നിനക്കായ് : ഭാഗം 96

നിനക്കായ് : ഭാഗം 96

എഴുത്തുകാരി: ഫാത്തിമ അലി

(ഫോൺ complaint ആയിരുന്നു…പുതിയ ഫോൺ കിട്ടാൻ കുറച്ച് വൈകി…അതാണ് സ്റ്റോറി അപ്ലോഡ് ചെയ്യാൻ ലേറ്റ് ആയത്….സോറി…) അന്ന കണ്ണുകളാൽ ചുറ്റിലുമൊന്ന് പരതി…മുൻപിൽ കൂടി നിൽക്കുന്നവരിലൂടെ കണ്ണോടിച്ച് കൊണ്ട് നിന്ന അവൾ ഏറ്റവും പിന്നിലായി തന്നെ ഉറ്റ് നോക്കുന്ന അലക്സിൽ ചെന്നെത്തി നിന്നു….രണ്ട് നിമിഷം അവളാ മിഴികളിലേക്ക് ഉറ്റ് നോക്കി…അവന്റെ പുഞ്ചിരി നിറഞ്ഞ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ട് അവൾ ചുണ്ടുകൾ അനക്കി…. “സമ്മതമാണ്….” അലക്സിന്റെ മുഖത്തേക്ക് തറപ്പിച്ച് നോക്കിക്കൊണ്ട് അന്ന മറുപടി കൊടുത്ത് മുഖം തിരിച്ചു….ചുണ്ടിലൊരു പുഞ്ചിരി അണിഞ്ഞിട്ടുണ്ടെങ്കിലും അവൻ ഉള്ളിൽ കരയുകയായിരുന്നു….. അതിന്റെ ഫലമെന്നോണം മിഴികൾ നിറയാൻ തുടങ്ങിയതും ആരും കാണാതിരിക്കാനായി മുഖം തിരിച്ചു…. അപ്പോഴേക്കും കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ഭൂമിയിലേക്ക് പതിച്ച് കഴിഞ്ഞിരുന്നു…. ******

ഹരിയുടെ കാർ പള്ളിയുടെ കോംപൗണ്ടിലേക്ക് കടന്ന സമയത്താണ് പോക്കറ്റിലിരുന്ന ഫോൺ റിങ് ചെയ്യാനായി തുടങ്ങിയത്…. അവൻ കാർ പാർക്കിങിൽ ഒരു ഓരത്തായി കൊണ്ടു വനാനാ നിർത്തി ഫോൺ എടുത്ത് നോക്കി… സുമ ആയിരുന്നു… “ഹരീ…നിങ്ങൾ എത്താറായോ…?” കോൺ എടുത്ത പാടെ അവരുടെ ചോദ്യം വന്നു…. “ആഹ് അമ്മേ…ഞങ്ങൾ പള്ളിയിൽ എത്തി…” ഹരി സമുയ്ക്ക് മറുപടി കൊടുത്ത് കോൾ കട്ടാ ചെയ്ത് ചെവിയിൽ വെച്ചിരുന്ന ഫോൺ എടുത്ത് മാറ്റി പോക്കറ്റിലേക്ക് ഇട്ടു… “നീ ഇറങ്ങുന്നില്ലേ…?” കാർ ഒരു അരികിലായി പാർക്ക് ചെയ്ത് വെച്ച് ഡോർ തുറക്കാൻ നേരം ഒട്ടും താൽപര്യമില്ലാത്ത മുഖത്തോടെ ഇരിക്കുന്ന മേഘയെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു…

“മ്മ്….ഹരീ…ഞാൻ ഇറങ്ങുന്നില്ല….അമ്മക്ക് ചിലപ്പോ എന്നെ കാണുമ്പോ ദേഷ്യം വന്നാലോ…എന്നോടുള്ള ദേഷ്യം ഇത് വരെ മാറിയിട്ടില്ലല്ലോ….ഹരിക്ക് ഒറ്റക്ക് വന്നാൽ മതിയായിരുന്നു… എന്നെ കാണുന്നത് തന്നെ അമ്മക്ക് ഇഷ്ടമാവില്ല…ആളുകൾ എന്തെങ്കിലും പറഞ്ഞാലോ എന്ന് കരുതിയാവും എന്നെ ക്ഷണിച്ചത് തന്നെ…” മുഖത്ത് സങ്കടം നിറച്ച് കൊണ്ട് അവൾ ഹരിയെ നോക്കി…. “മേഘാ….അമ്മക്ക് നിന്നോടുള്ള പെരുമാറ്റം നല്ല രീതിയിൽ അല്ലെന്ന് എനിക്കറിയാം….പക്ഷേ ഇവിടെ ഇപ്പോ റിലേറ്റീവ്സ് ഒക്കെ ഇല്ലേ…സോ അമ്മ പ്രശ്നം ഒന്നും ഉണ്ടാക്കില്ല….ഇനി എന്തെങ്കിലും പറയാൻ വന്നാലും നീ ശ്രദ്ധിക്കാൻ നിൽക്കണ്ട….ഓക്കെ…” മേഘയുടെ കവിളിൽ തട്ടി ഹരി പറഞ്ഞതും അവൾ അവനെ നോക്കി ചിരിച്ച് കൊണ്ട് തലയാട്ടി… രണ്ട് പേരും കാറിൽ നിന്ന് ഇറങ്ങി പള്ളിക്ക് അടുത്തേക്ക് നടന്നതും സ്റ്റെപ്പിന്റെ അടുത്തായി അവരെയും കാത്തെന്ന പോലെ സുമംഗല നിൽക്കുന്നത് കണ്ടു…

ഹരിയെയും മേഘയെയും കണ്ടതും അവരുടെ മുഖം വിടർന്നു… മേഘ കാരണം നാട്ടിലേക്ക് പോവാനോ വിളിക്കാനോ അധികം ശ്രമിക്കാറില്ല…. വല്ലപ്പോഴും സുമ വിളിച്ച് കാണണമെന്ന പറഞ്ഞ് ശല്യം ചെയ്യുമ്പോൾ മാത്രമേ ഹരി അവരെ കാണാനായി പോകാറുണ്ടായിരുന്നുള്ളൂ…. “മോനേ….” ഏറെ നാളുകൾ കൂടി മകനെ കാണുന്നതിന്റെ സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു… സുമ നിറഞ്ഞ പുഞ്ചിരിയോടെ അവർക്കടുത്തേക്ക് ചെന്ന് ഹരിയുടെ പുണരാൻ ഒരുങ്ങിയതും അത് തടയാനെന്ന പോലെ മേഘ ഹരിയിലേക്ക് ഒട്ടി നിന്നു…. മേഘയുടെ മുഖത്തെ പുച്ഛം കണ്ട് ഉയർന്ന് വന്ന അവരുടെ കൈകൾ താഴ്ന്നു… സുമയുടെ മുഖം ചെറുതായി ഒന്ന് വാടിയെങ്കിലും അത് മറച്ച് കൊണ്ട് പുഞ്ചിരിച്ച് കൊണ്ട് ഹരിയുടെ കവിളിൽ തലോടി… “എന്തേ വരാൻ വൈകിയത്…?

