പെയ്‌തൊഴിയാതെ: ഭാഗം 18

പെയ്‌തൊഴിയാതെ: ഭാഗം 18

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ആഘോഷവും ആഹ്ലാദവും ഇടയിലൊരു നുള്ളു വേദനയുമായി ആ ഓണം കടന്നുപോകുമ്പോൾ തന്റെ മനസ്സിൽ ഏറ്റവും കൂടുതൽ ചിന്ത വേദയെപ്പറ്റിയാണ് എന്നത് ഗിരി തിരിച്ചറിയുകയായിരുന്നു.. അവന്റെ മനസ്സിൽ നിറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരവും മനസ്സിൽ പേറി അവളപ്പോഴും ജനാലയിലൂടെ മാനത്തുള്ള മിന്നുന്ന നക്ഷത്രങ്ങൾക്കിടയിൽ പരതുകയായിരുന്നു.. പ്രിയപ്പെട്ട ആരെയൊക്കെയോ.. വേദാ.. ഗീതയുടെ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി.. കിടക്കുന്നില്ലേ വേദാ.. ഗീത അവൾക്കരികിൽ വന്നു നിന്നു ചോദിച്ചു.. ആ നക്ഷത്രങ്ങൾക്കിടയിൽ എന്റെ കുഞ്ഞും ഉണ്ടാകും അല്ലെ അമ്മേ.. വേദയുടെ ആ ചോദ്യം ഗീതയുടെ ഉള്ളിലേക്ക് തറഞ്ഞു കയറി..

അവർ വേദനയോടെ അവളെന്റെ നോക്കി. മോളെ.. ഉണ്ടാകും.. അവിടെ ഇരുന്നു ന്റെ കുഞ്ഞു കാണുന്നുണ്ടാകും ഈ അമ്മയെ.. അവൾ സ്വയം പറഞ്ഞു.. ശങ്കരിമോള്.. അവളെ കാണുമ്പോ നിക്ക് നിക്ക് എന്റെ കുഞ്ഞിനെ തിരിച്ചു കിട്ടീന്നൊരു തോന്നലാ അമ്മേ.. അവൾ അവരെ നോക്കി പറഞ്ഞു.. മോളെ.. വാ.. വന്നു കിടക്ക്. അത് മോളായിരുന്നോ മോനായിരുന്നോ.. അവൾ ഗീതയോട് ചോദിച്ചതും അവരുടെ കണ്ണിൽ നിന്നൊരിറ്റ് കണ്ണുനീർ നിലത്തേയ്ക്ക് വീണു.. അറിയില്ല എന്ന അർത്ഥത്തിൽ അവർ തലയാട്ടി.. മോളായിരുന്നിരിക്കും. ശങ്കരിമോളെപോലെ… ഉണ്ടായിരുന്നെങ്കിൽ അവൾ കാട്ടുന്ന കുറുമ്പുകളൊക്കെ എനിക്കും സ്വന്തമാകുമായിരുന്നു അല്ലെ അമ്മേ.. അവളുടെ ചോദ്യങ്ങൾക്കൊന്നും ഗീതയുടെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല..

അവർ അവളെ നോക്കി നിന്നു. എന്തിനാ അമ്മേ ദൈവങ്ങൾ എന്നെ ഇത്രേം പരീക്ഷിക്കുന്നത്.. ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും ഞാൻ പരിഭവിക്കാതെ നിന്നതോണ്ടാണോ എന്റെ കുഞ്ഞിനെ കൂടെ എന്നീന്ന് തട്ടിപ്പറിച്ചത്.. അവൾ കരഞ്ഞുകൊണ്ട് ചോദിച്ചതും ഗീത അവളെ ചേർത്തുപിടിച്ചു… ആ നാലു ചുവരുകൾക്കുള്ളിൽ അവരുടെ വേദനകൾ അലയടിച്ചു.. അപ്പോൾ ദൂരെയെവിടെയോ അമ്മയുടെ താരാട്ടിന്റെ ഈണം പോലും അറിയാതെ ഒരു കുഞ്ഞു നക്ഷത്രം മിഴിചിമ്മുന്നുണ്ടായിരുന്നു.. ********

ഗൗതം.. ഗംഭീര്യമുള്ള ആ ശബ്ദം കേട്ടതും ഗൗതം വായിച്ചുകൊണ്ടിരുന്ന ബുക്ക് മടക്കി തലയുയർത്തി നോക്കി.. വാ ഡാഡി.. അവൻ പറഞ്ഞു.. തിരക്കിലാണോ നീ.. അല്ല.. പറയ്.. നീ മടങ്ങുന്നു എന്ന് അക്ഷിത് പറയുന്നത് കേട്ടു.. സത്യമാണ്.. ഗൗതം അയാളുടെ മുഖത്തു നോക്കി പറഞ്ഞു.. എന്തിനാണ് ഗൗതം.. ആ വാക്കുകളിൽ വല്ലാത്ത നീരസം അവനു അറിയാൻ കഴിയുന്നുണ്ടായിരുന്നു.. അവനോട് പറഞ്ഞ മറുപടി ഡാഡിക്കും കിട്ടി കാണുമെന്നു പ്രതീക്ഷിക്കുന്നു.. ഐ ജസ്റ്റ് വാണ്ട് ഹെർ ബാക്ക് റ്റു മൈ ലൈഫ്.. ഗൗതം.. അതൊരു ശാസനയായിരുന്നു.. ഇനിയും അവൾക്ക് പിന്നാലെ നാണമില്ലാതെ നടക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു ഗൗതം.. നിന്നെ ഭീഷണിപ്പെടുത്തി ഒഴിവാക്കി പോയതല്ലേ അവൾ.. അതും നമ്മുടെ ബദ്ധശത്രുവിന്റെ കൂടെ..

