ഈറൻമേഘം: ഭാഗം 27

ഈറൻമേഘം: ഭാഗം 27

 എഴുത്തുകാരി: Angel Kollam

അമേയയുടെ കണ്ണുനീർ വീണ് ജോയലിന്റെ ഷർട്ട് നനഞ്ഞു തുടങ്ങിയിരുന്നു.. ജോയൽ അവളുടെ മുഖം തന്റെ നേർക്ക് പിടിച്ചുയർത്തി.. അവളുടെ ഇരുകവിളുകളിളും തന്റെ കൈ കൊണ്ട് മൃദുവായി തലോടിക്കൊണ്ട് ചോദിച്ചു.. “എന്തിനാടോ കരയുന്നത്?” “ഇത് ആനന്ദകണ്ണുനീരാണ് സാർ.. ഈ വാക്കുകൾ കേൾക്കാൻ ഞാനെത്ര ആഗ്രഹിച്ചിരുന്നെന്നോ?” “എനിക്ക് അറിയാമായിരുന്നു.. എങ്കിലും എന്തോ ചില ചിന്തകൾ എന്നെ പിന്നോട്ട് വലിച്ചതാണ്.. ഒരു പെണ്ണിന്റെ മുന്നിൽ മനസ്സ് തുറക്കാനുള്ള ധൈര്യമൊന്നും എനിക്കില്ലെന്ന് തോന്നി ” അമേയയുടെ മിഴികൾ വീണ്ടും നിറയുന്നുണ്ടായിരുന്നു.. അവൻ തന്റെ വലതുകരം ഉയർത്തി അവളുടെ മിഴിനീർ തുടച്ചു കൊണ്ട് പറഞ്ഞു..

“നോക്ക്.. ഇനി ഒന്നിന് വേണ്ടിയും താൻ കരയരുത്.. താൻ ജോയലിന്റെ പെണ്ണാണ്.. ഇനി ഒരിക്കലും ഈ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല.. താൻ കരയുന്നത് എനിക്കിഷ്ടമല്ല.. ഒരുപാട് കരഞ്ഞതല്ലേടോ.. ഇനി മനസ്സ് തുറന്ന് ചിരിച്ചാൽ മാത്രം മതി.. ” അമേയ മറുപടി പറഞ്ഞില്ല.. അവളുടെ നനഞ്ഞ മിഴികളിലും ജോയൽ ചുംബിച്ചു.. അവൾ അവനോട് കൂടുതൽ ചേർന്ന് നിന്നു.. ഹാളിലെ ടീപ്പോയിലിരുന്ന ജോയലിന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ അമേയ ഞെട്ടലോടെ പിടഞ്ഞു മാറി.. ജോയൽ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി.. സമയം പതിനൊന്നു മണി കഴിഞ്ഞല്ലോ.. ഈ രാത്രിയിൽ ആരാണ് വിളിക്കുന്നതെന്നോർത്തു കൊണ്ട് അവൻ ഹാളിലേക്ക് കടന്ന് വന്നു.. ഡിസ്പ്ലേയിൽ സുഹാസിന്റെ പേര് കണ്ടതും ജോയലിന്റെ നെറ്റിയിൽ ചുളിവ് വീണു.. സുഹാസിന് നൈറ്റ്‌ ഡ്യൂട്ടി ആണല്ലോ..

പിന്നെന്താ ഈ ടൈമിൽ വിളിക്കുന്നത് എന്ന് ചിന്തിച്ച് കൊണ്ടാണ് അവൻ ഫോണെടുത്തത്.. “ഹലോ.. എന്ത് പറ്റിയെടാ.. നൈറ്റ്‌ ഡ്യൂട്ടി ഇല്ലായിരുന്നോ?” “നൈറ്റ്‌ ഡ്യൂട്ടിയാണ് അച്ചായാ.. ഡ്യൂട്ടിക്ക് കയറിയപ്പോൾ മുതൽ തിരക്കായിരുന്നു അതാ വിളിക്കാൻ കുറച്ച് ലേറ്റായത്.. അച്ചായൻ കിടന്നില്ലായിരുന്നോ?” “ഇല്ല… ” “ആമീ എന്തിയെ? അവൾ ഓക്കേ ആണോ?” “അവൾ ഇവിടെ അടുത്ത് നിൽപ്പുണ്ട്… ഞാൻ ഫോൺ കൊടുക്കണോ?” “അവളും ഇതുവരെ ഉറങ്ങിയില്ലേ.. ഈ സമയമായിട്ടും ഉറങ്ങാഞ്ഞതെന്താ?” സുഹാസിന്റെ ശബ്ദത്തിൽ അവളെക്കുറിച്ചുള്ള കരുതൽ വ്യക്തമായിരുന്നു.. സ്വപ്നയെ പ്രണയിച്ചയാൾ തന്നെ റേപ്പ് ചെയ്തതിന്റെ ആഘാതം കൊണ്ടായിരിക്കും സുഹാസിന്റെ ശബ്ദത്തിൽ ഇത്രയും ആശങ്കയെന്ന് ജോയലിന് മനസിലായി.. “ഞങ്ങൾ വെറുതെ ഹാളിൽ സംസാരിച്ചിരിക്കുകയായിരുന്നു..

