ആത്മിക : ഭാഗം 40

ആത്മിക : ഭാഗം 40

എഴുത്തുകാരി: ശിവ നന്ദ

സ്റ്റേജിന്റെ പിന്നിലുള്ള ഡ്രസിങ് റൂമിൽ ചെന്ന് നിൽക്കുമ്പോഴും ആ പൊൻകുരിശ് അവൾ മുറുകെ പിടിച്ചിരുന്നു…പെട്ടെന്നാണ് അവൾ ഓർത്തത്..അന്ന് ലൈസൻസ് എടുക്കാൻ പോയപ്പോഴും തന്റെ ധൈര്യത്തിനായി ഇച്ചൻ ഈ പൊൻകുരിശ് ഊരി തന്നിരുന്നു..അന്നാണ് ഇച്ചന് അപകടം ഉണ്ടായത്..ഇന്നും അതുപോലെ തന്നെ തനിക്ക് വേണ്ടി ഈ പൊൻകുരിശ്…അവൾക്ക് വല്ലാത്ത പേടി തോന്നി…പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ആൽബിയെ വിളിച്ചു..പക്ഷെ അവൻ എടുത്തില്ല.കുറേ തവണ വിളിച്ചിട്ടും എടുക്കാതായപ്പോൾ അവൾ അമ്മച്ചിയെ വിളിച്ചു.അപ്പോഴാണ് ആൽബി പുറത്തേക്ക് പോയെന്ന് അറിയുന്നത്.അതോടെ അമ്മുവിന് ശരീരം തളരുന്നത് പോലെ തോന്നി…വീണ്ടും അവൾ വിളിച്ചുകൊണ്ടിരുന്നു…ആ ശബ്ദം ഒന്ന് കേൾക്കാനായി…ആ നിശ്വാസം ഒന്ന് അറിയാനായി…. “ആത്മിക….നീയെന്താ ഇവിടെ നിൽക്കുന്ന??”

ഡാൻസിന് വേണ്ടിയുള്ള മേക്കപ്പ് ചെയ്തുകൊണ്ട് നിൽക്കുമ്പോഴാണ് പൂജ അമ്മുവിനെ കാണുന്നത്. “എന്താടാ പറ്റിയത്?? നീയാകെ വിയർത്തല്ലോ..” “ഇച്ചനെ വിളിച്ചിട്ട് കിട്ടുന്നില്ല” “അതാണോ കാര്യം..ഇപ്പോൾ ആ ചേട്ടനെ വിളിക്കാനും മാത്രം എന്തുണ്ടായി??” “അത്….പൂജ…ചൈതന്യ മാം എവിടെ??” “മാം അവിടെ ഓഡിറ്റോറിയത്തിൽ ഉണ്ടാകും..നീയിങ്ങനെ ടെൻഷൻ ആകുന്നത് എന്തിനാ?? എന്ത്‌ പറ്റി?? കാര്യം പറ” “എനിക്ക് ഇപ്പോൾ തന്നെ വീട്ടിലേക്ക് പോകണം” “പ്രോഗ്രാം കഴിയാതെ നിനക്ക് പോകാൻ പറ്റില്ല ആത്മിക” “അതൊന്നും എനിക്ക് അറിയണ്ട…എനിക്കിപ്പോൾ തന്നെ പോയേ പറ്റു” ബാഗുമെടുത്ത് വെപ്രാളത്തോടെ ഇറങ്ങുമ്പോഴുള്ള പൂജയുടെ പിൻവിളി അമ്മു കേട്ടില്ല…ആൽബിയെ ഒന്ന് കാണാതെ അവളുടെ നെഞ്ച് പിടയ്ക്കുവായിരുന്നു..

