അല്ലിയാമ്പൽ: ഭാഗം 8

അല്ലിയാമ്പൽ: ഭാഗം 8

എഴുത്തുകാരി: ആർദ്ര നവനീത്

ദിവസങ്ങൾ കഴിയവേ അവർ തമ്മിലുള്ള അകലം പാടേ ഇല്ലാതായി. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ അല്ലിയെ പരിചരിക്കാൻ ലീവ് എടുത്തുകൊണ്ട് നിവേദ് ഒപ്പമുണ്ടായിരുന്നു. മനസ്സിന് സന്തോഷമുണ്ടാകുമ്പോൾ ആരോഗ്യം മെച്ചപ്പെടുമെന്നത് എത്ര ശരിയാണ്. പതിയെ അല്ലി സുഖം പ്രാപിക്കാൻ തുടങ്ങി. നിവേദിന്റെ പ്രണയത്തിൽ ചാലിച്ച ചെറുചുംബനത്തിന്റെ മാധുര്യത്താൽ അവളുടെ പുലരികൾക്ക് തുടക്കം കുറിച്ചു. തലയിലെ സ്റ്റിച്ച് എടുത്തുകഴിഞ്ഞശേഷം അല്ലിയെ വൈദ്യനെ കാണിക്കുകയും കൈ തടവി ശരിയാക്കുകയും ചെയ്തു. അതിനാൽ അല്ലി പൂർണ്ണമായും പഴയ ചുറുചുറുക്ക് വീണ്ടെടുക്കുകയും ചെയ്തു. ബാൽക്കണിയിലെ നീളൻ ഇരിപ്പിടത്തിൽ ഇരിക്കുകയാണ് അല്ലി.

സായാഹ്നത്തിലെ ഇളംകാറ്റ് അവളുടെ തലമുടിയെ തൊട്ടുണർത്തുന്നുണ്ടായിരുന്നു. അവളുടെ മടിയിൽ നിവേദ് കിടപ്പുണ്ട്. അവളുടെ നീളൻവിരലുകൾ അവന്റെ ഇടതിങ്ങിയ മുടിയിഴകളിലൂടെ തലോടുന്നുണ്ടായിരുന്നു. വല്ലാത്ത സുഖം തോന്നി അവന്. അപ്പൂപ്പൻതാടിപോലെ പറന്നുനടക്കുന്ന മനസ്സ്. യാതൊരുവിധ ടെൻഷനുമില്ലാതെ അതിപ്പോൾ സ്വതന്ത്രമാണ്. അവളുടെ കൈയ്ക്ക് വല്ലാത്ത മാന്ത്രികശക്തിയുണ്ടെന്ന് അവന് തോന്നി. അല്ലീ… മ്.. നിനക്കെന്നെ എത്രത്തോളം ഇഷ്ടമുണ്ട്..? അവളുടെ വിരലുകളുടെ ചലനം ഒരുനിമിഷം നിന്നു. പിന്നീട് വീണ്ടുമവൾ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി തുടർന്നു. ഒരുപാട്… വാക്കുകൾക്കതീതം… ഒരിക്കലും അവസാനിക്കാത്ത ഈ ആകാശംപോലെ…

ഒരിക്കലും വറ്റാത്ത സമുദ്രം പോലെ.. ജ്വലിക്കുന്ന സൂര്യനെപ്പോലെ.. അല്ലിയുടെ പ്രാണനെക്കാളേറെ.. എന്റെ ഹൃദയത്തുടിപ്പുകൾ നിലച്ച് മരണത്തെ പുൽകിയാൽപ്പോലും അല്ലി കാത്തിരിക്കും ഇനിയൊരു ജന്മമുണ്ടെങ്കിൽപ്പോലും അന്നും എന്റെ താലിയുടെ അവകാശിക്കായി.. നിവേദ് അതീവസ്നേഹത്തോടെ അവളുടെ വയറിൽ മുഖമമർത്തി. ആ വാക്കുകൾ അവന്റെ മനസ്സ് നിറച്ചെന്ന് വ്യക്തമായിരുന്നു. നിവേദേട്ടാ.. അല്ലി എങ്ങനെയാ ഇപ്പോൾ നിവേദേട്ടന്.. ഇഷ്ടമാണോ അല്ലിയെ.. അല്ലിയുടെ പ്രണയത്തെ.. അവളുടെ സ്വരത്തിലെ പതർച്ച അവൻ തിരിച്ചറിഞ്ഞു. ഞാൻ സത്യം പറഞ്ഞാൽ നിനക്ക് വിഷമമാകുമോ അല്ലീ.. അവന്റെ ആശങ്ക അവൾ മനസ്സിലാക്കി.

