ഈറൻമേഘം: ഭാഗം 26

ഈറൻമേഘം: ഭാഗം 26

 എഴുത്തുകാരി: Angel Kollam

ഭക്ഷണം കഴിച്ചതിന് ശേഷം സ്ഥിരം ബാൽക്കണി കാഴ്ചകളിലേക്ക് കണ്ണുംനട്ടിരിക്കുമ്പോൾ ജോയലിന്റെ നോട്ടം ഇടയ്ക്കിടെ അമേയയുടെ മുഖത്തേക്ക് പാളി വീണു.. ഇന്ന് പൂജയുടെ വീട്ടിൽ പാർട്ടിയ്ക്ക് പോയപ്പോളാണ് ആമിയെ താനെത്രമാത്രം മിസ്സ്‌ ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയത്.. സ്ഥിരമായി അവളും താനും ഒപ്പമുണ്ടാകാറുള്ള ആ സമയത്ത് അവൾ കൂടെയില്ലാതായപ്പോൾ വല്ലാത്തൊരു അസ്വസ്ഥത തോന്നിയിരുന്നു.. പൂജയെ സങ്കടപെടുത്തണ്ടെന്ന് കരുതിയാണ് കേക്ക് കട്ട്‌ ചെയ്യുന്നത് വരെ വെയിറ്റ് ചെയ്തിട്ട് അവിടെ നിന്ന് പെട്ടന്നിറങ്ങിയത്.. ഇവിടെ തിരിച്ചെത്തിയപ്പോളാണ് മനസിലൊരു ആശ്വാസം തോന്നിയത്… അതുവരെ വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു…

അമേയ ദൂരേക്ക് കണ്ണും നാട്ടിരിക്കുകയായിരുന്നു.. ജോയൽ അവളുടെ മുഖത്തേക്ക് ഇടയ്ക്കിടെ പാളി നോക്കിക്കൊണ്ട് മനസ്സിൽ പലതും കണക്ക് കൂട്ടി.. ഒരു സൈക്കോളജിസ്റ്റ്‌ ആണെന്ന് പറഞ്ഞിട്ടൊരു കാര്യവുമില്ല.. തന്റെ മനസ്സ് അമേയയുടെ മുന്നിൽ വെളിപ്പെടുത്താൻ തനിക്ക് കഴിയുന്നില്ല.. എന്തായാലും അവൾക്കും തന്നെ ഇഷ്ടമാണെന്ന് തനിക്കറിയാം, എന്നിട്ടും അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ മനസ്സ് ശൂന്യമായി പോകുന്നത് പോലെ… ഇന്നെങ്കിലും അവൾക്ക് മുന്നിൽ തന്റെ മനസ്സ് തുറക്കണമെന്ന് കരുതിയെങ്കിലും അതിന് സാധിക്കുന്നില്ല.. അമേയയ്ക്ക് ഉറക്കം വരാൻ തുടങ്ങിയപ്പോൾ അവൾ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. “കിടക്കാം സാർ…” “ഉം ” അമേയ റൂമിലേക്ക് പോയതും ജോയൽ നിരാശയോടെ നിന്നു.. തനിക്കവളോട് മനസ്സ് തുറക്കാൻ സാധിക്കുന്നില്ല..

പകരം മറ്റാരെയെങ്കിലും കൊണ്ട് അവളോട് സംസാരിപ്പിച്ചാലോ.. പെട്ടന്ന് പൂജയുടെ മുഖമാണ് മനസിലേക്ക് വന്നത്.. പൂജ തന്റെ അസിസ്റ്റന്റ് മാത്രമല്ല.. തനിക്കൊരു സഹോദരിയെപ്പോലെയാണ്.. അമേയ തന്നോടൊപ്പം ഫ്ലാറ്റിലേക്ക് വന്നതൊന്നും താൻ പൂജയോട് പറഞ്ഞിരുന്നില്ല.. നാളെ അവളോട് സംസാരിക്കണം.. അവൾക്കൊരു പക്ഷേ തന്നെ സഹായിക്കാൻ കഴിഞ്ഞക്കും… പിറ്റേന്ന് ജോയൽ ഹോസ്പിറ്റലിലെത്തിയപ്പോൾ പൂജ എത്തിയിട്ടുണ്ടായിരുന്നില്ല.. ആദ്യത്തെ രോഗിയ്ക്ക് കൗൺസിലിങ് കൊടുത്തു കൊണ്ടിരിക്കുമ്പോളാണ് അവൾ ക്യാബിനിലേക്ക് വന്നത്.. ജോയൽ അവളെ ശ്രദ്ധിക്കാതെ തന്റെ മുന്നിലിരിക്കുന്ന വ്യക്തിയ്ക്ക് ഉപദേശം കൊടുക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.. പതിനൊന്നു മണിയായപ്പോൾ ആദ്യത്തെ കൗൺസിലിങ് സെക്ഷൻ കഴിഞ്ഞു.. ജോയൽ പൂജയോട് ചോദിച്ചു.. “താനെന്താ ലേറ്റായത്?”

