ഈറൻമേഘം: ഭാഗം 34

ഈറൻമേഘം: ഭാഗം 34

 എഴുത്തുകാരി: Angel Kollam

ടീന എമർജൻസിയിലേക്ക് ഒരിക്കൽ കൂടി നോക്കി.. അധികം തിരക്കുള്ളതായിട്ട് തോന്നുന്നില്ല.. പോകുന്നതിന് മുൻപ് റിജോയോട് യാത്ര പറയണമെന്ന് മനസ് പറയുന്നു.. അവൻ തന്നേ സ്നേഹിച്ചു വഞ്ചിച്ചെങ്കിലും ആ സമയത്ത് താൻ തളർന്നു പോകാതെ അജിത്‌ ഒരു തണലായി തന്നോടൊപ്പമുണ്ടായിരുന്നു.. ഇവിടെ തന്നെ തുടർന്ന് ജോലി ചെയ്യാനും തന്നെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞു നടക്കുന്ന അപവാദങ്ങൾക്ക് കാത് കൊടുക്കാതെ ജീവിക്കാനും ധൈര്യം തന്നത് അജിത്തായിരുന്നു.. ഐസിയൂവിൽ പോയിട്ട് അവിടെയുള്ളവരോട് യാത്ര പറഞ്ഞിട്ട് റിജോയെ കാണാൻ വരാമെന്ന് ടീന കരുതി.. റിജോയോട് സംസാരിക്കണം .. എന്തായാലും താനിവിടെ നിന്ന് പോകുകയല്ലേ.. അതിന് മുൻപ് തന്റെ ആദ്യത്തെ പ്രണയിതാവിനോട് യാത്ര പറഞ്ഞേക്കാം.. താനിപ്പോൾ ഈ നിൽക്കുന്ന ബോൾഡായ ടീനയാകാൻ കാരണം അവനാണല്ലോ..

ടീന സ്റ്റൈർകേസ്‌ കയറി ഐസിയൂവിലേക്ക് പോയി.. ശ്യാം അവിടെ മെഡിക്കേഷൻ ട്രോളിയുടെ അടുത്ത് നിൽക്കുന്നുണ്ട്.. ഇൻചാർജിനോട്‌ സംസാരിച്ചു കൊണ്ട് രൂപാലി നിൽക്കുന്നുണ്ടായിരുന്നു.. അവളുടെ കയ്യിലും ക്ലിയറൻസ് പേപ്പർ കണ്ടപ്പോൾ ടീന ആകാംഷയോടെ ചോദിച്ചു.. “രൂപാ.. നീയും റിസൈൻ ചെയ്തോ?” രൂപാലിയുടെ മുഖത്ത് വിഷാദം കലർന്ന ഒരു പുഞ്ചിരി വിടർന്നു.. പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.. “ഉം.. റിസൈൻ ചെയ്തു.. ” പിന്നെ തന്റെ ഹാൻഡ് ബാഗിൽ നിന്നും ഒരു ഇൻവിറ്റേഷൻ കാർഡെടുത്ത് ടീനയുടെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.. “എന്റെ കല്യാണമാണ് ടീനാ.. ” രൂപാലിയുടെ മുഖം കാണുമ്പോൾ തന്നെ മനസിലാകും അവൾക്ക് എന്തോ സങ്കടമുണ്ടെന്ന് . ടീന ആ കാർഡ് വാങ്ങിക്കൊണ്ടു പറഞ്ഞു..

“ഞാൻ നാളെ നാട്ടിലേക്ക് പോകുകയാണ്.. കല്യാണത്തിന് വരാൻ സാധിക്കില്ല.. ഞാൻ പ്രാർത്ഥിക്കാം ” “ഉം ” രൂപാലി വീണ്ടും തിരിഞ്ഞു നിന്ന് ഇൻചാർജിനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.. കന്നഡ അത്ര നന്നായിട്ട് മനസിലാകില്ലെങ്കിലും വിവാഹശേഷം തുടർന്ന് ജോലിക്ക് പോകാൻ ഭർത്താവിന്റെ വീട്ടുകാർ സമ്മതിക്കില്ലെന്നും അതിന്റെ ദുഃഖമാണ് രൂപാലിയ്ക്കെന്നും ടീന മനസിലാക്കി.. ഒരു ചിത്രശലഭത്തെ പോലെ പാറി നടന്നിരുന്നയാളാണ് രൂപാലി.. ആ കല്യാണത്തോടെ അവളുടെ ചിറകുകൾ നഷ്ടപ്പെടുകയാണെന്ന് രൂപാലിയ്ക്ക് അറിയാമായിരുന്നു.. ടീനയ്ക്ക് സഹതാപം തോന്നി, പക്ഷേ തനിക്കൊന്നും ചെയ്യാൻ കഴിയില്ല.. ഇത് രൂപാലിയുടെ ജീവിതമാണ്.. അവൾക്ക് കല്യാണത്തിന് മുൻപ് തന്നെ,തുടർന്നും ജോലിക്ക് പോകണമെന്നുള്ള തന്റെ ആഗ്രഹം അവളെ കെട്ടാൻ പോകുന്ന പയ്യന്റെ വീട്ടുകാരെ അറിയിക്കാവുന്നതേയുള്ളൂ..

