ഈറൻമേഘം: ഭാഗം 29

ഈറൻമേഘം: ഭാഗം 29

 എഴുത്തുകാരി: Angel Kollam

ജോയലിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അമേയ ചോദിച്ചു.. “സാറെന്താണ് ആലോചിക്കുന്നത്?” “ഞാൻ സ്വപ്നയെപ്പറ്റിയാണ് ആലോചിച്ചത്.. അവളുടെ തീരുമാനമാണ് ശരിയെന്നു താനും പറഞ്ഞില്ലേ.. അപ്പോൾ അവളെ സഹായിക്കണമെന്ന് എനിക്ക് തോന്നുന്നു ” “സാർ ആ കുട്ടിക്ക് വാക്ക് കൊടുത്തതല്ലേ.. അപ്പോൾ എങ്ങനെയെങ്കിലും സഹായിക്കണം ” “എന്തായാലും ഒരാഴ്ച കഴിഞ്ഞു റിവ്യൂവിന് വരുമ്പോൾ അവളുടെ മനോനില എങ്ങനെയാണെന്ന് പരിശോധിച്ചിട്ടേ ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നുള്ളൂ ” “ഒരാഴ്ച കഴിഞ്ഞു വരുമ്പോളും അവളുടെ തീരുമാനത്തിന് മാറ്റമൊന്നും കാണില്ല.. എനിക്കുറപ്പാണ് ” “നോക്കാം.. എന്തായാലും അടുത്ത റിവ്യൂ കൂടി കഴിയട്ടെ ” “ഉം ” ജോയൽ ടീവി ഓൺ ചെയ്തു .

ഏതോ തമിഴ് സിനിമയിലെ റൊമാൻസ് രംഗമായിരുന്നു ടീവിയിൽ.. ജോയൽ പെട്ടന്ന് ചാനെൽ മാറ്റിയിട്ട് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. “ഞാൻ കുറച്ചു നേരം കിടക്കട്ടെ.. താൻ തത്കാലം ഇവിടിരുന്നു എന്തെങ്കിലും പഠിക്ക് കേട്ടോ.. ഇന്റർവ്യൂ പാസ്സായിട്ട് എത്ര വേണമെങ്കിലും ഉറങ്ങിക്കോ ” “ഇന്റർവ്യൂ പാസ്സായി കഴിഞ്ഞാൽ പിന്നെ ജോലിക്ക് പോകണ്ടേ? അപ്പോൾ ഉറങ്ങുന്നത് എങ്ങനെയാ?” “ഓഹോ.. അപ്പോൾ ജോലിക്ക് പോകാനൊന്നും വല്യ താല്പര്യമില്ല.. അല്ലേ?” “ജോലിക്ക് പോകാനൊക്കെ താല്പര്യമുണ്ട്.. പക്ഷേ…” “എന്താ.. എന്ത് പറ്റി.. പകുതി വഴിയ്ക്ക് നിർത്തിയതെന്താ?” “ജോലി കിട്ടിയിട്ട് ഇവിടുന്ന് ഹോസ്റ്റലിലേക്ക് മാറുന്നതിനെ പറ്റി എനിക്ക് ഓർക്കാനേ വയ്യ.. എത്ര പെട്ടന്നാണ് രണ്ടാഴ്ച കഴിഞ്ഞു പോയത്? ജോലിക്ക് ജോയിൻ ചെയ്യുമ്പോൾ ഹോസ്റ്റലിലേക്ക് മാറിയാൽ..

