ആത്മിക : ഭാഗം 42

ആത്മിക : ഭാഗം 42

എഴുത്തുകാരി: ശിവ നന്ദ

തറവാട്ടിലേക്കുള്ള യാത്രയിൽ ആരും ഒന്നും മിണ്ടിയില്ല..പുറത്തേക്ക് കണ്ണുംനട്ടിരിക്കുന്ന അമ്മുവിന്റെ മനസ്സിൽ കാവ്മുത്തശ്ശി പറഞ്ഞ വാക്കുകൾ ആയിരുന്നു. തന്നോടും ഇച്ചനോടും ആയിട്ടാണ് മുത്തശ്ശി അത് പറഞ്ഞത്..അപ്പോൾ അതിനർത്ഥം… “നീ ഇറങ്ങുന്നില്ലേ???” ജെറിയുടെ ശബ്ദമാണ് അമ്മുവിനെ ഉണർത്തിയത്..അവൾ നോക്കുമ്പോൾ ഒരു നാലുകെട്ട് വീടിന്റെ മുറ്റത്താണ് കാർ നിർത്തിയിരിക്കുന്നത്.ആൽബിയും കിച്ചനും ഡിക്കിയിൽ നിന്നും ബാഗ് എടുത്ത് വെക്കുന്നുണ്ട്..യാത്ര ക്ഷീണം കാരണം ദേവു ഉമ്മറത്തേക്ക് ഇരുന്നു.അവൾക്ക് കുടിക്കാനുള്ള വെള്ളം കാറിൽ നിന്നെടുത്ത് ടീനയും അവൾക്കടുത്തായി ഇരുന്നു. “വയ്യേ ദേവൂട്ടി??” ദേവുവിന്റെ ക്ഷീണിച്ച മുഖം കണ്ടതും മറ്റ് ചിന്തകളൊക്കെ മറന്ന് അമ്മു അവൾക്കരികിലേക്ക് ഓടി എത്തിയിരുന്നു.

“കുഴപ്പ….” പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ ഓക്കാനിച്ചുകൊണ്ട് അവൾ മുറ്റത്തേക്ക് ഓടിയിറങ്ങിയിരുന്നു.അവളുടെ പുറംതടവികൊണ്ട് അമ്മുവും ടീനയും അടുത്തുതന്നെ നിന്നു.അതുംനോക്കി വിഷമത്തോടെ നിൽക്കുന്ന കിച്ചനെ കണ്ടതും ജെറിക്ക് ചിരിയാണ് വന്നത്. “ഓരോന്ന് ഒപ്പിച്ച് വെക്കുമ്പോൾ ഓർക്കണമായിരുന്നു ആ പെണ്ണ് ആണ് അനുഭവിക്കാൻ പോകുന്നതെന്ന്..ഇനി വിഷമിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എന്റെ കിച്ചൂട്ടായി..” “ഇതുകൊണ്ട് തന്നെയാ ഈ പെണ്ണിനെ ഞാനിപ്പോൾ എങ്ങോട്ടും കൊണ്ട് പോകാത്തത്..അപ്പോൾ അവൾക് ട്രിപ്പ്‌ പോയാലെ സന്തോഷം കിട്ടത്തോളെന്ന്..ഇപ്പോൾ ഇങ്ങനെ കിടന്നു ഛർദിക്കുമ്പോ നല്ല സന്തോഷം കിട്ടുന്നുണ്ടാകും..”

