ആത്മിക : ഭാഗം 37

ആത്മിക : ഭാഗം 37

എഴുത്തുകാരി: ശിവ നന്ദ

ക്ലാസ്സിൽ നിന്നിറങ്ങി ഫോൺ നോക്കിയപ്പോഴാണ് ദേവുവിന്റെ മൂന്ന് മിസ്സ്ഡ് കാൾസ് കാണുന്നത്.അപ്പോൾ തന്നെ അമ്മു തിരിച്ച് വിളിച്ചു.ദേവു പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞതും പൂജയോട് ഉണ്ടായിരുന്ന ദേഷ്യവും ടെൻഷനും എല്ലാം മാറി അവളുടെ മനസ്സ് ആകെ തണുപ്പ് നിറഞ്ഞു.അപ്പോൾ തന്നെ കത്രീനാമ്മയെ വിളിച്ച് ദേവുവിനെ കണ്ടിട്ടേ വീട്ടിലേക്ക് വരൂ എന്നും പറഞ്ഞു. ദേവുവിൽ നിന്നറിഞ്ഞ കാര്യങ്ങൾ ഓർത്ത് കിച്ചൻ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് അമ്മു വരുന്നത്.അവളെ കാൺകെ അവന് വല്ലാത്ത സഹതാപം തോന്നി..ഒരുപാട് പ്രതീക്ഷകളോടെ തന്റെ പ്രണയം പറഞ്ഞപ്പോൾ ആൽബിയിൽ നിന്നും അങ്ങനെയൊരു പ്രതികരണം അവളെ ആകെ തളർത്തിയിട്ടുണ്ടാകും.എന്നിട്ടും അവൾ പിടിച്ച് നിൽക്കുന്നത് കണ്ണന്റെ ശക്തി ഒന്നുകൊണ്ട് മാത്രമാണ്. “ദേവൂട്ടി”ന്ന്‌ വിളിച്ച് അമ്മു ഓടിചെന്ന് ദേവുവിനെ കെട്ടിപിടിച്ചു..

കുനിഞ്ഞ് അവളുടെ വയറിൽ മൃദുവായി ചുണ്ട് ചേർത്തു. “നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ” “ഇല്ലടി അമ്മൂസേ..നീ ധൃതിപിടിച്ച് വരേണ്ട ഒരാവശ്യവും ഇല്ലായിരുന്നു” “ഈ സന്തോഷം അറിഞ്ഞിട്ട് ഞാൻ എങ്ങനെയാടി വരാതിരിക്കുന്ന” അവരുടെ സ്നേഹപ്രകടനങ്ങൾ നോക്കിനിൽകുമ്പോഴും കിച്ചന്റെ മനസ്സ് നിറയെ സംശയങ്ങൾ ആയിരുന്നു. “കിച്ചേട്ടൻ എന്താ ഇങ്ങനെ നോക്കുന്ന??” പെട്ടെന്നുള്ള അമ്മുവിന്റെ ചോദ്യത്തിൽ കിച്ചൻ ഒന്ന് ചിരിച്ചെന്ന് വരുത്തി ദേവുവിനെ നോക്കി..അതോടെ വിഷയം മാറ്റാനായി അവൾ കോളേജിനെ കുറിച്ചൊക്കെ അമ്മുവിനോട് ചോദിക്കാൻ തുടങ്ങി.പൂജയെ കുറിച്ചൊക്കെ പറഞ്ഞപ്പോൾ അറിയാതെ ആൽബി കോളേജിൽ വന്ന കാര്യവും അവൾ പറഞ്ഞു. “ആൽബി വന്ന് പ്രശ്നം ഉണ്ടാക്കിയെന്നോ???” “അതേ കിച്ചേട്ടാ..ചൈതന്യ മാം വിളിച്ച് പറഞ്ഞതാ..പക്ഷെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല.പകരം പ്രശ്നം സോൾവ് ചെയ്തിട്ടാ പോയത്”

