പെയ്‌തൊഴിയാതെ: ഭാഗം 21

പെയ്‌തൊഴിയാതെ: ഭാഗം 21

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കണ്ണടയ്ക്കുമ്പോൾ ആ കാപ്പി കണ്ണുകൾ തന്റെ വയറിലേയ്ക്ക് ദൃഷ്ടി പതിപ്പിക്കുന്നത് മിഴിവോടെ തെളിഞ്ഞു വരുന്നത് അരിഞ്ഞതും അവൾ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. മറ്റൊരിടത്ത് ആ കാപ്പി കണ്ണുകളിൽ മിഴിവോടെ അവൾ നിറയുകയായിരുന്നു..അത്രമേൽ പ്രണയത്തോടെ അവളുടെ ഗന്ധവും അണിവയറിലെ മറുകും അവന്റെയുള്ളിൽ നിറഞ്ഞു.. വല്ലാത്ത ഒരുതരം ആത്മ നിർവൃതിയോടെ അവൻ കണ്ണുകൾ മെല്ലെ ചാരി… **********

പോവാ അല്ലെ.. രേഷ്മ വേദയെ നോക്കി ചോദിച്ചു.. അവൾ തീർത്തും നിർവികാരമായി പുഞ്ചിരിച്ചു. അപ്പോഴും ആ കണ്ണുകളിൽ സദാ കണപ്പെട്ടിരുന്ന പ്രതീക്ഷയുടെ തിളക്കത്തിനു മങ്ങലേല്പിച്ച ഒരു സങ്കടം നിറഞ്ഞു നിന്നിരുന്നു.. രേഷ്മ.. വേദയുടെ കുട്ടിക്കാലം മുതലുള്ള സൗഹൃദം.. എല്ലാ സുഖ ദുഃഖങ്ങളിലും അവളുടെ കൈകൾ ചേർത്തു പിടിച്ചു അവളോട് ആ സങ്കടങ്ങൾ പറയുമ്പോൾ അവളിൽ നിറഞ്ഞിരുന്ന ആശ്വാസം.. സിദ്ധുവും രേഷ്മയും.. വേദയുടെ ഉള്ളിൽ ആ മുഖങ്ങൾ നിറഞ്ഞു.. ചില സൗഹൃദങ്ങൾ അങ്ങനെയാണ്.. ഒരു പുഞ്ചിരി.. ഒരു ചേർത്തുപിടിക്കൽ.. പോട്ടെ എന്നൊരു വാക്ക്.. 2ആം സമസ്റ്ററിലെ അവസാന പരീക്ഷയും കഴിഞ്ഞു 4 കൊല്ലം പഠിച്ച ആ ക്യാമ്പസ് വിട്ട് സൗഹൃദത്തിന്റെയും പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും കളിച്ചിരികളുടെയും ഓർമകളെ ആ പടിക്കൽ നിന്നു കടമെടുത്തുകൊണ്ട് അവൾ യാത്രയാകുമ്പോൾ രേഷ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു…

അവസാനമായി തന്റെ ബാല്യവും കൗമാരവും ചെലവിട്ട് യവ്വനത്തിന്റെ തുടക്കത്തിലേയ്ക്ക് തന്നെ പിച്ചവെച്ചു നടത്തിച്ച ആ വീടും എന്നെന്നേക്കുമായി ഉപേക്ഷിച്ചു പ്രിയപ്പെട്ട ആ മണ്ണിനോട് വിടചൊല്ലി അവൾ യാത്രയാകുമ്പോൾ ഗേറ്റിനരികിൽ നിന്ന് സിദ്ധു തന്നെ യാത്രയാക്കും പോലെ അവൾക്ക് തോന്നി.. ഒരു കയ്യകലത്തിൽ ഏത് പ്രശ്നത്തിനും പരിഹാരവുമായി നിന്ന അവനെ നഷ്ടപ്പെടുന്ന ഓർമകൾ പോലും അവളിൽ അസ്വസ്ഥത നിറച്ചിരുന്നു.. ********** വേദാ.. നീ ഇറങ്ങുന്നില്ലേ.. കോവിലിൽ പോയി പ്രാർത്ഥിച്ചിട്ട് പോയാൽ മതി കോളേജിലോട്ട്.. ഭാനുവിന്റെ വാക്കുകൾ കേട്ടതും വേദ പുറത്തേക്കിറങ്ങി.. കോവിലുകൾ തിങ്ങി നിൽക്കുന്ന നാടാണ് നാഗർകോവിൽ.. നാഗങ്ങളെ ആരാധിക്കുന്ന ഒരു വിഭാഗം ദ്രാവിഡന്മാരുടെ ദേശം.. അവൾ കോവിലിലേയ്ക്ക് നടന്നു.. ഉള്ളിൽ എന്തോ വല്ലാത്ത സങ്കടം പുകയുന്നത് അവളറിയുന്നുണ്ടായിരുന്നു..