എന്നിട്ടും ഇനിയും നീ അവൾക്കായി കാത്തിരിക്കുന്നു എന്നു പറഞ്ഞാൽ.. ഡാഡി പ്ലീസ്.. അവരോട് എനിക്ക് ദേഷ്യമുണ്ട്.. അന്നും ഇന്നും എന്നും അതുണ്ടാകുകയും ചെയ്യും.. പക്ഷെ ഈ കാര്യത്തിൽ അവരോട് എനിക്ക് നന്ദിയെ ഉള്ളൂ.. ഗൗതം മോഹനെ നോക്കി.. അവൾ എന്നെ ഭീഷണിപ്പെടുത്തിയതുകൊണ്ടല്ല ഞാൻ അന്ന് ഒഴിഞ്ഞു മാറിയത്.. അവളുടെ മാനസികാവസ്ഥയിൽ അത് അനിവാര്യമാണെന്ന ബോധം എനിക്കുള്ളതുകൊണ്ടാണ്.. അന്ന് അവൾക്ക് താങ്ങും തണലുമായി നിന്നത് അവരാണ്.. അതിന്റെ പേരിൽ മാത്രം ജീവിതത്തിൽ അവരോടെനിക്ക് കടപ്പാടുണ്ട്.. ഗൗതം പറഞ്ഞു.. എല്ലാം തീരുമാനിച്ചുറപ്പിച്ചു അല്ലെ.. മോഹന്റെ സ്വരം അൽപ്പം ശാന്തമായി.. തൽക്കാലം ഇപ്പോൾ നിലവിലുള്ള രണ്ടു പ്രോജക്ടുകൾ അത് കംപ്ലീറ്റ് ആയാൽ ഞാൻ കേരളത്തിലേക്ക് മടങ്ങും..

എനിക്ക് അവളെ തിരിച്ചു വേണം ഡാഡി.. ബിക്കോസ് ദാറ്റ് മച്ച് ഐ ലവ് ഹെർ.. അവന്റെ സ്വരം ആർദ്രമായി.. അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല.. എങ്കിലുമാ മുഖം വലിഞ്ഞു മുറുകി.. ദേഷ്യത്താൽ അയാൾ പല്ലു ഞെരിച്ചു.. അപ്പോൾ മേഘ.. അയാൾ ചോദിച്ചു.. വാട്ട് റബ്ബിഷ് ഡാഡി.. മേഘ.. അവളും ഞാനും തമ്മിലുള്ള റിലേഷൻ എന്താണെന്ന് ഞാനിനിയും ഡാഡിക്ക് പറഞ്ഞു തരണോ.. അവനു ദേഷ്യം വന്നു.. എല്ലാവർക്കും സൂപ്പർസ്റ്റാർ ഗൗതം മോഹനെ അറിയാം.. എന്റെ കരിയറിനെ പറ്റി അറിയാം.. ഇഷ്ടമുള്ള ഫുഡ് കാർ എന്റെ ക്രെസ്.. മാധ്യമങ്ങൾ പലരും വളച്ചൊടിച്ചും സങ്കൽപ്പങ്ങൾ കെട്ടിച്ചമച്ചും എഴുതി വിടുന്ന ഓരോ കഥകളും ഈ ലോകത്തിനറിയാം. പക്ഷെ ഗൗതം എന്ന മനുഷ്യനെ എന്റെ വികാരങ്ങളെ വിചാരങ്ങളെ ഉൾക്കൊള്ളാൻ ശ്രമിച്ച വളരെ കുറച്ചു പേരിൽ ഒരാളാണ് മേഘ..

അവളെനിക്ക് സുഹൃത്താണ് സഹോദരിയാണ്.. അമ്മയാണ്.. പക്ഷെ കാമുകിയല്ല.. ഭാര്യയുമല്ല.. അങ്ങനെ അവൾക്കെന്നെയോ എനിക്ക് അവളെയോ കാണാൻ ഈ ജന്മം കഴിയില്ല ഡാഡി.. തന്റെ സങ്കൽപ്പങ്ങൾക്ക് മേൽ ഏറ്റ പ്രഹരം പോലെ അയാളുടെ മുഖം വിവർണ്ണമായി… ഇനിയും എന്റെ വഴികളിൽ നീ തടസമായി വന്നാൽ.. ഇനി ഒരിക്കൽ കൂടി നീ ജീവനോടെ മടങ്ങില്ല.. അയാൾ മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു.. ജനാലയ്ക്കരികിൽ ചെന്നു സിഗരറ്റ് കത്തിച്ചു ചുണ്ടോട് ചേർത്തു.. ഐ റിപ്പീറ്റ് ഡാഡി.. ഐ ഡോണ്ട് ലൈക്‌ ദിസ്.. ഗൗതം പറഞ്ഞു.. ഇന്ന് എന്റെ സ്വഭാവങ്ങൾ.. നാളെ എന്നോടും നീ പറയണം. ഐ ഡോണ്ട് ലൈക്‌ യു എന്നു.. അയാൾ പറഞ്ഞു..

