തമസ്സ്‌ : ഭാഗം 35

തമസ്സ്‌ : ഭാഗം 35

എഴുത്തുകാരി: നീലിമ

ജാനകി ചിരിച്ചു…. “”””എനിക്ക് വേണ്ടതും അത് പോലെ ഉള്ളതിനെയാണ്….. മുന്നിൽ കിട്ടുന്നവരെ കടിച്ചു കീറി കൊല്ലാൻ പാകത്തിനുള്ള നായ്ക്കളെ…..”””” “””എന്തിനാ നിനക്കിപ്പോ അങ്ങനെ രണ്ടെണ്ണത്തിനെ? എന്തിനാണെന്ന് നീയൊന്നു തെളിച്ചു പറ ജാനി….”””” ആൽവി അക്ഷമനായി. “”””അതൊക്കെ പറയാം…. ആൽവിച്ചായന് അവയെ എനിക്ക് കൊണ്ടു തരാൻ പറ്റുമോ?”””” “””മ്മ്.. നീ ആദ്യമായിട്ട് ഒരു കാര്യം പറഞ്ഞതല്ലേ? പക്ഷെ…അവയെ മെരുക്കാൻ ഇത്തിരി പാടാണ്…..”””” “”””അതൊക്കെ ഞാൻ നോക്കിക്കോളാം…”””” “”””ഹ്മ്മ്… ശെരി.. ഞാൻ വാങ്ങിക്കൊണ്ട് വരാം…..”””” മനസില്ലാമനസോടെ അത്രയും പറഞ്ഞു കാൾ അവസാനിപ്പിക്കുമ്പോഴും ജാനിയുടെ ഉദ്ദേശം എന്താണെന്ന് ആൾവിയ്ക്ക് വ്യക്തമായിരുന്നില്ല… 🍁🍁🍁🍁

മറ്റൊരു വശത്ത് വിനോദിന്റെ കാളുകൾ മുറയ്ക്ക് വന്നു കൊണ്ടിരുന്നു … ഒരു സംശയവും തോന്നാത്ത രീതിയിൽ തന്ത്രപരമായിത്തന്നെ അവൾ അവനോട് സംസാരിച്ചു….. റോസ് തന്റെ വലയിൽ വീണു എന്ന് തന്നെ വിനോദ് വിശ്വസിക്കുകയും ചെയ്തു. റോസിനെ ബാംഗ്ലൂരിൽ എത്തിക്കുന്നതിനു മുൻപ് അവളുടെ വിവരങ്ങൾ വരുണിനെ അറിയിക്കണമെന്നും അവൾക്കുള്ള വില പറഞ്ഞുറപ്പിക്കണമെന്നും വിനോദ് തീരുമാനിച്ചു…. എന്നാൽ എത്ര തവണ ശ്രമിച്ചിട്ടും വരുണിനെ കിട്ടാത്തത് വിനോദിനെ നിരാശനാക്കി…. വിളിക്കുമ്പോഴൊക്കെ വരുണിന്റെ നമ്പർ സ്വിച്ചഡ് ഓഫ് ആയിരുന്നു…. അത് കൊണ്ട് തന്നെ വിവരങ്ങൾ രുഗ്മിണി തങ്കച്ചിയെ അറിയിക്കാം എന്നവൻ തീരുമാനിച്ചു … 🍁🍁

