പെയ്‌തൊഴിയാതെ: ഭാഗം 15

പെയ്‌തൊഴിയാതെ: ഭാഗം 15

എഴുത്തുകാരി: ഗൗരി ലക്ഷ്മി

മ്മ.. മ്മ.. ആ വാക്കുകൾ തിരിഞ്ഞില്ലെങ്കിലും അമ്മ എന്നാണവൾ പറഞ്ഞതെന്ന് ഗിരിക്കും വേദയ്ക്കും മനസ്സിലായി. രണ്ടുപേർക്കും അതൊരു ഞെട്ടലായിരുന്നെങ്കിലും വേദയുടെ ഉള്ളിൽ ഒരു മഞ്ഞുതുള്ളി വീണ സുഖമായിരുന്നു ഉണ്ടായതെങ്കിൽ ഗിരിയുടെ മനസ്സിൽ ആഴത്തിലുള്ള മുറിവാണ് അവളുടെയാ വിളി സമ്മാനിച്ചത്.. അപ്പോഴും ഉറക്കത്തിൽ അവ്യക്തമായി മ്മ എന്ന വിളിയോടൊപ്പം വേദയുടെ കഴുത്തിലെ ചെയിനിലും മോള് പിടുത്തമിട്ടിരുന്നു.. ഗിരിമോളെ ഒന്നുകൂടി നെഞ്ചോട് ചേർത്തുപിടിച്ചു.. വേദ മറ്റേതോ ലോകത്തായിരുന്നു . തീർത്തും മറ്റേതോ ലോകത്ത്.. മോളുടെ കൈകൾ ചെയിനിൽ പിടുത്തമിട്ടത് പോലും അവൾ കേട്ടില്ല.. മാതൃത്വത്തിന്റെ ലഹരി അവളിൽ നിറയുകയായിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

കാതിലും കണ്ണിലും ശങ്കരിമോളും അവളുടെ അമ്മേ എന്ന വിളിയും മാത്രം.. ഗിരി ഒരു മിനിറ്റ്.. ഗീത വേഗം വന്ന് പതിയെ മോളുടെ കൈകൾ വേദയുടെ കഴുത്തിലെ ചെയിനിൽ നിന്നും വിടുവിച്ചു.. അത് പോലും അറിഞ്ഞിരുന്നില്ല വേദ.. ഗിരിയും മറ്റൊരു ലോകത്തായിരുന്നു.. ആ വിളി അവനിൽ വല്ലാത്ത വേദന നിറച്ചു.. പെറ്റമ്മയെ അങ്ങനെ വിളിക്കുവാൻ യോഗമില്ലാത്ത തന്റെ മോളുടെ അവസ്ഥ അവനെ വല്ലാതെ ആഴത്തിൽ മുറിവേൽപ്പിച്ചു.. അതിലുമുപരി അവനെ വേദനിപ്പിച്ചത് തന്റെ നിസ്സഹായാവസ്ഥ തന്നെയായിരുന്നു.. വേദയോട് അവന് ദേഷ്യം തോന്നി.. എന്തിനാണ് അവൾ തന്റെ മോളുടെ മനസ്സിലേക്ക് ഇടിച്ചു കയറുന്നത്..

