അനന്തൻ: ഭാഗം 11

Share with your friends

എഴുത്തുകാരി: നിഹാരിക

ദൂരെ തൊടിയുടെ വേലിക്കരികെ എത്തി വീണു കിടക്കുന്നവനോളം എത്തി മിഴികൾ, “അനന്തേട്ടാ ” എന്നും പറഞ്ഞ് ഓടി അടുത്ത് ചെന്നപ്പോഴും വയ്യാത്ത കാൽ വച്ച് നിരങ്ങി പോകാൻ നോക്കുകയായിരുന്നു .. “എന്താ അനന്തേട്ടാ കാട്ടീത് ?? ന്തിനാ വയ്യാണ്ടെ ഇങ്ങനെ” അനന്തേട്ടൻ്റെ അവസ്ഥ കണ്ട് നെഞ്ച് നീറി…. ” ഞാൻ.. ഞാനവിടെ നിന്നാൽ നിനക്ക് സമാധാനം കിട്ടില്ല തനു ” എന്ന് എവിടേയോ മിഴികൾ നട്ട് പറയുന്ന അനന്തേട്ടനെ പിടിച്ച് എണീപ്പിക്കുമ്പോൾ പറഞ്ഞിരുന്നു, സമാധാനം എന്നത് തനൂന് നഷ്ടമായിട്ട് വർഷങ്ങളായി എന്ന് .. 🕸️🕸️🕸️🕸️ കഞ്ഞി മുഴുവൻ കോരി കൊടുക്കുമ്പോൾ ആ മിഴികൾ പെയ്യുന്നുണ്ടായിരുന്നു….. എത്ര മതീ ന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ മുഴുവൻ കഴിപ്പിച്ചിരുന്നു.. ഉടുപ്പുകൾ മാറ്റി പകരം അച്ഛൻ്റെ മുണ്ട് കൊടുത്തു…..

ഒന്ന് മാറി കൊടുത്തപ്പോൾ എങ്ങനെ ഒക്കെയോ അനന്തേട്ടൻ തന്നെ മാറ്റി,…. മുറിവുകൾ വൃത്തിയാക്കുമ്പോൾ മനസ്സാണോ ശരീരമാണോ പിടഞ്ഞത് എന്നറിയില്ല കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു…. നീരുവന്ന് നീലിച്ചിരുന്നു മുറിവിന് ചുറ്റുഭാഗവും, കണ്ടാൽ പേടിയാകും വിധം .. മരുന്ന് വച്ച് കൊടുത്തപ്പോൾ മെല്ലെ ആ മുഖത്തേക്ക് നോക്കി… ഇറുക്കി അടച്ച മിഴിയിലൂടെ കണ്ണീർ വഴിഞ്ഞൊഴുകുന്നു .. ” കിടന്നോളൂ ….” എന്നു പറഞ്ഞ് എണീക്കാൻ നോക്കിയപ്പോൾ കണ്ടു കൈ പിടിച്ച് വച്ചിരിക്കുന്നത് … എൻ്റെ കയ്യിൽ മിഴികൾ ചേർത്ത്, “ഞാ… ഞാൻ .. എന്നോട്, ഇങ്ങനെ കരുണ കാട്ടല്ലേ തനൂ.. ഇതെനിക്ക് സഹിക്കാൻ വയ്യടീ … ” എന്നു പറഞ്ഞ് പൊട്ടിക്കരയുന്നയാളെ കണ്ടപ്പോൾ ഉള്ളിലെ ദേഷ്യമെല്ലാം എവിടേയോ പോയി മറഞ്ഞ പോലെ … ” അനന്തേട്ടൻ കിടന്നോളൂ.. ഒട്ടും വയ്യല്ലോ…

ഞാൻ അച്ഛന് ആഹാരം കൊടുത്തിട്ട് ഉടനെ വരാം…” അതു പറഞ്ഞതും കൈയ്യിലെ പിടി അയഞ്ഞു… അവിടെ കിടക്കാൻ സഹായിച്ചു.. ചായ്പ്പിൽ അനന്തേട്ടന് കിടക്കാനായി പായ വിരിച്ചു കൊടുത്തു.. 🕸️🕸️🕸️🕸️ അച്ഛന് ആഹാരവും മരുന്നും കൊടുത്ത് വേഗം ചായ്പ്പിലെത്തി, കണ്ണടച്ച് കിടക്കുന്നുണ്ട് അനന്തേട്ടൻ, ഉറങ്ങാവുമെന്ന് കരുതി തിരികെ നടന്നപ്പോൾ കേട്ടു “തനൂ ” എന്ന വിളി.. ” ഞാൻ അനന്തേട്ടൻ ഉറങ്ങിക്കാണും ന്ന് കരുതിയാ…. ” അതിന് മറുപടിയായി, നിറമില്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ച് വീണ്ടും ആകണ്ണുകൾ അടച്ചു, മെല്ലെ അപ്പുറത്ത് തന്നെ ഞാൻ ചുമരോട് ചാരി ഇരുന്നു … ” അനന്തേട്ടാ…” “ഉം ” “ൻ്റെ അനു… ൻ്റെ അനൂന് എന്താ പറ്റിയേ…..?” മെല്ലെ യാ ചുണ്ടുകൾ വിറകൊള്ളുന്നത് കണ്ടു… കണ്ണുനീർ ചാലിട്ട് ഒഴുകി…. ” അനന്തേട്ടാ…. ” മെല്ലെ വിളിച്ചപ്പോൾ ശ്രമപ്പെട്ട് എണിറ്റ് എനിക്കഭിമുഖമായി ,

