അല്ലിയാമ്പൽ: ഭാഗം 7

അല്ലിയാമ്പൽ: ഭാഗം 7

എഴുത്തുകാരി: ആർദ്ര നവനീത്

ആരുമോന്റെ കരച്ചിൽ ആ ഹോസ്പിറ്റൽ ചുമരുകൾക്കുള്ളിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. കരച്ചിലടക്കുവാൻ അംബികയും മഹേശ്വരിയും കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. വിശപ്പായിരുന്നില്ല ആ കുരുന്നിന്റെ കണ്ണുനീരിന്റെ കാരണം അവന്റെ അമ്മയായിരുന്നു. തന്റെ അമ്മയായി ആ കുഞ്ഞ് കരുതിയത് അല്ലിയെയായിരുന്നു.. സ്നേഹിച്ചതും കുറുമ്പ് കാട്ടിയതും അവളോടായിരുന്നു. അവളെ കാണാത്തതിനുള്ള പ്രതിഷേധമായിരുന്നു അതിലുപരി വാശിയായിരുന്നു ആ കണ്ണുനീരിന് കാരണം. മനസ്സാകെ അസ്വസ്ഥമായതിനാൽ ഹാഫ് ഡേ ലീവുമെടുത്ത് വീട്ടിൽ വന്ന് കയറുമ്പോൾ കണ്ട കാഴ്ച ആ ഓർമ്മയിൽപ്പോലും അവൻ വിറങ്ങലിച്ചുപോയി. അവളിൽ നിന്നൊഴുകുന്ന രക്തം അത് അവനെ ഭ്രാന്ത്‌ പിടിപ്പിക്കുന്ന അവസ്ഥയിലേക്ക് നയിച്ചിരുന്നു.

ഇഷ്ടപ്പെട്ട് കൂടെ കൂട്ടിയവളുമായുള്ള രണ്ടരവർഷത്തെ ജീവിതം. അതിൽ മറക്കാനാകാത്ത ഓർമ്മകൾ മാത്രം സമ്മാനിച്ച് ആമി യാത്രയായി.. ഇപ്പോൾ അല്ലിയും… അങ്ങനെ പോകാനാകുമോ അവൾക്ക്. ഇല്ല അവളെ അകറ്റുവാനോ പിരിയുവാനോ തനിക്കിനി കഴിയില്ല. വേദനയോടെ കണ്ണുനീരോടെ ഐ സി യുവിന് മുൻപിലെ വാതിൽക്കൽ അവൻ അവന്റെ പ്രിയപ്പെട്ടവൾക്കായ് കാത്തുനിന്നു. അപ്പോൾ ആ മനസ്സിൽ ശാന്തസമുദ്രം പോലുള്ള കരിമിഴികളോട് കൂടിയവളായിരുന്നു. കരുണ നിറഞ്ഞ കണ്ണുകളുള്ള അല്ലി മാത്രമായിരുന്നു ആ മനസ്സിൽ. കാരണം അത്രയേറെ അവനവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു…. ഐ സി യുവിന്റെ വാതിൽ തുറന്ന് ഡോക്ടറും ഒരു നഴ്സും ഇറങ്ങിവന്നു. ഡോക്ടർ, അല്ലിമ…എന്റെ അല്ലി … അവന്റെ സ്വരം പതറിയിരുന്നു. സ്റ്റിച്ച് കഴിഞ്ഞു.

