അല്ലിയാമ്പൽ: ഭാഗം 6

അല്ലിയാമ്പൽ: ഭാഗം 6

എഴുത്തുകാരി: ആർദ്ര നവനീത്

സ്ത്രീ ദുർബലയാകുമ്പോഴാണ് പുരുഷന് അവളിൽ ആധിപത്യം ഉറപ്പിക്കാൻ അനായാസമായി സാധിക്കുന്നത്. പ്രണയം ഇരുമനസ്സുകളിലേക്കും ഒരുപോലെ നിറയുമ്പോൾ തന്നിലേക്ക് തന്റെ പാതിയെ പൂർണ്ണമായി ആവാഹിക്കണമെന്ന് ഇരുവരും നിറമനസ്സോടെ ഉൾക്കൊണ്ടുമ്പോൾ മാത്രമേ ശാരീരികബന്ധം അതിന്റെ പവിത്രതയോടെയും പരിശുദ്ധിയോടെയും നിലനിൽക്കുകയുള്ളൂ. തിരിച്ചറിവിന്റെയോ ഓർമ്മപ്പെടുത്തലിന്റെയോ മിന്നൽപ്രഭ അല്ലിയുടെ സിരകളിലൂടെ പ്രവഹിച്ചെന്നപോലെ അവളവനെ ആഞ്ഞുതള്ളി. അധരത്തിലെ മുറിവിന്റെ നീറ്റലോ രക്തമോ ഒന്നുമവൾ അറിഞ്ഞില്ല മനസ്സും ശരീരവും പ്രക്ഷുബ്ദ്ധമായ കടൽപോലെ ഇളകിമറിഞ്ഞിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ അവൻ കട്ടിലിന്റെ ക്രാസിയിൽ തട്ടിവീണു. കണ്ണുകളിൽ ജ്വലിച്ചുയരുന്ന അഗ്നിയുമായവൾ അവനെ നോക്കി. ലഹരി മറതീർത്തവനോട്‌ പറഞ്ഞിട്ട് കാര്യമില്ലെന്നറിയാവുന്നതുകൊണ്ട് അവൾ പുറത്തേക്കിറങ്ങാൻ തുനിഞ്ഞു. അതിന് മുൻപേ തന്നെ നിവേദ് അവൾക്ക് മുൻപിൽ തടസ്സമായി നിന്നിരുന്നു. അല്ലീ പ്ലീസ്.. എന്തിനാ നിങ്ങളുടെ ഇoഗിതങ്ങൾക്ക് വഴങ്ങാനോ.. ഉലയിൽ വച്ച് ചുട്ടുപഴുപ്പിച്ചതുപോലെ തിളച്ചിരുന്നു ആ ശബ്ദം. അല്ലീ… യാചനയോ സ്നേഹമോ എന്തെല്ലാമോ ആയിരുന്നു ആ സ്വരത്തിൽ. മദ്യത്തിന്റെ ലഹരി നിങ്ങളിൽ നിന്നും ഇറങ്ങിയതിനുശേഷം.. അതിനുശേഷം മാത്രം നമുക്ക് സംസാരിക്കാം. എന്റെ ശരീരത്തിൽ അനുവാദമില്ലാതെ ഒരിക്കൽക്കൂടി തൊടരുത്. അതൊരു താക്കീതായിരുന്നു. അമ്മ താഴെയുണ്ട്. മകന്റെ അവസ്ഥയും ചൂളിയുള്ള നിൽപ്പും അമ്മ കാണണ്ട.. തറയിൽ പായ വിരിച്ച് അതിലായി അവൾ കിടന്നു.