ചുമരിൽ ചാരി ഇരുന്നു.. “എല്ലാം …. എല്ലാം എൻ്റെ തെറ്റാ തനു.. ഞാൻ എല്ലാം പറയാം, ഇനി താനറിയത്തതായി ഒന്നും വേണ്ട അനന്തൻ്റെ ജീവിതത്തിൽ …. അന്ന് നല്ലൊരു ജോലി തേടി പലയിടത്തും അലഞ്ഞു, ഒരു ജോലിക്കും എനിക്ക് തൃപ്തി തരാനായില്ല, കാരണം ലക്ഷ്യം മുഴുവൻ കൈവിട്ടത് സമ്പാദിക്കുന്നതിലായിരുന്നു … ഒടുവിൽ പണ്ട് കൂടെ പഠിച്ച കൂട്ടുകാരനെ കണ്ടു, “രഞ്ചൻ ഫിലിപ്പ് ” മാറാരോഗം തളർത്തിയ അമ്മച്ചിയുടെ ചികിത്സക്കായി പണം കണ്ടെത്താൻ ഇറങ്ങിയവൻ, അവൻ്റെ കൂട്ടുകാരൻ വഴിയാണ് ഒരു ജോലിയുണ്ട് പെട്ടെന്ന് തന്നെ കൈനിറയെ കാശ് കിട്ടും എന്നറിഞ്ഞത്… രണ്ടാളും പിന്നെ ഒന്നും നോക്കിയില്ല… അവൻ്റെ കൂടെ ബോംബെയിലെത്തി, അന്ന് ഞാൻ യാത്ര പറഞ്ഞിറങ്ങിയത് അതിനായിരുന്നു …… ചെന്ന് പറ്റിയപ്പോഴാ അറിഞ്ഞത്, അതൊരു ചെളിക്കുണ്ടായിരുന്നു എന്ന്, കയറാൻ ശ്രമിക്കുന്തോറും അഗാധതയിലേക്കാണ്ട് പോകുന്ന ചളിക്കുണ്ട് ……

സ്വർണ്ണം കടത്തലായിരുന്നു പണി, പല പല പേരിൽ , പല രൂപത്തിൽ പല സ്ഥലങ്ങളിൽ ഞങ്ങൾ അത് വിദഗ്ദമായി ചെയ്തു .. വിശ്വസ്തരായി, കൈ നിറയെ സമ്പാദിച്ചു… പിന്നെ ഒരിക്കൽ പറഞ്ഞു വില കൂടിയ ഡ്രഗ്സ് അവർ പറഞ്ഞ സ്ഥലത്ത് എത്തിക്കാൻ… അതിന് പക്ഷെ ഞങ്ങൾ തയ്യാറായില്ല… മനസാക്ഷി അനുവദിച്ചില്ല….. അവർ പല രീതിയിൽ പറഞ്ഞ് നോക്കി.. പക്ഷെ മയക്ക് മരുന്ന് പുതിയ തലമുറയിൽ എത്തിക്കുന്നതിന് കൂട്ട് നിൽക്കാൻ ആവുമായിരുന്നില്ല … എൻ്റെ ഫോൺ ട്രേസ് ചെയ്ത് അവർ അമ്മയും അനുവും ഉള്ളയിടം കണ്ടെത്തി, അതാ അന്ന് രായ്ക്ക് രാമായണം ഇവിടെ നിന്ന് അവരെ മാറ്റിയത്…. തന്നോട് പറയാതെ വരില്ലെന്ന് പറഞ്ഞ അനുവിനെ ഞാനാ…. ഞാനാ സമ്മതിക്കാതെ.. പിന്നെ അവൾ ആരോടും ചിരിച്ചിട്ടില്ല …. മിണ്ടിയിട്ടില്ല … എപ്പഴും കരച്ചിൽ….