എനിക്ക് സാറിനെ ഒത്തിരി മിസ്സ്‌ ചെയ്യും ” അമേയയുടെ മുഖത്ത് വിഷാദം തളം കെട്ടി നിന്നു.. ജോയൽ അവളുടെ അടുത്തിരുന്നു അവളുടെ വലതുകരം കവർന്നെടുത്തു കൊണ്ട് പറഞ്ഞു.. “നമ്മൾ ഒരേ ഹോസ്പിറ്റലിലല്ലേ ജോലി ചെയ്യാൻ പോകുന്നത്.. നിനക്ക് എപ്പോൾ വേണമെങ്കിലും എന്നെ കാണാമല്ലോ.. പിന്നെന്തിനാ ഇത്രയും സങ്കടം?” “അറിയില്ല.. വെറുതെ ഒരു സങ്കടം ” “വെറുതെ ഓരോന്നോർത്ത് വിഷമിക്കണ്ട ” അമേയയുടെ മുഖം തെളിയുന്നില്ലെന്ന് കണ്ടപ്പോൾ ജോയൽ അവളോട് ചോദിച്ചു.. “എങ്കിൽ ഞാനെന്റെ പപ്പയോടും മമ്മിയോടും നമ്മുടെ കാര്യം സംസാരിക്കട്ടെ.. അങ്ങനെയാണെങ്കിൽ അവരുടെ സമ്മതത്തോട് കൂടി നമുക്ക് കല്യാണം കഴിക്കാം.. അപ്പോൾ പിന്നെ മിസ്സ്‌ ചെയ്യുമെന്നോർത്ത് സങ്കടപെടേണ്ടല്ലോ ” അമേയ കപടഗൗരവത്തിൽ ജോയലിന്റെ മുഖത്തേക്ക് നോക്കി..

“എന്റെ ചേച്ചി പ്രെഗ്നന്റ് ആയിട്ടിരിക്കുകയാണെന്ന് സാറിന് അറിയാമല്ലോ.. ഈ അവസ്ഥയിൽ എന്റെ പ്രണയത്തിന്റെ കാര്യമൊന്നും ചേച്ചിയെ അറിയിക്കാനുള്ള ധൈര്യം എനിക്കില്ല.. സാറിന്റെ പപ്പയുടെയും മമ്മിയുടെയും സമ്മതം മാത്രം പോരല്ലോ.. എന്റെ ചേച്ചിയുടെയും ചേട്ടന്റെയും സമ്മതം കൂടി വേണ്ടേ? അതുകൊണ്ട് തത്കാലം കല്യാണത്തെപ്പറ്റിയൊന്നും ചിന്തിക്കണ്ട.. നമുക്കിപ്പോൾ ഇങ്ങനെ സ്നേഹിച്ചു നടക്കാം.. എന്നിട്ട് രണ്ടു വർഷം കഴിഞ്ഞിട്ട് കല്യാണം നടത്താം ” “ഇനി രണ്ട് വർഷം കൂടി കഴിഞ്ഞിട്ടു മതിയെന്നോ കല്യാണം? അത് കുറച്ച് നീണ്ട കാലാവധി ആയില്ലേടോ? എനിക്കിപ്പോൾ തന്നെ വയസ്സ് മുപ്പത്തി രണ്ടായി.. ഇനി രണ്ട് വർഷം കൂടി കഴിഞ്ഞാൽ മുപ്പത്തിനാല്..

അത്രയും നാളും കൂടി ഞാൻ കാത്തിരിക്കണോ?” “ഉം.. ഇപ്പോൾ ഉടനെ കല്യാണത്തിന് ഞാൻ മാനസികമായി തയ്യാറെടുത്തിട്ടില്ല ” “ഉടനെയൊന്നും വേണ്ട.. ഒരു വർഷം കൂടി കഴിഞ്ഞിട്ട്.. അതിൽ കൂടുതൽ കാലാവധിയൊന്നും താൻ പറയരുത് കേട്ടോ.. ” “ഞാനൊന്നാലോചിക്കട്ടെ.. തത്കാലം സാർ കല്യാണക്കാര്യത്തെപ്പറ്റിയൊക്കെ മനസ്സിൽ നിന്നും മായിച്ചു കളഞ്ഞിട്ട് നല്ല കുട്ടിയായി പോയികിടന്നു ഉറങ്ങിക്കോ ” ജോയൽ തന്റെ റൂമിലേക്ക് പോയി.. അമേയ ചെറുചിരിയോടെ ബുക്കെടുത്തു വായിക്കാൻ തുടങ്ങി.. അതിലെ അക്ഷരങ്ങളൊന്നും മനസ്സിൽ പതിയുന്നില്ല.. ജോയലിന്റെ മുഖം മാത്രമാണ് മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത്.. ജോയൽ ഉറക്കമുണർന്ന് വരുമ്പോൾ സെറ്റിയിൽ ചാരി വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു അമേയ.. അവൻ മെല്ലെ ശബ്ദമുണ്ടാക്കാതെ അവളുടെ അടുത്തെത്തി..

