ആത്മിക : ഭാഗം 46

ആത്മിക : ഭാഗം 46

എഴുത്തുകാരി: ശിവ നന്ദ

“ടീനു..മോളെ ഞാൻ പറയുന്നത്…” “പറഞ്ഞത് തന്നെയല്ലേ വീണ്ടും വീണ്ടും നിനക്ക് പറയാനുള്ളത്..എനിക്കും അതിനപ്പുറം ഒന്നും പറയാനില്ല..I just hate you….” കാൾ കട്ട്‌ ആയതും ഒരു തേങ്ങൽ തൊണ്ടക്കുഴിയോളം എത്തിനിൽക്കുന്നത് ആൽബി അറിഞ്ഞു..ഇരുകൈകളാൽ നെറ്റിയൂന്നി അവൻ ഇരുന്നു…കടലിലേക്ക് ആഴ്ന്നിറങ്ങുന്ന സൂര്യനൊപ്പം തിരയുടെയും കരയുടെയും പ്രണയത്തിന് സാക്ഷിയായി ചന്ദ്രനും എത്തിയിരുന്നു…. ബീച്ചിന്റെ പലഭാഗത്തായി സ്ഥാപിച്ചിരുന്ന വിളക്കുകൾ തെളിഞ്ഞു..കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും കുറച്ച് സമയം ചിലവഴിക്കാൻ എത്തിയവർ അങ്ങിങ്ങായി ഇടംപിടിച്ചു..മണൽ വാരികളിക്കുന്ന രണ്ട് കൊച്ചുകുട്ടികളിൽ ആൽബിയുടെ കണ്ണുടക്കി..ചെറുചിരിയോടെ അവൻ അത് നോക്കിയിരുന്നു..ഓർമ്മകൾ ചില വർഷങ്ങൾ പിന്നിലേക്ക് അവനെ കൊണ്ട് പോയി….

പഞ്ഞിപോലെ മൃദുലമായ കുഞ്ഞുവിരലിൽ തൊട്ടുനോക്കിയ ഒരുവയസ്സുകാരന്റെ മുഖം ഓർമകളിൽ തെളിഞ്ഞില്ലെങ്കിലും അത് ഒരിക്കലും മായാത്ത ചിത്രമായി തന്റെ ഹൃദയത്തിൽ ഉണ്ടാകും..കാരണം അവിടംമുതലാണ് ആൽബിയുടെ ജീവിതം തുടങ്ങുന്നത്..ടീന എന്ന തന്റെ മാത്രം ടീനുക്കൊച്ചിന്റെ കൂടെ സ്നേഹിച്ചും വഴക്കടിച്ചും താൻ കടന്നുപോയ കുട്ടിക്കാലം…എന്തിനും ഏതിനും ഒരുമനസ്സായി കൂടെനിൽകുന്ന രണ്ട് പേർ..ആൽബിയും ടീനയും..The best friends!!! വളരുംതോറും പുതിയ സൗഹൃദങ്ങളിൽ പിരിഞ്ഞുപോകുമെന്ന് പറഞ്ഞവരുടെ മുന്നിലൂടെ കൈകോർത്ത് നടക്കുമ്പോൾ ഒരുതരം സന്തോഷം ആയിരുന്നു..അഹങ്കാരം ആയിരുന്നു…ഇടയ്ക്ക് എപ്പോഴോ ഞങ്ങളുടെ കല്യാണത്തെ കുറിച്ച് വീട്ടുകാർ സംസാരിക്കുന്നത് കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയത്…

ഒരമ്മയുടെ പാലുകുടിച്ച് വളർന്നവർ എങ്ങനെ പ്രണയിക്കും…എന്തേ ആരും അത് ചിന്തിച്ചില്ല?? എന്തേ ആരും ഞങ്ങളുടെ ബന്ധത്തിന്റെ പരിശുദ്ധി അറിഞ്ഞില്ല??? പിന്നീട് പലരും ഞങ്ങൾക്കിടയിൽ പ്രണയം ഉണ്ടെന്ന് വരുത്തിതീർക്കാനും തെളിയിക്കാനും ശ്രമിച്ചു..ആദ്യമൊക്കെ അതിനെ എതിർക്കാൻ നോക്കിയെങ്കിലും പിന്നെ ചിന്തിച്ചു..എന്തിന് മറ്റുള്ളവരെ അത് ബോധ്യപ്പെടുത്തണം…?? കൂടെ പഠിക്കുന്നവർക്കൊക്കെ പ്രണയം ആയപ്പോഴും ഞങ്ങൾക്കിടയിൽ അങ്ങനെയൊരാൾ വേണമെന്ന് ആഗ്രഹിച്ചില്ല…ഞങ്ങളുടെ ലോകം ഞങ്ങൾ മാത്രമാണ്…താന്തോന്നിയും അവന്റെ ടീനുകൊച്ചും….ജെറിയും കിച്ചുവും ചിക്കുവും കാലക്രമേണ ആ ലോകത്തിന്റെ ഭാഗമായപ്പോഴും ഞങ്ങൾ ഞങ്ങളായി തന്നെ തുടർന്നു.