എത്രയൊക്കെ അടക്കിവെച്ചാലും ഉള്ളിലെ പ്രണയത്തിന് തെല്ലും മങ്ങലേൽക്കില്ലെന്ന് അമ്മു ഇതിനോടകം മനസിലാക്കിയിരുന്നു..ഹൃദയം നുറുങ്ങുന്ന വേദനയിലും അവൾ ആൽബിയെ വിളിച്ചുകൊണ്ടിരുന്നു.. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ നടക്കുന്നതിനിടയിൽ ആണ് ആരോ അമ്മുവിന്റെ കൈയിൽ പിടിച്ച് വലിച്ചത്..പെട്ടെന്നുള്ള നീക്കം ആയത് കൊണ്ട് തന്നെ അമ്മു അയാളുടെ നെഞ്ചിൽ തട്ടി നിന്നു…ആ കൈയുടെ ചൂടും ഹൃദയതാളവും മതിയായിരുന്നു അമ്മുവിന്റെ മനസ്സ് ശാന്തമാക്കാൻ..മറ്റൊന്നും ഓർക്കാതെ ഒരു ഏങ്ങലോടെ അവൾ അവനെ ചുറ്റിവരിഞ്ഞു..ഈ നിമിഷമത്രയും തന്നിൽ നിറഞ്ഞുനിന്ന പേടിയെ കണ്ണുനീരിനാൽ ഒഴുക്കി കളയുവായിരുന്നു അമ്മു..അതിനിടയിലും അവളിൽ ഒരു പുഞ്ചിരി തെളിഞ്ഞു…ആശ്വാസത്തിന്റെ…പ്രണയത്തിന്റെ….

“ഇച്ചാ…” നേർത്തശബ്ദത്തോടെ വിളിച്ചുകൊണ്ട് അവൾ അവനെ തലയുയർത്തി നോക്കി..അവളുടെ പ്രവർത്തിയിൽ ഞെട്ടിനിൽക്കുവായിരുന്നു ആൽബി.തൊട്ടടുത്ത് നിൽക്കുന്ന ചൈതന്യയുടെ അവസ്ഥയും മറിച്ചല്ല..അവൾ ആൽബിയെയും അമ്മുവിനെയും മാറി മാറി നോക്കി..എന്നാൽ അമ്മു അതൊന്നും ശ്രദ്ധിച്ചില്ല…തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ നോട്ടത്തിൽ മറ്റെല്ലാം അവൾ മറന്നു. “ആത്മിക…ആർ യൂ ഓക്കേ??” ചൈതന്യയുടെ ചോദ്യം കേട്ടപ്പോഴാണ് അമ്മു സ്വബോധത്തിലേക്ക് വന്നത്..പെട്ടെന്ന് തന്നെ അവൾ ആൽബിയിൽ നിന്നും അകന്നു..പക്ഷെ അപ്പോഴും ആൽബി അവളുടെ കൈയിലുള്ള പിടി വിട്ടിരുന്നില്ല. “നീയിത് എങ്ങോട്ടാ പോകുന്നത്?” “ഇച്ചന്റെ ഫോൺ എന്തിയെ??” അമ്മു ചോദിച്ചതും അവൻ ഷർട്ടിന്റെയും പാന്റിന്റെയും പോക്കെറ്റിൽ ഒന്ന് തപ്പിനോക്കി. “ഫോൺ….ആഹ്…കാറിൽ ആണെന്ന് തോന്നുന്നു”

“കാറിൽ ഇട്ടേക്കാനുള്ളതാണോ ഫോൺ??” “അത് ന്യായമായ ചോദ്യം..അന്ന് എന്റെ ഫോൺ സ്റ്റാഫ്‌റൂമിൽ വെച്ചതിന് നീ എന്തൊക്കെയാ പറഞ്ഞത്..” അമ്മുവിന്റെ ചോദ്യത്തിന് ചൈതന്യയും കൂടി സപ്പോർട്ട് ചെയ്തതോടെ അമ്മുവിലുള്ള പിടിവിട്ട് ആൽബി കൈകെട്ടി നിന്നു. “പ്രോഗ്രാം നടക്കുന്നതിനിടയ്ക്ക് നീയെന്തിനാ എന്നെ വിളിക്കുന്നത്??” “എനിക്ക് ധൈര്യം കിട്ടാൻ വേണ്ടി ഇച്ചൻ ഒരു കാര്യം തന്നില്ലേ..അത് തിരിച്ച് തരാൻ വേണ്ടി വിളിച്ചതാ” അവളുടെ മറുപടി കേട്ട് അവൻ ഒളികണ്ണാൽ ചൈതന്യയെ നോക്കി..അവൾ അർത്ഥംവെച്ചൊന്ന് തലയാട്ടിയതും ആൽബിയൊന്ന് കണ്ണുചിമ്മി. “അത് വീട്ടിൽ വരുമ്പോൾ തരാരുന്നല്ലോ..അതിനാണോ നീ ബാഗുമായിട്ട് ഇറങ്ങിയത്? ”

