അല്ലിയാമ്പൽ: ഭാഗം 13

അല്ലിയാമ്പൽ: ഭാഗം 13

എഴുത്തുകാരി: ആർദ്ര നവനീത്

നിവേദ് കണ്ണുകൾ ഇറുകെയടച്ചു. അവന്റെ മിഴികളെ ചുട്ടുപൊള്ളിച്ചുകൊണ്ട് മിഴിനീർക്കണങ്ങൾ താഴേക്ക് പതിച്ചു. നെഞ്ച് വല്ലാതെ വേദനിക്കുന്നത് പോലെ. തന്നെ പുണർന്നുനിൽക്കുന്ന ആമിയെ മെല്ലെയവൻ തന്നിൽ നിന്നുമടർത്തി മാറ്റി. ആമി അമ്പരപ്പോടെ അവനെ മിഴിച്ചുനോക്കി. അവന്റെ ശ്രദ്ധ തന്നിലല്ലെന്നും എന്തിന് ആ മനസ്സുപോലും തനിക്കരികിലില്ലെന്നുമവൾ മനസ്സിലാക്കി. ആമിയെയൊന്ന് നോക്കുകപോലും ചെയ്യാതെ നിവേദ് ബാൽക്കണിയിലേക്കിറങ്ങി. ദീർഘമായൊന്ന് നിശ്വസിച്ചശേഷം അവൾ അലമാര തുറന്നു. അവൾ സംശയത്തോടെ അതിനുള്ളിലേക്ക് ഉറ്റുനോക്കി. സാരികളാണ് കൂടുതലും. സാരി അധികം ഉപയോഗിക്കാത്തതിനാൽ അത് വാങ്ങാറുമില്ലായിരുന്നു.

നിവേദേട്ടൻ ഇഷ്ടപ്പെട്ട് വാങ്ങിത്തരുന്നവ പോലും ഉപയോഗിക്കാതെ അടുക്കി വായിച്ചിട്ടേയുള്ളൂ. സ്കർട്ടുകളും ടോപ്പുകളുമൊന്നും കാണുന്നില്ല . സംശയത്തോടെ നെറ്റിചുളിച്ചുകൊണ്ട് അവൾ അടിയിൽനിന്നും ഒരു ചുരിദാർ വലിച്ചെടുത്തശേഷം ബാത്റൂമിലേക്ക് നടന്നു. പുറത്ത് പെയ്യുന്ന മഴയുടെ ഭാവത്തെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു നിവേദ്. വെള്ളിനൂലുകൾ പോലെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അവ പെയ്തിറങ്ങുന്നു ഭൂമിയെ തണുപ്പിക്കാനായി. അലച്ചുപെയ്യുന്ന മഴയുടെ നേർത്ത തണുപ്പിനുപോലും തന്റെ ഉള്ള് ശാന്തമാക്കുവാൻ കഴിയുന്നില്ല. അല്ലിയുടെ മുഖമാണ് മനസ്സുനിറയെ.. അവളുടെ വേദനിക്കുന്ന കണ്ണുനീരിൽ കുതിർന്ന മുഖം മിഴിവോടെ മുൻപിൽ തെളിയുകയാണ്.

താൻ പോലുമറിയാതെ തന്നെ പ്രണയിച്ചിരുന്നവളാണ്. സ്വന്തമാകില്ലെന്നറിഞ്ഞപ്പോൾ ആരോടും പറയാതെ എല്ലാ വേദനകളും ഉള്ളിലൊതുക്കിയവൾ. ഉള്ളിൽ കരയുമ്പോൾ പുറമേ പുഞ്ചിരിയുടെ മുഖാവരണമണിഞ്ഞ് അഭിനയിക്കാൻ പഠിച്ചവൾ. നിവേദിന്റെ മനസ്സിൽ അന്നത്തെ രാത്രി തെളിഞ്ഞുവന്നു. രണ്ടുപുരുഷന്മാരുടെ കൈക്കരുത്തിനിടയിലും അടിയറവ് പറയില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ചെറുത്തുനിൽക്കാൻ ശ്രമിച്ചവൾ. തന്റെ മാറോടൊട്ടി ചേർന്നവൾ നിന്നപ്പോൾ അവൾ തന്നിൽനിന്നും പ്രതീക്ഷിച്ചത് സംരക്ഷണമായിരുന്നില്ലേ. അവൾ തന്നിൽനിന്നും ആഗ്രഹിച്ചത് അതുമാത്രമായിരുന്നു. ഒടുവിൽ തന്റെ താലിക്കായി അമ്മയുടെ നിർബന്ധത്തിൽ തലകുനിക്കുമ്പോഴും അവൾ കണ്ണുകളടച്ച് ദേവീമന്ത്രം ഉരുവിടുന്നുണ്ടായിരുന്നു. തന്റെ പാതിക്കുവേണ്ടി..