ആദ്യമായാണ് നാട്ടിൽ പോയതിനു ശേഷം ഇങ്ങോട്ടുള്ള വരവിൽ ഇത്രമാത്രം താൻ അസ്വസ്ഥയാകുന്നത് എന്നവൾ ഓർത്തു.. അവൾ കോവിലിലേയ്ക്ക് കയറി. ദുർഗാ വിഗ്രഹത്തിന് മുൻപിൽ നിന്നു പ്രാർത്ഥിക്കുമ്പോൾ തന്റെ മനസ്സ് ശൂന്യമാകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..പുറത്തേക്കിറങ്ങി ചുവപ്പും വെളുപ്പും ചേർത്തു വരച്ചിട്ട ചുറ്റുമതിലിനപ്പുറമുള്ള ആൽ മരത്തണലിന് ചുറ്റുമായി പ്രതിഷ്ഠിച്ചിരിക്കുന്ന നാഗ വിഗ്രഹങ്ങൾക്ക് ചുറ്റും പ്രദക്ഷിണം വെച്ചു മഞ്ഞൾ പൊടി കൊണ്ട് നാഗ വിഗ്രഹത്തിൽ അഭിഷേകം നടത്തി അവൾ മഞ്ഞൾ കുറിയും തൊട്ട് പുറത്തേക്കിറങ്ങി.. തൊട്ടടുത്തായുള്ള നാഗരുടെ കോവിലിലേയ്ക്ക് അവൾ നടന്നു.. ഒരു ഗുഹ പോലെയുള്ള ക്ഷേത്രമാണത്.. ഉള്ളിലേക്ക് കൂരിരുട്ടാണ്..

അകത്തേയ്ക്ക് നടക്കുംതോറും തൂക്ക് വിളക്കുകളിൽ നിന്നുള്ള ചെറു വെട്ടം തെളിഞ്ഞു കണ്ടിരുന്നു.. കർപൂരവും ചന്ദനത്തിരിയും കത്തി പുകയുന്നതിന്റെ നിർമ്മല സുഗന്ധം അവിടമാകെ ഭക്തിയുടെ അതിസാന്ദ്രമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നത് അവൾ അറിയുകയായിരുന്നു.. ഗുഹയുടെ ഉള്ളിലായി കാർന്നെടുത്തെന്നോണം തുറന്ന വായയുടെ ആകൃതിയിലുള്ള ഒരു ഭാഗത്തായാണ് സ്വർണ്ണ നാഗ വിഗ്രഹം വെച്ചിരിക്കുന്നത്.. നാസാരന്ദ്രങ്ങളിൽ തുളച്ചു കയറുന്ന തീക്ഷ്ണ ഗന്ധമുള്ള പൂക്കളും ഇലകളും കൊണ്ടുള്ള മാലകളായിരുന്നു അവിടെ ചാർത്തുന്നത്… ആതി തീക്ഷ്ണ സുഗന്ധമുള്ള സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുക കൂടി ചെയ്യുമ്പോൾ ഭക്തിയുടെയും ഭയത്തിന്റെയും ഒരു ലാഞ്ചന അവിടെ വരുന്ന ഒരിരുത്തരുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്നതായി അവൾക്കനുഭവപ്പെട്ടു..

പൂർണമായ നിശ്ശബ്ദതയ്ക്കിടയിലും നാഗ വിഗ്രഹത്തിന് മുൻപിൽ ഇരുന്നു 11 പൂജാരിമാർ ചേർന്ന് ജപിക്കുന്ന ജപമന്ത്രങ്ങളുടെ ശബ്ദം ഗുഹയുടെ കറുത്ത പാറ ചുമരുകളിൽ തട്ടി പ്രതിധ്വാനിച്ചിരുന്നു.. ആ ശബ്ദം ഓരോ ഭക്തരുടെയും ഹൃദയത്തിന്റെ അറകളിൽ തട്ടി പ്രതിധ്വനിച്ചു ഉള്ളിലെ കൂരിരുട്ടിൽ ചെറു പ്രകാശമായി മാറിക്കൊണ്ടിരുന്നു.. എത്രയൊക്കെ വേദനകളും വിഷമങ്ങളും ഉണ്ടെങ്കിലും ആ അന്തരീക്ഷത്തിൽ പ്രാർത്ഥിക്കുവാൻ പോലും ഒന്നുമുണ്ടാകാത്ത ഒരു വല്ലാത്ത അവസ്ഥ അനുഭവിച്ചറിയുകയായിരുന്നു വേദയപ്പോൾ.. കണ്ണടച്ചതും ഉള്ളിൽ ചെറു പുഞ്ചിരിയോടെ നിൽക്കുന്ന ഗൗതത്തിന്റെ മുഖം അവളിൽ തെളിഞ്ഞു.. അവൾ അസ്വസ്ഥതയോടെ കണ്ണുകൾ തുറന്നു..