നന്നായി രക്തം പോയതുകൊണ്ട് ബ്ലഡ് കയറ്റുന്നുണ്ട്. തോളെല്ല് തെന്നിയതുകൊണ്ട് കൈ സ്ലിങ് ചെയ്തിട്ടുണ്ട്. ഇടുപ്പ് നന്നായി ചതഞ്ഞിട്ടുണ്ട്.മറ്റൊന്നും പേടിക്കാനില്ല..താനിങ്ങനെ ടെൻഷനടിക്കേണ്ട. അപ്പോഴാണ് അദ്ദേഹത്തിന്റെ കണ്ണുകൾ അംബികയുടെ ചുമലിൽ ചാഞ്ഞുറങ്ങുന്ന കുഞ്ഞിൽ പതിഞ്ഞത്. അവന്റെ ചുവന്ന മൂക്കിൻത്തുമ്പും കവിളിണകളും ഇടക്കുയരുന്ന ഏങ്ങലും അവൻ നന്നായി കരഞ്ഞുവെന്ന് അദ്ദേഹത്തിന് മനസ്സിലായി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥിതിക്ക് അധികം വൈകാതെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം. ഒരുപാട് രോഗങ്ങളുള്ളവർ വരുന്നതല്ലേ ഇവിടെ നിന്ന് കുഞ്ഞിന് ഇല്ലാത്ത അസുഖങ്ങളൊന്നും വരുത്തേണ്ട റൂം റെഡിയാക്കി അങ്ങോട്ടേക്ക് മാറിക്കോളൂ.. പറഞ്ഞിട്ട് ഡോക്ടർ നടന്നകന്നു.

അല്ലിയ്ക്ക് പേടിക്കേണ്ടതായി ഒന്നുമില്ലെന്ന ഡോക്ടറുടെ വാക്കുകൾ അവന്റെ മനസ്സിൽ നേരിയ തണുപ്പ് പടർത്തിയെങ്കിലും അവളുടെ മുറിവുകൾ തന്നിലുണ്ടാക്കുന്ന നീറ്റൽ അപ്പോഴവൻ തിരിച്ചറിഞ്ഞു. നഴ്സ് ഏൽപ്പിച്ച ഫയലുമായി റിസപ്ഷനിൽ പോയി റൂം എടുത്ത് കുഞ്ഞിനെയും അംബികേച്ചിയെയും അമ്മയെയും അവിടെയാക്കി അവൻ വീണ്ടും ഐ സി യുവിന് മുൻപിലെത്തി. കൈയിലിപ്പോഴും അവളുടെ ശരീരത്തിന്റെ ഇളംചൂടും രക്തത്തിന്റെ ഗന്ധവും തങ്ങി നിൽക്കുന്നതായി അവന് തോന്നി. കൈകൾ വിടർത്തി അവനതിലേക്ക് നോട്ടം പായിച്ചു. കാറുമായി കുതിക്കുമ്പോഴും ഒരു കൈകൊണ്ട് തന്റെ മടിത്തട്ടിലേക്ക് അവളെ കിടത്തിയിരുന്നു. വിളിക്കാത്ത ദൈവങ്ങളില്ല. ഐ സി യുവിൽ കയറുമ്പോഴും ആ വിരലുകൾ തന്റെ കൈയിലായിരുന്നു.

നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈർഘ്യമുണ്ടെന്ന് അവന് തോന്നി. അല്ലി മാത്രമായിരുന്നു അവന്റെ മനസ്സ് നിറയെ. ആമി ആ നിമിഷങ്ങളിൽ അവന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. അല്ലി മാത്രം.. അവളുടെ ശാന്തമായ കരുണ നിറഞ്ഞ മിഴികൾ അവനുള്ളിൽ ഒരിക്കലും അണയാത്ത ദീപപ്രഭ പോലെ തെളിഞ്ഞുനിന്നു. അല്ലിയെ റൂമിലേക്ക് മാറ്റിയപ്പോൾ രാത്രിയായി. അവളുടെ തലയിലെ വെളുത്ത കെട്ടിന് മുകളിലായി രക്തത്തിന്റെ ചെറുചുവപ്പ് പടർന്നിട്ടുണ്ടായിരുന്നു. ഇടംകൈ സ്ലിങിലാണ്. വേദന കടിച്ചമർത്താൻ അവൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന് അവൻ മനസ്സിലാക്കി. ഞാൻ അൽപ്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ മോളിങ്ങനെ കിടക്കേണ്ടി വരില്ലായിരുന്നു… നിറകണ്ണുകൾ തുടച്ചുകൊണ്ട് അംബിക പറഞ്ഞു. ഇല്ല ചേച്ചീ.. ഞാൻ ശ്രദ്ധിക്കാത്തതല്ലേ.. എണ്ണ കിടന്നത് ഞാൻ കണ്ടില്ല.

