ആത്മിക : ഭാഗം 39

ആത്മിക : ഭാഗം 39

എഴുത്തുകാരി: ശിവ നന്ദ

വീട്ടിൽ എത്തിയപ്പോൾ തന്നെ കണ്ടു തന്നെ കാത്തുനിൽക്കുന്ന അമ്മച്ചിയേയും ടീനയെയും ജെറിയെയും.എല്ലാവരുടെയും മുഖത്ത് പരിഭ്രമം ആവോളമുണ്ട്. “നീയെന്താ അമ്മു ഇത്രയും ലേറ്റ് ആയത്?” ബൈക്കിൽ നിന്നിറങ്ങുന്നതിന് മുൻപ് തന്നെ ടീനയുടെ ചോദ്യമെത്തി.വേവലാതിയോടെയുള്ള അവളുടെ ആ ചോദ്യവും സ്നേഹവും ഒക്കെ അമ്മുവിനെ സങ്കടത്തിലാക്കി.ഇത്രയും നേരം ഇച്ചൻ തന്നോട് കള്ളം പറഞ്ഞതാണോ അല്ലയോ എന്നുള്ള സംശയനിവാരണത്തിനിടയിൽ ഒരുതവണ പോലും താൻ ടീനുചേച്ചിയെ പറ്റി ചിന്തിച്ചില്ല..ഒരുപക്ഷെ ഇച്ചൻ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ…തന്നെ സ്വന്തമായി കരുതുന്ന ചേച്ചിയോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ് അത്…

ഈ നിമിഷത്തിനിടയിൽ എപ്പോഴോ തന്റെയുള്ളിൽ വീണ്ടുമാ പ്രണയം തളിരിടാൻ തുടങ്ങിയിരുന്നു..മനുഷ്യമനസ്സിന്റെ നിയന്ത്രണത്തിൽ നിന്നും അകന്ന് നിൽക്കുന്ന പ്രണയം എന്ന വികാരം…എത്രത്തോളം അകലാൻ ശ്രമിക്കുന്നോ അത്രത്തോളം ഹൃദയത്തിനോട് ചേർന്ന് നിൽക്കുന്ന വികാരം…. “എന്താ അമ്മു…ഇവൻ നിന്നെ വഴക്ക് പറഞ്ഞോ??” “ഏഹ്…. ഇല്ല ചേച്ചി..” “പിന്നെ നീയെന്താ ഒന്നും മിണ്ടാതിരിക്കുന്ന??” “ഒന്നുമില്ലെന്റെ ചേച്ചി..കോളേജിൽ ഗോൾഡൻ ജുബിലീ ഫങ്ക്ഷന്. അതിന്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.” “നിനക്കാ ഫോൺ എടുത്തുകൊണ്ട് പൊയ്ക്കൂടെ അമ്മു..? ” “മറന്ന് പോയി അമ്മച്ചി..” “ഉം…വാ വന്ന് ചായ കുടിക്ക്” അമ്മച്ചി അകത്തേക്ക് പോയതും ടീന പിന്നെ വരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയി.

അമ്മുവിനെ ഒളികണ്ണാൽ നോക്കി ആൽബിയും അകത്തേക്ക് കയറി. “ഡീ..ഇച്ചായന് എന്താ ഒരു കള്ളലക്ഷണം?” മറുപടി ഒന്നും കിട്ടാതെ വന്നതും ജെറി തലചരിച്ച് അമ്മുവിനെ നോക്കി.അവൾ നെറ്റിമേൽ കൈകളൂന്നി ചാരുപടിയിൽ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് ജെറിക്ക് മനസിലായി. “ഡീ അമ്മു….” ഉച്ചത്തിലുള്ള അവന്റെ വിളി കേട്ട് അമ്മു ഒന്ന് ഞെട്ടി..രൂക്ഷമായി അവനെ നോക്കിയതും ജെറി ഇളിച്ച് കാണിച്ചു. “എന്താ പറ്റിയടാ എന്റെ അമ്മൂസിന്???” “അറിയില്ല ജെറി..എല്ലാം മറക്കാൻ ശ്രമിച്ച് പഠിത്തത്തിലേക്ക് മാത്രം ശ്രദ്ധിക്കാൻ തുടങ്ങിയത..പക്ഷെ മനസ്സ് വീണ്ടും കൈവിട്ട് പോകുന്നത് പോലെ..” “അതിനുമാത്രം ഇവിടിപ്പോൾ എന്ത്‌ സംഭവിച്ചു?”

അവൾ നടന്ന കാര്യങ്ങൾ എല്ലാം ജെറിയോട് പറഞ്ഞു.എല്ലാം കേട്ട് തലയാട്ടി ഇരിക്കുന്നവന്റെ കാലിൽ അവളൊരു പിച്ച് കൊടുത്തു. “ഹാ..എന്തുവാടി” “നീയെന്താ ഒന്നും പറയാത്ത? ” “ഞാനും അതിനെ പറ്റി ആലോചിക്കുവാരുന്നു..സത്യം പറഞ്ഞാൽ ഇതേ സംശയം എനിക്ക് അന്നുമുതൽ തോന്നുന്നുണ്ട്” “എന്നിട്ട് നീയെന്താ എന്നോട് പറയാഞ്ഞത്??” “ഹാ ബെസ്റ്റ്…നിന്റെ ഈ അവസ്ഥക്ക് കാരണക്കാരൻ ഞാനാണല്ലോ എന്ന കുറ്റബോധത്തിൽ ഇരിക്കുമ്പോ തന്നെ വീണ്ടും ഓരോ സംശയം പറഞ്ഞ് നിന്നെ ഞാൻ കുഴപ്പത്തിൽ ആകുമോടി..എല്ലാത്തിനും ഒരു ഉത്തരം കണ്ടെത്തണം..എന്നിട്ട് നിന്നോട് പറയണമെന്നാ കരുതിയത്..അതുവരെ നീ സമാധാനമായിട്ട് പഠിച്ചോട്ടെന്ന് ചിന്തിച്ചത് ഒരു തെറ്റായി പോയോ??” അവൻ വിഷാദഭാവത്തോടെ പറഞ്ഞതും അമ്മു അവന്റെ കാലിൽ പിച്ചിയ സ്ഥലത്ത് തടവി കൊടുത്തു.അവൻ ആ കൈ തട്ടി മാറ്റുകയും ചെയ്തു. “സോറി ജെറിക്കുട്ടാ..”