നീ പേടിക്കണ്ട.. അവളിവിടെ സേഫ് ആണ്.” “അച്ചായാ.. എനിക്ക് ഇപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയാണ്.. എന്റെ അമ്മയുടെ അനിയത്തിയുടെ മകളാണ് സ്വപ്ന.. അവൾക്കിങ്ങനെ വന്നതിൽ എനിക്ക് വല്ലാത്ത സങ്കടമുണ്ട്… ” “നീ ഒരു ഡോക്ടറല്ലേ.. ഇങ്ങനെയൊരു സിറ്റുവേഷൻ വന്നാൽ ഉടനെ മനസ്സ് കൈ വിടുകയാണോ വേണ്ടത്.. ജീവിതത്തിൽ ഇതിലും വല്യ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നേക്കാം” “അച്ചായൻ ഫ്രീ ആണോ? എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് ” “ഉം… പറഞ്ഞോ.. ഞാൻ ഫ്രീയാണ് ” ജോയൽ ഹാളിലെ സെറ്റിയിലേക്കിരുന്നു കൊണ്ട് അമേയയോട് ഉറങ്ങാൻ പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു.. അവളും ജോയലിന്റെ തൊട്ടടുത്ത് വന്നിരുന്നു. എന്നിട്ട് അവന്റെ ചുമലിലേക്ക് തന്റെ തല ചേർത്ത് വച്ചിരുന്നു..

ജോയൽ വാത്സല്യത്തോടെ അവളെ നോക്കിയിട്ട് സുഹാസിന്റെ വാക്കുകൾക്കായി കാതോർത്തു.. “അച്ചായാ… സ്വപ്നയോട് സംസാരിച്ചപ്പോൾ എന്താ മനസിലായത്.. അവൾ അത്യാവശ്യം ബോൾഡ് ആയ ഒരു പെണ്ണാണെന്നല്ലേ..” “അതേ.. ആ കുട്ടിക്ക് ആദ്യത്തെ ഷോക്കായിരുന്നു.. അത് മാറി കഴിഞ്ഞപ്പോൾ അത്യാവശ്യം ഓക്കേ ആയിട്ടാണല്ലോ ഇവിടെ നിന്ന് പോയത് ” “ഓക്കേ ആയിരുന്നു.. പക്ഷേ അവളുടെ അച്ഛൻ അവൾക്കൊരു സ്വൈര്യവും കൊടുക്കുന്നുണ്ടായിരുന്നില്ല.. അയാൾ ഓരോന്ന് പറഞ്ഞ് അവളുടെ സ്വസ്ഥത നശിപ്പിച്ചു കൊണ്ടിരുന്നു.. ഇയാളുടെ ഈ സ്വഭാവം നല്ലത് പോലെ അറിയാവുന്നത് കൊണ്ടാണ് കേസിന് പോകേണ്ടെന്നും അവളുടെ മനസ്സൊന്നു നേരെയാക്കിയാൽ മതിയെന്നും ഞാൻ പറഞ്ഞതും.. അല്ലാതെ ആ ചെകുത്താന് ശിക്ഷ കിട്ടണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല..