“””നിന്റെ കാൾ ഞാൻ പ്രതീക്ഷിച്ചിരുന്നു വിനോദെ…. എന്തായി കാര്യങ്ങൾ?”””” കാൾ എടുത്ത ഉടനെ രുഗ്മിണിയുടെ ചോദ്യം വന്നു… “”””അതൊക്കെ പറയാം… ഡോക്ടർ സാർ എവിടെ പോയി? വിളിക്കുമ്പോഴൊക്കെ സ്വിചേഡ് ഓഫ് എന്നാണല്ലോ മറുപടി.”””” “”””വരുൺ ഇപ്പൊ വിദേശത്താണ് … ജോലിയുടെ എന്തോ ആവശ്യത്തിന് പോയതാ…. ആരും വിളിച്ച് ശല്യം ചെയ്യാതിരിക്കാനായാണ് മൊബൈൽ ഓഫ് ആക്കിയത്…. ഉടനെ തിരികെ എത്തും…”””” “”””” ഞാൻ ചോദിച്ചതിന് നീ മറുപടി പറ…..ഞങ്ങൾ ഏൽപ്പിച്ച ജോലി എന്തായി? “””” “”””നമ്മൾ കരുതിയത് പോലെ ആൽവിയുടെ അടുതോ മോഹന്റെ അടുതോ ജാനകി ഇല്ല… മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് തിരക്കുന്നുണ്ട് ഞാൻ…. ഇപ്പൊ വിളിച്ചത് മറ്റൊരു കാര്യത്തിനാ….””””

“””””ഒരു പുതിയ മീൻ എന്റെ ചൂണ്ടയിൽ കൊത്തിയിട്ടുണ്ട്….. വെറും മീനല്ല… നല്ല അസ്സലൊരു സ്രാവ് എന്ന് തന്നെ പറയണം…. ഡോക്ടർ സാറിനോട് സംസാരിച്ചു വില തീരുമാനിച്ചിട്ട് വേണം അങ്ങോട്ടേക്ക് കൊണ്ട് വരാൻ…”””” “””””വരുൺ ഒരാഴ്ച കൂടി കഴിയും നാട്ടിലെത്താൻ അത് കഴിഞ്ഞു നിന്നെ ഞാൻ കോൺടാക്ട് ചെയ്തോളാം. ഇപ്പൊ നീ ഡീറ്റെയിൽസ് പറ…..””””” റോസിന്റ കാൾ തനിക്ക് വന്നത് മുതൽക്കുള്ള വിവരങ്ങളൊക്കെ വിനോദ് രുഗ്മിണിയെ പറഞ്ഞു കേൾപ്പിച്ചു. വിനോദിന്റെ വിവരണം കേട്ടപ്പോഴേ റോസിനെ രുഗ്മിണിയ്ക്ക് നന്നായി ബോധിച്ചു. “”””നിന്റെ വിവരണം കേട്ടിട്ട് നല്ലൊരു തുക തരപ്പെടുന്ന കോളുണ്ടല്ലോ വിനോദെ…. എന്തായാലും നീയൊരു ഫോട്ടോ ഇങ്ങോട്ടേക്ക് അയയ്ക്ക്….””””

“”””ആദ്യം ഞാൻ അവളെ നേരിട്ട് കാണട്ടെ രുക്കുമ്മാ…. വാട്സപ്പിലെ ഫോട്ടോയൊക്കെ പറ്റിപ്പാണോ എന്ന് ആർക്കറിയാം….. ഇപ്പൊ ഞാൻ ഒരു നല്ല സുഹൃത്താണെന്ന് അവൾ വിശ്വസിച്ചിട്ടുണ്ട്….. നേരിൽ കണ്ടിട്ട് വേണം അവളെ പ്രൊപ്പോസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ…”””” “””””അപ്പൊ ഇത്തവണയും നിന്റെ സ്ഥിരം നമ്പർ തന്നെ ആണല്ലേ?”””” “”””പിന്നല്ലാതെ… സെന്റിമെന്റ്സിൽ വീഴാത്ത പെണ്ണുങ്ങൾ ഉണ്ടോ? കുറച്ചു സെന്റിമെന്റ്സും കുറെ സ്നേഹവും കൂടി കൂട്ടിക്കുഴച്ചു മൊബൈൽ ഫോണിലൂടെ ഇട്ടു കൊടുത്താൽ കൊതി പെറുക്കി വെടിപ്പാക്കാത്ത ഏതെങ്കിലും പെണ്ണുങ്ങൾ ഉണ്ടോ രുക്കുമാ….? ഇവളും വീഴും…. ഉറപ്പാ…. പക്ഷെ ആദ്യം അവളെ ഒന്ന് നേരിൽ കാണണം….”””” പറയുന്നതിനൊപ്പം അവന്റെ ചിരിയും രുക്കുവിന്റെ കാത്തിലെത്തി…. “”