കിച്ചൻ പറഞ്ഞുതീർന്നതും കൈരണ്ടും ഇടുപ്പിൽ കുത്തി ദേവു ഒന്ന് നിവർന്നു നിന്നു.എന്നിട്ട് അവശതയോടെ കിച്ചനെ ഒന്ന് നോക്കി. “ഇത് പ്രെഗ്നൻസി കൊണ്ടൊന്നുമല്ല കിച്ചേട്ടാ..എനിക്ക് പണ്ടേ ലോങ് ഡ്രൈവ് പോകുമ്പോൾ ഛർദിൽ വരും” അത് കേട്ടതോടെ ജെറി ഊറിയൂറി ചിരിക്കാൻ തുടങ്ങി.ആൽബിയും ചിരിയടക്കി നിൽപ്പുണ്ട്. “ഹാ ബെസ്റ്റ്..ഈ നീയാണോടി ലഡാക്കിൽ ഞാൻ കൊണ്ട് പോയില്ലെന്നും പറഞ്ഞ് എന്നോട് വഴക്കിട്ടത്” “ഹഹഹ…ദേവുവിനെയും കൊണ്ട് ലഡാക്കിൽ പോയാലുള്ള എന്റെ കിച്ചൂട്ടായിടെ ഒരവസ്ഥ” “ജെറി..മതി കളിയാക്കിയത്…ആ ബാഗും എടുത്ത് വാടാ..ടീനു നീ ദേവുവിനെ റൂമിൽ കൊണ്ട് പോയി കിടത്ത്” ആൽബി കടുപ്പിച്ച് പറഞ്ഞിട്ട് പോയതും ജെറി വാ പൊത്തി..അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് കിച്ചൻ അകത്തേക്ക് കയറി..

ദേവുവുമായി ടീനയും…ബാഗും എടുത്ത് ജെറി നടന്നപ്പോഴാണ് എന്തോ ആലോചിച്ച് നിൽക്കുന്ന അമ്മുവിനെ കാണുന്നത്. “അമ്മൂസേ…ഇതെന്ത് ആലോചിച്ച് നില്കുവ” “ഒന്നുമില്ല” “അതല്ലല്ലോ..എന്തോ ഉണ്ട്..ആ മുത്തശ്ശി പറഞ്ഞത് കേട്ടിട്ടാണോ..എടി..അതൊരു നല്ല സൂചനയല്ലേ” “അതല്ല ജെറി..ഇച്ചൻ…ഇച്ചൻ ഈ നിമിഷംവരെ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല..ഇടയ്ക്ക് അബദ്ധത്തിൽ എങ്ങാനും നോട്ടമിടഞ്ഞാൽ തന്നെ ദേഷ്യത്തോടെ മുഖം മാറ്റും..ഇപ്പോൾ തന്നെ കണ്ടില്ലേ ദേവുവിനെ പിടിച്ചുകൊണ്ട് നിന്നത് ഞാനാണ്..എന്നിട്ട് അവളെ അകത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞത് ടീനുചേച്ചിയോട്” ബാഗ് ഒന്നുംകൂടി തോളിലേക്ക് കയറ്റിയിട്ടുകൊണ്ട് ജെറി അവളെ നോക്കി.. “എന്നെ അകറ്റുവാടാ…ഞാൻ എന്നൊരാൾ കൂടെയുണ്ടെന്ന് പോലും ചിന്തിക്കുന്നില്ല”

“ഇച്ചായൻ ആയതുകൊണ്ട് അകറ്റിയതെ ഉള്ളു..ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ കരണക്കുറ്റി നോക്കി ഒന്നങ്ങ് തന്നേനെ” “ജെറി…” “പിന്നല്ലാതെ..നീയായിട്ട് വെറുപ്പിച്ചത് അല്ലേടി…കുറേ നാള് നീ മിണ്ടാതൊക്കെ നടന്നിരുന്നെകിൽ ഇച്ചായൻ നിന്നെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ പരീക്ഷിക്കാമായിരുന്നു. ഇതിപ്പോൾ അങ്ങോട്ട് ചെന്നു നീ എന്തൊക്കെയാ വിളിച്ചുകൂവിയത്..അതൊക്കെ ഇച്ചായനിൽ നിന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് ദേഷ്യം വന്നു..അപ്പോൾ എല്ലാം കേട്ട ഇച്ചായന്റെ അവസ്ഥയോ..ഇനി ആ മനസ്സൊന്ന് അറിയാൻ എന്തോരം കഷ്ടപെടണമെന്ന് അറിയുമോ???” “മനപ്പൂർവം അല്ലായിരുന്നടാ..ആ ഒരു നിമിഷം എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല..വിവേകത്തോടെ ചിന്തിക്കാനുള്ള മനസ്സായിരുന്നില്ല അപ്പോൾ..എന്റെ പ്രണയത്തിന് എന്റെ ജീവന്റെ വിലയുണ്ട് ജെറി..എന്റെ മൗനം കൊണ്ട് ആ പ്രണയം നഷ്ടമായാലോന്ന് പേടിച്ചു..”