“ഇച്ചനെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ എന്തോ വല്ലാത്തൊരു പേടി തോന്നി..ഇവിടെ വരുമെന്ന് ഞാൻ അറിഞ്ഞില്ലല്ലോ” “അ..അത്..ഞാൻ..ഓഫീസിൽ പോകുന്ന വഴിക്ക് ജസ്റ്റ്‌ ഒന്ന് കയറിയതാ” “ശെരിക്കും??” “അയ്യോ കോൺഫറൻസ് തുടങ്ങാൻ ടൈം ആയി..അപ്പോൾ ശരി ഞാൻ പോകുവാ..നീ വരുന്നെങ്കിൽ വാ..ഞാൻ വീട്ടിൽ ആക്കാം??” അവനോടൊപ്പം പോകാൻ അമ്മു ആഗ്രഹിച്ചെങ്കിലും ചൈതന്യ അതിന് സമ്മതിച്ചില്ല. “നിന്റെ അമ്മൂട്ടിക്ക് ഇവിടെ കുറച്ച് പണികൾ ഉണ്ട്..അതോണ്ട് ഇച്ചൻ ചെന്നാട്ടെ..പ്രോഗ്രാം കഴിഞ്ഞിട്ട് ഞാൻ അങ്ങ് എത്തിച്ചോളാം” രണ്ടുപേരെയും ഒരുപോലെ ആക്കികൊണ്ട് ചൈതന്യ പറഞ്ഞതും ആൽബി അവളെ കൂർപ്പിച്ച് നോക്കി. “ലേറ്റ് ആകുമെങ്കിൽ വിളിച്ചാൽ മതി..ജെറി വരും” അമ്മുവിനോട് പറഞ്ഞിട്ട് ആൽബി പോയി..അവനെ തന്നെ നോക്കിനിൽകുന്നവളെ ചൈതന്യ തട്ടിവിളിച്ചു. “ഇനിയും ഈ ഒളിച്ചുകളി വേണോ?”

“എന്ത് ഒളിച്ചുകളി??” “അവൻ ചുമ്മാ ഇവിടെ വന്നതൊന്നും അല്ല..നിന്റെ പെർഫോമൻസ് എങ്ങനെയുണ്ടെന്ന് നോക്കാൻ വന്നതാ.” “അറിയാം..” “എനിക്കും അറിയാം..രണ്ട് പേരുടെയും ഉള്ളിൽ പ്രണയം നിറഞ്ഞുനിൽകുവാണ്..ഇനി എങ്കിലും തുറന്ന് പറഞ്ഞൂടെ” “ഇപ്പോൾ എനിക്ക് ഉറപ്പാണ്..ആ മനസ്സിൽ ഞാൻ മാത്രമേ ഉള്ളെന്ന്.പക്ഷെ അത് പറയേണ്ടത് ഇച്ചൻ ആണ് മാം..ആ നാവിൽ നിന്ന് തന്നെ എനിക്ക് എല്ലാം അറിയണം” *********

