അനന്തൻ: ഭാഗം 3

അനന്തൻ: ഭാഗം 3

എഴുത്തുകാരി: നിഹാരിക

തായമ്പകയുടെ അകമ്പടിയിൽ നടന്ന് അവർക്കരികിൽ എത്തുമ്പോൾ എന്നെ മാത്രം നോക്കി നിൽക്കുന്നവനെ ഇടംകണ്ണിട്ട് നോക്കി… ആ ചുണ്ടിലെ ആ ചിരിക്ക് വല്ലാത്ത ആകർഷണം… എന്തോ ആ സാമീപ്യം ഉള്ളിൽ നിറക്കുന്ന സുഖകരമായ ഭാവത്തിന് എന്ത് പേര് നൽകണമെന്ന് അറിയില്ല ….. ചില മുഹൂർത്തങ്ങൾ അവസാനിക്കാതെയങ്ങ് നീണ്ടുപോകണം എന്നാഗ്രഹിക്കാറില്ലേ? എൻ്റെ ജീവിതത്തിൽ അങ്ങനെ ആഗ്രഹിച്ച നിമിഷമായിരുന്നു ഇത്….. എല്ലാ മണവും സുഗന്ധമാക്കുന്ന, എല്ലായിടവും വർണ്ണശഭളമാകുന്ന, നിമിഷം………. ഇതാണോ പ്രണയം??? ഒടുവിൽ ഒരു നിമിഷം ഞങ്ങളിൽ നിന്നും മാറി തിരിച്ചെത്തിയയാളുടെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു …

അനിയത്തിമാര് കാണാതെ അത് കയിൽ വച്ച് തന്നു.. കാത്ത് നിൽക്കാൻ ക്ഷമയില്ലാത്തോണ്ട് ഇത്തിരി മാറി പൊതി തുറന്നപ്പോൾ കണ്ടിരുന്നു നിറെ നിറെ എനിക്കേറെ പ്രിയപ്പെട്ട കരിവള – … എൻ്റെ മനസറിഞ്ഞത് പോലെ… അത് കണ്ട് കണ്ണും മനസും ഒപ്പം നിറഞ്ഞു …. ആ കരിവളകൾ ചുണ്ടോട് ചേർത്തപ്പോൾ നാണത്താൽ അവ കൊഞ്ചിക്കിലുങ്ങി പറഞ്ഞതും ആ പേരാണെന്ന് തോന്നി… ” അനന്തൻ ” 🌺🌺🌺 നാളുകൾ വീണ്ടും കൊഴിഞ്ഞു പോയി, ഇടക്ക് മാത്രമേ കാണാൻ കഴിയുന്നുള്ളൂ എങ്കിലും അനന്തേട്ടൻ ഉള്ളിൽ ആഴത്തിൽ വേരോടി….. റിസൽട്ട് നോക്കാൻ വേണ്ടി അനുവിനെയും കൂട്ടി കവലയിൽ ചെന്നതാ..

അവളുടെ മുഖത്തെ വാട്ടം ആദ്യമൊന്നും കണ്ണിൽ പെട്ടില്ല… റിസൽട്ട് വരുന്നതിൻ്റെ ടെൻഷനാവും എന്ന് കരുതി… റിസൽട്ട് അറിഞ്ഞു, എനിക്ക് ഫുൾ എ പ്ലസും… അവൾക്ക് ഒരു ബിയും ബാക്കി ഒക്കെ എ പ്ലസും, നല്ല മാർക്കാണ് രണ്ടാൾക്കും.. റിസൽട്ട് അറിയാൻ വന്ന നിരവധി അസൂയ നിറഞ്ഞ മിഴികൾക്കിടയിലൂടെ അവളുടെ കയ്യും പിടിച്ച് പുറത്തിറങ്ങി… ഒന്നു തുള്ളിച്ചാടാൻ തോന്നിപ്പോയി.. കുത്തിയിരുന്നു പഠിച്ചതിന് ഫലം കിട്ടിയിരിക്കുന്നു… അച്ഛൻ്റെ മോഹം സാധ്യമാക്കി കൊടുത്തിരിക്കുന്നു…. മനക്കലമ്മ, വാങ്ങണം എന്ന് പറഞ്ഞ മാർക്ക് വാങ്ങിയിരിക്കുന്നു… അച്ഛനെ ഇപ്പോൾ തന്നെ കാണാൻ കൊതി തോന്നി.. കെട്ടിപ്പിടിച്ച് ആദ്യമൊന്നും കാര്യം പറയാതെ ഒടുവിൽ ….