സംശയത്തിനുള്ള ഉത്തരം തേടുന്ന മനസ്സ് വീണ്ടും കുരുങ്ങിപോകുന്നത് പോലെ കിച്ചന് തോന്നി.എന്തിന് വേണ്ടിയാകും ആൽബി അമ്മുവിനോട് അങ്ങനൊരു കഥ പറഞ്ഞത്?? വീണ്ടും ചിന്തകളിലേക്ക് മനസ്സ് ചേക്കേറിയപ്പോഴേക്കും ആൽബിയും എത്തി.ആദ്യം തന്നെ അവന്റെ നോട്ടം ചെന്നത് അമ്മുവിലേക്ക് ആണ്. “നീ എപ്പോൾ എത്തി??” “കോളേജിൽ നിന്ന് നേരെ ഇങ്ങ് പോന്നു” “എന്നിട്ട് വീട്ടിൽ വിളിച്ച് പറഞ്ഞോ?” “മ്മ്മ് അമ്മച്ചിയോട് പറഞ്ഞിട്ട വന്നത്” അപ്രതീക്ഷിതമായി അമ്മുവിനെ അവിടെ കണ്ടതിന്റെ ഭാവവ്യത്യാസം അവന്റെ മുഖത്ത് പ്രകടമായിരുന്നു..അത് കിച്ചൻ ശ്രദ്ധിക്കുകയും ചെയ്തു. “Congrats മോനേ..” കിച്ചനെ കെട്ടിപിടിച്ച് ആൽബി സന്തോഷം അറിയിച്ചെങ്കിലും ചെറുതായി ഒന്ന് ചിരിക്കുക മാത്രമേ കിച്ചൻ ചെയ്തോളു. “നിനക്ക് എന്ത് പറ്റി..

ഒരു സന്തോഷം ഇല്ലല്ലോ” “പറയാം നീ വാ” “എന്താടാ കിച്ചു??” ആൽബിയുമായി കിച്ചൻ പുറത്തേക്ക് ഇറങ്ങിയതും ദേവു വാതിൽ അടച്ച് കുറ്റിയിട്ടു. “ദേവു…കിച്ചേട്ടന് എന്താ പറ്റിയത്?? ഇച്ചനെയും കൊണ്ട് ഇതെങ്ങോട്ടാ പോയത്??” “നീ എന്നോട് ദേഷ്യപ്പെടരുത്..ഞാൻ എല്ലാ കാര്യങ്ങളും കിച്ചേട്ടനോട് പറഞ്ഞു” “ദേവൂ…..” “ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോഴുള്ള കിച്ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ ഏട്ടൻ അറിയാത്തതായിട്ട് ഒന്നും എന്റെ മനസ്സിൽ ഉണ്ടാകരുതെന്ന് തോന്നി” “എന്നാലും വേണ്ടായിരുന്നു ദേവു..കിച്ചേട്ടൻ അതിനെ കുറിച്ച് ചോദിക്കാനാകും ഇച്ചനെ കൊണ്ട് പോയേക്കുന്നത്.ഞാൻ എല്ലാവരെയും അറിയിച്ചെന്ന് ഇച്ചൻ കരുതില്ലേ??” “അങ്ങനെയൊന്നും ഇല്ല അമ്മു…നമ്മൾ അറിയാത്ത എന്തൊക്കെയോ ഇതിനിടയ്ക്ക് നടന്നിട്ടുണ്ട്” “എന്നുവെച്ചാൽ??

നീയൊന്ന് തെളിച്ചു പറ ദേവു” “”ഇച്ചായനും ടീനു ചേച്ചിയും തമ്മിൽ പ്രണയം ഒന്നുമില്ലെന്നാണ് കിച്ചേട്ടൻ പറയുന്നത്.” “ആരും അറിയാതെയുള്ള പ്രണയം ആണെന്ന് ഇച്ചൻ തന്നെ പറഞ്ഞതല്ലേ” “എന്തോ എനിക്ക് അറിയില്ല..അവർക്കിടയിൽ അങ്ങനെയൊന്നും ഇല്ലെന്ന് കിച്ചേട്ടൻ നല്ല ഉറപ്പോടെയാ പറഞ്ഞത്” അമ്മു വീണ്ടും ആശയക്കുഴപ്പത്തിലായി.ചൈതന്യ പറഞ്ഞതും കിച്ചൻ പറഞ്ഞതും എല്ലാം അവളുടെ മനസിൽ തെളിഞ്ഞ് വന്നു.ഇച്ചൻ അല്ലാതെ മറ്റാരും അവർ പ്രണയത്തിൽ ആണെന്ന് പറയുന്നില്ല.ഇച്ചൻ അത് പറഞ്ഞതാകട്ടെ തന്നോട് മാത്രം.ഒരുവേള എല്ലാം ടീനയോട് ചോദിച്ചാലൊന്ന് വരെ അവൾ ചിന്തിച്ചു..എന്നാൽ ആൽബിയുടെ ആ വാക്കുകൾ… “നീ എന്താ അമ്മു ആലോചിക്കുന്ന??” “അല്ല ഇനി ഇച്ചനും ടീനുചേച്ചിയും തമ്മിൽ പ്രേമം ഒന്നും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല..”