“മ്മ്മ്…ശരി” “ഇനി നീ പറ..നിന്റെ സംശയം എന്താ?? ഇച്ചൻ കള്ളം പറഞ്ഞതാണോ?? ആണെങ്കിൽ തന്നെ എന്തിന്??” “വെയിറ്റ്..നമുക്ക് ആദ്യം മുതൽ ഒന്ന് റീവൈൻഡ് ചെയ്ത് നോക്കാം” അമ്മുവും ആൽബിയും കണ്ടുമുട്ടിയപ്പോൾ മുതലുള്ള കാര്യങ്ങൾ അവർ സംസാരിച്ചു..അവളെ വീട്ടിൽ കൊണ്ട് വന്നതും അവൾക്കായി ചെയ്ത കാര്യങ്ങളും അങ്ങനെ എല്ലാം.. “ഇതിൽ നിന്നും നിനക്ക് എന്ത്‌ മനസിലായി??” “എടാ ഇപ്പോൾ പറഞ്ഞ സന്ദർഭങ്ങളിൽ ഒക്കെ ഞാനും ഇച്ചനും മാത്രമേ ഉള്ളു…നീ ടീനുചേച്ചിയെ കൂടി ഉൾപ്പെടുത്തിയിട്ട് ആലോചിച്ച് നോക്ക്..ഒരു ക്ലാരിഫിക്കേഷൻ കിട്ടുന്നുണ്ടോ??” “അതാടി പെണ്ണേ ഞാൻ പറഞ്ഞ് വരുന്നത്…ഒരു ശരാശരി മനുഷ്യന് പ്രണയവും അതുപോലുള്ള വികാരങ്ങളും ഒക്കെ പ്രകടമായി തുടങ്ങുന്ന ഒരു പ്രായം ഉണ്ട്.അതാണ് നമ്മുടെ വിദ്യാഭ്യാസകാലം..”

“അങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റില്ലടാ..എല്ലാവർക്കും പഠിക്കുന്ന പ്രായത്തിൽ പ്രേമം ഉണ്ടാകണമെന്നില്ലല്ലോ..” “പ്രേമം ഉണ്ടാകില്ല..പക്ഷെ ആ ചിന്ത ഉണ്ടാകുമല്ലോ…ദേവുവിന്റെ അമ്മയുടെ ഉപദ്രവങ്ങൾക്കിടയിലും നീയാ പാട്ടുകാരനെ പ്രേമിച്ചില്ലേ?? അതൊക്കെ ഹോർമോണിന്റെ കളികൾ ആണ്” അത് കേട്ടതും അമ്മു നിശബ്ദയായി..ആ പാട്ടുകാരൻ ഇച്ചൻ ആണെന്ന് ജെറിക്ക് അറിയില്ലല്ലോ.. “അത് വിട്..നീ എന്റെയും ചിക്കുവിന്റേയും കാര്യം തന്നെ നോക്ക്..ശത്രുക്കളെ പോലെ നടന്നവർക്കിടയിൽ പ്രണയം വന്നത് ആ പ്രായം എത്തിയപ്പോഴാ..” “അതൊക്കെ ഓരോരുത്തരുടെ വ്യക്തിത്വവും സാഹചര്യങ്ങളും ഒക്കെ അല്ലേടാ..” “പിച്ചവെക്കാൻ തുടങ്ങിയ പ്രായത്തിൽ ഇച്ചായന്റെ കൂടെ കൂടിയതാ ടീനൂച്ചി..

ഒരുമിച്ച് കളിച്ചും പഠിച്ചും വളർന്നവർ..വളരുന്നതിന് അനുസരിച്ച് അവരുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്…മാറ്റമില്ലാഞ്ഞത് അവരുടെ ബന്ധത്തിന് മാത്രമാ..സ്കൂളിലും കോളേജിലും ഒന്നും തോന്നാതിരുന്ന പ്രേമം പെട്ടെന്നൊരു ദിവസം എങ്ങനെ പൊട്ടിമുളച്ചു??? അവർക്കെന്താ അതിന് മുൻപ് സാഹചര്യം കിട്ടിയില്ലേ?? അതോ അവരുടെ ഹോർമോൺസ് വർക്ക്‌ ആയില്ലേ?? ഇന്നലെ കണ്ടൊരാളോട് പോലും നിമിഷനേരം കൊണ്ട് ഇഷ്ടം തോന്നുന്നു..പിന്നെന്തേ അവർക്ക് മാത്രം പ്രണയം തോന്നാൻ ഇത്രയും കാലതാമസം എടുത്തു???” അതിനൊന്നും അമ്മുവിന് ഉത്തരം ഇല്ലായിരുന്നു..അവളും അത് തന്നെ ചിന്തിക്കുവായിരുന്നു.. “അതെല്ലാം പോട്ടെ..എത്രയൊക്കെ മറച്ച് വെച്ചാലും ഒരുമിച്ചിരിക്കുന്ന നിമിഷങ്ങളിൽ എപ്പോഴെങ്കിലും അവരുടെ പ്രണയം പ്രകടമാകും..ചിലപ്പോൾ ഒരു നോട്ടത്തിലൂടെയോ അല്ലെങ്കിൽ വാക്കിലൂടെയോ…