“”മ്മ്… നിന്റെ പ്ലാൻ ഒക്കെ വർക്ക്‌ ഔട്ട്‌ ആകട്ടെ…. പക്ഷെ ഒന്നുണ്ട് വിനോദ്… നിങ്ങളുടെ മീറ്റിംഗ് പ്ലേസ്… അത് തീരുമാനിക്കേണ്ടത് നീയായിരിക്കണം….”””” “”””രുക്കുമാ എന്താ ഉദ്ദേശിക്കുന്നത് ? ഫസ്റ്റ് മീറ്റിങ്ങിൽ തന്നെ അവളെ പൊക്കണം എന്നാണോ? അതിനാണോ മീറ്റിംഗ് പ്ലേസ് ഞാൻ അറേഞ്ച് ചെയ്യണം എന്നു പറയുന്നത്?”””” വിനോദ് തെല്ലൊരു സംശയത്തോടെയാണത് ചോദിച്ചത്….. “”””ഞാൻ പറഞ്ഞത് അങ്ങനെ അല്ല വിനോദെ…. അവൾ ആരാണെന്ന് പോലും അറിയാതെ അവളെ തട്ടിക്കൊണ്ടു വന്ന് പുലിവാൽ പിടിക്കാൻ എനിക്ക് ഒരുദ്ദേശവും ഇല്ല. ഞാൻ ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ … നിങ്ങൾ ആദ്യമായി കണ്ടു മുട്ടുന്നത് ഒരു ഓപ്പൺ പ്ളേസിൽ ആയിരിക്കണം… കഫെയോ റസ്റ്ററന്റോ ബീച്ചോ….

അങ്ങനെ എവിടെ എങ്കിലും…. ഇനി നമ്മൾ എന്ത്‌ ചെയ്താലും ഒന്ന് സൂക്ഷിക്കണം എന്ന് പറഞ്ഞിട്ടാണ് വരുൺ പോയത്. അവളെക്കുറിച്ച് കൂടുതൽ അറിയുന്നത് വരെ നിങ്ങൾ തമ്മിലുള്ള ഒരു രഹസ്യ മീറ്റിംഗ് ഒഴിവാക്കുന്നതാണ് നല്ലത്…. അവൾ ആരാണെന്നോ എന്താണെന്നോ നമുക്ക് അറിയില്ലലോ… എന്നിട്ടു മതി പ്രൊപോസൽ ഒക്കെ….””” രുഗ്മിണി പറഞ്ഞതൊക്കെ സമ്മതിച്ചു കൊടുത്തെങ്കിലും വിനോദിന്റെ ചിന്തകൾ അവരുടെ അഭിപ്രായത്തോട് ഒട്ടും യോജിച്ചില്ല…. എത്രയോ പെൺ കുട്ടികളെ ഞാൻ കണ്ടിട്ടുള്ളതാണ് രുക്കുമ്മാ…. എത്രയെണ്ണതിനെ ഞാൻ ഈസിയായി വലയിലാക്കിയിട്ടുള്ളതുമാണ്…. പിന്നെയാണോ ഒരു റോസ്…. അവളെയും ഞാൻ എന്റെ വരുതിയിലാക്കും….

കാൾ അവസാനിപ്പിച്ചു അവൻ ചിന്ദിച്ചത് ഇപ്രകാരമായിരുന്നു…. എന്നാലും രുഗ്മിണി പറഞ്ഞ ഒരു കാര്യത്തോട് അവൻ യോജിച്ചു… തമ്മിലുള്ള ആദ്യ മീറ്റിംഗ് അത് ഏതെങ്കിലും ബീച്ചിലോ കഫെയിലോ മതി എന്നവൻ നിശ്ചയിച്ചു…. ഒരു പെണ്ണിന് ഭൂമിയോളം ക്ഷമിക്കുവാനും സ്നേഹിക്കുന്നവരെ പ്രാണൻ കൊടുത്തു പ്രണയിക്കുവാനും മാത്രമല്ല, തന്റെ ജീവിതം ഇല്ലാതാക്കിയവനെ വേരോടെ പിഴുതെറിയാനുള്ള കരുത്തുമുണ്ടെന്നു സ്വന്തം ജീവിതത്തിലൂടെ തന്നെ അറിയാൻ പോവുകയാണെന്ന് ആ സംസാരം അവസാനിക്കുമ്പോഴും അവൻ അറിയുന്നുണ്ടായിരുന്നില്ല…. 🍁🍁🍁🍁