പൂജയുടെ ഡാൻസ് ഒരു ചിരിയോടെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് തന്റെ അടുത്ത് ആരോ വന്നിരുന്നത് അമ്മു അറിഞ്ഞത്.നോക്കുമ്പോൾ ചന്തു ആണ്.. “You look gorgeous!” അങ്ങനൊരു പ്രശംസ അമ്മു പ്രതീക്ഷിച്ചില്ലെങ്കിലും നന്ദിസൂചകമായി അവൾ ഒന്ന് ചിരിച്ചു. “തനിക്ക് ഡാൻസും പാട്ടുമൊന്നും ഇല്ലേ??” “ഏയ് ഇല്ല..പക്ഷെ കാണാനും കേൾക്കാനും ഭയങ്കര ഇഷ്ടമാ” “എനിക്കും…” അവളോട് വീണ്ടും വീണ്ടും സംസാരിക്കാനായി ചന്തുവിന്റെ മനസ്സ് തുടിച്ചെങ്കിലും നിശബ്ദമായ നിമിഷങ്ങൾക്ക് ആയിരം നാവുള്ളത് പോലെ അവന് തോന്നി..പൂജയുടെ ഡാൻസ് കഴിഞ്ഞതും അമ്മു ഡ്രസിങ് റൂമിലേക്ക് പോയി..അതിന് ശേഷം അവളുടെ കൂടെ വാലുപോലെ പൂജ ഉണ്ടായിരുന്നത് കൊണ്ട് ചന്തുവിന് അമ്മുവിന്റെ അടുത്തേക്ക് പോകാനോ അവളോടൊപ്പം നിന്ന് പ്രോഗ്രാംസ് കാണാനോ സാധിച്ചില്ല..

അവന്റെ നിരാശ കൂട്ടുകാർക്ക് കളിയാക്കാനുള്ള കാരണം മാത്രമായി ഒതുങ്ങി. പ്രോഗ്രാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയിരുന്നു.ജെറിയെ വെയിറ്റ് ചെയ്ത് മെയിൻ ഗേറ്റിന്റെ അടുത്ത് നിൽക്കുമ്പോഴാണ് ചന്തു ബൈക്കുമായി അവളുടെ മുന്നിൽ വന്നത്. “എന്തിനാ ഇവിടെ നിൽക്കുന്ന..വാ ഞാൻ കൊണ്ടാക്കാം” “വേണ്ട..എന്റെ ബ്രദർ വരും” “ആത്മികക്ക് ബ്രദർ ഉണ്ടോ??” ചന്തു ചോദിച്ചതും “അമ്മൂസേ..”ന്നുള്ള വിളി കേട്ട് അമ്മു തിരിഞ്ഞുനോക്കി..ബൈക്കിൽ ഇരുന്നുകൊണ്ട് അവളെ കൈവീശി കാണിക്കുന്ന ജെറിയെ അവൾ ചന്തുവിന് കാണിച്ചുകൊടുത്തു. “അത് ആൽബിച്ചായന്റെ അനിയൻ അല്ലേ??” “മ്മ് അതേ..എന്റെ ചേട്ടനും അനിയനും ഒക്കെ അവനാണ്”

കുറച്ച് നേരം അമ്മുവിനോടൊപ്പം ചിലവഴിക്കാമെന്ന് കരുതിയ ചന്തുവിന് ജെറിയുടെ വരവ് അത്രക്ക് ഇഷ്ടപെട്ടില്ലെങ്കിലും അത് പുറമെ കാണിക്കാതെ അവൻ അമ്മുവിനെ നോക്കി മനോഹരമായി ചിരിച്ചു. “എങ്കിൽ ശരി..ബൈ” “അതേ…തന്റെ നമ്പർ ഒന്ന് തരുമോ?” “എന്റെ നമ്പർ എന്തിനാ?” “അല്ല ഇനി മൂന്ന് ദിവസം കോളേജ് അവധി അല്ലേ..ഇടയ്ക്ക് എന്തെങ്കിലും സംസാരിക്കണമെന്ന് തോന്നുമ്പോൾ വിളിക്കാലോ ” “മൂന്ന് ദിവസം കഴിഞ്ഞ് കാണാലോ..അപ്പോൾ സംസാരിക്കാം” താൻ നൈസ് ആയിട്ട് നമ്പർ ഒപ്പിക്കാമെന്ന് കരുതിയപ്പോൾ അവൾ അതിലും നൈസ് ആയിട്ട് ഒഴിഞ്ഞുമാറിയത് ചന്തുവിനെ കൂടുതൽ അവളിലേക്ക് അടുപ്പിക്കുക ആയിരുന്നു..അവളിൽ നിറഞ്ഞുനിൽക്കുന്നത് അവളുടെ ഇച്ചൻ മാത്രമാണെന്ന് അറിയാതെ… *******