എത്തുന്നത് കാണാഞ്ഞ് ഞാൻ കരുതി വരില്ലെന്ന്…” ഹരി സുമയുടെ കൈയെ എടുത്ത് മാറ്റി അവരെ നോക്കി ചിരിച്ചു… “ഹോട്ടലിൽ നിന്ന് ഇറങ്ങാനൽപം ലേറ്റ് ആയി….” “ആണോ…സാരമില്ല…നിങ്ങൾ വാ…ചടങ്ങൊക്കെ തുടങ്ങാനായി…” സുമ അവരെയും വിളിച്ച് പള്ളിയിലേക്ക് കയറാൻ ഒരുങ്ങി… “മ്മ്…ഞങ്ങൾ പെട്ടെന്ന് തന്നെ തിരിച്ച് പോവും അമ്മേ…ഒരു അത്യാവശ്യം ഉണ്ട്…” സുമ ഹരിയെ തിരിഞ്ഞ് നോക്കി…. “ഹ്മ്…” നിർബന്ധിച്ചിട്ടും കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് സുമ മൂളലിൽ ഒതുക്കി…. “മോള് വാ…” ഹരി മുൻപേ ആയി പടികൾ ചവിട്ടി കയറാൻ തുടങ്ങിയിരുന്നു… തന്നെ ഇഷ്ടക്കേടോടെ നോക്കുന്നത് കണ്ടിട്ടും സുമ മേഘയുടെ അടുത്തേക്ക് ചെന്ന് അവളുടെ കൈ പിടിച്ചു…

“ഛേ…മാറി നിൽക്കുന്നുണ്ടോ….” സുമയുടെ കൈ വെറുപ്പോടെ തട്ടി മാറ്റി മേഘ ഹരിക്കൊപ്പം ചെന്നു…അവളുടെ പെരുമാറ്റം സുമയെ വേദനിപ്പിച്ചു എങ്കിലും ഒരു ചിരി മുഖത്തണിഞ്ഞ് അവരുടെ പിന്നിലായി പള്ളിക്ക് അകത്തേക്ക് കയറി.. ഫാദർ പ്രാർതാഥനയിൽ ആയിരുന്നു….അവർ മൂന്ന് പേരും സാമിനെയും ശ്രീയെയും കാണുന്ന രീതിയിൽ ചെന്ന് നിന്നു…. പള്ളിക്ക് അകത്ത് എത്തിയിട്ടും ആരെയും നോക്കാതെ ഫോണിൽ ആഴ്ന്നിരുന്ന മേഘ കണ്ണുകൾ ഉയർത്തി… ശ്രീയോട് ചേർന്ന് നിൽക്കുന്ന സാമിലേക്ക് അവളുടെ നോട്ടമെത്തി… “Handsome…” അവനെ കണ്ടതും മേഘയുടെ വായിൽ നിന്ന് വീണത് അതായിരുന്നു… സാമിന്റെ മുഖത്തെ പുഞ്ചിരിയിലേക്ക് അവൾ മതിമറന്ന് നോക്കി…

ഫിറ്റ് ആയി നിൽക്കുന്ന സ്യൂട്ടിനുള്ളിലെ അവന്റെ ഉറച്ച ശരീരത്തെ ഒപ്പിയെടുക്കുന്നതിന് ഇടയിലാണ് അവന്റെ കൈകൾ ചേർത്ത് പിടിച്ചിരിക്കുന്ന ശ്രീയിലേക്ക് മേഘയുടെ നോട്ടം പോയത്…. അത്രയും നേരം തെളിഞ്ഞ് നിന്ന അവളുടെ മുഖം ശ്രീയെ കണ്ടതും ഇരുണ്ടു… ഹരിയിൽ നിന്നും കേട്ടറിഞ്ഞ സമയത്തെ അവളുടെ സൗന്ദര്യം മേഘയെ അസൂയപ്പെടുത്തിയിരുന്നു… ആ ഒരു കാരണം കൊണ്ട് കൂടെയാണ് ശ്രീയിൽ നിന്നും ഹരിയെ സ്വന്തമാക്കാൻ വരെ അവളെ പ്രേരിപ്പിച്ചത്… ഹരിയോട് ചേർന്ന് നിന്ന് ശ്രീയുടെ മുഖത്തെ വേദന കാണാൻ മേഘക്ക് ഹരമായിരുന്നു… എന്നാൽ ഇന്ന് ഹരിയേക്കാൾ എല്ലാം കൊണ്ടും യോഗ്യനായ ഒരുത്തനെ ആണ് ശ്രീക്ക് ലഭിച്ചത് എന്നോർത്തതും അവളുടെ മുഖം അസൂയയാൽ ചുളിഞ്ഞു…

സാമിനോട് ചേർന്ന് നിൽക്കുമ്പോൾ ശ്രീയുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി മേഘയെ അസ്വസ്ഥയാക്കി…. ഹരിയെ നോക്കിയപ്പോൾ അവന്റെയും നോട്ടം ശ്രീയിലായിരുന്നു… അതും കൂടെ കണ്ടതും അവളുടെ ദേഷ്യം കൂടി… ഇടക്കെപ്പോഴോ മുഖം ചെരിച്ച് നോക്കിയ ശ്രീ ഹരിയെയും മേഘയെയും കണ്ടതും അവരെ നോക്കി പുഞ്ചിരിക്കാൻ മറന്നില്ല… എന്നാൽ മേഘക്ക് അത് തന്നെ നോക്കി പരിഹസിക്കുന്നത് പോലെ ആണ് തോന്നിയത്… അവൾ പുച്ഛത്തോടെ മുഖം വെട്ടിച്ചു…മേഘയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ശ്രീക്ക് അവളുടെ പെരുമാറ്റത്തിൽ സങ്കടം ഒന്നും തോന്നിയില്ല… ഹരിക്ക് നനുത്ത പുഞ്ചിരി നൽകി സാമിന് നേരെ തിരിഞ്ഞ് അവന്റെ കൈ വിരലുകൾ കോർത്ത് പിടിച്ചു… സാം പുരികം ഉയർത്തി എന്താണെന്ന മട്ടിൽ ചോദിച്ചതും അവൾ മറപടി ഒന്നും പറയാതെ കണ്ണ് ചിമ്മി അവനോട് ചേർന്ന് നിന്നു…. *******

എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയ അന്ന ആരെയും കാത്ത് നിൽക്കാതെ മുകളിലേക്ക് ചെന്നു… വാഡ്രോബ് തുറന്ന് കൈയിൽ കിട്ടിയ ഒരു ഡ്രസും എടുത്ത് വാഷ് റൂമിലേക്ക് കയറി…. ഡ്രസ് പോലും അഴിക്കാതെ ഷവറിന് ചുവട്ടിലേക്ക് കയറി നിന്ന് അവൾ അത്രയും നേരം പിടിച്ച് വെച്ച കണ്ണുനീരിനെ ഒഴുക്കി കളഞ്ഞു… “സമ്മതം ചോദിച്ച അവസാന നിമിഷം പോലും ഇച്ചായൻ എന്നെ വേണം എന്ന് പറയും എന്ന് വെറുതേ എങ്കിലും പ്രതീക്ഷിച്ചിരുന്നു ഞാൻ….പക്ഷേ അവിടെയും എന്നെ തോൽപിച്ച് കളഞ്ഞില്ലേ…അപ്പോ ആ മനസ്സിൽ എനിക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല അല്ലേ…” ഉറക്കെ കരയണം എന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്ക് കേട്ടാലോ എന്ന് ഭയന്ന് അവൾ വാ പൊത്തി വെച്ചു…. “അന്നാ…..കഴിഞ്ഞില്ലേ…ആന്റി നിന്നെ താഴേക്ക് വിളിക്കുന്നു…”

കസിൻസ് ആരോ ഡോറിൽ തട്ടിക്കൊണ്ട് വിളിച്ചപ്പോഴാണ് അന്ന ഞെട്ടിയത്… “ആ…ആ ഞാൻ..വന്നോളാം…” പതർച്ച പുറത്ത് കാണിക്കാതെ അവൾ ഉറക്കെ വിളിച്ച് പറഞ്ഞു… ഇനിയും നിന്നാൽ ശരിയാവില്ലെന്ന തോന്നലിൽ അന്ന വേഗം കുളിച്ച് ഡ്രസ് മാറ്റി…. വാനിറ്റി മിറിന് മുന്നിൽ നിന്ന് കൊണ്ട് അവൾ സ്വയം ഒന്ന് നോക്കി… കരഞ്ഞിട്ടാവാം മുഖവും മൂക്കിൻ തുമ്പും എല്ലാം ചുവന്ന് കിടപ്പുണ്ട്… കലങ്ങിയ കണ്ണുകളിലും ആ ചുവപ്പ് പടർന്ന് കിടക്കുന്നുണ്ട്…. ഈ കോലത്തിൽ താഴേക്ക് പോയാൽ എന്തായാലും കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലാവും… അവൾ കണ്ണുകൾ രണ്ടും ഇറുക്കെ അടച്ച് ശ്വാസം ആഞ്ഞ് വലിച്ചു… ഡോർ തുറന്നതും കസിൻസ് പലരും ബെഡിലും നിലതാതുമായി ഇരിപ്പുണ്ടായിരുന്നു…. അന്ന വേഗം ടവൽ വെച്ച് മുഖം തുടക്കുന്നത് പോലെ കാണിച്ച് പുറത്തേക്ക് ഇറങ്ങി…

“എത്ര നേരായെടീ പോയിട്ട്…നീ ഒരു മാസത്തേക്കുള്ളത് ഒരുമിച്ച് കുളിച്ചതായിരുന്നോ…?” ആരോ കളിയാക്കി ചോദിച്ചത് കേട്ടെങ്കിലും അവൾ മറപടി പറയാതെ ടവൽ സ്റ്റാന്റിലേക്കിട്ട് ബെഡിലേക്ക് വീണു… “ഇവൾക്കിത് എന്ത് പറ്റി…ടീ അന്ന…” അന്നയുടെ പ്രവർത്തികൾ കണ്ട് അവരെല്ലാം സംശയത്തോടെ അവളെ നോക്കി… “നല്ല തലവേദന….” കമിഴ്ന്ന് കിടന്ന അവൾ മുഖം അവർക്ക് എതിരെ ആയി തിരിച്ച് നെറ്റിയിൽ കൈയാൽ അമർത്തി തടവി…. “ആഹ്…എന്നാ നീ കിടന്നോ….വന്നേ…അവളെ ശല്യപ്പെടുത്തണ്ട….” അന്ന പറഞ്ഞത് വിശ്വസിച്ചെന്ന പോലെ അവരെല്ലാവരും റും വിട്ട് പുറത്തേക്കിറങ്ങി…

ഒറ്റക്കാണെന്ന് അറിഞ്ഞ് വീണ്ടും കണ്ണുകൾ പെയ്യാനൊരുങ്ങിയതും ശ്രദ്ധ മാറ്റാനെന്നോണം അവൾ ഫോൺ എടുത്തു… വെറുതേ ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്ത് പോയപ്പോഴാണ് മാധവിക്കുട്ടിയുടെ വരികളിൽ അവളുടെ കണ്ണുകൾ ഉടക്കിയത്… “സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക, തിരിച്ച് വന്നാൽ അത് നിങ്ങളുടേതാണ്…ഇല്ലെങ്കിൽ മറ്റാരുടെയോ ആണ്..” ആ വരികളിലൂടെ നനഞ്ഞ കണ്ണുകൾ ഓടി നടന്നു….ഫോൺ അതേ പോലെ കമിഴ്ത്തി വെച്ച് അവൾ കണ്ണുകൾ ഇറുക്കെ അടച്ചു… ***** സാം സ്റ്റെയർ കയറി വരുന്ന സമയത്താണ് കസിൻസ് എല്ലാവരും അന്നയുടെ റൂമിൽ നിന്ന് ഇറങ്ങി വരുന്നത് അവൻ കണ്ടത്… “അന്ന എവിടെ…?” അവരുടെ കൊട്ടത്തിൽ അന്നയെ കാണാഞ്ഞതും സാം സംശയത്തോടെ ചോദിച്ചു….