ശാന്തസമുദ്രം പോലെ നിന്ന പെണ്ണാണ് ഇപ്പോൾ മറ്റൊരു രൂപത്തിലേക്ക് പരകായപ്രവേശനം നടത്തിയത്. ലക്ഷ്മീദേവിയുടെ ശാന്തത തുളുമ്പിയിരുന്നവളാണ് സാക്ഷാൽ ദുർഗ്ഗാദേവിയെപ്പോലെ മാറിയത്. രാവിലെ നിവേദ് എഴുന്നേൽക്കുമ്പോൾ തലയ്ക്ക് വല്ലാത്ത ഭാരം തോന്നി. കഴിഞ്ഞുപോയ സംഭവങ്ങൾ മനസ്സിലേക്ക് നിറഞ്ഞുവന്നപ്പോൾ അവന് സ്വയം ലജ്ജ തോന്നി. അല്ലിയോട് ഇന്നലെ റിസപ്‌ഷന് പോയി വരുമ്പോൾ മനസ്സ് തുറക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്. തന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം തുറന്നു കാണിക്കണമെന്ന് ഉറപ്പിച്ചിരുന്നതാണ്. പക്ഷേ എല്ലാം അവളുടെ വാശി കാരണം ഇല്ലാതായി. ദേഷ്യവും സങ്കടവും കാരണം മദ്യപിക്കേണ്ടി വന്നു. അവളുടെ അനുവാദമില്ലാതെ ഛേ… ആലോചിക്കുംതോറും അവന് വല്ലായ്മ തോന്നി. മുൻപിൽ നീണ്ടുവന്ന ഗ്ലാസ്സിലേക്കവൻ നോക്കി. ആവിപറക്കുന്ന ബ്ലാക്ക് ടീയുമായി അല്ലി. അവളുടെ മുഖത്ത് ഗൗരവമാണ്.

ഒന്നും മിണ്ടാതെ തലയുയർത്താതെ കപ്പ് വാങ്ങി. അവൾ പോകുന്നില്ലെന്ന് കണ്ടതും തലയുയർത്തി നോക്കി. കൈകൾ മാറിൽ പിണച്ചുകെട്ടി നിൽപ്പുണ്ട് അവൾ. അവന്റെ കണ്ണുകൾ ആ അധരത്തിൽ തങ്ങി. ചുണ്ടിന്റെ ഇടത്തേ കോണിലായി മുറിഞ്ഞിട്ടുണ്ട്. രക്തം കല്ലിച്ചതുപോലെ തെളിഞ്ഞു കാണാം. സോറി അല്ലീ ഞാൻ അങ്ങനൊന്നും വിചാരിച്ചില്ല. പെട്ടെന്ന് മദ്യത്തിന്റെ ലഹരിയിൽ പറ്റിയതാണ്.. കുമ്പസാരം പോലെ അവൻ തെറ്റ് ഏറ്റുപറഞ്ഞു. അവളുടെ മുഖത്ത് യാതൊരുവിധ ഭാവവ്യത്യാസവും ദർശിക്കാൻ അവനായില്ല. നിങ്ങൾക്ക് പറയാനുള്ളത് കഴിഞ്ഞെങ്കിൽ എനിക്ക് പറയാനുള്ളത് കേൾക്കണം. എന്റെ കഴുത്തിൽ താലി കെട്ടിയെന്ന അവകാശം വച്ചാണ് എന്റെ ശരീരത്തിൽ നിങ്ങൾ സ്പർശിച്ചതെങ്കിൽ മേലിൽ ആവർത്തിക്കരുത്. എന്റെ സ്നേഹം ചതിയാണെന്ന് പറഞ്ഞ നിങ്ങൾക്ക് എന്ത് അവകാശമാണ് അതിനുള്ളത്. താലിയ്ക്കൊരു പവിത്രതയുണ്ട്..

പരസ്പരം അറിയുമ്പോൾ.. ഒളിമറകളില്ലാതെ സ്നേഹിക്കാനാകുമ്പോൾ സമർപ്പിക്കേണ്ടതാണ് ശരീരം. എല്ലായ്പ്പോഴും ക്ഷമിക്കാൻ അല്ലിക്കാകില്ല. എന്റെ പ്രണയം ചതിയാണെന്ന് പറഞ്ഞപ്പോഴേ എന്റെ ഹൃദയം മുറിവേറ്റു കഴിഞ്ഞു. നിങ്ങൾ അത് വീണ്ടും വീണ്ടും കുത്തിനോവിക്കുകയാണ് നിവേദേട്ടാ … ആമിയാകണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല . നിങ്ങൾ ആമിയുടേതാണെന്ന് ഉൾക്കൊണ്ടശേഷം ഒരിക്കൽപ്പോലും ഞാൻ നിങ്ങളെ ചിന്തിച്ചിട്ടില്ല. എന്നാൽ വിധി വീണ്ടും എന്നെ നിങ്ങൾക്ക് മുൻപിൽ എത്തിച്ചപ്പോൾ നിങ്ങളുടെ താലി എന്റെ കഴുത്തിലേറിയപ്പോൾ മുതൽ മാത്രം നിങ്ങളുടെ പേരുള്ള ഈ താലിയെയും നിങ്ങളെയും ഞാൻ സ്നേഹിക്കാൻ തുടങ്ങി. ആമിയാണ് മനസ്സിലെന്ന് പറയുന്ന നിങ്ങൾക്കെങ്ങനെ എന്നെ..

