ദാമ്പത്യം: ഭാഗം 42

ദാമ്പത്യം: ഭാഗം 42

എഴുത്തുകാരി: തുഷാര ലക്ഷ്മി

അറിയില്ല മീന അവൻ എവിടെയാണെന്ന്…. ഡൽഹിയിൽ കൂട്ടുകാരന്റെ കൂടെ കുറച്ചു ദിവസം നിൽക്കാനാണെന്നു പറഞ്ഞു പോയതാ….മനസ് ഒന്ന് ശാന്തമായാൽ തിരികെ വരുമെന്ന് എന്നോട് പറയുകയും ചെയ്തു…. അവിടെ എത്തിയതിനുശേഷം രണ്ടു തവണ വിളിച്ചു…..ഇപ്പോ രണ്ടു മാസമായിട്ട് ഒരു വിവരവുമില്ല… അഭിയുടെ കാര്യം പറയാൻ അവരുടെ അച്ഛൻ വിളിച്ചിരുന്നു… പക്ഷെ ഫോൺ ഓഫ്‌ ആണ്… അവസാനം അവന്റെ കൂട്ടുകാരന്റെ നമ്പർ കണ്ട് പിടിച്ചു ആ കുട്ടിയെ വിളിച്ചു… അപ്പോഴാണ് അറിയുന്നത് അരവിന്ദ് അവിടെ നിന്നും പോയിട്ട് ഒരു മാസത്തിലേറെയായെന്നു…. അവന്റെ കൂട്ടുകാരെയൊക്കെ വിളിച്ചു തിരക്കി.. ആർക്കും ഒരു വിവരവുമില്ല…

അവനെ പറ്റി ആലോചിച്ചാൽ ഉള്ളിൽ തീയാണ് മീന… എവിടെ പോയെന്നോ, എന്തുപറ്റിയെന്നോ അറിയാതെ നീറിയാണ് ഞാനും അച്ഛനും ജീവിക്കുന്നത്…അതിന്റെ കൂടെ അഭിയ്ക്കും ഇപ്പൊ…. പറഞ്ഞു തീരുന്നതിനു മുന്നേ പ്രഭ കരഞ്ഞു പോയി…. ആഹാരമുണ്ടാക്കാനായി ആശുപത്രിയിൽനിന്ന് വീട്ടിലേയ്ക്ക് വന്നതാണ് പ്രഭയും, മേനകയും…. എന്തോ സംസാരിക്കുന്നതിനിടയ്ക്ക് അരവിന്ദ് കാര്യങ്ങളൊന്നുമറിഞ്ഞില്ലേയെന്നു മേനക ചോദിച്ചതിന് ഉത്തരം നൽകിയതാണ് പ്രഭ…. ഡൈനിങ് ടേബിളിന്റെ പുറത്തേക്ക് അവർ തല ചായ്ച്ചു കിടക്കുകയാണ് പ്രഭ… മേനകയ്ക്ക് അവരെ എന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു….

ഉള്ളിൽ അടക്കിപിടിച്ച വേദന ഒന്ന് കരഞ്ഞു തീർക്കട്ടെയെന്നു കരുതി മേനകയും… അവർ പതിയെ പ്രഭയുടെ പുറത്ത് തട്ടികൊടുത്തു കൊണ്ടിരുന്നു…. സങ്കടം തെല്ലൊന്നൊതുങ്ങിയതും പ്രഭ മുഖമുയർത്തി…. സാരിയുടെ തുമ്പ് പിടിച്ചു മുഖമൊന്നമർത്തി തുടച്ചു….. വീണ്ടും പറഞ്ഞു തുടങ്ങി…. ആര്യ മോളോട് അവൻ ചെയ്തതിന്റെ ഫലമാണ് ഇന്നവനനുഭവിക്കുന്നത്.. അവളുടെ ശാപമാണ് മനസ്സമാധാനം കിട്ടാതെ ഇങ്ങനെ അലയുന്നത്…. മോളോട് മാത്രമല്ല നിങ്ങളോടും അവൻ തെറ്റുകൾ മാത്രമാണ് ചെയ്തത്….. അവനിങ്ങനെയൊന്നും അല്ലായിരുന്നു…ഞങ്ങളോട് സ്നേഹമുള്ള, ഞങ്ങളെ അനിസരിക്കുന്ന നല്ലൊരു മകനായിരുന്നു… അഭിയെ ചേട്ടനെ പോലെല്ല, മോനെ പോലെ കൊണ്ട് നടന്നു വളർത്തിയത് അവനാണ്….

ഞങ്ങളുടെ ഇഷ്ട്ടമായിരുന്നു അവന്റേതും… അതുകൊണ്ടാണ് ഞങ്ങളെ അനുസരിച്ചു ആര്യ മോളെ അവൻ കല്യാണം കഴിച്ചത്…. പക്ഷേ എന്നവൻ നിമിഷയെ പരിചയപ്പെട്ടോ ആ നിമിഷം മുതൽ അവന്റെ ജീവിതം നശിച്ചു തുടങ്ങി…. അതിനുശേഷം അവനു ആരെയും വേണ്ട…ഭാര്യയെ, അമ്മയെ, അച്ഛനെ കൂടപ്പിറപ്പിനെ…. എല്ലാവരെയും അവൻ മറന്നു…. ഒരുപാടു തെറ്റുകൾ ചെയ്തുകൂട്ടി… എല്ലാം അവൾക്കു വേണ്ടി.. അവളെ സന്തോഷിപ്പിക്കാൻ… ഒടുവിലവസാനം അവൾ തന്നെ അവനെ ശിക്ഷിച്ചു… അതുകൊണ്ടാകും അവൻ ഒരുപാടു മാറി മീന… തെറ്റുകൾ ഒക്കെ മനസിലാക്കി അതിൽ വേദനിച്ചാണ് ഇന്നെന്റെ മോൻ ജീവിക്കുന്നത്… പൊറുക്കണേ അവനോടു …

ഇനിയും അവനെ വെറുക്കല്ലേ നീ…ശപിക്കല്ലേ…. എന്റെ വയറ്റിൽ പിറന്നതല്ലേ… തള്ളിക്കളയാനാകില്ലല്ലോ എനിക്ക്…. അരവിന്ദിനോട് ക്ഷമിക്കാൻ ഈ ജന്മം തനിക്കാകില്ലെന്നു മേനകയ്ക്ക് അറിയാമായിരുന്നു…. അവൻ കാരണം തന്റെ മകൾ അനുഭവിച്ചതൊക്കെ ഒരു നിമിഷം ആ അമ്മയുടെ മനസിലൂടെ കടന്നു പോയി… ആഹാരത്തിനു മുന്നിൽ ഇരിക്കുമ്പോൾ ഒരു വറ്റ് പോലും കഴിക്കാനാകാതെ കരഞ്ഞു കൊണ്ട് മുറിയിലേയ്ക്ക് ഓടി പോകുന്ന ഒരു പെൺകുട്ടി…. ഉറക്കമില്ലാതെ അവൾ കരഞ്ഞു തീർത്ത രാവുകൾ…. മകളുടെ മനസ് കൈവിട്ടു പോകുമോ എന്ന് ഭയന്ന് തന്നെ ചേർത്ത് പിടിച്ചു പൊട്ടികരഞ്ഞ ഒരച്ഛൻ….. അയാളെ എന്തുപറഞ്ഞു അശ്വസിപ്പിക്കണമെന്നറിയാതെ തകർന്നു നിൽക്കുന്ന ഒരമ്മ… ആ അമ്മയ്‌ക്കു തന്റെ മുഖമായിരുന്നു….