“അപ്പോൾ നിന്റെ പ്രണയമോ?? നിന്റെ സ്വപ്നം പോലും വേണ്ടെന്ന് വെച്ചത് ആ പ്രണയത്തിന് വേണ്ടിയല്ലേ” “അത് എന്റെ മാത്രം പ്രണയം അല്ലേ ദേവു..അങ്ങനെയൊന്ന് ഇച്ചന് തിരികെ ഉണ്ടായിരുന്നെങ്കിൽ എന്റെ ഇഷ്ടം വേണ്ടെന്ന് വെക്കുമായിരുന്നോ?? എന്നെ കുറിച്ച് അങ്ങനെയൊക്കെ പറയുമായിരുന്നോ??” “നിന്നെ കുറിച്ച് ഇച്ചായൻ എന്ത് പറഞ്ഞു??” “അ..അത്..ഒന്നുമില്ല” “പറ അമ്മു..ഇച്ചായൻ നിന്നോട് മോശമായി എന്തെങ്കിലും പറഞ്ഞോ??” “എന്നോട് അല്ല..ജെറിയോട് ആണ് പറഞ്ഞത്” “എന്ത്???” “അത് ഞാൻ പറയില്ല..അതോർക്കാൻ കൂടി ഞാൻ ആഗ്രഹിക്കുന്നില്ല..ആ ഒരൊറ്റ കാരണം കൊണ്ടാ ഇച്ചനിൽ നിന്നും ഞാൻ അകലം പാലിക്കുന്നത്” “അതിനും മാത്രം ഇച്ചായൻ എന്താടി പറഞ്ഞത്?? ഞാൻ വിചാരിച്ചത് ഇച്ചായന് ടീനുചേച്ചിയെ ആണ് ഇഷ്ടമെന്ന് അറിഞ്ഞത് കൊണ്ടാ നീ മാറി നടക്കുന്നതെന്ന്” “അതിന് ഞാൻ ഇച്ചനോട്‌ ദേഷ്യം കാണിക്കേണ്ട ആവശ്യമെന്താ ദേവു?? ഞാൻ പറഞ്ഞില്ലേ..

ആ പ്രണയം എന്റേത് മാത്രമായിരുന്നു..അത് നഷ്ടമായതിന്റെ വേദന ഞാൻ ഒറ്റക്കാണ് അനുഭവിക്കുന്നത്” “അപ്പോൾ ഈ കാണിക്കുന്ന സന്തോഷം ഒക്കെ വെറും അഭിനയം ആണല്ലേ” നിർജീവമായ ചിരി സമ്മാനിച്ച് കൊണ്ട് അമ്മു ബാൽക്കണിയിലേക്ക് ഇറങ്ങി..താഴെ ഗാർഡനിൽ കിച്ചനും ആൽബിയും ഇരിക്കുന്നത് അവൾ നോക്കിനിന്നു.ദേവുവിന്റെ കരസ്പർശം തോളിൽ പതിഞ്ഞതും നിറഞ്ഞുവന്ന കണ്ണുനീർ തുടച്ചവൾ ആ കൈയിലേക്ക് തല ചായിച്ചു. “ആദ്യപ്രണയം അല്ലേ ദേവു..അതും എന്റെ ഇച്ചനോട്‌ തോന്നിയത്…അത്ര പെട്ടെന്ന് ആ മുറിവ് ഉണങ്ങില്ല…അതിന്റെ കൂടെ ഇച്ചന്റെ ആ വാക്കുകൾ..” “ഇച്ചായൻ എന്താ നിന്നോട് പറഞ്ഞതെന്ന് നീ പറയില്ല..ഇനി എനിക്കത് അറിയുകയും വേണ്ട..ഇപ്പോഴും “എന്റെ ഇച്ചൻ” എന്ന് നിന്റെ നാവിൽ നിന്നും വീണിട്ടുണ്ടെങ്കിൽ അതിന് ഒരർത്ഥമേ ഉള്ളു..