പിന്നെ വെറുതെ കണ്ണടച്ചൊന്നു പ്രാർത്ഥിച്ചു പുറത്തേയ്ക്ക് ഇറങ്ങി.. ആ ക്ഷേത്രാന്തരീക്ഷം തന്റെ മനസ്സിനെ പൊതിഞ്ഞു പിടിച്ചിരുന്ന ചിന്തകളെ കുറച്ചൊന്നു ശമിപ്പിച്ചത് അവളെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി.. തിരികെ വീട്ടിലേയ്ക്ക് നടക്കുംവഴി കാണുന്ന കാഴ്ചകളെ അവൾ ഉൾക്കൊള്ളുവാൻ ശ്രമിച്ചു.. രാവിലത്തെ ജോലികൾക്കൊപ്പം കൊച്ചുകുട്ടികളെ സ്കൂളിൽ വിടുവാനായി ഒരുക്കുവാൻ പുറകെ നടക്കുന്ന അമ്മമാരെ കാണ്കെ അവളുടെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു.. പച്ച പാവാടയും വെളുത്ത ഷർട്ടും അണിഞ്ഞു വീടിന്റെ ഉമ്മറപ്പടിയിൽ നിന്നു അമ്മയെക്കൊണ്ട് മുടി ഇരുവശത്തേയ്ക്കുമായി പിന്നി ഇടുവിപ്പിക്കുന്ന പെണ്കുട്ടിയെ കാണ്കെ ഒരു നറു പുഞ്ചിരി അവളിൽ വിരിഞ്ഞു..

അവളുടെ കുയിൽ നിറമുള്ള മുഖത്തെ പുഞ്ചിരിയിൽ മുല്ലപ്പൂവിൻ നിറമുള്ള പല്ലുകൾ വിരിഞ്ഞു കാണുമ്പോൾ വല്ലാത്ത ഒരു ഭംഗി വേദയ്ക്ക് തോന്നി.. ആ പുഞ്ചിരിയോടെയാണ് അവൾ വീട്ടിലേയ്ക്ക് കയറി ചെന്നത്.. ഇപ്പൊ തോന്നുവാ നാട്ടിൽ നിന്നാൽ മതിയായിരുന്നൂന്നു.. എന്തേ. വീണയുടെ വാക്കുകൾക്ക് ഭാനുവിന്റെ മറുചോദ്യം കേട്ടാണ് വേദ അടുക്കളയിലേക്ക് ചെന്നത്.. നെയ്യിൽ മോറിഞ്ഞ ചൂട് ദോശയുടെ ഗന്ധം അവളുടെ മൂക്കിലേയ്ക്ക് ഇരച്ചു കയറി.. വേദ ആകെ ഡെസ്പാണ് അമ്മാ.. അവൾക്കെന്തോ വിഷമം ഉള്ളപ്പോലെ.. അവളുടെ വിഷമം മാത്രം നോക്കിയാൽ മതിയോ വീണേ… അപ്പാവുടെ തീരുമാനം അല്ലെ.. അതിൽ നമുക്കെന്ത് പറയാൻ പറ്റും.. ഭാനു ചോദിച്ചു..

പാട്ടി ഒരാൾ കാരണമാ അപ്പ ഇങ്ങനെ തീരുമാനിച്ചത്.. ഇങ്ങനെയൊന്നും പറയാതെ വീണാ. വേദയോടും എല്ലാവർക്കും ഇതാ ദേഷ്യം.. നല്ല തറവാട്ടിലെ പെൺകുട്ടികൾ ഇങ്ങനെയൊന്നും മുതിർന്നവരോട് പറയില്ല . വീട്ടിലെ ആണുങ്ങൾക്ക് മുകളിൽ പെണ്ണിന്റെ ശബ്ദമോ നോട്ടമോ ഉയരരുത്.. അതാണ് കുല മഹിമ.. നാളെ ഗോവിന്ദിന്റെ ഭാര്യയായി നീ ചെന്നു കയറുമ്പോഴും ഇങ്ങനൊക്കെ പറഞ്ഞാൽ എന്നെയേ എല്ലാവരും കുറ്റം പറയു..നന്നായി വളർത്തിയില്ല എന്നു.. ഭാനു ദേഷ്യത്തോടെ പറഞ്ഞു.. ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം.. കെട്ടിച്ചു വിടുന്നത് നമ്മുടെ വീട്ടിലേയ്ക്ക് ഒക്കെ തന്നെയാ.. നിനക്ക് ഗോവിന്ദിന്റെ സ്വഭാവം അറിയാമല്ലോ.. നിന്നെ ജോലിക്ക് വിടാനൊന്നും അവർക്ക് താൽപര്യമില്ല..