ഇപ്പോൾ പ്രതികരണശേഷി നഷ്ടപെട്ട അടിമയായിട്ട് നിന്നാൽ ജീവിതകാലം മുഴുവനും അങ്ങനെ നിൽക്കേണ്ടി വരും.. ടീന രൂപാലിയും ഇൻചാർജും സംസാരിച്ചു കഴിയുന്നത് വരെ അവിടെ കാത്തു നിന്നു.. അതിന് ശേഷം രൂപാലിയേയും കൂട്ടി ഒരു ഒഴിഞ്ഞ കോണിലേക്ക് മാറിനിന്നിട്ട് അവളോട് പറഞ്ഞു.. “രൂപാ.. ജീവിതത്തിൽ നമ്മളെടുക്കുന്ന ചില തീരുമാനങ്ങളാണ് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ ഗതി തന്നെ നിയന്ത്രിക്കുന്നത്.. നീ നാല് വർഷം കഷ്ടപ്പെട്ട് നഴ്സിംഗ് പഠിച്ചത് ഇതിന് വേണ്ടിയായിരുന്നോ? നിനക്ക് ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത്‌ നിന്നെ വിവാഹം ചെയ്യാൻ പോകുന്ന ചെറുക്കന്റെ വീട്ടുകാരെ അറിയിക്കണം ” “ടീനാ.. ഞാൻ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ പറഞ്ഞാൽ ചിലപ്പോൾ ഈ വിവാഹം നടക്കില്ല ” “ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യം വിവാഹമാണോ?

ഇത്രയും വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടും നീയും പൊട്ടക്കിണറ്റിലെ തവളയെപ്പോലെയാണല്ലോ പെരുമാറുന്നത് ” “ടീനാ.. നിനക്ക് എന്നെപ്പറ്റി ഒന്നുമറിയില്ല.. വീട്ടിൽ യാതൊരു വിധത്തിലുള്ള സ്വാതന്ത്ര്യവും അനുഭവിക്കാത്തയാളായിരുന്നു ഞാൻ.. ഒന്നുറക്കെ സംസാരിക്കാൻ പോലും അപ്പയെന്നെ അനുവദിച്ചിട്ടില്ല.. പെൺകുട്ടികളുടെ ശബ്ദം വീട്ടിൽ ഉയർന്നു കേൾക്കരുതെന്ന നിർബന്ധമുള്ള ആളായിരുന്നു അപ്പ.. അപ്പയെ എതിർക്കാനോ പ്രതികരിക്കാനോ ഒന്നുമെനിക്ക് കഴിയുമായിരുന്നില്ല.. സ്വാതന്ത്ര്യം എന്താണെന്ന് ഞാനറിഞ്ഞത് നഴ്സിംഗ് കോളേജിൽ ജോയിൻ ചെയ്തപ്പോളാണ്.. അതിന് ശേഷം ഞാൻ എന്റെ ജീവിതം എന്റെ സന്തോഷങ്ങൾക്ക് വേണ്ടി മാത്രം മാറ്റി വച്ചു..

എന്റെ ആഗ്രഹങ്ങൾക്ക് മാത്രമേ ഞാൻ മുൻ‌തൂക്കം നൽകിയിട്ടുള്ളൂ… എന്റെ പല ആഗ്രഹങ്ങളും സാധിക്കുന്നതിനിടയിൽ മറ്റുള്ളവർക്ക് വേദനിക്കേണ്ടി വരുന്നത് പോലും കാര്യമാക്കിയില്ല ഞാൻ.. അത്രയ്ക്ക് സ്വാർത്ഥയായിരുന്നു ഞാൻ… എന്റെ ആഗ്രഹസഫലീകരണത്തിന് വേണ്ടി പല വളഞ്ഞ വഴികളും ഞാൻ സ്വീകരിച്ചിട്ടുണ്ട്.. അങ്ങനെയൊക്കെയാണ് എന്റെ അപ്പയോടുള്ള ദേഷ്യം ഞാൻ തീർത്തത്.. അപ്പ കൊണ്ട് വന്ന മൂന്ന് വിവാഹലോചനകൾ ഞാൻ മുടക്കി.. പക്ഷേ ഈ വിവാഹം മുടക്കാൻ ഞാൻ ശ്രമിച്ചില്ല .. പെണ്ണുകാണാൻ വന്നപ്പോൾ കിരണിന് എന്നെ അത്രയ്ക്കിഷ്ടമായിയെന്നാണ് അവൻ പറഞ്ഞത്. അവന്റെ കണ്ണുകളിൽ സ്നേഹവും അലിവുമൊക്കെ ഞാൻ തിരിച്ചറിഞ്ഞു..

