ശിവഭദ്ര: ഭാഗം 4

ശിവഭദ്ര: ഭാഗം 4

എഴുത്തുകാരി: ദേവസൂര്യ

“”ഏട്ടൻ പോകുവോ ഇന്ന് വരുന്ന പുതിയ താമസക്കാരെ കൊണ്ട് വരാൻ…. “” രുദ്രൻ ഉമ്മറത്ത് എന്തോ ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ഭദ്ര അരികിലേക്കായി വന്ന് ചോദിച്ചത്… “”ഉവ്വ് കുഞ്ഞി…. ഞാൻ പൊക്കോളാം… രാവിലെ എത്തും ന്നാണ് പറഞ്ഞത്… ഞാൻ ദേ ഇറങ്ങാൻ നിൽക്കുവാ… “” രുദ്രൻ പറഞ്ഞ് കൊണ്ട് മുറ്റത്തേക്ക് ഇറങ്ങിയതും അവൾ പിന്നിൽ നിന്ന് വിളിച്ചു… “”ഏട്ടാ… “” നടന്നകലാൻ തുടങ്ങിയവൻ സംശയത്തോടെ ഒന്ന് നോക്കി… “”ഇന്ന് കുടിക്കല്ലേ ട്ടോ…കുഞ്ഞീടെ ഏട്ടനല്ലേ… “” അവളുടെ വാക്കുകൾ കേട്ടതും അവൻ പതിയെ ആ മുഖം കയ്യിലെടുത്തു… “”കുഞ്ഞിക്ക് ഇപ്പൊ എന്താ വേണ്ടേ?.. ഏട്ടൻ കുടിക്കരുത് അത്രേ അല്ലേ ഉള്ളൂ… ഏട്ടൻ കുടിക്കില്ല ട്ടോ… “” അവളുടെ തലയിൽ ഒന്ന് തലോടി നടന്നകലുന്നവനെ നോക്കുമ്പോളും അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി ഈറനണിഞ്ഞിരുന്നു… 🖤❤🖤❤🖤❤

രുദ്രൻ പോയതിന് ശേഷം ഭദ്ര മേലേടം വീട്ടിലെക്കാണ് പോയത്… മുറികൾ എല്ലാം അടിച്ചു തുടച്ചു വൃത്തിയാക്കി… ഉമ്മറവും ചൂലുകൊണ്ട് തൂത്തു…അടുക്കളയിൽ അത്യാവശ്യ സാധനങ്ങൾ എല്ലാം കൊണ്ട് വച്ച്… അവൾ നേരെ പോയത് പിന്നാമ്പുറത്തെ കുളപടവിലേക്കാണ്…. ഭദ്രയുടെ വീടും മേലേടം വീടും തമ്മിൽ ഒരു മതിൽ കൊണ്ട് പോലും മറച്ചിട്ടില്ല…അത് കൊണ്ട് തന്നെ ഭദ്രയുടെ വീടിന്റെ പിന്നാമ്പുറത്തുടെ ഇറങ്ങിയാലും കുളപ്പടവിലേക്ക് എത്താം…മിക്കദിവസങ്ങളിലും ഭദ്ര കുളിക്കാറും എന്തെങ്കിലുമൊക്കെ കുത്തികുറിക്കണമെന്ന് തോന്നുമ്പോളും ഇവിടേക്കാണ്‌ വരാറുള്ളത്…ഇന്ന് മുതൽ ഇവിടെ മറ്റു അവകാശികൾ ആണല്ലോ എന്നോർത്തപ്പോൾ അവളിൽ ചെറിയൊരു വിഷമം വരുന്നതവൾ അറിഞ്ഞു…