ടീനുവിന് 22 വയസ്സ് ആയപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് “കല്യാണം ഒന്നും ആയില്ലേ” എന്ന ക്ളീഷേ ചോദ്യം..അതിൽ അവളുടെ അഭിപ്രായം അറിയാൻ ചെന്നപ്പോഴാണ് കല്യാണത്തെ കുറിച്ചുള്ള അവളുടെ ഏറ്റവും വലിയ ആഗ്രഹത്തെ പറ്റി പെണ്ണ് പറയുന്നത്…എന്റെയും അവളുടെയും കല്യാണം ഒരുമിച്ചായിരിക്കണമെന്ന്.ആദ്യം അത് തമാശ ആയിട്ട് തോന്നിയെങ്കിലും അവൾ സീരിയസ് ആണെന്ന് അറിഞ്ഞപ്പോൾ ഞാനും അതിനെ പറ്റി ആലോചിച്ചു..ശെരിയാണ്..ഒരു ശ്വാസം പോലെ കഴിഞ്ഞവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ഒരുമിച്ച് തന്നെയാകണം..തനിക് അതിനുള്ള പക്വത ആകുന്നതുവരെ ആർക്കും പിടികൊടുക്കാതെ ടീനു നടന്നു.. മൂന്ന് വർഷങ്ങൾക്ക് ശേഷം അതേ ക്ളീഷേ ചോദ്യം തന്റെ നേർക്കും വന്നപ്പോൾ പലകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി..പക്ഷെ യഥാർത്ഥ കാരണം അതൊന്നും ആയിരുന്നില്ല…

വരുന്ന പെൺകുട്ടിക്ക് ഞങ്ങളുടെ സൗഹൃദം അംഗീകരിക്കാൻ കഴിയുമോ എന്ന പേടി…ടീനുവിനോളം തന്നെ മനസിലാക്കാൻ കഴിയുന്നവളെ കണ്ടെത്തുന്നത് വരെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് തീരുമാനിച്ചു…എന്നാൽ അധികം വൈകാതെ തന്നെ എനിക്കായി ജനിച്ചവളെ കർത്താവ് എന്റെ മുന്നിൽ കൊണ്ടെത്തിച്ചു…ആത്മിക..എന്റെ മാത്രം അമ്മൂട്ടി. കിച്ചുവിലൂടെ അവളെ കുറിച്ച് അറിഞ്ഞപ്പോഴും ആദ്യമായി അവന്റെ കൂടെ അമ്പലത്തിൽ വെച്ച് കണ്ടപ്പോഴും ഒരു സാധാരണ പെൺകുട്ടി എന്നതിനപ്പുറം ഒന്നും തോന്നിയിരുന്നില്ല..കിച്ചുവിന്റെ പെണ്ണുകാണലിന് ചെന്നപ്പോഴാണ് അവളുടെ ജീവിതത്തിന്റെ നേർകാഴ്ച കാണുന്നത്..അന്ന് താത്കാലികമായി ഹർഷനെ അവളിൽ നിന്ന് അകറ്റിയപ്പോൾ എന്തിനോ ആ പെണ്ണിനോട് സഹതാപം തോന്നി..

നിസ്സഹായതയോടെയുള്ള അവളുടെ നോട്ടം തന്റെ ഉറക്കം കെടുത്തിയപ്പോഴും അതിന്റെ ഉത്തരം തേടി ചെന്നപ്പോൾ ടീനു കളിയാക്കിയപ്പോഴും ആ സഹതാപത്തിനപ്പുറം മറ്റൊന്നും ഉണ്ടായിരുന്നില്ല…പിന്നീടൊരു രാത്രിയിൽ അവളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോഴാണ് ആ പെണ്ണിനോട് ആദ്യമായി സ്നേഹം തോന്നിയത്..ഞങ്ങളുടെ ചിക്കുവിന്റെ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും സംഭവിക്കരുതെന്ന തോന്നലിൽ ഉടലെടുത്ത സ്നേഹം..സ്വന്തം വീട്ടിലേക്ക് അവളെ കൊണ്ട് വരുമ്പോഴും ആ ഒരു രാത്രിയിലെ സംരക്ഷണം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…എന്നാൽ ഒറ്റ രാത്രി കൊണ്ട് തന്നെ അവൾ അമ്മച്ചിക്ക് പ്രിയപെട്ടവൾ ആയി..ടീനുവിന് അനിയത്തിയായി…

ജെറിയുടെ വരവോടു കൂടി അമ്മു പൂർണമായും ഞങ്ങളിൽ ഒരുവളായി…കളരിയ്ക്കൽ വീടിന്റെ ഭാഗമായി..ഇച്ചന്റെ അമ്മൂട്ടിയായി… അവൾക്കായി ഓരോന്ന് ചെയ്യുമ്പോഴും അവളെ ഓരോന്നും പഠിപ്പിക്കുമ്പോഴും താൻ അവളിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു..പ്രണയമല്ലെന്ന് ഉറപ്പുള്ള പേരറിയാത്ത ഒരിഷ്ടം…കുട്ടിക്കാലത്ത് അവളുടെ മനസ്സിൽ കയറിപ്പറ്റിയ പാട്ടുകാരൻ താൻ ആണെന്ന് അറിഞ്ഞപ്പോൾ എന്തുകൊണ്ടോ അങ്ങനെയൊന്നും അവളുടെ മനസ്സിൽ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചു..പക്ഷെ എന്തിന്?? അതിന് മാത്രം ഇപ്പോഴും ഉത്തരമില്ല…എന്നാൽ അതിനെ കുറിച്ച് ടീനുവിനോട് പറഞ്ഞപ്പോൾ മുതലാണ് അമ്മു എന്റെ പെണ്ണാകണം എന്ന് ടീനു ആഗ്രഹിക്കാൻ തുടങ്ങിയത്..അതിനെ താൻ എതിർത്തപ്പോൾ അമ്മുവിന്റെ മനസ്സ് അറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാമെന്ന് പറഞ്ഞ് അവൾ പോയി..

