അല്ലിയാമ്പൽ: ഭാഗം 5

അല്ലിയാമ്പൽ: ഭാഗം 5

എഴുത്തുകാരി: ആർദ്ര നവനീത്

രാവിലെ അല്ലി കണ്ണ് തുറക്കുമ്പോൾ കട്ടിലിന് മേലെയായി മുഖം ചേർത്ത് കിടക്കുകയായിരുന്നു നിവേദ്. ആരു ഉണർന്നിരുന്നില്ല. തലേന്ന് ഒരുപാട് കരഞ്ഞതിന്റെയാകാം കണ്ണുകൾ വല്ലാതെ നീറുന്നതുപോലെ. നിവേദിലേക്ക് നോട്ടമെത്തിയതും അവന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി. വീണ്ടും ആ കണ്ണുകൾ നിറഞ്ഞു. ആരോടും പറയാതെ മനസ്സിലൊതുക്കിയ പ്രണയം. പ്രണയം നൊമ്പരമാണെന്ന് അവൾക്ക് തോന്നി. ഒരിക്കൽപ്പോലും തുറന്നു പറയാതിരുന്നിട്ടുകൂടി തനിക്ക് വേദന നൽകിയ പ്രണയം. എന്റെ പ്രണയം അത് എന്നിൽ തുടങ്ങി എന്നിൽ തന്നെ അവസാനിക്കട്ടെ. എന്നാലും സ്നേഹം ചതിയാണെന്ന് പറയാൻ എങ്ങനെ കഴിഞ്ഞു നിവേദേട്ടാ നിങ്ങൾക്ക്…

നെഞ്ച് വല്ലാതെ വിങ്ങുന്നതുപോലെ.. എന്തിനാ അമ്മേ അച്ഛാ നിങ്ങൾ പോയപ്പോൾ എന്നെയും കൂട്ടാതിരുന്നത്.. വർദ്ധിച്ച തലക്കനത്തോടെ ബാത്റൂമിലേക്ക് നടന്നു. കുളിച്ചു കൊണ്ടിരിക്കെ ആരു കരയുന്ന ശബ്ദം കേട്ടു. തലയിൽ തോർത്തും ചുറ്റി പെട്ടെന്ന് ഇറങ്ങി വന്നപ്പോൾ നിവേദേട്ടൻ മോനെയും എടുത്ത് കൊണ്ട് അവന്റെ കരച്ചിൽ അടക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ആ കൈയിൽനിന്നും കുഞ്ഞിനെ എടുത്തുകൊണ്ട് മുഖത്തേക്ക് നോക്കാതെ താഴേക്കിറങ്ങി. അവളുടെ മാറിലെ ചൂടേറ്റെന്നവണ്ണം മോൻ കരച്ചിൽ നിർത്തുന്നത് അവൻ അത്ഭുതത്തോടെ നോക്കി നിന്നു. പിന്നീടുള്ള നാളുകളിൽ കഴിയുന്നതും അല്ലി നിവേദിൽ നിന്നും അകന്നുനിന്നു. അവൻ കഴിക്കാൻ വരുന്നതിന് മുൻപേ കുഞ്ഞിന് ഭക്ഷണം കൊടുത്തിട്ട് അവൾ ഒഴിഞ്ഞുനിൽക്കാൻ തുടങ്ങി.

