അല്ലിയാമ്പൽ: ഭാഗം 4

അല്ലിയാമ്പൽ: ഭാഗം 4

എഴുത്തുകാരി: ആർദ്ര നവനീത്

ചൂരൽക്കസേരയിൽ കണ്ണടച്ചിരിക്കുകയായിരുന്നു നിവേദ്. വികാരക്ഷോഭത്താൽ അവന്റെ മുഖം വല്ലാതെ കടുത്തിരുന്നു. ഇലഞ്ഞിപ്പൂമണവുമായി ഒഴുകിയെത്തിയ കുളിർക്കാറ്റിനുപോലും അവന്റെ മനസ്സിന്റെ ഉഷ്ണം തെല്ലും ശമിപ്പിക്കാനായില്ല. പരസ്പരം പുണർന്നുകിടക്കുന്ന മിഴികൾക്കിടയിലൂടെ അവന്റെ മുൻപിൽ ആമിയുടെ മുഖം തെളിഞ്ഞുവന്നു. ആമ്പൽ.. അവളെ ആദ്യമായി കണ്ടദിനം ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു. കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തിന് പോയപ്പോഴാണ് ആദ്യമായി ആ വായാടിയെ കണ്ടത്. കൂട്ടുകാരോടൊപ്പം നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്നവൾ. കൈകൾ കൊണ്ട് ആംഗ്യം കാണിച്ചാണ് അവൾ ഓരോന്നും വിവരിക്കുന്നത്.

പറയുന്നതിനനുസരിച്ച് മാറുന്ന അവളുടെ മുഖഭാവം കൗതുകത്തോടെയാണ് നോക്കിയത്. സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴും പലപ്പോഴും കണ്ണുകൾ അനുസരണയില്ലാതെ അവളിലേക്ക് പോയി. ഫോട്ടോ എടുക്കാൻ വേണ്ടി നിന്നപ്പോഴാണ് അത് അവന്റെ സഹോദരിയുടെ കൂട്ടുകാരിയാണെന്ന് മനസ്സിലായത്. കല്യാണപ്പെണ്ണിന്റെ ചെവിയിലെന്തോ സ്വകാര്യം പറയുന്നതും അവൾ ലജ്ജയോടെ തലകുനിക്കുന്നത് കണ്ട് പൊട്ടിച്ചിരിക്കുന്നതും നോക്കിയിരുന്നു. എന്തോ വല്ലാത്തൊരിഷ്ടം തോന്നി അവളോട്. ആ ചിരിയും വായാടിത്തരവും കൂടെയുണ്ടായിരുന്നുവെങ്കിൽ എന്ന് വല്ലാതെ ആശിച്ചു. വിവാഹആൽബം കാണാനായിരുന്നു കാത്തിരുന്നത്. ദിവസത്തിൽ മൂന്നുനേരം ആഹാരം കഴിക്കും പോലെ ആൽബം കിട്ടിയോയെന്ന് അവനെ വിളിച്ച് തിരക്കാൻ തുടങ്ങി.

അവനോ വീട്ടുകാർക്കോ എന്തിന് നവവധൂവരന്മാർക്ക് പോലുമില്ലാത്ത എന്റെ ആകാംഷ കണ്ടവന് അപ്പോൾ തന്നെ സംശയം തോന്നി. ഒടുവിൽ കിട്ടിയെന്നറിഞ്ഞപ്പോൾ അങ്ങോട്ടേക്ക് വണ്ടിയുമെടുത്ത് പാഞ്ഞു. അതിലേതാടാ കൊച്ച്.. ധൃതിയിൽ ആൽബത്തിന്റെ താളുകൾ മറിക്കുമ്പോഴാണ് അവൻ ചോദിച്ചത്. പകപ്പോടെ അവനെ നോക്കിയപ്പോൾ അവനൊരു കള്ളച്ചിരി ചിരിച്ചു. നിന്റെ ദിവസം നാൽപ്പത് പ്രാവശ്യമുള്ള ആൽബം തിരക്കൽ കണ്ടപ്പോഴേ എനിക്ക് തോന്നിയതാ. ഇളംമഞ്ഞ ചുരിദാർ അണിഞ്ഞ് ചിരിയോടെ നിൽക്കുന്ന അവളുടെ ഫോട്ടോയിലേക്ക് വിരലോടിക്കവേ പറഞ്ഞറിയിക്കുവാൻ കഴിയാത്ത സന്തോഷം നിറഞ്ഞു. ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ഒന്ന് മിണ്ടുക പോലും ചെയ്യാത്ത പെൺകുട്ടിയെ മനസ്സിൽ ഇത്രയേറെ പതിച്ചു വയ്ക്കാൻ കഴിയുമെങ്കിൽ ഇത് പ്രണയമല്ലാതെ മറ്റെന്താണ്.