ഒടുവിലീ റിസൽട്ട് കാണിക്കാൻ … ചിരിയോടെ കരയുന്നത് കാണാൻ …. കൂടെ കരയാൻ…. ഒടുവിൽ എന്നെം ചേർത്ത് പിടിച്ച് അമ്മയുടെ ഫോട്ടോ നോക്കി.. “കണ്ടില്ലേടി അമ്മിണി, നമ്മടെ കുഞ്ഞിൻ്റെ കഷ്ടപ്പാടിൻ്റെ ഫലം എന്ന് പറയാൻ…..” അത് കേട്ട് പിന്നേം പിന്നേം കരയാൻ……. ഓർത്തപ്പഴേ മിഴി നിറഞ്ഞ് അനുവിനെ നോക്കി… അവളും നിൽക്കുന്നുണ്ട് മിഴി നിറച്ച് .. “സന്തോഷം കൂടുമ്പഴും കരച്ചിലാ വരാ ല്ലേ അനൂ ” എന്ന് മിഴി തുടച്ച് ഒരു പൊട്ടിയെ പോലെ അവളോട് ചോദിച്ചു.. അപ്പഴും അവൾ കരഞ്ഞു… അതിന് പക്ഷെ, സന്തോഷത്തിൻ്റെ ഭാവമായിരുന്നില്ല ” അനൂ… എന്തൊടി?? എന്താ….. നീ നീയെന്തിനാ കരയണേ….?” “തനൂ….. വല്യേട്ടൻ… വല്യേട്ടൻ ഇന്ന് പോവാ ഗൾഫിലേക്ക് ….

ജോലി കിട്ടീത്രെ…. ഒക്കെ പെട്ടെന്നാ… ഞങ്ങക്കിനി……. ” പാതിയിൽ പറഞ്ഞ് നിർത്തിയവളെ അവിശ്വാസത്തോടെ നോക്കി.. ” പോവേ??” വീണ്ടും ചോദിച്ചു അവളോട് ഒരുതരം മരവിപ്പോടെ …… ” ഉം… ഇന്ന് … ഇത്തിരി നേരം കൂടി കഴിഞ്ഞാൽ ”’ ഇത് വരെ നുരഞ്ഞ് പൊന്തിവന്നിരുന്ന സന്തോഷം എവിടെയോ പോയി മറഞ്ഞു … പകരം സങ്കടത്തിൻ്റെ കാറ് വന്ന് മൂടി.. ആർത്ത് ചെയ്യാൻ പാകത്തിൽ …. “ഞാ…. ഞാനും വരാം ” എന്നു പറഞ്ഞ് അനുവിൻ്റെ കൂടെ അവളുടെ കൂടെ നടക്കുമ്പോൾ കാലുകൾക്കൊപ്പം മനസും ഇടറിയിരുന്നു … 🌺🌺🌺 വീട്ടിലെത്തിയപ്പോൾ മുറ്റത്ത് ഒരു കാറ് കിടക്കുന്നുണ്ടായിരുന്നു .. കാർട്ടൺ പെട്ടിയിൽ എന്തോ രണ്ടു പേര് , അനന്തേട്ടൻ്റെ സുഹൃത്തുക്കൾ കാറിന് മുകളിൽ വച്ച് കെട്ടുന്നുണ്ട്…..

