അല്ലിയാമ്പൽ: ഭാഗം 12

അല്ലിയാമ്പൽ: ഭാഗം 12

എഴുത്തുകാരി: ആർദ്ര നവനീത്

സൂചിവീണാൽ കേൾക്കാവുന്ന നിശബ്ദത പാലാഴിയിൽ സ്ഥാനം പിടിച്ചു. ഏവരുടെയും ഹൃദയം കുതിച്ചുയർന്ന നിമിഷങ്ങൾ. നിവേദിന്റെ ചെന്നിയിലൂടെ വിയർപ്പുചാൽ ചാലിട്ടൊഴുകി. മഹേശ്വരിയമ്മയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ഏവരുടെയും കണ്ണുകൾ അല്ലിയിലായിരുന്നു. അവളുടെ മറുപടിയെന്തെന്ന ആകാംഷയോ ഭയമോ വേദനയോ ആയിരുന്നു എല്ലാവരിലും നിറഞ്ഞുനിന്നിരുന്നത്. അല്ലിയുടെ മിഴികൾ ആമിയിൽ കോർത്തു. തന്റെ മറുപടിക്കായി അവൾ മുഖത്തേക്ക് ഉറ്റുനോക്കുന്നു. ഒടുവിൽ നിവേദിൽ തറച്ചു. വേദനയോ നിസ്സംഗതയോ ആ മുഖത്തിൽ തെളിഞ്ഞു കണ്ടത്. ഐ ടി ഫീൽഡിലാണ്.. വിറയലോടെ ഇടർച്ചയോടെ അല്ലി പറഞ്ഞു. എന്താ എന്റെ അനിയന്റെ പേര്.. കുസൃതിയോടെ ആമിയുടെ അടുത്ത ചോദ്യം.

ഉള്ളിലെ നൊമ്പരത്തിന് അൽപ്പംപോലും സാന്ത്വനമേകാൻ കഴിയാതെ കണ്ണുനീർ ഒഴുകിയിറങ്ങി. അല്ല.. ആമിമോൾ ജീവനോടെയുണ്ട്. അപ്പോൾ അന്ന് ആമിമോളെന്ന് കരുതി അടക്കം ചെയ്തത് ആരെയാ… അംബിക ഇടപെട്ടു. എല്ലാവരും അപ്പോഴാണ് അതോർത്തത്. ആമിയുടെ വരവിന്റെ ഞെട്ടലിൽ അക്കാര്യം ഓർമ്മയിൽ തെളിഞ്ഞില്ലെന്നതാണ് യാഥാർഥ്യം. ആമിയുടെ നെറ്റി ചുളിഞ്ഞു. അടക്കം ചെയ്തെന്നോ… ആരെ.? അതിന് മാത്രം അന്ന് എന്താ സംഭവിച്ചത്. ആമി ഉത്ഖണ്ഠപ്പെട്ടു. അല്ലിയുടെ ഹൃദയം പൊടിഞ്ഞു. അന്നത്തെ അപകടത്തിന്റെ നഷ്ടങ്ങൾ ഓരോന്നായി അവൾക്ക് മുൻപിൽ മിഴിവോടെ തെളിഞ്ഞുവന്നു. വെള്ളപുതപ്പിച്ചു കിടത്തിയ മൂന്ന് ശവശരീരങ്ങൾ. പുകയുന്ന കുന്തിരിക്കത്തിന്റെയും സാംബ്രാണിയുടേയും ഗന്ധം തന്നെ പൊതിയുന്നതായി അവൾക്ക് തോന്നി. ആരുവിനെ നെഞ്ചോടമർത്തിക്കൊണ്ട് അവൾ സോഫയിലേക്കിരുന്നു.

അവളുടെ വേദന നിവേദ് കാണുകയായിരുന്നു. ഓടിച്ചെന്ന് അവളെ മാറോട് ചേർക്കണമെന്നുണ്ടായിരുന്നിട്ടും അവൻ നിസ്സഹായനായി നിന്നുപോയി. എന്താ സംഭവിച്ചത് അന്ന്.. പറയ് ആരെങ്കിലും.. അമ്പരപ്പോടെ ആമി എല്ലാവരെയും മാറിമാറി നോക്കി. പറയാം… ഇന്നല്ല നാളെ. നാളെ എല്ലാം പറയാം ആമീ. നാളെ നമുക്ക് പോകാം നിന്റെ വീട്ടിലേക്ക്. അവിടെയുണ്ട് നിന്റെ ചോദ്യത്തിനുള്ള ഉത്തരങ്ങൾ. നിവേദിന്റെ ഉറച്ചസ്വരം അവിടെ മുഴങ്ങി. അതാകുമ്പോൾ അച്ഛനും അമ്മയ്ക്കും സർപ്രൈസും ആകും. ആമി സന്തോഷത്തോടെ പറയുമ്പോൾ പിടയുന്ന നെഞ്ചോടെ അല്ലി ഇരിക്കുകയായിരുന്നു. നാളെ ഒരു ദിവസം.. അല്ലി കണ്ണുകൾ ഇറുകെയടച്ചു. നീയിന്ന് ഇവിടെയല്ലേ. നിന്റെ ഹസ്ബൻഡ് വരില്ലേ.. ആമി അടുത്ത ചോദ്യമെറിഞ്ഞു.