പക്ഷെ പൊടുന്നനെ ആ ദേഷ്യം മാഞ്ഞു പോയി.. തരളമായ സ്നേഹം തന്റെ മകൾക്കായി വെച്ചു നീട്ടിയ അവളോട് ദേഷ്യം തോന്നിപോയതിനു പോലും അവനു കുറ്റബോധം തോന്നി.. വേദാ പോകാം.. വേദ ഒന്നും ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയതും ഗീത അവളെ പിടിച്ചു വലിച്ചുകൊണ്ട് പോയി . യാന്ത്രികമായി കൂടെ നടക്കുമ്പോഴും വേദയുടെ കാതിൽ മ്മ എന്ന മോളുടെ വിളി മാത്രമായിരുന്നു.. അത്ര മാത്രം.. ********* വേദാ.. കട്ടിലിൽ എന്തോ ആലോചിച്ചു ചാരി ഇരിക്കുന്ന വേദയെ ഗീത വിളിച്ചു.. അവൾ ഗീതയെ നോക്കി. അവരും അവൾക്കരികിൽ ഇരുന്നു.. അവരവളെ നോക്കി.. മറ്റേതോ ലോകത്താണ് അവൾ.. കൈകൾ ചെയിനിൽ ചുറ്റുകയും വിടുകയുമൊക്കെ ചെയ്യുന്നുണ്ട്.. കണ്ണും മൂക്കിൻ തുമ്പും ചുവന്നിരിക്കുന്നു.. മോളെ.. ഗീത അവളുടെ തോളിൽ കൈവെച്ചു വിളിച്ചു..

അവൾ നിറകണ്ണുകളോടെ അവരെ നോക്കി.. അയ്യേ.. കരയാ നീ.. അവർ അവളുടെ കണ്ണു തുടച്ചുകൊണ്ട് ചെറു പുഞ്ചിരിയോടെ ചോദിച്ചു.. അവൾ നോട്ടം അവരിൽ നിന്ന് മാറ്റി . അപ്പോഴും അവൾ മൗനിയായി കാണപ്പെട്ടു.. വേദാ.. ഗീത വിളിച്ചതും അവൾ അവരെ നോക്കി.. എന്താ കുട്ടി ഇത്. ഹേ.. അവൾ മുഖം താഴ്ത്തി.. ആ കുട്ടിയുടെ അവസ്ഥ മോളൊന്ന് ആലോചിച്ചു നോക്കിയേ.. ഇത്രയും കുഞ്ഞു പ്രായത്തിൽ അവൾക്ക് അമ്മയെ നഷ്ടപെട്ടില്ലേ . ചുറ്റും കുറെ പേരുണ്ട്.. പക്ഷേ അമ്മയ്ക്ക് പകരം ആകുമോ ആരെങ്കിലും. ഒരു വയസ്സ് ആയിട്ടില്ല അതിനു. പാല് കുടിച്ചു വളരേണ്ട പ്രായം..

ഓരോരുത്തർക്കും ഓരോ വിധിയുണ്ട് മോളെ.. അത് ഈ ഭൂമിയിൽ ജനിക്കുമ്പോ മുതൽ നമ്മൾ ഓരോരുത്തരും അനുഭവിക്കേണ്ട ഓരോന്ന് തലയിൽ എഴുതിയാ നമ്മളെ ദൈവം ഇങ്ങോട്ട് വിടുന്നത്.. അതൊക്കെ നമ്മൾ അനുഭവിച്ചു തന്നെ ആകണം.. ഗീത പറഞ്ഞു.. അമ്മയ്ക്കറിയാം മോളുടെ മനസ്സിലിപ്പോൾ എന്താണെന്ന്.. മറക്കേണ്ടതൊക്കെ നമ്മൾ മറന്നേ പറ്റൂ.. നിനക്ക് വയസ്സ് 25 ആകുന്നതെയുള്ളൂ.. ജീവിതം ഇനിയും ഒരുപാട് മുൻപോട്ടുണ്ട്.. അപ്പൊ ഇനിയും ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്യേണ്ടി വരും.. ഇനിയും.. വേദയുടെ പുഞ്ചിരിയോടെയുള്ള ആ ചോദ്യത്തിന് മുൻപിൽ അവർ പതറിപോയി..