ജീവിതത്തിൽ എന്നെ ആത്മാർത്ഥമായിട്ട് സ്നേഹിക്കാൻ ഒരാളെങ്കിലും ഉണ്ടാകുമല്ലോ എന്ന സന്തോഷം എനിക്കുണ്ട്..വിവാഹശേഷം എന്നെയും കിരണിനോടൊപ്പം കൊണ്ട് പോകാമെന്നാണ് അവൻ വാക്ക് തന്നിരിക്കുന്നത്.. വീട്ടുകാരോട് പറയാതെ ജോലിക്ക് വിടാമെന്നും പറഞ്ഞിട്ടുണ്ട്.. അവരോട് പറയാനും സമ്മതം വാങ്ങാനുമൊക്കെ നിന്നാൽ ജോലിയെന്ന സ്വപ്നം മനസ്സിൽ വച്ച് നടക്കാനേ പറ്റുള്ളൂ ” “നിന്റെ ഭർത്താവ് ജോലിക്ക് വിടാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ.. പിന്നെന്താ നിനക്ക് വിഷമം?” “കല്യാണം കഴിഞ്ഞാൽ ഉടനെയൊന്നും എനിക്ക് കിരണിനോടൊപ്പം പോകാൻ പറ്റില്ല.. ഫാമിലി വിസയുടെ ഫോർമാലിറ്റിയൊക്കെ ഉണ്ട്.. അതിനൊക്കെ കുറച്ച് സമയമെടുക്കും.. അത്രയും നാളുകൾ ഞാൻ അനുസരണയുള്ള മരുമകളായി കിരണിന്റെ വീട്ടിൽ നിൽക്കണം..

അതിന് വേണ്ടിയാണ് കല്യാണത്തിന് മുൻപ് തന്നെ റിസൈൻ ചെയ്യിപ്പിച്ചത് ” “നീ വിഷമിക്കണ്ട.. ഏറിയാൽ മൂന്നോ നാലോ മാസത്തിനകം നിനക്ക് കിരണിനോടൊപ്പം പോകാൻ കഴിയും.. നീ പറയുന്നത് കേട്ടിട്ട് കിരൺ നല്ല പയ്യനാണെന്നാണ് എനിക്ക് തോന്നുന്നത്.. അപ്പോൾപ്പിന്നെ അങ്ങനെയൊരാൾ ജീവിതത്തിലേക്ക് വരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത് ” “അറിയില്ല ടീനാ.. ഐസിയൂവിൽ നിൽക്കുമ്പോൾ വല്ലാത്തൊരു സങ്കടം.. ഞാൻ ഒരുപാട് നാളുകൾ ജോലി ചെയ്ത ഡിപ്പാർട്മെന്റ് ആയത്കൊണ്ടായിരിക്കും ” ടീന രൂപാലിയുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.. “ചില മാറ്റങ്ങൾ അനിവാര്യമാണ് രൂപാ.. നമുക്ക് എവിടെയും സ്ഥിരമായി നിൽക്കാൻ കഴിയില്ല..” “ഉം.. ഞാൻ പോട്ടേ ടീനാ.. കുറച്ച് പേരെക്കൂടി കല്യാണം ക്ഷണിക്കണം ” “ഓക്കേ.. ബെസ്റ്റ് വിഷസ്‌ ” “താങ്ക്യൂ ” ശ്യാം അപ്പോളും മെഡിക്കേഷൻ ട്രോളിയുടെ മുന്നിൽ തന്നെ നിൽക്കുകയായിരുന്നു..

