ഉറവിടം: ഭാഗം 4

ഉറവിടം: ഭാഗം 4

എഴുത്തുകാരി: ശക്തി കല ജി

” അറിയണം… എൻ്റെ പെങ്ങൾ മഹിയെ വിവാഹം കഴിക്കാൻ പോകുന്നവളാണ്… അപ്പോൾ അവനെ കുറിച്ചുo കുടുംബത്തെ കുറിച്ചുo ഞാനറിഞ്ഞിരിക്കണം” അവൻ അവളെ പിടിച്ച് നേരെയിരുത്തി… തോളിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.. വേദന കൊണ്ട് കണ്ണ് നിറയുന്നുണ്ടായിരുന്നു…. . അവൾ മറുപടി പറയാത്തതിൽ അവന് ദേഷ്യം വന്ന് തുടങ്ങി.. ദേഷ്യത്തോടെ എഴുന്നേറ്റു.. ” സത്യാവസ്ഥ അറിയാതെ ഞാൻ പോവില്ല… ” സഞ്ജയ് പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് മരുന്നടങ്ങിയ കവർ എടുത്തു കൊണ്ട് അടുക്കളയിലേക്ക് പോകുന്ന അവളെയാണ്…… അവൾക്ക് അവൻ്റെ മുമ്പിൽ നിൽക്കാൻ ഭയം തോന്നി.. അടുക്കളയിൽ വന്ന് നിന്നിട്ട് എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ട് ഒരു രൂപവും കിട്ടുന്നില്ല….. സഞ്ജയ് സെറ്റിയിൽ കിടന്ന കവറിലേക്ക് നോക്കി….

മരുന്നിൻ്റെ കവർ മാത്രമേ അവൾ എടുത്തുകൊണ്ടു പോയിട്ടുള്ളൂ … ചോറ് പൊതിയുടെ കവർ സെറ്റിയിൽ തന്നെ കിടപ്പുണ്ട് .. അവളെ നോക്കിക്കോളാൻ നഴ്സിനോട് പ്രത്യേകം പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് ഫാർമസിയിലേക്ക് മരുന്നു വാങ്ങാൻ പോയത് .. അവരുടെ കണ്ണുവെട്ടിച്ച് ഇവൾ എങ്ങനെ പുറത്തേക്ക് പോയി എന്നാണ് അറിയാൻ പറ്റാത്തത് ഡോക്ടർ ഡിസ്ചാർജ് ചെയ്തു തന്നതുകൊണ്ട് ഫാർമസിയിൽ നിന്നും മരുന്നും ക്യാൻറീനിൽ നിന്ന് അവൾക്ക് കഴിക്കാനുള്ള ഭക്ഷണവും വാങ്ങി തിരികെ മുറിയിലേക്ക് വന്നപ്പോഴേക്കും അവളെ മുറിയിൽ കണ്ടില്ല .. എന്തായാലും അവിടെ നിന്ന് ഇറങ്ങിയാൽ ഫ്ലാറ്റിലേക്ക് വരാനാണ് സാധ്യത എന്ന് മനസ്സിൽ ഉദ്ദേശിച്ചുകൊണ്ടാണ് എത്രയും വേഗം ഫ്ലാറ്റിലേക്ക് വന്നത് ..

ഈ അവസ്ഥയിൽ അവൾക്ക് എന്തെങ്കിലും പറ്റിയാൽ എല്ലാർക്കും ഉത്തരം കൊടുക്കേണ്ടിവരും … ഞാൻ ഇവിടേക്ക് വരുന്നത് കണ്ടവരുണ്ട്.. അതുകൊണ്ട് ആരോഗ്യം പഴയതുപോലെ ആകുന്നതുവരെ കൂടെ നിന്നെ പറ്റൂ … അവളുടെ മനസ്സിലുള്ള കാര്യങ്ങൾ അറിയാൽ വേറെ വഴിയില്ല… മഹിയോട് ചോദിക്കാനുള്ള ധൈര്യം ഇല്ല .. തൻ്റെ പെങ്ങൾ സിന്ധ്യ അത്ര മാത്രം അന്ധമായി പ്രണയിക്കുന്നു .. അവൾക്ക് അവനോടുള്ള ഇഷ്ടം അളക്കാൻ ആവില്ല .. എല്ലാവരെക്കാളും മുകളിൽ അവനെവിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു .. ആരെന്തു പറഞ്ഞാലും അവൾ വിശ്വസിക്കാനും പോകുന്നില്ല .. തൻ്റെ ഭാഗത്തുനിന്ന് ഒരു തെറ്റ് വന്ന് മഹി ബന്ധം വേണ്ട എന്ന് പിരിഞ്ഞുപോയാൽ അവൾക്ക് ഒരിക്കലും താങ്ങാൻ കഴിയുകയില്ല. മരിച്ച് കളയും..

