ശിവഭദ്ര: ഭാഗം 3

ശിവഭദ്ര: ഭാഗം 3

എഴുത്തുകാരി: ദേവസൂര്യ

“”എന്റെ പൊന്ന് മാളു… ഒന്ന് വിശന്ന് അമ്മേ ന്ന് വിളിക്കുമ്പോളേക്കും..അപ്പൊ ഞാൻ നിനക്ക് കണ്ണിൽ കണ്ട പുല്ലും വൈക്കോലും.. കാടിവെള്ളവും ഒക്കെയായി തരണില്ലേ… പിന്നെന്താ നിനക്ക് ഇത്തിരി പാല് ഏറെ തന്നാൽ… ഇതിപ്പോ ദാസേട്ടന്റെ ചായക്കടയിൽ കൊടുക്കാൻ പോലും തികയില്ലല്ലോ… “” പശുവിനെ നോക്കി പരിഭവിച്ചു കൊണ്ട് ഭദ്ര പറഞ്ഞു… “”എന്താണ് പശുവിനോട് ഒരു സല്ലാപം…”” പിന്നിൽ നിന്നുള്ള സംസാരം കേട്ടപ്പോൾ അവൾ സംശയത്തോടെ നോക്കി…അമ്പലത്തിലെ വാരസ്യാരുടെ മോൾ കാർത്തികയാണ്… പുലർച്ചെ എണീറ്റ് പാല് കറന്നെടുത്ത് ദാസേട്ടന്റെ കടയിൽ കൊടുത്ത് കഴിഞ്ഞു ഒരുമിച്ചു അമ്പലത്തിൽ പോവാം എന്ന് ഇന്നലെ ആശുപത്രിയിൽ നിന്ന് വന്ന് കഴിഞ്ഞു വീട്ടിൽ വച്ചു കണ്ടപ്പോൾ പറഞ്ഞിരുന്നു… പെണ്ണ് എന്നെയും നോക്കി വന്നതാണ്…

അവളെയൊന്ന് നോക്കി വെളുക്കനെ ചിരിച്ചു എണീറ്റപ്പോൾ ആണ് മേലേടം വീട് കണ്ണിൽ ഉടക്കിയത്…രണ്ടു ദിവസമായി അടിച്ചു വാരിയിട്ട്…ആകെ ചമ്മലകളാൽ നിറഞ്ഞിരിക്കുന്നു മുറ്റം…അമ്മത്ത് പോണതിന്റെ അന്ന് അടിച്ചതാ പിന്നെ അടിച്ചിട്ടില്ലല്ലോ എന്നോർത്തു… മേലേടം വീട് പണ്ടത്തെ പ്രമാണിമാരായ ഗോപിനാഥൻ സാറിന്റെയും രുക്മിണി തമ്പുരാട്ടിയുടെയുമാണ്… അവരും അവരുടെ മക്കളും അച്ഛൻ ഉണ്ടായ കാലത്തെ വിദേശത്തതാണ്…. ആ വീടിന്റ കാര്യസ്ഥ പണി…. പണ്ട് മുതൽക്കേ അച്ഛനായിരുന്നു… പിന്നീട് തങ്ങളുടെ വീട് കടകേറി ജപ്തി ചെയ്തപ്പോൾ… ഗോപിനാഥൻ സാർ തന്നെയാണ് തങ്ങളോട് അവരുടെ ഔട്ട്‌ ഹൌസിൽ താമസിച്ചോളാൻ പറഞ്ഞത്… ഒരു പാവമാണ് സാറും തമ്പുരാട്ടിയും…

അച്ഛൻ പോയേ പിന്നെ രുദ്രേട്ടൻ ആണ് അവിടെത്തെ കാര്യങ്ങൾ നോക്കുന്നത്… ഇപ്പൊ കുറച്ചു കാലമായി മേലേടം വീട് അടച്ചു പൂട്ടി ഇട്ടിരിക്കുകയാണ്…ഇടക്ക് വീട്ടിൽ കയറി തൂത്ത് വൃത്തിയാക്കാൻ മാത്രമേ ഇപ്പോൾ പണിയുള്ളു…. ‘”നീ നടന്നോ കാർത്തൂ… ഞാൻ വേഗം ഈ ദാവണി ഒന്ന് മാറ്റി വരാം… ഇന്ന് ഇവൾക്കിത്തിരി കുറുമ്പ് കൂടുതൽ ആയിരുന്നു…അതാ അമ്പലത്തിലേക്ക് വരാൻ വൈകിയേ…”” ❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤ “”ന്റെ കുഞ്ഞികണ്ണാ അല്ലേലും ഞാനീ തുളസി മാല കെട്ടി തരണതൊക്കെ വെറുതെ ആണ് ന്ന് നിക്ക് അറിയാം…എത്രയായി ന്റെ രുദ്രേട്ടന്റെ ഈ കുടിക്കണ ശീലം മാറ്റി തരാൻ പറയുന്നൂ ഞാൻ…കേക്കണുണ്ടോ നീയ്…”” തുളസി മാല കെട്ടുന്നതിനിടെ പരിഭവിച്ചു കൊണ്ട് പറയുന്ന ഭദ്രയെ കാർത്തിക ഒന്ന് നോക്കി…