“ഒന്നും പറയണ്ട.. എന്നെയുടനെ കെട്ടിച്ചു വിടാൻ വീട്ടുകാർക്ക് ഭയങ്കര നിർബന്ധം.. കുറച്ചു കൂടി കഴിയട്ടെയെന്ന് പറഞ്ഞിട്ടും അച്ഛൻ സമ്മതിക്കുന്നില്ല.. അച്ഛൻ രാവിലെ തന്നെ ഏതൊക്കെയോ മാട്രിമോണിയൽ എല്ലാം അരിച്ചു പെറുക്കി ഒന്ന് രണ്ട് പേരെ ഫോൺ വിളിച്ചു സംസാരിച്ചു.. അതിലൊരു കൂട്ടർ ഞായറാഴ്ച മിക്കവാറും പെണ്ണുകാണാൻ വരും.. അവർക്ക് ഇഷ്ടപെട്ടാൽ ഉടനെയുണ്ടാകും കല്യാണം .. ഞാനിങ്ങനെ സന്തോഷത്തോടും സമാധാനത്തോടും ജീവിക്കുന്നത് കണ്ടിട്ട് എന്റെ അച്ഛന് സഹിക്കില്ലെന്ന് തോന്നുന്നു ” “സാരമില്ലടോ.. കല്യാണം അതിന്റെ സമയമാകുമ്പോൾ നടക്കട്ടെ ” “എന്നാലും ഇത്രയും തിടുക്കത്തിൽ വേണ്ടായിരുന്നു.. ഞാൻ മാനസികമായി ഒട്ടും തയ്യാറെടുത്തിട്ടില്ല..

വിവാഹത്തെ പറ്റിയും ജീവിതപങ്കാളിയേയും കുറിച്ച് എനിക്ക് കുറച്ച് സങ്കല്പങ്ങളൊക്കെ ഉണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത ഒരാളെ പെട്ടന്നൊരു ദിവസം ഭർത്താവായി സ്വീകരിക്കാൻ അത്ര എളുപ്പത്തിൽ സാധ്യമാകുമോ?” “തന്റെ സങ്കൽപ്പങ്ങളൊക്കെ പെണ്ണുകാണാൻ വരുന്ന ചെറുക്കനോട് പറയുക.. എന്നിട്ട് എല്ലാം ഒത്തുവരികയാണെങ്കിൽ കല്യാണത്തിന് സമ്മതിച്ചാൽ മതി.. ജീവിതകാലം മുഴുവൻ ഒരുമിച്ച് കഴിയണ്ട ഒരാളെ തിരഞ്ഞെടുക്കാനുള്ള പൂർണമായും സ്വാതന്ത്ര്യം തനിക്കുണ്ട്.. ആ വ്യക്തിയെ തിരഞ്ഞെടുക്കുന്നതിൽ പിഴവ് പറ്റിയാൽ പിന്നീട് ദുഖിക്കേണ്ടി വരും.. എന്തായാലും അച്ഛൻ പറഞ്ഞത് പോലെ പയ്യൻ ഞായറാഴ്ച പെണ്ണുകാണാൻ വരട്ടെ..

പക്ഷേ അയാളെ തന്റെ ലൈഫ് പാർട്ണർ ആയിട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് താൻ അയാളോട് സംസാരിച്ചതിന് ശേഷം മാത്രം തീരുമാനിച്ചാൽ മതി ” “ഓക്കേ.. സാർ പറഞ്ഞത് ശരിയാണ് ” “ഉം… എടോ എനിക്ക് തന്നോട് ഒരു കാര്യത്തിൽ അഭിപ്രായം ചോദിക്കാനുണ്ട്.. ശരിക്കും പറഞ്ഞാൽ തന്റെ സഹായം എനിക്കാവശ്യമുണ്ട് ” “എന്താ സാർ?” ജോയൽ അമേയയപ്പറ്റിയുള്ള കാര്യങ്ങൾ പൂജയോട് പറഞ്ഞു.. പൂജ എല്ലാം ശ്രദ്ധാപൂർവ്വം കേട്ട് നിന്നതിനു ശേഷം പറഞ്ഞു.. “സാർ.. ആ കുട്ടിയോട് സംസാരിക്കുന്നതിലോ സാറിന്റെ മനസ്സറിയിക്കുന്നതിലോ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല.. പക്ഷേ ഒരു പെണ്ണിന്റെ മനസ് എനിക്ക് മനസിലാകും.. താൻ സ്നേഹിക്കുന്ന പുരുഷൻ തന്നോട് നേരിട്ട് പ്രണയം തുറന്ന് പറയുന്നത് കേൾക്കാനായിരിക്കും എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത്..

അതുകൊണ്ട് വേറെയാരെയും ആ ഉത്തരവാദിത്തം ഏൽപ്പിക്കാതെ സാർ തന്നെ നേരിട്ട് പറഞ്ഞാൽ മതി.. ധൃതി കാണിക്കണ്ട.. അവളിവിടെ ഹോസ്റ്റലിലേക്ക് മാറുന്നതിനു തൊട്ട് മുൻപ് പറഞ്ഞാലും മതി.. പക്ഷേ സാർ നേരിട്ട് തന്നെ പറഞ്ഞാൽ മതി.. അപ്പോൾ അവളുടെ മുഖത്തുണ്ടാകുന്ന ആ സന്തോഷം സാറിന് നേരിട്ട് കാണാമല്ലോ ” പൂജ പറഞ്ഞതാണ് സത്യമെന്ന് ജോയലിന് തോന്നി.. ദിവസങ്ങൾ പിന്നെയും കടന്ന് പോയി.. ശനിയാഴ്ച രാത്രിയിൽ ജോയലും അമേയയും പതിവ് പോലെ സംസാരിച്ചിരിക്കുമ്പോൾ ജോയൽ പറഞ്ഞു.. “ഈ ഞായറാഴ്ച നമ്മളുടെ കൂടെ പുറത്ത് പോകാൻ വരാമെന്ന് സുഹാസ് പറഞ്ഞതാണ്.. ഞാനവനെയൊന്ന് വിളിക്കട്ടെ ” ഒരു റിംഗ് ഫുൾ അവസാനിച്ചിട്ടും സുഹാസ് ഫോണെടുത്തില്ല.. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ തിരികെ വിളിച്ചു..

