അനന്തൻ: ഭാഗം 14

അനന്തൻ: ഭാഗം 14

എഴുത്തുകാരി: നിഹാരിക

” ഗൗതം സർ” ഉള്ളിലെ ഭയം പുറത്ത് കാണുമോ എന്നായിരുന്നു എൻ്റെ ചിന്ത മുഴുവൻ, ” ശങ്കര മാമൻ?” .i “കിടക്കാ.. മുറിയിൽ ഉണ്ട്” ചിരിയോടെയാണ് ചോദിച്ചത് , അതു കൊണ്ട് തന്നെ ഉള്ളിലെ പിരിമുറുക്കത്തിന് ഇത്തിരി അയവ് വന്നു… ഗൗതം സാറിൻ്റെ കൂടെ ഞാനും അകത്തേക്ക് പോയി.. അസ്വാഭാവികമായി ഒന്നും തന്നെ ഗൗതം സർ സംസാരിച്ചില്ല എന്നത് ഞാൻ ശ്രദ്ധിച്ചു… പക്ഷെ, “ഇവിടെയാരാ വന്നത്?” എന്ന് ചോദിച്ചപ്പോൾ പെട്ടെന്ന് ഞെട്ടി സാറിനെ നോക്കി.. ഞാനെന്തെങ്കിലും പറയും മുമ്പ്, “എൻ്റെ പെങ്ങള് ശാരദ, തമിഴ്നാട്ടിലുള്ള…. അവളാ വന്നത് ” എന്ന് അച്ഛൻ പറഞ്ഞു, അപ്പഴാ ശ്വാസം നേരെ വീണത്…. ” ഞാനിറങ്ങാ… ” എന്നും പറഞ്ഞ് വീണ്ടും ഇത്തിരി പണം മിണ്ടാതെ അച്ഛൻ കിടക്കുന്ന തലയിണക്കടിയിൽ വച്ചു.. ” കുത്തേ! ഇത് ..?” എന്ന് അച്ഛൻ പറഞ്ഞപ്പോൾ, ”

ആവശ്യം വരും ” എന്നും പറഞ്ഞ് ഗൗതം സാർ ഇറങ്ങി… ” മുറ്റത്തിറങ്ങി പോവാൻ തുടങ്ങിയതും എന്തോ മറന്നെന്ന പോലെ തിരികെ എത്തി, “അതേ തന്മയ, തൻ്റെ അപ്പച്ചിക്കാണോ മുറിവ് പറ്റിയത്?” എന്ന് മുഖത്ത് നോക്കി ചോദിച്ചു, “എന്താ?” എന്ന് തിരികെ ചോദിച്ചപ്പോൾ, “അല്ലാ! ഞാനന്ന് കാണിച്ചു തന്നിരുന്നല്ലോ ഞങ്ങൾ അന്വേഷിക്കുന്ന ഒരാളെ പറ്റി, കയ്യിൽ കിട്ടിയതായിരുന്നു .. പക്ഷെ രക്ഷപ്പെട്ടു കളഞ്ഞു, നല്ലവണ്ണം കിട്ടിയിട്ടുണ്ട് അവന് … അവരുടെ തന്നെ ഗ്യാങ്ങിൻ്റെ കയ്യിൽ നിന്ന് 1 വെട്ടി പരിക്കേറ്റ നിലയിൽ പക്ഷെ അടുത്തെത്തിയപ്പോഴേക്ക് ആരോ….. എവിടെയെങ്കിലും ചികിത്സക്കായി എത്തിയോ എന്നായി പിന്നെ അന്വേഷണം.. ഇവിടത്തെ പി എച്ച് സിയിലെ ഡോക്ടർ പറഞ്ഞു താൻ വന്ന് മുറിവിനുള്ള മരുന്നും മറ്റും വാങ്ങി എന്ന് .. ആർക്കാ അപ്പച്ചിക്കാണോ മുറിവ് ??” ആ മുഖത്തേക്ക് നോക്കി നിന്നപ്പോൾ ശരീരം വിറകൊള്ളുന്നുണ്ടായിരുന്നു ..