“എന്നിട്ടിപ്പോൾ ഉള്ളതുംകൂടി പോയില്ലേ” മറുപടി ഇല്ലാതെ അവൾ തലതാഴ്ത്തി നിന്നു..എത്രയൊക്കെ കുറ്റപെടുത്തിയാലും ഈ തൊട്ടാവാടിയുടെ മുഖം വാടുന്നത് തനിക്ക് സഹിക്കില്ലെന്ന് ജെറി ഓർത്തു..താടിത്തുമ്പിൽ പിടിച്ച് മുഖമുയർത്തിയപ്പോഴേ കണ്ടു നിറഞ്ഞൊഴുകുന്ന രണ്ട് ഉണ്ടക്കണ്ണുകൾ..ജെറിയുടെ കൂർത്തനോട്ടത്തിൽ കണ്ണുനീർ തുടച്ച് അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു. “എല്ലാം ഞാൻ കണ്ടുപിടിക്കാമെന്ന് പറഞ്ഞില്ലേടി പെണ്ണേ…ഇനി ഇച്ചായന്റെ മനസ്സിൽ നീയില്ലെങ്കിൽ നമ്മുക്കാ ചന്തുവിനെ നോക്കാം..ഒന്നുമല്ലെങ്കിലും നീ സുന്ദരി ആണെന്ന് നിന്റെ മുഖത്ത് നോക്കി പറഞ്ഞവൻ അല്ലേ” അവളുടെ മൂഡ് മാറ്റാൻ വേണ്ടി പറഞ്ഞതാണെങ്കിലും അത് ഏറ്റില്ലെന്ന് അവന് മനസിലായത് അവളുടെ ജീവനറ്റ ചിരി കണ്ടപ്പോഴാണ്. “എന്താടാ??”

“വാശിപിടിച്ച് ഇച്ചനെ സ്വന്തമാക്കാൻ നോക്കുവല്ല ഞാൻ..എനിക്ക് അവകാശപെട്ടതാണെന്ന തോന്നൽ കൊണ്ടാ..അതല്ല ആ പ്രണയം ടീനുചേച്ചിയുടെ ആണെങ്കിൽ അതൊന്ന് നേരിട്ട് ബോധ്യപ്പെടുത്തി തരാൻ പറയടാ..പിന്നീടൊരിക്കലും മുളച്ചുപൊങ്ങാത്ത വിധം എന്റെ പ്രണയത്തെ ഞാൻ കുഴിച്ചുമൂടിക്കോളാം” തോളിൽ നിന്നും ഊർന്നിറങ്ങിയ ബാഗ് ഒന്നുകൂടി ഒതുക്കി വെച്ചുകൊണ്ട് മറുകൈയാൽ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ നെറ്റി മുട്ടിച്ച് ജെറി ഒന്ന് ചിരിച്ചു..കൂടെപ്പിറപ്പായി എന്നും അവളോടൊപ്പം ഉണ്ടാകുമെന്ന് പറയാതെ പറഞ്ഞിരുന്നു അവൻ. അവർ ചെല്ലുമ്പോൾ അകത്തളത്തിൽ ഇരിക്കുവായിരുന്നു കിച്ചനും ആൽബിയും ടീനയും. “നിങ്ങൾ ഇത്രയും നേരം എവിടായിരുന്നു??” “ഞങ്ങൾ പുറത്തെ ഭംഗി ഒക്കെ ആസ്വദിച്ചുനിന്നതാ ചേച്ചി”

