം കൊണ്ട് തുടച്ചു മാറ്റാൻ സഹായിച്ചത് ജോയലാണ്.. അതൊരു പക്ഷേ അവനൊരു സൈക്കോളജിസ്റ്റായത് കൊണ്ടായിരിക്കും എളുപ്പത്തിൽ സാധിച്ചത്.. അത് മാത്രമല്ല അവനെ താൻ ഇഷ്ടപ്പെടാൻ വേറെയുമുണ്ട് കാരണങ്ങൾ.. അവനോടൊപ്പമുള്ള തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷം നിറഞ്ഞതായിരിക്കുമെന്നുള്ള വിശ്വാസം..

അത് മാത്രമല്ല ജോയലിനെപ്പോലെ ഒരാളെ ഭർത്താവാക്കാൻ ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും.. അതവന്റെ സൗന്ദര്യത്തിൽ ആകൃഷ്ടയായിട്ടല്ല അവന്റെ വ്യക്തിത്വം മനസിലാക്കിയത് കൊണ്ടാണ്.. അല്ലെങ്കിൽ തന്നെ ബാഹ്യസൗന്ദര്യം ഏത് നിമിഷവും നഷ്ടപെടാവുന്ന ഒന്നാണ്.. ഒരു രോഗമോ ആക്‌സിഡന്റോ സംഭവിച്ചാൽ നമ്മുടെ ശരീരസൗന്ദര്യം നഷ്ടപ്പെട്ടേക്കാം.. പക്ഷേ മനസിന്റെ സൗന്ദര്യം അതെന്നും നിലനിൽക്കും.. അമേയയുടെ മൗനത്തിന്റെ ദൈർഘ്യം ഏറിയപ്പോൾ ജോയൽ അവളോട് വീണ്ടും ചോദിച്ചു.. “എന്താടോ തന്റെ പ്രശ്നം.. പറയടോ?” “നമുക്ക് തിരിച്ചു പോകാം സാർ..” “അതാണോ തന്റെ പ്രശ്‍നം?” “സാർ കളിയാക്കണ്ട..

അതൊന്നുമല്ല എന്റെ പ്രശ്നമെന്ന് സാറിന് നന്നായിട്ടറിയാം.. എന്നിട്ടും ചുമ്മാ ഒന്നുമറിയാത്തത് പോലെ നടിക്കല്ലേ ” “എടോ താൻ എനിക്ക് മുഖം പോലും തരാതെ തെന്നി മാറി നടക്കുവല്ലേ.. പിന്നെങ്ങനെയാണ് ഞാൻ തന്റെ മനസിലെന്താണെന്ന് അറിയുന്നത്?” “വാ നമുക്ക് പോകാം.. ഇവിടിങ്ങനെ ഇരുന്നിട്ടെനിക്ക് ബോറടിക്കുന്നു ” അമേയ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. ജോയലും അവളോടൊപ്പം എഴുന്നേറ്റു.. അവർ കാറിന്റെ അടുത്തെത്തി.. കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ജോയൽ തിരക്കി.. “ഇനി എന്താ പ്ലാൻ? നേരെ ഫ്ലാറ്റിലേക്ക് തിരിച്ചു പോകാമെന്നാണോ?” “ഉം.. പോകാം ” ജോയൽ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാൻ തുടങ്ങി.. വഴിയോരക്കാഴ്ചകളിൽ കണ്ണ് നട്ടിരിക്കുന്നതിനിടയിൽ അമേയ അവനോട് ചോദിച്ചു.. “സാറിന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയെക്കുറിച്ചുള്ള സങ്കല്പം എന്താണ്?”

ജോയൽ ആ ചോദ്യം തീരെ പ്രതീക്ഷിച്ചിരുന്നില്ല.. അതുകൊണ്ട് തന്നെ ഒഴുക്കൻ മട്ടിൽ ഒരു മറുപടി പറഞ്ഞു.. “എനിക്കങ്ങനെ പ്രത്യേകിച്ച് സങ്കല്പം ഒന്നുമില്ലടോ ” “എന്തെങ്കിലുമൊക്കെ സങ്കല്പങ്ങളില്ലാത്ത മനുഷ്യരില്ലല്ലോ.. നമ്മൾ ആഗ്രഹിക്കുന്നത് പോലെയൊന്നും നമുക്ക് ലഭിക്കില്ലെങ്കിലും അങ്ങനെയൊക്കെ ആഗ്രഹിക്കുന്നതിന് പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ?” “തനിക്കുണ്ടോ അങ്ങനെ എന്തെങ്കിലും സങ്കൽപ്പങ്ങളൊക്കെ?” “ആദ്യം ഞാനല്ലേ ചോദിച്ചത്? അപ്പോൾ സാർ അതിനുത്തരം പറയ്.. എന്നിട്ട് ഞാനെന്റെ സങ്കല്പം പറയാം കേട്ടോ ” “ലേഡീസ് ഫസ്റ്റ് എന്നല്ലേ.. താനാദ്യം പറയടോ..