വീട്ടിൽ എത്തുന്നതിന് മുൻപ് തന്നെ ആൽബിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അമ്മു ജെറിയോട് പറഞ്ഞിരുന്നു. “അപ്പോൾ നമുക്ക് അതങ്ങ് ഉറപ്പിക്കാം അല്ലേ അമ്മൂസേ??” “പക്ഷെ അപ്പോഴും ഒരു സംശയം ബാക്കിയാടാ..എന്തിനായിരിക്കും ഇച്ചൻ ടീനുചേച്ചിയുടെ പേര് പറഞ്ഞത്??” “അത് ഇച്ചായൻ തന്നെ പറയണം.” “എന്തോ ഉദ്ദേശത്തോടെയാണ് ഇച്ചൻ അങ്ങനൊരു കള്ളം പറഞ്ഞത്..അതുകൊണ്ട് തന്നെ നേരിട്ട് ചെന്ന് ചോദിച്ചാലും ഇച്ചൻ സമ്മതിച്ച് തരില്ല” “ചോദിക്കാതെ തന്നെ ഇച്ചായന്റെ മനസ്സ് നിന്റെ മുന്നിൽ തുറന്നാലോ??” “എങ്ങനെ??” “അതൊക്കെയുണ്ട്..നീ വാ” ******** അത്താഴവും കഴിച്ച് അമ്മച്ചിയോടും ജെറിയോടും പ്രോഗ്രാമിന്റെ വിശേഷങ്ങളും പറഞ്ഞ് ചാരുപടിയിൽ ഇരിക്കുമ്പോഴാണ് ആൽബി വരുന്നത്. “എടി ആ ചെറുക്കന്റെ പേരെന്തുവായിരുന്നു??”

ആൽബി അടുത്ത് വന്നിരുന്നതും ജെറി അവന്റെ പണി തുടങ്ങി. “ഏത്‌ ചെറുക്കൻ??” “എടി മറ്റേ ലവൻ..ഇന്ന് ഞാൻ വന്നപ്പോൾ നിന്നോട് കുറുകിക്കൊണ്ട് നിന്നില്ലേ..” “കുറുകിക്കൊണ്ട് നിന്നെന്നോ??” ആൽബിയുടെ ചോദ്യം കേട്ടതും ജെറിയുടെ മുഖത്ത് ഒരു പ്രകാശം നിറഞ്ഞു..തന്റെ പ്ലാൻ അതിന്റെ കറക്റ്റ് ട്രാക്കിൽ തന്നെ കയറിയ സന്തോഷം ആയിരുന്നു അവന്. “അതേ ഇച്ചായ…ഞാൻ നോക്കുമ്പോൾ രണ്ടുപേരും കാര്യമായ സംസാരത്തിൽ ആയിരുന്നു..നിൽപ്പും ഭാവവും കണ്ടാൽ തോന്നും അവൻ പ്രൊപ്പോസ് ചെയ്യുവാണെന്ന്..” ജെറിയുടെ മറുപടിയിൽ ആൽബി നിലത്തേക്ക് മിഴികളൂന്നിയെങ്കിലും അവന്റെ മുഖം വലിഞ്ഞുമുറുകുന്നത് പോലെ ജെറിക്ക് തോന്നി.അത് ആസ്വദിച്ചുകൊണ്ട് തന്നെ അവൻ വീണ്ടും അമ്മുവിലേക്ക് തിരിഞ്ഞു.