അവനെ വെറുതെ വിടുന്നതിൽ എനിക്ക് അത്രയ്ക്ക് സങ്കടമുണ്ട്.. എന്നാലും സ്വപ്നയെ മാധ്യമങ്ങൾക്ക് ഒരു ഇരയായിട്ട് ഇട്ടുകൊടുക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു.. ” “ഇപ്പോൾ ആ കുട്ടിയ്ക്ക് എന്ത് പറ്റി.. അത് പറയ് നീ ” “അവളുടെ അച്ഛൻ അവന്റെ വീട്ടുകാരോട് സംസാരിച്ചു.. തങ്ങളുടെ മകൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായിട്ട് അവനെക്കൊണ്ട് സ്വപ്നയെ കല്യാണം കഴിപ്പിക്കാമെന്ന് ആ പയ്യന്റെ വീട്ടുകാർ പറഞ്ഞു.. അപ്പോൾ സ്വപ്നയുടെ അച്ഛന് സന്തോഷമായി.. തന്റെ സമ്മതമില്ലാതെ തന്നെ നശിപ്പിച്ചവനെ ഭർത്താവായിട്ട് വേണ്ടെന്ന് സ്വപ്ന പറയുമെന്നാണ് ഞാൻ കരുതിയത്.. അച്ഛന്റെ കുത്തുവാക്കുകളും ശാപ വചനങ്ങളും കേൾക്കാൻ വയ്യാത്തത് കൊണ്ടായിരിക്കും സ്വപ്ന ആ വിവാഹത്തിന് സമ്മതിച്ചു..

പക്ഷേ എനിക്കത് അംഗീകരിക്കാൻ പറ്റുന്നില്ല.. ഒരു വെട്ടപ്പട്ടിയെ പോലെ അവളെ കടിച്ചു കീറിയ ഒരുത്തനെ വിവാഹം ചെയ്യാൻ സ്വപ്നയെപ്പോലെ ഒരു പെണ്ണ് തയ്യാറാകുമോ? അവളുടെ തീരുമാനത്തിൽ എനിക്കെന്തോ പൊരുത്തക്കേട് തോന്നുന്നു ” “നീ പറയുന്നത് സത്യമാണ്.. സ്വപ്നയെന്നല്ല അഭിമാനമുള്ള ഒരു പെണ്ണും തന്നെ ക്രൂരമായി പീഡിപ്പിച്ച ഒരുത്തന്റെ ഭാര്യയാകാൻ സമ്മതിക്കില്ല.. ഇതിലെന്തോ അപകടം മണക്കുന്നുണ്ട്.. നീ ഒരു കാര്യം ചെയ്യ്.. നാളെ അവളെയും കൂട്ടി ഹോസ്പിറ്റലിലേക്ക് വാ.. പത്തു മണിയാകുമ്പോളേക്കും വന്നാൽ ആദ്യത്തെ സെക്ഷൻ തന്നെ കിട്ടും ” “ഞാൻ വരാം അച്ചായാ ” “നീ വിഷമിക്കണ്ട.. അവൾക്ക് അപകടം വരുന്നതൊന്നും ഇനിയുണ്ടാകില്ല..

ഞാൻ അവളോട് നാളെ സംസാരിക്കട്ടെ.. എന്നിട്ട് ബാക്കി തീരുമാനിക്കാം ” “ഓക്കേ അച്ചായാ…” ജോയൽ ഫോൺ കട്ട്‌ ചെയ്തു.. ഒരു പൂച്ചക്കുഞ്ഞിനെ പോലെ തന്നോട് ചേർന്നിരിക്കുന്ന അമേയയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.. “ഇങ്ങനെയിരുന്നാൽ മതിയോ.. ഉറങ്ങണ്ടേ?” “ഉം.. ഉറങ്ങണം ” അമേയ എഴുന്നേറ്റു.. ജോയലും.. അവൾ റൂമിലേക്ക് കയറിയപ്പോൾ അവൻ പറഞ്ഞു.. “റൂം ലോക്ക് ചെയ്യണ്ട.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം കേട്ടോ ” “ഉം ” “ഗുഡ് നൈറ്റ് ” “ഗുഡ് നൈറ്റ് ” അമേയ തന്റെ റൂമിലേക്ക് കയറിയിട്ട് റൂമിന്റെ ഡോർ പതുക്കെ ചാരി.. കട്ടിലിൽ കിടന്നിട്ട് അവൾ തന്റെ നെറ്റിയിൽ തലോടി.. അൽപ്പം മുൻപ് നടന്നത് സ്വപ്നമാണോ.. അതോ സത്യമാണോ എന്ന് ചിന്തിക്കുകയായിരുന്നു അവൾ..