അവളുടെ കാതോരത്തു വന്നു ചോദിച്ചു.. “താനിവിടെ സ്വപ്നം കാണുകയാണോ അതോ പഠിക്കുകയാണോ?” അമേയ ഞെട്ടിത്തിരിഞ്ഞു ജോയലിനെ നോക്കിക്കൊണ്ട് പറഞ്ഞു. “പഠിക്കാനൊന്നും ഒരു കോൺസെൻട്രേഷൻ കിട്ടുന്നില്ല സാറേ” “ആഹാ.. അതെന്താ ഇപ്പോൾ അങ്ങനെ?” “അറിയില്ല.. മനസ്സിൽ പലപല ചിന്തകളാണ് ” “തത്കാലം എന്റെ പൊന്നുമോൾ ആവശ്യമില്ലാത്ത ചിന്തയൊക്കെ മാറ്റി വച്ചിട്ട് പഠിക്ക് കേട്ടോ.. താൻ ഇന്റർവ്യൂ പാസ്സായില്ലെങ്കിൽ നഷ്ടം എനിക്കാണ്.. നമുക്ക് ഒരേ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യാൻ പറ്റില്ല ” അമേയ ജോയലിന്റെ നേർക്ക് നോക്കി കൈകൂപ്പി കൊണ്ട് അവനെ കളിയാക്കുന്നത് പോലെ പറഞ്ഞു.. “ഞാൻ ഇന്റർവ്യൂ എങ്ങനെയെങ്കിലും പാസ്സായിക്കോളാം.. അതിന് വേണ്ടി ഇത്രയും വല്യ ഡയലോഗൊക്കെ പറയണോ?”

“താൻ മിടുക്കിയാണെന്നൊക്കെ എനിക്കറിയാം.. എന്നാലും എന്റെ ഉത്കണ്ഠ ഞാൻ പ്രകടിപ്പിച്ചെന്നേയുള്ളൂ” “ഞാൻ പാസ്സാകേണ്ടത് സാറിന്റെ മാത്രമല്ല എന്റെയും കൂടി ആവശ്യമാണ്.. ഇപ്പോൾ സാറില്ലാത്ത മറ്റൊരിടത്തേക്ക് മാറുന്നത് പോലും എനിക്ക് ചിന്തിക്കാൻ കഴിയില്ല ” ജോയൽ ഹോസ്പിറ്റലിൽ പോകാൻ റെഡിയായി വന്നപ്പോളേക്കും അമേയ അവനുള്ള കോഫിയുമായി എത്തി.. അവൻ ആ കോഫി വാങ്ങിക്കൊണ്ടു പറഞ്ഞു “ഒരു ദിവസം കൊണ്ട് ഭയങ്കര ഉത്തരവാദിത്തം ആയിപോയല്ലോ തനിക്ക്.. ” അമേയ നാണത്തോടെ തല താഴ്ത്തി നിന്നു.. ജോയൽ താൻ കുടിച്ച കോഫി കപ്പ്‌ കഴുകി വച്ചിട്ട് അമേയയോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി.. “വരുമ്പോൾ എന്തെങ്കിലും വാങ്ങിക്കൊണ്ടു വരണോ?” “വേണ്ട.. പെട്ടന്നൊന്ന് വന്നാൽ മതി ” ജോയൽ അവളുടെ നേർക്ക് കൈ വീശി കാണിച്ചിട്ട് പോയി..