പടവുകൾ ഇറങ്ങി…കല്പടവിൽ കാലുകൾ വെള്ളത്തിലേക്ക് ഇറക്കി വച്ച് ഇരുന്നു.. ഇത്തിരി നേരെ ഓളങ്ങൾ തല്ലും കുളത്തിലേക്ക് വെറുതെ മിഴി നട്ടിരിക്കുമ്പോളും മനസ്സിൽ രുദ്രേട്ടനെ കുറിച്ചുള്ള ആദിയായിരുന്നു….ഇങ്ങനെ ഒറ്റക്ക് കുടിച്ചു നശിക്കുന്നത് കാണാൻ വയ്യ… ആ ചുവന്ന കണ്ണുകൾ കാണുമ്പോൾ പിടയുന്നത് തന്റെ ഹൃദയമാണ്…. “”ദേ രുദ്രേട്ട ഈ കുറുമ്പി പറയുന്നത് കേട്ടോ… നമുക്ക് ഉണ്ടാവുന്ന ആദ്യത്തെ കുഞ്ഞുവാവക്ക് ശ്രീരുദ്ര ന്ന് പേരിട്ടാൽ മതി ത്രെ…”” കുടിച്ചു കൊണ്ടിരുന്ന ചായ…ദേവുവിന്റെ വാക്കുകൾ കേട്ടതും നിർഗേ കേറി അവൻ ചുമച്ചു… അവന്റെ കാട്ടിക്കൂട്ടൽ കണ്ടതും ഭദ്രയും ദേവുവും ഒരുപോലെ പൊട്ടിച്ചിരിച്ചു… “”കേട്ടോ ഏടത്തി…

അല്ലേലും ശ്രീ ന്നുള്ള പേര് കേട്ടാൽ ഏട്ടന് ഇത്തിരി വെപ്രാളം കൂടുതലാ..ഈ ആദ്യ കാമുകിമാരെ അങ്ങനെ ആർക്കും മറക്കാൻ സാധിക്കില്ല ന്ന് പറയണത് എത്ര ശെരിയ…”” അവന്റെ തലയിൽ നന്നായി തട്ടി കൊടുത്ത് പറയുന്ന ഭദ്രയെ രുദ്രൻ രൂക്ഷമായി ഒന്ന് നോക്കി…. “”നിനക്കുള്ളത് ഞാൻ തരാം ട്ടാ..റൂമിലോട്ട് വാ….”” ദേവുവിനെ നോക്കി മീശ പിരിച്ചു പറയുന്നത് കേട്ടപ്പോൾ ഭദ്ര അർഥം വച്ചൊന്ന് ചുമച്ചു… “”ഈ കുറ്റിപിശാശിന്റെ കൂടെ കൂടിയിട്ട് നീയും എന്നേ കളിയാകുവാണോ ദേവുവേ….”” അവന്റെ വാക്കുകൾ കേട്ടതും ദേവു വെളുക്കനെ ഒന്ന് ചിരിച്ചു കാണിച്ചു കൊടുത്തു…. പണ്ട് സ്കൂളിൽ പഠിക്കുന്ന സമയം കൂടെ പഠിച്ചിരുന്ന ശ്രീലക്ഷ്മി എന്ന ശ്രീ…ആളോട് വല്യ ഇഷ്ട്ടമായിരുന്നു രുദ്രന്…ഒരു ദിവസം പോയി ഇഷ്ട്ടം പറഞ്ഞപ്പോൾ…പോടാ കുരങ്ങാ ന്ന് വിളിച്ചു ഓടി പോയതാണ് ആ കൊച്ച്…5 ആം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ ആയിരുന്നു ഈ പ്രണയം മൊട്ടിട്ടത് രുദ്രന്റെ മനസ്സിൽ അന്ന് ആ കുട്ടി 2 ആം ക്ലാസ്സിലും …