അവൾ ഒന്ന് നിർത്തിയശേഷം തുടർന്നു. അല്ലിയ്ക്ക് അല്ലിയാകാനേ കഴിയൂ.. കണ്ണുനീർ തിളക്കം ആ മിഴിക്കുള്ളിൽ നിറഞ്ഞപ്പോഴും ഒരു തുള്ളിപോലും അവളുടെ അനുവാദമില്ലാതെ പുറത്തേക്കൊഴുകാൻ ശ്രമിച്ചില്ല. അവളുടെ വാക്കുകൾ അവനിലേക്ക് ഇറങ്ങിച്ചെന്നു. തലകുനിച്ച് ഇരിക്കുമ്പോൾ അവൻ മനസ്സിൽ തീരുമാനങ്ങൾ എടുക്കുകയായിരുന്നു. പ്രാതൽ കഴിഞ്ഞ് ഉമ്മറത്തെ ആട്ടുകട്ടിലിൽ ഇരിക്കുമ്പോഴാണ് നിവേദിന്റെ അരികിലായി മഹേശ്വരി വന്നിരുന്നത്. എനിക്കറിയാം മോനേ അല്ലിയും നീയുമായി ഭാര്യാഭർത്യബന്ധമോ അടുപ്പമോ ഒന്നുമില്ലെന്ന്. കഴുത്തിൽ ഒരു താലിയുണ്ടെന്ന് അല്ലാതെ നിങ്ങൾ ഇരുദ്രുവങ്ങളിലാണെന്ന്. ആമി അവളെനിക്ക് മോൾ തന്നെയായിരുന്നു . അവളുടെ ലോകം നീ മാത്രമായിരുന്നു. എന്നാൽ അവൾ ഇന്ന് ഈ ഭൂമിയിലില്ല. നിന്റെ കുഞ്ഞിന് എട്ടുമാസമേ ആയിട്ടുള്ളൂ.

അമ്മിഞ്ഞപ്പാൽ കുടിക്കാനോ പെറ്റമ്മയുടെ നെഞ്ചോടൊട്ടി ആ താരാട്ട് കേൾക്കുവാനോ കഴിഞ്ഞിട്ടില്ല ആരുമോന്. അല്ലി അവനിപ്പോൾ അമ്മയാണ്. ചിറ്റയെന്ന് പറയുമ്പോഴും ആ കുട്ടിയുടെ ഉള്ള് നീറുന്നുണ്ട്. അമ്മയ്ക്കറിയാം അവൾക്ക് നിന്നെ മുൻപേ ഇഷ്ടമായിരുന്നെന്ന്. അവൾ നല്ല കുട്ടിയാണ്. അതുകൊണ്ടാണ് നിന്നെ നേടാൻ അവൾക്ക് സാധിക്കുമായിരുന്നിട്ടുകൂടി അതിന് ശ്രമിക്കാതിരുന്നത്. അവളുടെ മനസ്സിന്റെ നന്മ അമ്മയുടെ മോൻ കാണാതെ പോകരുത്. ആരുവിനെ കരുതി മാത്രമല്ല നീയും ചെറുപ്പമാണ്. ഞാൻ ഈ വയ്യായ്കയും വച്ചിനി എത്ര നാൾ കാണുമെന്നറിയില്ല. എന്റെ കണ്ണടഞ്ഞാലും എന്റെ മോൻ തനിച്ചാകരുത്. തുളസിക്കതിരുപോലെ നന്മ നിറഞ്ഞ കുട്ടിയാ അല്ലിമോൾ. ആരുമില്ല ആ കുട്ടിക്ക് നീയല്ലാതെ. ഇനി മോന്റെ ഇഷ്ടം. നിനക്ക് ഇഷ്ടല്യാച്ചാ അല്ലി പോകും.