വൈകുന്നേരമായത് കൊണ്ട് ഓപിയിൽ തിരക്ക് കുറവായിരുന്നു..ആകെ വന്ന രണ്ടു രോഗികൾക്ക് കൗൺസിലിങ് കൊടുത്തിട്ട് ജോയൽ വെറുതെ ഇരിക്കുകയായിരുന്നു.. പൂജ ഏതോ മാഗസിൻ വായിച്ചു കൊണ്ടിരിക്കുന്നു.. “ആരും വന്നില്ലെങ്കിൽ ഭയങ്കര ബോറാണ്.. അല്ലെടോ?” പൂജ മാഗസിൻ മാറ്റി വച്ചിട്ട് ജോയലിനോട് മറുപടി പറഞ്ഞു.. “സാധാരണ ഈവെനിംഗ് നമുക്ക് തിരക്ക് കുറവല്ലേ.. അതാ ഞാൻ മാഗസിനോക്കെ ആയിട്ട് വന്നത്.. ഇല്ലെങ്കിൽ പിന്നെ ഇവിടിരുന്നു ബോറടിക്കുമെന്ന് എനിക്കറിയാം ” “ഞാൻ റിസപ്ഷനിൽ വിളിച്ച് ചോദിക്കട്ടെ ഇനി ആരെങ്കിലും അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടോയെന്ന്.. ആരുമില്ലെങ്കിൽ നമുക്ക് പോകാം.. വെറുതെയെന്തിനാ എട്ട് മണി വരെ ഇവിടെ ഇരിക്കുന്നത് ” പൂജയ്ക്ക് ചിരി വന്നു.. അപ്പോൾ അതാണ് കാര്യം.. സാറിന് ഫ്ലാറ്റിലേക്ക് പോകണം..

വൈകുന്നേരങ്ങളിൽ തിരക്ക് ഇല്ലാതെയാകുന്നത് ഇതാദ്യമായിട്ടൊന്നുമല്ല.. പക്ഷേ സാർ ഫ്ലാറ്റിലേക്ക് പോകാൻ ധൃതി കാണിക്കുന്നത് ഇതാദ്യമായിട്ടാണ്.. പൂജ എക്സ്റ്റൻഷൻ ഫോണെടുത്ത് കൊണ്ട് പറഞ്ഞു.. “ഞാൻ വിളിച്ചു ചോദിക്കാം സാർ ” കാൾ കട്ട്‌ ചെയ്തതിന് ശേഷം അവൾ ജോയലിനോട് പറഞ്ഞു.. “ഇന്നത്തേക്ക് ഇനിയാരും അപ്പോയ്ന്റ്മെന്റ് എടുത്തിട്ടില്ലെന്ന് ” “എങ്കിൽ പിന്നെ നമുക്ക് പോകാം..” “ഉം ” അവർ ഒരുമിച്ച് ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു.. ജോയൽ അവളോട് പറഞ്ഞു.. “താൻ നടന്നോ.. എനിക്ക് ഒരു ഷോപ്പിൽ കയറാനുണ്ട് ” “ഓക്കേ സാർ ” പൂജ മുന്നോട്ട് നടന്നു.. ജോയൽ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ കയറി വീട്ടിലേക്ക് അത്യാവശ്യം വേണ്ട ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങി..

കൂട്ടത്തിൽ ഒരു ചോക്ലേറ്റും.. ഇന്നലെ താനവളോട് തന്റെ പ്രണയം തുറന്ന് പറഞ്ഞുവെങ്കിലും ആ പ്രൊപോസലിൽ താൻ നൂറ് ശതമാനവും സംതൃപ്തനല്ല.. അതുകൊണ്ട് തന്നെയാണ് തന്റെ പ്രൊപോസലിനെ മോശം പ്രൊപോസലെന്ന് താൻ തന്നെ വിലയിരുത്തിയത്.. ചിലപ്പോൾ ഒരു പൂവോ അല്ലെങ്കിൽ ചോക്ലേറ്റോ ഒക്കെ കൊടുത്തിട്ടുള്ള പ്രൊപോസലായിരിക്കും പെൺകുട്ടികൾ പ്രതീക്ഷിക്കുന്നത്.. അമേയ എന്താണ് പ്രതീക്ഷിച്ചതെന്നും തനിക്കറിയില്ല.. ജോയൽ ഫ്ലാറ്റിലെത്തുമ്പോൾ കുളി കഴിഞ്ഞു തലയിൽ ടവലും ചുറ്റി നിൽക്കുകയായിരുന്നു അമേയ.. അവളുടെ മുഖത്തും കഴുത്തിലും നനവ് പടർന്നിരിക്കുന്നത് കാണാം.. തല നന്നായിട്ട് തോർത്തിയിട്ടില്ലെന്ന് തോന്നുന്നു.. ജോയൽ തന്റെ കയ്യിലുള്ള കവർ ടേബിളിന്റെ മുകളിലേക്ക് വച്ചിട്ട് ചോദിച്ചു..

