അല്ലിയാമ്പൽ: ഭാഗം 16

അല്ലിയാമ്പൽ: ഭാഗം 16

എഴുത്തുകാരി: ആർദ്ര നവനീത്

“അല്ലിയാമ്പലിന് ” മുൻപിൽ നിർത്തിയ ഓട്ടോയിൽ നിന്നും അല്ലിയിറങ്ങി. പേഴ്സിൽനിന്നും പണമെടുത്ത് നൽകിയശേഷം ഗേറ്റിന്റെ ഓടാമ്പൽ ഇളക്കിയതും അതൊരു ഞരക്കത്തോടെ തുറന്നു. മുറ്റമാകെ കരിയിലകളാൽ നിറഞ്ഞിട്ടുണ്ട്. മുറ്റത്താകെ നിറഞ്ഞുനിന്ന പലതരം ചെടികളിൽ പലതും നാമാവശേഷമായി തീർന്നിരിക്കുന്നു. മഴയത്ത് പുല്ല് തഴച്ചു വളർന്നു കിടപ്പുണ്ട്. തലേന്ന് പെയ്ത മഴയുടെ നനവ് മണ്ണിലിപ്പോഴുമുണ്ട്. മുറ്റത്തെ മൂവാണ്ടൻമാവ് മാറ്റങ്ങളേതുമില്ലാതെ നിൽപ്പുണ്ട്. തളിരിലകൾ മുറ്റത്താകെ വീണുകിടപ്പുണ്ട് . തകർത്തു പെയ്യുന്ന മഴയത്ത് ഓടിയിറങ്ങുന്ന രണ്ട് പെൺകുട്ടികൾ. കൈകൾ കൊണ്ടും കാലുകൾകൊണ്ടും അവർ പരസ്പരം വെള്ളം തട്ടി രസിക്കുന്നുണ്ട്.

തോർത്തുമായി മഴയത്തുനിന്നും കയറാൻ പറയുന്ന അച്ഛനെ മഴയത്തേക്ക് പിടിച്ചിറക്കിയപ്പോഴേക്കും ചൂരലുമായി അമ്മയെത്തി. ആ കാഴ്ച അവൾ മുൻപിൽ കാണുകയായിരുന്നു. ആ ഓർമ്മയുടെ മാധുര്യത്തിനിടയിലും അച്ഛനുമമ്മയും ഇന്നില്ലെന്നും നോവുള്ളൊരു ഓർമ്മയായി അവർ ഒരുപാട് അകലെയാണെന്നുമുള്ള ഓർമ്മയിൽ അവളുടെ മിഴികളിൽനിന്നും മിഴിനീർക്കണങ്ങൾ ആ മണ്ണിലിറ്റു വീണു. അച്ഛനും അമ്മയും ഉറങ്ങുന്ന തെക്കേമുറ്റത്തേക്കവൾ നടന്നു. പിച്ചകമണമുള്ള ഇളംകാറ്റ് അവളെ തഴുകിക്കടന്നുപോയി. രണ്ടു മൺകൂനകൾ. അതിന്റെ ചുവട്ടിലായി പിച്ചകം പൂത്തുലഞ്ഞു നിൽക്കുന്നു. ചെറുപുൽനാമ്പുകൾ നിറഞ്ഞുനിൽപ്പുണ്ട്. കൈകൊണ്ട് അവൾ ആകുന്നവയെല്ലാം പറിച്ചുകളഞ്ഞു. ശേഷം മുട്ടുകുത്തി അതിന് മുൻപിലായി ഇരുന്നു.

മെല്ലെ കൈകൾ കൊണ്ട് ആ മൺകൂനകളെ മെല്ലെ തഴുകി. അമ്മേ.. എനിക്കറിയാം അമ്മേ. അമ്മയുടെ ലോകം അച്ഛനും ഞങ്ങളുമായിരുന്നുവെന്ന്. നിങ്ങളെപ്പോലെ സ്നേഹിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയുള്ളൂ. അതുകൊണ്ടല്ലേ അച്ഛനില്ലാത്ത ഈ ലോകത്ത് ജീവിക്കാനിഷ്ടമല്ലാതെ അമ്മയും അച്ഛന്റെ കൂടെ പോയത്. പക്ഷേ ആരും എന്നെപ്പറ്റി ഓർക്കാത്തതെന്തേ അമ്മേ. നിങ്ങളില്ലാത്ത ഈ ലോകത്ത് അല്ലി ഏകയാണെന്ന് രണ്ടുപേരും മറന്നുവല്ലേ. എല്ലാം കാണുന്നില്ലേ രണ്ടുപേരും. അല്ലി ചെയ്തത് തെറ്റായിരുന്നോ. അല്ലി നിങ്ങളിൽനിന്നും പറയാതെ മറച്ച ഒരേയൊരു കാര്യമേയുള്ളൂ. നിവേദേട്ടന്റെ. ആരാണെന്നറിയാതെ ഒരുപാട് സ്നേഹിച്ചുപോയി. ആമിയെ സ്നേഹിക്കുന്നുവെന്നറിഞ്ഞപ്പോൾ ജീവൻ പറിഞ്ഞു പോകുന്നതുപോലെ തോന്നി എന്നിട്ടും ഞാൻ എന്റേതല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതേയുള്ളൂ.