അങ്ങനെ എന്തെങ്കിലും നീ കണ്ടിട്ടുണ്ടോ?? പക്ഷെ ഞാൻ കണ്ടിട്ടുണ്ട്..ഇച്ചായൻ നിന്നെ നോക്കുന്നത്..നിന്നെ ഓർത്ത് ചിരിക്കുന്നത്..നീ ഇന്ന് വരാൻ വൈകിയപ്പോഴുള്ള ഇച്ചായന്റെ വെപ്രാളവും പേടിയും…” “അപ്പോൾ നീ പറഞ്ഞ് വരുന്നത് ഇച്ചനും ടീനുചേച്ചിയും തമ്മിൽ ഒന്നുമില്ലെന്ന് ആണോ??” “എനിക്ക് അങ്ങനെ തന്നെയാ തോന്നുന്നത്..ഇത് ടീനൂച്ചിയോട് ചോദിക്കാൻ നീ സമ്മതിക്കാത്തത് കൊണ്ടാ..അല്ലെങ്കിൽ ഇപ്പോൾ തന്നെ എല്ലാം ഒടിച്ചുമടക്കി നിന്റെ കൈയിൽ വെച്ച് തന്നേനെ” “എനിക്ക് ഇച്ചനെ ഇഷ്ടമാണെന്ന് ടീനുചേച്ചിക്ക് അറിയില്ലല്ലോ…ഇനി നമ്മൾ ചിന്തിക്കുന്നത് പോലെയൊന്നും അല്ല കാര്യങ്ങൾ എങ്കിൽ ചേച്ചി എന്നെ വെറുക്കില്ലേടാ” “മ്മ്മ് അതും ശരിയാണ്..

എന്തായാലും നീ അതൊന്നും ഓർത്ത് പഠിത്തത്തിൽ ഉഴപ്പണ്ടാ..എല്ലാം കണ്ടുപിടിക്കാൻ ഞാൻ ഉണ്ടല്ലോ ഇവിടെ..” അവളുടെ നെറ്റിയിൽ തലമുട്ടിച്ച് കൊണ്ട് ജെറി എഴുന്നേറ്റു. “എന്നാലും നിനക്ക് ബയോളജിയിൽ ഇത്രയും പാണ്ഡിത്യം ഉണ്ടായിരുന്നോ..ഹോർമോൺ ആക്ടിവിറ്റീസ് ഒക്കെ മനഃപാഠം ആണല്ലോ” “എടി പൊട്ടി..ഇത് ബയോളജിയും കെമിസ്ട്രിയും ഒന്നുമല്ല..സിമ്പിൾ ഹ്യൂമൻ സൈക്കോളജി….എന്തായാലും നിന്നെ വിശ്വസിച്ച് റാങ്കും പ്രതീക്ഷിച്ചിരിക്കുന്ന ആ കോളേജുകാരുടെ ഒരവസ്ഥ” മുകളിലേക്ക് നോക്കി അത് പറഞ്ഞിട്ട് അവൻ ഓടി അകത്തു കയറി..അവനെ അടിക്കാനായി പിറകെ അവളും.. 💞💞💞💞

ദിയയെയും ഹർഷനെയും കാണാനായി കോളേജിൽ നിന്നും നേരെ അവരുടെ വീട്ടിലേക്ക് വന്നതാണ് അമ്മു.ഉമ്മറപ്പടിയിൽ കാലുതിരുമ്മി ഇരിക്കുന്ന അമ്മായിക്ക് അവളെ കണ്ടതും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് തോന്നിയത്. “എത്ര നാളായി നീ ഇങ്ങോട്ടൊന്ന് വന്നിട്ട്??” “ക്ലാസ്സ്‌ തുടങ്ങിയതിന്റെ തിരക്കല്ലേ അമ്മായി..അല്ല അമ്മായിടെ കാലിന് എന്ത്‌ പറ്റി?” “ഒന്നും പറയണ്ട അമ്മു..ഞാൻ ദേവുവിനെ ഒന്ന് കാണാൻ പോയിട്ട് തിരിച്ച് വരുമ്പോൾ നമ്മുടെ ആ കവലയിൽ വെച്ച് ഒരു ബൈക്ക് ഇടിച്ചു.” “അയ്യോ എന്നിട്ട്” “ഏയ്‌ പേടിക്കാൻ ഒന്നുമില്ല..വീണപ്പോൾ കാലൊന്ന് ഉളുക്കി..ദിയ എണ്ണയിട്ട് തടവി തന്നപ്പോൾ ഒരാശ്വാസം ആയി” “ഹോസ്പിറ്റലിൽ പോണോ അമ്മായി??”

“വേണ്ട മോളെ..നീ അകത്തേക്ക് ചെല്ല്..” “ദിയ ചേച്ചി എവിടെ??” “ഹർഷന്റെ അടുത്തല്ലാതെ അവൾ വേറെ എവിടെ പോകാനാ” “ഓഹോ..അപ്പോൾ പിള്ളേരെ പ്രേമിക്കാൻ വിട്ടിട്ട് ഇവിടെ ഇരിക്കുവാ അല്ലേ” “പോടീ കുറുമ്പി..അവർ എങ്ങനെയെങ്കിലും ഒന്ന് സന്തോഷിക്കട്ടെ..പാവം” “ദിയ ചേച്ചിയുടെ അച്ഛനും അമ്മയും ഒന്നും വരുന്നില്ലേ??” “രണ്ട് ദിവസം മുന്നേ നാത്തൂൻ വിളിച്ചിരുന്നു..എത്രയും പെട്ടെന്ന് ദിയയെ തിരിച്ച് അയക്കണമെന്ന്..ഞാൻ ഓരോന്നൊക്കെ പറഞ്ഞ് അവളുടെ മനസ്സ് മാറ്റി ഇവിടെ നിർത്തിയേക്കുവാണെന്ന്.” “ശ്ശെടാ..ചേച്ചി സ്വന്തം ഇഷ്ടപ്രകാരം അല്ലേ ഹർഷേട്ടനെ നോക്കുന്നത്” “അതൊക്കെ ശരിയാ..എങ്കിലും നാത്തൂനെ കുറ്റം പറയാൻ പറ്റില്ലല്ലോ..ആകെയുള്ളൊരു മോള് കിടപ്പിലായവന് വേണ്ടി ജീവിതം കളയുന്നത് അവർക്ക് സഹിക്കുമോ??”