കുഞ്ഞിനെ കളിപ്പിക്കുന്ന സമയത്തായാൽ പോലും നിവേദ് വന്നിരുന്നാൽ അല്ലി മഹേശ്വരിയോട് എന്തെങ്കിലും പറഞ്ഞ് മുറിയിലേക്കോ അടുക്കളയിലേക്കോ പോകും. രാത്രി മോനെ ഉറക്കിയശേഷം അവൾ നിലത്ത് കിടക്കും. ഒരു നോട്ടംകൊണ്ടുപോലും അല്ലി അവനെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടോ നിവേദിൽ നോവുണർത്തി. തന്റെ വാക്കുകൾ അവളെ അത്രയേറെ വേദനിപ്പിട്ടുണ്ടെന്ന് അവന് മനസ്സിലായി. പറഞ്ഞ വാക്കുകൾ നൽകുന്ന വേദന ആഴത്തിലുള്ള മുറിവിനേക്കാൾ ക്രൂരമാണെന്ന് അവന് തോന്നി. നിവേദ് ഓഫീസിൽ നിന്നും വന്ന് കയറുമ്പോൾ കൂവരകും പാലും പനംകൽക്കണ്ടവും കുറുക്കി ചൂടാറ്റി കുഞ്ഞിന് സ്പൂണിൽ കോരി നൽകുകയായിരുന്നു അല്ലി.

ചിറ്റേടെ അമ്പോറ്റിക്കണ്ണൻ വായ തുറന്നേ… കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ടവൾ സ്പൂണിൽ കുറുക്ക് നൽകി. ”ചിറ്റേടെ ” ആ വാക്ക് കേട്ട് അവൻ അമ്പരന്നു. അമ്മയെ നോക്കിയപ്പോൾ ആ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ബാഗുമായി നേരെ മുറിയിലേക്ക് നടന്നു. അല്ലിയുടെ അവഗണന തന്നെയെന്തേ ഇത്രയേറെ അസ്വസ്ഥനാക്കുന്നു. ഏറെ ചിന്തിച്ചിട്ടും അവന് ഉത്തരം ലഭിച്ചില്ല. ദിവസങ്ങൾ കടന്നുപോയി. ആരുവിന് അല്ലി മതി എല്ലാത്തിനും. അമ്മയുടെയും അംബികേച്ചിയുടെയും കൂടെ ആരുവുമായി അവൾ ഇരിക്കാറുണ്ട്.. അവരോട് സംസാരിക്കാറുണ്ട്…

എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കുന്നുണ്ട്.. ആ ശാന്തമായ പുഞ്ചിരി ചുണ്ടിൽ ഇടയ്ക്ക് വിരിയുന്നത് ഒളികണ്ണിട്ടവൻ നോക്കും. അരുതെന്ന് വിലക്കിയിട്ടും മനസ്സ് അവന്റെ നിയന്ത്രണത്തിൽ നിൽക്കുന്നില്ല. അത് ചരട് പൊട്ടിയ പട്ടം കണക്കെ അല്ലിയുടെ പിന്നാലെയാണ്. അവളുടെ മുഖത്തെയും പ്രവൃത്തിയിലെയും ഭാവങ്ങൾ പോലുമിപ്പോൾ കാണാപ്പാഠമാണ്. അത്രയേറെ അല്ലിയോട് അടുക്കാൻ മനസ്സ് ശ്രമിക്കുന്നുണ്ട്. ആമി.. പ്രണയം മാത്രമല്ല ഭാര്യ.. തന്റെ കുഞ്ഞിന്റെ അമ്മ.. കൂടെ ഒരേ മനസ്സും മെയ്യുമായി കഴിഞ്ഞവൾ. അവളെയോർക്കുമ്പോൾ അല്ലിയോട് അടുക്കാൻ മടിക്കുന്നതുപോലെ.