“സോറി അച്ചായാ.. നൈറ്റ്‌ ഡ്യൂട്ടി ആണ്.. കുറച്ചു തിരക്കാണ്.. അതാ ഫോൻസ് എടുക്കാഞ്ഞത് ” “നിനക്ക് നൈറ്റ്‌ ഡ്യൂട്ടി ആണോ? പിന്നെങ്ങനെയാണ് നമ്മൾ നാളെ പുറത്ത് പോകുന്നത്?” “ആക്ച്വലി എന്റെ നൈറ്റ്‌ ഡ്യൂട്ടിയല്ല ഇപ്പോൾ വരേണ്ടത്.. പക്ഷേ ആകാശ് സാറിന്റെ അമ്മയ്ക്ക് സുഖമില്ലാത്തത് കൊണ്ട് സാർ നാട്ടിൽ പോയി.. പകരം ഞാൻ നെറ്റിന് കയറിയതാണ്.. ഡ്യൂട്ടി അത്യാവശ്യം തിരക്കായിപ്പോയി.. അതുകൊണ്ടാണ് എനിക്ക് നിങ്ങളെ വിളിക്കാൻ പറ്റാഞ്ഞത്.. ആമിയോട് പറഞ്ഞേക്ക് നമുക്ക് പിന്നീടെപ്പോളെങ്കിലും ഒരുമിച്ച് പുറത്ത് പോകാമെന്ന് ” “ഞാൻ പറയാം ” “എങ്കിൽ പിന്നെ വിളിക്കാം അച്ചായാ.. ഒരു ആക്‌സിഡന്റ് കേസ് ഉണ്ട് ഇവിടെ.. തിരക്കാണ് ”

“ഓക്കേ.. ക്യാരി ഓൺ ” സുഹാസുമായിട്ടുള്ള സംസാരം അവസാനിപ്പിച്ചതും ജോയൽ പറഞ്ഞു.. “എടോ.. സുഹാസിന് നൈറ്റ്‌ ഡ്യൂട്ടിയാണ്.. നാളെ ഫ്രീയല്ലെന്ന് ” “ഉം ” ഒരു മൂളൽ മാത്രമായിരുന്നു മറുപടി. ജോയൽ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. അവളുടെ മുഖത്ത് പതിവില്ലാത്ത മ്ലാനത ഉണ്ടെന്ന് ജോയലിന് തോന്നി.. “എന്ത് പറ്റിയടോ? എന്താ തന്റെ മുഖം വല്ലാതെയിരിക്കുന്നത്?” അത് തന്നെയായിരുന്നു അമേയയും ചിന്തിച്ചത്.. രണ്ട് ദിവസമായിട്ട് തന്റെ മൂഡ് ഒട്ടും ശരിയല്ല.. നിസാര കാര്യത്തിന് ദേഷ്യവും സങ്കടവും വരുന്നുണ്ട്.. ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നുന്നുണ്ട്.. ചിലപ്പോൾ ഡേറ്റ് അടുത്തതിന്റെതായിരിക്കും.. ആ സമയത്ത് തനിക്ക് ഭയങ്കര മൂഡ് സ്വിങ്സ് ആണ്..

എല്ലാ സ്ത്രീകൾക്കും അങ്ങനെയാണോ എന്നറിയില്ല.. പക്ഷേ തനിക്കു ആ ദിവസങ്ങൾ വേദനയുടെയും ദുഃഖത്തിന്റെയും മാത്രമാണ്.. പ്രത്യേകിച്ച് ആദ്യത്തെ രണ്ടു ദിവസങ്ങൾ.. അമേയ അവന്റെ മുഖത്തേക്ക് നോക്കാതെ മറുപടി പറഞ്ഞു.. “ഒരു തലവേദന പോലെ..” “എങ്കിൽ ഇവിടെയിങ്ങനെ തണുത്ത കാറ്റും കൊണ്ടിരിക്കണ്ട.. പോയി കിടന്നോളു ” “ഉം ” അമേയ എഴുന്നേറ്റു പോയിട്ടും ജോയൽ അവിടെ തന്നെയിരുന്നു.. എന്തായിരിക്കും അമേയയുടെ ദുഃഖത്തിന്റെ കാരണം? തന്റെ പ്രവർത്തികൾ അവളെ വേദനിപ്പിക്കുന്നുണ്ടോ? അതോ വീട്ടിലെ കാര്യങ്ങൾ ഓർത്തിട്ടുള്ള എന്തെങ്കിലും സങ്കടമായിരിക്കുമോ… കുറച്ചു സമയം കൂടി അങ്ങനെയിരുന്നിട്ട് ജോയലും തന്റെ റൂമിലേക്ക് പോയി..

രാത്രിയിൽ, ഉറക്കത്തിനിടയിൽ എന്തോ ശബ്ദം കേൾക്കുന്നത് പോലെ തോന്നിയപ്പോളാണ് ജോയൽ എഴുന്നേറ്റത്.. അവൻ ഡോർ തുറന്നു പുറത്തേക്ക് വന്നു.. അമേയയുടെ മുറിയിൽ വെളിച്ചം കണ്ടപ്പോൾ ഇവളെന്താ ഈ രാത്രിയിൽ ഉണർന്നിരിക്കുന്നതെന്ന് ചിന്തിച്ചു.. താൻ ഉറങ്ങാൻ വന്നപ്പോൾ അവളുടെ റൂമിൽ വെളിച്ചമില്ലായിരുന്നു എന്നവന് ഓർമ്മ വന്നു.. ജോയൽ ആ മുറിയുടെ ഡോറിൽ തട്ടികൊണ്ട് പറഞ്ഞു .. “എടോ.. കതക് തുറക്കടോ ” ഒരു നിമിഷത്തേക്ക് അകത്ത് നിന്നും അനക്കമൊന്നും കേട്ടില്ല. അവൻ വീണ്ടും ശക്തമായി ഡോറിൽ തട്ടിക്കൊണ്ടു പറഞ്ഞു.. “കതക് തുറക്ക് ” അമേയ റൂമിന്റെ കതക് തുറന്നു..

