അനന്തൻ: ഭാഗം 5

അനന്തൻ: ഭാഗം 5

എഴുത്തുകാരി: നിഹാരിക

“ഞാ.. ഞാൻ ചായ എടുക്കാ അപ്പച്ചീ ” എന്ന് പറഞ്ഞ് അകത്തേക്ക് പോയി… മൂന്ന് ഗ്ലാസ് വെളളം അടുപ്പത്ത് വച്ച് അടുപ്പും ഊതി കത്തിച്ച് അടുക്കള വാതിൽ ചാരി നിന്നു…. ഉള്ള് നീറി പിടയാണ്…. ആ ഒരാൾ കാരണം .. “” അനന്തേട്ടൻ” ഓർക്കും തോറും ശ്വാസം വിലങ്ങി ആ പാവം പെണ്ണിന്… മോഹത്തിൻ്റെ ഒരു തിരി ഉള്ളിലിട്ട് തന്നിട്ട്… അത് ഊതി ഊതി നീറ്റിയിട്ട് …. ഇന്നതൊരു വലിയ അഗ്നിയായി മാറിയിരിക്കുന്നു അനന്തേട്ടാ… ഈ പാവം പെണ്ണിനെ ജീവനോടെ ചുട്ടെരിക്കുന്നു അത്…. തമാശയായിരുന്നോ എല്ലാം ….. ഇഷ്ടം പറഞ്ഞില്ല… കാത്തിരിക്കാൻ പറഞ്ഞില്ല… ന്നട്ടും ഒരു പൊട്ടിപ്പെണ്ണ് കാത്തിരിക്കാ…. എന്തിനാന്നറിയാതെ… പൊന്തി വന്ന തേങ്ങൽ ആരും കേൾക്കാതിരിക്കാൻ വായ പൊത്തി..

വേഗം മിഴി തുടച്ച് അകത്തേക്ക് പോകാൻ ഒരുങ്ങിയപ്പഴാണ് , ” തൻമയ…” എന്ന് വിളിച്ചത് കേട്ടത്… ” അപ്പേട്ട ” മുന്നിലുള്ള ആളെ കണ്ടതും എന്ന് വിളിച്ചു…. ” അപ്പേട്ടൻ… അപ്പു…താനും അമ്മയും അല്ലാതെ ആരുമങ്ങനെ എന്നെ വിളിക്കാറില്ലടോ…” എവിടേയോ നോക്കി പറയുന്നയാളിന് തെളിച്ചമില്ലാത്ത ഒരു ചിരി മറുപടിയായി കൊടുത്തു…. ” അമ്മ കല്യാണക്കാര്യം പറഞ്ഞപ്പോൾ ഈ മുഖം വാടിയത് ഞാൻ കണ്ടിരുന്നു…. കാരണം ഞാൻ ചോദിക്കുന്നില്ല .. പക്ഷെ പതിനേഴു വയസുള്ള കുട്ടിയാ താൻ .. കുട്ടി.. അമ്മയോട് ആവുംവിധം പറഞ്ഞതാടോ താനൊന്ന് വളർന്ന് വലുതാവട്ടെ ന്ന്.. അപ്പോ ഒന്ന് പറഞ്ഞ് വക്കാം ന്ന് അമ്മ …” ചെറു ചിരിയോടെ പറയുന്നവനെ അത്ഭുതത്തോടെ നോക്കി… “താൻ പഠിക്ക് …