ഇല്ലെന്ന് അല്ലി യാന്ത്രികമായി തലയനക്കി. നാളെ കാണാമല്ലോ എല്ലാവരെയും. നീ വിളിച്ചു പറയണേ നാളെ വീട്ടിലേക്ക് വരാൻ. ആമിയുടെ വാക്കുകളിൽ സന്തോഷം തുളുമ്പി നിന്നു. അല്ലി ശിലപോലിരുന്നതേയുള്ളൂ. ഭക്ഷണം ആമി ആസ്വദിച്ചു കഴിക്കുമ്പോഴും ഒരു വറ്റുപോലും ഇറക്കാനാകാതെ അല്ലിയും നിവേദുo മഹേശ്വരിയമ്മയും ഇരുന്നു. നീയിതെന്താ വിരൽകൊണ്ട് ചിക്കിക്കളിക്കുന്നോ.. കഴിക്കെടീ ആമി ശാസിച്ചു. അംബികേച്ചിയുടെ കൈയിലിരുന്ന ആരു അപ്പോഴാണ് കരഞ്ഞത്. അതുകൊണ്ടുതന്നെ മോനെ എടുക്കാമെന്ന് പറഞ്ഞ് അല്ലി എഴുന്നേറ്റു. അല്ലി മോനെയുമെടുത്ത് മുകളിലേക്ക് നടന്നു. മോനുമായി അവൾക്ക് നല്ല അടുപ്പമാ അല്ലേ.. ആമി നിവേദിനെ നോക്കി. മ്.. അതെങ്ങനെയാ മോന് അവളോട് ഇത്രയും അടുപ്പം. അവനെ നോക്കിവളർത്തിയത് അല്ലിയായത് കൊണ്ട്..

ദേഷ്യത്തോടെ മറുപടി പറഞ്ഞ് എഴുന്നേറ്റുപോകുന്ന മഹേശ്വരിയമ്മയെ നോക്കി ഒന്നും മനസ്സിലാകാതെ ആമി ഇരുന്നു. ഫ്ലാസ്കിലെ ചൂടുവെള്ളം ഉപയോഗിച്ച് മോനുവേണ്ടി അല്ലി സെറിലാക്ക് കുറുക്കി. അവനെ ദേഹം കഴുകി ഉടുപ്പ് മാറ്റിയശേഷം സെറിലാക്ക് കഴിപ്പിച്ചു. അപ്പോഴും അവളുടെ കണ്ണുകൾ തോരാതെ പെയ്യുന്നുണ്ടായിരുന്നു. തന്റെ കുഞ്ഞിക്കൈയുപയോഗിച്ച് ആരു അവളുടെ കണ്ണുനീർ തുടയ്ക്കാൻ ശ്രമിച്ചു. മ്മാ.. എന്റെ വാവേ.. ഹൃദയം നുറുങ്ങുന്ന വ്യഥയോടെ അവളവനെ മാറോട് ചേർത്തു. നിന്റെ അമ്മ വന്നെടാ മോനേ. ആമിയാ മോന്റെ അമ്മ. ഈ അല്ലി വീണ്ടും നിന്റെ ചിറ്റയായി. ഭാഗ്യമില്ലാത്തോളാ അല്ലി. എന്തിനാ ദേവീ.. എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്. എന്റേതല്ലെന്ന് മനസ്സിലാക്കി മറക്കാൻ ശ്രമിച്ചിട്ടല്ലേയുള്ളൂ ഞാൻ. ആർക്കും ഒരു കരടാകാതെ ഒതുങ്ങി കഴിയാനല്ലേ ആഗ്രഹിച്ചത്.