അവൾ കരയുകയായിരുന്നുവെന്ന് അവളുടെ മുഖഭാവം കാണുമ്പോളേ അറിയാം.. ജോയൽ വേപഥുവോടെ ചോദിച്ചു.. “എന്ത് പറ്റിയടോ? എന്തിനാ ഈ രാത്രിയിൽ എഴുന്നേറ്റിരുന്നു കരഞ്ഞത്?” “വയറുവേദന ” അവൾ അടിവയറ്റിൽ കൈ അമർത്തിക്കൊണ്ട് പറഞ്ഞു.. ഓ.. അപ്പോൾ അതായിരുന്നു കുറച്ചു മുൻപുള്ള മൂഡോഫിന്റെയും കാരണം.. ഹോർമോണിന്റെ വ്യത്യാസം കൊണ്ടുണ്ടാകുന്ന മൂഡോഫ്.. അത് തന്നോട് തുറന്നു പറയുന്നതിലെന്തായിരുന്നു കുഴപ്പം? താനെന്താ അവൾക്ക് അന്യനാണോ? അങ്ങനെ പലതും ചിന്തിച്ചു കൊണ്ട് ജോയൽ പറഞ്ഞു.. “താൻ കിടക്ക്.. റൂമിന്റെ ഡോർ ലോക്ക് ചെയ്യണ്ട..

ഞാനിപ്പോൾ വരാം ” ജോയൽ അടുക്കളയിലേക്ക് ചെന്നു.. വെള്ളം ചൂടാക്കി ഹോട് വാട്ടർ ബാഗിലേക്ക് ഒഴിച്ചിട്ട് അമേയയുടെ റൂമിലേക്ക് ചെന്നു.. അവൾ കട്ടിലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു.. ജോയൽ അവളോട് പറഞ്ഞു .. “എടോ.. ഇതാ ഹോട് വാട്ടർ ബാഗ്.. ഇത് വയറ്റിൽ വച്ചാൽ മതി.. വേദന കുറഞ്ഞോളും.. ഒരു നേഴ്സ് ആയിട്ടും ഇതൊന്നും അറിയില്ലേ?” “അറിയാം.. പക്ഷേ ഒന്ന് നേരെ നിൽക്കാൻ പോലും വയ്യാത്ത വേദനയാണ്.. പിന്നെയെങ്ങനെ അടുക്കളയിൽ പോയി ചൂട് വെള്ളം ഉണ്ടാക്കും?” അവന്റെ കയ്യിൽ നിന്നും ഹോട് വാട്ടർ ബാഗ് വാങ്ങുന്നതിനിടയിൽ അവൾ ചോദിച്ചു… “എങ്കിൽ പിന്നെ എന്നെ വിളിക്കാമായിരുന്നല്ലോ?” “സാർ ഉറങ്ങുകയാണല്ലോ എന്ന് കരുതി വിളിക്കാതിരുന്നതാണ്..

ഉറങ്ങുന്നവരെ വിളിച്ചുണർത്തുന്നത് എനിക്കിഷ്ടമല്ല ” “ഹോസ്റ്റലിലാണെങ്കിൽ താനെന്ത് ചെയ്യുമായിരുന്നു?” “സാധാരണ എപ്പോളും ധന്യ കൂടെയുണ്ടാകും.. അവൾ രാത്രിയിൽ ക്യാന്റീനിൽ പോയി വെള്ളം ചൂടാക്കി വാങ്ങിക്കൊണ്ടു തരും.. പാവം.. ഞാൻ എല്ലാത്തിനും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചുള്ളത് അതിനെയാണ് ” ധന്യയെക്കുറിച്ച് പറഞ്ഞപ്പോൾ അമേയയുടെ സ്വരമിടറി.. അവളുടെ മിഴികളിൽ നനവ് പടരുന്നത് കണ്ടപ്പോൾ ജോയൽ ചോദിച്ചു.. “താനെന്തിനാ ഇപ്പോൾ കരയുന്നത്?” “ഇതൊക്കെ ഇതിന്റെ ഭാഗമാണ്.. കാരണമറിയാത്ത സങ്കടം..”

“താനിപ്പോൾ ഒന്നും ഓർക്കണ്ട.. ഉറങ്ങാൻ നോക്ക്.. പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയണം. ഡോർ ലോക്ക് ചെയ്യാതെ കിടന്നാൽ മതി കേട്ടോ ” “ഉം ” ജോയൽ അവളുടെ ഡോർ പതിയെ ചാരിയിട്ട് തന്റെ റൂമിലേക്ക് പോയി.. ഭിത്തിയിലെ ക്ലോക്കിൽ നോക്കിയപ്പോൾ സമയം രണ്ടുമണിയായെന്ന് മനസിലായി.. തനിക്കറിയാം സ്ത്രീകൾക്ക് ഹോർമോൺ വ്യത്യാസം കൊണ്ടുണ്ടാകുന്ന മൂഡ് സ്വിങ്സ് ഒക്കെ… ഓരോ സ്ത്രീകൾക്കും പല തരത്തിലുള്ള സിംപ്‌റ്റംസ് ആണെന്നുമറിയാം.. എന്നാലും കുറച്ച് കൂടി വ്യക്തത വേണമെന്ന് തോന്നിയത് കൊണ്ട് അവൻ ഫോണെടുത്തു ഗൂഗിളിൽ പ്രീ മെൻസ്‌ട്രൽ സിംപ്‌റ്റംസ് എന്ന് സെർച്ച്‌ ചെയ്തു.. കുറേ സിംപ്‌റ്റംസ് വന്നു.. അവൻ ഓരോന്നായി വായിച്ചു.