ഡാഡി പ്ലീസ് ഡോണ്ട് ബി സെന്റിമെന്റൽ.. ഐ ഡോണ്ട് ലൈക്ക് ദാറ്റ്.. മുൻപും പലരുടെയും കണ്ണുനീരും വേദനയും കണ്ടതുകൊണ്ടാ എന്റെ ലൈഫ് ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യചിഹ്നം പോലെ നിൽക്കുന്നത്.. അവൻ തീർത്തും പറഞ്ഞു.. അയാൾ ദേഷ്യത്തിൽ കാറ്റ് പോലെ പുറത്തേയ്ക്ക് പോകുന്നതും നോക്കി അവൻ മൗനമായി നിന്നു.. പിന്നെ മുറിയിലേയ്ക്ക് നടന്നു.. ബെഡ് സൈഡ് ടേബിളിൽ വെച്ചിരിക്കുന്ന തന്റെ വിവാഹ ഫോട്ടോയിലേയ്ക്ക് അവൻ സാകൂതം നോക്കി നിന്നു.. വരണ്ട ചിരിയുമായി തന്റെയൊപ്പം നിൽക്കുന്നവളെ അവൻ നോക്കി.. തൊട്ടു പിന്നിലായി അലങ്കാര ബൾബുകൾക്ക് ജ്വലിച്ചു നിൽക്കുന്ന അക്ഷരങ്ങളെയും അവൻ നോക്കി.. ഗൗതം വെഡ്‌സ് വേദ..

ആ വരി അവനിൽ വേദന നിറഞ്ഞ ഒരു പുഞ്ചിരി വിരിയിച്ചു.. ഞാൻ വരും വേദാ നിനക്കായി.. കാരണം നീയില്ലെങ്കിൽ ഈ ഗൗതം അപൂർണ്ണനാണ്‌.. അവൻ മൗനമായി പറയുമ്പോൾ അങ്ങകലെ മറ്റൊരു ലോകത്ത് എല്ലാം മറന്നു മരുന്നിന്റെ ആലസ്യത്തിൽ മയങ്ങുന്നവളെ നോക്കി കണ്ണുനീരോടെ ഇരിക്കുകയായിരുന്നു ഗീതയപ്പോഴും.. *********** കാട് മൂടിയ പറമ്പിലൂടെ ഏതോ ആലോചനയിൽ നടക്കുമ്പോൾ പുലരിയുടെ സമ്മാനമായ മഞ്ഞു കണങ്ങളെ അവളുടെ പാദത്തിനു നൽകിക്കൊണ്ട് ഓരോ പുൽനാമ്പും കുസൃതിയോടെ നിൽക്കുകയായിരുന്നു.. അവധിയായതിനാൽ കാലത്തെ ജോലിയൊക്കെ നേരത്തെ ഒതുക്കി ഒന്നു നടക്കാൻ ഇറങ്ങിയതാണ് അവൾ. മനസ്സിലേയ്ക്ക് തികട്ടി വരുന്ന ഓർമകളെ അടക്കി നിർത്താൻ വല്ലാതെ പാട് പെടുന്നുണ്ടായിരുന്നു അവൾ..

അതിന്റെ ഫലമെന്നോണം അവളുടെ കണ്ണുകൾ അപ്പോഴും കണ്ണുനീരിനാൽ നിറഞ്ഞു ചുവന്നിരിക്കുകയായിരുന്നു.. നടക്കുന്നതിനിടയിൽ ഒരു ചെറിയ മതിൽകെട്ട് കണ്ടതും അവൾ അവിടേയ്ക്ക് നടന്നു.. ആ മതിലിനുമപ്പുറം പായൽ മൂടിയ വഴിക്ക് താഴെയായി ഒരു കുളം കണ്ടതും അവളുടെ കണ്ണുകൾ വികസിച്ചു.. പായൽ മൂടിയ വഴിയിലൂടെ മെല്ലെ താഴേയ്ക്ക് നടന്ന് പോളകളാൽ മൂടിയ കുളത്തിലേക്ക് അവൾ വെറുതെ നോക്കി നിന്നു.. കുളത്തിന്റെ മതില്കെട്ടിനു ഒരു വശത്തായി ചെറിയൊരു മറപ്പുരയും ഉയരത്തിലുള്ള മതിലും കണ്ടപ്പോൾ തന്നെ പണ്ടത്തെ കുളികടവാണ് അതെന്നവൾക്ക് ബോധ്യമായി.. അവളൊന്നു ശ്വാസം ഉള്ളിലേയ്ക്കെടുത്തു.. ഈറനായ പുലരിയുടെ സൗരഭ്യമുള്ള ഗന്ധം പഴമയുടെ ഗന്ധമെന്നപോലെ അവളുടെ ഉള്ളിലേയ്ക്കവൾ ആവാഹിച്ചു.. വല്ലാത്ത ഒരു വികാരം മനസ്സിൽ പടരുന്നതവൾ അറിഞ്ഞിരുന്നു.. വേദാ.. ദേ നോക്ക്.. അവിടെ..

അവിടെ.. കണ്ടോ.. അതാണ് നീല ആമ്പൽ.. ഈ നീല ആമ്പൽ പറിച്ചു നമുക്ക് അമ്പലത്തിൽ വെക്കാമെ.. അപ്പൊ നമ്മൾ ഒരിക്കലും പിരിയില്ലല്ലോ.. കുഞ്ഞരി പല്ലു കാട്ടി ചിരിച്ചുകൊണ്ട് ആ കുസൃതി കുടുക്കയുടെ ശബ്ദം തന്റെ കാതിലേയ്ക്ക് കടന്നു വരുന്നതവൾ അറിഞ്ഞു.. ഇല്ലേൽ നമ്മൾ പിരിയോ ചിദ്ധൂ.. ആ പാവാടക്കാരിയുടെ മോണകാട്ടിയുള്ള ചിരി മാഞ്ഞതോടൊപ്പം അവളുടെ ചോദ്യവും ഉയർന്നിരുന്നു.. ഇല്ലല്ലോ.. നമ്മൾ ഒരിക്കലും പിരിയൂല്ലാട്ടോ.. വാ വേദ.. അവന്റെ പഞ്ഞികെട്ടു പോലെയുള്ള കുഞ്ഞി കൈകൾ അവളുടെ കൈകൾ പൊതിഞ്ഞു പിടിച്ചുകൊണ്ട് മുൻപോട്ട് നടന്നു.. വേദാ.. ഗിരിയുടെ വിളികേട്ടാണ് വേദ അവനെ നോക്കിയത്.. ഓർമകളെ ശാസിച്ചു നിർത്തിയവൾ ഗിരിയ്ക്കായി ഒരു പുഞ്ചിരി നൽകി.. ഇങ്ങു കേറി പോരൂ.. പടി മുഴുവൻ പായലാണ്.. അവൻ പറഞ്ഞു..