അല്ലിയും ആമിയും അവന്റെ മുന്നിൽ നിറഞ്ഞുനിന്നു. അല്ലി.. താനറിയാതെ തന്നെ ഇഷ്ടപ്പെട്ടവൾ. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പോലും ഇഷ്ടം പങ്കുവയ്ക്കാത്തവൾ. വേദനയോടെ തന്റെ പ്രണയത്തെ മനസ്സിൽ കുഴി കുത്തി മൂടിയവൾ. വിധി അവളെയിന്ന് തന്റെ പാതിയാക്കി തീർത്തിരിക്കുന്നു. അവനാകെ ഭ്രാന്ത്‌ പിടിക്കുന്നതുപോലെ തോന്നി. ചാരാൻ ഒരു ചുമലുണ്ടായിരുന്നെങ്കിൽ… ആകുലതകൾ ഇറക്കി വയ്ക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ.. അവൻ വെറുതെ ആശിച്ചു. എന്തുകൊണ്ടോ അല്ലി നിറഞ്ഞുനിന്നു അപ്പോൾ അവന്റെ മനസ്സിൽ. തല പെരുക്കുന്നതുപോലെ. റൂമിന് വെളിയിലിറങ്ങി ടെറസിലേക്ക് ഇറങ്ങാൻ തുനിഞ്ഞതും കഴുകി ഉണക്കിയ തുണികളുമായി അല്ലി ഇറങ്ങി വരുന്നു. വർദ്ധിച്ച ചിന്താഭാരത്തിന് അയവ് വന്നതുപോലെ.

ആ സൗമ്യമായ മുഖത്ത് നോക്കെ വല്ലാത്തൊരു ശാന്തത തന്നെ പൊതിയുന്നതുപോലെ. തെന്നൽപോലെ അവൾക്കരികിലേക്കെത്തി അവളെ പുണരുമ്പോൾ അവൾ ഭയന്നുപോയി. അവന്റെ കരുത്തുറ്റ ശരീരത്തിൽ മയിൽപ്പേടയെപ്പോലെ അവളൊതുങ്ങി നിന്നു. അവനിൽ നിന്ന് അകലാൻ ശ്രമിക്കവേ അവൻ കൂടുതൽ അവളെ അടക്കിപ്പിടിച്ചു. അവന്റെ കണ്ണുനീർ ചുമലിനെ നനച്ചപ്പോൾ അവളുടെ കുതറൽ കുറഞ്ഞു. അവന്റെ മനസ്സറിഞ്ഞെന്നവണ്ണം അവൾ അടങ്ങിനിന്നു. ഒടുവിലെപ്പോഴോ അകന്നുമാറിയപ്പോൾ അവന്റെ നോട്ടം ആ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി.

വല്ലാത്തൊരു ശാന്തസമുദ്രമാണ് ആ മിഴികളെന്ന് അവന് തോന്നി. കരുണയോ സ്നേഹമോ നിസ്സഹായതയോ അലിവോ എന്തൊക്കെയോ ആ കരിമിഴികളിൽ തെളിഞ്ഞു നിൽക്കുന്നത് അവൻ കണ്ടറിഞ്ഞു. അല്ലീ ഞാൻ.. പറയാൻ തുടങ്ങിയതെന്തോ തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നതുപോലെ. അവൾ പോകുന്നതും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. അന്ന് നിവേദിന്റെ സ്വപ്നത്തിൽ നിറഞ്ഞത് ശാന്തസമുദ്രം പോലുള്ള കരിമിഴികളായിരുന്നു. അല്ലിയുടെ മിഴികൾ. ഞായറാഴ്ച ആയതിനാൽ ഓഫീസിൽ പോകേണ്ടായിരുന്നു. അതിനാൽ തന്നെ താമസിച്ചാണ് എഴുന്നേറ്റതും.

നിന്റെ കൂടെ പഠിച്ച ജിതേഷിന്റെ വിവാഹമല്ലേ ഇന്ന്. താഴേക്ക് ഇറങ്ങി വന്നപ്പോഴായിരുന്നു അമ്മ ചോദിച്ചത്. മ്.. ഒരു മൂളലിൽ മറുപടിയൊതുക്കി. അവനും അച്ഛനും കൂടി വന്ന് വിളിച്ചതാണ്. നിന്നോട് പ്രത്യേകം വരണമെന്ന് പറഞ്ഞതാ. നിന്നെ വിളിച്ചിരുന്നല്ലോ അവൻ. അന്ന് വിവാഹം ക്ഷണിക്കാൻ വീട്ടിൽ വന്നപ്പോൾ വിളിച്ചിരുന്നു അവൻ. ഡിഗ്രി വരെ കൂടെയുണ്ടായിരുന്നവനാണ്. ഇപ്പോൾ ആരുമായും അധികം അടുപ്പം സൂക്ഷിക്കാറില്ല. ചങ്ക് പോലെ നടന്നവരെയെല്ലാം വിവാഹത്തോടെ മറന്നോ. വിവാഹശേഷം ആമി മാത്രമായിരുന്നു ലോകം. അവനൊന്ന് ദീർഘമായി ശ്വസിച്ചു. കാലുവേദന കാരണം ഞാൻ ഒരിടത്തും പോകാറില്ലെന്ന് നിനക്കറിയാമല്ലോ. നീയും അല്ലിയും കൂടി പോകണം റിസപ്‌ഷന്.. അല്ലി… അവളുടെ കൂടെ..