എല്ലാം ഒരു നിമിഷമൊന്നു ഓർത്തുപോയി…. ആ നിമിഷം അരവിന്ദിനോടുള്ള വെറുപ്പ് മനസ്സിൽ നിറയുന്നത് അവരറിഞ്ഞു… പക്ഷേ ഇനിയും മകനെ ശപിക്കരുതെന്നു പറഞ്ഞു തന്റെ മുന്നിലിരുന്നു കരയുന്ന ഈ അമ്മ…അവർ ഒരു തെറ്റും ചെയ്തിട്ടില്ല… അവരെ ഇനിയും വാക്കുകളാൽ കുത്തി നോവിക്കാൻ എന്തോ മേനക ആഗ്രഹിച്ചില്ല…. അതൊക്കെ കഴിഞ്ഞ കര്യങ്ങളല്ലേ ചേച്ചി… ഞങ്ങൾ അതൊക്കെ മറന്നു….ഒരുപക്ഷെ അന്നങ്ങനെയൊക്കെ സംഭവിച്ചത് നന്നായി എന്ന് തോന്നാറുണ്ട്… അതുകൊണ്ടല്ലേ അഭിയെ പോലെ ഒരു മകനെ ഞങ്ങൾക്ക് കിട്ടിയത്… അവൻ എന്റെ മോളുടെ മാത്രമല്ല ഞങ്ങളുടേയും ഭാഗ്യമാണ്….ഒരു മകൻ ഇല്ലായെന്നോർത്ത് ഇന്നെനിക്ക് വിഷമമില്ല ചേച്ചി…

അഭി ഉണ്ടാകും ഞങ്ങൾക്ക്… ഇപ്പോൾ തന്നെ എറണാകുളത്ത് പോയതിനു ശേഷം എല്ലാ ദിവസവും അവൻ ഞങ്ങളെ വിളിക്കും… കുറച്ചു നേരം സംസാരിക്കും… ഭാര്യ വീട്ടുകാരെ സ്വന്തം പോലെ കാണാൻ എല്ലാ ആൺപിള്ളേർക്കും കഴിയില്ല ചേച്ചി…കാരണമറിയാത്ത ഒരകൽച്ച മനസ്സിൽ സൂക്ഷിക്കും അവർ…. അത് പറയുമ്പോൾ മേനകയുടെ മനസ്സിൽ അരവിന്ദ് ആയിരുന്നു…ഒരിക്കലും അവൻ തങ്ങളോട് നല്ല രീതിയിൽ പെരുമാറിയിട്ടില്ല…. എന്തിനു തങ്ങളെ അച്ഛനെന്നും അമ്മയെന്നും ഒരിക്കൽ പോലും വിളിച്ചിട്ടില്ല… ആര്യയുടെ കൂടെ വീട്ടിലേയ്ക്ക് വന്നാലും എത്രയും വേഗം അവിടെ നിന്നിറങ്ങാൻ ശ്രമിക്കും…. തങ്ങളുടെ ഒരു കാര്യങ്ങളും അന്വേഷിച്ചിട്ടില്ല…. പക്ഷേ അഭി നേർ വിപരീത സ്വഭാവക്കാരനാണ്…. അവനു ആര്യയോടുള്ള സ്നേഹം തങ്ങളോടുമുണ്ട്….

സ്വന്തം അച്ഛനും അമ്മയ്ക്കും കൊടുക്കുന്ന ബഹുമാനം തങ്ങൾക്കും തരുന്നുണ്ട്…. ഒരു തവണ അവനോടൊന്നു സംസാരിച്ചാൽ തന്നെ സന്തോഷം കൊണ്ട് മനസ് നിറയും… ആ ഓർമ്മയിൽ മേനക ഒന്ന് പുഞ്ചിരിച്ചു…. വല്ലാത്തൊരു ധൈര്യമാണ് ചേച്ചി ദേവേട്ടനിപ്പോൾ… അഭിയുള്ളതു കൊണ്ടാണത്…. എന്റെ മോളുടെ മുഖത്തു വീണ്ടും സന്തോഷം കാണാൻ കഴിയുമെന്ന് ഞങ്ങൾ വിചാരിച്ചതല്ല ചേച്ചി…. പക്ഷെ ഞങ്ങൾ പ്രതീക്ഷിച്ചതിനും, ആഗ്രഹിച്ചതിനും അപ്പുറം സന്തോഷം നിറഞ്ഞതാണ് ഇന്നവളുടെ ജീവിതം… അത് നിങ്ങളുടെ നല്ല മനസ് കാരണമല്ലേ… ചേച്ചിയും, ശേഖരേട്ടനും എതിർത്തിരുന്നെങ്കിൽ അഭിയ്ക്കു ആര്യയെ കൂടെ കൂട്ടാൻ സാധിക്കുമായിരുന്നില്ല… എന്റെ മകളുടെ കുറവുകൾ അറിഞ്ഞു അവളുടെ നല്ല ഭാവിക്ക് വേണ്ടി അഭിയെ നിങ്ങൾ അവൾക്കു കൊടുത്തില്ലേ…

അവളെ പൊന്നുപോലെ നോക്കുന്നില്ലേ…നിങ്ങളോടുള്ള ഞങ്ങളുടെ കടപ്പാട് ഈ ജന്മം തീരുന്നതല്ല ചേച്ചി…. അരവിന്ദിനോട് ദേഷ്യം ഇല്ലെന്നു പറയുന്നില്ല…. എന്റെ മോളനുഭവിച്ചതൊക്കെ ഓർക്കുമ്പോൾ നല്ല ദേഷ്യമുണ്ട്…. പക്ഷേ അന്നങ്ങനെയൊക്കെ സംഭവിച്ചത് നല്ലതിനാകുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം… അതുകൊണ്ടല്ലേ സ്വർഗത്തുല്യമായ ഒരു ജീവിതം ഇന്നവൾക്കു കിട്ടിയത്… ആ കാരണം കൊണ്ട് അരവിന്ദിനെ ഞങ്ങൾക്ക് ശപിക്കാനാകില്ല… എന്റെ മോളു പോലും അവനെ ശപിക്കില്ല ചേച്ചി… എനിക്കറിയാം അവളുടെ മനസ്….

പ്രഭയുടെ കയ്യിൽ തന്റെ കൈകൾ അമർത്തി കൊണ്ടായിരുന്നു മേനക അത് പറഞ്ഞത്… ആ വാക്കുകളിലെ ആത്മാർത്ഥത തിരിച്ചറിഞ്ഞത് കൊണ്ടാകും പ്രഭയുടെ മനസ്സും ഒന്ന് തണുത്തു…. തന്റെ മകൻ കാരണം വളരെയധികം വേദന അനുഭവിച്ച ഒരമ്മയാണ് മേനക… ആ അമ്മ തന്നെ തന്റെ മകനെ ശപിക്കില്ല എന്ന് പറഞ്ഞു കേട്ടപ്പോൾ നീറുന്ന മനസ്സിന് ഒരാശ്വാസം… ഇനിയും ഇങ്ങനെ കരഞ്ഞു കൊണ്ടിരിക്കാതെ എഴുന്നേറ്റു വന്നേ…. വേഗം ഇറങ്ങാം നമുക്ക്…. അവരൊക്കെ വിശന്നിരിക്കുകയാകും… മേനക ധൃതി പിടിച്ചു എഴുന്നേറ്റു പ്രഭയേയും പിടിച്ചിഴുന്നേൽപ്പിച്ചു അടുക്കളയിലേയ്ക്ക് നടന്നു….