പിന്നീട് വീട്ടിൽ പറഞ്ഞ അന്ന് മുതൽ കളിയാക്കാൻ തുടങ്ങിയതാണ് ശ്രീയുടെ പേരും വച്ച്…എല്ലാത്തിനുപരി ആ ശ്രീ ആണ്…അമ്മേടെ അനിയന്റെ മകൾ ശ്രീലക്ഷ്മി എന്ന് അറിഞ്ഞതും പിന്നീട് അങ്ങോട്ട് പോകാനും ആൾക്ക് മടിയായി…. ഇപ്പൊ ഈ കളിയാക്കൽ കുറച്ച് കൂടിയിട്ടുണ്ട്… “”ദേവു…മുറിയിലോട്ട് ഒന്ന് വന്നേ….”” കനത്തിൽ ഒന്ന് പറഞ്ഞു പടിക്കൽ കയറി പോകുന്നവനെ ഭദ്ര കുസൃതിയോടെ നോക്കി. “”ദേ ഏട്ടാ…ഇതിന്റെ പപ്പും പൂടയും എങ്കിലും ബാക്കി വച്ചേക്കണേ…”” പിന്നിൽ നിന്ന് വിളിച്ചു കൂവിയപ്പോൾ ദേവു അവളുടെ ചെവിയിൽ ഒരു കിഴുക്ക് കൊടുത്തു… “”ഡീ എന്റെ കെട്ടിയോനെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ…”” ദേവുവിന്റെ വാക്കുകൾ കേട്ടതും…ഭദ്ര പൊട്ടിചിരിച്ചു….

അവളുടെ ചിരികണ്ടതും ദേവുവും പൊട്ടിച്ചിരിച്ചു…. ഓർമകളിൽ നിന്ന് എന്നപോലെ…ഭദ്രയുടെ കണ്ണുകളിൽ നിന്ന് രണ്ടിറ്റ് കണ്ണുനീർ പൊഴിഞ്ഞു വീണു…. “”ദേവു ഏടത്തി….”” അവൾ മുകളിലേക്ക് നോക്കി പതിയെ വേദനയോടെ വിളിച്ചു…മറുപടി എന്നപോലെ ഒരിളം കാറ്റ് അവളെ തട്ടി തലോടി പോയി…. “”ഭദ്രേ….എവിടെ നീയ്….”” അമ്മയുടെ വിളിയാണ് അവളെ പഴയ ഓർമകളിൽ നിന്ന് പിൻവലിപ്പിച്ചത്…. “”ദാ വരുന്നൂ അമ്മേ….”” ചാലിട്ട് ഒഴുകിയ കണ്ണുനീർ ധൃതിയിൽ തുടച്ചു മാറ്റി….ദാവണി ഇടുപ്പിൽ തിരുകി അവൾ വെപ്രാളത്തോടെ കുളിപടവിൽ നിന്ന് ഓടി പോയി…. 🖤❤🖤

“”അവരെ കാണാൻ ഇല്ലാലോ കുട്ട്യേ…നീ ആ കവല വരെയൊന്ന് പോയി വന്നേ…കൂട്ടികൊണ്ട് വരാൻ പോയ രുദ്രനെയും കാണാൻ ഇല്ലാലോ….”” ഉച്ചയൂണും കഴിഞ്ഞു തുടങ്ങിയ കാത്തിരിപ്പാണ് പുതിയ താമസക്കാരെ…അവരെ കാണാഞ്ഞപ്പോൾ ഒന്ന് അന്വേഷിച്ചു ഇറങ്ങാം എന്ന് ഭദ്രയും വിചാരിച്ചു…പോണ പോക്കിൽ വടക്കേലെ ശാരദ ചേച്ചിക്ക് ഇന്നലെ ഏൽപ്പിച്ച തൈരും കൊടുക്കാം എന്ന് വിചാരിച്ചു അവൾ ഇറങ്ങി…. “”ദേ രുദ്രേട്ടാ..നടുറോഡാണ്‌…അങ്ങാടിയാണ് എന്നൊന്നും ഞാൻ നോക്കൂല ട്ടോ…കണ്ടോ നല്ല പുളിയുള്ള നാടൻ തൈരാണ്…തലവഴി ഞാൻ കമത്തും…കുടിച്ചത് ആവിയായി പോണത് കാണണോ…”” രുദ്രനെ തിരക്കി ഇറങ്ങിയ ഭദ്ര കാണുന്നത്…കവലയിലെ ആൽത്തറയിൽ കുടിച്ചു ബോധം ഇല്ലാതെ കിടക്കുന്ന രുദ്രനെയാണ്… ദേഷ്യത്തോടെ ചെന്ന് ചോദിക്കുമ്പോൾ കുറ്റബോധത്തോടെ തലതാഴ്ത്തി ഇരിക്കയാണ്…