“”ഇപ്പോളും കുടിക്കാറുണ്ടോ ഭദ്രേ??…”” “”പിന്നില്ലാതെ…ഇപ്പൊ നാല് കാലിൽ ആണ്…എപ്പൊ നോക്കിയാലും ഒരു മുഷിഞ്ഞ മണമാണ് ഏട്ടന്…പണ്ട് ന്റെ ഏട്ടൻ ഇങ്ങനെ ഒന്നുമില്ലായിരുന്നു…ഏടത്തി ഉണ്ടായിരുന്ന സമയത്ത്…എന്ത് വൃത്തി ആയിരുന്നു ന്റെ ഏട്ടനെ കാണാൻ…ഇതൊക്കെ മനപ്പൂർവം ചെയ്യണതാ…പാവം….”” അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി…ചുണ്ടുകൾ പതിയെ വിതുമ്പി…. “”സാരല്ല പെണ്ണെ…നമ്മുടെ കുഞ്ഞികണ്ണൻ എല്ലാം കാണുന്നുണ്ട്…ഏട്ടനെ മാറ്റി എടുക്കാൻ മൂപ്പർക്കല്ലാതെ വേറെ ആർക്കാണ് കഴിയാ…എല്ലാം ശെരി ആവും ഡീ…”” കാർത്തികയുടെ വാക്കുകൾക്ക് ഭദ്ര ഒന്ന് ദീർഘശ്വാസം വിട്ടു….നിറകണ്ണുകളോടെ കളഭം ചാർത്തി ശ്രീകോവിലിൻ ഉള്ളിൽ ഇരിക്കുന്ന കള്ളക്കണ്ണനെ ഒന്ന് നോക്കി…. ❤🖤❤🖤❤

“”അമ്മേ ദേ…അമ്മേടെ ശിവകുട്ടൻ ആരുടെയോ കയ്യിൽ നിന്നും വയറ് നിറച്ചു വാങ്ങി വന്നിട്ടുണ്ട്….”” ശിവയുടെ ചേച്ചി വൈഗ…മുറ്റത്ത് മുറ്റം അടിക്കുമ്പോൾ ആണ് ഒരു ഓട്ടോറിക്ഷയിൽ നിന്ന് ശിവ ഇറങ്ങി വരുന്നത് കാണുന്നത്… ഒറ്റനോട്ടത്തിൽ തന്നെ കയ്യിലേയും തലയിലെയും വെള്ള കെട്ടുകൾ കണ്ടപ്പോളേ ആൾക്ക് കാര്യം പിടികിട്ടിയതാണ്… “”അയ്യോ..എന്റെ കുഞ്ഞിന് എന്താ പറ്റിയെ??…”” ഉള്ളിൽ നിന്ന് അമ്മ ആദിയോടെ വന്നപ്പോളേക്കും അവൻ ചാരുപടിയിൽ വന്നിരുന്നിരുന്നു… “”തല്ല് മേടിച്ചു ക്ഷീണിച്ചു വന്നതല്ലേ…ഇച്ചിരി ഹോർലിക്സ് കലക്കി കൊടുക്ക് അമ്മേ…”” വൈഗയുടെ കാളിയാക്കിയുള്ള സംസാരം കേൾക്കെ ശിവ അവളെയൊന്ന് കൂർപ്പിച്ചു നോക്കി… “”ഞാൻ തല്ലിന് പോയതൊന്നുമല്ല അമ്മ…