ആദ്യമെന്റെ അച്ഛനെയും അമ്മയെയും വിധിയുടെ പരിവേഷം നൽകി നീ തട്ടിയെടുത്തു. എന്നിട്ടും അനാഥയായിട്ടും.. നീ നൽകിയ ജീവൻ അവസാനിപ്പിക്കാതെ ജീവിക്കാൻ തുടങ്ങിയ എന്നെ നീ വീണ്ടും പരീക്ഷിച്ചു. ഒടുവിൽ ആരെയാണോ ആദ്യമായി പ്രണയിച്ചത്… എന്റെ ഹൃദയത്തോട് അല്ലി ചേർത്തുവച്ചത് അയാൾ തന്നെ കഴുത്തിൽ താലി ചാർത്തി. അതും വിധിയായിരുന്നോ. ആ മനസ്സിന്റെ കോണിൽപ്പോലും അല്ലിയില്ലെന്ന് അറിഞ്ഞപ്പോൾ പൂർണ്ണമനസ്സോടെയല്ലേ ദേവീ ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചത്. വേദനകളും നോവും എന്നിൽ തന്നെ കുഴികുത്തി മൂടാനല്ലേ ഞാൻ ശ്രമിച്ചിട്ടുള്ളൂ. ഈ കുഞ്ഞിന്റെ ചിറ്റയായി അവനെ അവന്റെ അച്ഛനെയേൽപ്പിക്കാനല്ലേ ഞാൻ ശ്രമിച്ചത്. എന്തിനാ.. എന്തിനാ നീ ആ മനസ്സിൽ ഈ പെണ്ണിനോടുള്ള പ്രണയം വളർത്തിയത്.

എന്തിനാ അല്ലിയെ എന്റെ നിവേദേട്ടനോട്‌ ചേർത്തുവച്ചത്. ആ മനസ്സും പിടയുകയല്ലേ. വേദനിക്കുകയല്ലേ ആ പാവം മനുഷ്യനും. ജീവനേക്കാളേറെ സ്നേഹിച്ച രണ്ടു പെൺകുട്ടികൾ. അവർ രണ്ടുപേരും മുൻപിൽ നിൽക്കുമ്പോൾ ആരെ സ്വീകരിക്കണമെന്നും ആരെ ചേർത്തു പിടിക്കണമെന്നും വിഷമിച്ച് നീറുകയല്ലേ ആ പാവവും. ഈ കുരുന്നിനെക്കൊണ്ടുപോലും എന്തിനാ അമ്മേ എന്ന് വിളിപ്പിച്ച് അതിന്റെ മനസ്സിൽ അമ്മയായി എന്നെ പ്രതിഷ്ഠിച്ചത്. എല്ലാം ഇങ്ങനെ തട്ടിത്തെറിപ്പിക്കാൻ ആയിരുന്നെങ്കിൽ എന്തിനാ നീയെനിക്ക് സന്തോഷം നൽകിയത്. ഒടുവിൽ എന്റെ… ബാക്കി പറഞ്ഞു മുഴുവിപ്പിക്കാനാവാതെ അവൾ തന്റെ ഉദരത്തിലേക്ക് കൈചേർത്തു. അല്ലീ.. വേദന നിറഞ്ഞ സ്വരം. ഒരു ചെറുആശ്വാസമായ് കുളിർതെന്നൽ തന്നെ തഴുകി കടന്നുപോയതുപോലെ.

അല്ലി പിടഞ്ഞെഴുന്നേറ്റു. മണിക്കൂറുകൾക്ക് മുൻപ് വരെ കുസൃതിയോടെ തന്നെ ചേർത്തുപിടിച്ചവനാണ്. ഒരു ജന്മത്തിലേക്കുള്ള സന്തോഷം മുഴുവൻ നല്കണമെന്നാശിച്ച് സന്തോഷവാർത്ത അറിയിക്കാൻ ആഗ്രഹിച്ചതാണ്. അല്ലിയിലേക്ക് ചേർത്തുവച്ച മനുഷ്യനാണ്.. അല്ലിയുടെ പ്രാണനാണ് നീറുന്ന മനസ്സുമായി മുന്നിൽ നിൽക്കുന്നത്. ഒരുനിമിഷത്തേക്ക് അവൾ എല്ലാം വിസ്മരിച്ചു. ആമിയെപ്പറ്റിയവൾ ഓർത്തില്ല. ഓടിച്ചെന്ന് ആ മാറിൽ ചായണമെന്നും ആ കൈകളെടുത്ത് ഉദരത്തിൽ ചേർത്ത് ആ ജീവാംശം ഉള്ളിൽ തുടിക്കുന്നുവെന്നറിയിക്കാനും അവൾ വല്ലാതെ കൊതിച്ചു. വല്ലാതെ… അല്ലിയുടെ കാലുകൾ മുന്നോട്ട് ചലിച്ചു. ആഹാ.. നീയിവിടുണ്ടായിരുന്നോ. ആമിയുടെ സ്വരം കേട്ട് അല്ലി ഞെട്ടി. . മോനുറങ്ങിയോ.. ആമി അരുമയായി അവന്റെ നെറുകയിൽ തലോടി. അല്ലിയുടെ കൈയിൽനിന്നും മെല്ലെയവനെ വാങ്ങി തന്റെ മാറോട് ചേർത്തു.

