ഉറവിടം: ഭാഗം 7

ഉറവിടം: ഭാഗം 7

എഴുത്തുകാരി: ശക്തി കല ജി

സഞ്ജയ് തൻ്റെ കവിളിൽ തലോടി… എന്ത് സ്നേഹത്തോടെ കഴിഞ്ഞതാണ്…. എത്ര പെട്ടെന്നാണ് കലഹം തുടങ്ങിയത്….. മീനാക്ഷി ഇവിടേക്ക് വന്നത് കൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ…. ഒരു പക്ഷേ വരാതിരുന്നെങ്കിൽ.. അവൻ വലത് കരം നെഞ്ചോട് ചേർത്ത് പിടിച്ചു…… ഹൃദയം വേദനിക്കുന്നുണ്ട്.. അതിനുള്ളിൽ ചോര പൊടിയുന്നുണ്ട്…. എന്തുകൊണ്ടാണ്.. അവൾ കാരണം തൻ്റെ പെങ്ങൾ വേദനിക്കുമോ എന്ന ഭയം.. പക്ഷേ മഹിക്കും ഇത് പോലെ തന്നെയാവും വേദനിച്ചിട്ടുണ്ടാവുക…. അവൻ്റെ അമ്മയുടെ വയറ്റിൽ പിറന്നതല്ലെങ്കിലും അച്ഛൻ്റെ ചോരയല്ലെ അവൾ.. അവൻ്റെ പെങ്ങൾ…..

അവൻ കണ്ണടച്ച് സീറ്റിലേക്ക് ചാരിയിരുന്നു… കുറച്ച് ദിവസത്തെ ലീവ് എഴുതി കൊടുത്തിട്ട് നാട്ടിലേക്ക് പോയി… സിന്ധ്യയോട് കാര്യങ്ങൾ ഒന്നും പറഞ്ഞില്ല… മഹിയായിട്ട് പറയുന്നെങ്കിൽ പറയട്ടെ…. അമ്മയോട് ചെറുതായി സൂചിപ്പിച്ചു…. മറ്റൊരാൾ പറഞ്ഞ് അറിയുന്നതിനേക്കാൾ നല്ലത് താൻ പറയുന്നത് എന്ന് തോന്നിയത് കൊണ്ട് അച്ഛനോട് വിശദമായി തന്നെ പറഞ്ഞു… “ഇതിപ്പോ എന്ത് ചെയ്യാനാണ് മോനെ… കുടുംബം നല്ല കുടുംബം തന്നെ…. അവർ പരസ്പരം ഇഷ്ട്ടപ്പെട്ടു പോയില്ലെ…. ഇനി മാറ്റി ചിന്തിക്കേണ്ട കാര്യമില്ല… പിന്നെയീ മാറ്റ കല്യാണം വേണ്ട… അത് ഭാവിയിൽ ചിലപ്പോ പ്രശ്നങ്ങളുണ്ടായേക്കാം… അതുമല്ല ആ കുട്ടി ഡിഗ്രിക്ക് പഠിക്കുന്നതല്ലേയുള്ളു… ” അച്ഛൻ പറഞ്ഞു… ” ശരിയാ ഞാനത് അച്ഛനോട് അങ്ങോട്ട് പറയാനിരിക്കയായിരുന്നു….