രൂപാലി അവന്റെ അരികിലെത്തി, തന്റെ കയ്യിലിരുന്ന ഇൻവിറ്റേഷൻ കാർഡ് അവന് നേരെ നീട്ടുമ്പോൾ അവളുടെ മിഴികളിൽ നനവ് പടർന്നു.. ശ്യാമിന് മാത്രം കേൾക്കാവുന്ന ഒച്ചയിൽ അവൾ പറഞ്ഞു.. “നിന്നെ എനിക്കിഷ്ടമായിരുന്നു ശ്യാം.. ആദ്യ കാലങ്ങളിൽ ആമിയോടൊപ്പം നടക്കുമ്പോൾ നീ പുച്ഛത്തോടും വെറുപ്പോടും കൂടിയെന്നെ നോക്കിയപ്പോൾ എനിക്കെന്റെ അപ്പയെ ഓർമ വന്നു.. നിന്റെ മനസ്സ് സ്വന്തമാക്കാൻ കഴിയില്ലെന്ന് എനിക്ക് മനസിലായത് കൊണ്ടാണ് ഞാനങ്ങനെ ഒരു വളഞ്ഞ വഴി സ്വീകരിച്ചത്.. പക്ഷേ..എന്നെങ്കിലുമൊരിക്കൽ നീയും എന്നെ തിരിച്ചു സ്നേഹിക്കുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചിരുന്നു.. ഒരിക്കലും അത്‌ നടക്കില്ലെന്നു മനസിലായപ്പോൾ നിന്റെ മുന്നിൽ തോറ്റു തരാൻ മനസ്സില്ലാത്തത് കൊണ്ടാണ് നിന്റെ ശരീരം മാത്രമാണ് ഞാനാഗ്രഹിച്ചതെന്ന് ഞാൻ കള്ളം പറഞ്ഞത് ”

“രൂപാ.. പഴയതൊന്നും ഇനി പറയണ്ട.. നമ്മൾ രണ്ടാളും തെറ്റുകാരാണ് ഞാൻ സമ്മതിച്ചു.. പക്ഷേ നീയാണ് കൂടുതൽ തെറ്റുകാരി.. എന്റെ മനസ്സിൽ ആമി മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആ എന്നെ ചീത്തയാക്കിയത് നീയാണ് ” രൂപാലിയുടെ ചുണ്ടിന്റെ കോണിൽ പുച്ഛത്തിൽ ഒരു ചിരി വിരിഞ്ഞു.. “നിനക്കൊരു മാറ്റവുമില്ലല്ലോ ശ്യാം.. അന്നുമിന്നും നിനക്ക് സ്വാർത്ഥത മാത്രമേയുള്ളൂ.. എന്നോടൊപ്പമുള്ള നിമിഷങ്ങൾ നീ ആസ്വദിച്ചത് കൊണ്ടല്ലേ നീ ആമിയിൽ നിന്നും അന്നത്തെ സംഭവം മറച്ച് വച്ചതും വീണ്ടും അതൊക്കെ ആവർത്തിച്ചതും.. എന്നിട്ടും ഞാൻ മാത്രമാണോ തെറ്റ്കാരി?” “രൂപാ.. നീ എന്റെ കണ്മുന്നിൽ നിന്നൊന്ന് പോകുന്നുണ്ടോ? എന്തായാലും നിനക്ക് നഷ്ടമൊന്നും ഉണ്ടായിട്ടില്ലല്ലോ..

നീ യോഗ്യനായ ഒരുത്തനെ കല്യാണം കഴിച്ചു സുഖമായി ജീവിക്കാൻ പോകുവല്ലേ.. പൊയ്ക്കോ.. സുഖമായി ജീവിച്ചോ.. നീ കാരണമാണ് എന്റെ ജീവിതം തകർന്നത്.. അതൊരിക്കലും ഞാൻ മറക്കില്ല ” ശ്യാമിന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.. മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുമെന്ന് തോന്നിയപ്പോൾ രൂപാലി അവിടെ നിന്നും തിരിഞ്ഞു നടന്നു.. ശ്യാം തന്റെ കയ്യിലിരുന്ന ഇൻവിറ്റേഷൻ കാർഡ് ഒന്ന് തുറന്ന് പോലും നോക്കാതെ അടുത്തുള്ള ഡസ്റ്റ് ബിന്നിലേക്കിട്ടു.. ടീന ഇൻചാർജിന്റെ അടുത്ത് നിന്നും ക്ലിയറൻസ്‌ പേപ്പറിൽ ഒപ്പ് വാങ്ങുകയായിരുന്നു.. ഒപ്പിട്ട് കൊടുത്തതിനു ശേഷം അവർ ടീനയോട് ഭാവിപരിപാടികളെപ്പറ്റി അന്വേഷിച്ചു.. വിവാഹത്തെപ്പറ്റി ഒന്നും അവരോടും ടീന പറഞ്ഞില്ല.. അവരുടെ ചോദ്യങ്ങൾക്ക് ഒഴുക്കൻ മട്ടിൽ ഉത്തരം പറഞ്ഞു…