അഭി ഡിസ്ചാർജ് ആകുന്നതുവരെ ആര്യ ഹോസ്പിറ്റലിൽ അഭിയുടെ കൂടെ നിന്നു…അഭി ഉൾപ്പെടെ എല്ലാവരും എതിർത്തിട്ടും “” എന്റെ അഭിയേട്ടനെ വിട്ടു ഞാൻ എങ്ങോട്ടുമില്ല..”” എന്ന് വാശിയോടെ പറഞ്ഞു കൊണ്ടു അവനെ മുറുകെ പിടിച്ചിരിക്കും…. എന്തൊക്കെ പറഞ്ഞിട്ടും അവൾ അവന്റെ അരികിൽ നിന്നു മാറാൻ തയ്യാറായില്ല… ക്ഷീണിച്ചു വലിയ വയറും താങ്ങി അവൾ നടക്കുന്നത് കാണുമ്പോൾ അഭിയ്ക്കു അവളോട്‌ അലിവും, വാത്സല്യവും തോന്നും…ഒപ്പം ആശങ്കയും…. വീട്ടിൽ പോകട്ടെയെന്നു കരുതി അപ്പോഴവൻ ദേഷ്യപ്പെടും…. ചീത്ത പറയും… പക്ഷേ എവിടെ…ആര്യയ്ക്ക് അതൊന്നുമൊരു പ്രശ്നമേയല്ല….ഒരുപാട് ചീത്ത പറയുമ്പോൾ അവന്റെ അടുത്തു ചെന്നു കിടന്നു, അവന്റെ കൈ എടുത്ത് അവളുടെ വയറിനു മുകളിൽ അമർത്തി വെയ്ക്കും…

എന്നിട്ട് ഒന്നുമറിയാത്ത പോലെ കണ്ണടച്ച് കിടന്നു കളയും….. അവൾക്കറിയാം ഇനി അഭിയവളെ വഴക്ക് പറയില്ലെന്ന്… ആ കള്ളത്തരം കാണിച്ചുള്ള കിടപ്പ് കാണുമ്പോൾ അവന്റെ മുഖത്തും ഒരു പുഞ്ചിരി വിരിയും…. പണ്ടത്തെ ആ പക്വമതിയായ ആര്യയെ ഇപ്പോൾ അവളിൽ കാണാനേ കഴിയില്ല… കൊച്ചു കുട്ടികളെ പോലെയാണ് പലപ്പോഴും പെണ്ണിന്റെ പെരുമാറ്റം…. അവളുടെ ആ കുറുമ്പ് കാണുമ്പോൾ ദേവച്ഛനും, മീനാമ്മയും തന്നെയാണ് വഴക്ക് പറയുന്നത്… താനാണ് അവളെ കൊഞ്ചിച്ച് വഷളാക്കുന്നതെന്ന്…പക്ഷേ ആ കുറുമ്പ് വല്ലാതെ ആസ്വദിക്കുന്നുണ്ടെന്ന് അഭിയൊരു ചെറുചിരിയോടെ ഓർത്തു…. അവളുടെ ഈ സന്തോഷമാണ് തന്റെ ജീവിതത്തിന്റെ തെളിച്ചം… കൂടെ കൂട്ടാൻ തീരുമാനിച്ചത് പോലും അവളുടെ ഈ സന്തോഷം തിരികെ നൽകാനാണ്….

കൂട്ടുകാർ പലരും ചോദിച്ചിട്ടുണ്ട് ചേട്ടന്റെ ഭാര്യ ആയിരുന്നില്ലേ… അമ്മയുടെ സ്ഥാനത്തുള്ള ഒരാളെ എങ്ങനെ ഭാര്യയാക്കാൻ കഴിഞ്ഞുവെന്നു….അത് പറഞ്ഞു പരിഹസിച്ചവരുമുണ്ട്…. ആർക്കും മറുപടി നൽകിയിട്ടില്ല…അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയിട്ടില്ല…തന്റെ തീരുമാനം തന്റെ മാത്രം ശരിയാണ്.. മറ്റൊരാൾക്ക്‌ അങ്ങനെ ആകണമെന്നില്ലല്ലോ…. ചേട്ടന്റെ കൈപിടിച്ച് വന്നു കയറിയ നാളുമുതൽ അവൾ തങ്ങളുടെ വീട്ടിലെ കുട്ടിയാണ്..അങ്ങനെയേ കണ്ടിട്ടുള്ളു… പക്ഷേ അതിലൊരംഗം തന്നെ അവളുടെ ജീവിതം നരകമാക്കി…. ഒടുവിൽ ആ കോടതി വരാന്തയിൽ എല്ലാം നഷ്ട്ടപ്പെട്ടവളെ പോലെ നിൽക്കുന്ന ആ പെണ്ണിന്റെ മുഖം… എങ്ങനെയത് കണ്ടു തനിക്ക് പിന്തിരിഞ്ഞു പോകാനാകും….

അവിടെവെച്ചാണ് അവൾക്കായി തന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെ ചെറുനാമ്പുകൾ തളിരിട്ടത്…. ആ നിമിഷമാണ് മനസ്സിൽ അവളോടുള്ള സ്നേഹത്തിന് നിറവ്യത്യാസമുണ്ടായി തുടങ്ങിയത്….. ഒരിക്കൽ മുറിവേറ്റു വീണവളാണ്.. പൊന്നുപോലെ നോക്കണം,സന്തോഷവും സമാധാനവും നിറഞ്ഞൊരു ജീവിതം അവൾക്കുറപ്പു വരുത്തണം….ഇതുമാത്രമായിരുന്നു മനസ്സിൽ…അവളെ പോലെയൊരു പാവത്തിനെ വേഗം കബളിപ്പിക്കാം…മറ്റൊരാളെ കൈപിടിച്ചേൽപ്പിച്ചാലും അവൾക്കു നല്ലൊരു ജീവിതം കിട്ടിയില്ലെങ്കിൽ…ഓർക്കാൻ കൂടി വയ്യ അത്.. ഒരു പരീക്ഷണത്തിന് അവളെ വിട്ടു കൊടുക്കാൻ കഴിയില്ലായിരുന്നു…. തന്റെ കൂടെ,തന്റെ അച്ഛനമ്മമാരുടെ കൂടെ അവളെന്നും സന്തോഷവതിയായിരിക്കും….അവരോടു പറഞ്ഞപ്പോൾ കൂടെ നിന്നു…

അവരും അതാഗ്രഹിച്ചിരുന്നതുപോലെ… അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ അവൾ തന്റെ പാതിയായി…. ഇന്നിപ്പോൾ സന്തോഷത്തോടെ അവൾ തന്റെ മുന്നിലുണ്ട്… ആശുപത്രിയിൽ കുത്തു കൊണ്ട് കിടക്കുകയാണ് ഭർത്താവ് …. അതുകൊണ്ട് പെണ്ണ് സന്തോഷവതിയാണ് എന്നു പറയാൻ സാധിക്കില്ല…… അഭിയൊന്ന് ആര്യയെ നോക്കി… എന്തൊക്കെയോ അമ്മമാരോട് പറഞ്ഞു ചിരിക്കുകയാണ് പെണ്ണ്… ഇവൾക്കാണോ വിഷമം… എവിടെ… അവളിപ്പോൾ പഴയ പോലെ പാവം ഒന്നുമല്ല… ഗർഭിണിയായതോടെ കുറുമ്പ് നല്ലപോലെ കൂടിയിട്ടുണ്ട്…. വാശിയും… അഭി ആര്യയുടെ മുഖത്തെ ചിരി നോക്കിയിരുന്നു… മതി.. ഇതേ താനും ആഗ്രഹിച്ചിട്ടുള്ളു…. അഭി നിറഞ്ഞ മനസ്സോടെ അവളെ നോക്കി കിടന്നു…