അച്ഛൻ ഈക്കാര്യം മഹീടെ അച്ഛനെ വിളിച്ച് പറഞ്ഞാൽ മതി… “… എന്ന് പറഞ്ഞ് സഞ്ജയ് എഴുന്നേറ്റു… ” നിൻ്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ ” അച്ഛൻ കുസൃതിയോടെ ചോദിച്ചു… ” ഇത് വരെയില്ല… ഇനി അങ്ങനെയൊരാൾ വരുമോ എന്നറിയില്ല…” സഞ്ജയ് തൻ്റെ വലത് കരം നെഞ്ചോട് ചേർത്ത് കൊണ്ട് പറഞ്ഞു… ” ഉം…. അതറിഞ്ഞാൽ മതി…. സിന്ധ്യയുടെ വിവാഹം കഴിയും മുന്നേ നിൻ്റെ നടത്തണമെന്നാ നിൻ്റെ പെങ്ങളുട്ടി പറയുന്നത്…” അവൾക്ക് നാത്തൂൻ പോര് നടത്തണമത്രേ” … നിൻ്റെ സമ്മതത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ് “അമ്മയാണ് പറഞ്ഞത്… “ഹേയ് അതൊന്നും ശരിയാവില്ലമ്മാ…” സഞ്ജയ് ഉടൻ മറുപടി പറഞ്ഞുകൊണ്ട് പോകാൻ ഒരുങ്ങിയതും സിന്ധ്യ ഓടി വന്ന് അവൻ്റെ ഇടം കൈയ്യിൽ പിടിത്തമിട്ടു…. ” അങ്ങനെ പറയല്ലേ ഏട്ടാ പ്ലീസ്…” അവൾ കെഞ്ചി.. അവൾ പറഞ്ഞാൽ അവന് അനുസരിക്കാതിരിക്കാനാവില്ല…. തൻ്റെ പ്രാണനാണ്… അവളുടെ ഏതാഗ്രഹവും സാധിച്ച് കൊടുക്കാൻ തയ്യാറാണ്….

അവൻ്റെ പുഞ്ചിരി വിടർന്ന മുഖം സമ്മതം എന്നവർ മനസ്സിലാക്കി… ഒരാഴ്ച വീട്ടിൽ നിന്നപ്പോഴേക്ക് അവൻ്റെ മനസ്സ് തണുത്തു…. പഴയ വീട് നില നിർത്തി കൊണ്ട് പുതുക്കി പണിത വീടാണ്…. അച്ഛൻ്റെ ഇഷ്ട്ടപ്രകാരമാണ് ഒരോന്നുo പണിതിരിക്കുന്നത്….. മുറ്റത്തെ കുഞ്ഞു ആമ്പൽ കുളത്തിൽ പല തരം ആമ്പൽ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നുണ്ട്…. മുറ്റത്തെ ആമ്പൽ കുളത്തിനരുകിൽ നിന്നാൽ മഹിയുടെ തറവാട് കാണാം…. ഇപ്പോൾ തറവാട്ടിൽ മഹിയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ് താമസം…. മഹിയുടെ അച്ഛൻ പേര് കേട്ട വയലിനിസ്റ്റ് ആണ്… അമ്മ പാട്ട്കാരിയും.. പ്രൊഫഷൻ സൗകര്യത്തിനായി അവർ എറണാകുളത്താണ് താമസം… വർഷം ഒരിക്കൽ ഉത്സവത്തിന് നാട്ടിൽ എല്ലാരും ഒത്ത് കൂടുമായിരുന്നു…..

കുഞ്ഞിലത്തെ ഓർമ്മകളാണ് എല്ലാം…. ഇപ്പോൾ ജോലിയും തിരക്കും കൂടിയതിൽ പിന്നെ എല്ലാരും കൂടിയുള്ള ഒത്തുകൂടൽ കുറവാണ്…. പക്ഷേ ആരു വന്നാലും വന്നില്ലെങ്കിലും മഹി വരുo…. ആ വരവിലാണ് സിന്ധ്യയെ കാണുന്നതും പിന്നെ കുറച്ച് ദിവസങ്ങൾ അവർ മറ്റൊരു ലോകത്താണ്…. .❤❤❤❤❤❤❤❤❤❤❤❤❤❤❤❤ മീനാക്ഷിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു… ഓരോന്ന് ആലോചിച്ച് ഭ്രാന്ത് പിടിക്കുമോ എന്ന് തോന്നി….. മഹി കാബിനിലേക്ക് വന്നതും അവൾ എഴുന്നേറ്റു.. അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു… മഹി ആശ്വാസവാക്കുകൾ പറഞ്ഞെങ്കിലും അവയൊന്നും അവളുടെ മനസ്സിനെ തണുപ്പിച്ചില്ല…. എങ്ങനെയെങ്കിലും മഹിയുടെയും സഞ്ജയ് സാറിൻ്റെയും പിണക്കം മാറ്റണം….