ഏതോ ഓർമയിൽ അവരുടെ കണ്ണുകൾ നിറഞ്ഞുപോയി.. ഭ്രാന്തിന്റെ വക്കിൽ നിന്ന് താൻ തിരിച്ചുപിടിച്ച അവളുടെ ജീവിതം ഓർക്കവേ അവരുടെ മനസ്സ് നീറി.. ഉണ്ടാകും..വേദ എവിടെയോ നോക്കി പറഞ്ഞു.. ഇനിയും ഒരുപാട് ഉണ്ടാകും അനുഭവിക്കാൻ.. ഗീത മറുപടി നൽകിയില്ല.. അമ്മേ.. എന്റെ ടാബ്‌ലെറ്റ് എവിടെ.. വേദാ.. നീയങ്ങനെ ടാബ്‌ലെറ്റ് ഉപയോഗിക്കുന്നത്.. എനിക്ക് തല വേദനിക്കുന്നു അമ്മാ.. വല്ലാതെ.. . ഒന്നുറങ്ങണം.. വേദാ.. പ്ലീസ് അമ്മേ.. അവൾ പറഞ്ഞതും അവർക്ക് മറ്റു വഴികൾ ഇല്ലായിരുന്നു.. അവർ എഴുന്നേറ്റ് പോയി അലമാരയിൽ സൂക്ഷിച്ചിരുന്ന ടാബ്‌ലെറ്റ് അവൾക്ക് നൽകി . അതിൽ നിന്ന് ഒരെണ്ണം തിരഞ്ഞുപിടിച്ചെടുത്തു കഴിക്കുമ്പോൾ ഗീതയുടെ കണ്ണുകൾ നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..

മരുന്നിന്റെ ഫലം കൊണ്ട് അവളുടെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു..അപ്പോഴും മ്മ എന്ന കുഞ്ഞിപെണ്ണിന്റെ വിളി അവളുടെ കാതിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.. മറുവശത്ത് എന്നോ മുറിഞ്ഞുപോയ താരാട്ടിന്റെ ഈണങ്ങൾ വൃഥാ കൂട്ടിച്ചേർക്കുവാൻ ശ്രമിച്ചുകൊണ്ട് ഗിരി മോളെ അറക്കുവാൻ ശ്രമിക്കുകയായിരുന്നു..അവന്റെ കാതിലും ആ വിളി സ്ഥാനം പിടിച്ചിരുന്നു.. അതവന്റെ ഹൃദയത്തിൽ ആഴത്തിൽ വേദനിപ്പിക്കുന്നുണ്ടായിരുന്നു.. ********** മഹാലക്ഷ്മി നമോസ്തുഭ്യം നമോസ്തുഭ്യം സുരേശ്വരി ഹരിപ്രിയേ നമോസ്തുഭ്യം നമോസ്തുഭ്യം ദയാനിധേ.. യാ ദേവി സർവ്വ ഭൂതേഷു മാതൃ രൂപേണ സംസ്‌ഥിതാ നമസ്തസ്യേ നമസ്തസ്യേ നമസ്തസ്യേ നമോ നമഃ. പ്രാര്ഥിച്ചുകൊണ്ട് ദേവിയുടെ തിരുസന്നിധിയിൽ നിൽക്കുമ്പോൾ വേദയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… വേദാ.. പ്രണയപൂർവമുള്ള ആ വിളി അവളുടെ ഹൃദയത്തിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരുന്നു..

എന്തിനെന്നറിയാതെ അവളുടെ ഹൃദയം നിലവിളിച്ചുകൊണ്ടിരുന്നു.. എന്തിനാ ദേവീ എന്നോടീ പരീക്ഷണം.. ഓര്മവെച്ച നാൾ മുതൽ നിന്റെ സന്നിധിയ്ക്ക് മുൻപിൽ ജീവിച്ചവളല്ലേ ഞാൻ.. എന്നിട്ടും.. അവൾക്ക് വല്ലാതെ സങ്കടം വന്നിരുന്നു.. കണ്ണുകൾ അനുസരണയില്ലാതെ ഒഴുകിയിറങ്ങി.. മുഖം ചുവന്നിരുന്നു.. വേദാ.. അവൾ അകത്തു പ്രദക്ഷിണം വെച്ചു കഴിഞ്ഞു പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് ആ വിളി കേട്ടത്.. അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തനിക്കരികിലേയ്ക്ക് ഒരു ചെറു പുഞ്ചിരിയുമായി നടന്നു വരുന്ന ഗിരിയെ.. അവൾ ചിരിക്കാൻ ഒരു ശ്രമം നടത്തി.. എന്താടോ ദേവിയോട് കാര്യമായ എന്തോ സങ്കടം പറയുകയായിരുന്നു എന്നു തോന്നുന്നു..