“തനിക്ക് തല നല്ലത് പോലെ തോർത്തിയാലെന്താ? ” “ഞാനെന്നും ഇങ്ങനെ തന്നെയാണല്ലോ ചെയ്‌യുന്നത്.. ഇന്ന് മാത്രമെന്താ പ്രത്യേകത?” ജോയൽ മറുപടിയൊന്നും പറഞ്ഞില്ല.. പെട്ടന്ന് ക്ലോക്കിലേക്ക് നോക്കിയിട്ട് അവൾ ചോദിച്ചു.. “ഇന്നെന്ത് പറ്റി നേരത്തെയാണല്ലോ?” “താനല്ലേ പറഞ്ഞത് നേരത്തേ വരണമെന്ന്.. അതുകൊണ്ട് വന്നതാണ്” അമേയയുടെ മിഴികൾ വിടർന്നു.. “ശരിക്കും ഞാൻ പറഞ്ഞത് കൊണ്ട് നേരത്തേ വന്നതാണോ?” “അതേടോ.. ” അവളുടെ കവിളുകൾ കുങ്കുമം വിതറിയത് പോലെ ചുമന്നു.. “ഞാൻ കുളിച്ചിട്ട് വരാം ” ജോയൽ തന്റെ റൂമിലേക്ക് പോയി.. അമേയ ടേബിളിന് മുകളിരുന്ന കവറെടുത്തു കൊണ്ട് അടുക്കളയിലേക്ക് നടന്നു..അതിൽ നിന്നുള്ള സാധനങ്ങൾ ഷെൽഫിലേക്ക് വയ്ക്കുമ്പോൾ ആ കൂട്ടത്തിൽ ചോക്ലേറ്റ് കണ്ടു.. അവൾ ചോക്ലേറ്റ് ടേബിളിന്റെ പുറത്ത് തന്നെ കൊണ്ട് വച്ചു..

ജോയൽ റെഡിയായി പുറത്തേക്ക് വന്നപ്പോൾ അത് കണ്ടു.. “ഞാനത് തനിക്കു വേണ്ടി വാങ്ങിയതാണ് ” “ഇതെന്തൊരു ബോറൻ പരിപാടിയാണ് സാറേ.. എനിക്ക് വേണ്ടി എന്തെങ്കിലും വാങ്ങിയാൽ അതെന്റെ കയ്യിൽ നേരിട്ട് തന്നാലെന്താ?” “താൻ പിണങ്ങാതെടോ.. ഇനിയെന്ത് വാങ്ങിയാലും ഞാൻ തന്റെ കയ്യിൽ തന്നെ കൊണ്ട് തരാം കേട്ടോ ” “വല്യ വിലപിടിപ്പുള്ള സമ്മാനങ്ങളൊന്നുമല്ല നമ്മളെ സ്നേഹിക്കുന്നവർ നമുക്ക് തരുന്ന എത്ര ചെറിയ സമ്മാനങ്ങളായാലും അത് നമുക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും.. അപ്പോൾപ്പിന്നെ അത്‌ നേരിട്ട് തരുമ്പോൾ അതിലും സന്തോഷമായിരിക്കും ” ജോയൽ ടേബിളിന് മുകളിരുന്ന ചോക്ലേറ്റ് എടുത്ത് അമേയയുടെ നേർക്ക് നീട്ടികൊണ്ട് അവളെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.. “പ്രിയതമേ.. എന്റെ പ്രണയ ഭാജനമേ..