എന്നിട്ട് സ്വന്തം കാലിൽ നിൽക്കാറാവുമ്പോ ഞാൻ ഒന്നൂടെ വരാം തൻ്റെ അപ്പച്ചിയേം കൂട്ടി.. അന്ന് തൻ്റെ മനസ് മറ്റാർക്കും കൊടുത്തിട്ടില്ലെങ്കിൽ.. എന്നെ ഉൾക്കൊള്ളാനാവുമെങ്കിൽ അന്ന് ….. അന്ന് നമുക്ക് ആലോചിക്കാം … ” ചായ തിളച്ച് അടുപ്പിൽ വീഴുന്ന ശബ്ദം കേട്ട് മറുപടി നിറഞ്ഞ ഒരു ചിരിയിൽ ഒതുക്കി ഞാൻ തിരിഞ്ഞു .. ആളിപ്പടരുന്ന തീ നാളങ്ങൾക്ക് മീതെ ചായ തൂവിപോകുമ്പോൾ അവ അണഞ്ഞടങ്ങുന്ന പോലെ ഉള്ളിലെ തീയും ഇപ്പോൾ ഒത്തിരി അണഞ്ഞടങ്ങിയിക്കുന്നു .. എങ്കിലും അനന്തൻ””” ഒരു സമസ്യയായി തന്നെ മുന്നിൽ നിന്നു .. 🌺🌺🌺

അപ്പച്ചിക്ക് , അവളുടെ പഠിത്തം കഴിഞ്ഞിട്ട് ആലോചിക്കാം എന്ന് പറഞ്ഞ് അച്ഛൻ വാക്കു കൊടുക്കുമ്പോഴും എന്നെ മനസിലാക്കാൻ കഴിയുന്ന ഒരാൾ ഉണ്ടല്ലോ എന്ന ചിന്തയായിരുന്നു എൻ്റെ ബലം … ആ മുഖത്തേക്ക് നോട്ടം നീണ്ടപ്പോൾ ചിമ്മിത്തുറന്ന കുസൃതി കണ്ണുകൾ ആത്മവിശ്വാസം പകർന്നിരുന്നു.. തിരികെ പോകുമ്പോൾ ” വച്ചോളൂ ആവശ്യം വരും ” എന്ന് പറഞ്ഞ് കയ്യിൽ ഒരു ചെറിയ മൊബൈൽ ഫോൺ വച്ചു തന്നു അപ്പേട്ടൻ…. ആദ്യമായി കിട്ടിയ വില കൂടിയ സമ്മാനം…. വാങ്ങാതെ അച്ഛനെ നോക്കിയപ്പോൾ വാങ്ങിക്കോളൂ എന്ന മട്ടിൽ തല ചലിപ്പിച്ചിരുന്നു… “താങ്ക്സ് ” എന്നു മാത്രം വായിൽ നിന്നും വന്നുള്ളൂ… ഒപ്പം പോട്ടെ എന്ന് തലയാട്ടി ചോദിച്ചയാളോട് ശരി എന്ന ഒരു തലയാട്ടലും… 🌺🌺🌺

അനുവിനെ കാണിക്കാനാണ് മൊബൈൽ ഫോണും എടുത്ത് ഓടിച്ചെന്നത്.. മുറ്റത്ത് ഫർണിച്ചർ നിറച്ച ഒരു ലോറി മാത്രം…. സൈഡിലേക്ക് നീങ്ങി നിന്നതും അതും പോയി … താക്കോലുമായി നിൽക്കുന്ന അയൽപക്കത്തെ ചേച്ചിയോടാണ് ചോദിച്ചത് ” അനന്യയും അമ്മയുമൊക്കെ എവിടെ എന്ന്?” “ഒന്നുമറിയില്യ മോളെ പെട്ടെന്ന് ഒക്കെ കെട്ടിപ്പെറുക്കി ഇന്ന് രാവിലെ പോയി ….. ഞങ്ങളോട് കൂടി ഒന്നും മുൻകൂട്ടി പറഞ്ഞില്യ… മോളോടും പറഞ്ഞില്യ ല്ലേ… ചെക്കന് ദുബായില് നല്ല പണിയാത്രെ കിട്ടിയെ… പണം വാരുകയല്ലേ …. പിന്നെ എന്തിനാ അയൽക്കാര്… ഒടമസ്ഥനെ എൽപ്പിക്കണേ ന്നും പറഞ്ഞ് താക്കോല് തന്നു അതെന്നെ … ”

