ഈറൻമേഘം: ഭാഗം 37

ഈറൻമേഘം: ഭാഗം 37

 എഴുത്തുകാരി: Angel Kollam

ശ്യാം ഒരു തണൽ മരത്തിന്റെ താഴെക്ക് മാറി നിന്നിട്ട് ജോയലിന്റെ നമ്പർ ഡയൽ ചെയ്തിട്ട് ഫോൺ കാതോട് ചേർത്തു.. ജോയൽ കൈ കഴുകാൻ വേണ്ടി വാഷിംഗ്‌ ഏരിയയിലേക്ക് പോയപ്പോളാണ് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തത്.. ട്രൂ കാളറിൽ ശ്യാം എന്ന പേര് കണ്ടതും ജോയലിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.. ഹോസ്പിറ്റലിൽ നിന്നും അവൻ തന്റെ നമ്പർ വാങ്ങിയ സ്ഥിതിയ്ക്ക് തന്നെ വിളിക്കുമെന്ന് അറിയാമായിരുന്നു.. പക്ഷേ ഇത്രയും പെട്ടന്ന് വിളിക്കുമെന്ന് കരുതിയിരുന്നില്ല.. ജോയൽ അമേയയോട് പറഞ്ഞു.. “നീ കൈ കഴുകിയിട്ട് നമ്മളിരുന്ന സീറ്റിൽ തന്നെ പോയിരുന്നോ.. ഞാനൊന്ന് റസ്റ്റ്റൂമിൽ പോയിട്ട് വരാം ” “ശരി ” ജോയൽ ജെന്റ്‌സ് ടോയ്ലറ്റിന്റെ വശത്തേക്ക് നടന്നു..

അവന്റെ ഫോൺ ഒരുപ്രാവശ്യം ഫുൾ റിംഗ് ചെയ്തു നിന്നു.. താൻ കാൾ അറ്റൻഡ് ചെയ്യാത്ത സ്ഥിതിയ്ക്ക് ശ്യാം ഇനിയുടനെ വിളിക്കുമോയെന്ന് ജോയലിന് സംശയം ഉണ്ടായിരുന്നു.. ഒരു മിനിറ്റിന് ശേഷം വീണ്ടും കാൾ വന്നു.. ജോയൽ കാൾ അറ്റൻഡ് ചെയ്തു.. “ഹലോ ” “ഹലോ.. ഡോക്ടർ ജോയലല്ലേ ” “അതേ.. ആരാ സംസാരിക്കുന്നത് ” “സാർ.. ഞാൻ സാറിന്റെ ഒരു അഭ്യൂദയകാംക്ഷിയാണ്.. വളരെ പ്രധാനപ്പെട്ട ഒരു കാര്യം സാറിനെ അറിയിക്കാൻ വേണ്ടിയാണിപ്പോൾ ഞാൻ വിളിക്കുന്നത് ” “ആഹാ.. പറഞ്ഞോളൂ.. എന്താണ് ആ പ്രധാനപ്പെട്ട കാര്യം?” ജോയലിന്റെ ശബ്ദത്തിന് പരിഹാസച്ചുവ ഉണ്ടായിരുന്നു.. “സാറിന്റെ കൂടെയുള്ള ആ പെൺകുട്ടിയെക്കുറിച്ചാണ് പറയാനുള്ളത് ”