“അവള് കിടക്കുവാ സാമിച്ചായാ…തല വേദനിക്കുന്നെന്ന് പറഞ്ഞു….” തലവേദന അല്ല യഥാർത്ഥ കാരണം എന്ന് അവന് മനസ്സിലായിരുന്നു… “മ്മ്…” അവനൊന്ന് മൂളി സ്റ്റെപ്പ് കയറാൻ തുടങ്ങിയതും പിന്നെ എന്തോ ഓർത്ത് ഒരു നിമിഷം നിന്നു…പിന്നെ താഴേക്ക് ഇറങ്ങി…. തലയിൽ മൃദുവായ തലോടൽ അറിഞ്ഞതും അന്ന കണ്ണുകൾ തുറന്നു… “ഇച്ചേ….” സാം ആണെന്ന് അറിഞ്ഞതും അവൾ എഴുന്നേറ്റ് ഇരുന്ന് അവന്റെ തോളിലേക്ക് ചാഞ്ഞു… “വിശക്കുന്നില്ലേ കുഞ്ഞാ….?” അവളുടെ നെറുകിൽ മുകർന്ന് കൊണ്ട് സാം പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും അവളൊന്ന് മൂളി… അന്നയെ നേരെ ഇരുത്തി താഴെ നിന്നും കൈയിൽ കരുതിയ ഭക്ഷണം എടുത്തു… “ആ…” തനിക്ക് നേരെ വാ തുറന്ന് വെച്ച അന്നയെ നോക്കി വാത്സല്യത്തോടെ ചോറ് ഓരോ ഉരുളകളാക്കി വായിൽ വെച്ച് കൊടുത്തു…

കൊണ്ട് വന്ന ഭക്ഷണം മുഴുവൻ അവളെ കൊണ്ട് കഴിപ്പിച്ച ശേഷമാണ് അവൻ അടങ്ങിയത്.. “ഇച്ചേ…” വാഷ് ചെയ്ത് വന്ന സാമിന്റെ മടിയിലേക്ക് കിടന്നു… “എന്നാ ടാ….?” മുടിയിൽ പതിയെ തലോടിക്കൊടുത്താണ് സാം വിളി കേട്ടത്…. “ഇച്ചക്ക് ഞാൻ പിന്നെയും ഡിപ്രഷനിൽ ആവും എന്ന് പേടി ഉണ്ടോ…?” അന്ന നനുത്ത പുഞ്ചിരിയോടെ അവൾ ചോദിച്ചത് കേട്ട് സാം അവളെ ഉറ്റ് നോക്കി… “ഇപ്പോ എല്ലാ ഫീലിങ്സിനെയും കൺട്രോൾ ചെയ്യാൻ ഞാൻ പഠിച്ചു ഇച്ചേ…സോ പേടിക്കണ്ടന്നേ…” സാമിന്റെ മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് ചിരിച്ച് അന്നയുടെ നെറ്റിയിൽ അവൻ പതിയെ മുകർന്നു… “ഇച്ചേ…” അൽപ നേരത്തിന് ശേഷം അവൾ മുഖം ഉയർത്തി സാമിനെ നോക്കി… “മ്മ്…” “എനിക്കൊരു പാട്ട് പാടി താ….” അന്നയുടെ ആവശ്യം കേട്ട് അവൻ ചെറു ചിരിയോടെ മൂളാൻ തുടങ്ങി…

🎶 Un mugam paarthaal thonudhadi Vaanathu nilavu chinnadhadi Megathil maraindhae paarkudhadi Unnidam velicham ketkudhadi …… …… Aanandha yazhai meetugiraai Adi nenjil vannam theetugiraai…🎶 പാടി തീർന്നതും അവൾ ഉറങ്ങിയിരുന്നു….പക്ഷേ മുടിയിലെ തലോടൽ നിർത്തിയില്ല….ഏറെ നേരത്തിന് ശേഷം അന്നയെ തലയണയിലേക്ക് കിടത്തി പുതപ്പിച്ച് കൊടുത്തു… ലൈറ്റ് ഓഫ് ചെയ്യാൻ നേരമാണ് അന്നയുടെ ഫോൺ അവൻ കണ്ടത്….വെറുതേ ഒന്ന് എടുത്ത് നോക്കിയതും കണ്ടത് മാധവിക്കുട്ടിയുടെ വരികൾ ആണ്… അവൻ അന്ന ഉറങ്ങുന്നതും നോക്കി നിശ്വസിച്ച് ഫോൺ ഓഫ് ചെയ്ത് ടേബിളിലേക്ക് വെച്ചു… ********

അലക്സ് പള്ളിയിൽ നിന്നും പുലിക്കാട്ടിലേക്ക് പോവാതെ നേരെ വീട്ടിലോട്ടാണ് ചെന്നത്…. വല്യമ്മച്ചിക്ക് വയ്യാത്തത് കൊണ്ട് അവരും ചേടത്തിയും ആദ്യമേ തന്നെ വീട്ടിൽ എത്തിയിരുന്നു… “ചായ എടുക്കണോ അലക്സേ….?” അലക്സ് റൂമിലേക്ക് പോവുന്നത് കണ്ട് ചേടത്തി ചോദിച്ചതും അവൻ വേണ്ടെന്ന് പറഞ്ഞു… ഡോറും ചാരിയിട്ട് ബെഡിലേക്ക് കിടന്നാ കൊണ്ട് അവൻ കൈകൾ കണ്ണിന് കുറുകെ ആയി വെച്ചു…. കണ്ണടച്ചാൽ അന്നയും ആൽവിയും ഒരുമിച്ച് നിൽക്കുന്ന ദൃശ്യം മിഴിവോടെ തെളിഞ്ഞ് വന്നതും അവൻ അസ്വസ്ഥതയോടെ തല വെട്ടിച്ചു… എന്തൊക്കെയോ തന്നിൽ നിന്നും അകന്ന് പോയത് പോലെ…. അവളെ വിട്ട് കൊടുക്കരുതെന്ന് മനസ്സ് അലമുറയിടുന്നുണ്ട്…

എങ്കിലും ചേർത്ത് പിടിക്കാൻ കൈകൾക്ക് കഴിയുന്നില്ല… സ്വന്തം മനസ്സ് തന്ന രണ്ട് ചേരിയിൽ നിൽക്കുന്നു…. സ്വന്തമാക്കണമെന്ന് പറയുമ്പോൾ മറ്റൊന്ന് നിനക്കതിനുള് യോഗ്യതയില്ലെന്ന് വിളിച്ച് കൂവുന്നു…. ഇനിയും ആലോചിച്ചാൽ തല പെരുക്കും എന്ന തോന്നലിൽ അവൻ ബെഡിൽ അലസമായി ഇട്ടിരുന്ന ഏതോ ഒരു ബുക്ക് എടുത്തു…. അതിന്റെ താളുകൾ മറിക്കുമ്പോഴും അവന്റെ കണ്ണുകളിൽ അന്ന മാത്രമായിരുന്നു… “””” “ഇച്ചായോ….” “ടീ ഞാൻ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെകുത്താനെന്നും അലച്ച് കൂവി വിളിച്ച് എന്റെ അടുത്തേക്ക് വരരുത് എന്ന്….” “അങ്ങനെ നിങ്ങളെന്തെങ്കിലും പറഞ്ഞെന്ന് കരുതി അനുസരിക്കാൻ എനിക്ക് സൗകര്യമില്ല….