അവിടെയിങ്ങനെ നിന്നപ്പോൾ അജിത്‌ തന്നോട് യാത്ര പറയാൻ വന്നത് അവളുടെ മനസിലെക്കോടിയെത്തി.. ആ ദിവസമായിരുന്നു അജിത്‌ തന്നെ ഇഷ്ടമാണെന്നറിയിച്ചത്.. അവന്റെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും ആ ഇഷ്ടം തിരിച്ചറിഞ്ഞതാണെങ്കിലും തന്നോട് തുറന്ന് പറഞ്ഞ ആ നിമിഷം തനിക്കൊരിക്കലും മറക്കാൻ കഴിയില്ല.. ടീന അജിത്തിന്റെ പെണ്ണായ ആ നിമിഷം എങ്ങനെ മറക്കാനാണ്… ആ ദിവസം ഇന്നലെ കഴിഞ്ഞത് പോലെ ടീനയുടെ മനസിലേക്കോടിയെത്തി.. ടീനയ്ക്ക് ഈവെനിംഗ് ഡ്യൂട്ടി ആയിരുന്നു.. തിരക്ക് കുറവായത് കൊണ്ട് മെഡിക്കേഷൻ ട്രോളിയിലെ മെഡിസിന്റെ എക്സ്പയറി ഡേറ്റ് പരിശോധിച്ചു കൊണ്ടവൾ നിന്നു..

പക്ഷേ അവളുടെ മനസ്സ് അവിടെയെങ്ങും ആയിരുന്നില്ല.. അജിത്‌ ഇന്ന് വൈകുന്നേരം നാട്ടിലേക്ക് പോകുകയാണ്.. അവൻ പോയിക്കഴിഞ്ഞാൽ താനിവിടെ തനിച്ചായി പോകുമെന്ന് തോന്നുകയാണ്.. വല്ലാത്തൊരു സങ്കടം.. കണ്ണുനീർ കാഴ്ചയെ മറയ്ക്കുന്നു.. ഇടത് കൈ കൊണ്ട് കവിളുകൾ തുടയ്ക്കുമ്പോളാണ് തൊട്ട് പിന്നിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയത്. തിരിഞ്ഞു നോക്കുമ്പോൾ തന്നെ നോക്കി നിൽക്കുന്ന അജിത്തിനെയാണ് കണ്ടത്.. പെട്ടന്ന് മുഖത്ത് പ്രസന്നത വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.. “അജൂ.. പോകാനുള്ളതെല്ലാം റെഡിയായോ.. ബാഗ് പാക്ക് ചെയ്തോ?” “എല്ലാം റെഡിയാണ്.. ഇനി ഇവിടെ വന്ന് ചിലരോട് യാത്ര പറഞ്ഞിട്ട് പോകാമെന്ന് കരുതി ”

“ഉം.. നീ യാത്ര പറയാൻ വന്നില്ലല്ലോ എന്ന് ഞാൻ കരുതിയതേയുള്ളൂ ” “നീ ഫ്രീയാണോ ടീനാ ” “അതേ.. എന്ത് പറ്റി?” “എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് ” ടീന ചുറ്റുപാടും കണ്ണോടിച്ചു.. ആകെ നാല് രോഗികളേ ഐസിയൂവിൽ ഉണ്ടായിരുന്നുള്ളൂ.. എല്ലാവരും സ്റ്റേബിളാണ്.. നാളെ രാവിലത്തെ ഡോക്ടർസ്‌ റൌണ്ട്സ് കഴിഞ്ഞാൽ വാർഡിലേക്ക് ഷിഫ്റ്റ്‌ ചെയ്യുമായിരിക്കും.. ഐസിയൂവിലെ ബാക്കിയുള്ള സ്റ്റാഫ് എല്ലാവരും കൌണ്ടറിലിരുന്നു വർത്തമാനം പറയുന്നുണ്ട്.. തന്നെയും അജിത്തിനെയും ആരും ശ്രദ്ധിക്കുന്നില്ല അതിന് കാരണമുണ്ട്.. തങ്ങൾ ഒരുമിച്ച് ഡ്യൂട്ടിയിൽ ഉള്ളപ്പോളും മിക്കവാറും സമയങ്ങളിൽ ഒരുമിച്ച് നിന്ന് സംസാരിക്കുന്നത് പതിവാണ്..