ജെറി മറുപടി പറഞ്ഞതും അമ്മു ദേവുവിന്റെ അടുത്തേക്ക് പോയി..പക്ഷെ തന്നെ പിന്തുടർന്ന ആൽബിയുടെ നോട്ടം അവൾ കണ്ടില്ല.അവൾ മുറിയിൽ കയറിയതും ആൽബി ദൃഷ്ടി മാറ്റി..അപ്പോഴാണ് ജെറി അത് കണ്ടെന്ന് അവന് മനസിലായത്..പൊടുന്നനെ അവൻ കിച്ചനോട് ഓരോന്നൊക്കെ ചോദിക്കാൻ തുടങ്ങി. “എടാ ഇവിടുത്തെ ഫുഡ് ഒക്കെ എങ്ങനെയാ??” “അതൊക്കെ കൃത്യസമയത്ത് കിട്ടുമെടാ..വീടും പറമ്പും ഒക്കെ നോക്കാൻ അച്ഛൻ കുറച്ച് ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടല്ലോ..അതിൽ ഒരു ചേച്ചി രാവിലെ വന്ന് ഫുഡ്‌ ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്” “ഹാ എങ്കിൽ കുറച്ച് പാല് കാച്ചിവെച്ചേക്കാൻ ആ ചേച്ചിയോട് പറഞ്ഞേക്ക്” “അതിന് നീ പാല് കുടിക്കില്ലല്ലോ”

“എനിക്കല്ല ടീനൂച്ചി..ഇവിടെ ചില പൂച്ചകൾ ഉണ്ട്..അവർക്ക് കട്ടുകുടിക്കാനാ” ആൽബിയെ നോക്കി പറഞ്ഞിട്ട് ജെറി എഴുന്നേറ്റ് അവന്റെ മുറിയിലേക്ക് പോയി. “ഈ ചെക്കൻ എന്തൊക്കെയാ ഈ പറയുന്ന??” ജെറി പോയ വഴിയേ നോക്കി ടീന ചോദിച്ചതും കിച്ചൻ ആൽബിയെ ഒന്ന് നോക്കി..നിർവികാരതയോടെ അവൻ തൂണിൽ ചാരിയിരുന്നു. ******** തന്നിൽ നിന്നും അകന്നുപോകുന്ന ആൽബിയുടെ പിറകെ “ഇച്ചാ..”ന്ന് വിളിച്ചുകൊണ്ടു അമ്മു ചെന്നു..എന്നാൽ ആ വിളി കേൾക്കാതെ അവൻ കൂടുതൽ അകലത്തിൽ പോയി..ഒടുവിൽ ആ ഇരുട്ടിൽ അവൻ മറഞ്ഞു…പെട്ടെന്ന് അവിടമാകെ മിന്നാമിനുങ്ങുകൾ കൂട്ടമായി വന്നു..അതിന്റെ കുഞ്ഞ് വെളിച്ചത്തിൽ അവൾ കണ്ടു കൈരണ്ടും വിടർത്തി തന്നെ നോക്കിനിൽക്കുന്ന ആൽബിയെ..

ഓടി ആ നെഞ്ചിലേക്ക് അണയുമ്പോൾ അവൾ കണ്ടു തന്റെ കണ്ണിൽ നിന്നും ഉതിർന്നുവീഴുന്ന നീർത്തുള്ളിയുടെ ആയിരംമടങ്ങ് അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്നത്..ചുവന്നുകലങ്ങിയ കണ്ണുകൾ ചിമ്മി അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു. സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നിട്ടും അമ്മുവിന്റെ മനസ്സിൽ ആ രംഗങ്ങൾ തന്നെയായിരുന്നു..ഇപ്പോൾ എന്താ ഇങ്ങനൊരു സ്വപ്നം?? ന്റെ കണ്ണാ..നീ എന്തെങ്കിലും എന്നോട് പറയാൻ ശ്രമിച്ചതാണോ?? ആലോചനയോടെ വീണ്ടും കിടക്കാൻ തിരിഞ്ഞപ്പോഴാണ് ടീന ബെഡിൽ ഇല്ലെന്ന് അവൾ അറിഞ്ഞത്.വാതിൽ തുറന്നു കിടന്നത് കൊണ്ട് അമ്മുവും പുറത്തേക്ക് ഇറങ്ങി..ഇടനാഴിയിലൂടെ നടന്നുചെന്നപ്പോൾ ആണ് കുളപടവിലേക്കുള്ള വാതിൽ അവൾ കണ്ടത്..അത് ചെറുതായി തുറന്നപ്പോൾ തന്നെ കണ്ടു ടീനയും ആൽബിയും പടവിൽ ഇരിക്കുന്നത്..ഒരുനിമിഷം അമ്മുവിന്റെ നെഞ്ചൊന്ന് വിങ്ങി…