മൂഡ് സ്വിങ്സ്, വയറു വേദന, ഉറക്കമില്ലായ്‌മ, ക്ഷീണം, തലവേദന അങ്ങനെ നീണ്ട ഒരു ലിസ്റ്റ് കിടക്കുന്നുണ്ട്.. ഇവൾക്ക് ഇതെല്ലാം ഉണ്ടെന്ന് തോന്നുന്നുണ്ടല്ലോ എന്ന് ചിന്തിച്ചിട്ട് ജോയൽ ഫോൺ മാറ്റി വച്ചിട്ട് ഉറങ്ങാൻ കിടന്നു.. ജോയലിന് ഉറക്കം വന്നില്ല.. അവൻ ഇടയ്ക്കിടെ അവളുടെ റൂമിന് മുന്നിൽ പോയി വാതിൽ മെല്ലെ തുറന്നു നോക്കിയിട്ട് അവൾ ഉറങ്ങുകയാണെന്ന് ഉറപ്പ് വരുത്തി.. ഞായറാഴ്ച,രാവിലെ അമേയ താമസിച്ചാണ് ഉണർന്നത്.. അവൾ കിച്ചണിൽ എത്തുമ്പോൾ ജോയൽ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകുകയായിരുന്നു.. അവളുടെ നേർക്ക് നോക്കിക്കൊണ്ട് ജോയൽ ചോദിച്ചു.. “ഇപ്പോൾ എങ്ങനെയുണ്ട്? ഓക്കേ ആണോ?” “ചെറുതായിട്ട് വേദനയുണ്ട്..” “ഉം.. ടാബ്ലറ്റ് വല്ലതും വേണമെങ്കിൽ ഞാൻ പുറത്ത് പോകുമ്പോൾ വാങ്ങിക്കൊണ്ടു വരാം ”

“ടാബ്ലറ്റ് കഴിക്കുന്ന ശീലമൊന്നും എനിക്കില്ല.. ” “ഓക്കേ ” ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിന് ശേഷം ജോയൽ പുറത്തേക്ക് പോകാൻ റെഡിയായി.. “ഞാനൊന്ന് ഷോപ്പിൽ പോവാ.. താൻ വരുന്നോ?” “ഇല്ല സാർ..” “തനിക്കു പ്രത്യേകിച്ചെന്തെങ്കിലും വാങ്ങണോ?” “വേ… വേണ്ട…” “എങ്കിൽ ഞാൻ പോയിട്ട് വരാം ” ജോയൽ പുറത്തേക്ക് പോയതും അമേയ സെറ്റിയിലേക്കിരുന്നു.. ഈ സമയത്ത് പുറത്തേക്ക് പോകുന്നതോ അധികം ആൾക്കാരെ കാണുന്നതോ ഉച്ചത്തിലുള്ള സംസാരമോ,പാട്ടോ കേൾക്കുന്നതോ ഒന്നും തനിക്കിഷ്ടമില്ല.. പ്രത്യേകിച്ചു ആദ്യത്തെ ദിവസം.. എല്ലാ മാസവും ആ ദിവസം ഇൻചാർജ് തനിക്ക് ഓഫ് തരുമായിരുന്നു..അത്രയ്ക്കുണ്ടായിരുന്നു മഞ്ജുള സിസ്റ്ററിന് തന്നോടുള്ള സ്നേഹവും കരുതലും..

അരമണിക്കൂർ കഴിഞ്ഞപ്പോൾ ജോയൽ തിരികെയെത്തി.. അവൻ വാങ്ങിക്കൊണ്ടു വന്ന സാധനങ്ങൾ അമേയയുടെ നേർക്ക് നീട്ടി. ജോയൽ റൂമിലേക്ക് കയറിയതും അവൾ ആ കവർ തുറന്നു നോക്കി.. കുറച്ച് ഫ്രൂട്ട്സ്.. സാനിറ്ററി പാഡ്.. പിന്നെ ഒരു ചെറിയ പേപ്പർ ബാഗിൽ മെഫ്റ്റാൽ സ്പാസ് ടാബ്ലറ്റ്.. അമേയയ്ക്ക് ഒരേ സമയം സന്തോഷവും സങ്കടവും വന്നു.. ഒരു പുരുഷനായിട്ടും തന്റെ കാര്യങ്ങളെല്ലാം എത്ര വ്യക്തമായിട്ടാണ് അവൻ മനസിലാക്കുന്നതെന്നോർത്തായിരുന്നു സന്തോഷം.. ഈ സ്നേഹത്തിന് തനിക്ക് യോഗ്യതയുണ്ടോ എന്നോർത്തായിരുന്നു സങ്കടം..