ഇനി അത്രക്ക് നിർബന്ധം ആണേൽ ആദ്യം എന്നെ ഇഷ്ടാണെന്ന് പറ…അപ്പോ ഞാൻ ചെകുത്താനേ എന്ന് വിളിക്കാതിരിക്കാം…” “അന്നാ….നിനക്ക് പറഞ്ഞാൽ മനസ്സിലാവാത്തത് എന്താ…. ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല..സാമിന്റെ സഹോദരി..അത് മാത്രം ആണ് എനിക്ക് നീ….” “സാമിന്റെ സഹോദരി ആണേൽ എന്നതാ…എന്നെ പ്രേമിക്കാൻ കൊള്ളില്ലേ…പറ ചെകുത്താനേ….” “എനിക്ക് നിന്നെ സ്നേഹിക്കാൻ പറ്റില്ല…ഞാൻ….” “ദേ എല്ലാ തവണ പോലെ എനിക്ക് ഭ്രാന്താണ് എന്നൊന്നും പറഞ്ഞ് ഒഴിവാക്കണ്ട….ഞാൻ ഒഴിഞ്ഞ് പോവില്ല….എന്നാന്ന് അറിയാവോ…എനിക്കേ നിങ്ങളുടെ ഭ്രാന്തിനെയും ഒരുപാട് ഇഷ്ടാ…..” “Never did I know that I will fall in love with you in this manner… You are the best for me…. I love you ചെകുത്താനേ….””

എത്തി നിന്ന് തന്റെ കവിളിൽ ആഞ്ഞ് ചുംബിച്ച് കുസൃതിയോടെ ചിരിക്കുന്ന അന്നയുടെ മുഖം അവന്റെ കണ്ണുകളെ നനയിച്ചു… “ടാ….അലക്സേ…..” ചേടത്തി തട്ടി വിളിച്ചത് കേട്ടപ്പോഴാണ് അലക്സ് ഞെട്ടി എഴുന്നേറ്റത്… “എത്ര നേരവായി നിന്റെ ഫോൺ കിടന്ന് നിലവിളിക്കുന്നു….. അതെങ്ങനെയാ ബുക്ക് കൈയിൽ കിട്ടിയാ പിന്നെ ചുറ്റുമുള്ളതൊന്നും അറിയില്ലല്ലോ….” ഫോൺ ചേടത്തി അവന്റെ കൈയിൽ കൊടുത്ത് മുടിയിൽ ഒന്ന് തഴുകി പുറത്തേക്ക് നടന്നു… ******* ദിവസങ്ങൾ കടന്ന് പോയി…. രാവിലെ കവിളിലേറ്റ തണുത്ത വിരലുകളുടെ സ്പർശനം ആണ് ശ്രീയെ എഴുന്നേൽപ്പിച്ചത്…. കണ്ണുകൾ ചിമ്മി തുറന്നതും തൊട്ടടുത്ത് പുഞ്ചിരിച്ച് കൊണ്ട് ഇരിക്കുന്ന വസുന്ധരയെ കണ്ടു… “അമ്മാ….” അവരുടെ കൈവെള്ളയിൽ ചുംബിച്ച് കൊണ്ട് ശ്രീ ആ മടിയിലേക്ക് പറ്റിചേർന്ന് കിടന്നു…

“ശ്രീക്കുട്ടീ…മതി ഉറങ്ങിയത്….എഴുന്നേറ്റെ….” വസു തട്ടി വിളിച്ചെങ്കിലും ചിണുങ്ങലോടെ ഒന്ന് കൂടെ അവരിലേക്ക് പറ്റി ചേർന്ന് കിടക്കുകയാണ് ചെയ്തത്… “ആഹാ….മോളെ വിളിക്കാൻ വന്നിട്ട് പിന്നെയും ഉറക്കുവാണോ ഏടത്തീ…” വാതിൽക്കൽ വന്ന് നിന്ന സുമ വസുന്ധരയെ നോക്കി ചിരിച്ചു… “കല്യാണം ആണെന്നുള്ള ചിന്ത ഒന്നുല്ല പെണ്ണിന്…. കിടക്കുന്നത് കണ്ടില്ലേ…” വസുന്ധര വാത്സല്യത്തോടെ അവളുടെ നെറുകിൽ തലോടി…. “അവള് ഉറങ്ങിക്കോട്ടേ ഏടത്തീ…നമുക്ക് സാമിനെ കൊണ്ട് മറ്റാരെയെങ്കിലും താലി കെട്ടിക്കാം….” സുമ കളിയോടെ പറഞ്ഞത് കേട്ടതും ശ്രീ വസുന്ധരയുടെ മടിയി നിന്നും ചാടി എഴുന്നേറ്റിരുന്ന് രണ്ടാളെയും കൂർപ്പിച്ച് നോക്കി… “അയ്യടാ….

അങ്ങനെ ഇപ്പോ നിങ്ങൾ ഇച്ചായനെ വേറെ കെട്ടിക്കണ്ട….” കുറുമ്പോടെയുള്ള അവളുടെ മുഖം കണ്ട് വസുന്ധരയും സുമയും ചിരിച്ചു…. “കുറുമ്പ് കാണിക്കാതെ പോയി ഫ്രഷ് ആയി വാ ശ്രീക്കുട്ടീ…. അമ്പലത്തിൽ പോവണ്ടേ…” ശ്രീ വസുന്ധരയെ നോക്കി ചിരിയോടെ തലയാട്ടി കബോർഡിൽ നിന്നും ഡ്രസ് എടുത്തു… എന്നത്തേയും പോലെ കുളത്തിലേക്കാണ് അവൾ പോയത്… കൂടെ സുമയും ഉണ്ടായിരുന്നു…. “കല്യാണം ആണെന്നുള്ളത് ഓർമ വേണം….നീന്തി കളിക്കാതെ വേഗം വന്നേക്കണം കേട്ടല്ലോ….” എണ്ണയും മഞ്ഞളുമെല്ലാം തേച്ച് കഴിഞ്ഞ് സുമ കപട ഗൗരവത്തോടെ അവളെ നോക്കി പറഞ്ഞതും ശ്രീ ഒന്ന് ഇളിച്ച് കാണിച്ചു… അവർ പോയതും ശ്രീ പതിയെ പടവുകൾ ഇറങ്ങി….