എന്തിന്റെ പേരിലാണെങ്കിലും ആ മനുഷ്യനെ നിനക്ക് വെറുക്കാൻ കഴിയില്ല..നിന്റെ പ്രണയം അറിഞ്ഞപ്പോഴുള്ള ഇച്ചായന്റെ മാനസികാവസ്ഥയെ കുറിച്ച് നമ്മൾ ആരും ചിന്തിച്ചിട്ടില്ല..സ്വന്തം അനിയൻ പോലും നിന്റെ കൂടെ നിന്ന് ഇച്ചായനെ കുറ്റപെടുത്തിയപ്പോൾ ആ ദേഷ്യത്തിലും സങ്കടത്തിലും ചിലപ്പോൾ എന്തെങ്കിലും പറഞ്ഞ് പോയതാകും..” ദേവു പറയുന്നത് കേൾകുന്നുണ്ടെങ്കിലും മറുത്തൊരു വാക്ക് പോലും അമ്മു പറഞ്ഞില്ല..അവളുടെ കണ്ണുകൾ വീണ്ടും ആൽബിയിൽ എത്തിനിന്നു.. ********* “നീ ഇങ്ങനെ വളച്ചുകെട്ടാതെ എന്താണെന്ന് വെച്ചാൽ തുറന്ന് ചോദിക്ക്” കിച്ചൻ എന്തൊക്കെയോ അർത്ഥം വെച്ച് പറയുന്നത് പോലെ തോന്നിയതും ആൽബിക്ക് ദേഷ്യം വരാൻ തുടങ്ങി. “എങ്കിൽ ശരി…ഡയറക്റ്റ് ആയിട്ട് ചോദിക്കാം…

ഞാൻ അറിയാത്ത എന്ത് ബന്ധമാ നീയും ടീനയും തമ്മിലുള്ളത്???” കിച്ചനിൽ നിന്നും ഒരിക്കലും അങ്ങനൊരു ചോദ്യം പ്രതീക്ഷിച്ചില്ലെന്ന് ആൽബിയുടെ ഞെട്ടലിൽ നിന്ന് തന്നെ മനസിലാക്കാം. “എന്താ ചോദിച്ചത് കേട്ടില്ലെന്ന് ഉണ്ടോ?? അതോ പുറത്ത് പറയാൻ പറ്റാത്ത എന്തെങ്കിലും ബന്ധം ആണോ??” “കിച്ചു നീ അനാവശ്യം പറയരുത്” “പിന്നെ ഞാൻ എങ്ങനെയാട ചോദിക്കേണ്ടത്? കൂടെ പഠിച്ചവരും പഠിപ്പിച്ചവരും നിങ്ങളുടെ ബന്ധത്തെ കുറിച്ച് സംശയം പറഞ്ഞപ്പോഴും തമാശക്ക് പോലും ഞാൻ അങ്ങനെ ചോദിച്ചിട്ടില്ല..അതിന്റെ കാരണം അറിയുമോ നിനക്ക്?? ഈ നിമിഷം വരെ നിങ്ങൾക്കിടയിൽ പ്രണയം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല..പകുതിക്ക് വെച്ച് നിങ്ങളുടെ കൂട്ടത്തിലേക്ക് വന്നവൻ ആണെങ്കിലും കഴിഞ്ഞ 10, 11 കൊല്ലമായിട്ട് നിഴൽ പോലെ കൂടെ നടക്കുന്നവനാ ഞാൻ..