“”ആ അവന്റെ പേരാ ഞാൻ ചോദിച്ചത്” “ഓ അതോ..അത് ഫൈനൽ ഇയറിലെ ചന്തു” ചന്തു എന്ന പേര് കേട്ടതും ആൽബി ഞെട്ടലോടെ അമ്മുവിനെ നോക്കി..അന്ന് റാഗ് ചെയ്യാൻ വന്നവനുമായി അമ്മു സംസാരിക്കണമെങ്കിൽ അവർ ഇതിനോടകം കൂട്ടായിട്ടുണ്ടാകും എന്ന് ആൽബിക്ക് മനസിലായി… “അവൻ അല്ലേ അന്ന് നിന്റെ ബുക്ക്‌ പിടിച്ചുവാങ്ങികൊണ്ട് പോയത്..ഹാ അപ്പോൾ ഇത് അത് തന്നെ..പ്രേമം” ആൽബിയെ നോക്കികൊണ്ട് ജെറി പറഞ്ഞതും അമ്മച്ചിയും അതിൽ ഇടപെട്ടു. “ഏത്‌ നമ്മുടെ ഓഫീസിലെ പ്രകാശന്റെ മോനോ??” “അതേ അമ്മച്ചി..ചെക്കൻ നല്ലൊരു ചുള്ളൻ ആണ്..അല്ലേടി അമ്മു” “മ്മ്മ്…ഇന്ന് എന്നെ കാണാൻ നല്ല ഭംഗി ഉണ്ടെന്ന് പറഞ്ഞു” “അവൻ എന്താടി കണ്ണുപൊട്ടനോ??” “പോടാ…പുള്ളിക്കാരൻ എന്നോട് എങ്ങനെയെങ്കിലും അടുക്കാൻ നോക്കുവാ..നീ വരുമ്പോൾ എന്റെ നമ്പർ ചോദിക്കുവായിരുന്നു” “എന്നിട്ട് നീ കൊടുത്തോ??” “ഏയ്‌..ചോദിച്ച ഉടനെ കൊടുക്കാൻ പറ്റില്ലല്ലോ” ഇതൊന്നും കേൾക്കാൻ താല്പര്യമില്ലാത്തത് പോലെ ആൽബി ഫോൺ എടുത്ത് എന്തോ നോക്കാൻ തുടങ്ങി.

അമ്മു ചുണ്ട് കൂർപ്പിച്ച് ജെറിയെ നോക്കിയതും അവൻ കണ്ണടച്ച് കാണിച്ചു. “പക്ഷെ അമ്മു ഒരു പ്രശ്നം ഉണ്ടല്ലോ..നിന്റെ പ്രായം വെച്ച് നീയിപ്പോൾ പിജി ചെയ്യേണ്ടത് അല്ലേ..അപ്പോൾ ആ പയ്യൻ നിനക്ക് ഇളയത് ആയിരിക്കില്ലേ..അല്ലായിരുന്നെങ്കിൽ നമ്മുക്ക് ഒന്ന് ആലോചിക്കാരുന്നു..അല്ലേടാ ആൽബി” അമ്മച്ചിയുടെ ചോദ്യം കേട്ടതും ആൽബി ചാടിയെഴുന്നേറ്റു..ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും ആഹാരം എടുത്ത് വെക്കെന്നും പറഞ്ഞ് അവൻ അകത്തേക്ക് നടന്നു.പക്ഷെ വാതിലിന്റെ അടുത്ത് എത്തിയതും അവൻ നിന്നു. “പ്രായം ഓർത്ത് ആരും വിഷമിക്കണ്ട..അവൻ എഞ്ചിനീയറിങ് പകുതിക്ക് നിർത്തിയിട്ട ഡിഗ്രിക്ക് ചേർന്നത്..അതായത് ജെറിയുടെ പ്രായം തന്നെയുണ്ട് അവന്” ആൽബി ഈ വിഷയത്തിൽ ഇത്രയും താല്പര്യം കാണിക്കുമെന്ന് ജെറി പ്രതീക്ഷിച്ചതേ അല്ല.

അവൻ തലയൊന്ന് ചരിച്ച് അമ്മുവിനെ നോക്കിയതും അവളുടെ നോട്ടത്തിന് മുന്നിൽ അവൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റി. “അപ്പോൾ പ്രായം ഓക്കെ ആയി…അവന് ഇഷ്ടമാണെങ്കിൽ നല്ലൊരു ജോലി വാങ്ങിയിട്ട് വന്ന് ആലോചിക്കാൻ പറ” ജെറി അമ്മച്ചിയെ ദയനീയമായൊന്ന് നോക്കി..താൻ എന്ത് ഉദ്ദേശിച്ചാണോ ചന്തുവിന്റെ പേര് എടുത്തിട്ടത് അതിന്റെ നേർവിപരീതമാണ് ഇപ്പോൾ നടക്കുന്നത്.ആൽബി അകത്തേക്ക് പോയതും അവന് ആഹാരം എടുത്ത് കൊടുക്കാനായി അമ്മച്ചിയും പോയി..അവിടെ ഇരുന്നാൽ അമ്മുവിന്റെ കൈയിൽ നിന്ന് നല്ലത് കിട്ടുമെന്ന് അറിയാവുന്നത് കൊണ്ട് ജെറിയും അകത്തേക്ക് വലിഞ്ഞു..ഇച്ചന്റെ മനസ്സ് അറിയാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടത്തിൽ അമ്മുവും അവന് പിറകെ ചെന്നു. ആഹാരം വിളമ്പുമ്പോഴും ചന്തുവിനെ കുറിച്ചാണ് അമ്മച്ചിക്ക് ചോദിക്കാനുള്ളത്.