ഒരു ചിറ്റയായി തന്നെ മോനെ നോക്കി അവന് തിരിച്ചറിവാകുമ്പോൾ ചിറ്റയായി തന്നെ അവൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിയും. പക്ഷേ അപ്പോഴും അവൾ മറ്റൊരു താലിക്കായി തല കുനിക്കില്ല. അവളുടെ അവസാനശ്വാസം വരെ ആ മനസ്സിൽ നീ മാത്രമേ കാണൂ. അത്രയ്ക്കും അവളെ ഞാൻ മനസ്സിലാക്കിയതാണ്. നേര്യതിന്റെ തുമ്പുകൊണ്ട് മിഴികളൊപ്പിക്കൊണ്ട് അവർ അകത്തേക്ക് പോയി. അവൻ ആട്ടുകട്ടിലിലേക്ക് മലർന്നുകിടന്നു. ആമിയും അല്ലിയും കാഴ്ചയിൽ നെല്ലിഴ വ്യത്യാസമില്ലാത്തവർ. ആമിയുടെ മുഖത്ത് തന്റേടവും കുസൃതിയുമാണ്… അല്ലി ശാന്തയും സൗമ്യയും. ആമിയെ കണ്ടത് മുതലുള്ള കാര്യങ്ങൾ ഓരോന്നായി മനസ്സിലൂടെ കടന്നു പോയി. ഒടുവിൽ യാത്ര ചൊല്ലി അവൾ പോയതും.

അല്ലി പുതുമയോടെ അവന്റെ മനസ്സിൽ തെളിഞ്ഞുവന്നു. മഴയത്ത് മുളച്ചു പൊന്തിയ ഒരു കുഞ്ഞിച്ചെടിപോലെ അവൾ അവന്റെ മനസ്സിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. അവളുടെ ചുണ്ടിലെ മുറിപ്പാട് എന്തുകൊണ്ടോ അന്നേരം അവനിൽ വല്ലാത്ത വേദനയുണർത്തി. എനിക്കറിയില്ല ഇപ്പോഴെന്റെ മനസ്സിൽ അല്ലിയാണ്. അവളുടെ ശാന്തമായ ആ മിഴികളാണ്. പക്ഷേ അത് സമ്മതിച്ചു കൊടുക്കാൻ മനസ്സ് തയ്യാറാകുന്നില്ല. അകത്തുനിന്ന് താരാട്ടുപാട്ട് ഉയർന്നപ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരി മിന്നി. “ഓമനത്തിങ്കൾക്കിടാവോ.. നല്ല കോമള താമരപ്പൂവോ.. പൂവിൽ നിറഞ്ഞ മധുവോ..” ആരുമോനെയും നെഞ്ചോടടക്കി ഇമ്പമാർന്ന സ്വരത്തിൽ പാടിക്കൊണ്ട് കുഞ്ഞിനെ മെല്ലെ തട്ടിയുറക്കുകയാണ് അല്ലി. ആരു ഇടയ്ക്കവളെ തലയുയർത്തി നോക്കുകയും അവളുടെ മൂക്കിൻത്തുമ്പിൽ കടിക്കുകയും ചെയ്തു.

അവളുടെ പൊട്ടിച്ചിരി കേൾക്കുമ്പോൾ അവൻ നാണത്തോടെ വീണ്ടും തോളിലേക്ക് ചായും. വീണ്ടും അത് ആവർത്തിച്ചു. വാതിൽക്കൽ നിന്ന് അവൻ ആ കാഴ്ച മനംനിറയെ കണ്ടു. നിവേദിനെ കണ്ടതും ആരു കൈയിട്ടടിച്ച് അവന്റെ ശ്രദ്ധ ക്ഷണിച്ചു. അല്ലിയുടെ നോട്ടവും വാതിൽക്കലേക്കായി. ചെറുചിരിയോടെ നിവേദ് അവർക്കരികിലേക്ക് നടന്നു. അല്ലി മുഖം തിരിച്ചു. കൊഞ്ചിച്ചിരിക്കുന്ന മോനെ നിവേദ് അവളിൽ നിന്നും എടുത്തുയർത്തി. വായുവിൽ കാലിട്ടടിച്ച് അവനുറക്കെ ചിരിച്ചു. അവിടെനിന്നും ഒഴിഞ്ഞു മാറാനൊരുങ്ങിയ അല്ലിയെ അവൻ കൈയിൽപ്പിടിച്ച് നിർത്തി. അവളുടെ കൂർത്ത നോട്ടത്തെ പുഞ്ചിരി കൊണ്ട് നേരിട്ടപ്പോൾ അമ്പരന്നത് അവളായിരുന്നു. പരിഭ്രമത്തോടെ അവൾ അവനിൽനിന്നുമകന്ന് അടുക്കളയിലേക്ക് ഓടുമ്പോൾ ഹൃദയതാളം ക്രമാതീതമായി ഉയർന്നിരുന്നു.