പുലർകാലം ആയതിനാൽ അന്തരീക്ഷത്തിൽ അപ്പോഴും ചെറുതായി കോട മൂടി കിടക്കുന്നുണ്ട്…. കാൽ വിരൽ തുമ്പാൽ വെള്ളത്തിൽ ഒന്ന് തൊട്ടതും ശരീരത്തിലേക്കാകമാനം തണുപ്പ് ഇരച്ച് കയറിയത് പോലെ…. പതിയെ താഴേക്ക് വെള്ളം വകഞ്ഞ് മാറ്റിക്കൊണ്ട് ഇറങ്ങി നിന്നു… ഒന്ന് മുങ്ങി നിവർന്ന അവൾ മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയിഴകൾ പിന്നിലേക്കാക്കി… ഇരു കൈകളിലും ചുവന്ന് കിടക്കുന്ന മെഹന്ദിയിലേക്ക് ഉറ്റ് നോക്കി നിന്നു… അതിൽ സാം എഴുതിയിരിക്കുന്നതിലേക്ക് കണ്ണുകൾ പായിക്കവേ പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങൾ അവളെ മൂടിയിരുന്നു…. ഇനി ഒരിക്കലും ഇത് പോലുള്ള മുഹൂർത്തങ്ങൾ ജീവിതത്തിൽ ഉണ്ടാവില്ലെന്ന് കരുതിയതാണ്….

എന്നാൽ ആ ചിന്തകളെല്ലാം പാടെ തെറ്റായിരുന്നു എന്ന് സാം പഠിപ്പിച്ചു… പ്രതീക്ഷകൾ വറ്റിയ തന്നിലേക്ക് ഒരു വസന്ത കാലം സമ്മാനിക്കാനായി കടന്ന് വന്നവൻ… ഒരു നിയോഗം പോലെ…. വേദനകളെയെല്ലാം പാടെ മായ്ച്ച് കളയാൻ എന്ത് മായാജാലമാവും അവൻ തന്നിൽ കാട്ടിയിരിക്കുക…. ഇന്ന് ആ സാന്നിധ്യത്തിൽ മറ്റെല്ലാം വിസ്മരിച്ച് കൊണ്ട് ആ ചുണ്ടിലെ കുസൃതി ചിരിയിൽ ഒതുങ്ങി കൂടാനാണ് ആഗ്രഹിക്കുന്നത്…. “ശ്രീക്കുട്ടീ…..” വസുന്ധരയുടെ ഉച്ചത്തിലുള്ള വിളി ആണ് ശ്രീയെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്… “ആ വരുവാ അമ്മാ…” തലയിൽ ഒരു കൊട്ട് കൊട്ടി ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് അവൾ നീന്തി പടവിലോട്ട് കയറി…. കുളിച്ച് കഴിഞ്ഞതും മുടി തോർത്തിൽ കെട്ടി വേഗം വീട്ടിലേക്ക് നടന്നു…

ബന്ധുക്കളിൽ ചിലരെല്ലാം തറവാട്ടിൽ തന്നെ ഉണ്ട്…. ഓഡിറ്റോറിയത്തിൽ വെച്ച് താലികെട്ട് നടക്കുന്നത് കൊണ്ട് ബാക്കിയെല്ലാവരും അങ്ങോട്ട് എത്തും… മുറ്റത്ത് ആരെയോ ഫോണിൽ വിളിച്ച് നടക്കുന്ന മാധവന്റെ അടുത്തെത്തി അയാളുടെ കവിളിൽ ഒന്ന് മുത്തിക്കൊണ്ട് അവൾ ഓടി… ഉമ്മറത്തേക്ക് കയറാൻ നേരം മാധവനെ നോക്കി കുസൃതി ചിരി ചിരിക്കാനും മറന്നില്ല… അത് കണ്ട് നിന്ന അയാളുടെ കണ്ണുകൾ നനഞ്ഞു…. ഇന്ന് മുതൽ ഒരു വിരുന്ന് കാരിയെ പോലെ ആവില്ലേ എന്നോർത്ത്…. എന്നാൽ അതേ സമയം എന്ത് കൊണ്ട് മകൾക്ക് ചേർന്ന ഒരുത്തനിലേക്ക് അവളെ ഏൽപ്പിച്ച് കൊടുക്കാൻ പോവുന്നതിന്റെ സന്തോഷവും ആ മുഖത്തുണ്ടായിരുന്നു… അകത്തേക്ക് കയറിയ ശ്രീ അവിടെ ഉണ്ടായിരുന്ന സ്ത്രീകളെ എല്ലാം ഒന്ന് നോക്കി ചിരിച്ച് റൂമിലേക്ക് കയറി… മാമ്പഴ കളറിലുള്ള ധാവണി ഉടുത്ത് മുടി കുളിപ്പിന്നൽ കെട്ടി കുഞ്ഞ് കറുത്ത പൊട്ട് കുത്തി റെഡി ആയി ഇറങ്ങി…

അമ്പലത്തിലേക്ക് വസുന്ധരയുടെയും സുമയുടെയും കൂടെ ആണ് പോയത്… നടയ്ക്ക് മുന്നിൽ തന്റെ ഇഷ്ട ദേവനെ തൊഴുമ്പോൾ അവളുടെ മനസ്സ് നിറഞ്ഞിരുന്നു… പതിവിലും ശോഭയോടെ ജ്വലിച്ച് നിൽക്കുന്ന ഭഗവാനെ അവൾ കണ്ണ് നിറച്ച് തൊഴുതു… അമ്പലത്തിൽ നിന്ന് ഇറങ്ങിയതും പലരും വഴിയിൽ നിന്ന് കുശലം ചോദിച്ചു… അവർക്കെല്ലാം പുഞ്ചിരിയോടെ മറുപടി കൊടുത്ത് അവർ വീട്ടിലേക്ക് നടന്നു…. ബ്രേക്ക്ഫാസ്റ്റ് വസുന്ധര തന്നെ ആണ് അവൾക്ക് വാരി കൊടുത്തത്… ഭക്ഷണം കഴിച്ച് കഴിഞ്ഞതും ബ്യൂട്ടീഷൻ എത്തിയിരുന്നു… ഏറെ നേരമെടുത്ത് അവരുടെ കലാവിരുതിന് ശേഷം അവൾ കണ്ണാടിയിൽ നോക്കി… ഒട്ടും ഓവർ ആവാതെ എന്നാൽ നല്ല ഭംഗിയിൽ ആയിരുന്നു മേക്കപ്പ്….