ഉറക്കത്തിൽ ഒന്ന് ചിണുങ്ങിയെങ്കിലും വീണ്ടുമവൻ ശാന്തനായി. അല്ലിയുടെ ഹൃദയം പിടഞ്ഞു. തന്നിൽ നിന്നെന്തോ അറുത്തുമാറ്റുന്നതുപോലെ അവൾ വല്ലാതെ.. വല്ലാതെ വേദനിച്ചു. ആമി മെല്ലെയവനെ തൊട്ടിലിലേക്ക് കിടത്താൻ തുനിഞ്ഞു. മോൻ തൊട്ടിലിൽ കിടക്കില്ല. ബെഡിൽ കിടത്തിയാൽ സുഖമായുറങ്ങും.. അല്ലി പെട്ടെന്ന് തടഞ്ഞു. ആമിയുടെ മുഖമൊന്ന് മാറി. എങ്കിലും അത് പുറത്തുകാണിക്കാതെയവൾ മോനെ ബെഡിലേക്ക് കിടത്തി. അവനെ പുതപ്പിച്ചശേഷം അൽപ്പസമയം അവനെ തന്നെ നോക്കിയിരുന്നു. അമ്മ പറഞ്ഞു എല്ലാം.. ആമി വീണ്ടും അല്ലിയുടെ നേർക്ക് തിരിഞ്ഞു. അല്ലി ഞെട്ടലോടെ നിവേദിനെ നോക്കി. അവൻ മനസ്സിലാകാത്തതുപോലെ ആമിയെ നോക്കുന്നുണ്ടായിരുന്നു. നീയാണ് മോനെ നോക്കിയതെന്ന്. മോൻ നിന്റെ കൂടെയാകും നിന്നതല്ലേ.

നിന്റെ ഹസ്ബൻഡ് അപ്പോൾ നല്ലവനാകും. അതല്ലേ കുഞ്ഞിനെ അക്‌സെപ്റ്റ് ചെയ്തത്. അല്ലി അവളെ പകപ്പോടെ നോക്കി നിന്നു. അവളുടെ ഓരോ വാക്കുകളും തീക്കൊള്ളി കൊണ്ടുള്ള പൊള്ളലിന് സമാനമാണെന്ന് അല്ലിക്ക് തോന്നി. സാരമില്ല.. ഇനി ഞാനുണ്ടല്ലോ. ഞാൻ നോക്കിക്കോളാം ഇനിയെന്റെ മോനെ. ഒരുപാട് ബുദ്ധിമുട്ടിയല്ലേ നീ ഞാൻ കാരണം.. ആമി അവളുടെ കവിളിൽ തഴുകി. അല്ലി ഞെട്ടി പിന്നോക്കം മാറി. തന്റെ മാറിലെ ചൂടേറ്റ് വളർന്നവനാണ് . അവനില്ലാതെ ഒരു നിമിഷം അത് ആലോചിച്ചിട്ടേയില്ല. മ്മാ.. എന്ന് വിളിച്ച് കൊഞ്ചുന്നവനാണ് . ഇനിയവൻ തന്നെ അമ്മേയെന്ന് വിളിക്കില്ലേ. എന്റെ മോൻ ഇനി അന്യനാണോ.. അല്ലി ഓരോ നിമിഷവും നീറുന്ന ഹൃദയവുമായി പിടഞ്ഞുകൊണ്ടേയിരുന്നു. ഒന്ന് പൊട്ടിക്കരയുവാനാകാതെ എന്തിന് കണ്ണുനീർത്തുള്ളികൾക്ക് വിട നല്കാനാകാതെ.. ഒന്ന് ചിരിക്കുവാൻ പോലും കഴിയാതെ അവൾ നിലകൊണ്ടു.