കണ്ടപ്പോ നെഞ്ചിൽ ഒരു ഭാരം എടുത്ത് വച്ച പോലെ അനുവിന് പുറകേ അകത്തേക്ക് കയറിച്ചെന്നു .. വലത് കൈ മാലയിട്ട അച്ഛൻ്റെ ഫോട്ടോയിലും ഇടത് കൈ നെഞ്ചിലും വച്ച് കണ്ണടച്ച് നിൽക്കുന്നുണ്ട്.. തിരിഞ്ഞപ്പോൾ അനുവിന് പുറകിൽ നിൽക്കുന്ന എന്നെ കണ്ട് ഒന്ന് നോക്കി … ആദ്യം അലസമായും പിന്നെ ശരിക്കും…… ഉള്ളിലൊരു സങ്കടക്കടൽ ആർത്തിരമ്പി നിൽക്കുന്നുണ്ട് ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് ചാടാൻ .. എത്ര നിയന്ത്രിച്ചിട്ടും മിഴികൾ ഉള്ളിൻ്റെ വേവിൽ പെയ്ത് തുടങ്ങിയിരുന്നു … നോവോടെ ഒന്ന് ചിരിച്ച് തിരിഞ്ഞപ്പോൾ ആ കണ്ണുകളിൽ ഒളിപ്പിച്ച നീർത്തിളക്കം ഞാൻ കണ്ടിരുന്നു…..

നേരെ മുറിയിൽ ചുരുണ്ടു കൂടിക്കിടന്ന് കരയുന്ന അമ്മയുടെ അടുത്തെത്തി മെല്ലെ ഒന്ന് തൊട്ടപ്പോൾ, പൊട്ടിക്കരഞ്ഞാ അമ്മ പറയുന്നത് കേൾക്കാനുണ്ടായിരുന്നു, ” ള്ള കഞ്ഞി കുടിച്ച് ഇവടെ കഴിയാലോ അമ്മേടെ കുട്ടിക്ക് പോണോടാ .. എന്ന് ” നെഞ്ച് നീറി അത് കേട്ടൊന്ന് ഏന്തി നോക്കിയപ്പോൾ കണ്ടു തേങ്ങലോടെ അമ്മയെ മുറുകെ കെട്ടിപ്പിടിച്ച് ആ മകനും തേങ്ങുന്നത് … ” മാസം വാടക കൊടുക്കാത്തൊരു കൂര നമുക്കും വേണ്ടേ… അച്ഛൻ്റെ മോഹം പോലെ… ” എന്ന് പറഞ്ഞ് അമ്മയുടെ നെറുകിൽ ചുണ്ട് ചേർക്കുന്നവൻ്റെ മുഖം വീണ്ടും ഉള്ളിൽ നീറ്റലായി… ” വരട്ടെ അമ്മേ ” എന്നു പറഞ്ഞൊടുവിലാ കാലിൽ വീണ് തിരിഞ്ഞ് നോക്കാതെ പുറത്തേക്ക് വരുമ്പോൾ കണ്ടത് ചുവന്ന ആ മുഖമാണ് ….

കലങ്ങിയ ആ കണ്ണുകളാണ് .. അനുവിനേയും അനുപമ ചേച്ചിയേയും ഇരു കൈകളിൽ പിടിച്ച് ആ നെഞ്ചിൽ ചേർത്ത് അവരോടും പറഞ്ഞു.. “വല്യേട്ടൻ പോയിട്ട് വരട്ടേടി … ” എന്ന് .. ആരുമല്ലാത്തത് ഞാനായിരുന്നു…. ഒരു പേര് ചൊല്ലി യാത്ര പറയാനില്ലാത്തത് എന്നോടായിരുന്നു .. എന്നിട്ടും ഞാനാ ആളെ മാത്രം നോക്കി കൊണ്ട് നിന്നു.. ഉള്ള് പൊള്ളി പിടയുമ്പോഴും”… കാറിൽ കേറാൻ നേരം ആരെയോ തിരഞ്ഞ മിഴികൾ ഒടുവിൽ വന്ന് നിന്നത് എൻ്റെ മുഖത്തായിരുന്നു.. … തല ചലിപ്പിച്ച് യാത്ര ചോദിച്ചപ്പോൾ നിറഞ്ഞ മിഴിയാലെ ഞാനും പതിയെ തല ചലിപ്പിച്ചിരുന്നു.. അകന്നു പോകുന്ന കാറ് ശ്വാസം വിലക്കിയപ്പോൾ അനുവിനോട് കൂടെ ഒന്നും മിണ്ടാതെ ഇറങ്ങി ഓടി… മനക്കലെ കുളപ്പടവ് വരെ …