എന്നാൽ അമ്മു ഞങ്ങളുടെ ബന്ധത്തെ കുറിച്ച് തിരികെ ചോദിച്ചപ്പോൾ ടീനു അവൾക്കൊരു ടാസ്ക് കൊടുത്തു..ആ ടാസ്കിലൂടെ അമ്മുവിന്റെ മനസിലുള്ളത് പുറത്ത് വരുമെന്ന് അവൾ വിശ്വസിച്ചു..പിന്നീട് എന്നും ടീനുവിന് പറയാനുണ്ടായിരുന്നത് അമ്മുവിനെ കുറിച്ചായിരുന്നു..അതിനെയൊക്കെ എതിർക്കാൻ ഞാനും.. ഓഫിസിൽ വെച്ച് ശില്പ അമ്മുവിനെ അടിക്കുന്നത് കണ്ടപ്പോൾ തന്റെ നിയന്ത്രണം നഷ്ടപെട്ടതും അതിന്റെ പേരിൽ ടീനുവിനോട് പോലും ദേഷ്യപ്പെട്ടതും അമ്മുവിന്റെ മുഖത്തെ വിരൽപാട് തന്റെ ഉള്ളുപൊള്ളിച്ചതും ഒക്കെ അവളോടുള്ള പ്രണയം കൊണ്ടാണെന്ന് ടീനു തറപ്പിച്ച് പറഞ്ഞപ്പോൾ മുതൽ ഞാനും അത് എന്നോട് ചോദിക്കാൻ തുടങ്ങിയിരുന്നു…അതിനുള്ള ഉത്തരം കിട്ടിയത് ചിക്കുവിന്റെ ഓർമദിവസമാണ്…ജെറി അവളെ പ്രണയിക്കുന്നുണ്ടോ എന്ന തോന്നൽ പോലും തനിക്ക് താങ്ങാൻ കഴിയില്ലായിരുന്നു..

അത്രമാത്രം അവളെ ഞാൻ പ്രണയിക്കുന്നുണ്ടായിരുന്നു…അത് അറിഞ്ഞനിമിഷം തന്നെ അമ്മുവിനോട് പറയണമെന്ന് ടീനു നിർബന്ധിച്ചെങ്കിലും എന്തോ തനിക് അതിന് കഴിഞ്ഞില്ല..ഒരുപക്ഷെ ഞാൻ ആഗ്രഹിക്കുന്നത് പോലെയൊന്നും അവളുടെ മനസ്സിൽ ഇല്ലെങ്കിൽ….അവളെ വീട്ടിലേക്ക് കൊണ്ട് വന്നത് പോലും ആ ഒരു ഉദ്ദേശത്തോടെയാണെന്ന് ചിന്തിച്ചാൽ…. എന്നാൽ അതിനുള്ള ഉത്തരവും എനിക്ക് കിട്ടി..ആ അപകടത്തിലൂടെ…അന്ന് അവളുടെ മാനസികാവസ്ഥ ടീനുവിൽ നിന്നറിഞ്ഞപ്പോൾ തന്നെ എനിക്ക് ഉറപ്പായതാണ് ആ പെണ്ണിന്റെ മനസ്സ് നിറയെ ഞാൻ ആണെന്ന്..അവളെയൊന്ന് കാണാൻ കൊതിക്കുവായിരുന്നു…നെഞ്ചോട് ചേർത്ത് നിർത്തി വാക്ക് കൊടുക്കണം..ഒരിക്കലും അവളെ ഒറ്റക്ക് ആക്കില്ലെന്ന്….

എനിക്ക് പനിയാണെന്ന് അറിഞ്ഞ് വേവലാതിയോടെ അടുത്ത് വന്നിരുന്നവളുടെ സാമിപ്യം പാതിമയക്കത്തിലും ഞാൻ അറിഞ്ഞിരുന്നു..എന്റെ നെറ്റിയിൽ ഉമ്മ നൽകി എനിക്ക് ആശ്വാസം ഏകിയവളെ തിരികെ ചുംബിച്ചതും പ്രണയം പറഞ്ഞതും അത്രമേൽ ആ നിമിഷം ഞാൻ ഇഷ്ടപെട്ടത് കൊണ്ടാണ്..പിറ്റേന്ന് എന്റെ മുന്നിൽ വരാതെ അവൾ നടന്നപ്പോൾ ഉള്ളൊന്ന് പിടഞ്ഞു..അനുവാദം ചോദിക്കാതെ ചുംബിച്ചതിന്റെ കുറ്റബോധം എന്നിലുണ്ടായി…കുറേ നിർബന്ധിച്ചപ്പോഴാണ് ടീനുവിനോട് അതിനെ പറ്റി പറഞ്ഞത്..അവൾ ആദ്യം വഴക്ക് പറഞ്ഞെങ്കിലും അർഹതപെട്ടവൾക്ക് തന്നെയല്ലേ കൊടുത്തതെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു..കൂടാതെ ഉടനെ അമ്മുവിനോട് ഇഷ്ടം പറയണമെന്ന് വാശിപിടിച്ചു..

അങ്ങനെയാണ് എന്റെ പിറന്നാൾ ദിവസം അമ്മുവിന് ഇഷ്ടപെട്ട പാട്ടിലൂടെ എന്റെ മനസിലുള്ളത് അറിയിക്കാൻ ശ്രമിച്ചത്..പക്ഷെ അവൾ സമ്മാനിച്ച ഷർട്ട്‌ ഞാൻ ഇട്ടതിന്റെ സന്തോഷത്തിൽ നിന്നവൾ പാട്ടിലെ വരികൾ ശ്രദ്ധിച്ചില്ല… അമ്പലത്തിൽ ഒരുമിച്ച് വിളക്ക് കൊളുത്തിയപ്പോഴും ഹർഷനെ പേടിച്ച് തന്റെ കൈയിൽ അവൾ മുറുകെ പിടിച്ചപ്പോഴും ഞാൻ ഹൈദരാബാദിലേക്ക് പോകണ്ടെന്ന് പറഞ്ഞ് കണ്ണ് നിറച്ചപ്പോഴും അവളെ കാണാതെ ഭ്രാന്ത് പിടിച്ച് നടന്നപ്പോഴും അവളുടെ പിറന്നാൾ ഓർത്തുവെച്ച് പെണ്ണിനെ ഞെട്ടിച്ചപ്പോഴും അഡ്മിഷൻ ലെറ്റർ കണ്ട് കണ്ണ് നിറച്ച് അവൾ എന്നെ നോക്കിയപ്പോഴും..പരസ്പരം പറയാതെ തന്നെ ഞങ്ങൾ ആ പ്രണയം പങ്കുവെക്കുകയായിരുന്നു..അപ്പോഴും അവളുടെ പഠനത്തിന് ഞാൻ പ്രാധാന്യം കൊടുത്തിരുന്നു..