ഇതാ നിനക്ക് വേണ്ടി എന്റെ പ്രണയോപഹാരം ” “അയ്യടാ.. കളിയാക്കണ്ട.. ഈ സാറിന് എന്ത് പറഞ്ഞാലും തമാശയാണ് ” അവളുടെ മുഖത്തെ പരിഭവം കണ്ടപ്പോൾ അവളുടെ തോളിൽ കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് ജോയൽ പറഞ്ഞു.. “തന്നെ അല്ലാതെ വേറെയാരെയാടോ ഞാൻ കളിയാക്കുന്നത്?” “സോപ്പിടല്ലേ.. ” “സോപ്പൊന്നുമല്ല.. സത്യമാണ്..” ജോയൽ അവളെ മോചിപ്പിച്ചതിന് ശേഷം ഹാളിലെ സെറ്റിയിലേക്കിരുന്നു.. “ഞാനിന്ന് നേരത്തെ വന്നില്ലേ.. അപ്പോൾ ഇനിയെന്താ നെക്സ്റ്റ് പ്ലാൻ? നമുക്ക് പുറത്ത് പോയി ഭക്ഷണം കഴിക്കണോ? അതോ കുക്ക് ചെയ്യണോ?” “നമുക്ക് കുക്ക് ചെയ്യാം ” രാത്രിയിൽ, ഭക്ഷണം കഴിച്ചതിന് ശേഷം അമേയ ബാൽക്കണിയിലെ കസേരയിൽ ഇരിക്കുമ്പോൾ ജോയൽ കട്ടിയുള്ള ഒരു ഷീറ്റ് എടുത്തുകൊണ്ടു വന്ന് നിലത്ത് വിരിച്ചിട്ട് അതിലേക്കിരുന്നു..

അമേയ അമ്പരപ്പോടെ ചോദിച്ചു.. “ഇന്നെന്താ പതിവില്ലാതെ നിലത്തിരിക്കുന്നത്?” “പതിവില്ലാതെ ഒന്നുമല്ലടോ.. പപ്പയും മമ്മിയും ഉള്ളപ്പോൾ ഞാനിങ്ങനെ ആയിരുന്നു.. മമ്മിയുടെ മടിയിൽ തലവച്ചിങ്ങനെ കിടക്കും ” “ഓഹോ.. അത്‌ മമ്മി ഉള്ളപ്പോളല്ലേ.. ഇപ്പോൾ ഈ ഷീറ്റ് എടുത്തുകൊണ്ടു വന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണാവോ?” “സിംപിൾ.. തന്റെ മടിയിൽ തല വച്ചു കിടക്കാൻ ” “ഒരു ദിവസം കൊണ്ട് പുരോഗമനമായിയെന്ന് പറഞ്ഞ് എന്നെ കളിയാക്കിയിട്ട് സാറിനാണല്ലോ എന്നെക്കാളും പുരോഗമനം ” “സ്വന്തം പെണ്ണിന്റെ മടിയിൽ തലവച്ചു കിടക്കണമെന്നുള്ള ആഗ്രഹം ഞാനവളോടല്ലാതെ നാട്ടുകാരോട് പോയി പറയാൻ പറ്റുമോ?” അമേയ കസേരയിൽ നിന്നും എഴുന്നേറ്റു നിലത്ത് വിരിച്ച ഷീറ്റിൽ ഭിത്തിയോട് ചേർന്നിരുന്നു..

ജോയൽ അവളുടെ മടിയിൽ തലവച്ചു കിടന്നു.. അമേയയുടെ മുഖത്തേക്ക് നോക്കിയിട്ട് അവൻ ചോദിച്ചു.. “എടോ.. തനിക്കു ദേഷ്യം വരുന്നുണ്ടോ?” “സങ്കടം വരുന്നുണ്ട്.. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ഹോസ്റ്റലിലേക്ക് മാറുമ്പോൾ ഞാൻ സാറിനെ ഒത്തിരി മിസ്സ്‌ ചെയ്യുമല്ലോ എന്നോർക്കുമ്പോൾ” “സാരമില്ലടോ.. തന്റെ തൊട്ടരികിൽ തന്നെ ഞാനുണ്ടല്ലോ.. പിന്നെന്തിനാ വിഷമിപ്പിക്കുന്നത് ” “സാറേ.. ഈ എടോ.. പോടോ.. താനെന്നൊക്കെയുള്ള വിളി ഭയങ്കര ബോറാണ് കേട്ടോ ” “തന്റെ ഈ സാറെന്നുള്ള വിളി അതിലും ബോറാണ് ” “അതിപ്പോൾ.. ഭർത്താവിനെ സാറേ എന്ന് വിളിക്കുന്ന ഭാര്യമാരെ ഞാൻ കണ്ടിട്ടുണ്ട്.. അതുകൊണ്ട് എനിക്ക് ആ വിളി അത്ര ബോറായിട്ട് തോന്നിയില്ല ”