രണ്ടാഴ്ച്ച കഴിഞ്ഞതും അഭിയെ ഡിസ്ചാർജ് ചെയ്തു… വീട്ടിലെത്തിയിട്ടും അവൾ അവന്റെയടുത്തുനിന്ന് മാറാതെ കൂടെ ഉണ്ടായിരുന്നു… ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു… മുറിവുകൾ ഉണങ്ങി ആരോഗ്യം വീണ്ടെടുത്തെങ്കിലും അഭി ഹോസ്പിറ്റലിൽ ജോയിൻ ചെയ്തിരുന്നില്ല…. ആര്യയുടെ പ്രസവം കഴിഞ്ഞേ താൻ ഇനി ഹോസ്പിറ്റലിൽ പോകുന്നുള്ളൂ എന്ന് പറഞ്ഞ അഭിയെ എല്ലാവരും കൂടി കളിയാക്കിയെങ്കിലും തന്റെ ഭാര്യയ്ക്ക് തന്റെ സാന്നിധ്യം ആവശ്യമുള്ള സമയമാണെന്നും, അതുകൊണ്ട് ആരെന്തൊക്കെ പറഞ്ഞാലും താൻ എപ്പോഴും അവളുടെ കൂടെ കാണുമെന്നു പറഞ്ഞു അവൻ അതിനെ പുച്ഛിച്ചുതള്ളി….

ആര്യയുടെ വീർത്തു വരുന്ന വയർ അഭിയിൽ ഒരേസമയം കൗതുകവും വാത്സല്യവും നിറച്ചു…. വയറിൽ തഴുകി കൊണ്ട് അഭി കുഞ്ഞിനോട് സംസാരിക്കുന്നത് കാണുമ്പോൾ അവൾ സന്തോഷത്തോടെ ഒക്കെ കേട്ടിരിക്കും… വലിയ വയറുമായി അവളുടെ നടത്തം കാണുമ്പോൾ പെൻഗിൻ..!!! എന്ന് വിളിച്ച് അവളെ കളിയാക്കുമെങ്കിലും… നീരുവന്ന കാലുമായി നടക്കാൻ ആയാസപ്പെടുന്ന ആര്യ അഭിയ്ക്കു സങ്കടക്കാഴ്ചയാണ്…. പക്ഷേ ശാരീരികാസ്വസ്ഥതകളുള്ള ആ സമയത്തും അവന്റെ കൂടെ നിൽക്കാനാണ് ആ പെണ്ണിന്റെ മനസാഗ്രഹിച്ചത്….

ഒരു മാസം കടന്നു പോയി….ഉച്ചയൂണ് കഴിഞ്ഞു അല്പനേരം ചെറിയൊരു ഉറക്കമുണ്ട് ഇപ്പോൾ ആര്യയ്ക്ക്…അതിനായി മുറിയിലേയ്ക്ക് വന്നതാണ് അഭിയും, ആര്യയും… ആ സമയത്താണ് ജാനുവമ്മ വന്നു വിളിക്കുന്നത്…പ്രദീപ്‌ വന്നിട്ടുണ്ടെന്നു പറഞ്ഞു… അഭി പതിയെ പുറത്തേയ്ക്ക് നടന്നു….അവന്റെ പുറകെ ആര്യയും… പടികളിറങ്ങി താഴേക്ക് വന്നപ്പോൾ കണ്ടു അച്ഛനോട് സംസാരിച്ചിരിക്കുന്ന പ്രദീപിനെ… കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്… അഭിയെ കണ്ടതും പ്രദീപ്‌ എഴുന്നേറ്റ് അടുത്തേയ്ക്ക് വന്നു… സുഖമായിരിക്കുന്നോടായെന്നു ചോദിച്ചവനെ മുറുകെ പുണർന്നു… കൂടെയുള്ള ആളെ പരിചയപ്പെടുത്തി.. കിരൺ… സിപിഒ ആണ്.. അല്പനേരത്തെ കുശലാന്വേഷണങ്ങൾക്ക് ശേഷം പ്രദീപ്‌ ആര്യയുടെ നേർക്കു തിരിഞ്ഞു…. ആര്യ…. ഞങ്ങൾ രാവിലെ ഇറങ്ങിയതാണ്….

ഇവിടെ വന്നു കഴിക്കാമെന്ന് വിചാരിച്ച് എങ്ങും നിർത്താതെ ഇങ്ങു പോന്നതാ…. അതുകേട്ടതും ആര്യ അമ്മമാരുടെ കൂടെ അടുക്കളയിലേയ്ക്ക് പോയി… 💙💙 ഊണ് കഴിച്ചു അഭിയുടെ മുറിയിൽ ഇരിക്കുകയാണ് മൂന്നുപേരും… പ്രദീപ്‌ തന്നെ സംസാരിച്ചു തുടങ്ങി… ടാ… ഞാൻ കിരണിനെയും കൂടെ കൂട്ടിയത് അവനു നിന്നോട് ചിലത് സംസാരിക്കാനാണ്… അഭി ചോദ്യഭാവത്തിൽ രണ്ടാളെയും അവരെ നോക്കി… അതുകണ്ടതും ഇവൻ തന്നെ പറയുമെന്ന് പറഞ്ഞു പ്രദീപ്‌ കട്ടിലിലേയ്ക്ക് കിടന്നു…. കിരൺ അഭിയെ ഒന്നു നോക്കി… അതിനു ശേഷം പറഞ്ഞു തുടങ്ങി… പേര് നേരത്തെ പറഞ്ഞല്ലോ ഏട്ടാ.. കിരൺ… വയനാട് ആണ് സ്ഥലം…. അത്യാവശ്യം പേരുള്ള ഒരു കുടുംബമാണ് എന്റേത്…വീട്ടിൽ അച്ഛനും അമ്മയും,ചെറിയച്ഛനും, ചെറിയമ്മയും,അച്ഛമ്മയുമുണ്ട്….

