അനന്തൻ: ഭാഗം 2

അനന്തൻ: ഭാഗം 2

എഴുത്തുകാരി: നിഹാരിക

താഴെ അമ്മയും അമ്മയുടെ പുറകിൽ അനുവും നിന്നിരുന്നു… കരഞ്ഞിറങ്ങി വന്ന എന്നെ കണ്ട് അനു പറയുന്നുണ്ട്, ” കണ്ടോ അമ്മേ എട്ടൻ അടിച്ചുന്നാ തോന്നണേ” ഇപ്പ കരയും എന്ന മട്ടിൽ സങ്കടത്തോടെ അവളത് പറഞ്ഞ് എന്നെ ചേർത്ത് പിടിച്ചു…. “എന്തിനാടാ ആ കുട്ടിയെ വേദനിപ്പിച്ചേ?” അമ്മ അങ്ങനെ പറഞ്ഞപ്പഴാ തിരിഞ്ഞ് നോക്കിയേ….. അപ്പ ദാ നിക്കുന്നു മൊതല് …. വേഗം പുറത്തേക്കിറങ്ങി … എന്ത് വേണം എന്നറിയാതെ അമ്മയും അനും നിൽപ്പുണ്ടായിരുന്നു .. പോവുമ്പോ അനന്തേട്ടൻ അനുവിനോട് പറയുന്നത് കേട്ടിരുന്നു, ” നല്ലോണം നടന്നില്ലേ ഇന്നത്തെ പോലെ ഇനീം കിട്ടും ന്ന് പറഞ്ഞേക്ക് ” എന്ന് …. നല്ല ദേഷ്യവും സങ്കടവും ഒക്കെ ഉണ്ടായിരുന്നു .. അപ്പോൾ, പക്ഷെ പിന്നീടാ ഓർമ്മകൾ ആ ദേഷ്യത്തെ പാടേ മാറ്റിയതും ….

ചുണ്ടിൽ ചിരി പടർത്തിയതും കവിളിൽ കുങ്കുമം പൂശിയതും എന്തിനാണെന്ന് മനസിലാവുന്നുണ്ടായിരുന്നില്ല … രാത്രി മുഴുവൻ ആ ഒരാളായിരുന്നു മനസിൽ….. ആ ഒരാൾ മാത്രം.. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞുo കിടന്നു.. 🌺🌺🌺 പറഞ്ഞ പോലെ ടൂർ ആരും പോയില്ല…… ഞാനും … അതുപോലെ അനുവിൻ്റെ വീട്ടിലേക്ക് നാഴികക്ക് നാൽപ്പത് വട്ടം പോണതും നിർത്തി… പരീക്ഷ ച്ചൂട് തലക്ക് പിടിച്ചപ്പോൾ മനപ്പൂർവ്വം അനന്തേട്ടനെ മനസിൻ്റെ ഒരു കോണിലേക്ക് മാറ്റി… എങ്കിലും മതിലുകൾ ഭേദിച്ച് ഇടക്ക് ആ മുഖം അങ്ങനെ നിറഞ്ഞ് നിന്നു ഉള്ളിൽ …. സ്കൂളിൽ പരീക്ഷക്ക് മുന്നോടിയായി റെമഡിയൽ ക്ലാസും, റാങ്ക് പ്രതീക്ഷയുള്ള കുട്ടികൾക്ക് ബൂസ്റ്റ് അപ് ക്ലാസും ഒക്കെ കൊടുത്തു കൊണ്ടിരുന്നു.. എല്ലാം കൂടെ തിരക്കായിരുന്നു പിന്നെ അങ്ങോട്ട്…

ഇടക്ക് വഴിയിൽ വച്ച് കാണുമ്പോൾ കണ്ണിമ ചിമ്മാതെ നോക്കുന്നത് കാണാം, അപ്പോഴാ മുഖത്ത് ഗൗരവം മാറി നോക്കി അങ്ങനെ നിൽക്കാൻ തോന്നുന്ന തരം ഭാവം കാണാം.. പക്ഷെ നോക്കി നിൽക്കാൻ എത്ര മോഹമുണ്ടെങ്കിലും ആ ആദ്യനോട്ടത്തിൽ തന്നെ എൻ്റെ തല താഴും…. ദേഹത്തൊരു വിറയൽ പടരും …. കൈകൾ ഐസ് പോലെ തണുക്കും… ഒപ്പം വരുന്ന അനുകാണുമോ അനന്തേട്ടൻ്റെ ഈ നോട്ടം എന്ന വേവലാതിയാൽ ക്വസ്റ്റിൻ പേപ്പറിലെ ഏതെങ്കിലും ചോദ്യം എടുത്തിട്ട് അതിൻ്റെ ആൻസർ കിട്ടിയോ എന്ന് ചോദിക്കും….. അവൾ അത് വിവരിക്കുമ്പോൾ മനസിൽ മുഴുവൻ മറ്റൊരാളാവും.. അസ്ഥാനത്ത് കേറി മൂളും.. അവളുടെ വായിലിരിക്കുന്നതും കേൾക്കും…… ആരോടും പറയാത്ത എൻ്റെ മാത്രം സുഖമുള്ള ഒരു രഹസ്യമായി അനന്തേട്ടൻ…. ഇടക്ക് എടുത്ത് താലോലിക്കാൻ പറ്റുന്ന ഒരു തൂവൽ പോലെ നനുത്ത ഓർമ്മകൾ… 🌺🌺🌺