ആമിയീ ലോകത്തില്ലെന്നറിഞ്ഞപ്പോൾ മോനുവേണ്ടിയാ അല്ലി ജീവിച്ചത്. ഒടുവിൽ ആ അമ്മയുടെ നിർബന്ധം കാരണം നമ്മുടെ ആമിയുടെ മോൻ അമ്മയില്ലാതെ വളരാതിരിക്കാൻ ആ താലി ഏറ്റുവാങ്ങേണ്ടി വന്നു. അപ്പോഴും മനസ്സിന്റെ ഒരുകോണിൽ പ്രണയിച്ചിരുന്നവന്റെ താലി നേർത്ത ആനന്ദമായി നിന്നിരുന്നുവെന്നത് സത്യമാണ്. എന്നിട്ടും ആ മനസ്സിൽ അല്ലിക്ക് സ്ഥാനമില്ലെന്ന് അറിഞ്ഞപ്പോൾ ഒഴിഞ്ഞു മാറണമെന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ എന്നെ സ്നേഹിക്കുന്നെന്ന് പറഞ്ഞപ്പോൾ കുന്നോളം സ്നേഹം എനിക്കായി വച്ചുനീട്ടിയപ്പോൾ തട്ടിയെറിയാൻ തോന്നിയില്ല. പക്ഷേ ഇപ്പോൾ അവരുടെ യഥാർത്ഥ അവകാശി തിരികെ വന്നപ്പോൾ അല്ലി വീണ്ടും ആരൂല്ലാത്തോളായി.

ന്റെ നിവേദേട്ടനും മോനും അമ്മയുമില്ലാതെ നിക്ക്.. അവളുടെ സ്വരമിടറി. ന്റെ മോൻ കരയുന്നുണ്ടാവും അച്ഛാ. ന്നെ കാണാതെ അവൻ കരയണുണ്ടാവും. നിറഞ്ഞ കണ്ണുനീർ അവൾ കൈകൊണ്ട് തുടച്ചുമാറ്റി. തനിച്ചായിപ്പോയി അല്ലി. ജന്മം നല്കിയവരില്ലാതെ കഴുത്തിൽ താലി ചാർത്തിയവൻ കൂടെയില്ലാതെ ന്റെ നെഞ്ചിലെ ചൂടേറ്റ് നടക്കുന്ന ന്റെ കുഞ്ഞില്ലാതെ.. ആ അമ്മയില്ലാതെ. ഏങ്ങലടിച്ചുകൊണ്ടവൾ ആ മൺകൂനയിലേക്ക് കവിൾ ചേർത്തു. അല്ല.. അല്ലി തനിച്ചല്ല ഈ ലോകത്തിൽ. അവൾ തന്റെ വയറിലേക്ക് കൈകൾ ചേർത്തു . ദേ ഇവിടെ ന്റെ പ്രാണന്റെ തുടിപ്പുണ്ട്. ന്റെ നിവേദേട്ടന്റെ ചോര. അവളുടെ ചുണ്ടിൽ വാടിയ പുഞ്ചിരി മൊട്ടിട്ടു. അവളെ സാന്ത്വനിപ്പിക്കാനെന്നവണ്ണം പിച്ചകപ്പൂക്കൾ അവൾക്കുമേൽ ഉതിർന്നുവീണു. പിച്ചകമണമുള്ള ചെറുകാറ്റ് അവളെ തട്ടിത്തലോടുന്നുണ്ടായിരുന്നു ആ അച്ഛന്റെയും അമ്മയുടെയും സാമീപ്യമെന്നോണം..