രാഖേഷിന്റെ വീടിനടുത്തുള്ള അമ്പലത്തിൽ പൂരം ഉണ്ടായിരുന്നു…അവിടേക്ക് പോയതായിരുന്നു…കഴിഞ്ഞ വർഷം ഞങ്ങടെ കൂടെ സെവെൻസിന് പന്ത് കളിച്ച അവന്മാരുണ്ടായിരുന്നു അവിടെ…അന്ന് തോറ്റതിന്റെ ദേഷ്യത്തിൽ ഞങ്ങളെ ചൊറിയാൻ വന്നു…ഞങ്ങൾ ശെരിക്കും അങ്ങോട്ട് കൊടുത്തു…കൂട്ടത്തിൽ ഒരുത്തന്റെ കയ്യിൽ കത്തി ഉണ്ടായിരുന്നു…ചെറുതായൊന്നു പോറി….അതാ ഹോസ്പിറ്റലിൽ പോയത്…”” “”എത്ര പറഞ്ഞിട്ടുണ്ട് ശിവ നിന്നോട് ഈ വഴക്കിനൊന്നും പോവല്ലേ ന്ന്…ഇന്നലെ നിന്നെ കാണാനിട്ട് ഞാനും ഇവളും എത്ര ആദി തിന്നു ന്ന് വല്ല നിശ്ചയവും ഉണ്ടോ…”” അമ്മ വിതുമ്പലോടെ പറഞ്ഞപ്പോളേക്കും… അവൻ അമ്മയെ ചേർത്ത് പിടിച്ചു…. “”അയ്യേ ശിവേടെ അമ്മുട്ടി കരയ്യാ…സത്യായും അമ്മ ഞാൻ അങ്ങോട്ട് പോയതല്ല…

ഇങ്ങോട്ട് വന്നപ്പോൾ നിന്നും കൊടുത്തില്ല…ഒന്നുല്ലേലും ചോര കണ്ട് അറപ്പ് മാറിയ ഒരു സഖാവിന്റെ മോൻ അല്ലേ ഞാൻ….”” അവന്റെ വാക്കുകൾ കേട്ടതും അവർ വിതുമ്പലോടെ ഭിത്തിയിൽ മാലയിട്ട് ഇരിക്കുന്ന…ശിവയുടെ അച്ഛനെ ഒന്ന് നോക്കി… “”ഇനിയിപ്പോ രണ്ടാളും കണ്ണിൽ കണ്ണിൽ നോക്കി റൊമാൻസ് അടിക്കാൻ നിക്കാതെ വന്നേ…എനിക്ക് നന്നായി വിശക്കുന്നുണ്ട്..ഇന്നലെയും ഇന്നുമായി പച്ചവെള്ളം കുടിച്ചിട്ടില്ല ഞാൻ…”” അമ്മയുടെ നോട്ടം കാൺകെ മൂഡ്‌ മാറ്റാനായി പറഞ്ഞപ്പോൾ…ആ ചുളിവ് വീണ കൈകൾ അവനെ വാത്സല്യത്തോടെ നോക്കി… “”വാ വന്ന് കുളിച്ചിക്ക്….അപ്പവും കടലക്കറിയും തരാം “”.. അമ്മ ഒഴുകിയിറങ്ങിയ കണ്ണുനീർ പതിയെ തുടച്ചു കൊണ്ട് എഴുന്നേറ്റ് ഉള്ളിലേക്ക് പോയി… “”സത്യം പറ ശിവ…ഇത് നീ ലൈൻ അടിച്ച ഒരുത്തിയുടെ ആങ്ങള നിന്നെ ഇട്ട് അലക്കിയതല്ലേ…””

വൈഗയുടെ സംസാരം കേട്ടപ്പോൾ…പുരികം ചുളിചൊന്ന് നോക്കി…പല്ലുകൾ കടിക്കുന്ന ശബ്‌ദം കേട്ടപ്പോൾ അവൾ വെളുക്കനെ ഒന്ന് ചിരിച്ചിട്ട് ഉള്ളിലേക്ക് വലിഞ്ഞു… “”നിക്കെടി ചേച്ചി അവിടെ…”” തന്റെ അലർച്ച കേട്ടപ്പോൾ സ്വിച്ച് ഇട്ടപോലെ വൈഗ നിന്നു… “”വന്നപ്പോ തൊട്ട് വാരാൻ തുടങ്ങിയതാണല്ലോ മോളെ നീ…വല്ലാതെ വരല്ലേ…നടു ഒടിഞ്ഞു പോവും…”” “”ഓ…നീയൊന്ന് പോടാ.. ആദ്യം ഈ കൈ ഒന്ന് നേരെ ആക്ക്…എന്നിട്ട് എന്റെ നടു ഓടിക്കാം…”” “”ഡീ നിന്നെ ഇന്ന് ഞാൻ….”” “”അയ്യോ അമ്മേ ദേ ഇവൻ എന്നെ തല്ലുന്നേ…”” “”ഓഹ് തുടങ്ങിയോ രണ്ടും കൂടെ…”” അടുക്കളയിൽ നിന്ന് അമ്മ ഒച്ചവെച്ചപ്പോൾ അവൾ അവനെ കൂർപ്പിച്ചു ഒന്ന് നോക്കി ഉള്ളിലേക്ക് പോയി…അവൾ പോകുന്നതും നോക്കി ഇരിക്കെ അവന്റെ ഉള്ളിൽ ചെറുപുഞ്ചിരി വിരിഞ്ഞു…