അങ്ങനെ പരീക്ഷ എന്ന സംഭവം കഴിഞ്ഞു… ഇനി വെക്കേഷനാണ്…. മൂന്ന് നാല് മാസത്തോളം , സുഖം സ്വസ്ഥം…. അന്ന് അവസാന ദിവസം രണ്ടായി പിരിയുന്ന വഴിയിൽ വച്ച് അവൾ അനു,ചോദിച്ചു.. “നീയെന്താ തനൂ വീട്ടിലേക്ക് വരാത്തത്… അന്ന് വല്യേട്ടന് അമ്മേടെ കയ്യിന്ന് എത്ര കേട്ടു എന്നറിയോ…. ഇനി അങ്ങനെ ണ്ടാവില്യ ട്ടോ… ” പാവം പെണ്ണ് പറയുന്നത് കേട്ട് ചിരിയാണ് വന്നത്….. വരാം എന്നോ വരില്ല എന്നോ പറയാതെ അവളുടെ കവിളിൽ ഒന്ന് നുള്ളി നടന്ന് നീങ്ങി…. ആ പാവം എന്നെ തന്നെ നോക്കി നിക്കാവുമെന്ന് അറിയാം… അവളുടെ വല്യേട്ടനാണ് എൻ്റെ പ്രശ്നം എന്ന് എങ്ങനാ അവളോട് പറയുക… 🌺🌺🌺

എന്നും ഗോപാലൻ നായരുടെ വീട്ടിൽ നിന്ന് ഇടങ്ങഴി പാല് വാങ്ങി മനക്കല് കൊണ്ടു കൊടുക്കുന്ന ഡൂട്ടി ഞാൻ ഏറ്റെടുത്തു…. അച്ഛനെ സഹായിക്കാലോ അങ്ങനെ എങ്കിലും….. പാല് മനക്കല് ഏൽപ്പിച്ച് വിളഞ്ഞ നെൽപാടത്തിൻ്റെ നടുവിലൂടെ പാടും പാടി ഒരു കയ്യിൽ പാൽ പാത്രവും പാവാട ഉയർത്തി പിടിച്ചതും മറ്റു കയ്യിൽ കൊറിക്കാനായി ഊരി എടുത്ത നെന്മണികളുമായി മാടത്തയെം കുയിലിനെം ഒക്കെ കണ്ട് വരുകയായിരുന്നു … പെട്ടെന്ന് ചെമ്മൺ പാതയിലേക്ക് കയറിയപ്പഴാ കണ്ടത് തൊട്ട് മുന്നിൽ അനന്തേട്ടൻ്റെ കുടു കുടു വണ്ടി ….. അതിൻ്റെ മുകളിൽ ആളും….. വീണ്ടും കയ്യും കാലും വിറക്കാൻ തുടങ്ങി, അത് പുറത്ത് കാട്ടാതെ മുഖത്ത് ദേഷ്യം വരുത്തി നടന്ന് നീങ്ങി… “തനൂ ” പുറകിൽ നിന്ന് വിളി കേട്ടതും മെല്ലെ നിന്നു… കുടുകുടു വണ്ടി ഒന്നൂടെ മുന്നിലേക്ക് എടുത്ത് അരികിൽ കൊണ്ട് വന്ന് നിർത്തി…..

“നീയെന്താ വീട്ടിലേക്ക് വരാത്ത്??” എങ്ങോ നോക്കി മിണ്ടാതെ നിന്നു…. ” ദേഷ്യാ?” ശബ്ദം കുറച്ച് ആർദ്രമായി ചോദിച്ചു…. അറിയാതെ ആ മുഖത്തേക്ക് നോട്ടം എത്തിയതും വീണ്ടും ചോദിച്ചു, ” ദേഷ്യാണോ ന്നോട്??” എന്ന് തല താഴ്ത്തി മെല്ലെ ഇല്ല എന്ന് തലയാട്ടി മെല്ലെ അവിടെ നിന്നും ഓടി …. അതാ മുഖത്ത് ചിരി പടർത്തിയിട്ടുണ്ടാവും എന്ന് എനിക്കറിയാമായിരുന്നു … പ്രിയപ്പെട്ട ഒരു മുഖം ഓർക്കുമ്പോൾ ഉള്ളിൽ വിരിയുന്ന മഞ്ഞിൻ്റെ കുളിരുള്ള പൂക്കളാണോ പ്രണയം??? എങ്കിലിന്നാ പൂക്കൾ ഉള്ളിൽ വിരിയാൻ തുടങ്ങിയിരിക്കുന്നു… 🌺🌺🌺 “തനൂ…… ” ചോറും കൂട്ടാനും കാലാക്കി… കൂട്ടാനിൽ വറത്തിടുമ്പഴാ പെണ്ണിൻ്റെ വിളി കേട്ടത്… ” അനൂ അകത്തേക്ക് വാടീ ……” പൊട്ടിയ കടുക് കൂട്ടാൻ്റെ മുകളിൽ ഇടുമ്പോൾ വരുന്ന ശബ്ദത്തോടൊപ്പം വിളിച്ച് പറഞ്ഞു… ” ആഹാ പാചകത്തിലാ…?