നേരിയൊരു സന്തോഷം മനസ്സിൽ മുളപൊട്ടിയോ. അവൻ സമ്മതത്തോടെ തലയാട്ടി. വൈകുന്നേരം പോകാൻ റെഡിയായി. ബ്ലാക്ക് കളർ ജീൻസും വൈറ്റ് കളർ ഷർട്ടുമണിഞ്ഞു. കൈയുടെ സ്ലീവ് മടക്കി വച്ചുകൊണ്ട് പടികളിറങ്ങിവന്നു. മഹേശ്വരി ടിവിയിലേക്ക് കണ്ണുംനട്ട് ഇരിപ്പുണ്ട്. അമ്മേ.. ഞാനിറങ്ങി. പറയുമ്പോഴും കണ്ണുകൾ അവൾക്കായി നാലുപാടും തിരയുന്നുണ്ടായിരുന്നു. പോയിട്ട് വാ.. അല്ലി… മെല്ലെ ചോദിച്ചു. അവൾ വരുന്നില്ലെന്ന്. തലവേദനയാണെന്ന്. മോനെ ഉറക്കി അവനോടൊപ്പം എന്റെ മുറിയിൽ കിടപ്പുണ്ട്.. ടിവിയിൽ നിന്നും നോട്ടം മാറ്റാതെ അവർ പറഞ്ഞു.

അവന്റെ നെറ്റി ചുളിഞ്ഞു. അമ്മയുടെ മുറിയിലേക്ക് ചുവട് വച്ചു. ആരു കട്ടിലിൽ ഉറങ്ങുന്നുണ്ട്. അവനരികിലായി അല്ലി ചരിഞ്ഞു കിടപ്പുണ്ട്. കണ്ണുകൾ തുറന്നുപിടിച്ച് എന്തോ ആലോചിച്ചാണ് കിടക്കുന്നത്. അവൾക്ക് തലവേദന ഇല്ലെന്ന് ആ നിമിഷം അവന് മനസ്സിലായി. അല്ലീ.. കണ്ണുകൾ ഇറുകെയടച്ചു അവൾ. അല്ലീ.. ഇപ്രാവശ്യം ശബ്ദം കടുത്തിരുന്നു. അനങ്ങാതെ കിടക്കുന്നത് കണ്ടപ്പോൾ അടുത്തേക്ക് പാഞ്ഞുചെന്ന് ആ കൈയില്പിടിച്ച് വലിച്ചെഴുന്നേല്പിച്ചു. പകപ്പോടെ അവൾ അവനെ നോക്കി. അതിനുശേഷം കുഞ്ഞുണർന്നോ എന്നറിയാനായി അവളുടെ നോട്ടം മോനിലേക്കെത്തി. അവനുണർന്നിട്ടില്ലെന്ന് മനസ്സിലായതും ആ മുഖം കുനിഞ്ഞു. എന്റെ സുഹൃത്തിന്റെ വിവാഹറിസപ്‌ഷനാണ്.