എനിക്കറിയാം നിവേദേട്ടാ. ആമി ഇപ്പോഴുമുണ്ട് ഈ ഹൃദയത്തിൽ. കാരണം ആമി ഏട്ടന്റെ പ്രണയമാണ്… ഭാര്യയാണ്.. കുഞ്ഞിന്റെ അമ്മയാണ്.. പൂർണ്ണമായും ഏട്ടനിൽ അലിഞ്ഞവളാണ്. ആദ്യപ്രണയത്തെ മറക്കാൻ ഒരിക്കലും ഒരാൾക്ക് സാധിക്കാറില്ല. ഒരുമിച്ചില്ലെങ്കിൽപ്പോലും ആദ്യപ്രണയം ഒരു വിങ്ങലായോ.. ചെറുനോവായോ.. അല്ലെങ്കിൽ പുഞ്ചിരിയോടെ ഓർത്തെടുക്കാൻ സാധിക്കുന്ന ഒരോർമ്മയായോ എല്ലാവരിലും കാണും. അപ്പോഴെങ്ങനെയാ ഏട്ടാ നിങ്ങളിൽ അലിഞ്ഞുചേർന്നവളെ നിങ്ങൾക്ക് മറക്കുവാൻ സാധിക്കുന്നത്. തന്റെ മനസ്സ് വായിച്ചതുപോലെയുള്ള അവളുടെ വാക്കുകൾ അവന് അവളോടുള്ള ഇഷ്ടം കൂട്ടിയതേയുള്ളൂ. അപ്പോഴും ആ കണ്ണുകളിൽ കണ്ണുനീരിന്റെ തിളക്കമുണ്ടായിരുന്നു.

അതെ അല്ലീ.. ആമി അവളെന്റെ ജീവനായിരുന്നു. ഞാൻ ഇഷ്ടപ്പെട്ട് സ്വന്തമാക്കിയവൾ. എന്റെ ഭാര്യ… കുഞ്ഞിന്റെ അമ്മ. ഞാനെന്ന ലോകത്തിൽ ജീവിച്ചവൾ. അവളിന്നും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അങ്ങനെയാണ് വിശ്വസിക്കുന്നതും. എനിക്ക് നിന്നോടുള്ള ഇഷ്ടം അത് ആമിക്ക് പകരമായല്ല. കാരണം ആമി ആമിയാണ് അല്ലി അല്ലിയും. എനിക്ക് നിന്നെ അല്ലിയായി സ്നേഹിക്കാനാണിഷ്ടം. ഞാൻ അറിയാതെ എന്നെ പ്രണയിച്ചവൾ.. പകുത്തുതരാനാകാതെ കടലോളം പ്രണയം നെഞ്ചിലൊളിപ്പിച്ചവൾ.. ഒടുവിൽ വിധി എനിക്ക് മുൻപിൽ എന്റെ ഭാര്യയായി എത്തിച്ചവൾ. ഇന്ന് നീയെന്റെ ജീവനാണ്. ഞാനൊരുപാട് സ്നേഹിക്കുന്നു നിന്നെ..

വാക്കുകൾക്ക് അതീതമാണ് നിന്നോടെനിക്കുള്ള പ്രണയം. നിന്നിൽ നിന്നും അകലാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിന്നോട് ചേർന്നിരിക്കാൻ എന്റേതായി നെഞ്ചോട് ചേർക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അല്ലിയുടെ കണ്ണുനീർ അവന്റെ നെറ്റിയിൽ ഇറ്റുവീണു. ആ കണ്ണുനീർത്തുള്ളികൾക്ക് പോലും പറയാനുണ്ടായിരുന്നത് അല്ലിക്ക് അവനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു. അന്ന് പലരും നോക്കിനിന്നിട്ടും നീയെന്തിനാ അല്ലീ എന്നെ രക്ഷിച്ചത്. അവരെപ്പോലെ മാറിനിൽക്കാമായിരുന്നിട്ടും ഒരു പതിനെട്ടുകാരി രക്ഷിക്കാൻ ധൈര്യപ്പെട്ടെന്ന് വച്ചാൽ അത്ഭുതമാണ് ശരിക്കും.