ജോയൽ തന്നെയാണ് ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കിയത്.. അമേയ ഹാളിലെ സെറ്റിയിൽ ഉദാസീനയായി ഇരുന്നു.. അവളുടെ ആ ഇരിപ്പ് കണ്ടപ്പോൾ തൊട്ടടുത്ത് ചെന്നിരുന്നു അവളെ ചേർത്ത് പിടിക്കണമെന്ന് തോന്നി.. എങ്കിലും പതിവ് പോലെ തന്റെ വികാരങ്ങളെ അവൻ നിയന്ത്രിച്ചു.. ഹാളിലെ ടീപ്പോയുടെ പുറത്തിരുന്ന ജോയലിന്റെ ഫോൺ റിംഗ് ചെയ്തു.. ജോയൽ അമേയയോട് പറഞ്ഞു.. “ആരാണെന്ന് നോക്കടോ ” “പൂജ ” “ഓ.. അവളെ പെണ്ണുകാണാൻ ആളു വരുന്ന ദിവസം ആയിരുന്നു ഇന്ന്.. ഞാനത് മറന്നു പോയി.. അവൾ അതിനെപ്പറ്റി എന്തെങ്കിലും പറയാൻ വിളിച്ചതായിരിക്കും..

” ജോയൽ തിടുക്കത്തിൽ ഹാളിലേക്ക് വന്നു. അവന്റെ കൈ വൃത്തിയല്ലാത്തത് കൊണ്ട് കാൾ അറ്റൻഡ് ചെയ്തിട്ട് ലൗഡ് സ്പീക്കറിലിടാൻ അമേയയോട് ആവശ്യപ്പെട്ടു.. “ഹലോ ” “ഹലോ സാർ…” “പറയ് പൂജാ.. എന്തായി പെണ്ണുകാണൽ” “ഒന്നുമായില്ല സാർ.. എന്റെ സങ്കല്പത്തിന്റെ നേരെ വിപരീതമായ കാഴ്ചപ്പാടാണ് അയാളുടേത്.. അയാൾക്ക് വീട്ടിലെ കാര്യങ്ങൾ നോക്കാനും അയാളുടെ അച്ഛനെയും അമ്മയേയും ശുശ്രൂഷിക്കാനും ഒരാളെയാണ് വേണ്ടത്.. അതിനിപ്പോൾ കല്യാണം കഴിക്കണ്ടല്ലോ.. ഒരു വേലക്കാരിയെ നിയമിച്ചാൽ പോരേ?” “തന്റെ അച്ഛൻ എന്ത് പറഞ്ഞു?” “ജോലിക്ക് പോകാതെ വീട്ടിൽ നിൽക്കണമെന്ന് പറഞ്ഞതിനോട് അച്ഛനും യോജിപ്പില്ല..

ഇത്രയും കഷ്ടപ്പെട്ട് പഠിച്ചത് വീട്ടിൽ വെറുതെ ഇരിക്കാനല്ലല്ലോ എന്നാണ് അച്ഛനും ചോദിക്കുന്നത് ” “അതെന്തായാലും നന്നായി..” “അതൊക്കെ പോട്ടേ.. എന്തായി സാറിന്റെ കാര്യങ്ങൾ.. സാർ മനസിലുള്ളതൊക്കെ പറഞ്ഞോ.. ഇന്ന് അവധിയല്ലേ… ഇഷ്ടം പോലെ ടൈം ഉണ്ടല്ലോ ” “പൂജാ ഞാൻ പിന്നെ വിളിക്കാം.. കുറച്ചു ബിസിയാണ് ” അമേയയോട് കാൾ കട്ട്‌ ചെയ്യാൻ അവൻ ആംഗ്യം കാണിച്ചു.. അവന്റെ മുഖത്തെ വെപ്രാളം കണ്ടപ്പോൾ അമേയയ്ക്ക് ചിരി വന്നു.. അവൾ ഫോൺ കട്ട് ചെയ്തിട്ട് ടീപ്പോയുടെ പുറത്തേക്ക് തന്നെ തിരികെ വച്ചു.. ജോയലിന്റെ മുഖത്തൊരു ചമ്മലുണ്ടായിരുന്നു..

അവൻ കിച്ചണിലേക്ക് തന്നെ തിരികെ പോയി.. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞു ഹാളിലിരുന്ന് ടീവി കാണുമ്പോളാണ് ഡോക്ടർ സുഹാസിന്റെ കാൾ വന്നത്.. ഇവന് നൈറ്റ് ഡ്യൂട്ടിയല്ലേ.. ഈ സമയത്ത് എന്താ വിളിക്കുന്നതെന്ന് ചിന്തിച്ചു കൊണ്ട് ജോയൽ ഫോൺ അറ്റൻഡ് ചെയ്തു.. “എന്താടാ.. നൈറ്റ് ഡ്യൂട്ടി ആയിട്ടും ഉറക്കം ഒന്നുമില്ലേ?” “അച്ചായാ.. എനിക്ക് അച്ചായന്റെ ഒരു സഹായം വേണം ” “എന്ത് പറ്റിയെടാ.. സ്വരമൊക്കെ വല്ലാതെയുണ്ടല്ലോ ” “അച്ചായാ എന്റെ കസിൻ സിസ്റ്ററിന് ഒരു കൗൺസിലിങ് കൊടുക്കണം ” “അതിനിപ്പോളെന്താ.. നാളെ ഹോസ്പിറ്റലിലേക്ക് പറഞ്ഞു വിട്ടേക്ക്.. അത് പറയാനാണോ നീ ഉറക്കം കളഞ്ഞു വിളിച്ചത്?”