അവൾ ശ്രദ്ധയോടെ പടികൾ കയറി.. നല്ല ഭംഗിയുണ്ട് ഇവിടെ.. അവൾ പുഞ്ചിരിയോടെ പറഞ്ഞു.. പഴയ കുളമാ.. പണ്ടൊക്കെ എല്ലാരും ഇവിടെയാ കുളിച്ചിരുന്നെ. അവൻ പറഞ്ഞു.. ഇപ്പൊ മുഴുവൻ പോളയാ… മ്മ്.. അവനവളെ നോക്കി . നിറഞ്ഞു തുളുമ്പാറായ കണ്ണുകൾ.. പുഞ്ചിരിക്കുന്നുവെങ്കിലും ആ കണ്ണുകളിൽ വല്ലാത്ത വിഷാദ ഭാവം.. ഡോ.. ഒന്നും മിണ്ടാതെ തന്നെ കടന്നു പോകുന്നവളെ നോക്കി ഗിരി വിളിച്ചു.. അവൾ തിരിഞ്ഞു നോക്കി.. താനെന്താ എപ്പോഴും ഒരുമാതിരി ഇഞ്ചി കടിച്ച കുരങ്ങനെ പോലെ.. തന്റെ മുഖത്തുള്ള തെളിച്ചം തന്റെ കണ്ണുകൾക്കില്ലല്ലോ..തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ. പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരുണ്ട് സർ.. ലോകത്ത് എല്ലാവർക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ട്.. മറ്റുള്ളവരുടെ പ്രശ്നങ്ങൾ അവർക്ക് എത്ര വലുതാണെങ്കിലും നമ്മുടെ കണ്ണിൽ അത് നമ്മുടേതോളം വരുകേം ഇല്ലല്ലോ..

അവൾ സദാ തന്റെ മുഖത്തുള്ള പുഞ്ചിരിയോടെതന്നെ പറഞ്ഞു.. പ്രശ്നങ്ങൾ എനിക്കുമുണ്ട് സർ.. അവൾ കൂട്ടിച്ചേർത്തു.. ഈ പ്രശ്നങ്ങൾ മറ്റുള്ളവരോട് തുറന്നു പറയുമ്പോൾ അതിനൽപ്പം ആശ്വാസം കിട്ടില്ലേടോ.. അതിനൊരു അവസരം ഉണ്ടാകട്ടെ.. അവൾ അവനു ഹൃദ്യമായ ഒരു പുഞ്ചിരി നൽകി പതിയെ പതിയെ ദൂരേയ്ക്ക് നടന്നു.. ഒന്നും മനസ്സിലായില്ലെങ്കിലും ഗിരിയുടെ ചുണ്ടിലും വിരിഞ്ഞിരുന്നു സുന്ദരമായ ഒരു പുഞ്ചിരി.. ******** കോളേജ് സ്റ്റാർട്ട് ചെയ്താൽ അടുത്ത ആഴ്ച പ്രോഗ്രാം അല്ലെ.. അതോണ്ട് പിള്ളേരൊക്കെ ഇടയ്ക്ക് കോളേജിൽ വരാറുണ്ട് മാഡം.. ഞാനേതായാലും ഒന്നന്വേഷിക്കാം.. ഓകെ.. എന്താ സർ.. വേദ ചോദിച്ചു.. അത്.. കോളേജിലെ കാര്യം ചോദിച്ചോണ്ടാട്ടോ.. ഹേയ്.. രാജി മാഡം ആണ്..

പ്രോഗ്രാം മാറ്റി വെച്ചതുകൊണ്ട പ്രാക്ടീസിന് പിള്ളേരൊക്കെ കോളേജിൽ വരാറുണ്ട്.. അതിനിടയിൽ ആ ഫ്രണ്ടിലത്തെ ഗ്രൗണ്ടിന്റെ സൈഡിലെ ബൾബ് ആരോ പൊട്ടിച്ചൂന്നു.. അത് പറയാൻ വിളിച്ചതാ.. അവരോടൊന്നു ശ്രദ്ധിക്കാൻ പറയാൻ.. ഗിരി പറഞ്ഞതും വേദ പുഞ്ചിരിച്ചു.. ലേഖാമ്മായി ഇവിടെ ഇല്ലല്ലോ. ഫുഡ് ഞാൻ കൊണ്ടുവരട്ടെ.. എഡോ ഞാനങ്ങനെ ഒന്നും അറിയാത്ത ആളൊന്നുമല്ല.. ഞാൻ നല്ല അസ്സലായിട്ട് പാചകം ചെയ്യും.. ഗിരി പുഞ്ചിരിയോടെ പറഞ്ഞു.. അവൾ മറുപടിയായി പുഞ്ചിരിച്ചതെയുള്ളൂ.. ഇവിടുത്തെ കാര്യോക്കെ ഞാൻ മാനേജ് ചെയ്തോളാം.. പണ്ടും അവിടെ എർണാകുളത്തായിരുന്നപ്പോ വീടൊക്കെ ക്ളീൻ ചെയ്യുന്നതും ഒക്കെ ഞാനായിരുന്നു…