“എങ്കിലേ ഭാര്യയെ എടോ എന്ന് വിളിക്കുന്ന ഭർത്താവിനെ ഞാനും കണ്ടിട്ടുണ്ട്.. അതുകൊണ്ട് എനിക്കും ബോറായിട്ട് തോന്നിയില്ല ” “പക്ഷേ… ഒരു അകൽച്ച ഫീൽ ചെയ്യുന്നു ആ വിളിയിൽ.. എന്നോട് അടുപ്പമുള്ളവരെല്ലാം എന്നെ ആമിയെന്നാണ് വിളിക്കുന്നത് സാറിനും അങ്ങനെ വിളിച്ചു കൂടെ?” “അതിപ്പോൾ തന്നെ എല്ലാരും അങ്ങനെയല്ലേ വിളിക്കുന്നത്.. അതുകൊണ്ട് തന്നെ ആമിയെന്ന് വിളിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല.. തത്കാലം ഇങ്ങനെ പോട്ടേ.. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഞാൻ വേറെ പേരൊക്കെ വിളിച്ചോളാം ” “അപ്പോൾ ഇനിയുള്ള രണ്ടു വർഷം ഇങ്ങനെ എടോ പോടോ എന്നൊക്കെയേ വിളിക്കുള്ളൂവെന്ന് തീരുമാനിച്ചോ?” “ഇടയ്ക്കിടെ ഈ രണ്ടുവർഷത്തിന്റെ കണക്ക് പറയാതെടോ.. ഞാനൊന്ന് ആലോചിക്കട്ടെ.. എന്തായാലും വാവേയെന്നും ബേബിയെന്നുമൊന്നും വിളിക്കാൻ എനിക്ക് പറ്റില്ല..

അത്രയും പൈങ്കിളി ലൈനിലുള്ള കാമുകനായിട്ട് എനിക്കെന്നെ സങ്കൽപിക്കാൻ കഴിയില്ല.. ” “ഹേയ്.. അതൊന്നും വേണ്ട.” “താനെന്നെ ഇച്ചായാ എന്ന് വിളിക്ക്.. അതുകേൾക്കാനാണ് എനിക്കിഷ്ടം..” “ഉടനെയൊക്കെ അങ്ങനെ വിളിക്കാൻ പറഞ്ഞാൽ എനിക്ക് പ്രയാസമാണ്.. ഞാൻ പതിയെ വിളിച്ചോളാം.. ഇപ്പോളും ഇതൊക്കെ സത്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്തൊരു മാനസികാവസ്ഥയിലാണ് ഞാൻ.. പിന്നെങ്ങനെയാ ഈ ഒരു ദിവസം കൊണ്ട് ഇച്ചായാ എന്നൊക്കെ വിളിക്കുന്നത് ” “ടേക് യുവർ ഓൺ ടൈം.. പക്ഷേ താനെന്നെ അങ്ങനെ വിളിക്കുന്നത് കേൾക്കാനാണ് എനിക്കിഷ്ടം.. ” “ഉം ” കുറച്ചു സമയം കൂടി ആ ഇരിപ്പ് തുടർന്നിട്ട് അവർ ഇരുവരും ഉറങ്ങാൻ പോയി..

ചൊവ്വാഴ്ച രാത്രിയായപ്പോൾ അമേയയ്ക്ക് വല്ലാത്ത സങ്കടം തോന്നി.. നാളത്തെ ഇന്റർവ്യൂ കഴിഞ്ഞാൽ മറ്റന്നാൾ ചിലപ്പോൾ ഹോസ്റ്റലിലേക്ക് മാറേണ്ടി വരും.. അങ്ങനെയാണെങ്കിൽ ഈ രണ്ട് ദിവസം മാത്രമേ താനിവിടെ ഉണ്ടാകുകയുള്ളൂ.. ഈ ബാൽക്കണിയും രാത്രി സംസാരവും എല്ലാം തനിക്ക് നഷ്ടപ്പെടും.. ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു നൊമ്പരം.. അവളുടെ മൗനത്തിന്റെ കാരണം അറിയാവുന്നത് കൊണ്ട് ജോയൽ അവളോടൊന്നും ചോദിച്ചില്ല.. ബുധനാഴ്ച രാവിലെ ജോയലും അമേയയും ഒരുമിച്ചാണ് ഹോസ്പിറ്റലിലേക്ക് പോയത്.. അമേയയേയും കൂട്ടി ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്മെന്റിൽ എത്തിയതിനു ശേഷം ജോയൽ തന്റെ സുഹൃത്തിനോട് എന്തോ പറഞ്ഞു.. അയാൾ അത്‌ തലകുലുക്കി സമ്മതിക്കുകയും ചെയ്തു.. “എടോ രണ്ടു ഹോസ്റ്റലുണ്ട് ഇവിടെ..