ഓരോ ചോദ്യത്തിനും അമ്മു ജെറിയെ നോക്കും..ജെറി ആൽബിയെയും..അവൻ പ്ലേറ്റിലേക്ക് നോക്കിയിരുന്ന് കഴിക്കുന്നത് കൊണ്ട് മുഖഭാവം വ്യക്തമല്ല.അമ്മച്ചിയാണെങ്കിൽ ആ ടോപ്പിക്ക് വിടുന്ന ലക്ഷണവും ഇല്ല. “ഇന്നത്തെ കോൺഫറൻസിന്റെ റിപ്പോർട്ട്‌ എന്തിയേടാ??” പെട്ടെന്നാണ് ഒരു ബന്ധവും ഇല്ലാത്ത ആൽബിയുടെ ചോദ്യം എത്തിയത്…ആ ശബ്ദത്തിൽ വല്ലാത്ത ദേഷ്യം ഉള്ളത് പോലെ അമ്മുവിന് തോന്നി. “റിപ്പോർട്ട്‌ ഞാൻ ടീനൂച്ചിക്ക് കൊടുത്തു” “റിപ്പോർട്ട്‌ എന്നെ കാണിക്കണമെന്ന് ഞാൻ പറഞ്ഞതല്ലേ ജെറി” “ആ സമയത്ത് ഇച്ചായൻ ഓഫീസിൽ ഇല്ലായിരുന്നു..അതാ ഞാൻ..” “ഞാൻ വീട്ടിൽ വരുമെന്ന് നിനക്ക് അറിയാമായിരുന്നല്ലോ..” “അതിനിപ്പോൾ എന്ത് ഉണ്ടായി…ടീനൂച്ചിയെ ഒന്ന് വിളിച്ചാൽ പോരേ..റിപ്പോർട്ട്‌ ഇപ്പോൾ തന്നെ മെയിൽ ചെയ്യുമല്ലോ”

“അവളെ വിളിച്ചാൽ റിപ്പോർട്ട്‌ കിട്ടുമെന്ന് അറിയാൻ വയ്യാഞ്ഞിട്ട് അല്ല..നിന്നെ ഏല്പിച്ച പണി നീ തന്നെ ചെയ്യണം…അതിനൊന്നും ഇവിടെ ആർക്കും സമയം ഇല്ലല്ലോ” “ഒന്ന് അടങ്ങ് ആൽബി..ഇപ്പോൾ റിപ്പോർട്ട്‌ കിട്ടിയിട്ട് നിനക്ക് എന്ത് ചെയ്യാനാ?? നാളെ രാവിലെ ഇവൻ പോയി വാങ്ങിക്കോളും” “അമ്മച്ചി ആണ് എല്ലാത്തിനെയും വഷളാക്കുന്നത്..ഉത്തരവാദിത്തം എന്നാ സാധനം ആർക്കെങ്കിലും ഉണ്ടോ?? പാതിരാത്രിക്ക് കല്യാണചർച്ച നടത്താൻ എന്താ ഉത്സാഹം..അതിന് ചുക്കാൻ പിടിക്കാൻ അമ്മച്ചിയും..സ്നേഹിച്ച് സ്നേഹിച്ച് ആവശ്യത്തിലധികം സ്വാതന്ത്ര്യം കൊടുത്തപ്പോൾ തന്നിഷ്ടം കാണിക്കാൻ തുടങ്ങി…അതുമൂലം ഉണ്ടാകുന്ന നഷ്ടത്തെ കുറിച്ച് ചിന്തിക്കാനുള്ള സാമാന്യ ബോധം ഒന്നിനും ഇല്ലല്ലോ..” അത്രയും പറഞ്ഞ് കൊണ്ട് ദേഷ്യപ്പെട്ട് അകത്തേക്ക് പോകുന്നവനെ നോക്കി ഒന്നും മനസിലാകാത്തത് പോലെ അമ്മച്ചി ഇരുന്നു. “ഈ ചെറുക്കന് ഇതെന്താ പറ്റിയത്??”