ആ എന്നിൽ നിന്നുപോലും മറച്ചുവെച്ചുകൊണ്ട് നിങ്ങൾ പ്രണയിക്കുന്നെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനും മാത്രം മണ്ടൻ അല്ല ഈ കിരൺ” “വിശ്വസിച്ചേ പറ്റു..കാരണം അതാണ് സത്യം..” “എങ്കിൽ നീയത് മുഖത്ത് നോക്കി പറയടാ..എന്തിനാ തലകുനിച്ച് ഇരിക്കുന്നത്” ഇരുകൈയിലും നെറ്റിതാങ്ങി ഇരിക്കുന്നവന്റെ അടുത്തായി കിച്ചൻ ഇരുന്നു..അവന്റെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു. “അമ്മുവിനെ ഇഷ്ടമല്ലെങ്കിൽ അത് തുറന്ന് പറഞ്ഞാൽ പോരായിരുന്നോ?? എന്തിനാ ഇങ്ങനൊരു കള്ളക്കഥ പറഞ്ഞ് അവളെ കൂടുതൽ വിഷമിപ്പിച്ചത്??” “കള്ളമല്ല കിച്ചു…ഞാൻ…” “വേണ്ട ആൽബി..പുതിയ കള്ളം കണ്ടുപിടിക്കണ്ട നീ…എനിക്ക് ദേവുവിനെ ഇഷ്ടമാണെന്നുള്ള കാര്യം അവളെക്കാൾ മുന്നേ ഞാൻ പറഞ്ഞത് നിന്നോടും ടീനയോടും അല്ലേ..അങ്ങനെയുള്ളതല്ലേ നമ്മുടെ ഫ്രണ്ട്‌ഷിപ്…” “അതേടാ..പക്ഷെ എന്റെയും ടീനുവിന്റേയും കാര്യം അങ്ങനെ അല്ലായിരുന്നു..

സമയം ആകുമ്പോൾ എല്ലാവരോടും പറയാമെന്ന കരുതിയത്..അത് ഇങ്ങനെ ആകുമെന്ന് ഞാൻ അറിഞ്ഞില്ല” “ഹും..പിടിതരില്ലെന്ന് ഉറപ്പിച്ചവനോട് എങ്ങനെ ചോദിച്ചിട്ടും കാര്യമില്ലെന്ന് അറിയാം..പക്ഷെ ഞാൻ ഇതൊന്നും വിശ്വസിക്കില്ല..നിങ്ങളുടെ ബന്ധത്തെ കുറിച്ച് എന്നോളം അറിയാവുന്ന വേറെയാരും ഇല്ലല്ലോ..അതുപോലെ തന്നെ അമ്മുവിനെ കാണുമ്പോൾ മാത്രം തെളിയുന്ന ഒരു ഭാവമുണ്ട് നിന്റെ മുഖത്ത്..അത് ഇന്നേവരെ ടീന കൂടെയുള്ളപ്പോൾ ഞാൻ കണ്ടിട്ടില്ല..” കൈ തലക്ക് പിന്നിലേക്ക് പിണച്ചുവെച്ച് ആൽബി ആ പുൽതകിടിയിൽ കണ്ണടച്ച് കിടന്നു. ********* കുറച്ച് സമയം കൂടി ദേവുവിന്റെ അടുത്തിരുന്നിട്ട് അമ്മു പോകാനായി ഇറങ്ങി.അപ്പോഴാണ് ആൽബിയും കിച്ചനും ഗാർഡനിൽ നിന്നും മുറ്റത്തേക്ക് വന്നത്. “പോകാം” ആൽബി ചോദിച്ചതും അമ്മു സംശയത്തോടെ അവനെ നോക്കി.

“വീട്ടിലേക്ക് തന്നെയല്ലേ നീ പോകുന്നത്..പിന്നെന്തിനാ ഇങ്ങനെ നോക്കുന്ന” “അത് ഞാൻ ഒറ്റക്ക് പൊയ്ക്കോളാം..ഇച്ചൻ കുറച്ച് നേരംകൂടി ഇരുന്നിട്ട് വന്നാൽ മതി” “നിന്നെ വെയിറ്റ് ചെയ്താ ഇവൻ ഇത്രയും നേരം ഇരുന്നത് തന്നെ..ഒരേ വീട്ടിലേക്ക് പോകുന്നവർ രണ്ടായിട്ട് ഇറങ്ങേണ്ട ആവശ്യം ഇല്ലല്ലോ..” കിച്ചനും കൂടി പറഞ്ഞതോടെ അമ്മു ആൽബിയെ ഒന്ന് നോക്കി.അവൻ അപ്പോഴേക്കും കാറിന്റെ അടുത്തേക്ക് നടന്നിരുന്നു. “പോകുവാട്ടോ ദേവൂട്ടി…നല്ലോണം ആഹാരമൊക്കെ കഴിക്കണം..” “മ്മ്മ്..നീ സന്തോഷമായിട്ട് ഇരിക്ക്” കിച്ചനോടും യാത്ര പറഞ്ഞ് അവൾ ഇറങ്ങി..അവരുടെ പോക്ക് നോക്കിനിൽക്കുന്ന കിച്ചന്റെ കൈയിലേക്ക് ദേവു കൈകോർത്തു. “എന്ത് പറ്റി കിച്ചേട്ടാ..മുഖം വല്ലാതിരിക്കുന്നല്ലോ??”