അവൻ അതേ പുഞ്ചിരിയോടെ പറഞ്ഞു.. വേദാ.. വേദാ… ഗീതയുടെ വിളി കേട്ട് അവൾ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി.. എന്താ അമ്മേ.. മോളെ രാജൻമാമ വിളിച്ചിരുന്നു.. ഉമയൊന്നു സ്ലിപ്പായി വീണു എന്നു.. നമുക്ക് അത്രേടം ഒന്നു പോണം.. ഗീത പറഞ്ഞു.. അയ്യോ.. എന്നിട്ട്.. അതും ചോദിച്ചവർ വീട്ടിലേയ്ക്ക് നടന്നു.. ആ ഗിരി.. എന്റെ ഏട്ടന്റെ വൈഫ് ഒന്നു വീണു.. ഞങ്ങൾ അത്രേടം ഒന്നു പോവാ.. ഏട്ടത്തി ഹോസ്പിറ്റലൈസ്ഡ് ആണ്. അവർക്ക് കുട്ടികളാരും ഇല്ല.. അതോണ്ട് ചിലപ്പോ രണ്ടീസം കഴിഞ്ഞേ വരവുണ്ടാകൂ.. ഗീത ഒരുങ്ങി വന്ന ശേഷം പറഞ്ഞു.. അവൻ പുഞ്ചിരിച്ചു.. ലേഖേച്ചി ഇന്ന് വരില്ലേ.. അമ്മായി വൈകീട്ട് വരും.. നിങ്ങൾ പോയി വരൂ.. അവൻ പറഞ്ഞു.. അമ്മയോടും അച്ഛനോടും ഒന്നു പറഞ്ഞേക്കണേ ഗിരീ.. അവർ പറഞ്ഞു.. ഓകെ ആന്റി..

അവൻ പറഞ്ഞു.. മോളെവിടെ സർ.. ഉറക്കത്തിലാ.. ഞാൻ.. ഞാനിടയ്ക്ക് വിളിക്കുന്നത് ശല്യാകുമോ.. ഹേയ്.. അതൊന്നുമല്ല.. താൻ ചെന്നിട്ട് വിളിക്ക്.. അവൻ പറഞ്ഞു.. അത്ര സന്തോഷത്തോടെയല്ല അവൾ പോകുന്നത് എന്ന് അവനും മനസ്സിലായിരുന്നു.. എങ്കിലും അവളുടെ ഒറ്റപ്പെട്ടുള്ള ജീവിതവും അവൾക്ക് തുണയായുള്ള ഗീതയുടെ ജീവിതവും അവനു മുൻപിൽ വലിയൊരു ചോദ്യ ചിഹ്നം തന്നെ ആയിരുന്നു.. ********** ഗുഡ് മോർണിംഗ് ഗിരി സർ.. ഓണാവധിയ്ക്ക് ശേഷം ക്ലാസ് തുടങ്ങിയിട്ട് ഒരു രക്ഷേമില്ലല്ലോ ജെറി.. പിള്ളേരാരും ക്ലാസ്സിൽ കേറുന്നേയില്ല.. ഗിരി പറഞ്ഞു.. മറ്റന്നാൾ പ്രോഗ്രാം അല്ലെ സർ.. അവർ പ്രാക്ടീസും മറ്റുമായി നടക്കുവല്ലേ.. അവരേം കുറ്റം പറയാൻ പറ്റില്ല.. നമ്മളുമൊക്കെ ഇങ്ങനെ ആയിരുന്നില്ലേ.. ഗിരി പറഞ്ഞു.. അല്ല ഗിരി സർ..

നമ്മുടെ വേദ മിസ്സിനെപ്പറ്റി ഒരു വിവരവും ഇല്ലല്ലോ.. വേദയുടെ അമ്മയുടെ സിസ്റ്റർ ഇൻ ലോയ്ക്കോ മറ്റോ എന്തോ അപകടം പറ്റിയതുകൊണ്ട് നാട്ടിൽ പോയതാ.. വേദയുടെ നമ്പരിൽ കോണ്ടാക്റ്റ് ചെയ്തിട്ട് കിട്ടുന്നില്ല.. അവരുടെ നാട് പോലും അത്ര കൃത്യമായി അറിയുകയുമില്ല.. ഗിരി പറഞ്ഞു.. ഇടയ്ക്ക് പ്രിൻസിയെ വിളിച്ചു ലീവ് പറഞ്ഞിരുന്നു എന്നു പറഞ്ഞു.. മറ്റൊന്നും വലുതായി അറിയില്ല.. ഹലോ.. എന്താണ് ഇവിടെയൊരു ചർച്ച.. ശ്യാം അവർക്കാരികിൽ ചെന്ന് ചോദിച്ചു.. ഞങ്ങൾ ആ വേദ മിസ്സിനെപ്പറ്റി പറയുകയായിരുന്നു.. അവരെപ്പറ്റി ഒരു വിവരോം ഇല്ലല്ലോ ഗിരീ.. ശ്യാം ചോദിച്ചു.. അറിയില്ല.. അവരൊരു മിസ്റ്ററി ആണ് അല്ലെ.. ശ്യാം ചോദിച്ചു.. അവർക്ക് പേഴ്സണലി എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട് . ജെറിയും പറഞ്ഞു.. എന്താണെങ്കിലും അവർ തിരികെ വരുമ്പോൾ അറിയാം..