പെട്ടെന്ന് റെഡിയാക്.. ഞാൻ.. ഞാൻ വരുന്നില്ല. എനിക്ക് നല്ല തലവേദനയുണ്ട്.. തല തടവിക്കൊണ്ട് അവൾ പറഞ്ഞു. അവളുടെ അവഗണയും കള്ളവും എല്ലാംകൂടെ മനസ്സിലേക്ക് ഇരച്ചുകയറി. കൈയിൽ പിടിച്ച് വലിച്ചടുപ്പിച്ചു. കുതറുംതോറും പിടി മുറുക്കി. അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് ഭയം തോന്നി. നിനക്ക് തലവേദന ഇല്ലെന്ന് എനിക്കറിയാം. ഇറങ്ങുന്നുണ്ടോ നീ.. പല്ലുകൾ ഞെരിച്ച് ചോദിച്ചു. ഞാൻ വരുന്നില്ല. ഞാൻ കള്ളിയാണ്. ചതിക്കുന്നവളാണ്. ആ ഞാൻ എന്ത്‌ യോഗ്യതയുടെ പേരിലാണ് നിങ്ങളുടെ കൂടെ വരേണ്ടത്. എന്റെ ചേച്ചിയുടെ കുഞ്ഞിനെ നോക്കുക എന്നതാണ് ഞാൻ ചെയ്യുന്നത്.

ഒരു ചിറ്റയെന്ന നിലയിൽ എനിക്ക് ചെയ്യാൻ പറ്റുന്നതും അതാണ്. അവന് തിരിച്ചറിവാകുന്ന സമയം ഞാൻ പോകും.. ഉറച്ചതും ശാന്തവുമായ വാക്കുകൾ അവനിലേക്ക് കൂരമ്പുകളായി തറച്ചു കയറി. ദേഷ്യമോ സങ്കടമോ അവനിലേക്ക് ഇരച്ചുകയറിയതിന്റെ ഫലമെന്നോണം അവനവളെ കട്ടിലിലേക്ക് തള്ളിയശേഷം റൂമിന് വെളിയിലേക്ക് പാഞ്ഞു. രാത്രിയേറെ വൈകിയിട്ടും നിവേദ് വീട്ടിൽ എത്തിയില്ല. അല്ലി വല്ലാതെ പരിഭ്രമിച്ചു. തന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചോ.. അവൾ സ്വയം ആത്മപരിശോധന നടത്തി.

അച്ഛനും അമ്മയും എല്ലാം നഷ്ടമായ അനാഥയായവളോടുള്ള സഹതാപമോ അതോ അന്ന് മകനോടൊപ്പം നാട്ടുകാർ അപമാനിച്ചുവെന്ന തോന്നലോ ഈ അമ്മയ്ക്ക് തന്നെ മരുമകളാക്കുവാൻ തോന്നിയത്. ആമിയുടേതാണെന്ന് അറിഞ്ഞപ്പോൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു സഹോദരിയുടെ ഭർത്താവാണെന്ന്. വിവാഹശേഷം വീട്ടിൽ വരുമ്പോൾ പോലും അകന്നിരിക്കുവാനേ ശ്രദ്ധിച്ചിട്ടുള്ളൂ. ഒരിക്കൽപ്പോലും ആഗ്രഹിച്ചിട്ടില്ല അതിനുശേഷം നിവേദേട്ടനെ. പക്ഷേ ആ താലി കഴുത്തിൽ ചാർത്തിയപ്പോൾ അറിയാതെ ആഗ്രഹിച്ചുപോയി മരണം വരെയും നെഞ്ചോട് ചേർന്ന് കാണണേയെന്ന്. പക്ഷേ ആ മനസ്സ് താൻ കണ്ടില്ല.. കാണാൻ ശ്രമിച്ചില്ല. ആ മനസ്സ് നിറയെ ആമിയാണെന്നും..