“നീ പറഞ്ഞ കാര്യത്തെ കുറിച്ച് ആൽബിയോട് സംസാരിക്കുവായിരുന്നു ഇത്രയും നേരം..” “എന്നിട്ട്??” മറുപടി പറയാതെ കിച്ചൻ അമ്മുവിനെയും ആൽബിയെയും നോക്കി..അപ്പോഴേക്കും അവർ കാറിൽ കയറിയിരുന്നു. ******** കാർ സ്റ്റാർട്ട്‌ ചെയ്തതും സ്റ്റീരിയോ ഓൺ ആകുകയും ആൽബി കേട്ടുകൊണ്ടിരുന്ന പാട്ട് ഓട്ടോമാറ്റിക്കലി പ്ലേ ആയതും ഒരുമിച്ചാണ്. 🎶ഞാനില്ലയെങ്കിൽ നിൻ ഹൃദയ വർണ്ണങ്ങളുണ്ടോ…. നീയില്ലയെങ്കിൽ ഈ പ്രണയ മധുരങ്ങളുണ്ടോ…. അത്രമേൽ ഒന്നാണ് നമ്മൾ….🎶 പെട്ടെന്ന് ആ പാട്ട് കേട്ടതും അമ്മുവും ആൽബിയും പരസ്പരം ഒന്ന് നോക്കി..അതിലെ വരികൾ അവരുടെ ഹൃദതാളം ഒന്നാക്കുന്നത് പോലെ തോന്നിയതും അമ്മു പെട്ടെന്ന് മിഴികൾ മാറ്റി പുറത്തേക്ക് നോക്കിയിരുന്നു..പാട്ട് ഓഫ്‌ ചെയ്ത് ആൽബി കാർ എടുത്തു..ഒരു കുഞ്ഞ് ചിരി അവന്റെ ചുണ്ടിൽ മിന്നിമാഞ്ഞു.. 💞💞💞💞💞💞💞💞💞

രാത്രിയിൽ ജെറിയുടെ കാൾ വന്ന് പുറത്തേക്ക് പോകാനിറങ്ങിയ ആൽബി അമ്മുവിന്റെ മുറിയിൽ വെട്ടം കണ്ട് ഒരുനിമിഷം ആ വാതിലിനടുത്ത് നിന്നു..തട്ടിവിളിക്കണമെന്ന് തോന്നിയെങ്കിലും എന്തോ ഒന്ന് അവനെ അതിന് അനുവദിച്ചില്ല..പക്ഷെ അപ്പോൾ തന്നെ അമ്മു വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. “നീ ഇതുവരെ ഉറങ്ങിയില്ലേ??” “ഇല്ല…ഇവിടെ ലൈറ്റ് ഓൺ ആയത് കണ്ട് വന്നതാ..ഇച്ചൻ എങ്ങോട്ട് പോകുവാ??” “ജെറിയെ വിളിക്കാൻ..നീ പോയി കിടന്നോ” “ഞാൻ കുറച്ചുംകൂടി കഴിഞ്ഞേ കിടക്കു..ഇച്ചൻ പൊയ്ക്കോ..വരുമ്പോൾ ഞാൻ ഡോർ തുറന്ന് തരാം” “വേണ്ട ഞാൻ പൂട്ടിക്കൊണ്ട് പൊയ്ക്കോളാം..നീ ഉറക്കം കളയണ്ട” “ഞാൻ ചുമ്മാ ഇരിക്കുവല്ല..പഠിക്കാൻ ഉണ്ട്.” “ഉറക്കമൊഴിഞ്ഞാൽ അത് ആരോഗ്യത്തെ ബാധിക്കും..ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുള്ളൂ..മനസിരുത്തി പഠിച്ചാലേ എല്ലാം തലച്ചോറിൽ എത്തു..”