“അവൾ നിന്റെ കാമുകി ആയിരുന്നു.. എന്നല്ലേ ശ്യാമേ നിനക്കെന്നോട് പറയാനുള്ളത് ” ശ്യാം സ്തംബ്ധനായി നിന്നുപോയി.. ഇങ്ങനെ ഒരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല.. ശ്യാമിന് എന്തെങ്കിലും സംസാരിക്കാൻ കഴിയുന്നതിന് മുൻപ് തന്നെ ജോയൽ തുടർന്ന് പറഞ്ഞു.. “നീയും നിന്റെ സുഹൃത്തും ഇന്ന് എന്നെയും അമേയയെയും ഒരുമിച്ച് കണ്ടുവെന്ന് സുഹാസ് മുഘേന അറിഞ്ഞപ്പോൾ തന്നെ എനിക്കറിയാമായിരുന്നു നിന്റെ ഈ ഫോൺകാൾ എന്നെ തേടിയെത്തുമെന്ന്.. റോയൽ ഹോസ്പിറ്റലിൽ എന്റെ നമ്പർ അന്വേഷിച്ചു ചെന്നത് നീയാണെന്ന് മനസിലായിട്ട് തന്നെയാണ് രഞ്ജിനിയോട് നിനക്ക് നമ്പർ തന്നോളാൻ ഞാൻ പറഞ്ഞത്.. നീ എന്റെ നമ്പറിനു വേണ്ടി അധികം ബുദ്ധിമുട്ടണ്ടെന്ന് ഞാൻ കരുതി.. എന്തായാലും നിനക്ക് പറയാനുള്ളത് ഞാൻ ഇന്ന് തന്നെ കേൾക്കാമെന്ന് കരുതി..

അമേയ കുറച്ചുകാലം നീയുമായി പ്രണയബന്ധത്തിലായിരുന്നു എന്നല്ലാതെ വേറെയെന്തെങ്കിലും നിനക്കെന്നോട് പറയാനുണ്ടോ?” ശ്യാമിന് അൽപസമയത്തേക്ക് എന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു.. പക്ഷേ ജോയലിന്റെ മുന്നിൽ തോറ്റു കൊടുക്കാൻ മനസനുവദിക്കുന്നില്ല.. ശ്യാം വീറോടെ കൂടെ പറഞ്ഞു.. “ഓ.. അവളെല്ലാം നിന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു അല്ലേ.. ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് മാത്രമല്ലെ അവൾ പറഞ്ഞിട്ടുള്ളൂ.. ആ കാലഘട്ടത്തിൽ ഞങ്ങൾ എങ്ങനെയാണ് ജീവിച്ചതെന്ന് അവൾ പറഞ്ഞിട്ടില്ലല്ലോ.. അതൊന്നും അവൾ പറയില്ല.. നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ എമറാൾഡിൽ വന്നു ചോദിച്ചാൽ മനസിലാകും എങ്ങനെയായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധമെന്ന്.. നീ വല്യ നിധിയാണെന്ന് പറഞ്ഞ് പൊതിഞ്ഞു പിടിച്ചു നടക്കുന്നത് എന്റെ എച്ചിലാണ്.” ജോയലിന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി..

തന്റെ പെണ്ണിനെയാണ് ഇവൻ അപമാനിച്ചിരിക്കുന്നത്… അവൻ സംസാരിച്ച അതേ നാണയത്തിൽ തനിക്ക് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല.. പക്ഷേ അങ്ങനെ പറഞ്ഞാൽ പിന്നെ താനും അവനും തമ്മിൽ എന്താണ് വ്യത്യാസം.. ജോയൽ ക്ഷമയോടെയാണ് ശ്യാമിനോട് മറുപടി പറഞ്ഞത്.. “ശ്യാം.. നീ ആരോടാണ് സംസാരിക്കുന്നതെന്ന് ഒരുനിമിഷം മറന്ന് പോയെന്ന് തോന്നുന്നു.. ഞാനൊരു സൈക്കോളജിസ്റ്റാണ്.. അതുകൊണ്ട് തന്നെ ഒരാൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ അത്‌ സത്യമാണോ കള്ളമാണോ എന്നെനിക്കറിയാം.. ഇനി അഥവാ നീ പറഞ്ഞത് സത്യമാണെങ്കിൽ പോലും എനിക്കൊരു ചുക്കുമില്ല.. നീയെന്താ കരുതിയത് നിന്നോടൊപ്പം അവൾ കഴിഞ്ഞിട്ടുണ്ടെന്ന് പറയുമ്പോൾ ഞാൻ അവളെ ഉപേക്ഷിക്കുമെന്നോ?