ഒന്നും തലയിൽ കയറുന്നുണ്ടായിരുന്നില്ല ….. സഹോദരിയായി കരുതിയവളും…. അമ്മയെ പോലെ കണ്ടവരും ഒന്നു മിണ്ടുക കൂടെ ചെയ്യാതെ പോയതിൻ്റെ ആഘാതത്തിലായിരുന്നു ഞാൻ …… 🌺🌺🌺 “ചെലപ്പോൾ തോന്നും സ്വന്തം മനസാണ് ഏറ്റവും വലിയ ശത്രു എന്ന്…. ഓർക്കരുത് എന്ന് കരുതി മാറ്റി വച്ച പലതും തെരഞ്ഞെടുത്ത് തരും അത് .. വീണ്ടും വീണ്ടും ഓർക്കാൻ ….. അതിൻ്റെ നോവിൽ നീറാൻ….” അഞ്ച് ദിവസം കഴിഞ്ഞിരിക്കുന്നു അവൾ പോയിട്ട് .. ” അച്ഛൻ്റ കുട്ടി എന്തേലും വന്നൊന്ന് കഴിക്കടാ …. എത്ര ദിവസായി നേരാം വണ്ണം ഒന്ന് കഴിച്ചിട്ട് ” കട്ടിലിൽ തല വച്ച് നിലത്ത് ഇരുന്ന എൻ്റെ തലയിൽ മൃദുവായി തലോടി അത് പറയുമ്പോൾ ആ ഉള്ള് പിടയുന്നത് അറിയാനുണ്ടായിരുന്നു …

“ഒന്നോടിയാൽ എത്തണ ദൂരല്ലേള്ളൂ അച്ഛാ ഇങ്ങട്, ഒന്ന് പറഞ്ഞിട്ട് പോയിക്കുടാരുന്നോ അവൾക്ക്…?” അഛൻ്റെ മടിയിലേക്ക് തല വച്ചത് പറഞ്ഞപ്പോൾ, “സമയം കിട്ടീണ്ടാവില്യ.. അല്ലെങ്കിൽ മറ്റെന്തെങ്കിലും സാഹചര്യം വന്ന് പെട്ടിട്ടാവും.. ഇനീം വരാലോ ആ കുട്ടിക്ക് ഇങ്ങട് .. വരും… ആ കുട്ടി നിന്നെ കാണാൻ ഉറപ്പായിട്ടും വരും ട്ടോ…. ” എന്ന് നോവോടെ ആശ്വസിപ്പിക്കുന്ന അച്ഛനെ ഇനീം വിഷമിപ്പിക്കാൻ ആവുമായിരുന്നില്ല … മെല്ലെ മുഖം കഴുകി വന്നപ്പഴേക്ക് രണ്ടു കിണ്ണത്തിൽ കഞ്ഞിയും.. ഉപ്പുമാങ്ങ ചീനമുളക് ഉടച്ചതും… പ്ലാവില കുമ്പിൾ കുത്തിയതും ഒക്കെ അച്ഛൻ തന്നെ എടുത്ത് വച്ചിരുന്നു.. കൂടെ ചെന്നിരുന്നപ്പോൾ പ്ലാവിലയിൽ ഇത്തിരി കഞ്ഞി കോരിയും തന്നു …

കഴിക്കാൻ ഞാൻ വന്നതിൻ്റെ സംതൃപ്തി ആ പാവത്തിൻ്റെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നു… ഇനിയീ പാവം അച്ഛനെ ഞാനായിട്ട് വിഷമിപ്പിക്കില്ല എന്ന് മനസിൽ ഞാനും ഉറപ്പിച്ചിരുന്നു.. 🌺🌺🌺 മനക്കലമ്മയുടെ ആഗ്രഹപ്രകാരം ടി.ടിസിക്ക് തന്നെ ചേർന്നു … ഇളം പച്ച സാരിക്ക് കടും പച്ച ബ്ലൗസ് അതായിരുന്നു യൂണിഫോം … ആദ്യമേ സാരിയുടുക്കാൻ പഠിച്ചത് കൊണ്ട് അത്ര പ്രശ്നമില്ലായിരുന്നു .. ക്ലാസ് തുടങ്ങാൻ ഇനീം ഒരാഴ്ചയുണ്ട്… അപ്പച്ചി ഒന്നിടവിട്ട ദിവസങ്ങളിൽ വിളിക്കുമായിരുന്നു … കുറേ നേരം എന്നോടും അച്ഛനോടും സംസാരിക്കും…. അപ്പേട്ടൻ്റെ കാര്യം അപ്പച്ചിയിൽ നിന്നും അറിയും എന്നല്ലാതെ അപ്പേട്ടൻ ഒരിക്കലും ഫോൺ വിളിക്കുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ല ..