ആ മനുഷ്യന്റെ മനസ്സിലും ശരീരത്തിലെ ഓരോ അണുവിലും സ്ഥാനം പിടിച്ചവളാണ് അവളെന്നും മനപ്പൂർവം മറന്നുപോയോ. ഒരിക്കലും ആമിയാകാൻ ശ്രമിച്ചിട്ടില്ല. അല്ലിക്കെന്നും അല്ലിയാകാനല്ലേ കഴിയുള്ളൂ. അല്ലിയായി കൂടെ ജീവിക്കാൻ ആഗ്രഹിച്ചു പോയി. മോളേ നീയവനെയൊന്ന് വിളിച്ചു നോക്കിക്കേ.. ആധിയോടെയുള്ള അമ്മയുടെ വാക്കുകൾ കേട്ടാണ് ചിന്തകൾക്ക് വിട നൽകിയത്. ലാൻഡ് ഫോണിൽനിന്നും വിളിച്ചപ്പോൾ റിങ് ചെയ്ത് നിന്നു. വീണ്ടും വീണ്ടും ശ്രമിച്ചു നിരാശയായിരുന്നു ഫലം. വല്ലാത്ത ഭയം തന്നെയാകെ ഗ്രസിക്കുന്നതുപോലെ അവൾക്ക് തോന്നി.

അമ്മ കിടന്നോളൂ നിവേദേട്ടൻ അൽപ്പസമയത്തിനകം എത്തും. കൂട്ടുകാരെയൊക്കെ കണ്ടതല്ലേ അങ്ങനെ താമസിക്കുന്നതാകും.. അമ്മയെ സമാധാനിപ്പിച്ച് കൊണ്ട് കിടത്തുമ്പോഴും മനസ്സിൽ പേടിയായിരുന്നു. ആരു നേരത്തെ ഉറങ്ങിയിരുന്നു. ചിറ്റിക്കോട്ടമ്മേ നിവേദേട്ടന് അപകടമൊന്നും സംഭവിക്കല്ലേ. ഞാനൊരു മധുപൂജ നല്കിടാമേ.. താലിയിൽ മുറുകെ പിടിച്ചവൾ പ്രാർത്ഥിച്ചു. സമയം വീണ്ടും കടന്നുപോയി. അതനുസരിച്ച് ഭയവുമേറി വന്നു. വിവാഹക്ഷണക്കത്ത് നോക്കി ആ നമ്പറിലേക്ക് വിളിക്കാമെന്നവൾ ഉറപ്പിച്ചു. റിസീവർ കൈയിലെടുത്തതും കാറിന്റെ ഹോൺ കേട്ടു.

തെല്ലൊരു ആശ്വാസത്തോടെ വരാന്തയിലേക്ക് ഓടിയിറങ്ങി. കാറിൽ നിന്നിറങ്ങുന്ന നിവേദിനെ കണ്ടവൾ ഞെട്ടി. ഷർട്ടും മുടിയും അലങ്കോലപ്പെട്ടു കിടക്കുന്നു. കാലുകൾ നിലത്തുറയ്ക്കാത്തതുപോലെ.. അവൾ അവിശ്വസനീയതയോടെ അവനെ ഉറ്റുനോക്കി. ഹാ.. എന്റെ ഭാര്യ ഉറങ്ങിയില്ലായിരുന്നോ. “പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന.. “എന്തോ ആണല്ലോ ഭാര്യ.. അവൻ ആലോചിച്ചു. നിവേദേട്ടൻ കുടിച്ചിട്ടുണ്ടോ.. അവൾ ആശങ്കയോടെ ചോദിച്ചു. മ്.. കുടിച്ചു.. ചുണ്ടുകൾ കൂട്ടിപ്പിടിച്ച് അവൾ തലകുലുക്കി. നിറകണ്ണുകളോടെ അവളവനെ നോക്കി. എന്നെ വിട്ട് പോകാൻ പോകുകയല്ലേ നീ. എന്റെ ആരുമോന്റെ ചിറ്റയല്ലേ നീ. എന്റെ ആമി പോയി..