ആ പടികളിൽ ഇരുന്ന് ഞാനൊഴുക്കിയ കണ്ണുനീരിന് പൊള്ളുന്ന എൻ്റെ ഉള്ളോളം ചൂട് തോന്നിയിരുന്നു…. ഒത്തിരി നേരം കഴിഞ്ഞപ്പോൾ ആ വെള്ളത്തിൽ മുഖം കഴുകി വീട്ടിലേക്ക് നടന്നു…. എന്നെ കരുതി മാത്രം ജീവിക്കുന്ന ഒരു പാവം അച്ഛനടുത്തേക്ക്… 🌺🌺🌺 ഉമ്മറത്ത് തന്നെ നിന്നിരുന്നു ഒരച്ഛൻ മകളെ കാത്ത്… ക്ഷമയില്ലാണ്ട് .. തനുവിനെ കണ്ടപ്പോൾ തന്നെ ഓടിയിറങ്ങി വന്നിരുന്നു…. ” എവിടാരുന്നു നീയ്യ് എത്ര നേരായി നിൻ്റെ അമ്മയോട് പരിഭവം പറഞ്ഞ് ഞാനിരിക്കുണു ….. പോയില്യേ അവള് …. നീയ് എഴുതി തന്ന നമ്പറ് കൊടുത്തപ്പോ മനക്കൽത്തെ അമ്മേടെ ഫോണിൽ കണ്ടു ൻ്റ കുട്ടി ജയിച്ചത് ……

നിറേ മാർക്ക് ണ്ട് ന്നാ ആയമ്മ പറഞ്ഞത് … ൻ്റ കുട്ടീടെ കഷ്ടപ്പാടിന്റെ ഫലം.. അല്ലാണ്ട് ഈ വയസൻ എന്ത് ചെയ്ത് കൊടുത്തിട്ടാ …” പറഞ്ഞ് തീർന്നപ്പോഴേക്ക് ആ നെഞ്ചിൽ ചേർന്നിരുന്നു തനു .. “ഈ അച്ഛനെക്കാൾ മീതെയായി ആർക്ക് എന്ത് ചെയ്യാനാ പറ്റാ….. ദാ ഈ ചേർത്ത് പിടിക്കല് മതീ ട്ടോ തനൂന്….” അച്ഛനോട് ചേർന്ന് നിന്നവൾ മിഴിവാർക്കുമ്പോൾ.. ആ പാവം അച്ഛനും വിതുമ്പുകയായിരുന്നു മനസ് നിറഞ്ഞ്.. ” മനക്കലമ്മ പറഞ്ഞു ഈ അച്ഛൻ്റെ ഭാഗ്യാ നീ എന്ന് … ഭാഗ്യം തന്നെയാ.. ഈ അച്ഛൻ്റെ പുണ്യം ……. എല്ലാം കണ്ട് തെക്കേ തൊടിയിലെ പൂത്ത ചെമ്പക മരത്തിൽ തട്ടി ഒരു കാറ്റ് ആ സുഗന്ധവും പേറി അവരെ തഴുകി …. ഒരമ്മ എന്ന പോലെ…….. (തുടരും)….

അനന്തൻ: ഭാഗം 2

Share this story