കണ്ടപ്പോൾ കരച്ചിലാണ് വന്നത്…ഒരു മനുഷ്യൻ എത്രത്തോളം അധഃപതിക്കാമോ…അത്രയും ആയി കഴിഞ്ഞിരിക്കുന്നു…കവലയിൽ അങ്ങനെ ആളുകൾ ഒന്നുമിലായിരുന്നു അത്‌ കൊണ്ട് തന്നെ ഒന്നും മിണ്ടാതെ നിറഞ്ഞു തൂവുന്ന കണ്ണുനീർ ആരും കാണാതെ തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു…. “”ഏയ്യ് ഒന്ന് നിൽക്കണെ….”” പിന്നിൽ നിന്ന് വിളിക്കുന്നത് കേട്ടപ്പോൾ സംശയത്തോടെ ഒന്ന് നോക്കി… തോളിൽ ബാഗും തൂക്കി വരുന്നവനെ കണ്ടതും കണ്ണുകൾ ഒന്ന് വിടർന്നു… “”ഈശ്വരാ…ഇതാ താടിയല്ലേ…”” മനസ്സിൽ വിചാരിക്കുമ്പോളേക്കും ആള് കിതച്ചു കൊണ്ട് അരികിൽ എത്തിയിരുന്നു… “”എടോ ഉണ്ടക്കണ്ണി ഇത് ഇയാൾടെ നാട് ആയിരുന്നോ…”” തന്നെ നോക്കി ചോദിച്ചപ്പോൾ വീണ്ടും കണ്ടതിന്റെ സന്തോഷം മറച്ചു പിടിച്ചു കൂർപ്പിച്ചു ഒന്ന് നോക്കി…കണ്ണുകൾ ചെന്നെത്തി നിന്നത് അന്ന് വെട്ട് കൊണ്ട കൈകളിലേക്കാണ്…കൈ കെട്ടി വച്ചിട്ടുണ്ട്…താൻ നോക്കുന്നത് മനസ്സിലായപ്പോൾ…

ചുണ്ട് കോട്ടി…മറുപടി പറയാതെ തിരിഞ്ഞു നടന്നു.. “”എടോ…പിണങ്ങല്ലേ…ഞാൻ ചുമ്മാ വിളിച്ചതല്ലേ…”” പിന്നിൽ നിന്ന് സംസാരം കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല… “”ന്റെ പേര് ഭദ്ര ന്നാണ്…അല്ലാതെ തോന്നണത് വിളിക്കാൻ ഇയാൾടെ മടിയിൽ ഇരുത്തിയിട്ട് ഒന്നുമല്ലല്ലോ നിക്ക് പേരിട്ടത്…”” തിരിഞ്ഞു നോക്കാതെ തന്നെ പറയുന്നവളെ കാൺകെ ചിരിച്ചു പോയ്…തന്റെ ചിരി കണ്ടിട്ടാണ് എന്ന് തോന്നുന്നു ആള് പിന്നേം കൂർപ്പിച്ചു നോക്കുന്നുണ്ട്…. “”തനിക്ക് കണ്ടറിഞ്ഞാണ് ട്ടോ ഈ പേരിട്ടത്… ഭദ്രകാളിയുടെ കണ്ണാണ്…പിന്നെ ഈ ദേഷ്യവും..പക്ഷെ എനിക്കല്ലേ അറിയൂ…വെറും പേടിതോണ്ടി ആണ് ന്ന്…”” അവന്റെ അടക്കിയ ചിരി കേട്ടപ്പോൾ ചുണ്ടിൽ ചിരി വിരിഞ്ഞെങ്കിലും അത്‌ മറച്ചു പിടിച്ചു കൊണ്ട് അയാളെ ഒന്ന് നോക്കി…താടിക്കിടയിലൂടെ തനിക്കായി വിരിഞ്ഞ നുണക്കുഴിയിലേക്കാണ് ആദ്യം നോട്ടം എത്തി നിന്നത്….