എങ്കിലും അപ്പേട്ടൻ എന്ന പേര് സുരക്ഷിതത്വം നൽകുന്ന ഒരു രക്ഷകർത്താവിൻ്റെ സ്ഥാനത്തേക്ക് മനസ് നീക്കി നിർത്തിയിരുന്നു….. 🌺🌺🌺 ഒരിക്കലും ആഗ്രഹിച്ചതല്ല എങ്കിലും ചേർന്ന് ഇത്തിരി കഴിഞ്ഞപ്പോഴേക്ക് വല്ലാതെ ഇഷ്ടമായി ടിടിസി…. മെരുക്കാൻ പോകുന്ന കുഞ്ഞു വീരന്മാരെ ഓർത്ത് കൗതുകം തോന്നി….. പ്രാക്ടീസിനായി അടുത്തുള്ള എൽ പി സ്കൂളിലെത്തിയതും കുറുമ്പൻമാരും കുറുമ്പികളും മനസ് നിറച്ചിരുന്നു.. ഏതൊരു തൊഴിലിനേക്കാൾ മനസിന് കുളിർമയേകുന്നതാണ് അധ്യാപനം എന്ന തിരിച്ചറിവിൽ എത്തിയിരുന്നു ഞാൻ… രണ്ട് വർഷം പോയതറിഞ്ഞില്ല ….. എക്സാമും കഴിഞ്ഞ് ടെറ്റും എഴുതി റിസൽട്ടിനായി ഇരിക്കുകയാണ്……. റിസൽട്ട് വരുന്നത് ഇന്നാണ്, രാവിലെ മുതലേ ഒരു വിറയൽ…. കിട്ടില്ലേ…’? എന്നൊരു ഭയം… അതാ കണ്ണനെ കണ്ട് ഒന്ന് തൊഴാം എന്ന് കരുതീത്……

അവിടെ ചെന്ന് മനസ് തുറന്ന് സങ്കടം മുഴുവൻ ആ ഇന്ദ്രജാലക്കാരനോട് പറഞ്ഞപ്പോ ഇത്തിരി സമാധാനം… ആ ഒരു സംതൃപ്തിയിൽ നടന്ന് വരുമ്പോഴാണ് വഴിയിൽ പട്ടുസാരി ഒക്കെ ഉടുത്ത് രേഖ ചേച്ചിയെ കണ്ടത്… അനുവിൻ്റെ ചേച്ചി അനുപമയുടെ ഭർത്താവിൻ്റെ പെങ്ങൾ ….. അവർ ഭർത്താവിൻ്റെ കൂടെ ബോംബെയിൽ ആണ് ഇവിടെ ഉള്ള വീട് അടച്ചിടാറാണ്… ” രേഖ ചേച്ചി എന്നാ വന്നേ?” “ഇന്നലെ … അനൂൻ്റെ കല്യാണത്തിനായി വന്നതാ… അല്ല ! പ്രിയപ്പെട്ട കൂട്ടുകാരി വരണില്ലേ ….?” എന്ന് ചോദിച്ചപ്പോൾ വിശ്വാസം വരാതെ ഞാനവരെ തന്നെ നോക്കാരുന്നു.. “എൻ്റെ ….. എൻ്റെ അനൂൻ്റെ കല്യാണോ?” എന്ന് ചോദിച്ച് …. ചെവിയിൽ വണ്ട് മൂളും പോലെ … ” അനന്തൻ എത്തീട്ട്ണ്ട് ” ഇടയിൽ അതും കേട്ടിരുന്നു വ്യക്തമായി .. ……. (തുടരും)….

അനന്തൻ: ഭാഗം 4

Share this story