“നാളെ വരെ വെയിറ്റ് ചെയ്യാൻ പറ്റില്ല.. ഞാൻ ആൾറെഡി അവരെ അച്ചായന്റെ ഫ്ലാറ്റിലേക്ക് പറഞ്ഞയച്ചിട്ടുണ്ട്.. അവർ അരമണിക്കൂറിനുള്ളിൽ അവിടെയെത്തും ” എന്തോ സീരിയസായിട്ടുള്ള കാര്യമാണെന്ന് ജോയലിന് തോന്നി.. “എന്താടാ.. എന്താ കാര്യം?” “അച്ചായാ… അവളുടെ പേര് സ്വപ്ന.. അവൾക്കിവിടെ ഒരു പയ്യനുമായിട്ട് അടുപ്പമുണ്ടായിരുന്നു.. അവൻ ആളത്ര ശരിയല്ലെന്ന് ഞാൻ അവൾക്ക് മുന്നറിയിപ്പ് കൊടുത്തതാണ്.. എന്നിട്ടും അവൾക്ക് അവനെ ഭയങ്കര വിശ്വാസമായിരുന്നു.. ഇന്നലെ കോളേജിൽ പോകാനെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയിട്ട് അവൾ അവന്റെ ഫ്ലാറ്റിലേക്ക് പോയി..

അച്ഛനെയും അമ്മയേയും പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് അവനവളെ കൂട്ടികൊണ്ട് പോയത്.. പക്ഷേ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.. അവിടെ വച്ച്.. അവളുടെ എതിർപ്പ് പോലും വകവെക്കാതെ ബലമായി… അവളെ…” “ഐ ക്യാൻ അണ്ടർസ്റ്റാൻഡ്.. ” “അച്ചായാ.. അവളുടെ മനസിലെ ആ മുറിവ് മായിക്കാൻ അച്ചായന്റെ വാക്കുകൾക്ക് കഴിയണം ” “ഞാൻ ഡീൽ ചെയ്തോളാം.. നൈറ്റ് ഡ്യൂട്ടിയുള്ളതല്ലേ നീ ഉറങ്ങിക്കോ ” ജോയൽ കാൾ കട്ട്‌ ചെയ്തിട്ട് അമേയയോട് പറഞ്ഞു.. “താൻ റൂമിലേക്ക് പൊയ്ക്കോ.. എന്നെക്കാണാനിപ്പോൾ ഒന്ന് രണ്ടാളുകൾ വരും ” അമേയ റൂമിലേക്ക് പോയി.. അല്ലെങ്കിൽ തന്നെ ഈ ടീവിയുടെ ശബ്ദം തന്നെ തനിക്കു സഹിക്കാൻ പറ്റുന്നില്ല.. അതിന്റെ കൂടെ ഇനിയും ആളും ബഹളവും..

അരമണിക്കൂർ കഴിഞ്ഞപ്പോൾ സ്വപ്നയും മാതാപിതാക്കളും വന്നു.. അവളുടെ മുഖത്ത് നിരാശ നിഴലിട്ടിരുന്നു.. ചുണ്ടിലും കവിളിലും ദന്തക്ഷതത്തിന്റെ പാടുകൾ.. ജോയൽ അവരെ സ്വീകരിച്ചിരുത്തി.. അവർക്ക് മൂന്നുപേർക്കും ജ്യൂസ്‌ കൊണ്ട് വന്നു കൊടുത്തതിനു ശേഷം സ്വപ്നയോട് സംസാരിക്കാനാരംഭിച്ചു.. അവൾ മനസ്സ് തുറക്കാൻ തയ്യാറല്ലായിരുന്നു… ഏറെ നിർബന്ധിച്ചപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് എല്ലാം പറഞ്ഞു.. ജോയൽ അവളെ ആശ്വസിപ്പിച്ചു.. “സ്വപ്നാ.. തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് കരുതിയാൽ മതി.. നമ്മൾ റോഡിലൂടെ നടക്കുമ്പോൾ ഒരു വൃത്തികെട്ട മൃഗം നമ്മളെ ഉപദ്രവിച്ചാൽ നമ്മളെന്ത് ചെയ്യും? ആ മുറിവ് വൃത്തിയാക്കും..

അല്ലാതെ അതോർത്തു കരഞ്ഞു കൊണ്ടിരിക്കുമോ?” “സാർ.. എനിക്കെന്റെ കന്യകാത്വം നഷ്ടപ്പെട്ടു.. ഇനി മറ്റൊരു പുരുഷന്റെ ഭാര്യയാകാൻ എനിക്ക് സാധിക്കുമോ?” “എടോ.. ആദ്യം ഈ ചിന്ത മനസ്സിൽ നിന്നും എടുത്തു കളയൂ.. തനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് കരുതൂ ” സ്വപ്നയുടെ അച്ഛൻ ദേഷ്യത്തിൽ ജോയലിനോട് ചോദിച്ചു.. “സാർ പറയാനെളുപ്പമാണ്.. പക്ഷേ മറ്റൊരാൾ റേപ്പ് ചെയ്ത പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഏതെങ്കിലും പുരുഷൻ സമ്മതിക്കുമോ? അങ്ങനെയൊരു പെണ്ണിനെ ഭാര്യയാക്കാൻ സാർ തയ്യാറാകുമോ?” “എന്റെ ഭാര്യ കന്യകയായിരിക്കണമെന്ന് വാശി പിടിക്കാൻ ഞാനിപ്പോളും പത്തൊൻപതാം നൂറ്റാണ്ടിലല്ല ജീവിക്കുന്നത്..