അവന്റെ സംസാരം കേട്ട് അമ്മു കൈകെട്ടി അവനെ കൂർപ്പിച്ച് നോക്കി നിന്നു.പിന്നെ കൂടുതൽ ഒന്നും പറയാതെ ആൽബി കതക് അടച്ച് ഇറങ്ങി.. ബുക്സുമായി ഹാളിൽ വന്നിരുന്ന് പഠിക്കാൻ തുടങ്ങി കുറച്ചധികസമയം കഴിഞ്ഞതും ജെറിയുമായി ആൽബി എത്തി..എന്തോ വല്ലാത്തൊരു ഉണർവ് വന്നത് പോലെ അമ്മുവിന് ഫീൽ ചെയ്തു..ജെറി ഇല്ലാതിരുന്ന ഈ രണ്ട് ദിവസവും വീട് ഉറങ്ങിയത് പോലെ ആയിരുന്നു..വാതിൽ തുറന്നപ്പോഴേ കേൾക്കാം അവന്റെ കലപില വർത്തമാനം. “അമ്മൂസേ…ഉറങ്ങിയില്ലേ നീ” “ഉറങ്ങിയെങ്കിൽ ഞാൻ ഇങ്ങനെ നിൽക്കില്ലല്ലോ ചെക്കാ” “ഹോ എന്റെ മോളെ..നിന്റെ തമാശ വൻ പരാജയം ആണുട്ടോ..” അവനെ കോക്രികാട്ടിയിട്ട് നേരെ നോക്കിയത് ആൽബിയുടെ മുഖത്താണ്..കുറേ നാളുകൾക്ക് ശേഷം അവളിലെ ആ പഴയ അമ്മുവിനെ കണ്ട സന്തോഷം ആൽബിക്ക് ഉണ്ടായിരുന്നു..

എങ്കിലും ആ കുറുമ്പുകൾക്ക് പിന്നിൽ അവൾ ഒളിപ്പിച്ച് വെക്കുന്ന നീറുന്ന മനസ്സ് അവനെയും വേദനിപ്പിക്കുന്നുണ്ടെന്ന് ആരും അറിഞ്ഞില്ല…. “നിനക്ക് ഞാനൊരു സംഭവം കൊണ്ട് വന്നിട്ടുണ്ട്” അവിടെ ഇരുന്നുതന്നെ ബാഗ് തുറക്കാൻ പോയ ജെറിയെ ആൽബി തടഞ്ഞു. “വിശേഷം പറച്ചിലും സമ്മാനം കൊടുക്കലും ഒക്കെ നാളെ..” “ഇത് അത്ര വലിയ സമ്മാനം ഒന്നുമല്ല ഇച്ചായ..ദേ..കോഴിക്കോടൻ ഹൽവ ആണ്” ഒരു ബോക്സ്‌ നീട്ടിപിടിച്ച് അവൻ പറഞ്ഞതും അമ്മുവിന്റെ വായിൽ വെള്ളമൂറി..പണ്ടെങ്ങോ കോഴിക്കോടൻ ഹൽവയോടുള്ള മുഹബത് ജെറിയോട് പറഞ്ഞത് അവൾ ഓർത്തു…അത് മറക്കാതെ അവൻ വാങ്ങിക്കൊണ്ട് വന്നത് അവളെ ഒത്തിരി സന്തോഷിപ്പിച്ചു. അപ്പോഴേക്കും ജെറി ആ ബോക്സ്‌ തുറന്ന് ഒരു പീസ് അമ്മുവിന്റെ വായിൽ വെച്ച് കൊടുത്തു..

അവൾ കടിച്ചെടുത്തതിന്റെ ബാക്കി അവൻ ആൽബിയുടെ വായിലും വെച്ചു..അതിന് ശേഷമാണ് താൻ എന്താണ് ചെയ്തതെന്ന് അവൻ ഓർത്തത്..രണ്ട് പേരുടെയും മുഖത്ത് നോക്കിയപ്പോൾ അവർ അത് ശ്രദ്ധിച്ചില്ലെന്ന് അവന് മനസിലായി..എന്തോ ജെറിക്ക് വല്ലാത്ത സങ്കടം തോന്നി..ഇച്ചായന്റെ പ്രണയം ടീനൂച്ചി ആണെന്ന് അറിഞ്ഞിട്ടും അമ്മുവിന്റെ സ്ഥാനത് ചേച്ചിയെ കാണാൻ തനിക് കഴിയുന്നില്ലല്ലോ… “പോയ കാര്യം എന്തായി ജെറി??” “പോയത് ഈ ജെറിൻ ഫ്രാൻസിസ് അല്ലേ..സംഗതി സക്‌സസ്…ആദ്യം പുള്ളിക്കാരന് നമ്മുടെ കമ്പനിയുമായി ഒരു കോൺട്രാക്ടിന് താല്പര്യമില്ലാത്തത് പോലെയായിരുന്നു..അവസാനം എന്റെ ബുദ്ധിയും കഴിവും കണ്ട് അങ്ങേര് ഫ്ലാറ്റ്…” “ടാ ടാ മതി..ബാക്കി ബഡായി ഒക്കെ നാളെ..കുളിച്ചിട്ട് കിടന്നു ഉറങ്ങാൻ നോക്ക്” “ഇനി കുളിക്കാൻ ഒന്നും എനിക്ക് വയ്യ ഇച്ചായ..”