വല്യച്ഛനും, വല്യമ്മയും ഞങ്ങളുടെ വീടിനടുത്തു തന്നെയാണ് താമസം… അവർക്കു രണ്ടു ആണ്മക്കളാണ്… രണ്ടാളും മാരീഡ് ആണ്…. ബാംഗ്ലൂർ ആണ് ജോലി ചെയ്യുന്നത്…. മൂത്ത ചേട്ടന് രണ്ടു ആൺപിള്ളേരാണ്… രണ്ടാമത്തെ ചേട്ടനും ഒരു മോനാണ്… ഞാൻ ഇത്രയും വിശദമായി എന്റെ ഫാമിലിയെ കുറിച്ച് പറയാൻ കാരണം മൂന്ന് തലമുറകളിലായി എന്റെ കുടുംബത്തിൽ ഒരു പെൺകുട്ടിയേ ഉണ്ടായിരുന്നുള്ളു… എന്റെ കുഞ്ഞു പെങ്ങൾ… ചെറിയച്ഛൻ പ്രതാപചന്ദ്രന്റെ ഒരേ ഒരു മകൾ ആരതി…. ആരു…ഞങ്ങളുടെ രാജകുമാരി… അത്രയും സ്നേഹിച്ചാണ് അവളെ ഞങ്ങൾ വളർത്തിയത്.. ചെറിയമ്മയുടെ കുടുംബത്തിലേയും ഒരേയൊരു പെൺകുട്ടിയായിരുന്നു അവൾ… ചെറിയമ്മയ്ക്ക് രണ്ടു ആങ്ങളമാരാണ്.. ഒരാൾ വിവാഹം കഴിച്ചിട്ടില്ല… അടുത്ത ആൾക്ക് രണ്ടാണ്മക്കളായിരുന്നു… ആദിദേവും… അമൽദേവും….

അവരുടെ വീടും ഞങ്ങളുടെ വീടിനടുത്തു തന്നെയാണ്… പറഞ്ഞു കൊണ്ടിരുന്നത് നിർത്തി കിരൺ അഭിയെ ഒന്ന് നോക്കി…അവൻ പറയുന്നത് ശ്രദ്ധിച്ചു ഇരിക്കുകയാണ് അഭി… കിരൺ ഒന്ന് പുഞ്ചിരിച്ചു… ഇതൊക്കെ എന്തിനാണ് ഏട്ടനോട് പറയുന്നതെന്ന് തോന്നുന്നുണ്ടാകുമല്ലേ… എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടു കഴിയുമ്പോൾ അഭിയേട്ടനത് മനസിലാകും…അൽപനേരം മൗനമായി ഇരുന്ന ശേഷം കിരൺ പറഞ്ഞു തുടങ്ങി… ആദിയേട്ടന്റെ പെണ്ണായിരുന്നു ആരു….ഡോക്ടർ ആയിരുന്നു പുള്ളി…ചെറുതിലെ തന്നെ പറഞ്ഞുറപ്പിച്ചതായിരുന്നു അവരുടെ വിവാഹം…രണ്ടു കുടുംബങ്ങളും കാത്തിരുന്ന വിവാഹം.. പ്ലസ്ടു കഴിഞ്ഞു അവൾ കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ബിടെകിനു ചേർന്നു… ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്…

വീക്കേണ്ടിൽ ഞാനോ, ആദിയേട്ടനോ,അമലോ പോയി കൂട്ടികൊണ്ട് വരും…സന്തോഷം മാത്രം നിറഞ്ഞുനിന്ന ദിവസങ്ങൾ… അല്പം പതുങ്ങിയ സ്വഭാവക്കാരിയായിരുന്നു ആരു… പക്ഷേ ഞങ്ങൾ ഏട്ടന്മാരോട് കളിച്ചു, ചിരിച്ചു നടന്ന കിലുക്കാംപെട്ടിയും….. പതിയെ ആരു മാറി… കളിയും, ചിരിയും ഒക്കെ നിന്നു.. വീട്ടിൽ വരില്ല,വിളിച്ചാൽ ഫോൺ എടുക്കില്ല, കാണാൻ ചെന്നാൽ പഠിക്കാനുണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറും.. ആദ്യമൊക്കെ പഠിക്കാനുള്ളതുകൊണ്ടാകും എന്നൊക്കെ വിചാരിച്ചു സമാധാനിച്ചു ഞങ്ങൾ… പക്ഷേ ഇടയ്ക്ക് ഓണം വെക്കേഷന് ആരൂ വീട്ടിൽ വന്നത് കൂടുതൽ മാറ്റങ്ങളോടെയാണ്… സമയത്ത് ആഹാരം കഴിക്കാതെ, ഉറങ്ങാതെ എപ്പോഴും എന്തോ ആലോചിച്ചിരിക്കുന്ന ഒരു പുതിയ ആരു… ആരെങ്കിലും ചെന്നു വിളിച്ചാൽ ശല്യപ്പെടുത്തരുത്, പഠിക്കാനുണ്ടെന്നു പറഞ്ഞു ദേഷ്യപ്പെടും… ആദിയേട്ടനെ പോലും അവൾ അവഗണിച്ചു…

അവളുടെ ആ മാറ്റത്തിൽ അമ്മയും, ചെറിയമ്മയുമൊക്കെ ഒരുപാട് വിഷമിക്കുന്നുണ്ടായിരുന്നു… തിരുവോണത്തിനു സദ്യ അവളുടെ കൂടെയിരുന്നു കഴിക്കണമെന്നാഗ്രഹിച്ചു വിളിക്കാൻ ചെന്ന ആദിയേട്ടനെ അവൾ അപമാനിച്ചു…. മേലിൽ അവളുടെ മുറിയിൽ അനുവാദമില്ലാതെ കയറരുതെന്നു പറഞ്ഞു… വിഷമം വന്നിട്ടാകും ഏട്ടൻ കഴിക്കാതെ ഇറങ്ങി പോയി….ആ ദേഷ്യത്തിൽ ചെറിയമ്മ ആരുവിനെ ഒരുപാടു വഴക്ക് പറഞ്ഞു… ആദ്യമായി അവളെ തല്ലി… അവളാ അടി മുഴുവൻ നിന്ന് കൊണ്ടു…ഞങ്ങൾ എങ്ങനെയൊക്കെയോ ചെറിയമ്മയെ പിടിച്ചു മാറ്റി… എല്ലാവരെയും ഒന്ന് നോക്കി അവൾ മുറിക്കകത്ത് കയറി വാതിലടച്ചു…രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചതും വിശപ്പില്ല, ശല്യം ചെയ്യരുത് എന്നു പറഞ്ഞവൾ ഇറങ്ങിവന്നില്ല… ഞാൻ പോലും കുറെയൊക്കെ അവളുടെ അഹങ്കാരം ആണെന്നാണ് അപ്പോൾ ചിന്തിച്ചത്…

ആ നേരത്തൊക്കെ അവളോട്‌ വല്ലാത്ത ദേഷ്യമാണ് തോന്നിയത്… പക്ഷേ പിറ്റേന്ന്…. അ…അവൾ… അവൾ…ഞ….ങ്ങളെ…. വികാരവിക്ഷോഭത്താൽ കിരണിന് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…… അവൻ തല കുനിച്ചിരുന്നു.. ഇറുക്കിയടച്ച കണ്ണുകളിൽനിന്നു കണ്ണുനീർ ചാലിട്ട് ഒഴുകുന്നതുകണ്ടു അഭി വല്ലാതെയായി…. അവൻ കിരണിന്റെ അടുത്തു വന്നിരുന്നു ചുമലിൽ കൈവെച്ചു…. പെട്ടെന്ന് കിരൺ കണ്ണുകൾ അമർത്തി തുടച്ചു തലയുയർത്തി അഭിയെ നോക്കി… ഞാൻ… ഞാൻ ഓക്കെയാണ് ചേട്ടാ…. ഒരു ദീർഘനിശ്വാസമെടുത്തു…അവൻ ബാക്കി പറയാൻ തുടങ്ങി…. പിറ്റേന്ന് ഉച്ച ആകാറായിട്ടും പുറത്തേയ്ക്ക് കാണാത്തതുകൊണ്ട് ചെറിയമ്മ അവളെ വിളിക്കാൻ ചെന്നു.. പക്ഷേ വാതിലിൽ എത്ര മുട്ടിയിട്ടും അവൾ തുറന്നില്ല, ഒരു മറുപടിയും തന്നില്ല…