പ്രണയം തോന്നാൻ വർഷങ്ങളോ മാസങ്ങളോ എന്തിന് ദിവസങ്ങളോ പോലും വേണ്ട.. ഒരൊറ്റനിമിഷം മതി. മനസ്സിൽനിന്നും പറിച്ചുകളയാൻ കഴിയില്ലെന്നറിയുന്ന ആ ഒരൊറ്റ നിമിഷം. ആമ്പൽ.. ബി കോം കഴിഞ്ഞു. അനിയത്തിയുടെ ഫോൺ കട്ട് ചെയ്തശേഷം അവൻ പറഞ്ഞു. ആമ്പൽ.. ആ പേര് ഉരുവിട്ടു. നിറഞ്ഞ ചിരിയോടെ മുടി മാടിയൊതുക്കി. ആദ്യം പറഞ്ഞത് അമ്മയോടാണ്. ഫോട്ടോ കണ്ടപ്പോൾ തന്നെ അമ്മയ്ക്കിഷ്ടമായി. പിന്നെ ആലോചനയുമായി മുന്നോട്ട് പോയി. ഇരട്ടകളാണെന്നറിഞ്ഞപ്പോൾ അദ്ഭുതമായിരുന്നു. ആമ്പൽ വായാടിയെങ്കിൽ അല്ലി നിശബ്ദയാണ്. എല്ലാത്തിനും ഊർജ്ജസ്വലയായി കിന്നാരം പറഞ്ഞ് ആമ്പൽ നിന്നപ്പോൾ മിതമായി സംസാരിച്ച് എല്ലാവരോടും സ്നേഹത്തോടെയും വിനയത്തോടെയും ഇടപഴകി വിടർന്ന പുഞ്ചിരിയോടെ അല്ലി വ്യത്യസ്തയായി.

ആമിയുടെ കഴുത്തിൽ താലി കെട്ടുമ്പോൾ നിറഞ്ഞ സന്തോഷമായിരുന്നു. എപ്പോഴും തന്റെ കൈയിൽ ചുറ്റി നടക്കാൻ ഇഷ്ടപ്പെട്ടിരുന്നവൾ. വിവാഹശേഷം താൻ മാത്രമാണ് ലോകമെന്ന് പറഞ്ഞവൾ. നല്ലൊരു ഭാര്യയായിരുന്നു അവൾ. വീടിനകത്ത് ഒതുങ്ങാതെ പുറത്തേക്ക് പറക്കാൻ ഇഷ്ടപ്പെട്ടിരുന്നവൾ. എത്രയോ പ്രാവശ്യം തന്റെ കൈയിൽ ചുറ്റി കടൽത്തീരത്തും മാളുകളിലും അലഞ്ഞു നടന്നിരുന്നു.. വെറുതെ ഒരു കാരണവുമില്ലാതെ. അമ്മയോട് കൂടെ അധികസമയം അവൾ ചിലവഴിച്ചിരുന്നില്ല. നിവേദ്… അതുമാത്രമായിരുന്നു ഏകപല്ലവി. അത്രമാത്രം അവൾ തന്നെ സ്നേഹിച്ചിരുന്നു. തന്റെ രക്തം ഉദരത്തിൽ തുടിക്കുന്നെന്നറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം നിറഞ്ഞു ജീവിതത്തിൽ. തനിക്ക് കുഞ്ഞിനോടാണ് സ്നേഹക്കൂടുതൽ എന്ന് പറഞ്ഞ് എത്രയോ പ്രാവശ്യം മുഖം വീർപ്പിച്ചിട്ടുണ്ട് ആമി.