തന്നെ പിരിഞ്ഞത് അവൾക്ക് താങ്ങാൻ കഴിഞ്ഞില്ലെടോ…. പേടിച്ചിട്ടാട്ടോ… തന്നെ കൂടെ പ്രശ്നത്തിലാക്കാൻ വയ്യടോ… ഇതിനിടയിൽ എങ്ങനേ യോ അവരുടെ കണ്ണ് വെട്ടിച്ച് ഞാൻ നാട്ടിലെത്തി .. അളവറ്റ സമ്പാദ്യം കയ്യിലുണ്ടായിരുന്നു, സമാധാനം ഒഴിച്ച് … അനുവിനെ ഒരു സൈക്യട്രിസ്റ്റ്നെ കാണിക്കാൻ പറഞ്ഞു അമ്മ.. വിവാഹം ആയിരുന്നു ഡോക്ടർ നിർദേശിച്ചത് .. പക്ഷെ ….. പണം മോഹിച്ച് വന്നവൻ്റെ കൂടെ ഉള്ള ജീവിതം വീണ്ടും അവളെ തളർത്തി… ഇപ്പോഴും ഉണ്ട് അവൾ ഒരു ജീവച്ഛവമായി … മിഴി ചിമ്മാതെ നോക്കിയിരിക്കുന്ന ഒരമ്മക്കിളിക്കരികെ ചിറക് കരിഞ്ഞ കുഞ്ഞിക്കിളിയായി, തന്റെ അനു… ഇടക്ക് സ്വപ്നത്തിൽ കണ്ട് ഞെട്ടി ഉണർന്നെന്നവണ്ണം കേൾക്കാം അവൾ തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ പേര് ചൊല്ലി കരയുന്നത് …. അത് മാത്രമാണ് അവളുടെ ഉള്ളിൽ ഉള്ളൂ… അവൾ പാവാടോ… തന്നെ അത്രക്ക് ജീവനാ…. ഞാൻ…. ഞാനാ എല്ലാത്തിനും … “””

എല്ലാം കേട്ട് ഒന്നും പ്രതികരിക്കാനാവാതെ ഞാൻ… തൊണ്ടക്കുഴി വരെ അലറിക്കരച്ചിലുകൾ എത്തി മൃതിയടഞ്ഞു കൊണ്ടിരുന്നു… അനന്തേട്ടൻ വീണ്ടും തുടർന്നിരുന്നു. “”അവർ ഞങ്ങൾക്കായി വലവിരിച്ചു, പോലീസ് കാരെ കൊന്നത് മുതൽ പല കേസുകളിലും ഞങ്ങളെ കുടുക്കി … കൊല്ലാൻ പോയിട്ട് ആരേം നോവിക്കാൻ പോലും കഴിയില്ലടോ തൻ്റെ അനന്തേട്ടന്.. എന്നിട്ടും… എന്നിട്ടും… പോലീസ്കാര് ഒരു വശത്ത് ഡ്രഗ് മാഫിയയുടെ ആളുകൾ മറുവശത്ത്.. ആർക്കു കിട്ടിയാലും അവർ ഞങ്ങളെ കൊല്ലും…. ഇപ്പോ തന്നെ കൊല്ലാക്കൊല ചെയ്തിട്ടും ആയുസിൻ്റെ ഫലത്താൽ രക്ഷപ്പെട്ടതാ… രഞ്ചൻ… അവൻ ….. അവനെ അവർ… അതു പറഞ്ഞ് പൊട്ടിക്കരയുന്ന അനന്തേട്ടനെ അലിവോടെ നോക്കി…

എന്നെ രക്ഷിക്കാൻ മനപ്പൂർവ്വം പിടികൊടുത്തതാ അവൻ.. ഇന്നലെ … എന്നെ കാറിൽ നിന്ന് ഇവിടെ കൊണ്ട് തള്ളിയിട്ട് അവൻ അവർക്ക് മുന്നിലേക്ക് ചെന്നു നിന്നു കൊടുത്തു.. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല തനൂ… അവസാനമായി അവൻ പറഞ്ഞത്, അവൻ്റെ അമ്മച്ചിയെ നോക്കിക്കോണം എന്നാ … ഒന്നും…. ഒന്നും വേണ്ടാരുന്നു… പണവും സ്വത്തും ഒന്നും .. ഭയന്ന് ഭയന്ന്… മതിയായി….””” മനസ് മുഴുവൻ അനുവായിരു- ന്നു അപ്പോൾ …… ഞാൻ കണ്ട തൊന്നുമല്ല സത്യം എന്നത് എന്നെ ഏറെ വേദനിപ്പിച്ചു… പലപ്പോഴും സത്യങ്ങൾ അങ്ങനെയാണ് …. കേട്ടതിനേക്കാൾ, കണ്ടതിനേക്കാൾ മറ്റെന്തോ അതിന് പറയാനുണ്ടാകും…… (തുടരും)….

അനന്തൻ: ഭാഗം 10

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-