അതുകൊണ്ടാണ് സിന്ധ്യയോട് പോലും പറയാതെ മഹിയോട് നേരിട്ട് ചോദിക്കാതെ ഇവിടെ വന്ന് കാര്യങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചത്.. പക്ഷേ ഇവിടെ വന്നപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ കുഴഞ്ഞുമറിഞ്ഞു … മനസ്സ് നിറയെ അവളോടും മഹിയോടുമുള്ള ദേഷ്യമായിരുന്നു.. മറ്റൊരു പെണ്ണിൻ്റെ കൂടെ കറങ്ങി നടക്കുന്നവന് എങ്ങനെ പ്രാണതുല്യയായ സഹോദരിയെ കൊടുക്കും.. പക്ഷേ ഇവൾക്ക് മഹിയുടെ അനിയത്തി മേഘയുടെ മുഖഛായ ഉണ്ട്…. എന്തായാലും വന്നത് വന്നു.. ഇനി സത്യം അറിഞ്ഞിട്ട് മടങ്ങി പോകുന്നുള്ളൂ .. തൻ്റെ സഹോദരി ജീവിക്കാൻ പോകുന്ന കുടുംബത്തെ കുറിച്ച് വ്യക്തമായി അറിയണം എന്ന് മനസ്സിൽ തീരുമാനിച്ചു.. അവൻ ചോറു പൊതി കയ്യിലെടുത്തു …

എന്നിട്ട് അടുക്കള ലക്ഷ്യമാക്കി നടന്നു അടുക്കളയിൽ ചെന്നു നോക്കുമ്പോൾ അവൾ ഏതു ഗുളികയാണ് കഴിക്കേണ്ടത് എന്ന് പരതി നോക്കുകയാണ്.. മുടിയൊക്കെ പാറി പറന്നു കിടക്കുകയാണ്… ഇട്ടിരിക്കുന്ന വസ്ത്രത്തിൽ ചോര ഉണങ്ങി പിടിച്ചിരിക്കുന്നു.. അവൻ പെട്ടെന്ന് മുന്നോട്ടാഞ്ഞ് പോയി ഗുളിയെല്ലാം കൈക്കലാക്കി .. അവളുടെ മുഖം ദേഷ്യം കൊണ്ട് മുഖം ചുവന്നു വരുന്നുണ്ടായിരുന്നു .. .”എന്തായീ കാണിച്ചത്.. അതെല്ലാം തിരിച്ചു തന്നേ …എനിക്ക് നെറ്റിയിലെ മുറിവിൽ നല്ല വേദന തുടങ്ങി ..ഗുളിക കഴിച്ചാൽ വേദന മാറും എന്തിനാണ് തട്ടിപറിച്ചത് …”അവൾ ദേഷ്യത്തോടെ പറഞ്ഞു – ” പറ്റില്ലാ ഗുളിക ഇപ്പോൾ കഴിക്കാൻ പറ്റില്ല.. ആഹാരം കഴിച്ചു കഴിഞ്ഞു ഗുളിക കഴിക്കാവൂ എന്ന് അവിടുത്തെ ഡോക്ടർ പ്രത്യേകം പറഞ്ഞു അല്ലെങ്കിൽ ശരീരത്തിൽ താങ്ങാനുള്ള ശക്തി ഉണ്ടാവില്ല ..