“”ടാ ഇതൊന്ന് നോക്കിയേ നീ…ഇന്നലെ പോസ്റ്റ്‌ മാൻ മേനോൻ ചേട്ടൻ തന്നതാ നിനക്കുള്ളതാ…”” കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് വൈഗ അവനായി ഒരു എൻവലപ്പ് നീട്ടിയത്… “”ഇതൊന്ന് വായിച്ചേ ടി…ഞാൻ എങ്ങെനെയാ ഈ കയ്യും വച്ചോണ്ട് തുറക്കുന്നെ…നിനക്ക് ഇത് തുറന്ന് വായിച്ചൂടായിരുന്നോ…”” “”ഇനി നിനക്ക് വല്ല പെമ്പിള്ളേരും ലവ് ലെറ്റർ എഴുതിയതാണെങ്കിലോ…”” വൈഗ അവനെ നോക്കി കണ്ണിറുക്കി…അത്‌ കണ്ടപ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി… “”ഇവളെ ഇന്ന് ഞാൻ…”” അവൾക്ക് നേരെ മറന്ന് കൈ ഉയർത്തിയതും മുറിഞ്ഞ കൈ വല്ലാതെ വേദനിച്ചു…. “”ആഹ്…”” അവൻ പൊക്കിയപോലെ പതിയെ താഴ്ത്തി. അത് കണ്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു…. “”എന്റെ കുഞ്ഞൂസേ ഇങ്ങ് തായോ…ഞാൻ വായിച്ചു തരാം…

ഇന്നലെ ഓഫീസിലേക്ക് പോകാൻ നേരമാണ് കത്ത് കൊണ്ട് തന്നത്… അതാ പൊട്ടിക്കാതെ ഇരുന്നേ…”” അവന്റെ മുടിയിൽ പതിയെ തഴുകി കൊണ്ടവൾ വാത്സല്യത്തോടെ പറഞ്ഞു… പണ്ടേ അവളിങ്ങനെയാണ്…എന്നോട് ചുമ്മാ തല്ലുകൊണ്ടാക്കിയില്ലെങ്കിൽ ഒരു സമാദാനവും പുള്ളിക്കാരിക്ക് ഉണ്ടാവില്ല…. ഒത്തിരി വേദനകൾ ഇത്തിരി സന്തോഷത്തിൽ മറക്കുന്നവൾ അതാണ് വൈഗ….പ്രായം കൊണ്ട് തനിക്ക് രണ്ട് വയസ്സ് മൂത്തതാണ് എങ്കിലും കണ്ടാൽ അവൾ തന്റെ അനിയത്തിയെ പോലെയാണ്….തന്നോട് വഴക്കിട്ടും കൊഞ്ചിയും പിന്നാലെ നടക്കുന്ന അനിയത്തികുട്ടി….അവൾ കത്ത് പൊട്ടിച്ചു വായിക്കുമ്പോളും അവന്റെ മനസ്സിനുള്ളിൽ മുഴുവൻ അവളെ കുറിച്ചുള്ള ആധിയായിരുന്നു….

“”കൺഗ്രാറ്റ്സ്സ് ടാ ചെക്കാ….അന്നത്തെ പോലീസ് സെലക്ഷന് നീ സെലക്ട്‌ ആയിട്ടുണ്ട് ന്ന്…പോസ്റ്റിങ് ലെറ്റർ ആണ്…”” സന്തോഷം കൊണ്ട് ഇറുകെ പുണരുന്ന അവളെ കണ്ടതും തന്റെ കണ്ണുകളും ഈറനണിഞ്ഞു….വിറകൊള്ളുന്ന കൈകൾ കൊണ്ട് പതിയെ ആ ലെറ്റർ എടുത്തു…സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു…വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഒടുവിൽ ഫലം കണ്ടിരിക്കുന്നു….നിറകണ്ണുകൾ കാഴ്ച മറക്കുന്നപോലെ….നിറകണ്ണുകളോടെ അടുക്കളയിൽ ഇതൊന്നും അറിയാതെ എന്തോ പണിയെടുക്കുന്ന അമ്മയെ പോയി ഇറുകെ പുൽകി….പതിയെ ഭിത്തിയിൽ തൂക്കിയിട്ട അച്ഛന്റെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി…മൗനമായി മിഴികൾ വാചാലമായി… ❤🖤❤