അതുകൊണ്ട് തന്നെയാണ് ഉടനെ അമ്മുവിനെ വിവാഹം ചെയ്യില്ല എന്ന് ടീനുവിനോട് പറഞ്ഞത്..പക്ഷെ എത്ര കാലം കഴിഞ്ഞാലും കല്യാണം ഒരുമിച്ച് മതിയെന്ന തീരുമാനത്തിൽ അവൾ ഉറച്ചുനിന്നു..ശരിക്കും പറഞ്ഞാൽ എനിക്കും അമ്മുവിനും വേണ്ടി അവൾ കാത്തിരിക്കാൻ തുടങ്ങി…എല്ലാം ഒരു വിശ്വാസത്തിൽ ആയിരുന്നു…ആർക്കും ഞങ്ങളെ പിരിക്കാൻ കഴിയില്ലെന്ന വിശ്വാസം..പക്ഷെ….. എല്ലാം തകിടംമറിഞ്ഞത് കിച്ചുവിന്റെ കല്യാണപ്പിറ്റേന്ന് ആണ്..അമ്മുവിന്റെ സങ്കടത്തിന്റെ കാരണം ഞാൻ വഴക് പറഞ്ഞതുകൊണ്ടാണെന്ന കരുതിയത്.എന്നാൽ മരുമകളെ കുറിച്ചുള്ള അമ്മച്ചിയുടെ സങ്കല്പം കേട്ടിട്ടാണ് അവൾ മൂഡ്ഓഫ് ആയി നടന്നതെന്ന് ഞാൻ അറിയുന്നത് കിച്ചുവിന്റെ വീട്ടിൽ വെച്ചാണ്..എന്തോ ഒരു കാര്യം അമ്മുവിനോട് പറയാനായി ചെന്നപ്പോഴാണ് അമ്മുവിന്റെയും ദേവുവിന്റെയും സംസാരം കേൾക്കുന്നത്.

അമ്മച്ചി പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നത്..അവൾക്ക് തന്നോടുള്ള പ്രണയത്തിന്റെ ആഴം അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു..എന്നാൽ എല്ലാം അവളുടെ ഒറ്റവാക്ക് കൊണ്ട് ഇല്ലാതായി…എനിക്ക് വേണ്ടി അവളുടെ സ്വപ്നം വേണ്ടെന്ന് വെക്കുന്നു..അവൾ ഏറെ ആഗ്രഹിച്ച IAS എന്നോടുള്ള പ്രണയത്തിന്റെ പേരിൽ ഉപേക്ഷിക്കുന്നെന്ന് അറിഞ്ഞപ്പോൾ കരണം പുകച്ചൊന്ന് കൊടുക്കാനാ തോന്നിയത്.പക്ഷെ അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടാവില്ലെന്ന് അവളുടെ വാക്കുകളിലൂടെ തന്നെ മനസിലായി..വഴക്ക് പറഞ്ഞാലോ അടിച്ചാലോ ഒന്നും അവളുടെ മനസ്സ് മാറില്ല.എന്റെ പ്രണയം പോലും അറിയാതെയാണ് അങ്ങനെയൊരു കടുത്ത തീരുമാനം അവൾ എടുത്തത്..അപ്പോൾ എന്റെ ജീവനേക്കാൾ വലുതാണ് എനിക്കവൾ എന്ന് അറിഞ്ഞാൽ….

അതുകൊണ്ട്..അതുകൊണ്ട് മാത്രം എന്റെ പ്രണയം ഞാൻ അവളിൽ നിന്ന് മറച്ചുവെക്കാൻ തീരുമാനിച്ചു..ഒരുനോട്ടം കൊണ്ട് പോലും ഇനി അവളെ മോഹിപ്പിക്കരുതെന്ന് ആഗ്രഹിച്ചു..പക്ഷെ എന്നെപോലും ഞെട്ടിച്ചുകൊണ്ട് പിറ്റേന്ന് തന്നെ അവൾ എന്നോട് ഇഷ്ടം പറഞ്ഞു..ഞാൻ ഏറെ കാത്തിരുന്ന ദിവസമായിരുന്നു അത്..പക്ഷെ അന്ന് എനിക്ക് എന്റെ അമ്മുവിനെ വേദനിപ്പിക്കേണ്ടി വന്നു..ഒരായിരം തവണ ആ കണ്ണനോട് മാപ്പ് പറഞ്ഞതിന് ശേഷമാണ് അമ്മുവിനോട് ഞാനാ കള്ളം പറഞ്ഞത്…എന്റെ പ്രണയം ടീനുവാണെന്ന്…അപ്പോഴും മനസ്സുരുകി ഞാൻ പ്രാര്ഥിക്കുന്നുണ്ടായിരുന്നു..എല്ലാം താങ്ങാനുള്ള ശക്തി അവൾക്ക് നൽകണമെന്ന്… അതോടെ എല്ലാം നേരെയാകുമെന്നാണ് ഞാൻ കരുതിയത്..പക്ഷെ അതൊരു തുടക്കം മാത്രമായിരുന്നു..