ചെറുചുംബനങ്ങളിൽ അലിയിച്ചു കളയാനുള്ള പിണക്കമേ ഉണ്ടായിരുന്നുള്ളൂ അവയ്‌ക്കൊക്കെ. ഒടുവിൽ ലേബർ റൂമിലേക്ക് കയറുമ്പോഴും തന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. സഹിക്കാവുന്നതിലേറെ വേദന സഹിച്ച് തന്റെ പൊന്നോമനയ്ക്ക് ജന്മം നൽകിയപ്പോൾ അവളോടുള്ള പ്രണയത്തിനും ഇഷ്ടത്തിനും പുറമേ ബഹുമാനവും കൂടിയതേയുള്ളൂ. എന്ത് സന്തോഷം നിറഞ്ഞ നാളുകളായിരുന്നു പിന്നീട്. ആരവ് എന്ന ആരുമോനും ആമിയും താനും.. ശരിക്കും പാലാഴി ആനന്ദത്തിലായിരുന്നു. മോന് മൂന്നുമാസം കഴിഞ്ഞപ്പോഴാണ് ആമിക്ക് ബാങ്ക് ടെസ്റ്റ്‌ വന്നത്. ദൂരെ പരീക്ഷ ആയിരുന്നിട്ട് കൂടി പോകണമെന്ന് നിർബന്ധം അവൾക്കായിരുന്നു. കാരണം അവൾ അത്രയേറെ ഒരു ജോലിക്കായി ആഗ്രഹിച്ചിരുന്നു. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ആരുവിനെ നോക്കാനായി അല്ലി വന്നു.

അല്ലിയോട് നല്ല ഇണക്കമാണ് ആരുവിന്. ആമിയെപ്പോലെ മുഖസാദൃശ്യം ഉള്ളതിന്റെയാകാം. താനും ആമിയും കൂടി പോകാമെന്ന് കരുതിയിരുന്നതാണ്. അവസാനനിമിഷത്തെ ആ മീറ്റിംഗ്. അതിനായി ചെന്നൈക്ക് പോകേണ്ടി വന്നു. ഒടുവിൽ ആമിയെ കൂട്ടിക്കൊണ്ട് പോകേണ്ട ദൗത്യം അവളുടെ അച്ഛൻ ഏറ്റെടുത്തു. വീഡിയോ കാൾ ചെയ്തതിന് ശേഷമാണ് അവൾ തിരിച്ചതും. പിന്നെ കേൾക്കുന്നത്.. നിയന്ത്രണം വിട്ട ചരക്ക് ലോറി കാറിലേക്ക് ഇടിച്ചു. നിയന്ത്രണം തെറ്റിയ കാർ കൊക്കയിലേക്ക് മറിഞ്ഞ് കത്തി. അതറിഞ്ഞ് ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ അഞ്ജനയും അശോകനോടൊപ്പം യാത്രയായി. പാലുകുടി മാറാത്ത കൈക്കുഞ്ഞിനെയും കൊണ്ട് ആമി പോയ നഷ്ടത്തിലും വേദനയിലും താൻ തകർന്ന് നിൽക്കുമ്പോൾ ചേച്ചിയെയും അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് ആരുമില്ലാത്തവളായി വിധിയുടെ മുൻപിൽ അല്ലിയും പകച്ചുനിന്നു.

ആമിയെയും അച്ഛനെയും അമ്മയെയും തറവാട്ടിൽ അടക്കം ചെയ്തശേഷം പാലാഴിയിലേക്ക് തിരിക്കുമ്പോൾ കൂടെ വരാൻ അല്ലി തയ്യാറായില്ല. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് വിട്ടവൾ വരില്ലെന്ന് ശാഠ്യം പിടിച്ചു. നിർജ്ജീവമായ മിഴികളോടെ അവളത് പറയുമ്പോൾ അവളുടെ കണ്ണുകൾ അപ്പോഴും തൊടിയിൽ ഉറങ്ങിക്കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും മൺകൂനയിലായിരുന്നു. ഒന്ന് വിളിക്കുക പോലും ചെയ്യാതെ അല്ലി ഒതുങ്ങിക്കൂടി. അമ്മ വിളിക്കാറുള്ളതും ഇടയ്ക്ക് പോകാറുള്ളതും പറയാറുണ്ടായിരുന്നു. ആമിയുടെ നഷ്ടം തീരാവേദനയായി നടന്ന താൻ അല്ലിയെപ്പറ്റി ചിന്തിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. അതോ അവളെക്കണ്ടാൽ ആമിയെപ്പോലെ എന്ന തോന്നലോ. മുലപ്പാലിന്റെ മാധുര്യം ലഭിക്കാതെ.. അമ്മയുടെ മാറിലെ ചൂടേൽക്കാതെ അലറിക്കരയുന്ന ആരു. അവനായിരുന്നു വേദന.