നറുസാന്ത്വനമെന്നോണം. ആമിയുടെ കണ്ണുനീർ വീണ് തലയണ കുതിർന്നുകൊണ്ടേയിരുന്നു. പഠിച്ചൊരു ജോലി നേടണമെന്നത് കുഞ്ഞിലേ മുതൽക്കുള്ള ആഗ്രഹമായിരുന്നു. ഡിഗ്രി കഴിഞ്ഞ് ടെസ്റ്റുകൾ എഴുതിത്തുടങ്ങി. ബാങ്കിംഗ് ഇഷ്ടമുള്ള ഫീൽഡ് ആയതിനാൽ അതുമായി ബന്ധപ്പെട്ടവയെല്ലാം പഠിച്ചു. നിവേദേട്ടൻ വിവാഹമാലോചിച്ച് വന്നപ്പോൾ ആ കണ്ണുകളിൽ തെളിയുന്ന പ്രണയം അത് നേരിട്ടറിഞ്ഞു. ആ മനുഷ്യനെ അറിയുന്തോറും ലോകം നിവേദേട്ടനായി ചുരുങ്ങി. ശരിക്കും ജീവിതം ആഘോഷിക്കുകയായിരുന്നു. ആ കൈപിടിച്ച് കറങ്ങിനടക്കാൻ ആഗ്രഹിച്ചു. ഈ പ്രായത്തിലല്ലാതെ എപ്പോഴാണ് ജീവിതം ആഘോഷിക്കേണ്ടത്. താനും നിവേദേട്ടനും മാത്രമുള്ള ആ ലോകത്തേക്ക് ആരും കടന്നുവരരുതെന്ന് ആഗ്രഹിച്ചു. ഉദരത്തിൽ പുതുജീവൻ നാമ്പിട്ടെന്നറിഞ്ഞപ്പോൾ നിവേദേട്ടനായിരുന്നു കൂടുതൽ സന്തോഷം. ആയിടയ്ക്കാണ് നവ്യ ടെസ്റ്റിന്റെ കാര്യം പറയുന്നതും.

നല്ല പോസ്റ്റും സാലറിയും. ദൂരേക്ക് അപ്ലൈ ചെയ്ത് ടെസ്റ്റ്‌ എഴുതി ജോലി നേടാനായാൽ അങ്ങോട്ടേക്ക് പോകാമെന്നു വിചാരിച്ചു. എന്നാൽ ഇത്ര പെട്ടെന്ന് വിളിക്കുമെന്ന് അറിഞ്ഞില്ല. ആരുവിന് മൂന്നുമാസമായപ്പോഴാണ് എക്സാം നോട്ടിഫിക്കേഷൻ വരുന്നത്. നവ്യയാണ് പറഞ്ഞത് ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ലേയുള്ളൂവെന്ന്. ഇതിലും ചെറിയ കുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മമാർ ജോലിക്ക് പോകുന്നുണ്ടെന്ന്. അല്ലിയുമായി മോൻ ഇണക്കമായതിനാൽ പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല. നിവേദേട്ടനോട് പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു. ആക്‌സിഡന്റിനുശേഷം ബോധം തെളിയുമ്പോൾ മറ്റെവിടെയോ ആയിരുന്നു. പരിചയമില്ലാത്ത സ്ഥലം അപരിചിതരായ വ്യക്തികൾ.. അവർക്കിടയിൽ പകച്ചുപോയി. ഒന്നെഴുന്നേൽക്കാനാകാതെ..

ശരിയായി സംസാരിക്കുവാൻ കഴിയാതെ. ബെൻസിച്ചേച്ചി.. എന്നെ രക്ഷിച്ച മാലാഖ. ചേച്ചിയും സഹോദരനും മാത്രമായിരുന്നു അവിടെ. അതുകൊണ്ടുതന്നെ കേസിന് പോകാൻ താല്പര്യമില്ലാതെ അനിയത്തിയെന്ന് പറഞ്ഞ് ചികിൽസിച്ചു. നിവേദേട്ടനെ കാണാൻ വെമ്പുന്ന മനസ്സുമായി കാത്തിരുന്നു. ആമിയില്ലാതെ തകർന്നിരിക്കുമെന്ന് കരുതിയിരുന്നു. അതിനാൽ സർപ്രൈസ് കൊടുക്കാനായി വന്നു. എന്നാൽ പ്രസന്നഭാവത്തോടെ എല്ലാവരോടും ചിരിച്ചും കളിച്ചും നടക്കുന്ന നിവേദേട്ടനെയാണ് കാണാനായത്. മനസ്സ് വല്ലാതെ നീറിയെങ്കിലും ആ അരികിലെത്തിയപ്പോഴുള്ള സന്തോഷത്തിൽ ആ നീറ്റൽ ഒന്നുമല്ലായിരുന്നു. എന്നാൽ തന്നെ കണ്ടതിനുശേഷം ആ പുഞ്ചിരി മുഖത്ത് തെളിഞ്ഞിട്ടില്ല. എന്താകും കാരണം. അല്ലി.. എല്ലാവരിലും നിറഞ്ഞുനിൽക്കുന്നവൾ.