സാറെന്താണ് തന്നോട് പറഞ്ഞത്.. അവസാനശ്വാസം വരെ തന്നെ കൂടെ വേണമെന്നോ… സന്തോഷം കൊണ്ട് അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു.. തനിക്ക് ഭാരമില്ലാതെ ആകുകയാണെന്നും അപ്പൂപ്പൻ താടി പോലെ താൻ പറന്നുയരുകയാണെന്നും അവൾക്ക് തോന്നി… നിദ്രയോടൊപ്പം സുഖമുള്ള ഒരു സ്വപ്നവും അവളെ തേടിയെത്തി.. രാവിലെ അമേയ ഉണർന്നു വരുമ്പോൾ ജോയൽ കിച്ചണിലായിരുന്നു.. ചപ്പാത്തിയ്ക്ക് മാവ് കുഴച്ചു വയ്ക്കുകയായിരുന്നു അവൻ.. അമേയയേ കണ്ടതും ചെറിയ ചിരിയോടെ പറഞ്ഞു.. “ആഹാ.. ചപ്പാത്തി പരത്താൻ എക്സ്പേർട്ട് വന്നല്ലോ.. എന്റെ മമ്മി പോലും അത്രയും കറക്റ്റ് ഷേപ്പിൽ പരത്തില്ല ” “അയ്യടാ.. രാവിലെ തന്നെ ചീഞ്ഞ കോമഡി പറയുകയാണോ? എങ്കിലേ.. ഇത് കേട്ടിട്ട് എനിക്ക് ചിരിയൊന്നും വന്നില്ല ” അമേയ അവന്റെ തൊട്ടടുത്ത് അടുക്കളയുടെ അരഭിത്തിയിലേക്ക് കയറിയിരുന്നു കൊണ്ട് പറഞ്ഞു..

“ഒരു ദിവസം കൊണ്ട് പെണ്ണാകെ മാറിപ്പോയല്ലോ.. ഇന്നലെ വരെ ഒരു മീറ്റർ അകലം പാലിച്ചു നിന്നിരുന്നെയാണല്ലോ ” “അതിന് ഇന്നലത്തെ അമേയ അല്ലല്ലോ ഇത്.. അമേയ കൃഷ്ണനിൽ നിന്നും അമേയ ജോയലിലേക്ക് പ്രൊമോഷൻ കിട്ടിയില്ലേ?” ജോയൽ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. “പ്രൊമോഷനോക്കെ കിട്ടി എന്നുള്ളത് സത്യമാണ്.. എന്നാലും ഈ പേരിന്റെ അറ്റത്തു നിന്ന് അച്ഛന്റെ പേര് വെട്ടി മുറിച്ചുള്ള ആർഭാടമൊന്നും നമുക്ക് വേണ്ട.. ഞാൻ ജോയൽ ജോസഫ് ആയിട്ടിരിക്കുന്നിടത്തോളം കാലം നീ അമേയ കൃഷ്ണൻ ആയിരുന്നാൽ മതി.” “ഉം.. ഓക്കേ.. ” ജോയൽ ഫ്രിഡ്ജിൽ നിന്നും പച്ചക്കറികൾ എടുത്തപ്പോൾ അമേയ അവന്റെ കയ്യിൽ നിന്നും അത് കഴുകാനായി വാങ്ങി.. “എടോ.. ഞാൻ ചെയ്തോളാം.. താൻ റസ്റ്റ് എടുത്തോ ” “അല്ലെങ്കിൽ തന്നെ പാചകം എനിക്കത്ര വശമില്ലാത്ത പണിയാണ്..

അതിന്റെ കൂടെ സാറെന്നെ മടിച്ചി കൂടിയാക്കി മാറ്റരുത്.. ” “മടി പിടിച്ചിരിക്കാതെ ഞാൻ നോക്കിക്കോളാം.. എന്നും ഈ അനുകൂല്യം പ്രതീക്ഷിക്കണ്ട.. പിന്നെ ഇപ്പോളത്തെ സാഹചര്യം കണക്കിലെടുത്ത് ഇന്നൊരു ദിവസം വേണമെങ്കിൽ ഒരിളവ് തന്നേക്കാം ” “വേണ്ട.. ആം ഓക്കേ നൗ ” “എങ്കിൽ വെജിറ്റബിൾ കുറുമയ്ക്ക് വേണ്ടി പീസ് ആക്കിക്കോ.. ഞാൻ സുഹാസിനെ ഫോൺ ചെയ്തിട്ട് രാവിലെ തന്നെ വരണമെന്ന് ഒന്നുകൂടി ഓർമിപ്പിച്ചിട്ട് വരാം ” ജോയൽ ഹാളിലെ സെറ്റിയിലിരുന്ന് ഫോൺ ചെയ്യാൻ തുടങ്ങിയപ്പോൾ അമേയ ചെറു ചിരിയോടെ പച്ചക്കറികൾ കഴുകി നുറുക്കാൻ തുടങ്ങി.. ഫോൺ സംഭാഷണം അവസാനിപ്പിച്ചതിന് ശേഷം ജോയൽ തിരികെയെത്തി കറി ഉണ്ടാക്കാൻ തുടങ്ങി..