അവൻ മുഖത്തു നോക്കി ചോദിച്ചതും അവൾ ഒന്ന് പതറി.. തൊഴുതു കഴിഞ്ഞോ താൻ.. ഗിരി ചോദിച്ചു.. ആ.. സർ.. ഞാൻ പുറത്തു പ്രദക്ഷിണം വെച്ചു.. താൻ എങ്ങനെയാ വന്നത്.. നടന്ന്.. അവൾ പറഞ്ഞു.. എങ്കിൽ വെയിറ്റ് ചെയ്യൂ.. ഞാൻ വീട്ടിലോട്ടാ . അകത്തു പ്രദക്ഷിണം വെച്ചിട്ട് വരാം.. ഹേയ്.. കുഴപ്പമില്ല സർ.. ഞാൻ നടന്നോളാം.. അവൾ പറഞ്ഞു.. നിര്ബന്ധിക്കുകയല്ല.. എനിക്ക് തന്നോട് അൽപ്പം സംസാരിക്കാൻ ഉണ്ടായിരുന്നു.. ബുദ്ധിമുട്ടില്ലെങ്കിൽ മതി.. അതല്ല എന്റെ കൂടെ വരാൻ ഉള്ള ബുദ്ധിമുട്ടാണെങ്കിൽ നോ പ്രോബ്ലം.. അവൻ പറഞ്ഞു.. അതല്ല സർ.. ഞാൻ.. ഞാൻ പുറത്തു നിൽക്കാം.. വേദ ഒന്നാലോചിച്ച ശേഷം പറഞ്ഞു.. ഓകെ.. അവൻ അകത്തേയ്ക്ക് പോകുന്നതും നോക്കി നിൽക്കുമ്പോഴും അവനെന്താണ് പറയുവാൻ ഉള്ളത് എന്ന ചിന്തയിലായിരുന്നു അവൾ.. **********

വേദാ.. ഗിരി ബൈക്ക് കൊണ്ട് അടുത്തു നിർത്തി വിളിച്ചതും അവൾ നോക്കി.. കേറ്.. അവൻ പറഞ്ഞതും അവൾ പുറകിലേക്ക് കയറി ഒരു വശത്തേയ്ക്ക് ചെരിഞ്ഞ് ഇരുന്നു.. ഗിരി മിററിലൂടെ അവളെ നോക്കി വണ്ടി മുൻപോട്ടെടുത്തു.. അൽപ്പം മാറി ഒരു മര തണലിലേയ്ക്ക് വണ്ടി ഒതുക്കി നിർത്തിയതും അവൾ ഇറങ്ങി..ചുറ്റും കണ്ണോടിച്ചു..അൽപ്പം വിജനമായ സ്ഥലമാണ്.. പേടിക്കേണ്ട.. ഇവിടെ അടുത്തൊക്കെ വീടുണ്ട്.. ഞാൻ ഇവിടെ നാട്ടിൽ പഠിക്കുന്ന സമയത്തൊക്കെ ഈ നേരത്തൊക്കെ സ്ഥിരമായി വന്നിരിക്കാറുള്ള സ്ഥലമാ ഇത് . അന്നൊക്കെ ഈ നേരത്ത് ഇവിടെ ഒത്തിരി പേര് കാണും.. ഈ മരച്ചോട്ടിൽ ഒക്കെയായി.. ഇപ്പൊ മൊബൈൽ ഒക്കെ വന്നേപിന്നെ ചുരുക്കമാണ്..