അല്ലെങ്കിലും നമ്മുടെ കൂട്ടത്തിൽ നിന്ന് പെണ്ണുങ്ങൾ ജോലിക്ക് പോകുന്നത് കുടുംബക്കാർക്ക് നാണക്കേടാണ്.. അവൻ പറയുന്നതും കേട്ട് അവന്റേം വീട്ടുകരുടേം കാര്യങ്ങളും നോക്കി അടങ്ങി ഒതുങ്ങി അവിടെ കഴിഞ്ഞാൽ നിനക്ക് കൊള്ളാം. ചുമ്മാ ഓരോന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കിയാൽ ഇപ്പോഴേ ഞാൻ പറയുവാ അപ്പ വരില്ല ഒന്നിനും.. അവന്റെ കയ്യീന്ന് നീ കൊള്ളുകയെ ഉള്ളു.. ഭാനു പറഞ്ഞു.. അങ്ങനെ തല്ല് കൊള്ളാനാണോ ഇവളെ അങ്ങോട്ട് കെട്ടിച്ചു വിടുന്നത് . വേദ അതും ചോദിച്ചു അകത്തേയ്ക്ക് വന്നു.. തെറ്റ് കണ്ടാൽ ശിക്ഷിക്കും.. ചിലവിന് തരുന്നവന് തല്ലാനും കൊല്ലാനും ഉള്ള അവകാശമുണ്ട്.. ഭാനു ദേഷ്യത്തിൽ പറഞ്ഞു.. പിന്നേ… അവർ ചിലവിനു തരുന്നെങ്കിൽ ആ വീട്ടിലെ മറ്റെല്ലാ കാര്യങ്ങളും നോക്കാൻ പകലന്തിയോളം ഇവൾ കഷ്ടപ്പെടേണ്ട.. വേദാ നീ എന്റെ കയ്യീന്ന് കൊള്ളും കേട്ടോ..

ഭർത്താവ് എന്നൊക്കെ പറഞ്ഞാൽ എന്താണെന്നാ നിന്റെ വിചാരം.. എന്തൊക്കെ പറഞ്ഞാലും കാലമെത്ര കഴിഞ്ഞാലും പെണ്ണൊരുത്തി ഭർത്താവിന് കീഴിൽ തന്നെയാ.. വീട്ടുകാര്യങ്ങൾ നോക്കണേൽ ചെലവിനുള്ള കാശ് അവൻ കൊണ്ട് തരേണ്ടേ.. അവന്റെ കാര്യങ്ങൾ നോക്കി കഴിയാനാ പെണ്ണിനെ കെട്ടിച്ചു വിടുന്നത്.. അല്ലാതെ കണക്ക് പറഞ്ഞു തല്ല് കൂടാനല്ല..പിന്നെ വീണയോട് മാത്രമല്ല.. നിന്നോടും കൂടിയാ ഞാനീ പറയുന്നത്.. ഇത്തിരി പഠിപ്പും വിവരോം കൂടി പോയി എന്നും പറഞ്ഞു കെട്ടിച്ചു വിട്ട വീട്ടിൽ കിടന്ന് ഈ പറയും പോലത്തെ അഹങ്കാരോം പറഞ്ഞു മൂന്നിന്റന്നു ഇങ്ങോട്ട് വന്നാൽ ആ പടിക്കപ്പുറം നിന്നെ കേറ്റില്ല.. കെട്ടിച്ചു വിടുന്നതോടെ തീരും അച്ഛന്റേം അമ്മേടേം ബാധ്യത.

പിന്നെ നിന്റെ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഭർത്താവാ… അവൻ പറയുന്നതും കേട്ട് അടങ്ങി ഒതുങ്ങി ജീവിക്കാൻ പഠിക്ക്.. മര്യാദയ്ക്ക് ജീവിച്ചാൽ അങ്ങോളം ഇങ്ങോളം അച്ഛനും അമ്മയും കൂടെ കാണും.. അല്ലാതെ തല്ലും വഴക്കും ഉണ്ടാക്കി പിരിഞ്ഞു അപ്പാവുക്ക് നാണക്കേട് ഉണ്ടാക്കാനാണെങ്കിൽ പിന്നെ നിനക്ക് അപ്പയും അമ്മയും ഉണ്ടാകില്ല.. അതും പറഞ്ഞു ഭാനു ദോശ ചുടുന്നതിലേയ്ക്ക് ശ്രദ്ധ തിരിച്ചു.. വേദയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.. അവൾ വീണയെ നോക്കി.. അമ്മ പറഞ്ഞതൊക്കെയും വെള്ളം തൊടാതെ വിഴുങ്ങി ചൂട് ദോശയ്ക്കൊപ്പം അകത്താക്കുകയാണ് കക്ഷി.. അടുത്തിരിക്കുന്ന ഉരുളിയെടുത്തു അവളുടെ തലയ്ക്ക് അടിക്കാൻ തോന്നിപോയി വേദയ്ക്ക്.. പിന്നെ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് പോയി.. നീ കഴിക്കുന്നില്ലേ.. ഭാനു ഉച്ചയ്ക്കത്തേയ്ക്കുള്ള ഊണ് പാത്രത്തിലാക്കി മേശയിൽ വെച്ചുകൊണ്ട് ചോദിച്ചു.. ഓ.. മുൻപ് കിട്ടിയല്ലോ.. വയറു നിറഞ്ഞു..