എന്നെ ഒറ്റയ്ക്കാക്കി അവൾ പോയി.. അവൻ കൈ ആകാശത്തേക്ക് ചൂണ്ടി ശേഷം തുടർന്നു. നിന്നെ ഞാൻ അങ്ങനെ കണ്ടിട്ടില്ലായിരുന്നു. എന്റെ പെണ്ണായി അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഈ മനസ്സിൽ. പക്ഷേ എന്റെ ജീവൻ രക്ഷിച്ചത് നീയാണെന്ന് അറിഞ്ഞപ്പോൾ വർഷങ്ങൾക്കുമുമ്പേ നീയെന്നെ സ്നേഹിക്കുന്നെന്നറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. എന്തിനാടീ നീയെന്നെ ഇത്രയേറെ സ്നേഹിച്ചത്. ഞാൻ പറഞ്ഞതെല്ലാം തെറ്റാ. നീയെന്നെ അവഗണിക്കുമ്പോൾ ഓരോ പ്രാവശ്യവും ചിറ്റയെന്ന് ആരുവിനോട് പറയുമ്പോൾ പിടയ്ക്കുന്നത് ദേ ഇവിടെയാടീ.. തന്റെ ഇടനെഞ്ചിലവൻ അടിച്ചു. കൂടുതൽ കേൾക്കാൻ നില്കാതെ അല്ലി പിന്തിരിഞ്ഞ് അകത്തേക്ക് കയറി.

നിൽക്കെടീ അവിടെ.. അവനവളുടെ കൈയിൽ പിടിച്ചു നിർത്തി. എനിക്ക് പറയാനുള്ളത് നീ കേൾക്കണം. നീ പറഞ്ഞതൊക്കെ ഞാൻ കേട്ടില്ലേ. എന്തിനാടീ നീയെന്നെ അവഗണിക്കുന്നത്. നിനക്ക് വിഷമം തോന്നുന്നില്ലേ. നിനക്കാകുമോ അല്ലീ എന്നെ വിട്ടിട്ട് പോകാൻ.. അവൻ അവളുടെ മിഴികളിലേക്ക് ഉറ്റുനോക്കി. അവൾ കൈകുടഞ്ഞശേഷം വാതിലടച്ച് മുകളിലേക്ക് നടന്നു. റൂമിലേക്ക് കടന്നതും നിവേദ് അവളെ തടഞ്ഞു. ഉത്തരം താടീ.. കഴിയും. ആരുമോന് വേണ്ടി മാത്രമാണ് ഞാനിവിടെ നിൽക്കുന്നത്. അവന് തിരിച്ചറിവാകുമ്പോൾ ഞാൻ ഒഴിഞ്ഞുപോകും ഈ വീട്ടിൽ നിന്നും മാത്രമല്ല നിവേദ് മുകുന്ദിന്റെ ജീവിതത്തിൽനിന്നും എന്നെന്നേക്കുമായി. അല്ലിയാണ് പറയുന്നത്..

അവൾ തിരിയും മുൻപേ അവനവളെ തന്നോട് അടുപ്പിച്ചിരുന്നു. അവളുടെ തലയ്ക്ക് പിന്നിലായി പിടിച്ച് തന്നിലേക്ക് ചേർത്തടുപ്പിച്ചുകൊണ്ട് അവനവളുടെ നേർക്ക് മുഖം താഴ്ത്തി. മദ്യത്തിന്റെ രൂക്ഷഗന്ധത്താൽ തലയൊന്ന് വെട്ടിക്കാൻ കഴിയും മുൻപേ അവന്റെ അധരങ്ങൾ അതിന്റെ ഇണയെ തേടി ഇറങ്ങിയിരുന്നു. അവൻ ചെയ്ത പ്രവൃത്തിയിൽ കണ്ണുനീർ കടപുഴകി ഒഴുകുമ്പോഴും അവനത് അറിയാതെ അവളുടെ അധരങ്ങളുടെ മാധുര്യം നുണഞ്ഞു കൊണ്ടേയിരുന്നു….(തുടരും )

അല്ലിയാമ്പൽ: ഭാഗം 4

Share this story