വിടർന്ന കണ്ണുകളെ ഒന്ന് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്…. മുടി നടുവിൽ പഫ് എടുത്ത് പിന്നിലേക്ക് ഫുൾ മെടഞ്ഞിട്ടതാണ്…. റൗണ്ടിൽ മുല്ലപ്പൂവും പിന്നിയിട്ട മുടികൾക്കിടയിൽ സ്റ്റോണിന്റെ ഹെയർ പിന്നുകളും കുത്തി സെറ്റ് ചെയ്തിട്ടുണ്ട്…. ആ ഒണിയൻ പിങ്ക് കളർ പട്ടിൽ അവളുടെ സൗന്ദര്യം ഇരട്ടിച്ചത് പോലെ…അതിന് മാറ്റ് കൂട്ടാനെന്നോണം മൂക്കിൻ തുമ്പിലെ ആ നീലക്കൽ മൂക്കുത്തിയും…. സാരിക്ക് ചേരുന്ന പോലെ എത്നിക് ടെമ്പിൾ ഗോൾഡ് ആഭരണങ്ങൾ ആണ്…. ആരുടെയും കണ്ണ് തട്ടാതിരിക്കാനെന്നോണം ചെവിയിക്ക് പിന്നിലെ കുഞ്ഞ് മറുകും…. എല്ലാം കൂടെ അവളെ ഒരു രാജകുമാരിയെ പോലെ തോന്നിച്ചു… ഒരുക്കം ഒക്കെ കഴിഞ്ഞതും ശ്രീയെ കൂട്ടി വസുന്ധര പുറത്തേക്ക് വന്നു…

ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങുന്നതിന്റെ മുന്നേ ആയി മുതിർന്നവർക്ക് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിച്ചു…. മാധവൻ അവളെ ചേർത്ത് പിടിച്ച് നെറുകിൽ മുത്തിയതും അവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു…. “ശ്രീക്കുട്ടീ….ഇപ്പഴേ കരഞ്ഞ് മേക്കപ്പ് പോക്കല്ലേ…” കസിൻസ് ആരോ അവളെ കളിയാക്കിയതും ശ്രീ ചിരിച്ച് കൊണ്ട് ടവലാൽ കണ്ണുനീർ ഒപ്പി എടുത്തു… നേരം ആയതും അവരെല്ലാം ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങി… മാധവനും വസുന്ധരക്കും സുമക്കും ഒപ്പം ആയിരുന്നു ശ്രീ കയറിയത്…. കുറച്ച് നേരത്തിനൊടുവിൽ ടൗണിലെ ഓഡിറ്റോറിയത്തിൽ അവർ എത്തി… അവളെ റൂമിലേക്ക് ആക്കി രണ്ട് മൂന്ന് കസിൻസ് കൂടെ തന്നെ നിന്നു…. സമയം അടുക്കാറാവുംതോറും ശ്രീയ്ക്ക്ടെൻഷൻ ആവാൻ തുടങ്ങി…

“ഏയ് കല്യാണപ്പെണ്ണേ….” ടെൻഷൻ കാരണം വിരലുകൾ ഞെട്ട് പൊട്ടിക്കുമ്പോഴാണ് ഡോറിനടുത്ത് ഒരു സൗണ്ട് കേട്ടത്… നോക്കുമ്പോൾ സ്വാതി നല്ല ക്ലോസപ്പ് ചിരി ചിരിച്ച് നിൽക്കുന്നു.. അവളുടെ ഭാവം കണ്ട് അത്രയും നേരം ടെൻഷനടിച്ച ശ്രീക്ക് ചിരി വന്നു… “എന്താ ടീ….മുഖത്തൊരു വൈക്ലബ്യം….മ്മ്…?” പരികം പൊക്കിയും താഴ്ത്തിയും ഉള്ള അവളുടെ ചോദ്യത്തിന് ശ്രീ ചുണ്ട് ചുളുക്കി കാര്യം പറഞ്ഞു… “ദേ ചെറുക്കനും കൂട്ടരും എത്തി എന്ന്…” ഏതോ ഒരു ആന്റി വന്ന് പറഞ്ഞതാണ്…അത് കൂടെ കേട്ടതും ശ്രീയുടെ നെഞ്ച് കിടന്ന് ചെണ്ട കൊട്ടാൻ തുടങ്ങി…. കോട്ടയത്ത് നിന്ന് രാവിലെ തന്നെ യാത്ര ചെയ്ത് വരാൻ പലർക്കും ബുദ്ധിമുട്ട് ആയത് കൊണ്ട് ഇന്നലെ തന്നെ അവൾ ടൗണിലുള്ള ഹോട്ടലിൽ താമസിച്ചതാണ്… “ഏടത്തീ….” ആ വിളി പ്രതീക്ഷിച്ചത് കൊണ്ട് ശ്രീക്ക് ഞെട്ടലൊന്നും തോന്നിയില്ല…

അവൾ അന്നയെ നോക്കി പല്ല് കടിച്ചു…. “ഏടത്തിക്ക് ഇത് എന്നാ പറ്റി…?” ശ്രീയുടെ അടുത്തേക്ക് വന്ന് അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് കൊണ്ട് അന്ന ചോദിച്ചു… സ്വാതി അവളുടെ ടെൻഷനെ പറ്റി പറഞ്ഞതും അന്ന ശ്രീയെ പിടിച്ച് എഴുന്നേൽപ്പിച്ചു… “വാ നമുക്ക് ഒളിച്ചോടാം…” അന്ന പറയുന്നത് കേട്ട് അവൾ ചുണ്ട് വിതുമ്പി കാണിച്ചു.. “ആഹാ…നല്ല ഐഡിയ…എന്നാൽ പെണ്ണ് ഒളിച്ചോടി പോയത് അറിഞ്ഞ് പ്ലിങി നിൽക്കുന്ന സാമിച്ചായന് ഞാനൊരു ജീവിതം കൊടുക്കാം…മ്മ്…മ്മ്…?” അന്നക്ക് കൂട്ടായെന്ന പോലെ സ്വാതിയും പറയാൻ തുടങ്ങി… “നീ പോടീ കുരുപ്പേ….” ശ്രീ അന്നയുടെ കൈ വിടുവിച്ച് നേരത്തെ ഇരുന്ന ചെയറിൽ തന്നെ വന്നിരുന്ന് സ്വാതിയെ നോക്കി കെറുവിച്ചു… അവളുടെ മട്ടും ഭാവവും കണ്ട് രണ്ട് പേരും വാ പൊത്തി ചിരിച്ചു… “എന്നാ ടീ ദച്ചൂസേ…ഇങ്ങനെ ടെൻഷനാവുന്നത്….