നമുക്ക് കാത്തിരിക്കാം.. അവൻ പറഞ്ഞു.. അല്ല മറ്റന്നാൾ ഗസ്റ്റായി സൂപ്പർസ്റ്റാർ ഗൗതം മോഹൻ വരുമെന്ന് പറയുന്നു.. വല്ലോം നടക്കുമോ.. ജെറി ചോദിച്ചു.. ആവോ.. പക്ഷേ പുള്ളി വന്നാൽ ഒരു ഓളമായിരിക്കും.. ഇന്റർ കോളേജ് ഫെസ്റ്റിന് ഇത്രയും ഫേമസ് ആയ ഒരു ഗസ്റ്റ് എന്നൊക്കെ പറയുമ്പോ അത് പൊളിക്കും.. ജെറി പറഞ്ഞു.. അത് സത്യമാ.. കോളേജിനും അതൊരു പേരാണ്.. ഗിരി പറഞ്ഞു.. മ്മ്.. എന്തായാലും ഇത്തവണത്തെ പ്രോഗ്രാമിന് മാനേജ്‌മെന്റിന്റെ ഫുൾ സപ്പോർട്ട് ആണ്.. എന്തായാലും വാ.. നമുക്ക് പ്രാക്ടീസ് സെക്ഷൻ ഒക്കെ ഒന്നു നോക്കാം.. ജെറി പറഞ്ഞു.. അവർ മൂവരും നടക്കുമ്പോഴും ഗിരിയുടെ മനസ്സിൽ വേദയെപ്പറ്റിയുള്ള ചോദ്യങ്ങൾ നിറയുകയായിരുന്നു.. ഉത്തരമില്ലാത്ത ചോദ്യങ്ങൾ.. ***********

ഇന്ന് കോളേജിൽ പ്രോഗ്രാമാ.. നേരത്തെ പോണമെന്നും പറഞ്ഞിട്ട് മോളേയും കളിപ്പിച്ചു ഇരിക്കുകയാണോ ഗിരീ നീയ്.. ലേഖ ഗിരിയ്ക്ക് ഉച്ചയ്ക്കുള്ള ഭക്ഷണവും എടുത്തു മേശയിൽ വെച്ചു ചോദിച്ചു.. പോണം ലേഖാമ്മായി.. അമ്മയ്ക്ക് ഫുഡ് കൊടുത്തിട്ട് പോകാം.. അതൊക്കെ ഞാൻ നോക്കിക്കോളാം.. ഡി കുറുമ്പി പാറൂ ഇങ്ങു വാ.. അച്ഛൻ പോട്ടെ.. ലേഖ പറഞ്ഞു.. അവൾ കുസൃതിയോടെ ചിരിച്ചുകൊണ്ട് അവരുടെ കയ്യിലേക്ക് ചാടി.. മ്മ.. നിന്റെ മ്മ വീട്ടിൽ പോയിട്ട് വന്നില്ലെടി ചങ്കരി.. ലേഖ അവളുടെ മൂക്കിൽ മൂക്കുരസി പറഞ്ഞതും അവൾ ഒന്നും മനസ്സിലാകാതെ ചിരിച്ചു.. എന്നാൽ ഞാൻ ഇറങ്ങുവാ അമ്മായി.. അവൻ അതും പറഞ്ഞിറങ്ങി.. പോട്ടെഡി.. അവൻ അവളുടെ കവിളിൽ നുള്ളി ചോദിച്ചതും അവൾ ചിരിച്ചു.. പെട്ടെന്നാണ് മുറ്റത്തേക്ക് ഒരു ഓട്ടോ വന്നു നിന്നത് .

അതിൽ നിന്നിറങ്ങുന്ന വേദയെയും ഗീതയെയും അവൻ നോക്കി.. വേദയാകെ ക്ഷീണിച്ച പോലെ അവനു തോന്നി.. മ്മ..മ്മ.. ശങ്കരിമോള് അവളെ കണ്ടതും അവളുടെ കയ്യിലേക്ക് എടുത്തു ചാടി.. താൻ പോയിട്ട് ഒരു വിവരോം ഇല്ലായിരുന്നല്ലോ വേദാ.. ഗിരി ചോദിച്ചു.. എന്റെ ഫോൺ പൊട്ടിപോയി സർ.. ആരുടെയും നമ്പർ ഉണ്ടായിരുന്നില്ല.. പിന്നെ എന്റെ കയ്യിൽ പണ്ട് രാജി മേടം എഴുതി തന്ന മേടത്തിന്റെ നമ്പർ ഉണ്ടായിരുന്നു.. അങ്ങനെയാ പ്രിൻസിപ്പാളിനെ വിളിച്ചത്.. എന്നിട്ട് എങ്ങനെ ഉണ്ട് ഗീതയുടെ ചേട്ടത്തിക്ക്.. ഓട്ടോ ചാർജ് കൊടുത്ത ശേഷം അവിടേയ്ക്ക് വന്ന ഗീതയോടായി ലേഖ ചോദിച്ചു.. ഇപ്പൊ കുഴപ്പമില്ല.. തലയിടിച്ചു വീണതാ. അതിന്റെ പ്രോബ്ലംസ് ഉണ്ടായിരുന്നു..അതാ ഞങ്ങൾ ഇത്രയും താമസിച്ചത്.. ആ ഓകെ.. ഇന്ന് കോളേജിൽ ഫെസ്റ്റാണ്.. താൻ മറന്നോ..