അപ്പോഴാണ് ടീനയുടെ കൈയിൽ ഇരിക്കുന്ന ഡയറി അവൾ കണ്ടത്..ഇച്ചന്റെ ഡയറി…അന്ന് അതെടുത്തതിനാണ് ഇച്ചൻ തന്നോട് ദേഷ്യപ്പെട്ടതെന്ന് അമ്മു ഓർത്തു..ഇപ്പോൾ അതേ ഡയറി ടീനുചേച്ചിയുടെ കൈയിൽ…അവളുടെ നോട്ടം ആൽബിയിലേക്ക് ചെന്നു..കുളത്തിലേക്ക് നോക്കിയിരിക്കുന്നെങ്കിലും അവൻ കരയുവാണെന്ന് അമ്മുവിന് മനസിലായി..താൻ കണ്ട സ്വപ്നവും ഇപ്പോൾ ആൽബി കരയുന്നതും കൂടി കണ്ടതോടെ അവന്റെ അടുത്തേക്ക് പോകാൻ അമ്മു കൊതിച്ചു..എന്നാൽ അതിന് മുൻപ് തന്നെ അവളുടെ കൈയിൽ ഒരു പിടി വീണിരുന്നു. “ജെറി..ഇച്ചൻ കരയുവാടാ” “കണ്ടു…നീ ഇങ്ങോട്ട് വന്നേ” അവളുടെ കൈയിൽ പിടിച്ച് അവൻ ഇടനാഴിയിലൂടെ പുറത്തേക്ക് നടന്നു.

“അങ്ങോട്ട് ഇടിച്ചുകേറി ചെല്ലരുതെന്ന് പറഞ്ഞതല്ലേ അമ്മു ഞാൻ” “അറിയാം..പക്ഷെ ഇച്ചൻ കരയുന്നത് കണ്ടപ്പോ…ഞാനാണോ അതിന് കാരണക്കാരി??” “കാരണം എന്ത് തന്നെയാണെങ്കിലും ഇപ്പോൾ ഇച്ചായനെ ആശ്വസിപ്പിക്കാൻ അവിടെ ടീനൂച്ചി ഉണ്ട്.” “അവർ പ്രണയത്തിൽ ആയിരിക്കുമല്ലേ..” “ഇച്ചായനും ചേച്ചിയും ആ കുളപ്പടവിൽ പോയിരിക്കുന്നത് ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല..അത് പ്രണയം കൊണ്ടാണോ അല്ലയോ എന്നൊക്കെ ഞാൻ കണ്ടുപിടിക്കാം..നീയിപ്പോ അതൊന്നും ഓർക്കാതെ പോയി കിടക്ക്” അമ്മുവിനെ മുറിയിലേക്ക് പറഞ്ഞുവിട്ടെങ്കിലും ജെറിയുടെ മനസ്സ് ആകെ കലങ്ങിമറിഞ്ഞ അവസ്ഥയിൽ ആയിരുന്നു. 💞💞💞💞💞💞💞💞💞

“അമ്മു..പെട്ടെന്ന് എഴുന്നേൽക്ക്” “എന്താ ദേവു??” “എടി ഒന്ന് എഴുന്നേറ്റ് റെഡി ആക്…നമുക്ക് സൺറൈസ് കാണാൻ പോകാം” കണ്ണ് തിരുമ്മി എഴുന്നേറ്റവൾ ചുറ്റുമൊന്ന് നോക്കി. “ടീനുചെച്ചി എവിടെ?” “ചേച്ചിയൊക്കെ റെഡി ആയി നില്പുണ്ട്” “എന്നിട്ടെന്തേ ചേച്ചി എന്നെ വിളിക്കാതിരുന്നത്??” “ആവോ എനിക്ക് അറിയില്ല..നീ പെട്ടെന്ന് വാ” പിന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ അമ്മു റെഡി ആയി ഇറങ്ങി..എല്ലാവരും പുറത്ത് അവളെ കാത്തുനില്പുണ്ടായിരുന്നു..നല്ല മഞ്ഞുള്ളത് കൊണ്ട് അമ്മു ചെറുതായി വിറയ്ക്കുന്നത് കൊണ്ട് ദേവു അവളെ ചേർത്ത് പിടിച്ചാണ് നടന്നത്.. ഒരു ഇടവഴിയിലൂടെ നടക്കുമ്പോൾ വെറുതെ അമ്മുവിന്റെ കണ്ണുകൾ ആൽബിയിലേക്ക് പോയി..ദൂരെ ഉദിച്ചുവരുന്ന സൂര്യരശ്മികൾ നോക്കി ചെറുചിരിയോടെ നടക്കുന്നവനെ കണ്ട് അവളും ഒന്ന് ചിരിച്ചു.. കുന്നിൻമുകളിൽ എത്തിയപ്പോഴേക്കും ദേവു കിതച്ചിരുന്നു…