വിടരാൻ തുടങ്ങുന്ന നിശാഗന്ധിപ്പൂക്കളെ നോക്കി നിൽക്കുകയായിരുന്നു മോഹൻ… ഈ നിശാഗന്ധി ഞാൻ ഇവിടെ നടുമ്പോൾ നീ പറഞ്ഞതൊക്കെയും വീണ്ടും എന്റെ കാതിൽ അലയടിക്കുന്നത് പോലെ തോന്നുന്നു ജാനി ….. അന്ന് നിന്റെ ഉദരത്തിൽ നമ്മുടെ പൊന്നോമന ജന്മമെടുത്തു കഴിഞ്ഞിരുന്നു….. ഇതിൽ ആദ്യത്തെ പൂവ് വിടരുമ്പോൾ കുഞ്ഞിയോടൊപ്പം അത് നോക്കി നിൽക്കണമെന്ന്…… അതിന്റെ ഗന്ധവും സൗന്ദര്യവും ആസ്വദിച്ചു… ഒരായിരം കഥകൾ പറഞ്ഞു….. രാത്രിയുടെ നിശബ്ദതയിൽ കുഞ്ഞിയും ഞാനും നീയും മാത്രമുള്ള ഒരു ലോകത്ത്….ഉറങ്ങാതെ…. ആ പൂവ് വാടുന്നത് വരെ….. അതിനെത്തന്നെ നോക്കി ഇരിക്കണമെന്ന്…..

എന്റെയും നിന്റെയും മാത്രം വാർത്തമാനങ്ങളും കുഞ്ഞിയുടെ ചിരിയും കൊഞ്ചലുകളും കൊണ്ട് ആ അന്തരീക്ഷം ശബ്ദമുഖരതമാകണമെന്ന്…. നീ അതൊക്കെ ഓർക്കുന്നുണ്ടാകുമോ ജാനി…? അന്നാണ് നീ എന്നോട് പറഞ്ഞത് മരണത്തിൽ പോലും നമുക്ക് ഒന്നാകണമെന്ന്….. പിന്നീട് ഇതേ നിശാഗന്ധിയിൽ ഇരുളിന്റെ രാജകുമാരി അണിയുന്ന രണ്ട് വെള്ളിക്കൊലുസുകൾ പോലെ രണ്ട് നിശാഗന്ധിപ്പൂകളായി പിറവിയെടുക്കണമെന്ന്….. നിലാവിൽ കുളിച്ചു…. രാവിന്റെ സൗന്ദര്യം നുകർന്ന് … സ്വന്തം ശരീരത്തിൽ നിന്നും വമിക്കൂന്ന സൗരഭ്യം ആസ്വദിച്ചു ഇരുളിന്റെ ഭയാനകമായ നിശബ്ദതയിൽ വീണ്ടും പ്രണയിക്കണമെന്ന്……… അന്ന് നിനക്ക് വട്ടാണെന്ന് പറഞ്ഞു ഞാൻ ഏറെ കളിയാക്കിയതാണ്……