“”അതിനെന്താ ഗോപിയേട്ടാ…അവർ എന്നെക്കാണ് വരുന്നത് എന്ന പറഞ്ഞത്… അപ്പോളേക്കും വീടും പരിസരവും ഒന്നൂടെ വൃത്തിയാക്കിക്കോളാം…”” രുദ്രന്റെ ഫോണിലൂടെയുള്ള സംസാരം കേട്ടാണ് ഭദ്ര തുളസിതറയിൽ വിളക്ക് വെക്കാൻ പോയത്….വിളക്ക് വച്ച് തിരികെ വരുമ്പോളും…രുദ്രൻ എന്തോ ആലോചനയിൽ ആയിരുന്നു…. “”എന്താ എന്തുപറ്റി രുദ്രേട്ട…എന്തിനാ ഗോപിയേട്ടൻ വിളിച്ചത്??…”” ഭദ്ര പതിയെ അവനരികിലായി ഇരുന്നു… “”രണ്ട് ദിവസത്തിന് ഉള്ളിൽ ഇവിടെത്തെ പുതിയ സബ് ഇൻസ്‌പെക്ടർ ചാർജ് എടുക്കും ത്രെ….”” “”അതിന് ഗോപിയേട്ടൻ എന്തിനാ ഏട്ടനെ വിളിക്കുന്നെ??….”” അവളുടെ കണ്ണിൽ സംശയം നിറഞ്ഞു… “”ഗോപിയേട്ടന്റെ കൂട്ടുകാരന്റെ മകനാണ് കക്ഷി…ആൾക്കും കുടുംബത്തിനും ഗോപിയേട്ടൻ മേലേടം വീട് വാടകക്ക് കൊടുത്തു ന്ന്…

മിക്കവാറും അവർ നാളെയിങ് എത്തും…അതിന് മുൻപേ ഒന്നൂടെ വൃത്തിയാക്കി ഇടണം വീട്…”” അവന്റെ വാക്കുകൾ കേട്ടതും അവൾ പതിയെ ഒന്ന് പുഞ്ചിരിച്ചു… “”അത്‌ സാരല്ല ഏട്ടാ…രാവിലെ പോയി തൂത്ത് വൃത്തിയാക്കിക്കോളാം ഞാൻ…പിന്നെ ആൾ വല്യ പോലീസ് അല്ലേ…ആ ഒരു പേടിയേ ഉള്ളൂ….”” “”ആൾ ഇവിടെ പുതിയതാണ്…അതുകൊണ്ട് രാവിലെ കവലയിൽ പോയി ആളെ കൊണ്ട് വരണം…എല്ലാ സഹായവും ചെയ്ത് കൊടുക്കണം…ഗോപിയേട്ടന് വേണ്ടപ്പെട്ട ആളാണെത്രെ…”” അവന്റെ വാക്കുകൾ കേട്ടതും അവളുടെ ഉള്ളിലും ചെറിയ പേടി വരുന്നതറിഞ്ഞു…മുൻപ് ഉണ്ടായ എസ്.ഐ ആളത്ര വെടിപ്പല്ലായിരുന്നു…വല്ലാത്ത നോട്ടവും സംസാരവും ഒക്കെയായിരുന്നു….

ഇത് എങ്ങനെ ആവുമോ എന്തോ…. രാത്രി കിടക്കാൻ നേരവും അവളുടെ ഉള്ളിൽ നാളെ വരാൻ പോകുന്നവരെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു…ഇത്രയും നാൾ മേലേടം വീട്ടിലെ കാര്യസ്ഥൻമാർ ആയിരുന്നുവെങ്കിലും…സ്വന്തം വീട് പോലെ തന്നെയായിരുന്നു….ഇനിയിപ്പോ നാളെ മുതൽ അന്യരെ പോലെ ആവില്ലേ…അവളുടെ ഉള്ളൊന്ന് പിടഞ്ഞു….ഓരോന്ന് ഓർത്ത് എപ്പോളോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു……….(തുടരും )

ശിവഭദ്ര: ഭാഗം 2

Share this story