നിന്റെ ഇച്ചായൻ തന്നെ അല്ല്യോ…സോ എന്റെ ദച്ചൂസ് കൂൾ ആയി ഇരിക്ക്…ഓക്കെ…എന്നാലേ…ഞാനങ്ങ് ചെല്ലട്ടേ…ചെറുക്കന്റെ പെങ്ങൾക്ക് ആണ് ഇന്ന് ഡിമാന്റ്…” ശ്രീയെ നോക്കി കണ്ണിറുക്കി കാണിച്ച് കൊണ്ട് അന്ന ഓഡിറ്റോറിയത്തിന്റെ ഹാളിലേക്ക് ചെന്നു…. നടക്കുന്നതിനിടയിലാണ് ഫോൺ റിങ് ചെയ്തത്…. നോക്കുമ്പോൾ ആൽവി ആണ്…അവൻ രണ്ട് ദിവസം മുന്നേ ഒരു കേസുമായി ബന്ധപ്പെട്ട് മുംബൈയിലാണ് ഉള്ളത്…. അവരുടെ കെട്ടിന്റെ തലേന്നേ ഇനി നാട്ടിലേക്ക് തിരിച്ചെത്തൂ… കല്യാണത്തിനെ പറ്റിഒന്ന് രണ്ട് കാര്യങ്ങൾ ചോദിച്ച് അവർ സംസാരം നിർത്തി… ഫോൺ വെച്ച് തിരിഞ്ഞ് നടന്നതും അവൾ ആരോ ആയി കൂട്ടി മുട്ടിയിരുന്നു… പരിചിതമായിരുന്ന പെർഫ്യൂമിന്റെ സ്മെൽ കേട്ട് മുഖം ഉയർത്തിയ അന്ന തന്നോട് ചേർന്ന് നിൽക്കുന്ന അലക്സിനെ കണ്ട് പകച്ചു…

അന്ന് മനസ്സമ്മതത്തിന് ശേഷം ഇന്നാണ് അവർ തമ്മിൽ കാണുന്നത്…അതിനിടക്ക് പലപ്പോഴും അവസരം വന്നെങ്കിലും രണ്ട് പേരും കൂടിക്കാഴ്ച പരമാവധി ഒഴിവാക്കിയിരുന്നു… ഇന്ന് ഇത്രയും അടുത്ത് കണ്ടതും രണ്ട് പേരും അകന്ന് മാറാതെ കണ്ണുകളിലേക്ക് നോട്ടമെറിഞ്ഞ് നിന്നു… ഒരു നിമിഷം എല്ലാം മറന്ന് നിന്ന അവരെ വാധ്യഘോഷങ്ങളുടെ ശബ്ദമാണ് സ്വബോധത്തിലേക്ക് കൊണ്ട് വന്നത്… ഞെട്ടലോട് കൂടെ രണ്ട് പേരും അകന്ന് മാറി പരസ്പരം നോക്കാൻ ശ്രമിക്കാതെ രണ്ട് വഴിക്കായി നടന്നു…. ******

“സമയമായി….പെണ്ണിനെ വിളിച്ചോളൂ….” പൂജാരി നിർദേശിച്ചതും സുമയും വസുന്ധരയും റൂമിലേക്ക് ചെന്നു… മണ്ഡപത്തിലേക്ക് കയറാനായെന്ന് അറിഞ്ഞതും ശ്രീ ശ്വാസം ഒന്ന് ആഞ്ഞെടുത്ത് മനസ്സിനെ ശാന്തമാക്കി.. താലപ്പൊലിയുടെ അകമ്പടിയോടെ ചുവന്ന പരവതാനി വിരിഞ്ഞ ഹാളിലൂടെ അവൾ മണ്ഡപത്തിനടുത്തേക്ക് നടന്നു… ഇടക്ക് കണ്ണുകൾ അൽപം ഉയർത്തി നോക്കിയതും പൂക്കളാൽ അലങ്കരിച്ച മണ്ഡപത്തിലെ ഇരുപ്പിടത്തിൽ തന്നെയും കാത്ത് ഇരിക്കുന്ന സാമിനെ കണ്ടു… ക്രീം കളറിലെ ഷർട്ടും കസവ് കരയോട് കൂടിയ മുണ്ടും ആയിരുന്നു അവന്റെ വേഷം… മുടിയും താടിയും എല്ലാം ജെൽ തേച്ച് ഒതുക്കിയിട്ടുണ്ട്…. അവന്റെ ചുണ്ടിലപ്പോഴും നിറഞ്ഞ് നിൽക്കുന്ന കുസൃതി ചിരി അവളുടെ കവിളുകളെ ചുവപ്പിച്ചിരുന്നു… മണ്ഡപത്തിലേക്ക് കയറി സദസ്സിനെ വണങ്ങിക്കൊണ്ട് അവൾ സാമിന് തൊട്ടടുത്തായി ഇരുന്നു… മുഖം ഉയർത്തി നോക്കണം എന്നുണ്ടെങ്കിലും എന്തോ ഒരു വിറയൽ…

ശ്രീയുടെ ആ വിറയൽ മനസ്സിലാക്കി അവൻ മടിയിൽ വെച്ച കൈവിരലുകൾ കൊണ്ട് അവളുടെ ചെറു വിരലിനെ കൊരുത്തു… മന്ത്രോച്ഛാരങ്ങൾക്ക് ശേഷം താലി കെട്ടാൻ സമയം ആയതും അവൻ ആ മിന്ന് താലി ഇരു കൈകളിലുണായി എടുത്തു… മുഖം ഉയർത്തി നോക്കിയ ശ്രീയുടെ കണ്ണുകളിലേക്ക് നോട്ടമെറിഞ്ഞ് അവളുടെ സമ്മതത്തോട് കൂടെ കഴുത്തിലേക്ക് നീട്ടി… അവളുടെ കഴുത്തിൽ മുറുക്കുമ്പോഴും ഇരുവരുടെയും കണ്ണുകൾ തമ്മിൽ പിൻവലിച്ചില്ല…. തന്റെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുന്ന മിന്നിനെ ഇരു കൈയാലും മുറുക്കെ പിടിച്ച് കൊണ്ടവൾ പ്രാർത്ഥിച്ചു… അവളുടെ കണ്ണിൽ നിന്ന് ഉതിർന്ന് വീഴാനൊരുങ്ങിയ കണ്ണുനീർ താഴെ പതിക്കും മുൻപേ സാമിന്റെ വിരലുകൾ അതിനെ തടഞ്ഞിരുന്നു………തുടരും

നിനക്കായ് : ഭാഗം 95

Share this story