യാന്ത്രികയായി അതെ എന്ന് തലയാട്ടി, ഒന്നിരുത്തി മൂളി ഗൗതം സാർ പോയി .. വല്ലാത്ത ഭയം തോന്നാൻ തുടങ്ങി എനിക്ക്, 💐💐💐💐💐 . അനന്തേട്ടൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ ഇത് തന്നെ യാണ് വീട്… വീട് എന്നു പറഞ്ഞാൽ കുറഞ്ഞ് പോകും കൊട്ടാരം തന്നെ, ഇത് സ്വന്തമാക്കാനോ അനന്തേട്ടാ സ്വന്തം ജീവിതം കളഞ്ഞത്, എന്നിട്ടെന്ത് നേടി… പേടിച്ച് വിറച്ച് ജീവിക്കുന്നു… ഗൗതം സർ ഇന്നലെ വന്നപ്പോൾ അറിഞ്ഞതാണ് നിമിഷ നേരത്തേക്കാണെങ്കിൽ കൂടി ഭയം എത്രത്തോളം ഭീകരമാണെന്ന്, ഓരോ നിമിഷവും ഭയന്ന് മരിച്ച് ജീവിക്കുക എന്നാൽ…. സ്വയം വരുത്തി വച്ചതല്ലേ, പണത്തിൻ്റെ പേരിൽ … അളവറ്റ് സമ്പാദിച്ചു… പക്ഷെ എന്തിന്? ആർക്കു വേണ്ടി? പ്രയോജനപ്പെടില്ലെങ്കിൽ പണത്തിന് കടലാസു കഷണത്തിൻ്റെ വില പോലും ഇല്ല, …. കുറേ പറഞ്ഞതാണ് അനന്തേട്ടൻ ഇപ്പോ പോണ്ട എന്ന്.. ഞാനാണ് സമ്മതിക്കാതെ വാശി പിടിച്ചത് അനുവിനെ കാണണം എന്ന്…

ഒടുവിൽ അച്ഛനെ അപ്പച്ചിയെ ഏൽപ്പിച്ച് , ചായ്പ്പിൽ അനന്തേട്ടനുള്ളതൊക്കെ ഒരുക്കി അഴിവാതിൽ പുറത്ത് നിന്ന് പൂട്ടി ഇറങ്ങി…. വലിയ ഗേറ്റ് തുറന്ന് മുറ്റത്ത് കൂടെ ഒത്തിരി ഉണ്ടായിരുന്നു വീട്ടിലേക്ക് നടക്കാൻ, മെല്ലെ ആ കൊട്ടാരം മുഴുവൻ ഒന്ന് കണ്ണോടിച്ചു.. രണ്ട് നിലയിലായി നിൽക്കുന്ന ഇങ്ങനെത്തേ വീട് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ, കോളിംഗ് ബെൽ അമർത്തുമ്പോൾ എന്തിനോ ഹൃദയം വല്ലാത്ത വേഗതയിൽ മിടിച്ചിരുന്നു.. അനുവിൻ്റെ അമ്മയാണ് വാതിൽ തുറന്നത്… “തനൂ…. മോളെ, ” എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുമ്പോൾ മിഴികൾ നിറഞ്ഞ് തൂവി … ശബ്ദം കേട്ട് മധ്യവയസ്കയായ ഒരു സ്ത്രീ അങ്ങോട്ടേക്ക് വന്നു… “രഞ്ചൻ്റെ അമ്മച്ചി ” അവരെ ഒരു നോട്ടം കണ്ടപ്പോൾ തന്നെ അത് മനസിലായി കാരണം ര ഞ്ചനും ഇതേ ഛായ! അവരെ തന്നെ ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അനൂൻ്റെ അമ്മ പറഞ്ഞത്,