ഈ തനിക്കുവേണ്ടി. ഒടുവിൽ അവളുടെ സ്നേഹം ചതിയാണെന്ന് പറഞ്ഞപ്പോൾ മുന്നിലിരുന്ന് വിങ്ങിക്കരഞ്ഞവൾ. താനവളെ ഒരിക്കലും സ്നേഹിക്കില്ല എന്ന വാക്കുകളേക്കാൾ അവളെ വേദനിപ്പിച്ചത് അതായിരുന്നു. അത്രമേൽ… അത്രമേൽ ആഴത്തിൽ അഗാധമായി തന്നെ പ്രണയിക്കുന്നവൾ. ഒടുവിൽ ഒരു പരാതിയുമില്ലാതെ കുഞ്ഞിനുവേണ്ടി അവൾ കഴിയുമ്പോഴും ഒരു നോട്ടം കൊണ്ടുപോലും തന്നെ ശല്യപ്പെടുത്തിയിട്ടില്ല.. ഒരു വാക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല. എല്ലാ വേദനകളും ഉള്ളിലൊതുക്കിയൊതുക്കി സ്വയം എരിഞ്ഞുകൊണ്ടിരുന്നു. എണ്ണയിൽ വഴുക്കി പടിയിൽ തലയടിച്ചു കിടന്നപ്പോൾ അവളിൽ നിന്നും വാർന്നൊഴുകുന്ന രക്തം കണ്ടപ്പോൾ ആ നിമിഷം ഇല്ലാതായത് താനായിരുന്നില്ലേ. മാറോട് ചേർത്ത് വാരിയെടുത്തു കൊണ്ടോടുമ്പോഴും അവൾ പുഞ്ചിരിച്ചത് തന്നോടുള്ള പ്രണയം കൊണ്ടായിരുന്നു…

നിസ്വാർഥമായ പ്രണയം കാരണം.. ഒടുവിൽ പൂർണ്ണമായും മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നുചേർന്നപ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞ നിർവൃതി. അല്ലി ജീവിച്ചത് നിവേദിനും മോനും അമ്മയ്ക്കും വേണ്ടിയാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്. സ്നേഹിക്കാൻ മാത്രമറിയാവുന്നവൾ.. അടക്കി പിടിക്കാതെ എല്ലാം വിട്ടുകൊടുത്തിട്ടുള്ളവൾ. പരാതിയും പരിഭവവുമില്ലാതെ സൗമ്യമായ പുഞ്ചിരിയും ശാന്തസമുദ്രവും മിഴികളിലൊളിപ്പിച്ചവൾ. അവൾ വേദനകൊണ്ട് പിഞ്ഞിക്കീറിയ ഹൃദയവുമായാണ് മുറിയിൽ നിന്നിറങ്ങിയത്. എത്രമാത്രം വേദനിച്ചിട്ടുണ്ടാകും അവൾ. എത്രമേൽ പിടഞ്ഞിട്ടുണ്ടാകും ആ ഹൃദയം. ഒന്ന് ചേർത്തുപിടിക്കാനാരുമില്ലാതെ അവളൊറ്റപ്പെട്ടുപോയില്ലേ.

എന്നിട്ടും ഒന്ന് ചേർത്തുപിടിക്കാൻ പോലുമായില്ലല്ലോ.. പുച്ഛത്തോടെ.. അവജ്ഞയോടെ അവൻ തലമുടിയിൽ വിരൽകോർത്ത് പിച്ചിപ്പറിച്ചു. ആരെ ഞാൻ ചേർത്തുപിടിക്കണം അല്ലിയെയോ ആമിയെയോ. ആമി.. പ്രണയിച്ചു സ്വന്തമാക്കിയവൾ. കൂടെ ജീവിച്ചവൾ.. തന്റെ മകന്റെ അമ്മ. ഒടുവിൽ മരണം കവർന്നെടുത്തെന്ന് കരുതിയവൾ. അവളിന്ന് ജീവനോടെ മുൻപിൽ നിൽക്കുമ്പോൾ തോന്നുന്ന വികാരമെന്തെന്ന് എത്രയാലോചിച്ചിട്ടും അവന് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. പ്രണയമോ.. വാത്സല്യമോ ഒന്നും ഒന്നുമില്ല. മനസ്സിൽ തെളിയുന്ന മുഖം അത് അല്ലിയുടെ മാത്രമാണ്.. തനിക്കുവേണ്ടിയല്ലാതെ പ്രിയപ്പെട്ടവർക്കായി ജീവിക്കുന്നവളുടെ.. അമ്മയുടെ മടിത്തട്ടിൽ തലചായ്ച്ച് അമ്മയോട് കിന്നാരം പറയുന്നവളുടെ.. തന്റെ മകന് പേറ്റുനോവറിയാതെ അമ്മയായവളുടെ..