മോനുപോലും പ്രിയം അവളോടാണെന്നറിഞ്ഞപ്പോൾ ഉണ്ടായ വേദന. പ്രണയത്തോടെയൊന്ന് ആമിയെന്ന് വിളിച്ചിരുന്നെങ്കിൽ ഒന്ന് ചേർത്തുപിടിച്ച് കണ്ണുകളിൽ ചുംബിച്ചിരുന്നുവെങ്കിൽ അവൾ വല്ലാതെ കൊതിച്ചുപോയി. അല്ലിയെപ്പോലെയാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് അവൾ വല്ലാതെ ആശിച്ചു. നിവേദ് മോനെയും കൊണ്ട് വന്നപ്പോഴാണ് ആമി ഓർമ്മകളിൽ നിന്നുമുണർന്നത്. മോൻ അവന്റെ തോളിൽ ചാഞ്ഞുറങ്ങിയിരുന്നു. കുഞ്ഞിനെ ബെഡിലേക്ക് കിടത്തിയശേഷം മരുന്നുകൾ ടേബിളിൽ വച്ചു. മോനൊന്ന് തിരിഞ്ഞുകിടന്നു. റൂമിൽനിന്നും ഇറങ്ങാനൊരുങ്ങിയ നിവേദിന്റെ കൈകളിൽ ആമി പിടിച്ചു. ഇത്രയ്ക്ക് വെറുത്തോ ഏട്ടാ ഏട്ടന്റെ ആമിയെ.. നിറകണ്ണുകളോടെയുള്ള അവളുടെ ചോദ്യം അവന്റെ ഹൃദയത്തിന്റെ അടിത്തട്ടിലാണ് ചെന്നു പതിച്ചത്.

മനസ്സിന്റെ അടിത്തട്ടിൽ ഭദ്രമാക്കിയ ആമി എന്ന വിഗ്രഹത്തിന് ഇളക്കം സംഭവിച്ചതുപോലെ. ഞാൻ നല്ലൊരമ്മയല്ല… നല്ലൊരു മകളുമല്ല. പക്ഷേ നല്ലൊരു ഭാര്യയല്ലായിരുന്നോ ഏട്ടാ. എനിക്ക് ജന്മം നല്കിയവരെക്കാൾ ഈ ലോകത്ത് മറ്റെന്തിനേക്കാളുമേറെ ആമി സ്നേഹിച്ചത് ഏട്ടനെയാ.. ന്റെ ഏട്ടനെ മാത്രമാണ്.. അവളുടെ ചുണ്ടുകൾ വിതുമ്പി. ന്നെ ഇങ്ങനെ വെറുക്കല്ലേ ഏട്ടാ. സഹിക്കാൻ കഴിയുന്നില്ല. ന്റെ നെഞ്ചോക്കെ വല്ലാണ്ട് വേദനിക്കുകയാ.. അവൾ നെഞ്ചിലേക്ക് കൈയമർത്തി. ന്റെ തെറ്റെല്ലാം ഞാൻ തിരുത്താം. പക്ഷേ എന്നോട് പിണങ്ങല്ലേ. ഒന്ന് സ്നേഹത്തോടെ ചേർത്തു പിടിക്കുകയെങ്കിലും ചെയ്തൂടേ. പണ്ടത്തെപ്പോലെ ന്റെ കണ്ണുകളിൽ ചുണ്ടമർത്തി ”ഇഷ്ടമാടീ പെണ്ണേ ഒത്തിരിയെന്ന്” ഒന്നൂടെ പറഞ്ഞൂടേ..