നിങ്ങളോടുള്ള എന്റെ പ്രണയം ഭ്രാന്താണെങ്കിൽ എനിക്ക് ഭ്രാന്ത് തന്നെയാണ് മോഹനേട്ടാ…. എന്നാണ് അന്ന് നീയെനിക്ക് തന്ന മറുപടി….. എന്നാൽ ഇന്ന് ആദ്യമായി വിടർന്ന ഈ പൂക്കൾ കാണാൻ നീ എന്നോടൊപ്പമില്ല…. നീ എന്നെ വിട്ടു പോയപ്പോൾ മുതൽ ഭ്രാന്ത്‌ എനിക്കായിരുന്നു ജാനി…. നിന്നോടൊപ്പമുണ്ടായിരുന്ന നല്ല നിമിഷങ്ങളുടെ ഓർമ്മകൾ ആ ഭ്രാന്തിന് തീ പകർന്നിട്ടെ ഉള്ളൂ…. ഇപ്പോഴും… ഇപ്പോഴും ആ ഓർമ്മകൾ എന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്നു….. ഇനിയും വയ്യ…. ആവിശ്വസിക്കുന്നില്ല ഞാൻ നിന്നെ… ഇപ്പോഴും എനിക്കതിനു കഴിയുന്നില്ല….. അന്ന് മുഖം കുനിച്ചുള്ള നിന്റെ നിൽപ്പ് എന്നോട് പറയാതെ പറഞ്ഞതാണ് എന്തൊക്കെയോ നിനക്ക് എന്നോട് പറയാനുണ്ടെന്നു….. പക്ഷെ അത്രയും ആൾക്കാരുടെ മുന്നിൽവച്ചു നീയെന്നോട് അങ്ങനെ പറഞ്ഞപ്പോൾ…എന്നെ നിനക്ക് വേണ്ട എന്ന് പറഞ്ഞപ്പോൾ…..

കുഞ്ഞിയെപ്പോലും നോക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ…ഒപ്പം ഉണ്ടായിരുന്ന ആൽവിയും മായയും പോലും നിന്നെ കുറ്റപ്പെടുത്തിയപ്പോൾ…. എന്ത്‌ ചെയ്യണമെന്ന് എനിക്ക് അറിയുമായിരുന്നില്ല. മാനസികമായും ശാരീരികമായ തകർന്നു പോയി ഞാൻ …. ആ അവസ്ഥയിൽ ചിന്തകൾ പോലും പ്രവർത്തിക്കാതായിപ്പോയി… പിറ്റേന്ന് ബോധത്തോടെ ചിന്ദിക്കാനുള്ള മാനസികാവസ്ഥയിലേയ്ക്ക് എത്തിയപ്പോൾ നിന്നെ ഞാൻ അന്വേഷിച്ചിരുന്നു… ആലവിനും അച്ഛനും ആരും അറിയാതെ…. നിന്നെ എനിക്ക് കണ്ടെത്താനായില്ല. ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉണ്ടാകൂ എന്നെനിക്ക് അറിയാമായിരുന്നു. എനിക്ക് നിന്നോടൊന്നും സംസാരിച്ചാൽ മാത്രം മതിയായിരുന്നു…. ഫോൺ പോലും ഉപേക്ഷിച്ചല്ലേ നീ പോയത്…? എന്നിട്ടും ഞാൻ അന്വേഷിച്ചു….

പലയിടങ്ങളിലും…. പരാജയമായിരുന്നു ഫലം എന്ന് മാത്രം….. ഇപ്പോഴും എനിക്ക് അറിയാത്തത് അതാണ്‌…. എന്തായിരുന്നു നിന്റെ പ്രശ്നം…? എനോട് പോലും പറയാനാകാത്ത എന്ത്‌ പ്രശ്നമായിരുന്നു നിനക്ക്? മനസിലാകുന്നില്ല എനിക്ക് ഇപ്പോഴും…. “”””””””മോഹൻ…..””””””” അവൻ ഞെട്ടിതിരിഞ്ഞു നോക്കി.. ഓർമകളുടെ തീചൂളയിൽ ഉരുകി നിന്നതിനാലാകണം തൊട്ടരികിൽ നിന്നും കേട്ട ആ ശബ്സം അവനേ അത്രയേറെ ഞെട്ടിച്ചത് …. “””എന്താ മോനേ ഈ നേരത്ത് ഇവിടെ വന്ന് നിൽക്കുന്നത്?”””” മറുപടി പറഞ്ഞില്ല മോഹൻ… പകരം പ്രഭാകരനേതന്നെ കുറച്ചു സമയം നോക്കി നിന്നു…. “””വെള്ളം കുടിക്കാൻ വന്നതാ ഞാൻ…. നോക്കുമ്പോ ഡോർ തുറന്നു കിടക്കുന്നു… അതാണ്‌ നോക്കാനായി വന്നത്…..”””” മോഹന്റെ മനസ്സ് മനസിലായിട്ടെന്ന വണ്ണം അയാൾ പറഞ്ഞു….