“ഹർഷേട്ടന് ഫിസിയോയോതെറാപ്പി തുടങ്ങിയതല്ലേ ഉള്ളു…എനിക്ക് ഉറപ്പാ പഴയതിലും ആരോഗ്യത്തോടെ ഹർഷേട്ടൻ എഴുന്നേൽക്കും” “നിന്റെ നല്ല മനസ്സിന്റെ പ്രാർത്ഥന ഫലം കാണട്ടെ…നീ അകത്തേക്ക് ചെല്ല്..ഞാൻ കുറച്ച് നേരമൊന്ന് കിടക്കട്ടെ” അവളുടെ നെറുകയിൽ തലോടിയിട്ട് അവർ അകത്തേക്ക് നടന്നു..അവരെ കിടക്കാൻ സഹായിച്ചിട്ട് ഹർഷന്റെ മുറിയിൽ വരുമ്പോൾ കാണുന്നത് അവന്റെ നെഞ്ചിൽ തലചേർത്ത് വെച്ചിരിക്കുന്ന ദിയയെ ആണ്..രണ്ട് പേരും മയക്കത്തിൽ ആണെന്ന് തോന്നുന്നു.. അമ്മുവിന്റെ വിളി കേട്ട് രണ്ട് പേരും കണ്ണ് തുറന്നു.അവളെ കണ്ടതും ദിയ ഓടിവന്ന് കെട്ടിപിടിച്ച് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി..എല്ലാം ഒരു ചിരിയോടെ ഹർഷൻ നോക്കി കിടന്നു.

“നീയിരിക്ക്..ഞാൻ ചായ ഇടാം” ദിയ അടുക്കളയിലേക്ക് പോയതും അമ്മു ഹർഷന്റെ അടുത്തായി ഇരുന്നു..അന്നത്തേതിൽ നിന്നും ഒരുപാട് മാറ്റമുണ്ട് അവനിപ്പോൾ..ട്രീറ്റ്മെന്റ് ഒക്കെ ഫലം കാണുന്നതിന്റെ പ്രതീക്ഷ അവന്റെ കണ്ണുകളിൽ തെളിഞ്ഞ് നിന്നു. “ദേവുവിനെ കാണണ്ടേ??” “മ്മ്മ് കാണാൻ കൊതിയാകുവാ..കിരണിന് കുറച്ച് ദിവസമായിട്ട് നിന്ന് തിരിയാൻ പറ്റാത്ത തിരക്ക് ആണെന്ന്.അത് കഴിഞ്ഞ് രണ്ട് പേരും കുറച്ച് ദിവസം വന്ന് നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട്..അവൾക്ക് വിശേഷം ഉണ്ടെന്ന് ആദ്യം വിളിച്ച് പറഞ്ഞത് എന്നോടാ..ആ കുഞ്ഞിനെ എടുത്തുകൊണ്ട് നടക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായാൽ മതിയായിരുന്നു.” “ഉണ്ടാകും ഏട്ടാ..” “ഹ്മ്മ്മ്…നിന്റെ ക്ലാസ്സ്‌ എങ്ങനെയുണ്ട്??”

അത് കേൾക്കാൻ കാത്തിരുന്നത് പോലെ അവൾ വിശേഷങ്ങളുടെ കെട്ടഴിച്ചു..കോളേജ് ഫങ്ക്ഷന്റെ കോർഡിനേറ്റർ ആണെന്നൊക്കെ പറയുമ്പോഴുള്ള അവളുടെ സന്തോഷം അവൻ നോക്കികാണുവായിരുന്നു. “എല്ലാത്തിലും മുന്നിൽ നിൽക്കണം നീ..ഒന്നൊന്നായി ഓരോ വിജയവും നേടണം” അവൾ ചിരിയോടെ അവന്റെ മുടി ഒതുക്കികൊണ്ടിരുന്നു. “എല്ലാം ആൽബിയുടെ മിടുക്കാണ്..” “ഓ അപ്പോൾ എന്നെ ഒന്നിനും കൊള്ളില്ലെന്ന്” പെണ്ണിന്റെ പരിഭവം കേട്ട് ഹർഷൻ ഉറക്കെ ചിരിച്ചു. “എന്താടി വഴക്കിട്ടോ അവനോട്??” “ഇല്ലല്ലോ.. എന്തേ??” “അല്ല..സാധാരണ അവനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവൾ ഇന്നൊന്നും പറയുന്നില്ല..” അതിന് മറുപടി പറയാതെ അമ്മു മൃദുവായി ചിരിച്ചു…