അവളുടെ ശബ്ദം നന്നേ നേർത്തിരുന്നു. മഹേശ്വരി കാൽ തടവിക്കൊണ്ട് ബൈസ്റ്റാൻഡർ ബെഡിൽ ഇരിപ്പുണ്ടായിരുന്നു. അവരുടെ മുഖത്തെ പരിഭവം കണ്ട് അവൾ അവരെ നോക്കി കണ്ണിറുക്കി ചിരിച്ചു. വേണ്ട… ചിരിക്കേണ്ട നീയ്. എല്ലാവരുടെ കാര്യങ്ങളും കൃത്യമായി നോക്കുന്ന നീയിനി എന്നാ കുട്ടീ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാൻ പഠിക്കണേ. മറുപടിയായവൾ ചിരിച്ചതേയുള്ളൂ. തന്നെത്തന്നെ നോക്കി അരികിലിരിക്കുന്ന നിവേദിന്റെ മിഴികളുമായി അവളുടെ മിഴികളുടക്കി. അവന്റെ മിഴികളിൽ പ്രകടമാകുന്ന വേദനയുടെ കാരണം തന്റെ അവസ്ഥയാണെന്ന് പെട്ടെന്നവൾ തിരിച്ചറിഞ്ഞു. ബോധം മറയുന്നതിന് മുൻപായി തന്റെ കൈത്തണ്ടയിൽ അടർന്നുവീണ കണ്ണുനീർത്തുള്ളികളിൽ അടങ്ങിയിരുന്നത് തന്നോടുള്ള ഇഷ്ടമാണെന്ന് മനസ്സിലാക്കുവാൻ അവൾക്കധികനേരം വേണ്ടിവന്നില്ല.

മിഴികളിലൂടെ വേദനകളും പരിഭവങ്ങളും അവർ പരസ്പരം പങ്കുവച്ചു. ഉറക്കമുണർന്ന ആരു അവളെ കണ്ട് ഇരുകൈയും പരസ്പരം അടിച്ച് സന്തോഷസൂചകമായി ശബ്ദം പ്രകടിപ്പിച്ചു. അവൾ വലത് കൈ നീട്ടി അവനെയെടുക്കാൻ ശ്രമിച്ചു. വേണ്ട വേദന കാണും.. തടയാൻ ശ്രമിച്ച നിവേദിനെ അവൾ കൂർപ്പിച്ചുനോക്കി. പിന്നീടൊന്നും പറയാതെ അവൻ മോനെ ശ്രദ്ധിച്ച് അവളുടെ മാറിലേക്ക് ചേർത്തുവച്ചു. അവന്റെ പ്രതിഷേധങ്ങളെല്ലാം അവളുടെ മുഖത്ത് അടിച്ചും മാന്തിയും അവനറിയിച്ചു. അവളുടെ കവിളിലും മൂക്കിലുമവൻ മോണ അമർത്തി. തലയിലെ കെട്ടിലേക്ക് കൗതുകത്തോടെ അവൻ കുഞ്ഞിക്കൈ വച്ച് അടിച്ചു. സ്സ്… വേദന കൊണ്ടവൾ ശബ്ദമുണ്ടാക്കിയത് കണ്ടതും നിവേദ് അവളെ ദേഷ്യത്തോടെ നോക്കി. അവൾ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു.