“””നിനക്ക് എന്തോ കാര്യമായ വിഷമമുണ്ട്…. ഇല്ല എന്ന് ഇനിയും പറയണ്ട …. ഉള്ളിലെ വിഷമം നിന്റെ നനവൂറിയ കണ്ണുകൾ വിളിച്ച് പറയുന്നുണ്ട്…. ഇനിയെങ്കിലും പറയ് മോഹൻ… എന്താ നിന്റെ പ്രശ്നം….? നീ ഞങ്ങളെ സ്വന്തമായിത്തന്നെയാണ് കാണുന്നതെന്നറിയാം. അതാണ്‌ ഇത്ര സ്വാതന്ത്ര്യത്തോടെ ചോദിക്കുന്നതും …. മനസ്സ് ശാന്തമാകാനുള്ള ഏറ്റവും നല്ല മാർഗം ഉള്ളിൽ ഉള്ളതൊക്കെ ആരോടെങ്കിലും ഷെയർ ചെയ്യുക എന്നതാണ്…. പറ… ആ മനസിന്റെ ഭാരം ഒന്ന് കുറയട്ടെ….””” പറയുന്നതിനൊപ്പം മോഹനെ സിറ്റൗട്ടിലെ അരമതിലിൽ പിടിച്ചിരുത്തി പ്രഭാകരനും ഒപ്പം ഇരുന്നു…. “”””അത്… അച്ഛാ….. ഞാൻ….”””” എന്ത്‌ മറുപടി നൽകണമെന്നറിയാതെ കുഴങ്ങി മോഹൻ…

“”””വേണ്ട മോഹൻ….. ഒന്നും ഇല്ല എന്ന് പറയണ്ട നീ…. അത് നുണയാണെന്ന് നിന്നപ്പോലെ എനിക്കും അറിയാം. കുറച്ചു നാളായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു…. നിന്റെ മനസിനെ അലട്ടുന്ന ഏതോ പ്രശ്നം ഉണ്ട്‌… അത് അത്ര നിസാരമല്ല എന്നും അറിയാം… അതല്ലേ നീയിത്രയും വിഷമിക്കുന്നത്? ഇനിയും അത് മറച്ചു പിടിക്കാതിരിക്കൂ മോനേ….””” മോഹന്റെ തോളിലേയ്ക്ക് കൈ ചേർത്ത് അവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു പ്രഭാകരൻ…. മോഹൻ അപ്പോഴും ആലോചനയിലായിരുന്നു…. എന്താണ് വേണ്ടതെന്നു….? ഒക്കെ അച്ഛനോട് അമ്മയോടും തുറന്നു പറഞ്ഞാലോ? പല തവണ ആലോചിച്ചതാണ്. ജാനിയുടെ ഓർമകളൊക്കെ തിരികെ കിട്ടട്ടെ എന്ന് കരുതി. ഇന്നലെ ശരത് സാറിനെ വിളിച്ചപ്പോഴും ശുഭവാർത്തയൊന്നും അദ്ദേഹത്തിന് പറയാൻ ഉണ്ടായിരുന്നില്ല.