തന്റെ പാതിയായി തന്നിലലിഞ്ഞു ചേർന്നവളുടെ.. അല്ലിമയെന്ന.. അല്ലിയുടെ.. പിന്നിൽനിന്നും പുണർന്ന കരങ്ങൾ. ആ കൈകൾക്ക് അല്ലിയുടെ കൈകളുടെ ഇളംചൂടല്ല.. സ്നേഹത്തിന്റെ ഇളംചൂടല്ല.. തണുപ്പ്.. മരവിച്ച തണുപ്പ്.. നിവേദ് ആ കരവല്ലിയിൽനിന്നും ഞൊടിയിടയിൽ അടർന്നുമാറി. പകച്ചുനിൽക്കുന്ന ആമിയെ അവൻ തുറിച്ചുനോക്കി. നിവേദിന്റെ ഭാവമാറ്റം എന്തിനെന്നെറിയാതെ അവൾ അമ്പരന്നു. അവന്റെ മുഖത്തേക്കവൾ ഉറ്റുനോക്കി. ഒരുതരം ഗൗരവമോ നിസ്സംഗതയോ എന്താണാ മുഖത്തെന്ന് അവൾക്ക് മനസ്സിലായില്ല. തന്നെക്കാണുമ്പോഴുള്ള പ്രണയഭാവം ഇന്നതിന്റെ ചെറുകണിക പോലും ആ മുഖത്തില്ല. അവൾക്ക് വല്ലായ്മ തോന്നി. തിരിഞ്ഞു നടക്കാനൊരുങ്ങിയ നിവേദിന്റെ കൈയിലവൾ പിടിത്തമിട്ടു. നിവേദേട്ടാ…

ആമിയെ മറന്നോ ഏട്ടൻ. പിന്തിരിഞ്ഞുനോക്കിയില്ല നിവേദ്. അതവളെ കൂടുതൽ ചൊടിപ്പിച്ചു. വന്നനിമിഷം മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് ഈ മുഖഭാവം. സന്തോഷത്തിന്റെ ലാഞ്ചന പോലും ഈ മുഖത്തില്ല. അതോ എന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചില്ലേ. അന്വേഷിച്ചോ ഒരിക്കലെങ്കിലും എന്നെ. ആമിയുടെ സ്വരത്തിലെ മൂർച്ച നിവേദ് തിരിച്ചറിഞ്ഞു. ആമീ പ്ലീസ്.. നീ യാത്ര ചെയ്ത് വന്നതല്ലേ. റസ്റ്റ്‌ എടുക്ക്. ഞാനൊന്ന് കിടക്കട്ടെ തലവേദനിക്കുന്നു. ഞാനാണോ തലവേദനയ്ക്ക് കാരണം. എന്നെ കണ്ടപ്പോൾ മുതലാണ് നിങ്ങളുടെ മുഖം വിളറിയത്. നിങ്ങളുടെ ഭാര്യയാണ് ഞാൻ. മാസങ്ങൾക്കിപ്പുറം ഭാര്യയെ കാണുമ്പോൾ ഇങ്ങനെയാണോ ഒരു ഭർത്താവ് പ്രതികരിക്കേണ്ടത്. അറ്റ്ലീസ്റ്റ് ഒന്ന് സ്നേഹം പ്രകടിപ്പിക്കുകയെങ്കിലും വേണ്ടേ. എന്റെ അവസ്ഥ എന്തായിരുന്നുവെന്നറിയാമോ നിങ്ങൾക്ക്..

എപ്പോഴും നിന്റെ വാശി നടക്കണമെന്നുണ്ടോ ആമീ. ഞാൻ കാരണമാണോ നിനക്കീ അവസ്ഥ വന്നത്. നീയായി വരുത്തി വച്ചതല്ലേ എല്ലാം. വാശി.. എന്തൊക്കെയോ കൈയടക്കമെന്നുള്ള വാശി അതാ നിന്റെ അവസ്ഥയ്ക്ക് കാരണം.. നിവേദിന്റെ ഇങ്ങനൊരു മുഖം അവൾ ആദ്യമായി കാണുകയായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ മുഖം. അവൾ പകച്ചുനിന്നു നിവേദിന്റെ മാറ്റത്തിന്റെ കാരണമറിയാതെ. ഒന്നവൾക്ക് മനസ്സിലായി.. എന്തൊക്കെയോ ഉണ്ട്. താനറിയാത്ത എന്തൊക്കെയോ…….(തുടരും )

അല്ലിയാമ്പൽ: ഭാഗം 12

Share this story