അതാ മരുന്ന് എൻ്റെ കൈയ്യിലെടുത്തത്… അതുകൊണ്ട് ആഹാരം കഴിച്ചോ .. അത് കഴിഞ്ഞ് ഗുളിക കഴിച്ചാൽ മതി “എന്നുപറഞ്ഞ് അവൻ ഭക്ഷണത്തിൻ്റെ പൊതി അവൾക്ക് നേരെ നീട്ടി .. അവൾ മുഖം തിരിച്ചു…. ”എനിക്ക് വേണ്ട… എനിക്ക് ഭക്ഷണം ഒന്നും കഴിക്കാനുള്ള മാനസികാവസ്ഥ ഇപ്പോൾ ഇല്ല… അല്ലെങ്കിലും എങ്ങനെ കഴിക്കാനാണ് എല്ലാം അടിച്ച് പഞ്ചറാക്കി വച്ചിരിക്കുകയല്ലേ… എനിക്ക് വേദന കൂടുന്നുണ്ട്… പ്ലീസ് മരുന്ന് ഒന്നു തരൂ …എനിക്കൊന്നു കഴിച്ചിട്ട് കിടന്നാൽ മതി.. ഉറങ്ങി എണീറ്റാൽ വേദന മാറും. എൻ്റെ ശരീരം നോക്കാൻ എനിക്കറിയാം . ഇയാൾ ഒന്നു പോയി തന്നാൽ മതി .. “അവൾ ശബ്ദമുയർത്തി പറഞ്ഞു .. വേദന കൊണ്ട് നെറ്റി ചുളിച്ചു.. വലത് കൈ നെറ്റിയിൽ അമർത്തി പിടിച്ചു..

“പറ്റില്ല ഞാനിവിടെ വരുന്നതും ആശുപത്രി കൊണ്ടുപോകുന്നതും പിന്നെ വീണ്ടും ഇങ്ങോട്ട് വന്നതും എല്ലാം എല്ലാവരും കണ്ടതാണ് അയൽപക്കക്കാർ എല്ലാം കാര്യങ്ങൾ അന്വേഷിച്ചതും ആണ്. ഇവിടെ കിടന്ന് നിനക്ക് എന്തെങ്കിലും പറ്റിയാൽ അന്വഷിച്ച് വരുന്നവരോട് ഞാൻ ആണ് സമാധാനം പറയേണ്ടത് .. അതുകൊണ്ട് ഞാൻ പറയുത് അനുസരിച്ച് പറ്റൂ ആഹാരം കഴിക്കാതെ ഗുളിക തരില്ല… വേഗം ഇരുന്ന് കഴിക്കടി അല്ലേൽ എൻ്റേൽ നിന്ന് ഇനിയും വാങ്ങും .. എനിക്ക് ദേഷ്യം വരുന്നുണ്ട്… ” അവൻ അല്പം ശബ്ദമുയർത്തി കൊണ്ട് പറഞ്ഞു “അതിന് എനിക്ക് ചോദിക്കുവാൻ വേണ്ടി ആരും വരില്ല.. അതുകൊണ്ട് സർ പേടിക്കേണ്ട ..എനിക്ക് ആ ഉണ്ടായിരുന്നത് അമ്മയാണ് ..അമ്മ മാത്രം ..അമ്മയും എന്നെ തനിച്ചാക്കി പോയി ..ഇനി എൻ്റെ കാര്യം അന്വേഷിക്കാൻ അമ്മയോളം അടുപ്പമുള്ള ആരും വരാനില്ല ….

ഇനി ഒരിക്കലും അങ്ങനെയാരും വരില്ല… “അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു .. നിറഞ്ഞു തുളുമ്പിയ കണ്ണീരിനെ തുടയ്ക്കാതെ അവൾ വാശിയോടെ നിന്നു.. അതു കേട്ടപ്പോൾ അവന് ഒരു വേദന തോന്നി.. അവളുടെ അവസ്ഥയിൽ സഹതാപം തോന്നി… തനിക്ക് അമ്മയും അച്ഛനും സഹോദരിയും എല്ലാരുമുണ്ട്.. അവൾക്കാരുമില്ലത്രേ… കണ്ണിലെ നിസ്സാഹയത അവൻ്റെ ഉള്ളം പൊള്ളിച്ചു… അതു കൊണ്ട് മനസ്സിൽ ഉയർന്ന് പൊങ്ങിയ ദേഷ്യം അവൻ സ്വയം നിയന്ത്രിച്ചു .. “ശരി താൻ ആദ്യം ഭക്ഷണം കഴിക്ക് എന്നിട്ട് ഗുളിക തരാം. ഞാൻ അത്ര ദുഷ്ട്ടനൊന്നുമല്ല… നീ മര്യാദയ്ക്ക് സത്യം പറഞ്ഞാൽ എനിക്ക് തല്ലേണ്ടി വരില്ലായിരുന്നു…. ഇത്രയുമായിട്ടും വാശിക്ക് കുറവൊന്നുമില്ല… വേഗം കഴിക്ക്… ഓഫീസിൽ നിന്ന് വിളി വന്ന് തുടങ്ങി….