“എന്നെ കുറ്റം പറയില്ലെങ്കിൽ ഞാൻ ചപ്പാത്തി പരത്തി സഹായിക്കാം ” “സാരമില്ലടോ.. സമയമുണ്ടല്ലോ..” ജോയൽ ചെയ്‌യുന്നതെല്ലാം അവൾ നോക്കി നിന്നു.. അവനെന്ത് ചെയ്താലും അതിലൊരു പെർഫെക്ഷൻ ഉണ്ടെന്ന് അവൾക്ക് തോന്നി.. ജോയൽ റെഡിയായി വന്നതിന് ശേഷം ഇരുവരും ഒരുമിച്ചിരുന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു.. യാത്ര പറഞ്ഞിറങ്ങുമ്പോൾ ജോയൽ അവളോട് ചോദിച്ചു.. “തനിക്ക് വാട്ട്‌സ്ആപ്പ് ഇല്ലല്ലോ.. അതെന്താ ഈ നമ്പറിൽ എടുക്കാഞ്ഞത്?” “അത് ആദ്യത്തെ വാട്സ്ആപ്പ് അന്ന് ആ പ്രശ്നം ഉണ്ടായപ്പോൾ ഞാൻ കളഞ്ഞതാണ്.. പിന്നെ ഈ നമ്പർ എടുത്തപ്പോൾ പുതിയതെടുക്കാൻ തോന്നിയില്ല.. എനിക്ക് മെസ്സേജ് അയക്കാനൊന്നും ആരുമില്ലല്ലോ എന്നാണ് കരുതിയത് ” “ഇപ്പോൾ ഞാനുണ്ടല്ലോ.. എനിക്ക് ഡ്യൂട്ടി ബിസിയാണെങ്കിൽ ഫോൺ വിളിക്കാൻ പറ്റിയെന്ന് വരില്ല..

അപ്പോൾ ഇടയ്ക്ക് ഒരു മെസ്സേജ് എങ്കിലും അയക്കാം ” “ഉം ” “പോയിട്ട് വരാം.. എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി.. പിന്നെ ബുധനാഴ്ചയാണ് ഇന്റർവ്യൂ.. ഓർമയുണ്ടല്ലോ.. വെറുതെ സമയം കളയാതെ എന്തെങ്കിലും പഠിക്കാൻ നോക്ക്.. പിന്നെ ബുക്സ് എന്തെങ്കിലും വേണമെങ്കിൽ റൂമിലിരിപ്പുണ്ട്.. നോക്കിയാൽ മതി ” “ഓക്കേ ” ജോയൽ അവളുടെ നേർക്ക് കൈ വീശികാണിച്ചിട്ട് പോയി.. അവൻ ലിഫ്റ്റിൽ കയറുന്നത് വരെ അമേയ നോക്കി നിന്നു.. ഇതെന്തൊരു കാമുകനാണ്… അറ്റ്ലീസ്റ്റ് തന്നെ ഒന്ന് ചേർത്ത് നിർത്തിയിട്ടു നെറ്റിയിലൊരു ഉമ്മയെങ്കിലും തന്നിട്ട് പോകാമായിരുന്നു.. ഈ മനുഷ്യൻ ഒട്ടും റൊമാന്റിക് അല്ലല്ലോ.. അമേയ മനസ്സിൽ ചിന്തിച്ചു..

അതേസമയം അവൾക്ക് അത്ഭുതം തോന്നി.. താനെന്താണ് ഇപ്പോൾ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്, ശ്യാമും ആയിട്ട് പ്രണയത്തിലായപ്പോൾ അവന്റെ ഒരു ചുംബനത്തിന് പോലും താൻ കൊതിച്ചിട്ടില്ല.. പക്ഷേ ഇപ്പോൾ തന്റെ മനസ്സ് എന്തൊക്കെയോ ആഗ്രഹിക്കുന്നുണ്ട്.. ഹേയ്.. ഇതൊന്നും ശരിയല്ല.. സാർ നല്ല മനുഷ്യനാണ്.. താനായിട്ട് അദ്ദേഹത്തെ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പ്രലോഭിപ്പിക്കരുത്.. അമേയ ഫോണെടുത്തു വാട്സ്ആപ്പ് ഓപ്പണാക്കി.. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ അവൾക്ക് ജോയലിന്റെ മെസ്സേജ് കിട്ടി.. ‘ഞാൻ ഹോസ്പിറ്റലിൽ എത്തി.. സുഹാസ് ഇപ്പോൾ വിളിച്ചിരുന്നു.. അവർ ഉടനെയെത്തും.. ‘ ‘ശരി.. ഞാൻ പഠിക്കാൻ പോവാണ്..’ അമേയ ഉടനെ തന്നെ റിപ്ലൈ അയച്ചു..