ഓർമയുണ്ട് സർ. ഇന്ന് ഞാൻ വരുന്നുണ്ട്. കുറച്ചു താമസിക്കും കേട്ടോ.. അവൾ പറഞ്ഞു.. എന്നാൽ താൻ വേഗം റെഡിയാക്.. ഞാനും അങ്ങോട്ടല്ലേ.. ആ എന്നാൽ അതാ മോളെ നല്ലത്.. വേഗം ഒരുങ്ങി ഇറങ്ങു.. ഡി കാന്താരി വായോ.. ലേഖ മോളെ എടുത്തു.. മോളെന്നാൽ വേഗം റെഡിയാക്.. ചെല്ലു.. ഗീതയും പറഞ്ഞു.. അവൾ വേഗം ബാഗുമായി വീട്ടിലേയ്ക്ക് പോയി.. ഞാനും ഒന്നു ചെല്ലട്ടെ ലേഖേച്ചി.. ആകെ ടയേഡ് ആണ്.. ഗീതയും പറഞ്ഞു.. ശെരി ഗീതേ.. ലേഖ പറഞ്ഞതും ഗീതയും വീട്ടിലേയ്ക്ക് പോയി.. പോകാം സർ.. 10 മിനിറ്റിനകം വേദ വന്നു പറഞ്ഞു.. ഓകെ.. വാ.. അവൻ വണ്ടി സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു.. അവളും കയറിയതും ശങ്കരിമോള് ലേഖയുടെ തോളിലിരുന്നു അവർക്ക് കൈവീശി യാത്രയയ്പ്പ്‌ നൽകി.. ********* സമയം വൈകിയതുകൊണ്ട് ഗിരി അൽപ്പം സ്പീഡിലാണ് വണ്ടി ഓടിച്ചത്.. പോകും വഴിയൊന്നും വേദയൊന്നും ചോദിച്ചതോ ഗിരി ഒന്നും പറഞ്ഞതോ ഇല്ലായിരുന്നു..

ഗെസ്റ്റ് വരാനുള്ള ടൈം ആയി.. ഗിരി കോളേജിലേയ്ക്കുള്ള വഴിയിലേക്ക് തിരിയവേ പറഞ്ഞു.. അപ്പോഴേയ്ക്കും കോളേജിൽ നിന്നും പടക്കം പൊട്ടുന്ന ശബ്ദം ഉയർന്നിരുന്നു.. ഗസ്റ്റ് വന്നു.. അവൻ പറഞ്ഞു.. നമുക്ക് ആ സൈഡ് റോഡിലൂടെ പോകാം.. മുൻപിലൂടെ ചെന്നാൽ നേരെ പുള്ളീടെ മുൻപിൽ ചാടും.. ഗിരി പറഞ്ഞുകൊണ്ട് വണ്ടി തിരിച്ചു.. കുട്ടികൾക്കുള്ള പാർക്കിങിന് സൈഡിലായുള്ള ചെറിയ വഴിയിലൂടെ അവർ കോളേജിനുള്ളിൽ പ്രവേശിച്ചു.. വേഗം വാടോ.. ഗിരി പറഞ്ഞു.. വേദ സാരി ഒതുക്കിപിടിച്ചു വേഗം നടന്നു.. ഗസ്റ്റിനെ ആനയിച്ചു കൊണ്ടുവരുന്ന താലപ്പൊലി പോകുന്നത് കണ്ടതും ഒരു വശത്തുകൂടി അവർ മുൻപിലേക്ക് നീങ്ങി നിന്നു.. ആരാ ഇന്നത്തെ ഗസ്റ്റ്.. മറ്റാരും കേൾക്കാതെ ഗിരിയോടായി അവൾ ചോദിച്ചതും താലപ്പൊലിയ്ക്കിടയിലൂടെ നടന്നു വരുന്ന ഗൗതത്തിന്റെ മുഖത്തേയ്ക്ക് അവളുടെ കണ്ണുകൾ നീങ്ങിയതും ഒരുമിച്ചായിരുന്നു..

ഗൗതം മോഹൻ.. ഗിരിയുടെ വാക്കുകൾക്കൊപ്പം ഹൃദയത്തിലേക്ക് തറച്ചു കയറുന്ന ഓർമകളുടെ കുത്തൊഴുക്കിൽ അവൾ വല്ലാതെ വിറച്ചുപോയി.. വേദ വെട്ടി വിയർക്കുകയായിരുന്നു.. അവൾക്ക് ബലം നഷ്ടപ്പെടുന്നതുപോലെ തോന്നി.. പെട്ടെന്ന് ധൈര്യം സംഭരിച്ചവൾ പിന്നിലേയ്ക്ക് നടന്നു നീങ്ങി.. ഗൗതം കാണും മുൻപ് തന്നെ.. എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങുമ്പോഴും അവളുടെ കാലിന് പതിവിനു മുകളിലായി വേഗത ആർജിച്ചിരുന്നു.. ചുറ്റും നിശബ്ദത.. എന്തൊക്കെയോ ശബ്ദങ്ങൾ.. വല്ലാത്ത ചൂട്.. അവളെ വെട്ടി വിയർത്തു.. അവൾക്ക് ഭീതിയാൽ തൊണ്ട വരളുന്നതുപോലെ തോന്നി.. ആരെ ഭയന്നു ഓടിയൊളിക്കുവാൻ ശ്രമിച്ചുവോ അതെയാളുടെ മുൻപിൽ ഇന്ന് താൻ..