ചെറിയ പേടി തോന്നിയതുകൊണ്ട് വല്യമ്മ എന്നെയും, ചെറിയച്ഛനെയും വിളിച്ചു… ഞങ്ങൾ വിളിച്ചിട്ടും അവളുടെ പ്രതികരണം ഒന്നുമുണ്ടായില്ല… ഒടുവിൽ ഞങ്ങൾ വാതിൽ ചവിട്ടി പൊളിച്ചു… പക്ഷേ കാണാനായത് ജീവനില്ലാത്ത അവളുടെ ശരീരമായിരുന്നു…. എന്തിനാണവൾ ജീവൻ ഉപേക്ഷിച്ചത് എന്ന് പോലും അപ്പോൾ ഞങ്ങൾക്കറിയില്ലായിരുന്നു…. കുറേ മനുഷ്യരുടെ സന്തോഷവും, ജീവിതവുമൊക്കെ അവളാണെന്നറിഞ്ഞു കൊണ്ടു ഒരു മടക്കം….അവളുടെ വേർപാട് ഞങ്ങളുടെ എല്ലാവരുടേയും ജീവിതത്തിൽ വല്ലാത്തൊരു ശൂന്യത നിറച്ചു…സഹിക്കാനാകുമായിരുന്നില്ല… എന്നിട്ടും പിടിച്ചു നിന്നു….മുന്നോട്ട് ജീവിച്ചല്ലേ പറ്റൂ… പക്ഷേ അതിന് സാധിക്കാതെ പോയ രണ്ടാത്മാക്കളുണ്ടായിരുന്നു…. ചെറിയമ്മയും, ആദിയേട്ടനും….

ചെറിയമ്മ വിചാരിച്ചിരുന്നത് ആ പാവം അവളെ വഴക്ക് പറയുകയും, അടിക്കുകയുമൊക്കെ ചെയ്തതിന്റെ വിഷമത്തിലാണ് അവൾ ആത്മഹത്യ ചെയ്തതെന്നാണ്….അങ്ങനെ അല്ലായെന്നു എത്ര പറഞ്ഞിട്ടും വിശ്വസിച്ചില്ല…. കുറ്റബോധം കാരണം ആള് ആരൂന്റെ മുറിയിൽ തന്നെയായിരുന്നു ഏതുസമയവും…അവളുടെ സാധനങ്ങൾ ഒക്കെ തുടച്ചും,മണത്തുനോക്കിയും,അതിനോടൊക്കെ സംസാരിച്ചും,കരഞ്ഞും….അങ്ങനെ ആകെ മാറ്റം…. മാനസിക വിഭ്രാന്തിയുള്ളവരെ പോലെ.. ചെറിയച്ഛനോട് പോലും മിണ്ടില്ല… ഒരു മാസം കഴിഞ്ഞതും അടുത്ത ദുരന്തം ഞങ്ങളെ തേടിയെത്തി…. ആ….ദി…ആദിയേട്ടൻ ആരൂന്റെ അടുത്തേയ്ക്ക് പോയി.. അതുപറയുമ്പോഴും കിരണിന്റെ വാക്കുകൾ ഇടറി…. കണ്ണ് നിറഞ്ഞു… ആരുവിന്റെ മുറിയിൽ….

ഒരു കുപ്പി വിഷത്തിന്റെ സഹായത്താൽ ഏട്ടനങ്ങ് പോയി…അവളില്ലാതെ ആ മനുഷ്യന് ജീവിക്കാൻ കഴിയില്ലായിരുന്നു… അതുകൂടി അറിഞ്ഞതോടെ ചെറിയമ്മയുടെ മാനസിക നില തെറ്റി… ആൾക്കാരെ ഉപദ്രവിക്കുന്ന തരത്തിൽ ആള് വയലന്റ് ആയി… അടുപ്പിച്ചു രണ്ടു മരണം, ചെറിയമ്മയുടെ അവസ്ഥ….അതിന്റെ കൂടെ എന്തിനാണ് ആരു ആത്മഹത്യ ചെയ്തതെന്നറിയാത്ത അവസ്ഥ…. ചെറിയച്ഛൻ തകർന്നു…. കൂടെ ഞങ്ങളും…. പിന്നെ കുറച്ചേറെ നാൾ ചെറിയമ്മ മെന്റൽ അസൈലത്തിൽ ആയിരുന്നു…. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ആരോടും അധികം സംസാരമൊന്നുമില്ല…അമ്പലവും, ആരുവിന്റെ മുറിയുമായിരുന്നു ചെറിയമ്മയുടെ ലോകം….

ആ സമയത്ത് കുറച്ചു ഓർമ്മക്കുറവുണ്ടായിരുന്നു…. പല കാര്യങ്ങളും ഓർമയില്ല…. പക്ഷേ ഒരു ദിവസം ചെറിയമ്മ ചെറിയച്ഛനോട് ഒരു കാര്യം പറഞ്ഞു… ആരു മരിക്കുന്നതിന്റെ തലേദിവസം രാത്രി ചെറിയമ്മ ആരൂവിന്റെ കൂടെയാണ് കിടന്നത്… അവൾ വേണ്ടായെന്നു പറഞ്ഞിട്ടും കേൾക്കാതെ മോളുടെ കൂടെ പോയി കിടന്നതാണ്… അന്ന് ഉറക്കത്തിൽ അവൾ എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു ചെറിയമ്മ ഉണർന്നു… ഞാനല്ല, വെങ്കിയും, നിമ്മിയുമാണ് ചെയ്തത്, ചതിയന്മാരാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു… കിരണിനെ കേട്ടുകൊണ്ടിരുന്ന അഭിയുടെ കണ്ണുകൾ ഒന്ന് പിടച്ചു… ആ പേരുകൾ… ഇപ്പോൾ അഭിക്ക് വ്യക്തമായി..കിരൺ തന്റെ മുന്നിൽ ഇരിക്കുന്നതിന്റെ കാരണം…. കിരണിന്റെ വാക്കുകൾക്ക് അവൻ കാതോർത്തു… പേടിച്ചു ചെറിയമ്മ അവളെ വിളിച്ചുണർത്തി….. വെങ്കിയും, നിമ്മിയും ആരാണ്, അവരെന്താ ചെയ്തത് എന്നു തിരക്കി…

അവർ കാരണമാണോ അവൾ വിഷമിക്കുന്നത് എന്നൊരു സംശയം ചെറിയമ്മയ്ക്ക് തോന്നിയതു കൊണ്ട് തുറന്നു ചോദിച്ചു…. ആദ്യം അവളൊന്നു ഞെട്ടി.. എങ്കിലും അത് തന്റെ ക്ലാസ്സിലെ രണ്ടു കുട്ടികളാണെന്നും… അവരോടു താൻ പിണക്കമാണ് എന്നു മാത്രം പറഞ്ഞു… കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അവരെ താൻ സ്വപ്നം കണ്ടു.. അതുകൊണ്ടാകും അവരുടെ പേര് പറഞ്ഞതെന്ന് പറഞ്ഞു അവൾ ചെറിയമ്മയെ ആശ്വസിപ്പിച്ചു… പക്ഷേ ആൾക്ക് അവൾ പറഞ്ഞത് അത്ര വിശ്വാസമായില്ല….. അടുത്ത ദിവസം അവളോട്‌ ഇതേപ്പറ്റി കൂടുതൽ ചോദിക്കണം എന്നു മനസ്സിലിറപ്പിക്കുകയും ചെയ്തതാണ്… പക്ഷേ പിറ്റേന്ന് സദ്യയുടെ തിരക്കൊക്കെ ആയപ്പോൾ ചോദിക്കാനും കഴിഞ്ഞില്ല… പിന്നെ അതിനുള്ള ഒരവസരം പോലും തരാതെ അവൾ ഞങ്ങളെ വിട്ടു പോയി കളഞ്ഞു…..