പതം പറഞ്ഞ് അമ്മച്ചി എഴുന്നേറ്റതും ജെറിയും അമ്മുവും പരസ്പരം ഒന്ന് നോക്കി..ഒരു ചെറു ചിരി അമ്മുവിന്റെ ചുണ്ടിൽ വിരിഞ്ഞു. “അപ്പോൾ കൊള്ളേണ്ടിടത് തന്നെ കൊണ്ടു” “മ്മ്മ്മ്..എന്നിട്ടും നിന്റെ ഇച്ചായൻ പിടി തന്നില്ലല്ലോടാ” “ഹോ പിടി താരാഞ്ഞിട്ട് ഈ പാട്…ഞാൻ കരുതി ഈ രാത്രിയിൽ തന്നെ എന്നെ റിപ്പോർട്ട്‌ വാങ്ങാൻ അപ്പുറത്ത് പറഞ്ഞ് വിടുമെന്ന്” “എന്തായാലും ആ സ്വാർത്ഥതയും കുശുമ്പും കാണാൻ പറ്റിയല്ലോ..ഇനി എനിക്കറിയാം എന്താ വേണ്ടതെന്ന്” അത്രയും പറഞ്ഞ് അമ്മു അവളുടെ മുറിയിൽ കയറി..ടേബിളിൽ ഉള്ള അച്ഛന്റെയും അമ്മയുടെയും ഫോട്ടോയും അതിനടുത്തായി വെച്ചിരിക്കുന്ന ആൽബി സമ്മാനിച്ച കൃഷ്ണശില്പവും നോക്കി അവൾ ഇരുന്നു. 💞💞💞

രാവിലെ എഴുന്നേറ്റപ്പോഴാണ് ആൽബിയുടെ പൊൻകുരിശ് താൻ തിരികെ കൊടുത്തില്ലല്ലോന്ന് അമ്മു ഓർത്തത്.അതുമായി അവന്റെ മുറിയിൽ ചെന്നപ്പോൾ ആൽബി അവിടെ ഇല്ലായിരുന്നു..ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടതും തിരിച്ച് പോകാനായി തിരിഞ്ഞപ്പോഴാണ് കട്ടിലിൽ കിടക്കുന്ന ഡയറി അവൾ കാണുന്നത്.ശ്രദ്ധിക്കാതെ പോകണമെന്ന് വിചാരിച്ചെങ്കിലും എന്തോ ഒന്ന് അവളെയാ ഡയറിയിലേക്ക് അടുപ്പിച്ചു. ഡയറി എടുത്തപ്പോൾ തന്നെ അതിൽ നിന്നും രണ്ട് ഫോട്ടോസ് താഴെ വീണു.ആദ്യത്തേത് ആൽബിയും ടീനയും ജെറിയും കിച്ചനും ഒരുമിച്ചുള്ള ഫോട്ടോ ആയിരുന്നു.

രണ്ടാമത്തേത് അവരോടൊപ്പം അമ്മുവും കൂടി ഉള്ളതായിരുന്നു..അത് ആൽബിയുടെ ബര്ത്ഡേയ്ക്ക് എടുത്തത് ആണെന്ന് അമ്മുവിന് മനസിലായി..ഫോട്ടോസ് രണ്ടും തിരികെ വെക്കാനായി ഡയറി തുറന്നതും ആൽബി വന്നത് പിടിച്ച് വാങ്ങിയതും ഒരുമിച്ചായിരുന്നു…… (തുടരും )

ആത്മിക:  ഭാഗം 39

Share this story