ഹോസ്പിറ്റൽ ക്യാമ്പസിൽ തന്നെയുള്ള ഹോസ്റ്റൽ തനിക്ക് തരണമെന്ന് ഞാൻ ഉമേഷിനോട് പറഞ്ഞിട്ടുണ്ട്.. അവനത് ശരിയാക്കും.. താൻ ഹോസ്റ്റൽ റിക്യുയർമെന്റ് ഫോം മാത്രമൊന്ന് ഫിൽ ചെയ്തു കൊടുത്താൽ മതി ” “ശരി സാർ ” “ഓക്കേ എങ്കിൽ ഞാനങ്ങോട്ടു ചെല്ലട്ടെ.. ഇന്റർവ്യൂ നടക്കുന്നത് സെക്കന്റ്‌ ഫ്ലോറിലാണ്.. ഇനിയുള്ള കാര്യങ്ങൾക്ക് ഇവിടെയുള്ളവർ തന്നെ ഗൈഡ് ചെയ്യും ” “ഉം ” “ഓൾ ദ ബെസ്റ്റ് ” “താങ്ക്യൂ ” പന്ത്രണ്ടു മണിയായപ്പോളേക്കും ഇന്റർവ്യൂ കഴിഞ്ഞു… അമേയയ്ക്ക് എമർജൻസി ഡിപ്പാർട്മെന്റ് തന്നെ കിട്ടി.. സാലറിയേ പറ്റിയും മറ്റ് കാര്യങ്ങളെപ്പറ്റിയും സംസാരിച്ചതിന് ശേഷം അവർ അവൾക്ക് ഓഫർ ലെറ്റർ കൊടുത്തു.. ഒന്നാം തീയതി ജോയിൻ ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു..

ഉമേഷ്‌ ഹോസ്റ്റലിനു വേണ്ടിയുള്ള ഫോം അമേയയുടെ നേർക്ക് നീട്ടി.. അവളത് വാങ്ങിയില്ല.. ഉമേഷിന്റെ മുഖത്തേക്ക് നോക്കാതെ അവൾ മറുപടി പറഞ്ഞു.. “എനിക്ക് ഹോസ്റ്റൽ വേണ്ട ” ഉമേഷ്‌ അമ്പരപ്പോടെ അമേയയുടെ മുഖത്തേക്ക് നോക്കി.. “പക്ഷേ രാവിലെ ജോയൽ സാർ പറഞ്ഞത്…” “സാറങ്ങനെ പലതും പറയും.. പക്ഷേ എനിക്ക് ഹോസ്റ്റൽ ഫെസിലിറ്റി ആവശ്യമില്ല ” ഉമേഷിന്റെ മുഖത്ത് കൺഫ്യൂഷൻ ആയിരുന്നു.. അവൻ ഫോണെടുത്ത് ജോയലിനെ വിളിച്ചു കാര്യം പറഞ്ഞു .. അഞ്ച് മിനിറ്റിനകം ജോയൽ അവിടേക്ക് വന്നു.. ജോയലിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ അമേയയ്ക്ക് വല്ലായ്മ തോന്നി.. സാറിന്റെ മുഖത്ത് ഇത്രയും ഗൗരവം ഇതിന് മുൻപൊരിക്കലും താൻ കണ്ടിട്ടില്ല.. ജോയൽ ഉമേഷിനോട് സംസാരിക്കുന്നത് ശ്രദ്ധിച്ചു കൊണ്ട് അമേയ നിന്നു…… തുടരും…….

ഈറൻമേഘം: ഭാഗം 28

Share this story