ഒരു ജീവൻ കണ്മുന്നിൽ രക്തത്തിൽ കുളിച്ച് കിടന്ന് പിടയുമ്പോൾ വെറും കാഴ്ചക്കാരിയായി ഒതുങ്ങി നിൽക്കാൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല. എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കുക അതിൽ കവിഞ്ഞൊന്നുമില്ലായിരുന്നു മനസ്സിൽ. പക്ഷേ വിട്ടുപോകാൻ സാധിക്കാതെ മനസ്സ് മടിച്ചിരുന്നു. ഇതുവരെ ആരോടും തോന്നാത്തൊരു അടുപ്പമുള്ളതുപോലെ. തിരികെ മടങ്ങിയിട്ടും ഈ കൈയുടെ ചൂട് ശരീരത്തിലുള്ളതുപോലെ. ഉറങ്ങാൻ പോലും സാധിക്കാതെ ഈ മുഖമായിരുന്നു മനസ്സിൽ. ആദ്യമായി കാണുന്നൊരാളെ ഇങ്ങനെയും ഓർമ്മിക്കുമോ അദ്ഭുതമായിരുന്നു. പിറ്റേന്ന് ഹോസ്പിറ്റലിൽ വന്നപ്പോഴേക്കും വേറെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്തെന്നറിഞ്ഞു. ആകെ അറിയാവുന്നത് പേരും അഡ്രസ്സും ഈ മുഖവും.

ഉറങ്ങുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം മനസ്സിൽ ഈ മുഖം മാത്രമായിരുന്നു. അത് മാത്രം മതിയായിരുന്നു പ്രണയമെന്ന് ഉറപ്പിക്കാൻ. പിന്നീട് കണ്ടപ്പോഴെല്ലാം ഇഷ്ടം പറയണമെന്നുണ്ടായിട്ടും ഭയമായിരുന്നു. അന്നത്തെ പ്രായത്തിൽ തോന്നുന്ന ഭയം. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം വൈകുന്നേരം നിവേദ് ഓഫീസിൽ നിന്നും വന്നപ്പോൾ കുഞ്ഞിനെ ഡൈനിങ്ങ് ടേബിളിന്റെ മേലെയിരുത്തി നെയ്യും ചോറും പരിപ്പും കൂട്ടിക്കുഴച്ചത് ഊട്ടുകയായിരുന്നു അല്ലി. അവൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല. മോനെ കൊഞ്ചിച്ചു ആഹാരം കഴിപ്പിക്കുന്ന അവളിലായിരുന്നു അവന്റെ ശ്രദ്ധ. അവസാനത്തെ ഉരുള നീട്ടിയപ്പോൾ ചുണ്ടുകൾ പൂട്ടി ആരു വേണ്ടെന്ന് തല വെട്ടിച്ചു. ചിറ്റേടെ അമ്പോറ്റിക്കണ്ണനല്ലേ വായ തുറന്നേ.. അവൾ ചുണ്ട് കൂർപ്പിച്ച് കൊഞ്ചി.

ചിറ്റയല്ല മോനൂട്ടാ അമ്മ.. ന്റെ ആരൂട്ടന്റെ അമ്മയാ. പിന്നിൽവന്ന നിവേദ് കുഞ്ഞിനോടായി പറഞ്ഞു. തലതിരിച്ചവൾ വിശ്വാസം വരാതെ അവനെ ഉറ്റുനോക്കി. ഒന്നും മനസ്സിലാകാതെ മോൻ ആർത്തു ചിരിച്ചു. കൈയിരുന്ന ആ ഉരുളച്ചോർ തന്റെ വായയിലാക്കി അവളുടെ മൂക്കിൻതുമ്പ് ചെറുതായി ഉലച്ചുകൊണ്ട് കണ്ണിറുക്കി അവൻ മുകളിലേക്ക് കയറിപ്പോയി. ചുണ്ട് കൂർപ്പിച്ച് കൈയിലുള്ള കിലുക്ക് ആഞ്ഞുവീശുന്ന ആരുമോനെ നെഞ്ചോടടക്കി അവൾ കരഞ്ഞു. ആ മിഴികൾ ഒഴുകിയത് സന്തോഷത്താലായിരുന്നു. സന്ധ്യാദീപം തെളിയിച്ചശേഷം വരാന്തയിലിരിക്കുകയായിരുന്നു മഹേശ്വരിയും നിവേദുo അല്ലിയും. ആരുവിനെ കളിപ്പിക്കുകയാണ് അല്ലി.