ദേ.. ഇപ്പോഴവന്റെ സന്തോഷം നോക്കിയേ. കരഞ്ഞു തളർന്നാണ് ഉറങ്ങിയത്. മോളെക്കാണാതെ എന്ത് കരച്ചിലായിരുന്നെന്നോ.. അല്ലേടാ കുറുമ്പാ.. അംബിക കുഞ്ഞിന്റെ കവിളിൽ തട്ടി. ആർത്തുചിരിച്ചുകൊണ്ട് അവൻ അവളുടെ മാറിലേക്ക് മുഖമൊളിപ്പിച്ചു. വാത്സല്യത്തോടെ അവളാ കുഞ്ഞിന്റെ നെറുകയിൽ ചുണ്ടുകളമർത്തുന്നത് അവൻ കണ്ടു. അവളുടെ കൺകോണിലെ നനവ് മുറിവിന്റെ വേദന കാരണമല്ല ആരുവിനോടുള്ള സ്നേഹത്താലാണെന്ന് മനസ്സിലാക്കാൻ അവന് സാധിച്ചു. അവളുടെ ഓരോ ഭാവങ്ങളുടെയും അർത്ഥം എത്ര കൃത്യമായി തനിക്ക് മനസ്സിലാക്കാൻ കഴിയുന്നെന്ന് അത്ഭുതത്തോടെ അവനോർത്തു. മഹേശ്വരിക്ക് സുഖമില്ലാത്തതിനാൽ ഇരുവരും അവരെയും അംബികയെയും നിർബന്ധിച്ച് വീട്ടിലേക്ക് അയച്ചു. ആരു അവളോട് ചേർന്നിരുന്നു.

ഇനിയും തന്റെ അമ്മ തന്നെവിട്ട് അകലുമോയെന്ന ഭയം ആ കുഞ്ഞുമനസ്സിനെ കീഴടക്കിയിരിക്കാം. അധികനേരം ഇരിക്കാൻ സാധ്യമല്ലാത്തതിനാൽ അവനവളെ മെല്ലെ ബെഡിലേക്ക് കിടത്തി. ആ മൃദുമേനിയെ തന്നോട് ചേർത്തുപിടിച്ച് കിടക്കുവാൻ സഹായിച്ചപ്പോൾ ആ ശരീരം വിറകൊള്ളുന്നത് അവനറിയുന്നുണ്ടായിരുന്നു. അതുപോലെ അവന്റെ ഹൃദയതാളം ക്രമാതീതമായി ഉയർന്നത് തന്റെ കാതോരം അവളറിഞ്ഞു. അവളെ ഭക്ഷണം കഴിക്കാനും മറ്റും അവൻ സഹായിച്ചു. കുഞ്ഞിനുവേണ്ടിയുള്ള പാലും ബിസ്ക്കറ്റും അംബിക അവരുടെ മകന്റെ പക്കൽ കൊടുത്തയച്ചിരുന്നു. ചൂടുവെള്ളത്തിൽ സെറിലാക് കലക്കി ചൂടാറ്റി അവൻ ആരുവിന് കൊടുത്തു.

അല്ലി കൊടുക്കാത്തതിന്റെ പ്രതിഷേധം ആദ്യമവൻ കാട്ടിയെങ്കിലും വിശപ്പ് കാരണമാകാം പതിയെ അവനത് കഴിച്ചത്. വയർ നിറഞ്ഞതും ആ കുഞ്ഞുമിഴികൾ കൂമ്പാൻ തുടങ്ങി. വലതുവശം ചരിഞ്ഞുകിടന്ന് ആരുവിനെ തന്നോട് ചേർത്തുപിടിച്ച് തുടയിലവൾ മെല്ലെ താളമിട്ടു. താരാട്ടിന്റെ ശീലുകൾ ആ നാവിൽനിന്നും ഉതിർന്നപ്പോൾ കുഞ്ഞുമിഴികളിൽ നിദ്രാദേവി ചുംബിച്ചു. നിവേദിന്റെ മിഴികൾ അവളിലായിരുന്നു അല്ലി എന്ന സാധാരണ പെൺകുട്ടി ഇന്ന് തനിക്കാരൊക്കെയോ ആണെന്ന് അവൻ അറിയുകയായിരുന്നു. മനസ്സിൽ നനുത്ത വെണ്ണിലാവായി തെളിഞ്ഞു നിൽക്കുന്നത് ഈ മുഖമാണ്.. അല്ലിമയുടെ… തന്റെ മാത്രം അല്ലിയുടെ..