“അവൻ ഉള്ളത് കൊണ്ടല്ലേ ഈ ഞാൻ പോലും ജീവനോടെ ഇരിക്കുന്നത്..എന്റെ ട്രീറ്റ്മെന്റ് പോലും അവനാണ് നോക്കുന്നത്..എല്ലാം നിനക്ക് വേണ്ടിയാണ്” “അല്ല ഹർഷേട്ടാ..അത് ഇച്ചന്റെ നല്ല മനസ്സിന്റെയാ” “ആ നല്ല മനസ്സ് നിറയെ നീയാണെന്ന ഞാൻ പറഞ്ഞത്…” “എന്നിട്ടും ഹർഷേട്ടനെയും എന്നെയും കുറിച്ച് അങ്ങനെ പറഞ്ഞില്ലേ…..” “എങ്ങനെ പറഞ്ഞു???” അവന്റെ ചോദ്യത്തിന് മുന്നിൽ അമ്മു ഉരുകിപ്പോയി..അറിയാതെ വായിൽ നിന്നും വീണുപോയതാണ്.. “പറ ആത്മിക…അവൻ എന്താ പറഞ്ഞത്?” “അതൊന്നുമില്ല ഹർഷേട്ടാ..ഞാൻ ദിയചേച്ചിയുടെ അടുത്തേക്ക് ചെല്ലട്ടെ” “നീ പറഞ്ഞിട്ട് പോയാൽ മതി” രക്ഷയില്ലെന്ന് കണ്ടതും അവൾ കാര്യം പറഞ്ഞു..പ്രണയം പറഞ്ഞതും അതവൻ നിരസിച്ചതും ഒഴിച്ച്..

കേട്ട് കഴിഞ്ഞ് കുറേ നേരത്തേക്ക് ഹർഷൻ ചിരിയായിരുന്നു..അമ്മുവിനാണെങ്കിൽ ദേഷ്യവും വരുന്നുണ്ട്. “ചിരിക്കാനുള്ള കാര്യമാണോ ഇത്?? ഈ ഒരൊറ്റ കാര്യം ഓർത്ത് എത്ര ദിവസം ഞാൻ ഉറങ്ങാതിരുന്നെന്നോ..” “എന്റെ ആത്മിക…അവൻ നിന്നെ ഉമ്മ വെച്ചതിനെ കുറിച്ച് ജെറി ചെന്ന് ചോദിക്കുമ്പോൾ അവൻ അത് സമ്മതിച്ച് തരുമോ?? അതിൽ നിന്ന് ഏത്‌ വിധേനയും രക്ഷപെടാനെ നോക്കു…പലതും പറഞ്ഞിട്ടും ജെറി വിടാതെ ചോദിച്ചുകൊണ്ടിരുന്നപ്പോൾ അവന് ദേഷ്യം വന്നു..മനുഷ്യന്റെ നാക്ക് അല്ലേടി..അത് ആ സമയത്ത് അവനെ ചതിച്ചു..ഓരോ വാക്കും ശ്രദ്ധിച്ച്‌ പറയണമെന്നൊക്കെ തത്വം പറയാൻ കൊള്ളാം..പ്രാക്ടിക്കലി അത് അത്ര എളുപ്പമല്ല..” “അല്ലെങ്കിലും നിങ്ങൾ ആണുങ്ങൾ എപ്പോഴും ഒരുമിച്ച് ആണല്ലോ” “ഓ അങ്ങനെ ആണെങ്കിൽ നീ ഇപ്പോഴും ഈ വീട്ടിൽ തന്നെ നിന്നേനെ..

ഞാൻ ആ കൂതറ സ്വഭാവവും ആയിട്ട് നിന്റെ പിന്നാലെയും” അവന്റെ നിസാരഭാവം കണ്ട് അമ്മു അറിയാതെ ചിരിച്ച് പോയി. “എടി മോളെ..നിന്നെ മോശക്കാരിയായിട്ട് കാണുന്നവൻ ഒരിക്കലും അവന്റെ വീട്ടിലേക്ക് നിന്നെ കൊണ്ട് പോകില്ല..നിനക്ക് വേണ്ടി മറ്റുള്ളവരെ തല്ലാനും കൊല്ലാനും പോകില്ല…എല്ലാത്തിലുമുപരി അവൻ ആ പറഞ്ഞ് പോയതിന്റെ പേരിൽ മാപ്പ് വരെ പറഞ്ഞു…അല്ലാതെ അത് ന്യായയീകരിക്കാൻ ശ്രമിച്ചിട്ടില്ല…അവനോട് ക്ഷമിക്കാവുന്നതേ ഉള്ളു” “ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ” ഒഴിഞ്ഞുമാറി പോകുന്നവളെ അവൻ ഇമചിമ്മാതെ നോക്കിക്കിടന്നു..ആൽബിയെ വെറുക്കാൻ ഇവൾക്ക് കഴിയില്ലല്ലോ..ഇവളുടെ പ്രണയമാണ് അവൻ..അവന്റെയും… അടുക്കളയിൽ അവൾക്കുള്ള ചായ ഇട്ടുകൊണ്ട് നിൽക്കുന്ന ദിയയെ അമ്മു പിന്നിലൂടെ കെട്ടിപിടിച്ചു. “എന്താടാ??”

“പ്രണയം ഒരു വല്ലാത്ത സംഭവം ആണല്ലേ” “എന്തേ ആരെങ്കിലും ഈ മനസ്സിൽ കയറിപ്പറ്റിയോ?” “ഏയ്‌..ഞാൻ ചേച്ചിയെ ഉദ്ദേശിച്ചാ പറഞ്ഞത്..” “മ്മ്മ് മ്മ്മ്…” “ഹർഷേട്ടനോട് ക്ഷമിച്ചു..വീട്ടുകാരെ പോലും വിട്ട് ഇവിടെ വന്ന് നിൽക്കുന്നു..പ്രാണനായി ഏട്ടനെ സ്നേഹിക്കുന്നു…” “തിരിച്ച് അതിലും തീവ്രമായി ആ സ്നേഹം എനിക്ക് കിട്ടുന്നുണ്ട് അമ്മു..” “അതിനിടയിൽ ചേച്ചിയുടെ ജീവിതത്തെ കുറിച്ച് മറന്ന് പോകരുതെന്നെ എനിക്ക് പറയാനുള്ളൂ” “എന്റെ ജീവിതം ഹർഷേട്ടൻ ആണ്..അതിനപ്പുറം ഇപ്പോൾ മറ്റൊന്നുമില്ല” “അതല്ല ചേച്ചി..ഏട്ടനേയും നോക്കി ഈ വീട്ടിൽ തന്നെ കഴിച്ചുകൂട്ടാൻ ആണോ പ്ലാൻ?? ഒരു ജോലി വേണ്ടേ??” “ഞാൻ ശ്രമിക്കുന്നുണ്ട്..പക്ഷെ ഇവിടെ അടുത്ത് തന്നെ കിട്ടണ്ടേ” “മ്മ്മ് എങ്കിൽ ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെ” “എങ്ങനെ?” “അതൊക്കെ ഉണ്ട്..ചേച്ചിപ്പെണ്ണ് വാ..” 💞💞💞