“ഇത് അനന്തുട്ടന്റെ കൂട്ടുകാരൻ്റെ അമ്മയാ എന്ന് ” നിഷ്കളങ്കമായി ചിരിക്കുന്ന ആയമ്മയെ കണ്ടതും ഉളളിൽ എന്തോ നോവ് കിനിഞ്ഞിറങ്ങും പോലെ .. ” വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വരൂ മോളെ ” എന്ന് അമ്മ ക്ഷണിച്ചപ്പോൾ കണ്ണുകൾ എല്ലായിടത്തും പരതി നടന്നു…. ഒടുവിൽ ക്ഷമ കെട്ടാണ് ചോദിച്ചത് ” അനു….??” രണ്ടു മുഖത്തും സങ്കടം നിറയുന്നത് ഏറെ വിഷമത്തോടെ അമ്മയുടെ കൈകൾ അടച്ചിട്ട മുറിയിലേക്ക് നീണ്ടു …. മുറിയുടെ വാതിക്കലേക്കും അമ്മയുടെ മുഖത്തേക്കും മാറി മാറി നോക്കി…. ഒന്നും മിണ്ടാതെ മിഴി തുടക്കുന്ന അമ്മയെ ഒന്ന് നോക്കി ഞാനാ മുറിയുടെ വാതിൽ മെല്ലെ തുറന്നു.. കട്ടിൽ കാലിൽ ചാരി എവിടെയോ മിഴിനട്ട് ഇരിക്കുന്നുണ്ട് എന്റെ അനു… നീണ്ട ഇടതൂർന്ന മുടി കഴുത്തിനൊപ്പം വെട്ടിയിരിക്കുന്നു ..

കഴിക്കാൻ കൊണ്ട് വച്ചതാവണം ഒരു പാത്രത്തിൽ പകുതി കഞ്ഞിയുണ്ട്, ബാക്കി തട്ടിത്തെറുപ്പിച്ചിട്ടാവണം നിലത്ത് തൂവി പോയിട്ടുണ്ട് .. ചങ്കു പിടഞ്ഞു പോയി ൻ്റെ അനുവിനെ കണ്ടപ്പോൾ ….. ” അ….. അനൂ… മോളെ ” അത്രയും വിളിച്ചപ്പോൾ തന്നെ തൊണ്ടയിൽ എന്തോ കുരുങ്ങിയ പോലെ, വീണ്ടും ഒച്ച പൊന്താത്ത പോലെ, വിളി ചെവിയിൽ എത്തിയാവണം മെല്ലെ പാതി വരെ ഒന്ന് മുഖം ചെരിച്ച് നോക്കി വീണ്ടും അവൾ എങ്ങോ നോക്കിയിരിക്കാൻ തുടങ്ങിയത്… ഓടി ചെന്ന് ഒന്ന് കുലുക്കി വിളിച്ചു, ഞാൻ വിളിച്ചിട്ടും അറിയാതെ ഇരിക്കുന്നവളെ, “തനുവാടാ… മനസിലായില്ലേ???” എന്ന് പറഞ്ഞപ്പോൾ കുഞ്ഞുങ്ങളെ പോലെ അവളെന്നെ നോക്കി, ആ മുഖത്ത് ചിരിയോ കരച്ചിലോ മിന്നിമറഞ്ഞു … “സ്വപ്നാ….. ഇത് സ്വപ്നാ, ൻ്റെ തനു വരില്ല ” എന്ന് പറഞ്ഞവൾ ആർത്ത് കരഞ്ഞു… ”