ജെറിയുടെ വായടപ്പിക്കാൻ വേണ്ടി പറഞ്ഞുപോയ ഒരു വാക്കിൽ തുടങ്ങി അവസാനം ഒരുപെണ്ണും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയോടെ എന്നെന്നേക്കുമായി അമ്മു എന്നിൽ നിന്നകന്നു…പക്ഷെ അതിൽ ബലിയാടായത് ഇതിനെ കുറിച്ചൊന്നും അറിയാതെ എന്നെ വിശ്വസിച്ച് ആ നാടകത്തിന് കൂട്ടുനിന്ന ടീനുവാണ്. അമ്മുവിനെ കണ്ടുമുട്ടിയപ്പോൾ മുതലുള്ള എല്ലാ കാര്യങ്ങളും എഴുതിയിട്ടുള്ള ഡയറി വായിച്ചപ്പോഴാണ് ടീനു സത്യങ്ങൾ അറിയുന്നത്..ഒരുപാട് ദേഷ്യപ്പെട്ടു.. ഒരുപാട് വഴക്ക് പറഞ്ഞു..എല്ലാം അമ്മുവിനെ അറിയിക്കുമെന്ന് പറഞ്ഞു…ഞാൻ തന്നെ എല്ലാം അവസാനിപ്പിച്ചോളാം എന്ന് പറഞ്ഞപ്പോഴാണ് മനസ്സില്ലാമനസ്സോടെ അവൾ എന്റെ കൂടെ നിന്നത്. അന്നാ ദിവസം..ഞാൻ പറഞ്ഞിട്ടാണ് ടീനു വീട്ടിലേക്ക് വന്നത്…

ഞാൻ പറയാതെ എഴുന്നേൽക്കരുതെന്ന് പറഞ്ഞ് അവളെ പിടിച്ച് കിടത്തുമ്പോൾ കൂടുതൽ ഒന്നും ചിന്തിക്കാതെ അവൾ അത് അനുസരിച്ചത് എന്നോടുള്ള വിശ്വാസം കൊണ്ടായിരുന്നു..അതുപോലെ തന്നെ അമ്മു വീട്ടിൽ നിന്നിറങ്ങുമ്പോൾ അവളെ സേഫ് ആയിട്ട് അമ്മച്ചിയുടെ അടുത്ത് എത്തിക്കണമെന്ന് കിച്ചുവിനെ പറഞ്ഞേല്പിക്കുമ്പോൾ എന്റെ ഉദ്ദേശം എന്തായിരുന്നെന്ന് അവനും അറിയില്ലായിരുന്നു.അമ്മു വന്നതോ അവൾ ആ രംഗം കണ്ടതോ ഒന്നും ടീനു അറിഞ്ഞില്ല..ഒടുവിൽ നടന്നതൊക്കെ പറയുമ്പോൾ ചെറുതായി ദേഷ്യപെടുമെന്ന് മാത്രം കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ അലറിവിളിക്കുകയാണ് ചെയ്തത്..എന്റെ ഇരുകവിളിലും മാറിമാറി അടിക്കുമ്പോഴും എനിക്ക് വേദനിച്ചില്ല..

കാരണം എല്ലാ അർത്ഥത്തിലും തോറ്റുനില്കുവായിരുന്നു ഞാൻ..ടീനുവിന്റെ ചോദ്യങ്ങൾക്ക് ഒന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു..അമ്മുവിന് വേണ്ടി ഞാൻ കാട്ടികൂട്ടിയതൊക്കെ ടീനുവിന്റെ ജീവിതത്തെയാണ് ബാധിക്കുന്നതെന്ന് ഞാൻ ചിന്തിച്ചില്ല..അമ്മുവിന്റെ സ്ഥാനത് മറ്റാരെങ്കിലുമാണ് അവിടേക്ക് വന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്നും ഞാൻ ചിന്തിച്ചില്ല.. നിശബ്ദനായി നിന്ന എന്റെ മുഖത്ത് നോക്കി വെറുപ്പാണെന്ന് പറഞ്ഞിട്ട് ടീനു പോകുമ്പോഴും ഒരു വിശ്വാസം ഉണ്ടായിരുന്നു…അവൾ എന്നെ വിട്ട് പോകില്ലെന്ന്..പക്ഷെ അമ്മു ഹോസ്റ്റലിലേക്ക് മാറിയതിന്റെ അന്ന് രാത്രിയിലത്തെ ഫ്ലൈറ്റിന് തന്നെ ടീനു ബാംഗ്ലൂരിലേക്ക് പോയി..എല്ലാം അവിടെ അവസാനിച്ചു… 💞💞

ഓഫീസിലെ അന്നത്തെ വിശേഷങ്ങളൊക്കെ ഹർഷനോട് പറയുമ്പോൾ ദിയയുടെ കണ്ണ് നിറയുന്നത് അവൻ ശ്രദ്ധിച്ചു. “എന്ത് പറ്റി നിനക്ക്??” “അത്…” “മ്മ്മ്മ് പറ..എന്താ ഈ സങ്കടത്തിന് കാരണം?” “ഒരു താലി ഈ കഴുത്തിലിട്ട് തരാൻ എത്ര നാളുകൊണ്ട് ഞാൻ പറയുന്നത” “അമ്മാവനും അമ്മായിയും ഇവിടെ വന്നുണ്ടാക്കിയ പ്രശ്നങ്ങളൊക്കെ നീ മറന്നോ ദിയ?? ഒടുവിൽ പോലീസ് കേസ് വരെ ആയില്ലേ..അവസാനം ഇങ്ങനൊരു മകൾ ഇല്ലെന്ന് പറഞ്ഞിട്ടല്ലേ അവർ പോയത്…ഒരിക്കലും അവരെ കുറ്റപ്പെടുത്താൻ പറ്റില്ല..അതുകൊണ്ടാണ് പൂർണ്ണആരോഗ്യം വീണ്ടെടുത്തതിന് ശേഷം അവരുടെ സമ്മതത്തോടെ തന്നെ നിന്നെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചത്” അവന്റെ മറുപടിയിൽ ആശ്വാസം കിട്ടാത്തത് പോലെ അവൾ തലകുനിച്ചു.