അപ്പോൾപ്പിന്നെ അജിത്‌ ഇവിടെ നിന്ന് പോകുന്ന ദിവസം തന്റെയടുത്തു നിന്ന് സംസാരിക്കുന്നതിൽ ആർക്കും അസ്വഭാവികതയൊന്നും തോന്നില്ല.. “പറഞ്ഞോളൂ അജൂ ” “നമുക്ക് കാന്റീനിലേക്ക് പോയാലോ?” “വേണ്ട.. ഓൺ ഡ്യൂട്ടിയിലുള്ള ഞാനും ഓഫ് ഡ്യൂട്ടിയിലുള്ള നീയും കൂടി ക്യാന്റീനിൽ പോയിരിക്കുന്നെന്ന് പറഞ്ഞ് ആരെങ്കിലും പ്രശ്നമുണ്ടാക്കിയാലോ.. നിനക്കറിയാല്ലോ ഇവിടെയുള്ളവരുടെ സ്വഭാവം.. ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയാണ് എല്ലാവരും ” “ഞാൻ പോകുന്നതിൽ നിനക്ക് വിഷമമില്ലേ ടീനാ ” “എനിക്ക് വിഷമമുണ്ടെന്ന് പറഞ്ഞാൽ നിനക്ക് പോകാതിരിക്കാനാകുമോ? നിനക്ക് നല്ലൊരു ഭാവിയുണ്ട്.. കാനഡയിൽ പോയി ജോലിയൊക്കെ ചെയ്ത് നല്ലൊരു പെണ്ണിനെയൊക്കെ കല്യാണം കഴിച്ചു അടിച്ചു പൊളിച്ചു ജീവിക്ക്..

അതിനിടയിൽ നീ എന്നെ മറന്ന് പൊയ്ക്കോളും.. അല്ലെങ്കിലും ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തിനൊക്കെ ഒരു പരിധിയുണ്ട്.. രണ്ടിലൊരാളുടെ വിവാഹം വരെയൊക്കെയേ അതിന് ആയുസ്സുള്ളൂ ” അത്‌ പറയുമ്പോൾ ടീനയുടെ സ്വരമിടറി.. തന്റെ ഭാവമാറ്റം അജിത്‌ ശ്രദ്ധിക്കാതിരിക്കാൻ അവൾ ശ്രമിച്ചു.. “ടീനാ.. ഞാൻ നിനക്ക് വെറുമൊരു സുഹൃത്താണോ?” “അതേ.. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്..” “പക്ഷേ നീ എനിക്ക് വെറുമൊരു സുഹൃത്ത് മാത്രമായിരുന്നില്ല.. നമ്മൾ തമ്മിലുള്ള ബന്ധത്തെ സൗഹൃദമെന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുമില്ല.. എനിക്ക് നിന്നോടുള്ള ഇഷ്ടം നീ ഇതിനകം മനസിലാക്കിയിട്ടുണ്ടെന്നാണ് ഞാൻ കരുതിയത്.. പല സന്ദർഭങ്ങളിലും ഞാനത് നിന്നെ അറിയിക്കാൻ ശ്രമിച്ചിട്ടുണ്ട്.. നീ അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണോ ”

“അജൂ.. എനിക്കറിയില്ല എന്താ നിന്നോട് പറയേണ്ടതെന്ന്.. നിനക്കറിയാമല്ലോ എന്റെ മാനസികാവസ്ഥ.. ” “നോക്ക് ടീനാ.. നീയും റിജോയും തമ്മിൽ പ്രണയത്തിലായിരുന്നപ്പോൾ ഞാൻ നിന്നെ നല്ലൊരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂ.. അന്ന് ആ റെയിൽവേസ്റ്റേഷനിൽ എന്റെ നെഞ്ചിൽ തല വച്ചു നീ കരഞ്ഞപ്പോൾ എനിക്ക് റിജോയോട് ദേഷ്യം തോന്നിയെങ്കിലും നിന്നെ പ്രണയിക്കണമെന്ന് തോന്നിയിരുന്നില്ല.. പക്ഷേ തിരികെ ഒരുമിച്ചുള്ള യാത്രയിൽ നിന്റെ സങ്കടത്തിൽ നിന്നോടൊപ്പം ഞാനുണ്ടായിരിക്കണമെന്ന് ഞാനാഗ്രഹിച്ചു.. ഇതിനിടയിൽ എപ്പോളോ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു.. ഞാൻ അപ്പോളൊന്നും അത്‌ നിന്നോട് തുറന്ന് പറയാതിരുന്നത് നീയെന്നോട് നോ പറഞ്ഞാൽ അതൊരുപക്ഷേ എനിക്ക് സഹിക്കാൻ കഴിയില്ലെന്ന് തോന്നി..