എന്നാലും വൈകുന്നേരം പിള്ളേരൊക്കെ വന്നിരിക്കുന്നത് കാണാറുണ്ട്.. സാറെന്താ പറയാനുണ്ടെന്ന് പറഞ്ഞേ.. വേദ തെല്ല് ആകാംഷയോടെ ചോദിച്ചു.. ആക്ച്വലി ആം സോറി.. അവൾ എന്തിനെന്ന അർത്ഥത്തിൽ അവനെ നോക്കി . അന്ന് തന്നോട് മോളോട് അധികം അടുക്കരുത് എന്നുള്ള അർത്ഥത്തിൽ ഞാനെന്തൊക്കെയോ പറഞ്ഞുപോയി.. പറഞ്ഞതിനുള്ള കാരണം അന്നുമിന്നും എന്റെയുള്ളിലെ പേടി തന്നെയാണ്.. പക്ഷെ അന്നത് തന്നെ ഹെർട്ട് ചെയ്തു എന്ന് തോന്നി.. അതേ പിന്നെയും പല വട്ടം തന്റെ സഹായം തേടേണ്ടി വന്നിട്ടുണ്ട് മോളുടെ കാര്യത്തിൽ.. അപ്പോഴൊക്കെ പറയണം എന്നോർക്കും. സത്യത്തിൽ അത് തന്നെ വേദനിപ്പിക്കാൻ പറഞ്ഞതായിരുന്നില്ല..

തനിക്ക് ഇപ്പൊ വയസ്സ് 24 ഒക്കെ ആയില്ലേ. പഠിത്തം കഴിഞ്ഞു ജോലിയായി.. ഇനിയിപ്പോ കല്യാണ ആലോചനയൊക്കെ വന്നു തുടങ്ങും..ഒന്നുകിൽ അങ്ങനെ.. അല്ലെങ്കിൽ മറ്റൊരു നല്ല ജോലികിട്ടി വീടൊക്കെ മാറി താൻ പോകും.. ആ സമയത്തു മോൾക്ക് ചിലപ്പോ അത് സഹിക്കാൻ പറ്റിയെന്നു വരില്ല. അവൾ തീരെ കുഞ്ഞല്ലേടോ.. ഒന്നും മനസ്സിലാക്കാനുള്ള കഴിവില്ലല്ലോ.. ആ സമായത്തുണ്ടാകുന്ന മുറിവ് അവളുടെ ഭാവിയെ പോലും ബാധിച്ചേക്കാം.. ഈ പ്രായം ചുറ്റും ഉള്ളതിനെ ഒക്കെ ഗ്രാസ്‌പ്പ് ചെയ്യുന്ന സമയമല്ലേ.. അപ്പൊ കുഞ്ഞിന്റെ മനസ്സിൽ താൻ ഒരു വിടവായി അവശേഷിച്ചു പോകുമോ എന്നൊരു പേടി.. അന്ന് ഞാൻ പറഞ്ഞതിനെ ആ സെൻസിലെ എടുക്കാവൂ… ഈഫ് ഇറ്റ് ഹെർട്ട്‌സ് യു. ആം സോറി.. ഹേയ്.. എന്താ സർ ഇത്.. സാറെന്നോട് സോറി പറയാൻ എന്താ ഉണ്ടായേ..