എന്നിട്ട് ഉറപ്പായിട്ടും ഞാൻ പറയാം ” “എങ്കിൽ ഞാൻ പറയാം.. ജീവിതത്തിൽ ഒരുപാട് സങ്കടം അനുഭവിച്ചവളാണ് ഞാൻ അതുകൊണ്ട് ഇനി എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന വ്യക്തി എന്നെ വേദനിപ്പിക്കുന്നയാളായിരിക്കരുത്.. പിന്നെ എന്റെ ജീവിതത്തിൽ ഇത് വരെ നടന്നതെല്ലാം ഞാൻ അദ്ദേഹത്തോട് തുറന്ന് പറയും.. അതെല്ലാം അറിഞ്ഞിട്ട് എന്നെ പൂർണ്ണമായും മനസിലാക്കിയിട്ടായിരിക്കണം എന്നെ വിവാഹം ചെയ്യാൻ.. സൗന്ദര്യം.. സമ്പത്ത് ഇതിലൊന്നും എനിക്ക് ഭ്രമമില്ല.. പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം.. എന്നോട് വിശ്വാസവഞ്ചന കാണിക്കരുത്.. എന്തും ഞാൻ സഹിക്കും.. സ്നേഹത്തിൽ കാപട്യം കലർത്തിയാൽ അത് മാത്രം എനിക്ക് സഹിക്കാൻ കഴിയില്ല..”

അമേയ ഇതൊക്കെ തന്നെയായിരിക്കും പറയാൻ പോകുന്നതെന്ന് ജോയലിന് അറിയാമായിരുന്നു.. ട്രെയിനിൽ വച്ച് അവളുടെ ജീവിതത്തിൽ നടന്നത് തന്നോട് തുറന്നു പറഞ്ഞപ്പോൾ.. പെണ്ണുകാണൽ ചടങ്ങിന്റെയന്നു അരവിന്ദിനോട് എല്ലാം തുറന്ന് പറയാൻ അവൾ ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായതാണ് അവൾ ഒന്നും ഒളിച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്.. ജോയൽ നിശബ്ദനായത് ശ്രദ്ധിച്ചു കൊണ്ട് അമേയ ചോദിച്ചു.. “ഇനി സാറിന്റെ സങ്കല്പം പറയ്” “എടോ.. കുറച്ച് പക്വതയുള്ള കുട്ടിയായിരിക്കണം.. ഇരുപത്തിയേഴ്, ഇരുപത്തെട്ട് അത്രയും വയസൊക്കെ ഉള്ളയാളായിരിക്കണം ” “ഈ പ്രായവും പക്വതയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?”

“ഒരു ബന്ധവുമില്ല.. പക്ഷേ എനിക്കിപ്പോൾ മുപ്പത്തിരണ്ട് വയസ്സ് കഴിഞ്ഞു.. ഞാൻ ഇരുപത്തി അഞ്ച് വയസിൽ താഴെയുള്ള ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചാൽ ആദ്യമൊന്നും ആ പെൺകുട്ടിക്ക് ഇപ്പോൾ അത്ര പ്രശ്‍നമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് പല പ്രശ്നങ്ങളും ഉണ്ടായേക്കാം.. ഞാൻ വാർദ്ധക്യത്തിലേക്ക് കടക്കുമ്പോളും എന്റെ ഭാര്യ യൗവനത്തിൽ തന്നെയായിരിക്കും.. ജരാനരകൾ ബാധിച്ച എന്നെ കാണുമ്പോൾ അവൾക്ക് തോന്നിയാലോ.. കുറച്ച് കൂടി ചെറുപ്പമായിട്ടുള്ള ഒരാളെ വിവാഹം ചെയ്താൽ മതിയായിരുന്നു എന്ന് ” അമേയയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.. അപ്പോൾ അതാണ് കാര്യം..താൻ മനസ്സിൽ കരുതിയതൊന്നുമല്ല..