കിച്ചൻ അവളെ തോളിലേക്ക് ചായിച്ചിരുത്തി..ജെറി ഫോട്ടോസ് എടുക്കുന്ന തിരക്കിൽ ആയിരുന്നു..സൂര്യകിരണങ്ങൾ കണ്ണിൽ പതിഞ്ഞതും ഇടംകൈ മുഖത്തിന്‌ കുറുകെ പിടിച്ചുകൊണ്ട് അമ്മു നിന്നു….അവർക്ക് പിന്നിലായി കൈകെട്ടി നിൽകുന്ന ആൽബി തന്റെ അടുത്ത് നിൽക്കുന്നവളെ തലച്ചരിച്ചൊന്ന് നോക്കി..ദൂരേക്ക് മിഴികൾ പായിച്ച് നിൽക്കുമ്പോഴും ഇടയ്ക്കൊക്കെ ടീനയുടെ നോട്ടം അമ്മുവിലേക്ക് എത്തിയിരുന്നു…വല്ലാത്തൊരു മാനസികാവസ്ഥയോടെ അവൾ കണ്ണിറുക്കി അടച്ചു…. ********* ജെറി പൊട്ടിച്ചിട്ട മാങ്ങ കൊതിയോടെ കഴിക്കുന്നവളെ കളിയാക്കിയും അവൾക്കായി നല്ല മാമ്പഴം തിരഞ്ഞെടുക്കുകയും ചെയ്യുന്ന അമ്മുവിന്റെ ഓരോ ഭാവങ്ങളും നോക്കി ടീന അവരുടെ അടുത്തിരുന്നു…

കിട്ടിയ അവസരത്തിന് രണ്ട് മൂന്ന് മാങ്ങ കൈക്കലാക്കി ജെറി അകത്തേക്ക് ഓടി..അവൻ കുളപ്പടവിലേക്ക് ചെല്ലുമ്പോൾ ആൽബിയും കിച്ചനും അവിടെ ഉണ്ടായിരുന്നു.മാങ്ങ അവർക്കുംകൂടി കൊടുത്തിട്ട് അവൻ ഒരു സ്റ്റെപ് മുകളിലായി ഇരുന്നു. “ഇച്ചായ…” “മ്മ്മ് പറയടാ” “എനിക്കൊരു കാര്യം പറയാനുണ്ട്..ഒന്ന് വരുമോ??” കിച്ചനെ നോക്കിയിട്ട് ജെറി ചോദിച്ചതും ആൽബിയും അവനെ നോക്കി. “നീ എന്തിനെകുറിച്ചാണോ ചോദിക്കാൻ വന്നത് അത് കിച്ചുന് അറിയാവുന്ന കാര്യമാ” “ഓഹോ..അപ്പോൾ കിച്ചൂട്ടായിയും കൂടി അറിഞ്ഞുകൊണ്ടാണോ അമ്മുവിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്??” “ഞാൻ അവളെ എങ്ങനെ വേദനിപ്പിക്കുന്നെന്ന നീ പറയുന്നത്?? എന്റെ മനസ്സിലുള്ളത് പറഞ്ഞിട്ടും അതൊന്നും വിശ്വസിക്കാത്തതിന് ഞാൻ എന്ത് ചെയ്യാനാ??” “ഇച്ചായന്റെ ഓരോ പ്രവർത്തി തന്നെയാ അവളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നത്”