അത്രയും പറഞ്ഞവൾ ഉച്ചയ്ക്കാതെയ്ക്കുള്ളതും ബാഗിലാക്കി പുറത്തേക്കിറങ്ങി.. ഗോവിന്ദ് വന്നു കാത്തു നിൽക്കുന്നുണ്ടായിരുന്നു.. അവൾ എല്ലാവരെയും ഒന്നുകൂടി നോക്കി അവനൊപ്പം കയറിയിരുന്നു.. അഹങ്കാരി.. വണ്ടി എടുക്കുന്നതിനൊപ്പം ഭാനുവിന്റെ ചുണ്ടുകൾ മന്ത്രിക്കുന്നതും വേദ കേട്ടിരുന്നു.. അതിനൊക്കെ മറുപടിയായി ഒന്നു ചിരിച്ചവൽ പുതിയ ലോകത്തേയ്ക്ക് യാത്ര തിരിച്ചു.. ********* ദേ നമ്മുടെ കോളേജ് ഒക്കെ തന്നെ.. ഇവിടെ പഠിക്കുന്നത് പലരും ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരുടെയൊക്കെ മക്കളാണ്.. നീ നിന്റെ ജാഡയൊന്നും ഇവിടെ ഇറക്കേണ്ട.. കേട്ടല്ലോ.. അതിനെനിക്ക് എവിടുന്നാ ജാഡ . വേദ ചോദിച്ചു.. അങ്ങോട്ട് പറയുന്നതങ്ങു അനുസരിച്ചേച്ചാൽ മതി.. കേട്ടല്ലോ.. അവന് ദേഷ്യം വന്നിരുന്നു.. അവൾ പിന്നെയൊന്നും മിണ്ടാൻ പോയില്ല.. ദേ ആ കാണുന്നതാണ് ബസ് സ്റ്റോപ്പ്..

അവിടെ നിന്നാൽ നമ്മുടെ അങ്ങോട്ടുള്ള ബസ് കിട്ടും. കോളേജ് വിട്ടാൽ അടുത്ത ബസിനു കേറിക്കോണം.. ഇവിടെ ആവശ്യമില്ലാത്ത പ്രശ്നത്തിനൊന്നും പോകേണ്ട. കേട്ടല്ലോ.. അവൾ ഒന്നും മിണ്ടിയില്ല.. എന്നാൽ പൊയ്ക്കോ.. പിന്നെ നീയിവിടെ ഒരു ഇല അനക്കിയാൽ അതും ഞാൻ അറിയും എന്നോർത്തോണം.. കേട്ടോ.. അതും പറഞ്ഞവൻ പോകുന്നതും നോക്കി അൽപ്പം ദേഷ്യത്തോടെ അവൾ അവിടെ നിന്നു..പിന്നെ തിരികെ കോളേജിലേക്ക് നടന്നു.. നാട്ടിൽ താൻ പഠിച്ച കോളേജിന്റെ നാലിരട്ടി വലിപ്പമുണ്ട് ആ കോളേജിന് എന്നവൾ ഓർത്തു.. സാമാന്യം വലിയ കെട്ടിടങ്ങളും പഴയ രീതിയിലുള്ള ശിലകളും ശില്പങ്ങളും മരങ്ങളും നിറഞ്ഞ പുരാതന രീതിയിലുള്ള ഒരു ക്യാമ്പസ്.. എം എ ഇംഗ്ലീഷ് ക്ലാസ് എവിടെയാ.. അവൾ എതിരെ വന്ന ഒരു പെണ്കുട്ടിയോട് ചോദിച്ചു..