അയാൾ.. അയാൾ തന്നെ കണ്ടിട്ടുണ്ടാകുമോ.. എന്തിനായിരുന്നു ഇന്ന് താൻ ലീവ് ക്യാൻസൽ ചെയ്തു പോയത്.. അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. അവൾ കൈ ചുരുട്ടി പിടിച്ചു.. തലയ്ക്ക് വല്ലാത്ത ചൂട്.. അവൾ വേഗം കെട്ടിവെച്ച മുടി അഴിച്ചിട്ടു.. അഴിഞ്ഞുലഞ്ഞ നീളൻ മുടി അവളുടെ മുഖത്തേയ്ക്ക് പാറി വീണു.. വിയർപ്പിൽ ആ മുടിയിഴകൾ മുഖത്തേയ്ക്ക് ഒട്ടിച്ചേർന്നു.. കാതിൽ വണ്ട് മൂളുന്ന ശബ്ദം.. അവൾ കാത് കൊട്ടിയടച്ചു പിടിച്ചു.. തലകറങ്ങുന്നതുപോലെ തോന്നിയതും അവൾ വഴിയരികിലെ മതിലിലേയ്ക്ക് പിടിച്ചു.. വേദാ.. പെട്ടെന്ന് ഒരു ശബ്ദം കേട്ടതും ഞെട്ടലോടെ അവൾ തിരിഞ്ഞു.. അത്യധികം ഭയത്തോടെ.. പക്ഷെ ആ മുഖം വ്യക്തമായി കാണും മുൻപ് തന്നെ അവളുടെ കണ്ണിലേക്ക് ഇരുട്ട് പടർന്നിരുന്നു.. ഓർമകളെ സ്വതന്ത്രമാക്കി നിലത്തേയ്ക്ക് അവൾ വീഴാൻ ആഞ്ഞതും രണ്ടു ശക്തമായ കരങ്ങൾ അവളെ താങ്ങി പിടിച്ചിരുന്നു.. **********

വേദ കണ്ണുകൾ പയ്യെ വലിച്ചു തുറന്നു.. എവിടെയാണ് താൻ.. അവളുടെ മനസ്സിലേക്ക് കുട്ടികളോടൊപ്പം നടന്നു വരുന്ന ഗൗതത്തിന്റെ മുഖം നിറഞ്ഞു.. വേദാ.. ആ ശബ്ദം.. അവസാനമായി താൻ കേട്ട ശബ്ദം ആരുടെയായിരുന്നു.. ഗൗതത്തിന്റെ ശബ്ദം അല്ല.. അവൾ കയ്യിലേക്ക് നോക്കി . കയ്യിൽ ക്യാനുലായിലൂടെ ഡ്രിപ്പ് കയറുന്നുണ്ട്.. അവൾ ചുറ്റും നോക്കി.. ആശുപത്രിയാണ്.. ആരാണ് തന്നെ ആശുപത്രിയിലെത്തിച്ചത്.. ഉണർന്നോ.. ഗിരിയാണ്.. അവൾ അവബ നോക്കി. അവസാനമായി താൻ കേട്ട ശബ്ദത്തിന്റെ ഉടമയെ അവൾ തിരിച്ചറിഞ്ഞു.. അവളൊന്നു പുഞ്ചിരിച്ചു.. കോളേജിൽ നിന്ന് ഇറങ്ങി ഓടിയത് റോഡിൽ വന്നു തലകറങ്ങി വീഴാൻ ആയിരുന്നോ.. അവൻ ചോദിച്ചു..

അവളൊന്നു പുഞ്ചിരിച്ചു.. അല്ല.. തനെന്തിനാ ഗൗതം മോഹനെ പേടിക്കുന്നത്.. അവന്റെ ചോദ്യം കേട്ട് ഞെട്ടലോടെ അവളവനെ നോക്കി.. അവൻ വെറുതെ ചിരിച്ചു.. വെറുതെ ചോദിച്ചതാഡോ.. തനെന്തിനാ ആരോടും പറയാതെ അവിടുന്നു പോന്നത്.. അമ്മ.. അമ്മ അറിഞ്ഞോ ഞാൻ ഇവിടെ ആണെന്ന്.. ഇല്ല.. പേടിക്കാൻ ഒന്നുമില്ല ബി പി ലോ ആയതാണെന്നു ഡോക്ടർ പറഞ്ഞു. പേടിപ്പിക്കേണ്ടല്ലോ എന്നു കരുതി.. നന്നായി.. അവൾ പറഞ്ഞു.. വേദാ.. ഞാൻ വീണ്ടും ചോദിക്കുകയാണ്. തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് വിശ്വസിക്കാവുന്ന ഒരാളോട് ഷെയർ ചെയ്തുകൂടെ.. അവൻ ചോദിച്ചു.. എനിക്ക് സാറിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല.. അവളാ അവനെ നോക്കി..

അവൻ പുറത്തേയ്ക്ക് നോക്കി ഇരിക്കുകയാണ്.. സാറിനറിയേണ്ടത് എന്നെ പറ്റി അല്ലെ.. ഞാൻ പറയാം.. അവൾ വിദൂരതയിലേക്ക് നോക്കി പറഞ്ഞു.. ഗിരി അവളെ നോക്കി.. ബുദ്ധിമുട്ടി താൻ പറയേണ്ട. എനിക്ക് ബുദ്ധിമുട്ടുണ്ടായിട്ടല്ല.. മറവിയിലേയ്ക്ക് ഞാൻ തള്ളിയിടുവാൻ ശ്രമിക്കുന്ന ഓർമകളെന്ന പുസ്തകത്തെ ഒരിക്കൽ കൂടി വായിക്കാൻ താല്പര്യം ഇല്ലായിരുന്നു.. പക്ഷെ ഇപ്പോൾ തോന്നുന്നു സർ പറഞ്ഞത് സത്യമാണെന്നു.. ചിലപ്പോൾ അതുകൊണ്ട് എനിക്കൽപ്പം ആശ്വാസം കിട്ടിയാലോ.. അവൾ പറഞ്ഞു.. അവനവളെ നോക്കി.. അവൾ ഒന്നു പുഞ്ചിരിച്ചു.. തീർത്തും നിഷ്പ്രഭമായ പുഞ്ചിരി.. അവൾ സഞ്ചരിക്കുകയായിരുന്നു..പതിയെ അവളുടെ ഭൂതകാലത്തിലേയ്ക്ക്… ഗിരിയോടൊപ്പം……. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 17

Share this story