സമയമൊരുപാടായി നീ കിടക്കുന്നില്ലേ. ഗസ്റ്റ്‌റൂം ബെഡ് ഞാൻ വിരിച്ചിട്ടിട്ടാണ് വന്നത്. പോയുറങ്ങിക്കോ. ആമി പുഞ്ചിരിയോടെ പറഞ്ഞു. ശ്വാസം എടുക്കാനാകാതെ അവൾ ആമിയെ തുറിച്ചുനോക്കി. ഉയർന്നുവന്ന ഗദ്ഗദം തൊണ്ടക്കുഴിയിൽ തടഞ്ഞു നിൽക്കുന്നു. ഇതിൽ കൂടുതൽ ഒരു പെണ്ണിന് ഇനിയെന്ത് അനുഭവിക്കാൻ. രണ്ട് സ്ത്രീകൾ. ഒരു പുരുഷൻ താലി ചാർത്തിയ രണ്ട് സ്ത്രീകൾ. നിസ്സഹായനായി എന്ത് ചെയ്യണമെന്നറിയാതെ അവൻ നിൽക്കുന്നു. ലോകത്ത് ഒരു പെണ്ണിനും ഈ അവസ്ഥയുണ്ടാകരുതേയെന്നവൾ അലറിക്കരഞ്ഞു ഉള്ളിന്റെയുള്ളിൽ. ഹൃദയം പോലും മരവിച്ചിരിക്കുന്നു. ഒന്ന് സംസാരിക്കുവാനോ ചലിക്കുവാനോ പോലും കഴിയാതെ മനസ്സ് മന്ദീഭവിച്ചിരിക്കുന്നു. സ്വയം അവജ്ഞ തോന്നി. ഭാര്യ.. ആദ്യമായി അവളാ പദംപോലും വെറുത്തുപോയി.

മരവിച്ചുപോയ കാലുകൾ വലിച്ചെടുത്ത് ഇടറുന്ന ചുവടുകളോടെ എല്ലാത്തിലുമുപരി തകർന്നടിഞ്ഞ മനസ്സോടെയവൾ മുന്നോട്ട് നടന്നു. തന്റെ മോനും നിവേദേട്ടനും. അവരെ പിരിയുകയാണോ. അവരിൽ നിന്നെല്ലാം താൻ അകലുകയാണോ. അല്ലി വീണ്ടും അനാഥയായി. അർഹിക്കാത്ത സൗഭാഗ്യങ്ങൾ കൈവന്നപ്പോൾ അമിതമായി സന്തോഷിച്ചിരുന്നോ. അതിന് നൽകിയ ശിക്ഷയാണോ ഇത്. ഇതിലും ക്രൂരമായ മറ്റൊരു ശിക്ഷ.. അങ്ങനെയൊന്നുണ്ടോ. ഒന്ന് ചേർത്തുപിടിക്കാൻ പോലും ആരുമില്ലാത്തവളായി മാറിയില്ലേ അല്ലി. അവളുടെ കൈ ഉദരത്തോട് ചേർന്നു. ഇല്ല.. അല്ലിക്ക് സ്വന്തമായുള്ള ഒരേയൊരാൾ. തന്റെ പ്രാണൻ നൽകിയ സമ്മാനം. തന്റെ നിവേദേട്ടന്റെ കുഞ്ഞ്.

വാതിലിന് പുറത്തേക്കിറങ്ങി അവളൊന്ന് തിരിഞ്ഞുനോക്കി. നിവേദിന്റെ നെഞ്ചോട് ചേർന്ന് ആമി നിൽക്കുന്നു. അവളുടെ കരങ്ങൾ അവനെ ചുറ്റിയിട്ടുണ്ട്. വീണ്ടും വീണ്ടും മുറിപ്പെടുകയാണ് ഹൃദയം. വാർന്നൊഴുകുകയാണ് ആ മുറിവിൽനിന്നും രക്തം. ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്ത കാഴ്ച. കണ്ണുകൾ ഇറുകെയടച്ചു. കരഞ്ഞുകരഞ്ഞ് കണ്ണുകൾ നീറിപ്പുകയുന്നു. അതിലേറെ മനസ്സും.. എങ്കിലും മത്സരിച്ചൊഴുകിയ കണ്ണുനീർത്തുള്ളികൾ കവിളിലൂടെ ചാലിട്ടൊഴുകി. അതിനുപോലും അവളുടെ വേദനയെ.. നീറുന്ന മനസ്സിനെ അൽപ്പവും തണുപ്പിക്കാനായില്ല…..(തുടരും )

അല്ലിയാമ്പൽ: ഭാഗം 11

Share this story