നേരെ പോയാൽ മതി.. ഈ കെട്ടിടത്തിന് പുറകിലായി ഒരു വലിയ കെട്ടിടമുണ്ട്.. അതിന്റെ 5ആം നിലയിലാണ് ഫസ്റ്റ് ഇയർ ക്ലാസ്.. അവളതും പറഞ്ഞു നടന്നു.. വേദ മെല്ലെ നടന്നു. അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു.. കുറെ നടന്ന ശേഷമാണ് അവളാ കെട്ടിടം കണ്ടത്.. പ്രൗഢിയുള്ള ഒരു കൊട്ടാരം പോലെ തലയെടുപ്പോടെ നിൽക്കുന്ന ഒരു 6 നില കെട്ടിടം.. അവൾ മെല്ലെ കയറി.. 5ആം നിലയിൽ എത്തിയപ്പോഴേയ്ക്കും അവൾ കിതച്ചു പോയിരുന്നു.. അവൾ ക്ലാസ് റൂം കണ്ടുപിടിച്ചു ചെന്നു.. മേ ഐ ഗെറ്റ് ഇൻ മിസ്.. ഇങ്ങോട്ടാണോ.. ഫസ്റ്റ് ഇയർ അപ്പുറത്താണ്.. ഇത് സെക്കൻഡ് ഇയർ ആണ്.. ഞാൻ സെക്കൻഡ് ഇയർ ആണ് മേടം.. ഓ വേദ അഷ്ടമൂർത്തി അല്ലെ.. അവർ ചെറു ചിരിയോടെ ചോദിച്ചു.. അതേ.. കേറി ഇരുന്നോളൂ.. അവർ പറഞ്ഞു.. അവൾ അകത്തേയ്ക്ക് കയറി..

ഏകദേശം എല്ലാ സീറ്റും ഫുൾ ആണ്.. അവൾ ചുറ്റും നോക്കി നിൽക്കുന്നത് കണ്ടതും അവരും ചുറ്റും നോക്കി.. ആൻ.. നീങ്ങി ഇരിക്ക്.. കുട്ടി അവിടേയ്ക്ക് ഇരുന്നോളൂ.. അവർ പറഞ്ഞതും വെളുത്തു കൊലുന്നനെ ഉള്ള ഒരു പെണ്കുട്ടി നീങ്ങി ഇരിക്കുന്നത് വേദ കണ്ടു.. അവൾ ആ കുട്ടിക്ക് അടുത്തേയ്ക്കിരുന്നു.. മലയാളി ആണോ.. അവൾ രഹസ്യമായി ചോദിച്ചതും വേദ അവളെ ഞെട്ടലോടെ നോക്കി.. മ്മ്.. ഞാനും.. നല്ല അസ്സൽ പാലാക്കാരി അച്ചായത്തിയാ.. നല്ല കപ്പയും ബീഫും കഴിച്ചോണ്ടിരുന്ന ഞാനാ ഈ പട്ടിക്കാട്ടിൽ.. ശോ.. ആനിന്റെ പറച്ചിൽ കേട്ടതും വേദയ്ക്ക് ചെറുതായി ചിരി വന്നു. അല്ല താൻ എന്തിനാ ഈ സെക്കൻഡ് ഇയറിൽ ഇങ്ങോട്ട് കുറ്റിയും പറിച്ചു വന്നത്.. ആൻ ചോദിച്ചു.. അതൊക്കെ വല്യ കഥയാണ്.. വേദ പറഞ്ഞു.. അതിനെന്താ താൻ പറഞ്ഞോ..

ഈ തള്ള മുടിഞ്ഞ തള്ളാ.. എന്തൊക്കെയോ വിളിച്ചു പറയും.. ദൈവം സഹായിച്ചു ആരേലും കേൾക്കണമെന്നോ പഠിക്കണമെന്നോ അവർക്കൊരു നിർബന്ധവും ഇല്ല.. ആനിന്റെ വാക്കുകൾ വേദയുടെ ചുണ്ടിൽ ചെറു ചിരി വിരിയിച്ചു.. മോശമല്ലേ . ഇന്റർവെലിന് പറയാം.. വേദ പറഞ്ഞു.. ആ എന്നാൽ അങ്ങനെ.. എനിവേ നൈസ് നോസ് റിങ്.. ആൻ വേദയുടെ മൂക്കുത്തി ചൂണ്ടി പറഞ്ഞതും വേദ നിറഞ്ഞു ചിരിച്ചു.. വാവ്.. തന്റെ ചിരി നല്ല ഭംഗിയുണ്ട് കേട്ടോ.. ആൻ പറഞ്ഞു.. തന്റെ സംസാരവും.. വേദ പറഞ്ഞു.. ഓ താങ്ക് യു താങ്ക് യു.. അവൾ പറഞ്ഞു.. പെട്ടെന്ന് തന്നെ അവരിരുവരും കൂട്ടായി.. വേദയ്ക്ക് മനസ്സിന്റെ പിരിമുറുക്കം കുറേശ്ശേ ആയി കുറയുന്നത്പോലെ അനുഭവപ്പെട്ടു.. **********