മയക്കുമരുന്നിന്റെ പിടിയിൽ നിന്നും അവൾ മുക്തയായി. പക്ഷെ ഓർമ്മകൾ ഇപ്പോഴും തിരികെ വന്നിട്ടില്ല എന്നാണ് പറഞ്ഞത്. എന്തോ ട്രീറ്റ്മെന്റിൽ ആണ്. വിസിറ്റർസിനെ അനുവദിക്കണ്ട എന്ന് ഡോക്ടർ പറഞ്ഞു അത്രേ…. പോകണമെന്നുണ്ടായിരുന്നിട്ടും പോകാതിരുന്നത് അതിനാലാണ്. ഞാനും ഇപ്പോൾ വെറുമൊരു വിസിറ്റർ ആണല്ലോ….?അധികാരം പറഞ്ഞു ചെല്ലാൻ ഞാൻ കെട്ടിയ താലി പോലും ഇപ്പോൾ അവളുടെ കഴുത്തിൽ ഇല്ലല്ലോ… അവൾ ഇപ്പൊ മറ്റാരുടെയോ സ്വന്തം അല്ലെ? ഇപ്പോൾ തോന്നുന്നു അച്ഛനോടും അമ്മയോടും ഒക്കെ തുറന്നു പറയാമെന്നു. അറിഞ്ഞിട്ടും അവരുടെ മകളെ അല്ലെ മറച്ചു വയ്ക്കുന്നത്? ഇനി എത്ര നാൾ കൂടി….?

ഒരുപക്ഷെ അവരെക്കണ്ടാൽ അവൾക്ക് ഓർമ്മകൾ തിരികെ വന്നാലോ? എത്ര മറന്നു എന്ന് പറഞ്ഞാലും മാതാപിതാക്കളുടെ മുഖം മനസിന്റെ ഏതെങ്കിലുമൊരു കോണിൽ മായാതെ ഉണ്ടാകില്ലേ? ഇനിയും വൈകാതെ പ്രഭാകരനോട് ഒക്കെ തുറന്നു പറയുന്നതാണ് നല്ലത് എന്ന് അപ്പോൾ മോഹന് തോന്നി…. പ്രഭാകരനെയും ജയയെയും കാണുമ്പോൾ നഷ്ടമായ ജാനിയുടെ ഓർമ്മകൾ തിരികെ വന്നാലോ എന്നവൻ ചിന്തിച്ചു….മകളുടെ അവസ്ഥ ആ പിതാവിനെ വേദനിപ്പിക്കും എന്നുറപ്പാണ്. പക്ഷെ ഇനിയും മറച്ചു വയ്ക്കുന്നതിൽ അർത്ഥമില്ല…. 🍁🍁🍁

ജാനകി ഓർമ്മകൾ നഷ്ടമായ അവസ്ഥയിൽ എറണാകുളത്തു ഉണ്ടെന്ന് മോഹൻ പ്രഭാകരനെ അറിയിച്ചു . അവളെ കണ്ടെത്തിയ അവസ്ഥയും മയക്കുമരുന്നിനു അടിമയാണെന്നതും അവളുടെ രോഗവും അവൻ അപ്പോഴും മറച്ചു പിടിച്ചു …. മകൾ എന്തൊക്കെ പ്രവർത്തിച്ചു എന്ന് പറഞ്ഞാലും അവൾ ഇത്രയും മോശമായ അവസ്ഥയിൽ ആയിരുന്നു എന്നറിഞ്ഞാൽ അതൊരു പിതാവിന് സഹിക്കാനാകില്ല എന്ന് അവന് അറിയാമായിരുന്നു… അവനും ഒരു പിതാവാണല്ലോ? 🍁🍁🍁🍁🍁🍁🍁🍁🍁🍁 എന്നോ തങ്ങളെ ധിക്കരിച്ചു നല്ലൊരു ജീവിതത്തിൽ നിന്നും കാരണമേതുമില്ലാതെ പടിയിറങ്ങിപ്പോയവൾ…! അന്ന് മുതൽ ഇന്ന് വരെ അവൾ നെഞ്ചിൽ ഒരു നീറ്റൽ തന്നെ ആയിരുന്നു. എത്ര വലിയ തെറ്റ് ചെയ്താലും മക്കളെ പൂർണമായും വെറുക്കാൻ ഒരിക്കലും മാതാപിതാക്കൾക്ക് കഴിയില്ലല്ലോ….