പക്ഷേ ഇവിടുന്ന് പോകുന്നതിന് മുൻപ് എനിക്ക് നിന്നോട് എന്റെ മനസിലുള്ളത് തുറന്ന് പറയണം ” “അജൂ.. നമ്മളൊരുമിച്ചുണ്ടായിട്ടുള്ള ഓരോ നിമിഷവും നീയെന്നെ ഒരുപാട് കെയർ ചെയ്തിട്ടുണ്ട്.. എന്റെ സങ്കടങ്ങളിലൊക്കെ താങ്ങായി നിന്നിട്ടുണ്ട്.. എല്ലാം ശരിയാണ്.. പക്ഷേ..” “ടീനാ.. മറ്റാരേക്കാളും നന്നായിട്ട് എനിക്ക് നിന്നെ മനസിലാകും.. നിന്നെയിപ്പോൾ പിന്നോട്ട് വലിക്കുന്ന ഘടകം റിജോയാണെന്ന് എനിക്കറിയാം.. ” “അത്‌ തന്നെയാണ് സത്യം.. അജൂ… എനിക്ക് നിന്നോട് ഇഷ്ടമുണ്ട്.. നീ എപ്പോളും എന്റെ കൂടെയുണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നുണ്ട്.. നീയില്ലാതെ ഇവിടെ നിൽക്കുന്നതിനെ പറ്റി ഓർക്കുമ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്.. പക്ഷേ.. നമ്മൾ തമ്മിലുള്ള സൗഹൃദത്തിന്റെ നിറം മാറിയാൽ ഇവിടെയുള്ളവർക്ക് പറഞ്ഞു നടക്കാൻ പുതിയ കഥയാകും..

ആ കഥയിൽ റിജോയ്ക്ക് നായകവേഷവും എനിക്കും നിനക്കും വില്ലന്റെയും വില്ലത്തിയുടെയും വേഷവുമായിരിക്കും.. അതിനൊക്കെ നമ്മളായിട്ട് ഇടവരുത്തണോ?” “ടീനാ.. ഇതൊക്കെ വെറും എസ്ക്യൂസസാണ്.. എനിക്കതൊന്നും കേൾക്കണ്ട.. ഇവിടെയുള്ളവരുടെ ചിലവിലല്ല നമ്മൾ ജീവിക്കാൻ പോകുന്നത്.. നമുക്ക് രണ്ടുപേർക്കും ജോലിയുണ്ട്.. ആരെയും ആശ്രയിക്കാതെ നമുക്ക് ജീവിക്കാനും കഴിയും.. പിന്നെയെന്തിനാ നീ ഇവിടെയുള്ളവർ പറഞ്ഞു നടക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.. എനിക്ക് നിന്നെ അറിയാം.. നിനക്ക് എന്നെയും.. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നും നമുക്കറിയാം.. നീ സമ്മതിച്ചാൽ ഞാനാണ് നിന്റെ ജീവിതത്തിൽ ഇനിയുള്ള കാലം കൂടെയുണ്ടാകുന്നത്..

അപ്പോൾപ്പിന്നെ മറ്റുള്ളവർ എന്ത് പറഞ്ഞാലും നീയത് കാര്യമാക്കണ്ട.. എല്ലാവരെയും തൃപ്തിപെടുത്തിക്കൊണ്ട് നമുക്ക് ജീവിക്കാൻ കഴിയില്ല ” “അജൂ.. എനിക്ക് കുറച്ച് ടൈം വേണം ” “നിനക്കെത്ര ടൈം വേണമെങ്കിലും എടുക്കാം.. ഞാനെന്റെ മനസ്സ് നിന്നെ അറിയിച്ചെന്നേയുള്ളൂ.. നിനക്ക് എന്നെ പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്നത് വരെ നമ്മൾ നല്ല സുഹൃത്തുക്കളായിരിക്കും.. ഇനിയിപ്പോൾ ഒരിക്കലും നിനക്കെന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും നമ്മൾ നല്ല സുഹൃത്തുക്കളായി തന്നെ തുടരും.. എനിക്ക് നിന്നെ ഇഷ്ടമാണ്.. നിന്നെ ഞാനെന്റെ ഭാര്യയാക്കാൻ ആഗ്രഹിക്കുന്നു.. ഇനി എന്ത് തീരുമാനം വേണമെങ്കിലും നിനക്കെടുക്കാം ” അജിത് തന്നോട് അവന്റെയിഷ്ടം അറിയിച്ചപ്പോൾ അവനെ തനിക്കും ഇഷ്ടമായിരുന്നു..