താടിത്തുമ്പിൽ പിടിച്ച് മുഖം ഉയർത്തിയതും അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു. “ഓഫീസിൽ ചില മുറുമുറുപ്പുകൾ ഒക്കെ കേൾക്കുന്നുണ്ട്” “എന്ത്??” “അത് ഞാനും ജെറിയും തമ്മിൽ….” “ഓ അപ്പോൾ അതാണ് കാര്യം..നിനക്ക് അവിടെ കുറച്ചധികം സ്വാതന്ത്ര്യം ഉള്ളതിന്റെ കുശുമ്പ്..ആൽബിയുടെ പേര് ചേർത്ത് പറയാൻ പറ്റില്ലല്ലോ..അതുകൊണ്ട് പാവം ജെറിയെ പിടിച്ചങ്ങ് ഇട്ടു” “പോ ഹർഷേട്ടാ..എന്ത് പറഞ്ഞാലും ഒരു തമാശ..” “ഹാ നിക്ക് പെണ്ണേ..ഈ നിസ്സാരകാര്യത്തിന് നീയിങ്ങനെ കണ്ണ് നിറയ്ക്കുന്നത് എന്തിനാ?? അതേ എന്റെ പെണ്ണ് എന്താണെന്ന് എനിക്ക് അറിയാം…അത്രയും വിശ്വാസം തന്നെയുണ്ട് ജെറിയോടും..അതുകൊണ്ട് മറ്റുള്ളവർ എന്ത് പറയും എന്നോർത്തു സമയം കളയണ്ട..കേട്ടല്ലോ” അവരുടെ സംസാരം കേട്ടുകൊണ്ടാണ് അമ്മു മുറിയിലേക്ക് വരുന്നത്..അമ്പലത്തിൽ നിന്നും വന്നതിന് ശേഷം കിടക്കുവായിരുന്നു അവൾ..

കട്ടിലിൽ ഇരുന്ന് എന്തൊക്കെയോ സൗണ്ട് ഉണ്ടാക്കി കളിക്കുന്ന ദച്ചുവിനെ മടിയിൽ ഇരുത്തികൊണ്ട് അമ്മുവും അവരോടൊപ്പം കൂടി. “ദേവുവും കിച്ചേട്ടനും ഇതുവരെ എത്തിയില്ലേ???” “ഇല്ല അമ്മു..നീ അമ്പലത്തിലേക്ക് പോയതിന്റെ പിറകെ തന്നെ ഇറങ്ങിയത..ഇനി കറങ്ങിയിട്ടൊക്കെ വരൂ” “ഹോ അതൊക്കെയാണ് പ്രണയം..കൊച്ചിനെ വീട്ടിൽ ഉള്ളവരെ ഏല്പിച്ചിട്ട് ഇങ്ങനെ കറങ്ങിനടക്കുവാ രണ്ടും.ഇതൊക്കെ കണ്ട് പഠിച്ചോ ഹർഷേട്ടാ..ഒന്ന് എഴുന്നേറ്റിട്ട് വേണം എന്റെ ദിയേച്ചിയെയും ഇതുപോലെ കൊണ്ട് പോകാൻ” ഹർഷനും ദിയയും പരസ്പരം നോക്കി..അവർക്കിടയിൽ കട്ടുറുമ്പ് ആകേണ്ടെന്ന് കരുതി ദച്ചുവിനെയും എടുത്ത് അമ്മു പുറത്തേക്കിറങ്ങി. 💞💞💞💞💞💞💞💞

“ആൽബി..” തലക്ക് പിന്നിൽ കൈപിണച്ചു വെച്ച് മണൽപ്പരപ്പിൽ കിടക്കുന്നവനെ കിച്ചൻ തട്ടി വിളിച്ചു..കൂടെ ദേവുവും ഉണ്ട്..എല്ലാ കഥകളും അറിയാവുന്ന രണ്ട് പേർ. “നിങ്ങൾ എപ്പോൾ എത്തി??” “ദേ വന്നതേയുള്ളു..ഇന്ന് നീയിവിടെ തന്നെ ഉണ്ടാകുമെന്ന് അറിയാമായിരുന്നു” “ഹ്മ്മ്മ്…കോളേജിലെ ഫങ്ക്ഷൻ ഒക്കെ നന്നായിരുന്നോ??” “മ്മ്…കഴിഞ്ഞ മാസം ഇച്ചായൻ വാങ്ങിത്തന്ന ആ റെഡ് ചുരിദാർ ആണ് അമ്മു ഇട്ടത്” “ഞാൻ കണ്ടിരുന്നു” “എങ്ങനെ??” “അതെന്ത് ചോദ്യമാ ദേവു…അമ്മു എവിടെ പോയാലും ഇവൻ കാണില്ലേ..മറഞ്ഞുനിന്ന് അവളെ കാണാത്ത ഒരു ദിവസം പോലും സാറിന് ഇല്ലല്ലോ” അത് പറയുമ്പോൾ പുച്ഛം മാത്രമായിരുന്നു കിച്ചന്..ആൽബി ചിരിച്ചതേയുള്ളൂ.