അതിന് ഒരു വഴി കണ്ടു പിടിക്കണം… ദിവസങ്ങൾ കടന്ന് പോയെങ്കിലും മനസ്സിലെ ആശങ്കകൾ കൂടി വരുന്നുണ്ടായിരുന്നു… അന്ന് വന്നിട്ട് മഹി തിരിച്ച് പോയില്ല.. സഞ്ജയ് നാട്ടിൽ പോയത് കൊണ്ട് തൽക്കാലം ഒരു ആശ്വാസം തോന്നിയെങ്കിലും നാട്ടിൽ പോയി പ്രശ്നമുണ്ടാക്കുമോ എന്ന ഭയവും അവളുടെ മനസ്സിൻ്റെ കോണിൽ നീറി പുകയുന്നുണ്ടായിരുന്നു…… രണ്ടു ദിവസത്തിലൊരിക്കൽ ആശുപത്രിയിൽ പോയി മരുന്ന് വച്ച് കെട്ടാൻ പോകുമ്പോൾ അവിടുത്തെ നഴ്സുമായി നല്ല സൗഹൃദത്തിലായി… സൗഹൃദ സംഭാഷണങ്ങളിൽ നിന്നും നഴ്സിൻ്റെ പേര് ആര്യ എന്നാണെന്ന് മനസ്സിലാക്കി…..മുറിവൊക്കെ കരിഞ്ഞു തുടങ്ങിയതും അവസാനമായി ആശുപത്രിയിൽ ചെന്ന ദിവസo നഴ്സ് ഇടയ്ക്ക് വിളിക്കാം എന്ന് പറഞ്ഞ് അവളുടെ കൈയ്യിൽ നിന്നും ഫോൺ നമ്പർ വാങ്ങി… ഒരാഴ്ചയ്ക്ക് ശേഷം സഞ്ജയ് തിരികെ വന്നു…..

പരസ്പരം നടന്നതൊക്കെ മറന്ന ഭാവത്തിൽ തന്നെ ഇരുന്നു….. ഒഫീഷ്യലായി മാത്രം സംസാരം ഒതുങ്ങി….. സഞ്ജയും മഹിയും തമ്മിലുള്ള സംസാരo കുറഞ്ഞു… അഥവാ സംസാരിച്ച് തുടങ്ങുമ്പോൾ ചെറു വാക്കു തർക്കങ്ങളിലാവും തീരുക…. അങ്ങനെയൊരു തർക്കത്തിനിടയിൽ മഹിയുടെ ഫോൺ താഴെ വീണു പൊട്ടി… ഇതോടെ സഞ്ജയ് പൂർണ്ണമായും ഒഴിഞ്ഞ് മാറി നടന്നു… ഇതൊക്കെ കണ്ട് മീനാക്ഷിയുടെ മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു …ജീവിതത്തിൽ ഒരിക്കലും സമാധാന൦ കിട്ടില്ലായിരിക്കും….. അവൾ കൂടുതൽ അവളിൽ തന്നെ ഒതുങ്ങി… ഒരു ദിവസം ഓഫീസ്സിലേക്ക് ചെന്നപ്പോൾ വൈകുന്നേരം പാർട്ടിയുണ്ട് വെയ്റ്റ് ചെയ്യണമെന്ന് പറഞ്ഞു…. എന്തിൻ്റെ പാർട്ടിയാണ് എന്ന് സഞ്ജയ് സർ പറഞ്ഞില്ല…. കമ്പനി പാട്ട്നറിൻ്റെ വകയാണ് എന്ന് ഓഫീസിലെ മറ്റുള്ളവരുടെ സംസാരത്തിൽ അറിഞ്ഞു…