“കസേര നീക്കിയിട്ടു കൊടുത്തു അവളെ പിടിച്ച് അതിലേക്ക് ഇരുത്തി.. രൂക്ഷമായി നോക്കി പ്രതികരിച്ചെങ്കിലും അവൻ അവളെ നോക്കിയതേയില്ല… പ്ലേറ്റ് എടുത്ത് ഭക്ഷണത്തിന് പൊതി അതിനു മുകളിലേക്ക് വച്ച് പൊതി തുറന്ന് കൊടുത്തു.. ജഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളവുമൊഴിച്ച് വച്ചു … അവൾക്ക് വേദന കൂടുന്നുണ്ടായിരുന്നു … വേറെ വഴിയില്ലാതെ അവൾ ആഹാരം കഴിച്ചു തുടങ്ങി .. അതൊടൊപ്പം കണ്ണ് നിറയുന്നുണ്ടായിരുന്നു… ചെറിയ വേദന വായ്ക്കകത്തും ചെവിയും വശത്തും തോന്നിയെങ്കിലും അവൻ്റെ രൂക്ഷമായ നോട്ടത്തിൻ്റെ തീവ്രതയിൽ ചോറുരുളയാക്കി ഇടയ്ക്കിടെ വായിലേക്കിട്ട് വെള്ളം കുടിച്ച് വിഴുങ്ങി…. വിശപ്പില്ല എന്ന് തോന്നിയെങ്കിലും കഴിച്ച് തീർന്നത് അറിഞ്ഞില്ല ..

അവൾ എഴുന്നേറ്റ് കൈ കഴുകി തിരിച്ചു വന്നപ്പോഴേക്കും അവൾക്ക് കഴിക്കാൻ ഉള്ള ഗുളിക അവൻ മേശമേൽ എടുത്തു വച്ചിരുന്നു … ഒന്നും പറയാതെ ഗുളിക എടുത്ത് വായിലേക്ക് ഇട്ടു വെള്ളം കുടിച്ചു .. “ഞാൻ ഇറങ്ങുകയാണ് ഇടയ്ക്ക് വന്ന് അന്വേഷിച്ചു കൊള്ളാം .. പക്ഷേ ഇനി വരുമ്പോ സത്യം പറയണം ഇപ്പോൾ വിശ്രമിക്ക് “… ഇനിയും തല്ല് കൊള്ളേണ്ടതല്ലേ ” എന്ന് പറഞ്ഞ് സഞ്ജയ് പോകാനായി ഇറങ്ങി … “ഹും… തല്ലാൻ തനിക്കാരാ അധികാരം തന്നത്..” ഇനി തല്ലിയാൽ ഞാൻ വെറുതെയിരിക്കില്ല… പോലീസിൽ പരാതി കൊടുക്കും…. ഈ നാട്ടിലും നിയമവും കോടതിയും ഉണ്ട്” അവൾ അൽപം നീരസത്തോടെ പറഞ്ഞു.. “നീ പരാതി കൊടുക്കില്ലാന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട് ” അതുമല്ല ആശുപത്രി റെക്കോഡിൽ നീയെൻ്റെ ഭാര്യയയാണ്”… എനിക്കെതിരെ നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല…

ഇവിടെ ചുറ്റിനും നിൻ്റെ നീക്കങ്ങൾ അറിയാൻ എൻ്റെ ആളുകൾ ഉണ്ട്. നിന്നെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിയും.. അതു കൊണ്ട് കൂടുതൽ മിടുക്ക് കാണിക്കാൻ നിൽക്കണ്ട “ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് അവൻ ഫ്ളാറ്റിൽ നിന്ന് ഇറങ്ങി കാറിൽ കയറി വണ്ടി ഓണാക്കി… അവൾ തിരിഞ്ഞു നോക്കിയത് പോലും ഇല്ല .. അവൾക്ക് അവൻ എങ്ങനെയെങ്കിലും പോയാൽ മതിയെന്നായിരുന്നു …വല്ലാത്തൊരു ശല്യം തന്നെ മുന്നോട്ടും പിന്നോട്ടും വിടുന്നില്ല… കുറച്ച് നേരം കൂടി കഴിഞ്ഞാൽ ചിലപ്പോൾ സത്യം പറഞ്ഞു പോകുമോ എന്ന ഭയം മനസ്സിൽ ഉരുണ്ടു കൂടിയിരുന്നു.. എങ്ങനെയെങ്കിലും പോയാൽ മതി എന്ന ഭാവത്തിൽ അവൾ അവനെ നോക്കി ..