കോളേജിൽ സെലിബ്രേഷന്റെ ഒരുക്കങ്ങൾ ഒക്കെ തുടങ്ങിയിരുന്നു..എല്ലാവരും കൂടുതൽ സമയവും പ്രാക്ടീസിന്റെ പിറകെ ആണ്..പൂജ പ്രാക്ടീസ് ഒക്കെ വീട്ടിൽ പോയി ചെയ്തോളാമെന്ന് പറഞ്ഞ് അമ്മുവിന്റെ കൂടെയിരിക്കാൻ വന്നെങ്കിലും അമ്മു അവളെ നിർബന്ധിച്ച് പ്രാക്ടീസ് ഹാളിലേക്ക് പറഞ്ഞ് വിട്ടു.അമ്മുവിന് ഒരുപാട് ഡ്യൂട്ടീസ് ചൈതന്യ കൊടുക്കുന്നത് കൊണ്ട് അവൾക്കൊന്ന് ഇരിക്കാൻ പോലും സമയം കിട്ടാറില്ല. “ഹോ ഇങ്ങനെ നിന്ന് ഊറ്റാതടാ” പിള്ളേരുടെ കൂടെ സ്റ്റേജ് ഡെക്കറേറ്റ് ചെയ്യുന്ന അമ്മുവിനെ നോക്കി നിൽക്കുമ്പോഴാണ് പിന്നിൽ നിന്നുള്ള കളിയാക്കൽ ചന്തു കേൾക്കുന്നത്..തിരിഞ്ഞ് നോക്കിയപ്പോൾ പ്രതീക്ഷിച്ചത് പോലെ അവന്റെ കൂട്ടുകാർ തന്നെ..ഒന്ന് ചമ്മിയെങ്കിലും അത് മുഖത്ത് പ്രകടമാകാതിരിക്കാൻ അവൻ ശ്രദ്ധിച്ചു.

“എന്താടാ?? നിന്നോടൊക്കെ ആ പോസ്റ്റർ റെഡി ആക്കാൻ പറഞ്ഞതല്ലേ” “ഞങ്ങളുടെ ജോലി ഞങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട്..നീ ആണ് വേറെ ജോലി തുടങ്ങിയത്” “വേറെ ജോലിയോ??” “മ്മ്മ്…ദേ അങ്ങോട്ടുള്ള വായിനോട്ടം..കുറച്ച് ദിവസമായി ഞങ്ങൾ ഇത് കാണുന്നുണ്ട്” പിടിക്കപ്പെട്ടെന്ന് മനസ്സിലായതും ചന്തു കള്ളച്ചിരിയോടെ അമ്മുവിനെ നോക്കി നിന്നു. “എന്താ ഉദ്ദേശം?? അന്ന് റാഗ് ചെയ്യാൻ പറ്റാത്തതിന്റെ പ്രതികാരമോ അതോ ടൈം പാസ്സോ?? രണ്ടാണെങ്കിലും ആ ഇച്ചായന്റെ അടികൊള്ളാൻ ഞങ്ങൾ ഇല്ല” “അത് രണ്ടുമല്ല…ആത്മാർത്ഥമായിട്ടാണ്..” “മ്മ്മ് നടക്കട്ടെ നടക്കട്ടെ…അല്ല ഇത് ആ കൊച്ച് അറിയണ്ടേ?? ” “പ്രോഗ്രാം ഒന്ന് കഴിഞ്ഞോട്ടെ മോനേ…

നല്ല ഒന്നാംതരം പ്രൊപ്പോസൽ അങ്ങ് കാച്ചും..അതിൽ തന്നെ അവൾ വീഴും” “ഹാ നീ മൂടിടിച്ച് വീഴാതിരുന്നാൽ ഭാഗ്യം” അവൻ കൂട്ടുകാരെ കൂർപ്പിച്ചൊന്ന് നോക്കി..അവന്മാര് വെളുക്കെ ചിരിച്ചിട്ട് പോയതും ചന്തുവിന്റെ നോട്ടം വീണ്ടും അമ്മുവിലേക്കായി…അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും കണ്ണിലും മനസ്സിലും നിറച്ചുകൊണ്ട്.. 💞💞💞💞💞💞💞💞💞 വൈകിട്ട് വീട്ടിൽ എത്തുമ്പോൾ ജെറിയും ടീനയും കൂടി ചെടിക്ക് വെള്ളം ഒഴിക്കുന്ന തിരക്കിൽ ആയിരുന്നു. “രണ്ട് പേരും ഒരുമിച്ചുള്ളത് കാര്യമായി..എനിക്കൊരു കാര്യം പറയാനുണ്ട്” “എന്താ അമ്മൂസേ??” “അത് ടീനുചേച്ചി….ഓഫീസിൽ എന്തെങ്കിലും വേക്കൻസി ഉണ്ടോ??” “ഇപ്പോൾ ആർക്കാ ജോലി വേണ്ടത്??”