മഹി പ്രത്യേകം പറഞ്ഞത് കൊണ്ട് പാർട്ടിക്ക് കൂടാതിരിക്കാനും കഴിയില്ല… പകൽ ജോലിയിൽ ശ്രദ്ധിച്ചു… സ്ഞ്ജയ് സാറിനെ കണ്ടതേയില്ല…. വൈകുന്നേരത്തെ പാർട്ടിയുടെ ഒരുക്കങ്ങൾ നോക്കുന്നത് സഞ്ജയ് സാറാണ്…. ഓഫീസ് കെട്ടിടത്തിലെ തന്നെ ഹാളിലാണ് എല്ലാം ഒരുക്കിയിരിക്കുന്നത്…. ഓഫീസ് സ്റ്റാഫ് ൻ്റെ ചെറുതും വലുതുമായ പാർട്ടി ഈ ഹാളിൽ വച്ചാണ് നടത്താറുള്ളത്.. ഉച്ചയ്ക്ക് ഭക്ഷണം ഹാളിൽ ഒരുക്കിയിരുന്നെങ്കിലും കൈയ്യിൽ കൊണ്ടുവന്നത് കളയാൻ മനസ്സ് വരാത്തത് കൊണ്ട് ഞാൻ ക്യാബിനിൽ തന്നെയിരുന്നു കഴിച്ചു…. മഹി ഹാളിൽ ചെന്ന് ഭക്ഷണം കഴിച്ച് വന്നു… ഉച്ചഭക്ഷണം കഴിച്ച് വന്നതിന് ശേഷം മഹി പൊട്ടിയ ഫോൺ ശരിയാക്കി എന്ന് ഓഫീസിലെ ഫോണിൽ കോൾ വന്നു… മഹി അത് വാങ്ങാനായി പോയിട്ട് മൂന്ന് മണി കഴിഞ്ഞാണ് തിരികെ വന്നത്……

വൈകുന്നേരം ആയപ്പോൾ എല്ലാരും ഹാളിലേക്ക് സഞ്ജയ് സർ ക്ഷണിച്ചു…. അവിടെ ചെന്നപ്പോൾ മഹി എൻ്റെ കൈ പിടിച്ച് എറ്റവും പുറകിലത്തെ കസേരയിൽ ചെന്നിരുന്നു… “എന്താ മഹി.. എന്തെങ്കിലും പ്രശ്നമുണ്ടോ” ഞാൻ പരിഭ്രമത്തോടെ ചോദിച്ചു… ” സഞ്ജയുടെ വീട്ടിൽ നിന്ന് എല്ലാരും വന്നിട്ടുണ്ട്… ദാ നോക്കിക്കെ മുൻപിൽ നിൽക്കുന്നതാണ് ദാമേദർ മാമൻ സഞ്ജയുടെ അച്ഛൻ… പിന്നെ അടുത്ത് നിൽക്കുന്നത് ദേവികാമ്മയും സിന്ധ്യയും “മഹി അവരെ ചൂണ്ടി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…. അവൾക്ക് വല്ലാത്ത ഭയം തോന്നി… പരിഭ്രമത്തോടെ മുഖത്തേക്ക് ഷാൾ ഒന്നൂടി വലിച്ചിട്ടു…. “എനിക്ക് പോണം മഹി… ഞാൻ പോട്ടെ… എനിക്ക് എന്തോ ഒരു പേടി… ഞാൻ കാരണം വീണ്ടും ഒരു പ്രശ്നമുണ്ടാവാൻ പാടില്ല ” എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റതും മഹി എൻ്റെ കൈയ്യിൽ പിടിച്ച് കസേരയിൽ ഇരുത്തി..