ഓ… അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ.. മരച്ചുവട്ടിൽ ഇരുന്നു സംസാരിക്കുന്നതിനിടയിൽ വേദ തന്നെപ്പറ്റി എല്ലാം അവളോട് പറഞ്ഞിരുന്നു.. അല്ല ആൻ എന്താ ഇങ്ങോട്ട് പോരുന്നത്.. ഒന്നും പറയേണ്ടാന്നെ.. എന്റെ മമ്മി ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് അതോറിറ്റിയിലാ ജോലി ചെയ്യുന്നേ. ഇപ്പൊ ഇവിടെയാണ്.. മമ്മി എവിടെ പോകുന്നോ അങ്ങോട്ടേക്ക് ഞാനും പപ്പയും പാക്ക് അപ്പ് ആകും.. പപ്പ ആർമിയിൽ ആയിരുന്നു.. ഇപ്പൊ പെൻഷനും വാങ്ങി മമ്മീടെ വാലിൽ തൂങ്ങി എന്നേം വലിച്ചോണ്ട് നടക്കുന്നു.. മുഖം വീർപ്പിച്ചവൾ പറയുന്നത് കേട്ടതും വേദ ചിരിച്ചുപോയി.. ഞാനാണേൽ ഈ കേരളം വിട്ട് ഇങ്ങോട്ടും പോയിട്ടില്ല. കഴിഞ്ഞ കൊല്ലം മമ്മി ഇങ്ങോട്ട് വന്നപ്പോ പപ്പേടേ ഒരു ചോദ്യം.. അന്നക്കുട്ടി നീ പോരുന്നോ എന്നു.. കേട്ട പാതി കേൾക്കാത്ത പാതി ആ ഇന്ററസ്റ്റിൽ എം എ ഇവിടെ ആകാം എന്നും പറഞ്ഞു ഒരു ബൈ ബൈ അമ്മച്ചിക്കും അപ്പച്ചനും കൊടുത്ത് ഇറങ്ങിയതാ.

എന്റെ പാലാ വല്യ പള്ളീലെ പുണ്യാളനാന്നെ ഈ പട്ടികാട്ടിലൊട്ടാ എഴുന്നെള്ളത്ത് എന്നു സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല.. ആൻ പറഞ്ഞു.. വേദ ചെറുതായി ചിരിച്ചു.. വാ ഏതായാലും നമുക്കീ ക്യാമ്പസ് ഒക്കെ ഒന്നു കാണാം.. ആൻ വേദയെയും കൂട്ടി നടന്നു.. ന്റെ കാലു കഴയ്ക്കുന്നു.. കുറച്ചു കഴിഞ്ഞതും വേദ പറഞ്ഞു.. ആഹാ.. ഏതായാലും ഇവിടെ വരെ വന്നതല്ലേ. ദേ ആ കാണുന്നത് ഇവിടുത്തെ പഴയ ലിറ്റ്റേച്വറിന്റെ ബില്ഡിങ്ങാ.. അതിന്റെ പുറകിൽ ഒരു ചാമ്പ ഉണ്ട്. അതിൽ നിന്ന് ചാമ്പയ്ക്കാ കൂടി പറിച്ചിട്ട് പോകാം.. ആൻ പറഞ്ഞു.. ഓകെ.. വാ.. അവർ അവിടേയ്ക്ക് നടന്നു… നിലത്തേയ്ക്ക് ചാഞ്ഞു നിറയെ ചാമ്പയ്ക്കകളുമായി കിടക്കുന്ന മരം കണ്ടതും ആൻ ഓടിപ്പോയി അതിൽ നിന്ന് ചുവന്നു മുഴുത്ത രണ്ടു ചാമ്പയ്ക്കാ പൊട്ടിച്ചെടുത്തു..

അപ്പോഴാണ് തീക്ഷ്ണമായ സിഗരറ്റിന്റെ ഗന്ധം വേദയ്ക്ക് അനുഭവപ്പെട്ടത്.. അവൾ മെല്ലെ ആ ബില്ഡിങ്ങിന്റെ പുറകിലേക്ക് നീങ്ങി നോക്കി… ഒരു പറ്റം ആണ്കുട്ടികൾ അവിടെ ഇരുന്നു പുകവലിയും മദ്യപാനവും ആയിരുന്നു.. ആരാ.. പെട്ടെന്ന് അതിൽ ഒരാൾ തന്നെ കണ്ടു എന്നു മനസ്സിലായതും വേദ വേഗം ഓടിച്ചെന്നു ആനിന്റെ കൈപിടിച്ചു ഓടി.. എന്താ.. ആൻ ചോദിച്ചു.. അവിടെ.. അവിടെ ആരോ.. ഓട്ടത്തിനിടയിൽ വേദ പറഞ്ഞതും മുൻപേ ഒരു പെണ്കുട്ടി കൂടി ഓടി പോകുന്നത് അവർ കണ്ടിരുന്നു.. അവര് നിന്നെ കണ്ടോ.. ഓടി തളർന്ന് മാറി ഒരിടത്ത് കിതച്ചുകൊണ്ടിരിക്കവേ ആൻ ചോദിച്ചു.. മ്മ്.. വേദ മൂളി… ശോ.. ആൻ തലയിൽ കൈവെച്ചു പോയി.. ആരാ അവര്.. വേദ ചോദിച്ചു.. അതിവിടുത്തെ ചില തല്ലിപ്പൊളി ഗ്യാങാ.. മിക്കപ്പോഴും കഞ്ചാവും മദ്യവും മയക്കുമരുന്നും ഒക്കെ ഉപയോഗിക്കും..