വയസുകൾ തമ്മിലുള്ള അന്തരമാണ് സാറിനെ പിന്നോട്ട് വലിക്കുന്ന ഘടകം.. സാർ ഭാവിയെക്കുറിച്ച് വരെ ചിന്തിച്ചു കഴിഞ്ഞു… അമേയയുടെ ചിരി കണ്ടപ്പോൾ അവൾ തന്നെ കളിയാക്കുകയാണെന്ന് ജോയലിന് മനസിലായി.. “എന്താടോ താൻ കളിയാക്കി ചിരിക്കുന്നത്?” “ഹേയ്.. ഒന്നുല്ല.. സൈക്കോളജിസ്റ്റായിട്ടും ചില കാര്യങ്ങളിലൊന്നും സാറിന് നല്ല ധാരണയില്ല.. അല്ലേ?” “എനിക്ക് വ്യക്തമായ ധാരണയുള്ളത് കൊണ്ട് തന്നെയാണ് ഞാനങ്ങനെ പറഞ്ഞത്.. പ്രായവ്യത്യാസത്തിൽ വിവാഹം കഴിക്കുന്ന എല്ലാ ദമ്പതികളുടെയും ജീവിതത്തിൽ പ്രശ്നമുണ്ടെന്ന് ഞാൻ പറയുന്നില്ല.. പക്ഷേ കുറച്ച് പേരുടെയെങ്കിലും ജീവിതത്തിൽ പ്രശ്നം ഉണ്ടാകും.. പ്രത്യേകിച്ച് ഒരു കോംപ്ലക്സ് മനസ്സിൽ സൂക്ഷിക്കുന്നവരുടെ.. ഭാര്യയ്ക്ക് തന്നോടുള്ള ജീവിതം സന്തോഷമായിരിക്കുമോയെന്ന് മനസ്സിൽ ചിന്തിച്ച് ആവലാതിപെടുന്ന കുറച്ച് പേരെങ്കിലും എന്റെയടുത്തു കൗൺസിലിങ്ന് വന്നിട്ടുണ്ട് ”

“ഇങ്ങനെ ആവലാതിപെടേണ്ട ആവശ്യമെന്താ.. സ്വന്തം ഭാര്യയോട് തുറന്ന് ചോദിച്ചാൽ പോരേ.. നിനക്ക് എന്നോടുള്ള ജീവിതത്തിൽ സന്തോഷം ഉണ്ടോ? നീ മറ്റെന്തെങ്കിലുമൊക്കെ ആഗ്രഹിക്കുന്നുണ്ടോയെന്ന് ? ഭാര്യയുടെയടുത്ത് എന്തിനാ ഇത്രയും ഫോർമാലിറ്റിയൊക്കെ..” “താൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണെടോ.. ഇങ്ങനെ ഭാര്യയും ഭർത്താവും മനസ് തുറന്ന് സംസാരിച്ചാൽ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന ഭൂരിഭാഗം പ്രശ്നങ്ങളും സോൾവ് ചെയ്യാൻ പറ്റും.. പക്ഷേ അങ്ങനെ മനസ്സ് തുറന്ന് സംസാരിക്കാൻ മിക്കവാറും ആരും തയ്യാറാകുന്നില്ല എന്നുള്ളതാണ് സത്യം ” “ആ അതൊക്കെ അവിടെ നിൽക്കട്ടെ.. താങ്കൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു.. സങ്കല്പത്തിലെ ബാക്കി കാര്യങ്ങൾ പറയ്..”

“ഇനിയുള്ളത് സങ്കല്പം ഒന്നുമല്ല… കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനോട് ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കുറച്ച് കാര്യങ്ങളാണ്.. കല്യാണം കഴിഞ്ഞാൽ ഭാര്യയ്ക്ക് മുൻഗണന കൊടുക്കണം എന്ന് പറയുന്ന ചില ആളുകളുണ്ട്.. എനിക്കൊരിക്കലും അതിന് സാധിക്കില്ല.. ഇന്നലെ വരെ എന്നെ വളർത്തിയ മാതാപിതാക്കളെക്കാളും പ്രാധാന്യം എന്റെ ഭാര്യയ്ക്ക് ഞാൻ കൊടുക്കില്ല.. എന്റെ ഹൃദയത്തിൽ എല്ലാവർക്കും ഒരേ സ്ഥാനമായിരിക്കും..അതവൾ മനസിലാക്കണം.. എന്റെ ഭാര്യ ആയത് കൊണ്ട് മാത്രം ജീവിതത്തിൽ അവൾക്ക് ഒന്നും നഷ്ടപ്പെടുത്തേണ്ടി വരരുത്.. പ്രത്യേകിച്ച് നല്ല സൗഹൃദങ്ങളും അവളുടെ ഇഷ്ടങ്ങളുമൊന്നും.. പിന്നെ എന്റെ ബലഹീനതകളൊക്കെ മനസിലാക്കി അവൾക്കെന്നെ സ്നേഹിക്കാൻ കഴിയണം..