കൈകൊണ്ട് മുഖം മറയ്ക്കുമ്പോൾ അവൻ കള്ളനോട്ടവുമായി മുഖം ചരിക്കും. കണ്ടേ എന്നവൾ പറയുമ്പോൾ കുടുകുടെ ചിരിക്കും. വായിൽ നിന്നൊഴുകുന്ന തേനിനെ അവൾ തുടച്ചു മാറ്റും. അമ്മയുടെ മടിയിൽ തല ചായ്ച്ചിരിക്കെ നിവേദിന്റെ നോട്ടം അല്ലിയിലായിരുന്നു. കുളി കഴിഞ്ഞ് ഈറൻ മാറാത്ത മുടി വിടർത്തിയിട്ട് തുളസിക്കതിർ ചൂടിയിട്ടുണ്ട്. നെറ്റിയിൽ ഭസ്മക്കുറി സീമന്തരേഖയിൽ നീട്ടിവരച്ച സിന്ദൂരച്ചുവപ്പ്. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുമണികൾ. ദാവണിയാണ് വേഷം. കുഞ്ഞിനോടെന്തോ പറഞ്ഞ് അവനോട് മൂക്കുരസി മുഖമുയർത്തിയ അവൾ കണ്ടത് തന്നെത്തന്നെ നോക്കിയിരിക്കുന്ന നിവേദിനെയാണ്. പെട്ടെന്നൊരു വിറയൽ അവളെ കടന്നുപോയി.

മിഴികൾ തമ്മിൽ കോർത്തപ്പോഴുണ്ടായ അവളുടെ മിഴികളിലെ പിടപ്പ് അവൻ ആസ്വദിക്കുകയായിരുന്നു. അവന്റെ നോട്ടം അവളെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു. അമ്മേ.. ഞാൻ മോന് കഴിക്കാൻ കൊടുക്കട്ടെ.. പറഞ്ഞശേഷം മോനെയുമെടുത്ത് രക്ഷപ്പെടാനെന്നപോലെ അവൾ അകത്തേക്ക് നടന്നു. അവളുടെ ഈറൻമുടിയിൽ അപ്പോഴും ജലകണികകൾ വജ്രംപോലെ തിളങ്ങുന്നത് അവൻ ശ്രദ്ധിച്ചു. പുഞ്ചിരിയോടെ അവൻ വീണ്ടും അമ്മയുടെ മടിയിലേക്ക് മുഖം പൂഴ്ത്തി. രാത്രി മുറിയിലേക്ക് കയറിയപ്പോൾ ബേബി ബെഡിൽ ആരു ഉറങ്ങുകയായിരുന്നു. ആശുപത്രിയിൽനിന്നും വന്നതിന് ശേഷം കട്ടിലിലാണ് അവൾ കിടന്നിരുന്നത്. അവർക്കിടയിൽ ആരു ഉണ്ടാകുമെന്ന് മാത്രം.

അൽപ്പം മുൻപ് മോനെ കട്ടിലിൽ കിടത്തി അരികിൽ തലയണ വച്ചിട്ടാണ് അമ്മയ്ക്ക് ഗുളിക കൊടുക്കാൻ പോയതും. ബെഡിൽ ഫോണുമായി ഒന്നുമറിയാത്തതുപോലെ ഇരിക്കുന്ന നിവേദിൽ അവളുടെ നോട്ടം പാളിവീണു. കതകടച്ചശേഷം കുഞ്ഞിനെ കട്ടിലിലേക്ക് കിടത്താനായി മോനെ എടുക്കാൻ കുനിഞ്ഞതും അവളുടെ വയറിലൂടെ പിടിച്ച് തന്നോട് ചേർത്തിരുന്നു നിവേദ്. വിറയലോടെ അവളവന്റെ കൈയിൽ പിടി മുറുക്കി. ഞാനാ മോനെ അവിടെ കിടത്തിയത്… കാതോരത്തായി അവന്റെ നിശ്വാസം പതിഞ്ഞതും അവളൊന്ന് പിടഞ്ഞു. മറുപടി പറയാതെ നിൽക്കുന്ന പെണ്ണിന്റെ വിറയൽ അവൻ അറിയുന്നുണ്ടായിരുന്നു. ഇപ്പോഴെന്റെ മനസ്സിൽ ഈ അല്ലി മാത്രമേയുള്ളൂ.