അല്ലാ… അല്ലടാ…. സ്വപ്നല്ല, നിൻ്റെ തനു തന്നെയാ…. മനസിലായില്ലേടാ …..” എന്ന് പറഞ്ഞവളെ ഇറുകെ പുണരുമ്പോൾ അവളും കരയുകയായിരുന്നു …. ” അമ്മേ… തനു.. ൻ്റെ തനൂ… ആൻ്റിയമ്മേ… തനു… ” എന്ന് എന്റെ കൈ പിടിച്ച് കൊണ്ടുപോയി അവരെ കാണിക്കുകയായിരുന്നു ശേഷം അവൾ …. മുറിയിൽ നിന്നിറങ്ങിയവളെ, സംസാരിക്കുന്നവളെ അവരും അത്ഭുതത്തോടെ നിറമിഴിയാലെ നോക്കി…. 💐💐💐💐💐 കുറേ നേരം സംസാരിച്ചപ്പോൾ, എല്ലാം മിഴിനീരിൽ ഒഴുക്കി കളഞ്ഞപ്പോൾ പതിയേ അവളെൻ്റെ പഴയ അനുവായി … അത് കണ്ട് അമ്മ കണ്ണീർ വാർത്ത് പറഞ്ഞു “ന്റെ കുഞ്ഞ് ഇപ്പോ ഇല്ലാണ്ടായി പോയല്ലോ? ഇത് കാണാൻ എന്ന് .. ” അപ്പോൾ വീറോടെ അനു ചോദിച്ചത് കേട്ടു അന്നത്തെ പോലെ വീണ്ടും ഞങ്ങളെ പിരിക്കാനാണോ എന്ന്: അന്ന് എന്നോട് യാത്ര പോലും പറയാൻ സമ്മതിക്കാതെ കൊണ്ട് പോയതിന് ശേഷം അനു മിണ്ടിയിട്ടേ ഇല്ല എന്ന് അനന്തേട്ടൻ പറഞ്ഞത് ഓർത്തു ..

. ഇപ്പഴും ദുബായിൽ അവർക്ക് വേണ്ടി കഷ്ടപ്പെടാണ് എന്ന് തന്നെ ആയിരുന്നു അവര് വിശ്വസിച്ചത് … രണ്ട് മൂന്ന് ദിവസായി വിളിച്ചിട്ട് എന്ന ആവലാതിയും പങ്കു വച്ചു.. പക്ഷെ പറഞ്ഞിരുന്നത്രെ എന്തോ പുതിയ ജോലി കൂടെ ചെയ്യണം ഇനി വിളിക്കാൻ വല്ലപ്പോഴും മാത്രമേ സാധിക്കു എന്ന് .. ര ഞ്ചൻ്റെ അമ്മച്ചിയും വേഗം കൂട്ടായി … ഒരു പാവം .. പറഞ്ഞത് മുഴുവൻ മകനെ പറ്റി, ” മോള് കണ്ടിട്ടില്ലല്ലോ എന്ന് പറഞ്ഞ് ബൈബിളിൽ സൂക്ഷിച്ച് വച്ച ഫോട്ടോയുമെടുത്ത് കാണിച്ച് തന്നു… ഉള്ളിൽ ആർത്ത് കരഞ്ഞ് എല്ലാം വരുത്തി തീർത്ത മങ്ങിയ ചിരിയോടെ നോക്കി കണ്ടു.. പ്രതീക്ഷകളും സ്വപ്നങ്ങളും ആ അമ്മച്ചി പങ്കുവച്ചപ്പോൾ, ഉള്ളിൽ മുഴുവൻ ഒരിക്കലും തിരിച്ച് വരാത്ത അവരുടെ മകൻ്റെ മുഖമായിരുന്നു ..

അവൻ്റെ വിയോഗം ആ ഒരാൾക്കായി മാത്രം ജീവിക്കുന്ന ഈ അമ്മക്ക് താങ്ങാൻ നീ കരുത്ത് നൽകണേ എന്ന പ്രാർത്ഥനയായിരുന്നു … 💐💐💐💐💐 ഒടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ അനു വിടുന്നുണ്ടായിരുന്നില്ല ഒടുവിൽ അച്ഛൻ്റ വയ്യായ്ക പറഞ്ഞ് മനസിലാക്കിയാണ് ഇറങ്ങിയത്, അതും ഉടൻ തിരികെ എത്തും എന്ന ഉറപ്പ് കൊടുത്ത്, വേഗം കിട്ടിയ ബസിൽ കയറി നാട്ടിലെത്തി വീട്ടിലേക്ക് നടക്കുമ്പോൾ കണ്ടു കുറച്ച് മുന്നിൽ പോകുന്നയാളെ,….. (തുടരും)….

അനന്തൻ: ഭാഗം 13

Share this story