പക്ഷേ തുറന്ന് പറയാഞ്ഞത് ഈ ചുറ്റുപാടുകളെ പേടിച്ചിട്ട് തന്നെയാണ്.. അജിത്‌ ഇവിടെ നിന്ന് പോയതിന് ശേഷമാണ് അവന്റെ അസാന്നിധ്യം തന്നെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് മനസിലാക്കിയത്.. തനിക്കും അവനെ ഇഷ്ടമാണെന്ന് അറിയിക്കാൻ പിന്നെ അധികം വൈകിയില്ല.. അതിന് ശേഷം പിന്നീടൊരിക്കലും പഴയതോർത്ത്‌ തനിക്ക് സങ്കടപെടേണ്ടി വന്നിട്ടില്ല.. തന്റെ ദുഃഖത്തിലും സന്തോഷത്തിലുമെല്ലാം അജിത്‌ തന്നോടൊപ്പമുണ്ടായിരുന്നു.. ടീന ഓർമകളിൽ നിന്നുണർന്നു.. ശ്യാമിന്റെ അടുത്തെത്തി അവനോട് യാത്ര പറഞ്ഞിട്ട് അവൾ ഐസിയൂവിന്റെ പുറത്തേക്കിറങ്ങി.. പോകുന്നതിന് മുൻപ് ഒരിക്കൽ കൂടി അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി.. എത്ര നിയന്ത്രിച്ചിട്ടും ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിണകളെ പൊള്ളിച്ചു..

ടീന എമർജൻസിയ്ക്ക് ഉള്ളിലേക്ക് കയറി.. റിജോ കൌണ്ടറിൽ വെറുതെ ഇരിക്കുകയായിരുന്നു.. ടീന തന്റെയടുത്തേക്ക് നടന്ന് വരുന്നത് കണ്ടതും അവൻ അമ്പരപ്പോടെ അവളെ നോക്കി.. അന്നത്തെ ആ സംഭവത്തിന് ശേഷം അവളിത് വരെ തന്റെയടുത്തേക്ക് വന്നിട്ടില്ല.. ഇന്നിപ്പോൾ പോകുകയായത് കൊണ്ട് യാത്ര പറയാൻ വന്നതായിരിക്കുമെന്ന് അവൻ മനസ്സിൽ കരുതി.. ടീന റിജോയുടെ തൊട്ടടുത്തെത്തി നിന്നു.. “റിജോ ഞാൻ നാട്ടിലേക്ക് പോവാണ്.. ഇനി നമ്മൾ തമ്മിലൊരിക്കലും കാണില്ലെന്ന് എനിക്കുറപ്പാണ്..നിന്നോട് യാത്ര പറയണോ വേണ്ടയോ എന്നൊരായിരം വട്ടം ഞാൻ ആലോചിച്ചതാണ്.. പക്ഷേ ഇവിടുന്ന് പോയാലും ഇനി അതൊരു നൊമ്പരമായി മനസിലുണ്ടാകരുതെന്ന് കരുതിയാണ് യാത്ര പറയാമെന്നു വച്ചത്.. ” റിജോ മറുപടിയൊന്നും പറഞ്ഞില്ല..

ടീനയും ഒരു നിമിഷം നിശബ്ദയായിട്ട് നിന്നു.. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. “ഇനിയെങ്കിലും നിനക്ക് മര്യാദയ്ക്ക് ജീവിച്ച് കൂടെ.. ആരെ തോൽപിക്കാനാണ് ഇങ്ങനെയൊക്കെ..” “ആരെയും തോൽപിക്കാനല്ല.. ഇതൊക്കെയേ ഉള്ളൂ എനിക്കൊരു സന്തോഷം ” “എന്നും നിനക്കിത് പോലെ ആരോഗ്യവും സൗന്ദര്യവുമൊന്നും ഉണ്ടാകില്ല റിജോ.. നീ ഈ ചെയ്ത് കൂട്ടുന്നതിനൊക്കെ ഒരിക്കൽ നീ ദുഖിക്കേണ്ടി വരും ” “നീ എന്നോട് യാത്ര പറയാനല്ലേ വന്നത്.. പറഞ്ഞു കഴിഞ്ഞല്ലോ..

ഇനി പൊയ്ക്കോ.. എന്നെ ഉപദേശിച്ച് നന്നാക്കാനൊന്നും നിൽക്കണ്ട.. എന്നെ ഉപദേശിച്ച് നന്നാക്കാൻ മാത്രം നീ വളർന്നിട്ടില്ല ” ടീന മറുപടിയൊന്നും പറയാതെ പുറത്തേക്ക് നടന്നു.. എമറാൾഡ് ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയതും ടീനയുടെ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെട്ടു.. താനിത്രയും നാൾ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും പടിയിറങ്ങുമ്പോൾ എല്ലാവരുടെയും നെഞ്ചിലുണ്ടാകുന്ന ഒരു പിടച്ചിലായിരുന്നു അത്‌…….. തുടരും…….

ഈറൻമേഘം: ഭാഗം 33

Share this story