എത്രയോ രാത്രികളിൽ കരഞ്ഞു തളർന്നുറങ്ങുന്ന മോനെ നെഞ്ചോടടക്കി കരഞ്ഞിട്ടുണ്ട്. ദിവസങ്ങൾ കടന്നുപോയി. രാത്രിയിൽ അമ്മ വാതിലിൽ മുട്ടുന്നത് കേട്ട് ചാടിയെഴുന്നേറ്റു. ഉറക്കമില്ലാത്തതിനാൽ പെട്ടെന്ന് തന്നെ വാതിൽ തുറന്നു. മുന്നിൽ പരിഭ്രാന്തയായി നിൽക്കുന്ന അമ്മയെ കണ്ട് പകച്ചു. മോനേ അല്ലിമോൾ വിളിച്ചു. എന്തൊക്കെയോ ബഹളം കേൾക്കുന്നുണ്ടായിരുന്നു. കട്ട് ആയിപ്പോയി കാൾ. വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല. പേടി തോന്നുന്നു. ഒന്നൂല്യങ്കിലും പെൺകുട്ടിയല്ലേ.. അവർ പരിതപിച്ചു. കാറുമെടുത്ത് അല്ലിയുടെ വീട്ടിലേക്ക് തിരിച്ചു. അവിടെയെത്തുമ്പോൾ മുൻവാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു. അകത്തേക്ക് കയറുമ്പോൾ നിശബ്ദത നിറഞ്ഞിരുന്നു. മുകളിലത്തെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച സ്വരങ്ങൾ കേട്ടപ്പോൾ അങ്ങോട്ടേക്ക് പാഞ്ഞു. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

ദാവണിയുടെ പാവാടയും ബ്ലൗസും മാത്രമേയുള്ളൂ അല്ലിയിൽ. ബലപ്രയോഗത്തിലൂടെ അവളിലേക്ക് അമരാൻ ശ്രമിക്കുന്ന ഒരുവൻ. ഒരുവൻ അവളുടെ വായും കൈയും പിടിച്ചു വച്ചിട്ടുണ്ട്. ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ ആ പാവം.. മുന്നോട്ട് പാഞ്ഞു അവരെ ചവിട്ടി വീഴ്ത്തുമ്പോഴും അതിലൊരുവനെ അടിച്ചിടുമ്പോഴും അവൾ ഒരു മൂലയിലൊതുങ്ങി നിൽപ്പുണ്ടായിരുന്നു. ഒടുവിൽ തന്നെ അടിച്ചിട്ട് അവന്മാർ ഇറങ്ങിയോടി. ഒരുനിമിഷം തന്റെ ആമിയാണ് മുന്നിൽ നിൽക്കുന്നതെന്ന് തോന്നി. അവളുടെ കണ്ണുനീർ തന്നെയാകെ ചുട്ടുപൊള്ളിക്കും പോലെ. ചുമലിൽ കൈവച്ചതും അതുവരെ തടഞ്ഞുവച്ചതെല്ലാം കെട്ടുപൊട്ടിച്ചെന്നപോലെ തന്നെ ചുറ്റിപ്പിടിച്ചവൾ ആർത്തു കരഞ്ഞു. സമാധാനിപ്പിക്കാൻ വാക്കുകൾ നഷ്ടപ്പെട്ട് നിന്നു.

ആരൊക്കെയോ കയറി വന്നത് കണ്ടതും പകച്ചവരെ നോക്കി. അല്ലിയുടെ വേഷവും ഇരുവരും ചേർന്ന് നിന്നതുമൊക്കെ കൂട്ടിവായിച്ച് അവർ തന്നെ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിയപ്പോൾ സ്തബ്ധനായി നിന്നു. ചേച്ചി പോയപ്പോൾ അനിയത്തി. അതും പാതിരാത്രിയിൽ തന്നെ വിളിച്ചു കയറ്റിയല്ലോ. ചുമ്മാതല്ല അവിടേക്ക് പോകാതെ ഇവിടെ തന്നെ നിന്നത്. ഇവിടെയാകുമ്പോൾ ആരുമില്ല എല്ലാത്തിനും സൗകര്യമുണ്ടല്ലോ.. അടക്കം പറച്ചിലുകൾക്ക് സഭ്യതയുടെ സീമ ലംഘിച്ചപ്പോൾ പ്രതികരിച്ചു. പറയാനുള്ളവ ചെവിക്കൊള്ളാൻ തയ്യാറാകാതെ അവർക്ക് അവിഹിതം കണ്ടെത്താനായിരുന്നു ഏറെ ധൃതി. പോലീസ് വന്നു. ഒടുവിൽ അമ്മയ്ക്ക് വരെ വരേണ്ടി വന്നു. അമ്മയും പറഞ്ഞുവെങ്കിലും നാട്ടുകാർ അത് അവരുടേതായ രീതിയിൽ പ്രചരിപ്പിച്ചു കഴിഞ്ഞിരുന്നു.