“നീയും എന്നെ മനസിലാക്കുന്നില്ലലോ മോനേ” “ഇച്ചായനെ ഞങ്ങൾക്ക് മനസിലാകുന്നില്ല…അതുകൊണ്ടാ പറയുന്നത്…ഇച്ചായൻ പറഞ്ഞത് സത്യമാണെങ്കിൽ എത്രയും പെട്ടെന്ന് ടീനൂച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം” “കല്യാണം ആണോ നീ ഉദ്ദേശിച്ചത്??” “ഹ്മ്മ്മ്..” “ഇതെന്താ കുട്ടിക്കളി ആണോ??” “അതെന്താ ഇച്ചായ അങ്ങനെ ചോദിച്ചത്?? നിങ്ങൾ ഇപ്പോഴും മധുരപതിനേഴിൽ അല്ല..അവിടുന്ന് 10 വർഷം മുന്നോട്ട് പോയി…കല്യാണത്തെ കുറിച്ച് ചിന്തിക്കാനുള്ള പ്രായമായിട്ടുണ്ട്..നിങ്ങൾ പ്രണയിക്കുന്നുണ്ടെങ്കിൽ ആ വിവാഹം ഉടനെ നടക്കണം ഇച്ചായ..ഇച്ചായനെ സ്നേഹിച്ചുപോയത് കൊണ്ട് മാത്രം സത്യമേതാ മിഥ്യയേതാ എന്നറിയാൻ വയ്യാത്ത അവസ്ഥയിൽ നിൽക്കുന്ന ആ പെണ്ണിന്റെ മനസ്സൊന്നു ശാന്തമാകട്ടെ” അത്രയും പറഞ്ഞുകൊണ്ട് ജെറി എഴുന്നേറ്റുപോയി.

“ആൽബി..എന്താ നിന്റെ തീരുമാനം??” “അവളുടെ ആവശ്യം എന്താണോ അത് സാധിച്ചുകൊടുക്കാം” “എന്ന് വെച്ചാൽ???” മറുപടി പറയാതെ ആൽബി കുളത്തിലേക്ക് നോക്കിയിരുന്നു..ഒരുതുള്ളി കണ്ണുനീർ അവന്റെ കവിളിനെ ചുംബിച്ചിറങ്ങി… 💞💞💞💞💞💞💞💞💞 ട്രിപ്പ്‌ കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ മുതൽ ടീന തന്നിൽ നിന്ന് അകന്ന് മാറുന്നത് പോലെ അമ്മുവിന് തോന്നി.അതിനെ കുറിച്ച് ചോദിക്കാനുള്ള സാഹചര്യം അവൾക് കിട്ടിയിരുന്നില്ല..ദിവസങ്ങൾ വീണ്ടും പഴയത് പോലെ ആയി. മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് കോളേജിൽ എത്തി ട്രിപ്പ്‌ പോയ വിശേഷങ്ങൾ പൂജയോട് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് ചൈതന്യ അവരുടെ മോഡൽ എക്സാം റിസൾട്ടുമായി വരുന്നത്..സാധാരണ അത് നോട്ടീസ് ബോർഡിൽ ഇടാറാണ് പതിവ്.

എല്ലാവരുടെയും മാർക്കും അവരുടെ പോരായ്മകളും പറഞ്ഞുകൊടുമ്പോൾ ആണ് തന്റെ റിസൾട്ട്‌ പറഞ്ഞില്ലല്ലോന്ന് അമ്മു ചോദിക്കുന്നത്…രൂക്ഷനോട്ടമായിരുന്നു ചൈതന്യയുടെ മറുപടി. “മാം എന്താടി ഒന്നും പറയാത്തത്??” “അറിയില്ല പൂജ..ഞാൻ പറഞ്ഞില്ലേ എനിക്ക് മാർക്ക്‌ കുറവായിരിക്കുമെന്ന്..ചിലപ്പോൾ അതുകൊണ്ടാകും” “ഒന്ന് പോടീ..സകല പഠിപ്പിസ്റ്റുകളും പറയുന്ന സെയിം ഡയലോഗ് ആണിത്” പൂജ അവളുടെ സംശയം പുച്ഛിച്ച് തള്ളിയെങ്കിലും അമ്മുവിന് തന്റെ മാർക്കിനെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. “ആത്മിക…വൈകിട്ട് ക്ലാസ്സ്‌ കഴിയുമ്പോൾ സ്റ്റാഫ്‌റൂമിലേക്ക് വരണം” എന്നും തന്നോട് ചിരിച്ച് സ്നേഹത്തോടെ സംസാരിക്കുന്ന ചൈതന്യയിൽ നിന്നും ഇങ്ങനൊരു മാറ്റം അമ്മുവിന്റെ ഉള്ളിൽ ഭയം നിറച്ചു..ക്ലാസ്സ്‌ ഒന്ന് തീരാനായി അവൾ കാത്തിരുന്നു..ലാസ്റ്റ് ബെൽ അടിച്ചതും പൂജയോട് ബൈ പറഞ്ഞ് അവൾ ബാഗുമെടുത്ത് ഇറങ്ങി..