ചെറിയമ്മ ഈ കാര്യം പറഞ്ഞപ്പോൾ എന്തൊക്കെയോ സംശയം ഞങ്ങൾക്കും തോന്നി… ആരുവിന്റെ അടുത്ത കൂട്ടുകാരെയൊക്കെ എനിക്ക് അറിയാം…കോളേജിലെ കാര്യങ്ങളും അവൾ എന്നോട് പറയാറുണ്ട്… പക്ഷേ ഈ രണ്ടു പേരുകൾ… അതും വെങ്കി… അതൊരു ചുരുക്കപേര് പോലെ… വെങ്കി വെങ്കിടേഷ് ആണോ അതൊക്കെ വെങ്കട് ആണോ… എന്തായാലും പിറ്റേന്ന് തന്നെ അവളുടെ കോളേജിൽ പോയി അന്വേഷിച്ചു…അവളുടെ കൂട്ടുകാരോട് തിരക്കി…പക്ഷേ അങ്ങനെ രണ്ടുപേർ അവിടെ ഇല്ലായിരുന്നു…മാത്രമല്ല ക്ലാസ്സിലോ, കോളേജിലോ അവൾക്കു ആരുമായും ഒരു പ്രശ്നവുമില്ല എന്നും അറിഞ്ഞു…. ഹോസ്റ്റലിൽ അവളുടെ റൂംമേറ്റ്‌ ആയിരുന്ന കുട്ടിയോടും തിരക്കി…അവളുടെ അഭിപ്രായത്തിൽ ആരുവിനു കോളേജിൽ പോലും അധികം കൂട്ടുകാരില്ല….

ഒടുവിൽ എന്റെ ഒരു ഫ്രണ്ടിന്റെ സഹായത്താൽ അവളുടെ കാൾ ലിസ്റ്റ് എടുത്തു… പക്ഷേ സംശയിക്കത്തക്കതായി ഒന്നും കിട്ടിയില്ല… ഇനി ചെറിയമ്മയ്ക്ക് തോന്നിയതാണോ എന്നുപോലും ഞങ്ങൾക്ക് സംശയമായി… എല്ലാ വഴികളുമടഞ്ഞപ്പോൾ എല്ലാം ചെറിയമ്മയുടെ തോന്നലാകുമെന്ന് പറഞ്ഞു എല്ലാവരും അത് തള്ളിക്കളഞ്ഞു… ഒരു സ്വപ്നം ഏതോ പേര് പറഞ്ഞു എന്നു കരുതി അതിന്റെ പുറകെ പോകേണ്ട ആവശ്യമില്ലത്രെ….. പക്ഷേ എനിക്കത് അങ്ങനെ നിസാരമായി കളയാൻ പറ്റിയില്ല… മനസ്സിലൊരു കരടായി അതങ്ങനെ കിടന്നു… അത് കഴിഞ്ഞു ജോലിക്ക് കയറി… പോലീസ് ആയത് തന്നെ എന്റെ ആരുവിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റിയാലോ എന്നു കരുതിയാണ്…

എല്ലാവരും ആത്മഹത്യയാണെന്ന് വിശ്വസിച്ചപ്പോഴും എനിക്കതിന് കഴിയാത്തതുകൊണ്ടാകും… അവൾക്കു നീതി കിട്ടിയിട്ടില്ല എന്നൊരു തോന്നൽ…അവളുടെ മരണത്തിനു പിന്നിൽ ആരൊക്കെയോ ഉള്ളതുപോലെ… അവരെ കണ്ടു പിടിക്കണം… കൂടുതൽ അന്വേഷിക്കണം… ഇതൊക്കെയായിരുന്നു മനസ്സിൽ…. നാല് വർഷങ്ങൾക്ക് മുന്നേ നടന്ന സംഭവമാണ്… എങ്ങനെയാണെന്നൊന്നും അറിഞ്ഞുകൂടാ…. പക്ഷേ ഞാൻ കാത്തിരുന്നു…. കുറച്ചു ദിവസങ്ങൾക്കു മുന്നെയാണ് ഞങ്ങളുടെ എസ് ഐ സാർ, പ്രദീപ്‌ സാർ സെന്റ് ചെയ്ത രണ്ടു ക്രിമിനൽസിന്റെ ഫോട്ടോ കാണിച്ചു തരുന്നത്…..രണ്ടു പേരെയും കുറച്ചു നാളായി പോലീസ് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസിലായി.. പക്ഷേ അവരുടെ പേരുകളാണ് ഞാൻ ശ്രദ്ധിച്ചത്….

വെങ്കിടേഷ്…നിമിഷ…. വെങ്കിടേഷിന് വെങ്കി എന്നൊരു നിക്ക്നെയിം കൂടിയുണ്ടെന്നറിഞ്ഞപ്പോൾ ഞാൻ തേടി നടക്കുന്നത് ഇവരെയാണോ എന്നൊരു സംശയം… അവരെക്കുറിച്ചു കൂടുതൽ പഠിച്ചപ്പോൾ ഒരു കാര്യം മനസിലായി ആരു കോഴിക്കോട് പഠിച്ചിരുന്ന സമയം ഇവർ രണ്ടാളും അവിടെ ഉണ്ടായിരുന്നു….ഞാൻ ഏകദേശം ഉറപ്പിച്ചു…. ഇതവർ തന്നെയെന്ന്… കൂടുതൽ എന്തെങ്കിലും അറിയാൻ കഴിഞ്ഞാലോ എന്ന് വിചാരിച്ചു ആരുവിന്റെ ഫ്രണ്ട്സിനേയും, ഹോസ്റ്റലിൽ അവളുടെ റൂംമേറ്റായിരുന്ന മൃദുലയേയും കാണാൻ പോയി… ഫ്രണ്ട്സിന് ആർക്കും ഇവരെ പരിചയമില്ല…. പക്ഷേ മൃദുല വെങ്കിയെ തിരിച്ചറിഞ്ഞു… ഒരിക്കൽ ആരുവിനെ പിക്ക് ചെയ്യാൻ ഹോസ്റ്റലിൽ വന്നിട്ടുണ്ടെന്ന്… ആരുവിനോട് അതേപ്പറ്റി തിരക്കിയപ്പോൾ അത് കസിൻ ആണെന്ന് പറഞ്ഞുവത്രേ…..