”നോക്കണ്ട പോയാലും ഞാൻ കുറച്ചുകഴിഞ്ഞ് ഞാൻ വരും ..അപ്പോൾ സത്യം പറയണം ഇപ്പോൾ ഒരത്യാവശ്യമായത് കൊണ്ട് ഞാൻ ഓഫീസ് വരെ പോയിട്ട് വരാം … അങ്ങോട്ട് പോയില്ല ഇതുവരെ… പോകാൻ പറ്റിയില്ല … അതെങ്ങനാ രാവിലെ തൊട്ട് നിൻ്റെ പുറകേ ആയിരുന്നല്ലോ.. നീ കാരണം എൻ്റെ ഇന്നത്തെ ദിവസം പോയി കിട്ടി….” എന്ന് പറഞ്ഞ് സഞ്ജയ് വണ്ടി മുൻപോട്ടെടുത്തു…. അവൻ പോയ ഉടനെ അവൾ വാതിൽ അടച്ചു മുറിയിലേക്ക് നടന്നു… കട്ടിലിൽ പതിയെ കിടന്നു… ഗുളിക കഴിച്ചത് കൊണ്ടാവും ഒരല്പം വേദന കുറവുണ്ട്…. രാവിലെ മുതൽ നടന്ന കാര്യങ്ങൾ ഓരോന്നായി ഓർമ്മ വന്നു… ഈ ഒരു ദിവസം കൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത്…

ഒരു സ്വപ്നം പോലെ തോന്നുന്നു… സഞ്ജയ് തന്നെ ഉപദ്രവിച്ചെങ്കിലും ശരിക്കും അയാളോട് ബഹുമാനം തോന്നുന്നു….. സ്വന്തം പെങ്ങളുടെ ജീവിതം ഭദ്രമാണോ എന്ന് അന്വഷിച്ചറിയാനുള്ള മനസ്സ്… പെങ്ങളോടുള്ള സ്നേഹമാണ് എന്നോടുള്ള ദേഷ്യമായി പ്രകടമായത്… എന്നാലും കുറച്ച് മയത്തിലൊക്കെ അടിക്കായിരുന്നു… എന്തൊരു അടിയാ അടിച്ചത്…. ഇതിപ്പോ ആകെ മൊത്തത്തിൽ ശരീരമാസകലം വേദന തോന്നുന്നു…. അമ്മ പോലും എന്നെ ഒന്ന് നുള്ളി നോവിച്ചിട്ട് കൂടിയില്ല.. ഇനി വൈകുന്നേരം വന്നാൽ എന്ത് ചെയ്യും… അപ്പോഴേക്ക് മഹി എല്ലാ പ്രശ്നങ്ങൾക്കും വഴി കാണുമായിരിക്കും… ഒന്നും വേണ്ടായിരുന്നു… മഹിയുടെ സഹായം ഒരിക്കലും സ്വീകരിക്കരുതായിരുന്നു… അമ്മയായിരുന്നു ശരി….

ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും എന്ന് കരുതിയാവും അമ്മ മഹി സഹായിക്കാം എന്ന് പറഞ്ഞ് വന്നിട്ടും ഒരു സഹായവും സ്വീകരിക്കാതിരുന്നത്…. ഇതിപ്പോ ഞാൻ കാരണം മഹിയുടെ ജീവിതം എന്താകുമോ എന്ന് ഓർത്ത് ഒരു സമാധാനവുമില്ല… ഓരോന്നാലോചിച്ച് അവൾ എപ്പോഴോ മയങ്ങിപ്പോയി… ഉറക്കമുണർന്ന് അവൾ എഴുന്നേറ്റപ്പോൾ വൈകുന്നേരം ആയിരുന്നു.. സജ്ഞയ് വരുമല്ലോ എന്നോർത്തപ്പോൾ മനസ്സ് അസ്വസ്ഥമായി… അവൾക്കെങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോ എന്ന് തോന്നി…. പക്ഷേ ഈയവസ്ഥയിൽ എങ്ങോട്ട് പോകും… ഓടിയാലും ഓടിയാലും ഓടി തീരില്ല…. എന്നോർത്തപ്പോൾ നിസ്സഹായതയോടെ കട്ടിലിൽ തന്നെ എഴുന്നേറ്റിരുന്നു… കോളിംഗ് ബെൽ കേട്ടപ്പോൾ ശരീരo പേടി കൊണ്ട് ശക്തമായി വിറച്ചു……. ” തുടരും

ഉറവിടം: ഭാഗം 3

Share this story