അന്ന് സർ പറഞ്ഞപ്പോൾ എനിക്ക് വേദനിച്ചു എന്നുള്ളത് സത്യമാണ്.. പക്ഷെ ഒന്നാലോചിച്ചപ്പോൾ അതിൽ ശെരിയുണ്ടെന്നു എനിക്കും തോന്നി.. ഞാനും അമ്മയും ഈ നാട്ടിൽ സ്ഥിരമായി താമസിക്കാൻ വന്നതല്ല.. തീർത്തും അവിചാരിതമായി ഇങ്ങോട്ട് വന്നു.. ഏത് നിമിഷവും ഞങ്ങൾക്ക് മടങ്ങേണ്ടിയും വരാം.. അപ്പൊ മോൾക്ക് അതൊരു വേദന ആകുമെങ്കിൽ അത് ഒഴിവാക്കുന്നതായിരിക്കും നല്ലതെന്ന് എനിക്കും തോന്നി.. പക്ഷേ.. ശങ്കരി മോൾക്കിപ്പോ ഒരു അമ്മേടെ സ്നേഹം ഒത്തിരി ആവശ്യമാണ് സർ.. എനിക്കറിയാം സാറിന്റെ മനസ്സിൽ ശങ്കരിമോളുടെ അമ്മ ഉണ്ടാക്കിയ വിടവ് ഒത്തിരി വലുതാണെന്ന്.. പക്ഷെ.. ഈ സമയത്തു ആസ് എ പേഴ്സണ് എന്നതിൽ ഉപരി ആസ് എ ഫാദർ ആയി സർ ചിന്തിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.. സാറിന്റെ മനസ്സിൽ വലിയ മുറിവുകൾ കാണും.

പക്ഷെ യു ക്യാൻ അക്സപ്റ്റ് ഇറ്റ്.. സാറിന്റെ പ്രായം അതാണ്.. പക്ഷെ മോളുടെ കാര്യം അങ്ങനെ അല്ല.. യു ആർ എ വർക്കിങ് മെൻ.. വീട്ടിലും അങ്ങനെ മോളെ പ്രത്യേകം കെയർ ചെയ്യാൻ ഒരാൾ ഇല്ലല്ലോ.. ലേഖ ആന്റിക്കും സാറിന്റെ അമ്മയ്ക്കും തീരെ വയ്യ. അവർക്ക് അത്രയും പ്രായമായി.. ദിനം പ്രതി അവർക്ക് അസുഖങ്ങൾ കൂടി വരും.. ഈ ടൈമിൽ ഒരു കുഞ്ഞിനെ കൂടി നോക്കുക എന്നത് അവർക്ക് അത്ര പൊസിബിൾ ആകില്ല.. ആൻഡ് ഓൾസോ.. അതൊരിക്കലും സേഫും അല്ല… മോളുടെ അമ്മ ഇവിടെ ഉണ്ട്.. അവർ വർക്കിങ് ആണ് രാവിലെ പോയി വൈകുന്നേരം വരുമെന്നുള്ള സിറ്റുവേഷൻ ഒക്കെ ആണെങ്കിൽ ഓകെ.. മോൾക്ക് ബാക്കി സമയം അമ്മയെ കിട്ടുന്നുണ്ടല്ലോ..

പക്ഷെ ഇവിടെ കണ്ടീഷൻ മറ്റൊന്നാണ്.. സാറിന് ഒരിക്കലും അമ്മയാകാൻ കഴിയില്ല . താനെന്താ പറഞ്ഞു വരുന്നത്.. ഗിരി ചോദിച്ചു.. ശങ്കരിമോൾക്ക് മറ്റൊരു അമ്മയെ കണ്ടെത്തിക്കൂടെ സർ . വാട്ട്. സാറിനു ഒരു വിവാഹം കഴിച്ചൂടെ.. നോ.. ഗിരി എടുത്തടിച്ചതുപോലെ പറഞ്ഞു.. ഞാനീ മറുപടി പ്രതീക്ഷിച്ചു.. പക്ഷെ ഞാൻ വീണ്ടും പറയുന്നു.. സാറിപ്പോൾ ചിന്തിക്കേണ്ടത് ആസ് എ പേഴ്സണ് എന്നതിൽ ഉപരി ആസ് എ ഫാദർ ആയിട്ടാണ്..ഈ പ്രായത്തിൽ ഉള്ള ഒരു കുഞ്ഞിന് ഒരമ്മയുടെ കരുതൽ അനിവാര്യമാണ്.. വേദ ഓർമിപ്പിച്ചു.. സർ തന്നെ മുൻപ് പറഞ്ഞതുപോലെ.. ഈ പ്രായത്തിൽ അവളുടെ മൈൻഡ് ഒരു വൈറ്റ് ബോർഡ് പോലെയാകും. ആ ബോർഡിൽ ആരെന്തു വരാച്ചാലും അവളുടെ ഭാവിയിൽ ഉള്ള സ്വഭാവത്തെ അത് ബാധിക്കും.. ഈ പ്രായത്തിൽ മോളെ ഇൻസെക്വർ ആക്കരുത് എന്നാണ് എനിക്ക് സാറിനോട് പറയാൻ ഉള്ളത്.. വേദ പറഞ്ഞു..