“ഇനി എത്രനാളും കൂടി നീയീ ഒളിച്ചുകളി തുടരും??” “ഇനി അധികം തുടരേണ്ടി വരില്ല കിച്ചേട്ടാ..എല്ലാത്തിനും തീരുമാനം ആകാറായി” “എന്താ ദേവു നീ അങ്ങനെ പറഞ്ഞത്??” “അതേ ഇച്ചായ..ആ ചന്തുവിനോട് ഇന്നൊരു മറുപടി പറയണമെന്ന് പറഞ്ഞാ അമ്മു അമ്പലത്തിലേക്ക് പോയത്” “ചന്തുവിനോട് എന്ത് പറയാൻ??” “വിവാഹത്തിന് സമ്മതം ആണോ അല്ലയോ എന്ന്” “ഏഹ്ഹ്?? വിവാഹമോ?? അതിന് അമ്മുവിന്റെ എക്സാം ഒന്നും കഴിഞ്ഞില്ലല്ലോ” “എക്സാം കഴിഞ്ഞിട്ട് കെട്ടാനാകും..എന്താണെങ്കിലും നിനക്ക് എന്താടാ?? ഒന്നുമല്ലെങ്കിലും ഉള്ളിലുള്ളത് തുറന്ന് പറയാൻ ധൈര്യം കാണിച്ചവൻ അല്ലേ ചന്തു” അതിന് ആൽബിക്ക് മറുപടി ഇല്ലായിരുന്നു.. “അവളെ നഷ്ടപ്പെടുത്താൻ വേണ്ടിയാണോ നീയിതെല്ലാം ചെയ്ത് കൂട്ടിയത്…ഇന്നും അവൾക് വേണ്ടിയുള്ളത് എല്ലാം ചെയ്യുന്നത് നീ തന്നെയല്ലേ..

എന്നിട്ട് അതിന്റെ ക്രെഡിറ്റ്‌ മുഴുവൻ എനിക്കും..എന്തിന് വേണ്ടിയായിരുന്നു ആൽബി ഇതൊക്കെ..എല്ലാം അവളെ അറിയിക്കാമായിരുന്നു..അവളുടെ കൂടെ നിന്ന് അവളെ ലക്ഷ്യത്തിൽ എത്തിക്കാമായിരുന്നു…” “ഇതിനുള്ള ഉത്തരം അന്നാദ്യമായി എല്ലാം നീ അറിഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ്..നിങ്ങൾ ആരും വിചാരിക്കുന്നത് പോലൊരു മനസ്സല്ല അമ്മുവിന്റെ..ഏത്‌ പ്രതിസന്ധിയെയും അവൾ നേരിടും..പക്ഷെ അവൾ തോറ്റുപോയത് പ്രണയത്തിന് മുന്നിലാണ്.” “എല്ലാം നേരിടാനുള്ള ധൈര്യം നൽകിയത് ഇച്ചായൻ തന്നെയല്ലേ??” “അതാ ദേവു ഞാൻ പറഞ്ഞത്..അവളുടെ ധൈര്യം ഞാനാണ്..നിർഭാഗ്യവശാൽ അതേ ഞാൻ തന്നെയാണ് അവളുടെ ദൗർബല്യവും..

എന്നിലേക്ക് മാത്രമായി അവളുടെ ലോകം ചുരുങ്ങിയിരുന്നു..ആ ലോകത്ത് നിന്ന് പുറത്ത് വരാൻ അവൾ ആഗ്രഹിക്കുന്നില്ല..അതുകൊണ്ട് തന്നെയാണ് എനിക്ക് വേണ്ടി അവൾ മറ്റെല്ലാം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചത്…അപ്പോൾ ഞാൻ അവളെ പ്രണയിക്കുന്നുണ്ടെന്നും കൂടി അറിഞ്ഞാൽ..പിന്നെ ഒരു കാരണവശാലും എന്നെ നഷ്ടപ്പെടുത്താൻ അവൾ ആഗ്രഹിക്കില്ല..ഒരുപക്ഷെ ഞാൻ വാശിപിടിച്ചാലോ അല്ലെങ്കിൽ അമ്മച്ചിയോട് എല്ലാം പറഞ്ഞ് സമ്മതിപ്പിച്ചാലോ അവൾ പഠിക്കുമായിരിക്കും…പക്ഷെ സിവിൽ സർവീസ് പോലുള്ള പരീക്ഷ ഉടനെ ഒന്നും അവൾ നേടിയെടുക്കില്ലായിരുന്നു…കാരണം ഞാൻ അല്ല..എന്നോടുള്ള പ്രണയം ആയിരുന്നു …ആ പ്രണയം അവളുടെ മനസ്സിൽ നിന്ന് മാറ്റാനാ ഞാൻ ശ്രമിച്ചത്” “പക്ഷെ അതിന് നീ തിരഞ്ഞെടുത്ത വഴി തെറ്റിപോയടാ”

“അറിയാം കിച്ചു…അവളുടെ മനസ്സ് വീണ്ടും പഠനത്തിലേക്ക് തിരിക്കണമെന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചോളൂ..അതിൽ ഞാൻ വിജയിച്ചതുമാണ്..നിങ്ങൾക്ക് അറിയില്ലേ ആദ്യത്തെ സെമെസ്റ്ററിന് അവൾ ടോപ്പർ ആയത്.എന്നാൽ ഞാൻ കള്ളം പറഞ്ഞതാണെന്ന സംശയത്തിന്റെ പിറകെ പോയി പിന്നെയും അവളുടെ മനസ്സ് എന്നിലേക്ക് മാത്രമായി..ഇനിയും അവളെ വേദനിപ്പിക്കണ്ടെന്ന് നീയും ടീനുവും പറഞ്ഞത് കൊണ്ട്..ഇനിയും അവളുടെ കരച്ചിൽ കണ്ടില്ലെന്ന് നടിക്കാൻ പറ്റാത്തത് കൊണ്ട്…എല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി അവളോട് എല്ലാം പറയാൻ ഞാൻ തയാറായതല്ലെടാ…അപ്പോഴല്ലേ അവൾ പൂർണമായും പഠിത്തത്തിൽ തോറ്റുപോയെന്ന് അറിഞ്ഞത്..സഹിക്കാൻ പറ്റിയില്ലടാ..എന്തിന് വേണ്ടിയാണോ ഞാൻ എന്റെ ഹൃദയം വേദനിപ്പിച്ചത്..