“ദിയ ചേച്ചിക്ക്” “ദിയയ്ക്ക് ആണെങ്കിൽ അത് പറഞ്ഞാൽ പോരേ..അതിന് വേക്കൻസി നോക്കിയിരിക്കേണ്ട ആവശ്യമൊന്നുമില്ല..അല്ലേ ടീനൂച്ചി??” “പിന്നല്ലാതെ..ഒരു ക്യാബിൻ സെറ്റ് ചെയ്‌താൽ പോരേ..” അത് കേട്ടതും അമ്മുവിന് വല്ലാത്ത സന്തോഷം തോന്നി.ഇത്രപെട്ടെന്ന് ദിയയുടെ ജോലി ശരിയാകുമെന്ന് അവൾ കരുതിയില്ല.എന്നാൽ ആ സന്തോഷം ഒറ്റ ഫോൺ കാളിൽ ഇല്ലാതായി.. “ആരാ അമ്മു വിളിച്ചത്??” ഫോണും പിടിച്ച് ചാരുപടിയിലേക്ക് ഇരുന്നവളുടെ ഇടംവലം നിന്നുകൊണ്ട് ടീനയും ജെറിയും ചോദിച്ചു. “ചൈതന്യ മാം..” “അതിന് നീയെന്തിനാ കിളിപോയി ഇരിക്കുന്ന??” “ഫങ്ക്ഷന് വരുന്ന ചീഫ് ഗസ്റ്റിനെ സ്വാഗതം ചെയ്യേണ്ടത് ഞാൻ ആണ്” “അതിനെന്താ?? ഒരു ബൊക്കെ കൊടുത്ത് ക്ഷണിച്ചാൽ പോരേ” “അതിന് വേറെ ആളുണ്ട്..ഞാൻ സ്റ്റേജിൽ കയറി വേണം സ്വാഗതം ചെയ്യാൻ..”

“ഓ വെൽക്കം സ്പീച്” അതും പറഞ്ഞ് ജെറി ഊറിയൂറി ചിരിക്കാൻ തുടങ്ങിയതും ടീന അവന്റെ കൈയിൽ നുള്ളി. “നീയിങ്ങനെ ടെൻഷൻ ആകുന്നത് എന്തിനാ??” “ഞാൻ ഇന്നേവരെ ഒരു പ്രസംഗം നേരിട്ട് കണ്ടിട്ടില്ല..വരുന്ന ഗസ്റ്റിനെ കുറിച്ച് വല്യ ഐഡിയയും ഇല്ല” “അതിനല്ലേ ആൽബി ഉള്ളത്” “ഇച്ചൻ എന്ത്‌ ചെയ്യാനാ??” “കോളേജിലെ എല്ലാ പ്രോഗ്രാംസിനും ഹെഡ് ആയിട്ടുള്ളവനാ അവൻ..കുറേ പേരെ വെൽക്കം ചെയ്തിട്ടുമുണ്ട്.” അമ്മു വീണ്ടും ചിന്തയടിച്ച് ഇരിക്കുന്നത് കണ്ടതും ടീന തന്നെ അവളെ പിടിച്ച് വലിച്ച് ആൽബിയുടെ റൂമിൽ കൊണ്ട് ചെന്നു..കാര്യം അറിഞ്ഞതും ആൽബി അമ്മുവിനെ മൊത്തത്തിൽ ഒന്ന് നോക്കി..എന്നിട്ട് അവളെ അടുത്ത് പിടിച്ചിരുത്തി വിശദമായി ഓരോന്നും പറഞ്ഞ് കൊടുത്തു.

ഇടയ്ക്ക് ചൈതന്യയെ വിളിച്ച് ചീഫ് ഗസ്റ്റിന്റെ ഡീറ്റെയിൽസ് ഒക്കെ ചോദിച്ച് മനസിലാക്കി..അതും അമ്മുവിന് പറഞ്ഞ് കൊടുത്തു..അവൻ പറഞ്ഞുകൊടുത്തതൊക്കെ ഒരു പേപ്പറിൽ എഴുതിയെടുത്തിട്ട് അവൾ മുറിയിൽ നിന്നിറങ്ങിയെങ്കിലും അവൾക്ക് നല്ല ടെൻഷൻ ഉണ്ടെന്ന് ആൽബിക്ക് മനസിലായി..ടെൻഷൻ അടിച്ചാൽ എല്ലാം കൈയിൽ നിന്ന് പോകുമെന്നും അവന് അറിയാം..അമ്മുവിന്റെ ആദ്യത്തെ പ്രോഗ്രാം അങ്ങനെ പരാജയപ്പെടരുതെന്ന് അവൻ ആഗ്രഹിച്ചു. 💞💞💞💞💞💞💞💞💞💞 രാവിലെ ആൽബി സ്റ്റെപ് ഇറങ്ങി വരുമ്പോഴാണ് അമ്മു മുറിയിൽ നിന്നിറങ്ങിയത്..ഗോൾഡൻ ജൂബിലി സെലിബ്രേഷൻ ആയത് കൊണ്ട് തന്നെ അവൾ സെറ്റുസാരി ആണ് ഉടുത്തത്..തലയിലെ മുല്ലപ്പൂവും കണ്മഷിയിട്ട കണ്ണുകളും ആ കുഞ്ഞ് പൊട്ടും അതിന് മുകളിലായി ചാർത്തിയ ചന്ദനക്കുറിയും ജിമിക്കി കമ്മലും എല്ലാം അവളുടെ ഭംഗി കൂട്ടിയിരുന്നു.