ഗിരിക്ക് അവൾക്ക് നൽകാൻ മറുപടി ഉണ്ടായിരുന്നില്ല.. ഞങ്ങൾ പോയാലും മോൾക്ക് ഒരമ്മ ഉണ്ടെങ്കിൽ അതവളെ ബാധിക്കില്ല.. സർ ആലോചിക്കൂ.. എന്തായാലും ഇപ്പൊ ഞങ്ങൾ ഇവിടെ ഉള്ളിടത്തോളം മോൾക്ക് എപ്പോ ആവശ്യം വന്നാലും ഞാൻ ഉണ്ടാകും ഒരു വിളിപ്പാടകലെ.. ധൈര്യമായിരിക്കൂ.. വേദ പറഞ്ഞു.. മ്മ്.. തനിക്ക് കോളേജിൽ പോകേണ്ടേ.. പോണം.. സർ ഇന്ന് ലീവ് ആണോ.. അല്ല. അടുത്ത ആഴ്ച മോളുടെ പിറന്നാളാ.. നാള് വെച്ചിട്ട്.. അതിനു ചില വഴിപാടിനു എഴുതിക്കാൻ വന്നതാ.. എന്തായാലും താൻ വാ.. ആഹാ.. അപ്പൊ ഒരു വയസ്സ് ആയി അല്ലെ.. ഡേറ്റ് ഓഫ് ബർത്ത് വെച്ചിട്ട് നെക്സ്റ്റ് മന്ത് 6 നാ..ഓണം അടുത്തു.. ഓണം അടുത്തല്ല.. അന്നാ തിരുവോണം.. മ്മ്… അവൻ മൂളി.. കേറ്.. ഗിരി ബൈക്ക് സ്റ്റാർട്ട് ചെയ്തു.. അവൾ കയറിയതും അവൻ വണ്ടി മുൻപോട്ടെടുത്തു..

അപ്പോഴും അവന്റെ മനസ്സിൽ അവളുടെ വാചകം മുഴങ്ങുന്നുണ്ടായിരുന്നു.. അതേ . തന്റെ പൊന്നോമനയുടെ അച്ഛനായി തനിക്ക് ചിന്തിച്ചേ തീരൂ . പക്ഷെ ആർദ്രയുടെ സ്ഥാനത്ത് മറ്റൊരുവളെ… ഒരിയ്ക്കലും ചിന്തിക്കാൻ കഴിയാത്ത ഒന്ന്. .. വേണ്ട.. ഒന്നും വേണ്ട. തനിക്ക് മോളും അവൾക്ക് താനും . അതുറപ്പിച്ചെന്നോണം അവൻ വണ്ടിയുടെ സ്പീഡ് അൽപ്പം കൂടെ കൂട്ടി.. യാദൃശ്ചികമായിട്ടെങ്കിലും മനസ്സിൽ ഉള്ളത് അവനോട് തുറന്നു പറയാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു വേദയപ്പോഴും.. തങ്ങൾക്കായി വിധി കാത്തുവെച്ചിരിക്കുന്നതേതും അറിയാതെ അവരാ യാത്ര തുടർന്നു….. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 14

Share this story