പിന്നെ പത്രത്തിൽ വാർത്ത വരാൻ വേണ്ടിയോ മറ്റുള്ളവരുടെ കയ്യടി വാങ്ങാൻ വേണ്ടിയോ അങ്ങനെയൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഞാൻ തയ്യാറാകില്ല.. പക്ഷേ ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ അവളുടെ സമ്മതമില്ലാതെ ആരെങ്കിലും ഉപദ്രവിച്ചാൽ അതിന്റെ പേരിൽ അവളെ ഞാൻ ഉപേക്ഷിക്കില്ല.. അല്ലെങ്കിൽ തന്നെ ശരീരത്തിനോടല്ല.. മനസ്സിനോടാണ് പ്രണയം തോന്നേണ്ടത്.. ദയവു ചെയ്തു നിങ്ങളുടെ മനസിലെ ഈ ചിന്തകൾ കൊണ്ട് ഈ കുട്ടിയുടെ മനസിലെ മുറിവുകൾ വീണ്ടും വലുതാക്കരുത്.. എല്ലാം മനസിലാക്കി അവളെ വിവാഹം ചെയ്യാൻ ഒരാൾ തയ്യാറാകും.. തത്കാലം അവളുടെ മനസിലെ മുറിവുണക്കാനെങ്കിലും അവൾക്ക് സമയം കൊടുക്കൂ..

വിവാഹത്തിനൊക്കെ ഇനിയും സമയമുണ്ടല്ലോ ” ജോയൽ സ്വപ്നയുടെ നേർക്ക് നോക്കി.. “എടോ.. ഇന്നലത്തെ ദിവസത്തെ തന്റെ മനസ്സിൽ നിന്നും മായിച്ചു കളഞ്ഞേക്ക്.. തനിക്കൊരു കുഴപ്പവുമില്ല.. പെർഫെക്റ്റലി ഓക്കേയാണ്.. പഠനത്തിൽ ശ്രദ്ധിക്കണം.. പഠിച്ചൊരു ജോലി വാങ്ങിയിട്ട് സ്വന്തം കാലിൽ നിൽക്കാൻ നോക്ക് ” ജോയൽ പിന്നെയും കുറേനേരം സ്വപ്നയോട് സംസാരിച്ചു.. പ്രസന്നമായ മുഖത്തോടെയാണ് സ്വപ്ന അവിടുന്ന് പോയത്.. അമേയ തന്റെ റൂമിൽ കിടന്ന് ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു.. അവൾക്ക് അവനോട് ബഹുമാനം തോന്നി.. രാത്രിയിൽ, ജോയലും അമേയയും ഭക്ഷണശേഷം ബാൽക്കണിയിലേക്ക് വന്നു.. ഇന്നെന്ത് സംഭവിച്ചാലും തന്റെ മനസിലുള്ളത് അവളോട് പറയുമെന്ന് ജോയൽ ആവർത്തിച്ചാവർത്തിച്ചു മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു..

അമേയ ദൂരേക്ക് നോക്കിയിരിക്കുന്നു.. തന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് ജോയൽ അറിഞ്ഞു.. ഒരക്ഷരം പോലും സംസാരിക്കാതെ രണ്ട്പേരും അവിടെയിരുന്നു.. തണുത്ത കാറ്റിന്റെ നേർത്ത മർമരം മാത്രം അവർക്കിടയിൽ തങ്ങി നിന്നു.. അമേയ ഇടയ്ക്കെപ്പോളോ നോക്കിയപ്പോൾ തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ജോയലിനെ കണ്ടു.. അമേയ അമ്പരപ്പോടെ നോക്കി അവൻ കണ്ണിമയ്ക്കാതെ തന്നെ നോക്കിയിരിക്കുകയാണ്.. അമേയയ്ക്ക് എന്തോ ഒരു വല്ലായ്മ തോന്നി.. അമേയ തന്നെ ശ്രദ്ധിക്കുന്നത് മനസിലായതും ജോയൽ പെട്ടന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. “വാ നമുക്ക് ഉറങ്ങാൻ പോകാം.. ” അമേയ എഴുന്നേറ്റു നടന്നു. ജോയൽ തൊട്ട് പിന്നാലെയും..

ബാൽക്കണിയേയും ഹാളിനെയും വേർതിരിക്കുന്ന കർട്ടന്റെ അരികിൽ അമേയ എത്തിയതും ജോയൽ അവളുടെ ഇടത് കയ്യിൽ പിടിച്ചു.. അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും ജോയൽ അവളെ തന്നോട് ചേർത്ത് നിർത്തി അവളുടെ നിറുകയിൽ തന്റെ ചുണ്ട് പതിപ്പിച്ചു.. ആ ചുംബനത്തിൽ ഉണ്ടായിരുന്നു അവന്റെ മനസ്സ്.. താൻ ഏറെ കാത്തിരുന്ന മുഹൂർത്തമായിരുന്നിട്ട് കൂടി അമേയയുടെ മിഴികൾ നിറഞ്ഞൊഴുകി.. അവന്റെ നെഞ്ചിലേക്ക് തന്റെ മുഖം ചേർത്ത് വച്ച് കൊണ്ട് അമേയ തേങ്ങി.. അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ജോയൽ പറഞ്ഞു.. “എടോ.. ലോകത്തിലെ ഏറ്റവും മോശമായ പ്രൊപോസലായിരിക്കും ഇതെന്ന് എനിക്കറിയാം.. പക്ഷേ എനിക്കറിയില്ല തന്നോടെങ്ങനെ എന്റെ മനസ്സ് തുറക്കണമെന്ന്.. പക്ഷേ ഒന്ന് മാത്രമറിയാം.. ഐ നീഡ് യൂ അൻറ്റിൽ മൈ ലാസ്റ്റ് ബ്രെത് ” അമേയയുടെ കണ്ണുനീർ വീണ് ജോയലിന്റെ ഷർട്ട് നനഞ്ഞു തുടങ്ങിയിരുന്നു…… തുടരും…….

ഈറൻമേഘം: ഭാഗം 25

Share this story