ജോയൽ ഫോൺ കൈയിൽ പിടിച്ചു ചെറു ചിരിയോടെയിരുന്നു.. അവളുടെ പേര് ഫോണിൽ സേവ് ചെയ്തിതിട്ടില്ലല്ലോയെന്ന് പെട്ടന്നാണ് ചിന്തിച്ചത്.. അന്ന് വെറുതെ നമ്പർ മാത്രം സേവ് ചെയ്യുകയായിരുന്നു.. അവൻ ആ കോൺടാക്ട് എഡിറ്റ്‌ ചെയ്തിട്ട് ‘എന്റെ പെണ്ണ് ‘ എന്ന് ഫോണിൽ സേവ് ചെയ്തു.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മായാതെ നിന്നു.. അപ്പോളാണ് പൂജ കാബിനിലേക്ക് വന്നത്.. ജോയലിന്റെ മുഖം ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു.. “എന്താ സാറേ രാവിലെ തന്നെ ഒരു കള്ളച്ചിരിയൊക്കെ?” ജോയൽ ഫോൺ മാറ്റി വച്ചിട്ട് അവളോട് പറഞ്ഞു.. “ഞാൻ എന്റെ മനസിലുള്ളതെല്ലാം അവളോട് തുറന്ന് പറഞ്ഞേടോ ” പൂജ ആകാംഷയോടെ ചോദിച്ചു.. “സാറേ.. അമേയ എന്താ മറുപടി പറഞ്ഞത്?”

“ഒന്നും പറഞ്ഞില്ല.. കരഞ്ഞു.. അവളൊന്നും പറഞ്ഞില്ലെങ്കിലും എനിക്ക് ആ മനസ്സ് അറിയാൻ സാധിക്കുമല്ലോ ” “എനിക്ക് സന്തോഷമായി.. ഇനിയിപ്പോൾ സാറിന്റെ കല്യാണം കൂടിയിട്ടേയുള്ളൂ എന്റേത്..” “കല്യാണം ഉടനെയൊന്നും ഉണ്ടാകില്ല.. എനിക്കുടനെ തന്നെ പപ്പയോടോ മമ്മിയോടോ ഞങ്ങളുടെ കാര്യം അവതരിപ്പിക്കാൻ കഴിയില്ല.. അതിന് കുറച്ച് കൂടി മാനസികമായി തയ്യാറെടുക്കാനുണ്ട്.. തന്നെയുമല്ല അവളുടെ മനസും ഒന്ന് നേരെയാകട്ടെടോ.. എന്തൊക്കെ പറഞ്ഞാലും ഒരു പ്രണയനഷ്ടം ഉണ്ടായതല്ലേ.. അവളുടെ മനസിന്റെ ഒരു കോണിലെങ്കിലും ചെറിയൊരു വേദനയെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ പൂർണമായും മാറിയിട്ട് മതി കല്യാണമൊക്കെ ”

“എങ്കിലും അധികം വച്ചു താമസിപ്പിക്കണ്ടെന്നാണ് എന്റെ അഭിപ്രായം..” “അതിനെപ്പറ്റിയൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം.. എനിക്ക് തന്നോട് വളരെ സീരിയസ് ആയിട്ട് മറ്റൊരു കാര്യം പറയാനുണ്ട് ” ജോയലിന്റെ മുഖത്ത് ഗൗരവം നിറഞ്ഞത് കണ്ട് പൂജ ആകാംഷയോടെ ചോദിച്ചു.. “എന്താ സാർ കാര്യം?” ജോയൽ സ്വപ്നയെപ്പറ്റിയുള്ള കാര്യങ്ങൾ പൂജയോട് പറഞ്ഞു.. എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നിട്ട് അവൾ പറഞ്ഞു.. “സാറിന്റെ നിഗമനം ശരിയാണെന്നാണ് എനിക്കും തോന്നുന്നത്.. സ്വപ്നയുടെ ആ തീരുമാനത്തിൽ എന്തോ ഒരു അസ്വഭാവികതയുണ്ട്.. വിദ്യാഭ്യാസവും വിവരവുമുള്ള സ്വപ്നയെപ്പോലെയൊരു പെണ്ണ് ഒന്നും മനസ്സിൽ കാണാതെ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല സാർ ” “പക്ഷേ എനിക്ക് വേറെയും ഒരു സംശയം കൂടിയുണ്ട്..