ദിവസങ്ങൾ കടന്നുപോകവേ അവന്റെ അവളോടുള്ള സമീപനത്തിൽ മാറ്റം വന്നുകൊണ്ടിരുന്നു. അല്ലി എല്ലാം മനസ്സിലാക്കിയെങ്കിലും ആഗ്രഹിച്ചശേഷം വീണ്ടും കണ്ണുനീർ പൊഴിക്കാൻ വരുമോയെന്ന് ഭയന്ന് ഒതുങ്ങിനിന്നു. ആരുവിനെ കുളിപ്പിക്കാനായി എണ്ണ കൊണ്ടുവന്നതായിരുന്നു അംബിക. കുഞ്ഞിനെ ഷീറ്റിൽ കിടത്തി എണ്ണ തേയ്ക്കാൻ എടുത്തപ്പോഴേക്കും അടുക്കളയിൽനിന്നും കുക്കറിന്റെ വിസിൽ ഉയർന്നു. അംബികാമ്മ ഇപ്പോൾ വരാമേ.. വാവക്ക് കുളിച്ചണ്ടേ… നമുക്ക് എണ്ണ തേയ്ച്ച് കുളിക്കാം.. അല്ലിമോളെ.. കുളി കഴിഞ്ഞോ. ഞാൻ സാമ്പാറിന് പൊടി ചേർക്കട്ടെ. മോൾ മോനെ എണ്ണ തേപ്പിക്കാമോ.. മോന്റെ അടുത്ത് നിന്നുകൊണ്ട് അവർ വിളിച്ചു ചോദിച്ചു. കുളി കഴിഞ്ഞ് നെറുകയിൽ സിന്ദൂരം ചാർത്തുകയായിരുന്നു അല്ലി.

ദാ വരുന്നു ചേച്ചീ.. അവൾ വിളിച്ചു പറഞ്ഞു. കൈയിലിരുന്ന എണ്ണപ്പാത്രം സ്റ്റെയറിനുമേൽ വച്ചിട്ട് കുഞ്ഞിനെ ഷീറ്റിൽ കിടത്തി അവർ അടുക്കളയിലേക്ക് നടന്നു. ആരു കമഴ്ന്നെഴുന്നേറ്റിരുന്നു. അടുത്തുകിടന്ന പാവക്കുട്ടിയെ കൈയിലെടുത്ത് അവൻ കുഞ്ഞിക്കണ്ണുകൾ ചുറ്റും പായിച്ചു. ഇഴഞ്ഞ് മുന്നോട്ട് പോയവൻ രണ്ടാമത്തെ പടിക്കുമേലിരുന്ന എണ്ണപ്പാത്രം എടുക്കാൻ ശ്രമിച്ചു. കുഞ്ഞിക്കൈ തട്ടി എണ്ണ പടവുകളിൽ ഒഴുകി പരന്നു. എണ്ണപ്പാത്രം തറയിൽ വീണു. മോനെ എണ്ണ തേപ്പിക്കാൻ ഓടിയിറങ്ങി വരികയായിരുന്നു അല്ലി. മോനെ ശ്രദ്ധിച്ചുകൊണ്ട് വരികയായതിനാൽ എണ്ണ കിടക്കുന്നത് അവൾ ശ്രദ്ധിച്ചില്ല.

രണ്ടാമത്തെ പടിയിൽ കാലുവച്ചതും കാൽ തെന്നി. അമ്മേ.. എന്ന വിളിയോടെ ഇടുപ്പ് പടിയിലിടിച്ച് വീഴുമ്പോൾ തല ശക്തമായി ഇടിച്ചു. വെളുത്ത ടൈയിൽസിനുമേലെ രക്തം പരക്കുമ്പോൾ അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു. ആരു അപ്പോൾ ഉറക്കെ കരയുന്നുണ്ടായിരുന്നു. തനിക്കടുത്തേക്ക് നിലവിളിയോടെ ഓടിയടുക്കുന്ന രൂപം.. അത് നിവേദായിരുന്നു. അവന്റെ കണ്ണുനീർത്തുള്ളികൾ തന്നിൽ പതിക്കുന്നത് ബോധം മറയുന്നതിന് മുൻപായി അവൾ കണ്ടു. ആ അവസ്ഥയിലും മനസ്സിൽ സന്തോഷത്തിന്റെ നേർത്ത തണുപ്പ് അരിച്ചു നിന്നു…..(തുടരും )

അല്ലിയാമ്പൽ: ഭാഗം 5

Share this story