സ്റ്റാഫ്‌റൂമിന്റെ മുന്നിൽ അവൾ എത്തിയപ്പോൾ തന്നെ കണ്ടു വരാന്തയിലേക്ക് കയറുന്ന ആൽബിയെ… “ഇച്ചൻ എന്താ ഇവിടെ??” “വൈകിട്ട് ഇങ്ങോട്ട് വരണമെന്ന് ചൈതന്യേച്ചി വിളിച്ചുപറഞ്ഞു..എന്താ അമ്മു..എന്തെങ്കിലും പ്രശ്നം ഉണ്ടോ??” “പ്രശ്നം ഞാൻ പറയാം ആൽബി” ഒരു ഫയലുമായി പുറത്തേക്ക് ഇറങ്ങികൊണ്ട് ചൈതന്യ പറഞ്ഞു. “എന്താ ചേച്ചി??” “ഇത് ആത്മികയുടെ മോഡൽ എക്സാം റിസൾട്ട്‌ ആണ്..നീ ഇതൊന്ന് നോക്ക്” ഫയൽ ആൽബിയുടെ കൈയിൽ കൊടുത്തുകൊണ്ട് ചൈതന്യ കൈകെട്ടി നിന്നു.അതിലെ പേപ്പർസ് നോക്കിയ ആൽബിയുടെ കണ്ണ് നിറയുന്നത് അമ്മു കണ്ടു..പെട്ടെന്ന് തന്നെ കണ്ണുനീർ മറച്ചുകൊണ്ട് അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു. “കണ്ടില്ലേ…കഴിഞ്ഞ സെമെസ്റ്ററിന് ടോപ്പർ ആയ ആള് സെക്കന്റ്‌ സെമെസ്റ്ററിനു മുൻപുള്ള മോഡലിന് ജസ്റ്റ്‌ പാസ്സ്…

അതും ഇംഗ്ലീഷിന് ഇവളെ പാസ്സ് ആക്കിയതാണ്..സാധാരണ കോളേജ് എക്സാംസിന് മാർക്ക്‌ കുറഞ്ഞാലും ആരും അത് കാര്യമാക്കാറില്ല..പക്ഷെ ആത്മികയുടെ കാര്യം അങ്ങനെ അല്ല..റാങ്ക് പ്രതീക്ഷയാണ്..ഇവൾക്ക് ഒരു മാർക്ക്‌ കുറഞ്ഞാൽ പോലും മറുപടി കൊടുക്കേണ്ടത് ഞാനാണ്..നീയും ഇവളുടെ കാര്യങ്ങൾ എന്നെയല്ലേ ഏൽപിച്ചേക്കുന്നത്..അതാ നിന്നെ നേരിട്ട് വിളിപ്പിച്ചത്” ചൈതന്യയുടെ വാക്കുകൾ കേൾക്കെ അമ്മുവിന്റെ ശിരസ്സ് കുനിഞ്ഞു..താൻ എന്ത്‌ ആഗ്രഹിച്ചാണോ ഇവിടേക്ക് വന്നത് അതിൽ താൻ പരാജയപ്പെട്ടിരിക്കുന്നു..തന്റെ മാത്രം തെറ്റ് കൊണ്ട്..ആൽബിയുടെ മുഖത്ത് നോക്കാനുള്ള ധൈര്യം പോലും അവൾക്ക് ഇല്ലായിരുന്നു….. (തുടരും )

ആത്മിക:  ഭാഗം 41

Share this story