“എത് വഴിപോകും… മുൻപിൽ ഒരു വഴിയേ ഉള്ളു… അതും അവരുടെ മുൻപിൽ കൂടി വേണം ഇറങ്ങി പോകാൻ…. എന്തായാലും ഇവിടെ ഇരിക്കാം… വരുന്നത് പോലെ വരട്ടെ” എന്ന് പറഞ്ഞ് മഹി തല അല്പം താഴ്ത്തി ഇരുന്നു.. ഇതേ സമയം സിന്ധ്യ അവളുടെ കൈയ്യിൽ ഫോൺ മുറുകെ പിടിച്ചിരുന്നു… അവളുടെ മിഴികൾ മുൻപിൽ കസേരകളിൽ നിരന്നിരിക്കുന്ന ആളുകളിലേക്ക് പരതുകയായിരുന്നു….. അവൾ തേടിയ ആളെ കാണാഞ്ഞതും ആ മിഴികളിൽ നിരാശ പടർന്നു…. അവൾ ഫോൺ മുഖത്തിന് നേരെ പിടിച്ചു.. മഹിയുടെ നമ്പറിലേക്ക് കോൾ ചെയ്തു…… മഹിയുടെ ഫോൺ റിംഗ് ചെയ്ത ശബ്ദം കേട്ട് ഞെട്ടിയത് മീനാക്ഷിയാണ്…. ” ഇവിടെ തന്നെ ഇരിക്കണം… സിന്ധ്യ വിളിക്കുന്നു…

ഞാൻ അവളുടെ അടുത്ത് ഒന്ന് പോട്ടെ… അല്ലേൽ പെണ്ണിപ്പോ ബഹളം തുടങ്ങും “മഹി ഫോണിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു.. അവൻ മുഖമുയർത്തി നോക്കി… അവൻ്റെ മുഖത്ത് സന്തോഷം വിടർന്നു…. ” അച്ഛൻ” മഹിയുടെ ചുണ്ടുകൾ മന്ത്രിച്ചതും മീനാക്ഷി ഞെട്ടലോടെ അവൻ നോക്കിയ ഭാഗത്തേക്ക് നോക്കി… വെള്ള ഷർട്ടും മുണ്ടുo ധരിച്ച് മുഖത്ത് നിറഞ്ഞ പുഞ്ചിരിയോടെ മഹിയെ കൈ വീശി കാണിക്കുന്ന അച്ഛനെ കണ്ടു… അവൾക്ക ഒരു വട്ടമെങ്കിലും അടുത്ത് ചെന്ന് കാണണമെന്ന് കൊതി തോന്നി… അപ്പോഴേക്ക് സിന്ധ്യ ഓടി മഹിയുടെ അരികിൽ എത്തിയിരുന്നു…… മീനാക്ഷി ഒരു വശത്തേക്ക് മാറി നിന്നു.. “എത്ര തവണ വിളിച്ചു… ഫോൺ പൊട്ടി നന്നാക്കാൻ കൊടുത്തിരിക്കുകയാണ് എന്ന് ഇവിടെ വന്ന് കഴിഞ്ഞാ അറിഞ്ഞത്… ഏട്ടൻ്റെ വിവാഹ നിശ്ചയമാണ് ഇന്ന് .. നിങ്ങളുടെ കമ്പനി പാട്ട്നറുടെ മകളുമായി…. ഞങ്ങൾ എത്ര തവണ വിളിച്ച് നോക്കി എന്നറിയുമോ” എന്ന് പറഞ്ഞ് സിന്ധ്യ മഹിയുടെ നെഞ്ചിലേക്ക് മുഖം ചേർത്തു….. മീനാക്ഷിയുടെ മിഴികൾ അച്ഛനിൽ തന്നെ തങ്ങി നിന്നു…. അവൾക്ക് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി….. സിന്ധ്യ മഹിയുടെ കൈപിടിച്ച് മുൻപോട്ട് അവരുടെ മറവിൽ അവൾ ഹാളിൽ നിന്നുo പുറത്തേക്കിറങ്ങി……. ” തുടരും

ഉറവിടം: ഭാഗം 6

Share this story