ഞങ്ങൾ ആരെങ്കിലുമൊക്കെ ആയിരുന്നു അവളെ കൂട്ടിക്കൊണ്ടുവരാൻ ഹോസ്റ്റലിൽ ചെല്ലുന്നത്… അതുകൊണ്ട് കസിൻ ആണെന്ന് പറഞ്ഞപ്പോൾ മൃദുലക്കും സംശയമൊന്നും തോന്നിയില്ല…അ കുട്ടിയെ കണ്ടിറങ്ങുമ്പോൾ വല്ലാത്തൊരു ആവേശമായിരുന്നു… ഒടുവിൽ ഞാൻ എന്റെ ആരുവിന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തിയിരിക്കുന്നു… മരണം എന്നൊരു തീരുമാനമെടുക്കാൻ ആരുവിനെ പ്രേരിപ്പിക്കാൻ പാകത്തിന് അവർ എന്താകും അവളോട്‌ ചെയ്തതെന്ന് ഊഹിക്കാമെനിക്ക്… പക്ഷേ അതവർ ഏറ്റു പറയണം… ഞാൻ പ്രദീപ്‌ സാറിനെ കോൺടാക്ട് ചെയ്തു… സാറിനെ നേരിൽ കണ്ടു കാര്യങ്ങൾ പറഞ്ഞു.. അപ്പോഴാണ് സാർ ഏട്ടനെ പറ്റി പറയുന്നത്… കേട്ടപ്പോൾ മനസിലായി നമ്മളൊക്കെ തുല്യ ദുഃഖിതരാണ്… അവരുടെ ക്രൂരതയുടെ ഫലം അനുഭവിച്ചവർ….

ഏട്ടനെ നേരിട്ട് കാണണമെന്ന് തോന്നി… അതാണ് ഞാനും കൂടി വന്നത്… അവരെ അന്വേഷിക്കാൻ, വിചാരണ ചെയ്യാൻ ഞാനുമുണ്ടെന്നു പറയാൻ… ശിക്ഷ വിധിക്കാനും, നടപ്പാക്കാനുമുള്ള അവസരം മറ്റൊരാൾക്ക്‌ നൽകണമെന്ന് പറയാൻ… കിരൺ സംസാരിക്കുന്നത് നിർത്തി തന്നെ സംശയത്തോടെ നോക്കിയിരിക്കുന്ന അഭിയെ നോക്കി…. അത് ആരെന്നാകുമല്ലേ അഭിയേട്ടൻ ചിന്തിക്കുന്നത്…. ഒറ്റമകളെ നഷ്ട്ടപ്പെട്ടു, മകനെ പോലെ സ്നേഹിച്ചു വളർത്തിയവനെ നഷ്ട്ടപെട്ടു, മനോനില തെറ്റിയ ഭാര്യയെ ശുശ്രൂഷിച്ച്…. തന്റെ വിധിയിൽ നീറി നീറി ജീവിക്കുന്ന ഒരു മനുഷ്യൻ…. വെങ്കിടേഷും, നിമിഷയും ചെയ്ത ദുഷ്പ്രവൃത്തിയുടെ ഫലം അനുഭവിക്കുന്ന ഒരു പാവം….

എന്റെ ചെറിയച്ഛൻ…. എന്തുണ്ട് ഇനി ഈ ജീവിതത്തിൽ ആ പാവത്തിന് സന്തോഷിക്കാൻ…. പക്ഷേ അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ മകൾക്കും നീതി കിട്ടണം…. അതിന് വെങ്കിടേഷിനും, നിമിഷയ്ക്കുമുള്ള ശിക്ഷ ആ കൈ കൊണ്ടു തന്നെ നടപ്പാക്കണം…. അതിനെനിക്ക് നിങ്ങളുടെ സഹായം വേണം….. അവനെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കുമ്പോൾ അഭിയും മനസ്സിൽ ചില കണക്കുകൂട്ടലിലായിരുന്നു….. തുടരും

എല്ലാവരോടും ക്ഷമ പറയുകയാണ്.. ഈ പാർട്ട്‌ ഇത്രയും വൈകിയതിന്.. പറഞ്ഞു പറ്റിച്ചതിന്… 🙅‍♀️🙅‍♀️🙅‍♀️🙅‍♀️🙅‍♀️🙅‍♀️🙅‍♀️പിന്നെ ഉറപ്പായും ഞാനിത് എഴുതി കംപ്ലീറ്റ് ചെയ്യും… ഞാൻ ഏറെ എഫർട്ട് എടുത്തെഴുതിയ പാർട്ടാണിത്…..😇 എഴുതാൻ ധൈര്യമില്ലാതെ…എഴുതി കഴിഞ്ഞിട്ടും പോസ്റ്റ്‌ ചെയ്യാൻ ധൈര്യമില്ലാതെ…കുറെ ദിവസങ്ങൾ…🙄🙄 വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് പോരായ്മകൾ തോന്നാം… തുറന്നു പറയണേ…🙏 ആദ്യം കുറച്ചു പേർസണൽ പ്രോബ്ലെംസ് കൊണ്ടാണ് എഴുതാതിരുന്നത്… പിന്നെ അതൊക്കെ തീർന്നു എഴുതാൻ തുടങ്ങിയപ്പോൾ അടുത്ത പ്രശ്നം… ഒരു പ്രസവത്തെ കുറിച്ചെഴുതാൻ അത്രയ്ക്ക് ടെൻഷൻ ആകേണ്ട ആവശ്യമില്ലായെന്നു തോന്നാം… പക്ഷേ എന്നെ സംബന്ധിച്ച് അത് വലിയൊരു വിഷയമായിരുന്നു… ഒടുവിൽ എന്തുപറ്റിയെന്നു ചോദിച്ച മീരമ്മയോടും, അപ്പൂസിനോടും കാര്യം പറയുമ്പോൾ അവരാണ് കൺഫ്യൂഷൻ ഉള്ള ഭാഗം അവർക്ക് അയച്ചു കൊടുക്കാൻ പറഞ്ഞത്…. വായിച്ചു നോക്കി അവർ പറഞ്ഞ അഭിപ്രായങ്ങൾ കുറച്ചു ധൈര്യം തന്നു.. പിന്നെ എന്റെ ചേട്ടൻ… പുള്ളിയും ഓക്കേ പറഞ്ഞപ്പോൾ കിട്ടിയ ധൈര്യത്തിലാണ് ഞാൻ ഇത് പോസ്റ്റ്‌ ചെയ്യുന്നത്… അപ്പോൾ എന്റെ ചേട്ടായിക്കും, മീരാമ്മയ്ക്കും(മീര മനു), അപ്പൂസിനും (അപർണ രാജ് ) എന്റെ ❤❤❤❤❤❤❤❤❤❤❤❤❤❤❤ പക്ഷേ നന്ദി ഞാൻ പറയൂല… 😜 ഒത്തിരിപേർ എന്നോട് കഥ പോസ്റ്റ്‌ ചെയ്യാതെന്തെന്നു ചോദിച്ചു… എനിക്ക് എന്തു പറ്റിയെന്നു ചോദിച്ചു… സന്തോഷവും, കുറ്റബോധവും തോന്നി…അതുപോലെ പാർട്ട്‌ വൈകുന്നതിന് എന്നെ പൊങ്കാലയിട്ട നമ്മുടെ സ്വന്തം ടീംസ്…🙄🙄 അവരെ ഞാൻ ഈ അവസരത്തിൽ പ്രത്യേകം ഓർക്കുന്നു… 😜🙈🙈🙈 എല്ലാവരോടും സ്നേഹം മാത്രമേയുള്ളു… ഒരിക്കൽ കൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു…🙏🙏🙏🙏🙏 💙🎉ദാമ്പത്യം🎉💙… കാത്തിരിക്കാം തുഷാര ലക്ഷ്മി❤ തുടരും….

ദാമ്പത്യം: ഭാഗം 41

Share this story