നോക്കട്ടെ പെണ്ണേ നിൻ്റെ കൈപുണ്യം” എന്ന് പറഞ്ഞ് ചീരക്കറി എടുത്ത് കയ്യിലേക്കിറ്റിച്ചു അനു… “സൂപ്പറാടി….. നിന്നെ കെട്ടുന്നോൻ്റെ ഭാഗ്യം” എന്നു പറഞ്ഞു ….. അത് കേട്ട് ചുണ്ടിൽ അറിയാതൊരു ചിരി വിടർന്ന് മനസിലാ രൂപം തെളിഞ്ഞ് വന്നു…. “നീയിന്ന് വൈകീട്ട് ഉത്സവത്തിന് വരുമോ?” എന്ന അനുവിൻ്റെ ചോദ്യമാണ് സ്വപ്ന ലോകത്ത് നിന്നും ഉണർത്തിയത്…. “ഏ …. എന്താ?” എന്ന് ഒരിക്കൽ കൂടെ ചോദിച്ചു….. ” പെണ്ണിവടെ ഒന്നും അല്ലേ? നീയേ ഉത്സവത്തിന് വരുമോ ന്ന് ” “വൈകീട്ടല്ലേ ടി .. നേരം ഇരുട്ടും ഞാനില്ല…. ” എന്ന് പറഞ്ഞു… ഇല്ല എന്ന് പറഞ്ഞപ്പോ അവൾക്ക് വിടാൻ ഭാവമില്ലായിരുന്നു ….. ” ഞാനും ഏട്ടനും കൂടെ കൊണ്ട് ആക്കിത്തരാം… വാടി ” ഒടുവിൽ വരാം”” എന്ന് ഞാൻ പറയുന്നവരെ അവൾ നിർബന്ധിച്ചു കൊണ്ടിരുന്നു… അച്ഛനെയും അവൾ പറഞ്ഞ് സമ്മതിപ്പിച്ചിരുന്നു… 🌺🌺🌺

കൈതപ്പൂവിൻ്റെ മണമുള്ള അമ്മയുടെ മുണ്ടും നേര്യേതും ആണ് ഉടുക്കാം എന്ന് കരുതീത്… പുതിയത് എന്ന് പറയാനായി ഒന്നും ഇല്ലായിരുന്നു … അമ്പലത്തിലേക്ക് ഇട്ടിട്ട് പോവാൻ…… സ്വർണ്ണക്കസവായ കാരണം ഏത് ബ്ലൗസും ഇടാലോ.. മെല്ലെ ഒന്നൊരുങ്ങി അച്ഛൻ്റെ മുന്നിലെത്തി, കണ്ണ് നിറയെ അപ്പോൾ നോക്കുന്നുണ്ടായിരുന്നു അച്ഛൻ ….. “വല്യ കുട്ടിയായി…. ഇനി ഒരാൾടെ കയ്യിൽ ഏൽപ്പിച്ചാൽ ഈ കണ്ണടക്കാനും സന്തോഷാ…..” എന്ന് എൻ്റെ നെറുകിൽ തലോടി പറഞ്ഞപ്പോൾ പിണങ്ങി മാറിനിന്നു ഞാൻ…. ” അച്ഛനില്ലാണ്ടായാ തനു മോൾക്ക് പിന്നെ ആരാ? ആരുണ്ടായാലാ അച്ഛനെ പോലാവാ…. ” എന്ന് മിഴി നിറച്ച് പറഞ്ഞപ്പോൾ നോവോടെ ഒന്ന് ചിരിച്ച് നെറുകിൽ മുകർന്നു … 🌺🌺🌺

അമ്പലത്തിൽ കയറി തൊഴുതു… റിസൽട്ടിൻ്റെ കാര്യം തേവരെ ഒന്നു കൂടെ ഓർമ്മിപ്പിച്ചു…. ൻ്റെ പാതി ഞാൻ എഴുതി ട്ടാ…. ഇനിയൊക്കെ തേവരടെ കയ്യിലാണേ എന്ന് കൂടി പറഞ്ഞ് തിരിഞ്ഞ് അമ്പലത്തിന് പുറത്തിറങ്ങിയപ്പോൾ കണ്ടു അനുവും അനുപമച്ചേച്ചിയും നിൽക്കുന്നത് … തൊട്ട് പുറകിൽ ഇമ ചിമ്മാതെ ഒരാളും….. മെല്ലെ അവരുടെ അടുത്തേക്ക് നീങ്ങി… കാല് വിറക്കുന്നെങ്കിൽ കൂടി …. കവിളിൽ ചെഞ്ചായം പടരുന്നുണ്ടെങ്കിൽ കൂടി …… (തുടരും)….

അനന്തൻ: ഭാഗം 1

Share this story