അപ്പോഴും അവന്റെ അധരത്തിൽ നനുത്ത പുഞ്ചിരിയുണ്ടായിരുന്നു. ഡോറിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ അല്ലിയെ ഒന്ന് നോക്കിയിട്ട് അവൻ കതക് തുറന്നു. ദൈവത്തിന്റെ മാലാഖ. ഇളംനീല നിറത്തിലെ വസ്ത്രവും നിറഞ്ഞ പുഞ്ചിരിയും. നിവേദിന്റെ ചുണ്ടിലും ചിരി വിരിഞ്ഞു. ഈ ടാബ്‌ലറ്റ്സ് കൊടുക്കണം. പിന്നെ ദേ ഈ ഓയിന്മെന്റ് ഇടുപ്പിൽ ചതഞ്ഞ ഭാഗത്തായി തേച്ച് പിടിപ്പിക്കണം. മരുന്നിന്റെ കാര്യങ്ങൾ വിശദീകരിച്ചശേഷം അല്ലിക്കായി പുഞ്ചിരി സമ്മാനിച്ചുകൊണ്ടവർ ഇറങ്ങി. ടാബ്‌ലറ്റ്സ് നീട്ടി വെള്ളം കൊടുക്കുമ്പോൾ അവളത് അനുസരണയോടെ കഴിച്ചു. ഓയിന്മെന്റ് കൈയിലെടുത്ത് ഇരുവരും പരസ്പരം നോക്കി. അല്ലിയുടെ മുഖത്ത് വിയർപ്പ് പൊടിയുന്നത് അവൻ ആശ്ചര്യത്തോടെ നോക്കി. ഞാൻ.. ഞാൻ പുരട്ടാം..

ഓയിന്മെന്റിനായി കൈനീട്ടിക്കൊണ്ടവൾ പറഞ്ഞു. ഈ വയ്യാത്ത കൈയും വച്ചുകൊണ്ടാണോ. ഞാൻ പുരട്ടിത്തരാം.. അവൾ ചരിഞ്ഞുകിടന്നു. ഹോസ്പിറ്റൽ ഗൗൺ ആയിരുന്നു അവളുടെ വേഷം. അവളുടെ വിറയൽ അവനിൽ ചിരിയാണുണർത്തിയത്. ബെഡ്ഷീറ്റ് അരയോളം പുതപ്പിച്ചുകൊടുത്തശേഷം അവൻ ഗൗൺ മെല്ലെയുയർത്തി. കണ്ണുകൾ ഇറുകെയടച്ച് അവൾ തലയിണയിൽ പിടി മുറുക്കി. വെളുത്ത നിറത്തിലെ നനുത്ത രോമങ്ങൾ മയങ്ങുന്ന അണിവയർ. ഇടതുഭാഗം നന്നായി ചുവന്ന് കിടപ്പുണ്ട്. അവന്റെ കൈകൾ യാന്തികമായി അതിലേക്ക് നീണ്ടു. ചതഞ്ഞ ഭാഗത്ത് മൃദുവായി അവൻ തഴുകി. കൈയിലെടുത്ത ഓയിന്മെന്റ് അവളെ ഒട്ടും വേദനിപ്പിക്കാത്തവിധത്തിൽ മെല്ലെ തേച്ച് പിടിപ്പിച്ചു.