“ഈ നോട്ടത്തിന്റെ അർത്ഥമെന്ത ഇച്ചായ??” ജെറിയുടെ ശബ്ദമാണ് ആൽബിയുടെ നോട്ടം മാറ്റിയത്..ഒരു നിമിഷം അവനൊന്ന് പതറി. “എന്ത്‌ നോട്ടം??” “അന്നൊരിക്കൽ നമ്മൾ എല്ലാവരും അമ്പലത്തിൽ പോയ ദിവസവും ഇച്ചായൻ ഇതുപോലെ നോക്കി നിന്നിട്ടുണ്ട്” “സാരി ഉടുത്ത് വന്നാൽ നോക്കി പോകും..അതിലിപ്പോൾ എന്താ തെറ്റ്??” “ഒരു തെറ്റുമില്ല..പക്ഷെ ഇതുപോലെ ടീനൂച്ചിയെ നോക്കുന്നില്ലല്ലോ” “അവളെ ഞാൻ നോക്കുന്നുണ്ടോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം??? ചുമ്മാ ഓരോന്ന് പറഞ്ഞുകൊണ്ട് നിൽക്കാതെ എന്റെ മോൻ ഓഫീസിലേക്ക് പോകാൻ നോക്ക്..ഇന്ന് കോൺഫറൻസ് ഉള്ളതല്ലേ” അമ്മുവിനെ മറികടന്ന് ആൽബി പോയതും എന്തിനോ അമ്മുവിന്റെ കണ്ണൊന്ന് നിറഞ്ഞു..ആകെ ടെൻഷൻ ആയിട്ടാണ് ഇന്ന് കോളേജിലേക്ക് പോകുന്നത്..ഒരു വാക്ക് എങ്കിലും ആൽബി സംസാരിച്ചിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചിരുന്നു.. 💞💞💞💞💞💞💞💞💞

ഫങ്ക്ഷൻ തുടങ്ങാറായതും റെഡി ആയി നിൽക്കാൻ ചൈതന്യ വന്ന് പറഞ്ഞു..അമ്മുവിന് കൈയും കാലും വിറയ്ക്കാൻ തുടങ്ങി..തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് വന്നാൽ അത് ഈ പ്രോഗ്രാമിനെ മൊത്തത്തിൽ ബാധിക്കും…അവൾ ശ്വാസം ആഞ്ഞുവലിച്ചു…ആൽബി പറഞ്ഞുകൊടുത്തതൊക്കെ എഴുതി വെച്ച പേപ്പർ എടുക്കാനായി അവൾ ബാഗിൽ തപ്പിയപ്പോൾ ആണ് എന്തോ ഒന്ന് അവളുടെ കൈയിൽ തടഞ്ഞത്…പേപ്പറിനോടൊപ്പം തന്റെ കൈയിലേക്ക് വന്ന ആ പൊൻകുരിശ് അമ്മു അത്ഭുതത്തോടെ നോക്കി..ഇച്ചന്റെ മാലയിൽ കൊരുത്തിട്ടിരിക്കുന്ന പൊൻകുരിശ്..പക്ഷെ അതെങ്ങനെ തന്റെ ബാഗിൽ…ചിന്തിച്ചുകൊണ്ട് നിൽകുമ്പോൾ തന്നെ ചൈതന്യ അവളെ വന്ന് വിളിച്ചു..ഇപ്പോൾ അവൾക് പേടിയില്ല..ടെൻഷൻ ഇല്ല..എവിടെ നിന്നോ ഒരു ധൈര്യം വന്നത് പോലെ..പേപ്പർ തിരികെ ബാഗിലേക്ക് വെച്ചുകൊണ്ട് അവൾ സ്റ്റേജിലേക്ക് ചെന്നു..

ആത്മവിശ്വാസത്തോടെ തന്നെ അവൾ വേദിയിലും സദസ്സിലും ഇരിക്കുന്നവരെ സ്വാഗതം ചെയ്തു..സ്റ്റേജിൽ ഉള്ള ഓരോരുത്തരെ കുറിച്ചും അവൾ സംസാരിച്ചു..അവസാനം ചീഫ് ഗസ്റ്റിനെയും ക്ഷണിച്ച് അവൾക് നൽകിയ ജോലി ഭംഗിയായി പൂർത്തിയാക്കി…സ്റ്റേജിന്റെ പിന്നിലുള്ള ഡ്രസിങ് റൂമിൽ ചെന്ന് നിൽക്കുമ്പോഴും ആ പൊൻകുരിശ് അവൾ മുറുകെ പിടിച്ചിരുന്നു…പെട്ടെന്നാണ് അവൾ ഓർത്തത്..അന്ന് ലൈസൻസ് എടുക്കാൻ പോയപ്പോഴും തന്റെ ധൈര്യത്തിനായി ഇച്ചൻ ഈ പൊൻകുരിശ് ഊരി തന്നിരുന്നു..അന്നാണ് ഇച്ചന് അപകടം ഉണ്ടായത്..ഇന്നും അതുപോലെ തന്നെ തനിക്ക് വേണ്ടി ഈ പൊൻകുരിശ്…അവൾക്ക് വല്ലാത്ത പേടി തോന്നി…പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ആൽബിയെ വിളിച്ചു..

പക്ഷെ അവൻ എടുത്തില്ല..കുറേ തവണ വിളിച്ചിട്ടും എടുക്കാതായപ്പോൾ അവൾ അമ്മച്ചിയെ വിളിച്ചു.അപ്പോഴാണ് ആൽബി പുറത്തേക്ക് പോയെന്ന് അറിയുന്നത്..അതോടെ അമ്മുവിന് ശരീരം തളരുന്നത് പോലെ തോന്നി…വീണ്ടും അവൾ വിളിച്ചുകൊണ്ടിരുന്നു…ആ ശബ്ദം ഒന്ന് കേൾക്കാനായി…ആ നിശ്വാസം ഒന്ന് അറിയാനായി…….. (തുടരും )

ആത്മിക:  ഭാഗം 38

Share this story