അവൾ വിങ്ങിക്കരഞ്ഞു. നിവേദ് ഓരോ നിമിഷവും പിടഞ്ഞുകൊണ്ടേയിരുന്നു. അവളുടെ വാക്കുകളോരോന്നും കൂരമ്പുകളായി അവനിൽ പതിച്ചുകൊണ്ടേയിരുന്നു. ആമിയുടെ നിറകണ്ണുകൾ നൽകിയ വേദന അല്ലിയെ ഓർത്തപ്പോൾ ഇരട്ടിയായി. ആമി തന്റെ ആദ്യപ്രണയം മാത്രമല്ല ഭാര്യയും കുഞ്ഞിന്റെ അമ്മയുമാണ്. അവളില്ലാതെ ജീവിതം പോലും അസാധ്യമെന്ന് ചിന്തിച്ചിരുന്നു. അല്ലി എന്നിൽ വേരൂന്നിയപ്പോൾ ആമി പറിച്ചു നടപ്പെട്ടിരുന്നു ഹൃദയത്തിൽ മറ്റൊരിടത്തേക്ക്. ഭൂതകാലത്തിന്റെ പ്രണയനൊമ്പരമായി ആമിയെ മാറ്റിയപ്പോൾ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് സ്വപ്നേവി ചിന്തിച്ചിരുന്നില്ല. ഇപ്പോൾ സിരകളിലൂടെയൊഴുകുന്ന രക്തത്തിൽപ്പോലും അലിഞ്ഞുചേർന്നവൾ അല്ലിയാണെന്ന് പറയുമ്പോഴും ആമി വേദനയാണ്. ഒരിക്കലും ശമനമില്ലാത്ത വേദന.

ആമിയും അല്ലിയും രണ്ടുപേരുടെയും കഴുത്തിലെ അവകാശി താനാകുമ്പോൾ ഓരോ നിമിഷവും അനുഭവിക്കുന്ന വേദനയുടെ തീവ്രത എത്രമേൽ ഭയാനകവും ക്രൂരവുമാണെന്ന് അനുഭവിച്ചറിയുകയാണിപ്പോൾ. തുലാസിൽ ഇരുവശത്തായി ആടിയുലയുന്നത് രണ്ടു പെൺകുട്ടികളുടെ ജീവിതമാണ്. അതിൽ ഏത് തട്ട് താഴ്ന്നിരിക്കുമെന്ന് ചിന്തിക്കാനാകുന്നില്ല. എല്ലാം മനസ്സിലടക്കി അവന് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി. ശ്വാസം തൊണ്ടക്കുഴിയിൽ കുരുങ്ങിനിൽക്കുന്നതുപോലെ. എനിക്ക് സംസാരിക്കണം ആമീ നിന്നോട്. അവൾ പ്രതീക്ഷയോടെ അവനെ ഉറ്റുനോക്കി. ഇവിടെ വച്ചല്ല. നിന്റെ വീട്ടിൽവച്ച്. നീ അറിയാതെ പോയ പലതും നിനക്കായ്‌ അവിടെ കാത്തിരിപ്പുണ്ട്. നീയറിയാത്ത പലതുമുണ്ട്. നിനക്ക് ഒരിക്കലും സഹിക്കാൻ കഴിയാത്ത കാര്യങ്ങൾ. പക്ഷേ ഇങ്ങനെ പറയാതെ എല്ലാം മനസ്സിലൊതുക്കി വേദനിക്കാൻ എനിക്ക് കഴിയില്ല.

വീർപ്പുമുട്ടുകയാണ് ഓരോ നിമിഷവും ഞാൻ. ഭ്രാന്ത്‌ പിടിച്ച അവസ്ഥയിലാണ് ഞാനിപ്പോൾ. എല്ലാമറിയുമ്പോൾ നിനക്ക് തീരുമാനിക്കാം എന്ത് വേണമെന്ന്. പിന്നെ എന്നോടൊപ്പമൊരു ജീവിതം സാധ്യമാകുമോയെന്ന്. അപ്പോഴും നിന്നിൽനിന്നും ഒരുപാടകലെയായിരിക്കും ഞാൻ ആമീ. പറയാൻ പോകുന്നതെന്തെന്ന അമ്പരപ്പിനിടയിലും അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി. തന്നിൽനിന്നും നിവേദ് അകലുമോയെന്ന ഭയത്തിനേക്കാളുപരി നിവേദിനെ ആമിക്ക് എന്നെന്നേക്കുമായി നഷ്ടമാകുമോയെന്ന ഭയം വന്മരത്തിൽ കെട്ടുപിണഞ്ഞ വള്ളികളെപ്പോലെ അവളിൽ പടർന്നുകയറി. അതിന്റെ ഫലമായി ചെന്നിയിലൂടെ വിയർപ്പുതുള്ളികൾ ചാലിട്ടൊഴുകി…..(തുടരും )

അല്ലിയാമ്പൽ: ഭാഗം 15

Share this story