ഇന്നലെ എന്നെക്കാണാൻ വന്നപ്പോൾ തന്നെ ആ കുട്ടിയുടെ പിതാവിന്റെ ആറ്റിട്യൂട് ശരിയാണെന്നു എനിക്ക് തോന്നിയില്ല.. വീട്ടിൽ ചെന്നിട്ടും അയാളൊരു സ്വസ്ഥതയും കൊടുക്കാഞ്ഞപ്പോൾ വേറെ നിവൃത്തിയില്ലാഞ്ഞത് കൊണ്ട് സഹികെട്ടു അവൾ ആ തീരുമാനം എടുത്തതാണെങ്കിലോ?” “എന്തായാലും അവരിങ്ങോട്ട് വരികയാണെന്നല്ലേ പറഞ്ഞത്.. നമുക്ക് സ്വപ്നയോട് തന്നെ ചോദിക്കാം.. എന്താണ് അവളെ അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ” “ഉം ” അൽപ്പസമയം കഴിഞ്ഞപ്പോൾ സുഹാസും സ്വപ്നയും എത്തി.. സ്വപ്നയുടെ മുഖത്ത് വല്ലാത്തൊരു ഭാവമായിരുന്നു.. താനിന്നലെ കണ്ട പെൺകുട്ടിയാണോ മുന്നിലിരിക്കുന്നതെന്ന് ജോയലിന് സംശയം തോന്നി.. ജോയൽ സ്വപ്നയോട് ചോദിച്ചു..

“എന്ത് പറ്റി സ്വപ്ന.. തന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്?” സ്വപ്ന തലയുയർത്തി ജോയലിന്റെ മുഖത്തേക്ക് നോക്കി.. പിന്നെ സുഹാസിനെയും പൂജയെയും മാറിമാറി നോക്കിയിട്ട് പറഞ്ഞു… “എനിക്ക് സാറിനോട് തനിച്ചു സംസാരിക്കണം ” ജോയൽ പൂജയുടെ നേർക്ക് നോക്കിയിട്ട് പറഞ്ഞു.. “താൻ സുഹാസിനെയും കൂട്ടി കാന്റീനിലേക്ക് പൊയ്ക്കോ.. ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി ” “ശരി സാർ ” പൂജയും സുഹാസും ആ റൂമിൽ നിന്നും പുറത്തേക്ക് പോയി.. ജോയൽ അലിവോടെ സ്വപ്നയുടെ മുഖത്തേക്ക് നോക്കി…. “എന്താ തനിക്ക് പറയാനുള്ളത്?” സ്വപ്നയുടെ മുഖത്ത് നിസ്സഹായത ആയിരുന്നു.. “സാർ.. എനിക്കിനിയൊരിക്കലും ഒരു വിവാഹജീവിതം ഉണ്ടാകില്ലെന്നാണ് എന്റെ അച്ഛൻ പറയുന്നത്..

അപ്പോൾ പിന്നെ ജീവിതകാലം മുഴുവൻ എല്ലാവർക്കും ഭാരമായി ഞാൻ ആ വീട്ടിൽ കഴിയേണ്ടി വരും.. അതിലും ഭേദമല്ലേ അശോകിന്റെ ഭാര്യ ആകുന്നത്.. ഒന്നുമല്ലെങ്കിലും ഒരു കാലത്ത് ഞാൻ ആത്മാർത്ഥമായി പ്രണയിച്ചവനല്ലേ? അവനൊരു തെറ്റ് പറ്റുമ്പോൾ ഞാൻ ക്ഷമിക്കുകയല്ലേ വേണ്ടത്?” ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെ സ്വപ്ന പറയുന്നത് കേട്ടപ്പോൾ തന്നെ ഇതവളുടെ സ്വന്തം വാക്കുകളല്ലെന്ന് ജോയലിന് മനസിലായി.. താൻ കരുതിയതിലും സങ്കീർണമാണ് ഈ പ്രശ്‍നമെന്ന് ജോയലിന് മനസിലായി.. സ്വപ്നയുടെ മുഖത്തേക്ക് ജോയൽ സൂക്ഷിച്ചു നോക്കി.. അവന്റെ നോട്ടത്തെ നേരിടാനാകാതെ അവൾ തല കുമ്പിട്ടിരുന്നു.. “സ്വപ്ന.. നിന്നെ പിച്ചി ചീന്തിയ ഒരുത്തന്റെ ഭാര്യയാകാൻ സ്വമനസാലെ നീ തയ്യാറായെന്ന് ഞാൻ വിശ്വസിക്കണം.. അല്ലേ?” അവളിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല..