“കുളിച്ചിട്ടേ നീ കിടക്കു” ആൽബി തറപ്പിച്ച് പറഞ്ഞതും ജെറി സപ്പോർട്ടിനായി അമ്മുവിനെ നോക്കി. “എന്നെ നോക്കണ്ട മോനേ..കുളിക്കാതെ കിടന്നാലെ അത് നിന്റെ ആരോഗ്യത്തെ ബാധിക്കും..കേട്ടിട്ടില്ലേ..ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുള്ളൂ..” അമ്മു ഒന്ന് കൊള്ളിച്ച് പറഞ്ഞതും ആൽബി നൈസ് ആയിട്ട് മുകളിലേക്ക് കയറി.. “എന്താടി നീ അത് പറഞ്ഞപ്പോഴേക്കും ഇച്ചായൻ കയറി പോയത്??” “നിന്റെ ഇച്ചായൻ കുറച്ച് മുന്നേ എന്നോട് പറഞ്ഞ ഡയലോഗ് ആണ് മോനേ അത്.” “അപ്പോൾ ഇച്ചായനോട് നിനക്ക് ദേഷ്യമൊന്നും ഇല്ലല്ലേ” അവൾ ഒന്നും മിണ്ടാതെ ജെറിയുടെ മുഖത്തേക്ക് നോക്കി നിന്നു. “ഇച്ചായൻ ഒരുപാട് വിഷമിക്കുന്നത് പോലെ എനിക്ക് തോന്നുന്നു അമ്മു..അതിന്റെ കാരണം എനിക്ക് അറിയില്ല..ഒരുപക്ഷെ നിന്റെ പ്രണയം കാരണം ആകും..

അല്ലെങ്കിൽ അന്ന് നിന്നെ ഉമ്മവെച്ചതിനെ കുറിച്ച് പറഞ്ഞതോർത്തായിരിക്കും..” “ഒന്നിന്റെ പേരിലും സങ്കടം പറഞ്ഞോ ദേഷ്യപ്പെട്ടോ ഞാൻ അങ്ങോട്ട് ചെന്നിട്ടില്ലല്ലോ ജെറി..ഇപ്പോൾ ഇച്ചനോട്‌ ഞാൻ പഴയത് പോലെ ഇടപഴകാനും തുടങ്ങി..ഉള്ളിൽ കനലെരിഞ്ഞിട്ടും അതിന്റെ ചെറുചൂട് പോലും ഇച്ചനിൽ പതിയരുതെന്ന് ആഗ്രഹിച്ച് എല്ലാം മറക്കാൻ ശ്രമിക്കുവാ ഞാൻ…എല്ലാം….” “അമ്മു…” “നീ എന്നെയോർത്ത് ടെൻഷൻ ആകണ്ട..ദേ ഈ ബുക്കുകൾ ആണ് ഇപ്പോൾ എന്റെ കൂട്ട്..കുന്നോളം പഠിക്കാനുണ്ട്..മോൻ പോയി കുളിച്ചിട്ട് കിടക്കാൻ നോക്ക്” “അപ്പോൾ കുളിക്കണം അല്ലേ..” “മ്മ്മ് കുളിക്കണം..” അവൾ കടുപ്പിച്ച് പറഞ്ഞതും ജെറി അവളെ നോക്കി കണ്ണുചിമ്മി..തിരികെ അവളൊന്ന് ചിരിച്ചതും അവൻ അവളുടെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചിട്ട് മുകളിലേക്ക് പോയി…… (തുടരും )

ആത്മിക:  ഭാഗം 36

Share this story