“”ഇവിടെ ആരെ തല്ലാനുള്ള കൊട്ടേഷൻ ആയിട്ട വന്നത് മാഷേ…”” ദാവണി ഇടുപ്പിൽ തിരുകി…കൈകൾ പിണച്ചു കെട്ടി നിന്ന് ചോദിക്കുന്നത് കണ്ടപ്പോൾ…പുഞ്ചിരിയോടെ ആ മുഖത്തേക്ക് ഒന്ന് നോക്കി…രാവിലെ എഴുതിയ കണ്മഷി കണ്ണിന് താഴെ ചെറുതായി പടർന്നിരിക്കുന്നു…നെറ്റിയിൽ കുഞ്ഞി പൊട്ടും അതിന് മീതെയായി ചന്ദനകുറിയും…മറ്റ് അലങ്കാരങ്ങൾ ഒന്നുമില്ലാത്ത ഒരു നാട്ടിൻപുറത്ത്കാരി പെൺകുട്ടി…പാടവരമ്പത്തെ ഇളംകാറ്റിൽ ദാവണി തുമ്പ് ഇളകിയാടുന്നുണ്ട്…അരക്ക് താഴെയായി കിടക്കുന്ന ഇടതൂർന്ന മുടി വെറുതെ അറ്റം കെട്ടി വെച്ചിരിക്കുന്നു….

“”ഡോ മാഷേ…ഇയാളെന്താ സ്വപ്നം കണ്ടോണ്ട് നിൽക്കുവാണോ??…”” അവളുടെ ചോദ്യത്തിലാണ് പെട്ടെന്ന് ബോധത്തിലേക്ക് വന്നത്…ജാള്യതയോടെ മുഖം താഴ്ത്തി…. “”ആരുടെ കാല് തല്ലി ഓടിക്കാനാ ഇങ്ങോട്ട് വന്നത് ന്ന്??….”” “”തല്ലി ഓടിക്യ മാത്രല്ലടോ ഉണ്ടക്കണ്ണി…ഈ നാട് മൊത്തത്തിൽ ഒന്ന് നന്നാക്കിയാലോ ന്നാ ഞാൻ ചിന്തിക്കുന്നേ…”” അവന്റെ വാക്കുകൾ കേട്ടതും ഒന്നും മനസ്സിലാവാതെ ആ മുഖത്തേക്ക് ഒന്ന് നോക്കി…. “”ഈ മേലേടം വീട് എവിടെയാടോ?? അവിടെത്തെ പുതിയ താമസക്കാരാണ് ഞങ്ങൾ..അമ്മയും പെങ്ങളും നാളെയെ എത്തുള്ളു..എനിക്കാണേൽ നാളെ ചാർജ് എടുക്കണം…അതാ നേരത്തെ പൊന്നേ..”” “”അപ്പൊ മാഷാണോ ഇവിടെത്തെ പുതിയ എസ്.ഐ…

“” അവളുടെ കണ്ണിൽ അത്ഭുതം നിറഞ്ഞു… “”അതേല്ലോ… എസ് .ഐ ശിവജിത്ത് !!… ഈ നാടും നാട്ടാരെയും നന്നാക്കാൻ പുതിയതായി വന്നവൻ..എന്തെ ഇഷ്ട്ടായില്ലേ ടോ…ഉണ്ടക്കണ്ണി….”” അവൻ ഒരുകണ്ണിറുക്കി പറയുന്നത് കേട്ടപ്പോൾ…അവളുടെ കണ്ണുകൾ വല്ലാതെ പിടച്ചു…ഉള്ളിൽ എവിടെയോ കുഞ്ഞു സന്തോഷം വന്ന് നിറയുന്നതറിഞ്ഞു….ഉള്ളിലെ സന്തോഷം മറച്ചു കൊണ്ട്..ആ കടുംകാപ്പി മിഴികളിലേക്ക് ഇടംകണ്ണിട്ട് ഒന്ന് നോക്കി.. അപ്പോഴും ആ നുണകുഴികൾ അവൾക്കായി വിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു…ചുണ്ടിൽ ചെറുചിരി തങ്ങിയിരുന്നു……..(തുടരും )

ശിവഭദ്ര: ഭാഗം 3

Share this story