അത് നമ്മുടെ മോന്റെ അമ്മയായിട്ട് മാത്രമല്ല.. ഈ നിവേദിന്റെ പ്രാണനായിട്ട്… എന്റെ മാത്രം അല്ലിയായി.. അത് നിനക്കുമറിയാം. ഇനിയും വേണോ പെണ്ണേ ഈ അകലം. എന്റേതായിക്കൂടേ പൂർണ്ണമായും.. കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ തേന്മഴ പോലെ ആ കർണ്ണപടത്തിൽ ആഴ്ന്നിറങ്ങി. നീളൻവിരലുകളിലെ നഖങ്ങൾ അവന്റെ കൈയിലമർന്നു. അവന്റെ കൈ ദാവണിയുടെ മറ നീക്കി വയറിലമർന്നു. കാൽവിരലുകളാൽ ഒന്നുയർന്നു പൊങ്ങുമ്പോൾ ഒരു സീൽക്കാരവും അവളിൽ നിന്നുയർന്നു. അതവന് അവളോടുള്ള പ്രണയം കൂട്ടിയതേയുള്ളൂ. കോരിയെടുത്തവളെ ബെഡിലേക്ക് കിടത്തിയപ്പോൾ അവനെ നോക്കാനാകാതെ അവൾ ചരിഞ്ഞു കിടന്നു.

അവന്റെ അധരങ്ങളിലെ തണുപ്പ് അവളുടെ കഴുത്തിന് പിന്നിൽ പതിഞ്ഞപ്പോൾ ഏങ്ങലോടവൾ തലയിണയിൽ കൈ മുറുക്കി. നനുത്ത ചുംബനങ്ങളോടൊപ്പം അവളോടുള്ള പ്രണയം പകുത്ത് നല്കിയവൻ അവളിലെ പെണ്ണിനെ തൊട്ടുണർത്തി. കാമമെന്ന വികാരത്തോടൊപ്പം പ്രണയവും കരുതലും ചെറുനോവും അവൾക്ക് സമ്മാനിച്ച് അവളെ അറിഞ്ഞപ്പോൾ അവളുടെ കണ്ണുനീരിനാൽ അവന്റെ നഗ്നമായ നെഞ്ച് നനഞ്ഞു. അവളിൽ നിന്നൊരു മോചനമില്ലാത്തതുപോൽ അവളെ വീണ്ടും വീണ്ടും അറിയാൻ അതിലുപരി അടങ്ങാത്ത പ്രണയത്താലവളെ ചേർത്തുപിടിക്കുവാൻ ഓരോ നിമിഷവും അവൻ മത്സരിച്ചു.

ഒടുവിലെപ്പോഴോ തളർന്ന് അവൾക്കരികിലായി കിടക്കുമ്പോൾ കരുതലോടെ അവളെ നെഞ്ചോട് ചേർക്കുവാനും സീമന്തരേഖയിലെ വിയർപ്പിൽ കുതിർന്ന സിന്ദൂരത്തിൽ ചുണ്ടമർത്താനും അവൻ മറന്നില്ല. അവൻ പകർന്നുനൽകിയ പ്രണയത്തിന്റെ ആനന്ദത്തിന്റെയും ചെറുനോവിന്റെയും ആലസ്യത്തിലായിരുന്നു അവളും. അപ്പോൾ പുറത്ത് മഴ പെയ്യുകയായിരുന്നു. ചാറ്റൽമഴയല്ല… പെരുമഴ… സസ്യങ്ങളെപ്പോലും ആടിയുലച്ചുകൊണ്ട് പലതും തകർത്തുകൊണ്ട് തിമിർത്തു പെയ്യുന്ന മഴ……(തുടരും )

അല്ലിയാമ്പൽ: ഭാഗം 7

Share this story