പ്രണയിച്ച പുരുഷന്റെ സ്വകാര്യതകളിലേക്കുള്ള ആദ്യസ്പർശം. ഏത് പെണ്ണും തരളിതയാകുന്ന നിമിഷം. വേദനയോ ഹോസ്പിറ്റലോ ഒന്നുമവൾ ഓർത്തില്ല. അവന്റെ സ്പർശനത്തിൽ കുറുകിക്കൊണ്ടവൾ ഒന്നുകൂടി അമർന്നുകിടന്നു. അവന്റെ കൈകളുടെ ചൂട് കവിളിൽ തട്ടിയപ്പോൾ അവൾ നിവർന്നുകിടന്നു. അവൾക്കരികിലായി ചേർന്ന് അവനിരുന്നു. ആ കണ്ണുകളിൽ നോക്കാൻ സാധിക്കാതെ അവൾ കണ്ണുകൾ ഇറുകെയടച്ചു. തൂവൽപോലെ നനുത്ത സ്പർശം.. അധരത്തിലെ ചെറുനനവ്.. ആദ്യചുംബനം.. അതെ അല്ലിക്കായി പൂർണ്ണമനസ്സോടെ നിവേദ് നൽകിയ ആദ്യചുംബനം അവളുടെ നെറുകയിൽ പതിഞ്ഞു. വിശ്വാസം വരാതെ അവൾ കണ്ണുകൾ തുറന്നു.

ആ നിമിഷം ആ അധരങ്ങൾ ആ കണ്ണിണകളെ തഴുകി. വല്ലാത്തൊരു കുളിർ കോരുന്നതുപോലെ.. രോമങ്ങളെല്ലാം നാണംകൊണ്ട് തലതാഴ്ത്തി. സോറി… വേദനിപ്പിച്ചതിന്… അറിയാതെ പോയതിന്.. മനസ്സിലാക്കുവാൻ ശ്രമിക്കാതിരുന്നതിന്.. നൊമ്പരപ്പെടുത്തിയതിന്.. ശകാരിച്ചതിന്.. അവഗണിച്ചതിന്… ഓരോ വാക്കുകൾ അവനിൽനിന്ന് ഉതിർന്നുവീഴുമ്പോഴും അവന്റെ കണ്ണുനീർത്തുള്ളികൾ അവളുടെ മുഖത്തേക്ക് പതിച്ചു. ഒഴുകിയിറങ്ങിയ ആ കണ്ണുനീർതുള്ളികളിലെ ഉപ്പുരസം അവളുടെ നാവിനെ നനച്ചപ്പോൾ അവൾ വിറച്ചുപോയി. അവളറിയാതെ ആ കൈകൾ അവന്റെ കവിളോട് ചേർന്നു. മെല്ലെ ആ കണ്ണുനീർ തുടച്ച് അവന്റെ കൈയിലവൾ ചുംബിച്ചു. പരിഭവം മഴയായി പെയ്തു തോർന്നു. അവനവിടെ തുറന്നുകാട്ടുകയായിരുന്നു അവന്റെ മനസ്സ്.

അല്ലി മാത്രം നിറഞ്ഞുനിൽക്കുന്ന അവളുടെ മനസ്സ്. അവളോടുള്ള അവന്റെ അടക്കി വയ്ക്കാനാകാത്ത സ്നേഹം.. അതിർവരമ്പുകളില്ലാതെ അവൻ പ്രണയം അവൾക്കായി നൽകി. നെറുകയിൽ പകർന്നുനൽകിയ ചുംബനവും ഇറ്റുവീണ കണ്ണുനീർത്തുള്ളിയും നിറയെ അവളോടുള്ള അവന്റെ പ്രണയമായിരുന്നു.. കരുതലായിരുന്നു.. വാത്സല്യമായിരുന്നു.. വാഗ്ദാനമായിരുന്നു.. അവനെത്തന്നെയായിരുന്നു……(തുടരും )

അല്ലിയാമ്പൽ: ഭാഗം 6

Share this story