ഒരിക്കൽ തങ്ങളുടെ രാജകുമാരി ആയിരുന്നില്ലേ അവൾ….?അവളെ ഒരു നോക്ക് കാണാനും എവിടെ ആണെന്നെങ്കിലും അറിയാനുമുള്ള മോഹം എന്നും ഉണ്ടായിരുന്നു…. അവളുടെ ചിരിക്കുന്ന മുഖവും കുട്ടിക്കാലവും….. അവളെ സ്നേഹിച്ചതും താലോലിച്ചതും ഒന്നും ഓർമയിൽ എത്താത്ത ദിവസങ്ങൾ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം….. ജയയുടെയും അവസ്ഥയും വ്യത്യസ്തം ആയിരുന്നില്ല. പുറമെ ദേഷ്യം കാണിക്കുമ്പോഴും ജാനിയെ ചീത്ത പറയുമ്പോഴും അവളിലെ അമ്മ കരയുന്നത് താൻ മാത്രമേ കണ്ടിട്ടുള്ളൂ….. ഉള്ളിലെ വേദന അടക്കാനുള്ള മറയായിരുന്നു പുറമെ അവൾ കാണിക്കുന്ന ദേഷ്യം….മകളുടെ വിവരങ്ങൾ അറിയാതെ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയാതെ ആ ഉള്ള് നോവുന്നത് താൻ അറിഞ്ഞിട്ടുണ്ട്…..

എത്രയോ രാത്രികളിൽ ആ വേദന കണ്ണുനീരായി തന്റെ നെഞ്ചു നനയിച്ചിട്ടുണ്ട്…. ഒരുപക്ഷേ മോഹനും കുഞ്ഞിയും ഒപ്പം ഉള്ളത് കൊണ്ടാകണം ഭ്രാന്ത് എന്ന അവസ്ഥയിലേയ്ക്ക് തങ്ങൾ എത്താതിരുന്നത്. ഇപ്പോൾ ബോധത്തോടെ അല്ലെങ്കിലും അവൾ ജീവനോടെ ഉണ്ട്‌ എന്നറിയുമ്പോൾ ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെടുന്നുണ്ട്….. “””””എനിക്ക് …. എനിക്ക് അവളെ ഒന്ന് കാണാൻ പറ്റോ മോനേ…?””””” ആ പിതാവിന്റെ ഉള്ളിൽ ഉടലെടുത്ത സംഘർഷം മുഴുവനും പുറത്തേയ്ക്ക് വന്ന വാക്കുകളിലെ വിറയലിൽ നിന്നും മോഹന് മനസിലാക്കാനായി. “”””നമുക്ക് പോകാം അച്ഛാ…. അങ്ങനെ കരുതി തന്നെയാണ് ഞാൻ ഒക്കെയും അച്ഛനോട് ഇപ്പൊ തുറന്നു പറഞ്ഞത്. നിങ്ങളെ കാണുമ്പോൾ ഒരുപക്ഷെ അവളുടെ ഓർമ്മകൾ തിരികെ എത്തിയാലോ?”””””

അതിന് മറുപടി ഒന്നും പറഞ്ഞില്ല പ്രഭാകരൻ… “””””അമ്മയോട് അച്ഛൻ പറയണം. പോകുമ്പോ നമുക്ക് അമ്മയെയും കുഞ്ഞിയെയും ഒപ്പം കൂട്ടാം….”””” തലയൊന്നനക്കി സമ്മതമറിയിച്ചു അയാൾ… ഒരു വാക്ക് പോലും മിണ്ടാനാകാത്ത വിധം തളർന്നു പോയിരുന്നു ആ പിതാവ്…. മോഹനെ ഒന്ന് കൂടി നോക്കി പതിയെ എഴുന്നേറ്റു ഉള്ളിലേയ്ക്ക് നടന്നു. ഇടറി ഇടറി ഉള്ളിലേയ്ക്ക് നടന്ന് പോകുന്ന ആ രൂപത്തെ വേദനയോടെ നോക്കിയിരുന്നു മോഹൻ….. തുടരും

തമസ്സ്‌ : ഭാഗം 34

Share this story