അത് പരാജയപ്പെട്ടെന്ന് അറിഞ്ഞപ്പോൾ..എല്ലാത്തിനും കാരണം എന്നോട് ഉള്ള അവളുടെ പ്രണയം ആണെന്ന് ഓർത്തപ്പോൾ..അവളെ എന്നെന്നേക്കുമായി എന്നിൽ നിന്ന് അകറ്റണമെന്ന് തോന്നി…അവൾ എന്നെ വെറുക്കണം..എങ്കിൽ മാത്രമേ അവളുടെ പ്രണയം ഇല്ലാതാകു…എന്റെ തണലിൽ ജീവിക്കേണ്ട പെണ്ണല്ലടാ അവൾ..ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടവൾ വെറുമൊരു പ്രണയത്തിന്റെ പേരിൽ അതൊക്കെ നഷ്ടപ്പെടുത്തുന്നത് പ്രോത്സാഹിപ്പിച്ചാൽ പിന്നെ ഞാൻ അവളെ സ്നേഹിച്ചതിന് എന്ത് അർത്ഥമാടാ ഉള്ളത്???” ചിരിയോടെ പറയുമ്പോഴും അവന്റെ കവിളിലെ നനയ്ക്കുന്ന കണ്ണുനീർ നോക്കി കിച്ചൻ ഇരുന്നു. “നിന്റെ ലക്ഷ്യം വിജയിച്ചു..പക്ഷെ ആ മാർഗം നിന്റെ ജീവിതം അല്ലേടാ ഇല്ലാതാക്കിയത്..

അമ്മു കരഞ്ഞതിന്റെ നൂറിരട്ടി നീ കരഞ്ഞിട്ടുണ്ട്…ഇന്നവളിൽ സന്തോഷം തിരികെ എത്തുമ്പോഴും നിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്..നാണംകെട്ട് തെറ്റുകാരനായി നിൽക്കുന്നത് നീയാണ്” “എന്റെ നാണക്കേടിന് ഇന്നൊരു IAS തിളക്കമുണ്ട് കിച്ചു..കുറേ കരഞ്ഞെങ്കിലും ഇന്നെന്റെ അമ്മൂട്ടി ഒരുപാട് സന്തോഷത്തിൽ ആണ്.” “എല്ലാവരും എല്ലാം നേടി..നഷ്ടം നിനക്ക് മാത്രം..അതും നീ സ്വയം വരുത്തിവച്ചത്” “വലിയ നഷ്ടം തന്നെയാണ്…ടീനുവിന്റെ സൗഹൃദം എന്റെ ജീവൻ ആണെങ്കിൽ അമ്മുവിന്റെ പ്രണയം എന്റെ ജീവിതം ആണ്..അത് രണ്ടും ഇല്ലെങ്കിൽ ആൽബി ഇല്ല..എന്നിട്ടും പിടിച്ച് നിൽക്കുന്നത് അപ്പൻ പടുത്തുയർത്തിയ കളരിയ്ക്കൽ ഗ്രൂപ്പ്സ് തകരാതിരിക്കാനാണ്.” “ടീന വിളിക്കുമ്പോഴൊക്കെ നിന്നെ കുറിച്ച് പറയാൻ ഞാൻ ശ്രമിക്കാറുണ്ട്..

പക്ഷെ അവൾക്ക് ഒന്നും കേൾക്കണ്ടെന്ന പറയുന്നത്” “അവൾ പറയുന്നതിൽ ഒരു തെറ്റുമില്ലടാ..അത്രയ്ക്ക് ചീപ്പ് ആയിട്ടാണ് അവളോട് ഞാൻ പെരുമാറിയത്..ഏത്‌ സാഹചര്യത്തിലും എന്നോടൊപ്പം നിൽക്കുന്ന ടീനുവിനെ കുറിച്ച് മാത്രമേ ഞാൻ ചിന്തിച്ചോളൂ..ടീന എന്ന പെണ്ണിനെ കുറിച്ച് ഓർത്തില്ല..അതിനുള്ള ശിക്ഷയാണ് അവൾ എനിക്ക് വിധിച്ചത്..” “ടീനയ്ക്ക് എല്ലാം അറിയാമെന്നു എങ്കിലും പറയാം..പക്ഷെ അമ്മുവിന്റെ കാര്യം അങ്ങനെ അല്ല…സത്യം ഇനിയെങ്കിലും അവൾ അറിയണ്ടേ? ഇനിയും താമസിച്ചാൽ ചിലപ്പോൾ…” “കണ്മുന്നിൽ കണ്ടതൊക്കെ കള്ളമാണെന്ന് പറഞ്ഞാൽ അവൾ വിശ്വസിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ കിച്ചു?? ഇത്രയും വേദനിപ്പിച്ചത് അവൾക് വേണ്ടിയാണെന്ന് പറഞ്ഞാൽ കണ്ണുംപൂട്ടി അവൾ എന്റെ ജീവിതത്തിലേക്ക് വരില്ലടാ..ആത്മാഭിമാനം ഉള്ള പെണ്ണാണ്..അവളെ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടു…ഞാൻ നഷ്ടപ്പെടുത്തി….” കടലിലേക്ക് നോക്കി അവൻ ഇരിക്കുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ കിച്ചനും ദേവുവും ഇരുന്നു…… (തുടരും )

ആത്മിക:  ഭാഗം 45

Share this story