ഏറ്റവും പ്രധാനപെട്ടത്, എന്റെ ജോലിയുടെ ടെൻഷൻ മനസിലാക്കാൻ കഴിയണം..” അപ്പോൾ വയസ്സ് മാത്രമാണൊരു പ്രശ്നം.. ബാക്കിയെല്ലാം ഓക്കേയാണ്.. അപ്പോൾപ്പിന്നെ എട്ട് വയസ്സിന്റെ വ്യത്യാസം ഒരു പ്രശ്നമേയല്ല എന്ന് സാറിനെ ബോധ്യപ്പെടുത്തി കൊടുക്കണ്ടേ.. സ്നേഹിക്കാൻ പ്രായമൊരു പ്രശ്‍നമല്ലെന്ന് സാറിനെയൊന്ന് ഓർമിപ്പിക്കണ്ടേ.. ഭക്ഷണം പുറത്ത് നിന്ന് കഴിച്ചിട്ടാണ് അവർ ഫ്ലാറ്റിലേക്ക് തിരിച്ചു പോയത്.. അവിടെയെത്തിയതിന് ശേഷം രണ്ടുപേരും തങ്ങളുടെ റൂമിലേക്ക് പോയി.. വൈകുന്നേരം ഒരുമിച്ച് കുക്ക് ചെയ്തു,ഭക്ഷണം കഴിച്ചു.. അതിന് ശേഷം പതിവ് പോലെ ബാൽക്കണി കാഴ്ചകളിലേക്ക്.. നല്ല നിലാവുള്ള രാത്രിയായിരുന്നു അത്.. അമേയയുടെ മുടിയിഴകൾ അവളുടെ മുഖത്തേക്ക് പാറി വീണു..

ഇടം കൈ കൊണ്ടവൾ അത് മാടിയൊതുക്കി വച്ചു.. തണുത്ത കാറ്റ് ബാൽക്കണിയിലേക്ക് അരിച്ചിറങ്ങി വന്നു.. അമേയയ്ക്ക് ചെറുതായി തണുക്കുന്നുണ്ടായിരുന്നു.. അവർ രണ്ടുപേരും എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരുന്നു.. രാത്രി ഏറെ വൈകിയിട്ടും അവിടെ നിന്നെഴുന്നേറ്റ് പോരാൻ രണ്ട് പേർക്കും മനസ്സ് വന്നില്ല.. ജോയൽ വാച്ചിലേക്ക് നോക്കി.. പതിനൊന്നരയായി.. അവനിപ്പോൾ എഴുന്നേറ്റാലോ എന്ന് കരുതിയിട്ടായിരിക്കും അമേയ ചോദിച്ചു.. “ഭാര്യയും ഭർത്താവും തമ്മിൽ എട്ട് വയസ്സിന്റെ വ്യത്യാസം ഉള്ളത് കൊണ്ടെന്തെങ്കിലും കുഴപ്പമുണ്ടോ?” തന്നോടുള്ള പ്രണയം അവളുടെ കണ്ണുകളിൽ തിരയടിക്കുന്നത് ജോയലറിഞ്ഞു..

മനസ്സിൽ കരുതിയ ഉത്തരമായിരുന്നില്ല അവൻ അവളോട് പറഞ്ഞത്.. “ഇല്ല.. എന്നും ഒരേപോലുള്ള പ്രണയം ജീവിതത്തിൽ ഉണ്ടെങ്കിൽ പ്രായവ്യതാസം ഒരു പ്രശ്നമേയല്ല ” അമേയയുടെ കവിളിണകളിൽ ചുമപ്പ് പരന്നു.. നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മുഖം പൂർണ്ണചന്ദ്രനെപ്പോലെ തിളങ്ങുന്നത് അവനറിഞ്ഞു.. തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും താൻ ജീവന് തുല്യം പ്രണയിക്കുന്ന പെണ്ണാണ് തൊട്ട് മുൻപിൽ നിൽക്കുന്നത്.. മനസ്സിൽ വികാരവിക്ഷോഭങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും നടക്കുന്നത് ജോയൽ തിരിച്ചറിഞ്ഞു… ഇരുട്ടും ഏകാന്തതയുമാണ് ഏതൊരു മനുഷ്യനെയും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന ചിന്ത പെട്ടന്ന് അവന്റെ മനസിലേക്ക് കടന്ന് വന്നു..

വാച്ചിലേക്ക് വീണ്ടും നോക്കിക്കൊണ്ട് ജോയൽ പറഞ്ഞു.. “നേരം ഒരുപാട് വൈകിയെടോ.. വാ ഉറങ്ങാം ” ജോയൽ തിടുക്കത്തിൽ നടന്ന് തന്റെ മുറിയിലേക്ക് കയറി.. അമേയ തന്റെ മുറിയിലേക്കും.. ആ രാത്രിയിൽ ഒരായിരം വർണ്ണങ്ങളുള്ള ഒരു മധുരസ്വപ്നം അമേയയുടെ കൂട്ടിനായെത്തി.. ജോയൽ ഉറക്കം വരാതെ.. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു.. അവളോട് തന്റെ മനസിലുള്ളത് തുറന്ന് പറയണോ വേണ്ടയോ എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത….. തുടരും…….

ഈറൻമേഘം: ഭാഗം 23

Share this story