പതറി തകർന്നുനിൽക്കുന്ന പെൺകുട്ടിയെ അവൻ അലിവോടെ നോക്കി. എന്റെ മകൻ വിവാഹം ചെയ്തുകൊള്ളും അവളെ. എന്റെ മോളായി തന്നെ ഞാൻ കൊണ്ടുപോകുകയാ. നല്ലൊരു മുഹൂർത്തം നോക്കി അവരുടെ വിവാഹം. മഹേശ്വരിയുടെ ശബ്ദം അവിടെ ഉയർന്നു. അമ്മേ.. അവന്റെ ശബ്ദം ഉയർന്നു. നോട്ടം അല്ലിയിൽ തങ്ങി നിന്നു. കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞെട്ടി നിൽക്കുകയായിരുന്നു അവളും. അന്നുതന്നെ അല്ലിയെ പാലാഴിയിലേക്ക് കൊണ്ടുവന്നു. ആരോടും ഒന്നും മിണ്ടാതെ മുറിക്കുള്ളിൽ ഇരുന്നവൾ പുറത്തിറങ്ങിയതും പഴയ അല്ലിയായതും ആരുമോൻ കാരണമാണ്. അവന്റെ കളിചിരിയും കൊഞ്ചലും അവളെ പഴയ അല്ലിയാക്കി. തന്നെ കാണുമ്പോൾ മൗനമായി പിൻവാങ്ങുന്നവൾ. ഒരിക്കൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ തുറന്ന് പറഞ്ഞതാണ് വിവാഹത്തിന് താല്പര്യമില്ലെന്നും ആമിയെ മറക്കാനാകില്ലെന്നും.

അന്ന് കണ്ണുനീർ പോലുമില്ലാതെ അവളെല്ലാം നിശബ്ദമായി കേട്ടുനിന്നു. മുഖത്ത് വെള്ളത്തുള്ളികൾ പതിച്ചപ്പോൾ അവൻ കണ്ണുതുറന്നു. മഴ ചാറുകയാണ്. അകത്തേക്ക് നടന്നു. റൂമിലേക്ക് കയറിയപ്പോൾ കണ്ടു. അതേ സ്ഥലത്തുതന്നെ മുട്ട് മടക്കി ചുവരിൽ തല ചേർത്തുറങ്ങുന്ന അല്ലിയെ. കണ്ണുനീർ പാടകൾ തെളിഞ്ഞുകിടക്കുന്നു. അവൾ പറഞ്ഞ വാക്കുകളോരോന്നും അവന്റെ ചെവിയിൽ പ്രകമ്പനം കൊണ്ടു. അന്ന് ആക്‌സിഡന്റിൽ തന്റെ ജീവൻ രക്ഷിച്ചവളാണ് അവളെന്ന തിരിച്ചറിവ് അവനെ ഉലച്ചിരുന്നു. രണ്ട് പെൺകുട്ടികളാണ് അവിടെ എത്തിച്ചതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞിരുന്നു. പലപ്പോഴും ഓർത്തിട്ടുണ്ട് ആ പെൺകുട്ടിയില്ലായിരുന്നുവെങ്കിൽ ജീവനോടെ താൻ ഉണ്ടാകുമായിരുന്നോയെന്ന്.

ഒരുപാട് അന്വേഷിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. സി സി ടി വി തകരാറായതിനാൽ ദൃശ്യങ്ങൾ നോക്കാമെന്ന വഴിയും അടഞ്ഞിരുന്നു. അപരിചിതനായ വ്യക്തിയെ ആപത്തിൽ സഹായിക്കുക… അവനെ സ്നേഹിക്കുക. അല്ലിയെ അവൻ ആദ്യം കാണുമ്പോലെ നോക്കി. അതെ അവനവളെ ആദ്യമായി കാണുകയായിരുന്നു… അറിയുകയായിരുന്നു. തലയിലൂടെ രക്തമൊലിപ്പിച്ച ഒരു യുവാവ് അവനെ തന്നോട് ചേർത്ത് ആശുപത്രിയിലേക്ക് പായുന്ന പെൺകുട്ടി. അവളുടെ കരുണ നിറഞ്ഞ കണ്ണുകൾ. അലിവാർന്ന വദനം. സൗമ്യമായ പുഞ്ചിരി. കൂടുതൽ മിഴിമോടെ എന്തുകൊണ്ടോ അവന്റെ മനസ്സിൽ അല്ലിയുടെ മുഖം തെളിഞ്ഞുനിന്നു…(തുടരും )

അല്ലിയാമ്പൽ: ഭാഗം 3

Share this story