ജോയൽ ശബ്ദമുയർത്തി ചോദിച്ചു.. “ഞാൻ ചോദിച്ചതിന് മറുപടി പറയ് സ്വപ്നാ.. ഒരു മനുഷ്യനെന്ന പരിഗണന പോലുമില്ലാതെ നിന്നെ കടിച്ചു കീറിയ ഒരാളെ വിവാഹം ചെയ്യാൻ നിനക്ക് പൂർണ്ണ സമ്മതമാണെന്ന് ഞാൻ വിശ്വസിക്കണോ.. ഇത് നിന്റെ തീരുമാനമല്ലെന്ന് എനിക്കറിയാം.. സത്യം പറയ്.. എന്താ നിന്റെ മനസ്സിൽ?” സ്വപ്ന തലയുയർത്തി ജോയലിനെ നോക്കി.. അവളുടെ കണ്ണുകളിൽ കനലെരിയുന്നുണ്ടെന്ന് ജോയലിന് തോന്നി.. “പിന്നെ ഞാനെന്ത് ചെയ്യണമായിരുന്നു എന്നാണ് സാർ പറയുന്നത്.. അവനെന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കണമായിരുന്നോ? അങ്ങനെ ചെയ്താൽ അവന് ശിക്ഷ കിട്ടുമായിരുന്നോ? അവന്റെ പണവും അച്ഛന്റെ രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചു അവനൊരു ശിക്ഷയും കിട്ടാതെ പുറത്തേക്ക് വരും..

കേസിന് പോയാൽ എനിക്കാണ് നഷ്ടം.. മാധ്യമങ്ങളും സമൂഹവും കൂടെ എനിക്കൊരു പേര് തരും.. ഇര.. കുറച്ച് നാളുകൾ ബാംഗ്ലൂരിലെ പെൺകുട്ടി എന്ന പേരിൽ ഞാൻ അറിയപ്പെടും.. കുറച്ച് നാളുകൾ സമാനമായ മറ്റൊരു കേസ് ഉണ്ടാകുന്നത് വരെ സോഷ്യൽ മീഡിയയിൽ ഈ വിഷയം ചർച്ച ചെയ്യപ്പെടും.. പിന്നീട് എല്ലാവരും ഈ സംഭവം മറക്കും.. നമ്മുടെ നാട്ടിലെ നിയമങ്ങൾ ശക്തമായിരുന്നുവെങ്കിൽ ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളുടെ ശരീരത്തിൽ തൊടാൻ ഏതെങ്കിലും പുരുഷൻ തയ്യാറാകുമോ.. ഈ കേസ് കോടതിയിലെത്തിയാൽ പ്രതിഭാഗം വക്കീൽ ചോദിക്കാൻ സാധ്യതയുള്ള ഒരു ചോദ്യം ഞാൻ പറയാം.. അവന്റെ വീട്ടിൽ എന്തിന് പോയി.. അത് കൊണ്ടല്ലേ പീഡിപ്പിക്കപ്പെട്ടതെന്ന്..

അവനോടുള്ള വിശ്വാസം കൊണ്ടാണ് ഞാൻ പോയതെന്ന് പറഞ്ഞാൽ ആരും ചെവികൊള്ളില്ല.. എന്റെയും കൂടി സമ്മതത്തോട് കൂടിയാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നേ എല്ലാവരും പറയുള്ളൂ.. ഡൽഹി പെൺകുട്ടി രാത്രിയിൽ ഇറങ്ങി നടന്നത് കൊണ്ടാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞ പ്രതികളും അതേ വാദം കോടതിയിൽ പറഞ്ഞ വക്കീലും ഒക്കെ ഇത് തന്നെയല്ലേ പറയുന്നത്.. പീഡനം സംഭവിക്കാനുള്ള കാരണം സ്ത്രീകളാണെന്ന്.. അപ്പോൾ പിന്നെ നിയമത്തിന്റെ പഴുതിൽ കൂടി രക്ഷപെടാൻ ഞാൻ അവനെ അനുവദിക്കില്ല.. അവനെ ഞാൻ തന്നെ ശിക്ഷിക്കും.. അതിനാണ് ഈ വിവാഹത്തിന് ഞാൻ സമ്മതം മൂളിയത്… ജോയലിന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു…… തുടരും…….

ഈറൻമേഘം: ഭാഗം 26

Share this story