അവര് ഏത് വർഷമാ എന്നു ചോദിച്ചാൽ എനിക്കും അറിയില്ല.. കൂട്ടത്തിൽ ഇവിടുത്തെ പ്രമാണിമാരുടെ മക്കൾ ഒക്കെയുണ്ട്. അതോണ്ട് ആരും ഒന്നും പറയില്ല.. ഇവിടെ വേറൊരു ആളുണ്ട്.. സ്വാതി നാരായണൻ.. നമ്മുടെ ക്ലാസ്സിലാ.. മലയാളിയാ.. അവളാ ആദ്യമായിട്ട് ഇവർക്കെതിരെ കംപ്ലൈന്റ്റ് മൂവ് ചെയ്തത്.. കഴിഞ്ഞ കൊല്ലം.. അതിന്റെ പേരിൽ ഇവിടെ കുറെ പ്രോബ്ലംസ് ഒക്കെ ഉണ്ടായി.. ഇവിടുന്നു ആക്ഷൻ എടുക്കില്ല എന്നു തോന്നിയപ്പോ അവൾ പോലീസിൽ കംപ്ലൈന്റ് കൊടുത്തു.. പിന്നെ ഇവിടെ ഇടയ്ക്കിടെ ചെക്കിങ്ങും ഒക്കെ ഉണ്ടായിരുന്നു.. ഒരു വട്ടം ഇവരെ പോലീസ് പിടിച്ചു. അതോടെ അവർക്കെതിരെ ഇവരും വീട്ടുകാരും തിരിഞ്ഞു..

അവളുടെ അമ്മ ഇവിടുത്തെ മിനിസ്റ്ററുടെ പി എ ആണ്.. സോ രാഷ്ട്രീയപരമായി അവരും അതിനെ പ്രതിരോധിച്ചു.. ഇതിനിടയിൽ ഇവരുടെ കുറച്ചു ഫ്രണ്ട്സുമായും അവളുടക്കി.. കുറെയേറെ പ്രശ്നങ്ങൾ ഇവിടെ ഉണ്ടായി. ഒടുവിൽ ഇവരെ കഴിഞ്ഞ സെമസ്റ്ററിൽ സസ്‌പെൻഡ് ചെയ്തു മാനേജ്‌മെന്റ്. ഈയിടെയാ പിന്നെയും ഇവർ വന്നത് . അതുവരെ കുറച്ചൊരു ആശ്വാസം ഉണ്ടായിരുന്നു.. സ്വാതി നോക്കി നടക്കുകയാണ് ഇവരെ പൂട്ടാൻ ഒരു തെളിവിനായി.. അത് കിട്ടിയാൽ അവൾ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കും.. ആൻ പറഞ്ഞു.. വേദ ടെന്ഷനോടെ ആനിനെ നോക്കി.. തൽക്കാലം നമ്മൾ കണ്ടത് കണ്ടു.. ഇനി മിണ്ടേണ്ട.. വാ.. ആൻ വേദയെയും വിളിച്ചു ക്ലാസ്സിലേയ്ക്ക് നടന്നു.. ********

വേദാ അഷ്ടമൂർത്തി.. ആൻമരിയ അഗസ്റ്റിൻ.. പുറത്തു പീയൂൺ വന്നു പേര് വിളിച്ചതും അവരിരുവരും എഴുന്നേറ്റു.. നിങ്ങളെ പ്രിൻസിപ്പാൾ വിളിക്കുന്നു.. ചെല്ലു.. മല്ലിക മിസ് പറഞ്ഞതും അവർ ടെന്ഷനോടെ പരസ്പരം നോക്കി.. ശേഷം മെല്ലെ പുറത്തേയ്ക്ക് നടന്നു.. പ്രിൻസിപ്പാളിന്റെ മുറിയിലേയ്ക്ക് നടക്കുമ്പോഴും തന്റെ നെഞ്ചിടിപ്പ് താളം തെറ്റുന്നത് വേദ അറിയുന്നുണ്ടായിരുന്നു.. അപ്പോഴൊക്കെയും കാലത്തു ഗോവിന്ദ് പറഞ്ഞ ഓരോ വാചകവും അവളുടെ കാതിൽ മുഴങ്ങുകയായിരുന്നു……. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 20

Share this story