നിന്നെപ്പോലൊരുത്തന്റെ വാക്ക് കേട്ട് അവളെ ഉപേക്ഷിക്കാൻ ജോയൽ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി വച്ചല്ല നടക്കുന്നത്.. നീ അവളെപ്പറ്റി എന്തൊക്കെ അപവാദങ്ങൾ പ്രചരിപ്പിച്ചാലും ഞാനവളെ ഉപേക്ഷിക്കില്ല.. ഒരിക്കൽ ഞാനവളുടെ കൈ പിടിച്ചത് വഴിയിൽ ഉപേക്ഷിച്ചു പോകാനല്ല.. ജീവിതകാലം മുഴുവനും കൂടെ കൊണ്ട് നടക്കാനാണ്.. അതുകൊണ്ട് തന്നെ ഞങ്ങളെ തമ്മിൽ തെറ്റിക്കാനാണ് നീ കച്ചകെട്ടി ഇറങ്ങിയതെങ്കിൽ നീ തോറ്റു പോകത്തേയുള്ളൂ.. നീയെന്നല്ല ഇനിയാര് ശ്രമിച്ചാലും ഞങ്ങളെ തമ്മിൽ വേർപിരിക്കാൻ സാധിക്കില്ല ” “ഇപ്പോൾ നിങ്ങൾ ഇങ്ങനെയൊക്കെ പറയും.. പക്ഷേ ഒരു എടുത്തുചാട്ടത്തിന്റെ പുറത്ത് നിങ്ങളെടുത്ത ഈ തീരുമാനത്തിൽ നിങ്ങൾ ദുഖിക്കേണ്ടി വരും..

അവളെപ്പോലെ ഒരു പെണ്ണിനെ കൂടെ കൂട്ടിയതിൽ ഭാവിയിൽ നിങ്ങൾ പശ്ചാത്തപിക്കും ” “നാണമില്ലല്ലോ നിനക്ക് ഒരു പാവം പെണ്ണിനെപ്പറ്റി ഇങ്ങനെയൊക്കെ പറയാൻ? എന്തായാലും കുറച്ച് നാളെങ്കിലും ആത്മാർത്ഥമായി നിന്നെ സ്നേഹിച്ചതിന് നീ അവൾക്ക് കൊടുക്കുന്ന സമ്മാനം കൊള്ളാം.. നിന്റെ കൊള്ളരുതായ്മ നേരിട്ട് കണ്ടിട്ട് പോലും നിനക്കെതിരെ ഒരുവാക്ക് പോലും പറയാതെ അവിടെ നിന്ന് പോന്നവളാണ് അവൾ.. നീ ചെയ്ത തെറ്റ് കൊണ്ടാണ് നിനക്കവളെ നഷ്ടപെട്ടത്.. എന്നിട്ടും പിന്നാലെ നടന്ന് അവളെ ബുദ്ധിമുട്ടിക്കുന്നത് കൊണ്ട് നിനക്കെന്ത് സന്തോഷമാണ് കിട്ടുന്നത്..? എനിക്ക് കൂടുതലൊന്നും നിന്നോട് പറയാനില്ല.. നീയൊക്കെ എത്ര കിണഞ്ഞു പരിശ്രമിച്ചാലും എന്റെ മനസ്സിൽ അവളോടുള്ള സ്നേഹത്തിന് ഒരു കോട്ടവും സംഭവിക്കില്ല..

അതിന് വേണ്ടി നീ വെറുതെ പണിപ്പെടുകയും വേണ്ട.. ഇനി നിന്റെ നിഴൽ പോലും അവളുടെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല.. അങ്ങനെ ഉണ്ടായാൽ.. നിനക്ക് ഈ ജോയലിന്റെ ഒരു മുഖം മാത്രമേ അറിയുള്ളൂ.. മറ്റാർക്കും അറിയാത്ത തീരെ വൃത്തികെട്ട ഒരു മുഖം കൂടിയുണ്ട് എനിക്ക്.. അത്‌ എന്നെക്കൊണ്ട് നീ പുറത്തെടുപ്പിക്കരുത്.. ” ഏതൊരു പുരുഷന്റെയും മനസ്സിൽ സംശയത്തിന്റെ വിത്ത് വിതയ്ക്കാവുന്ന ഒരു കാര്യമാണ് താൻ പറഞ്ഞത് എന്നിട്ടും ജോയലിന് അമേയയേ ഇപ്പോളും ഒരു തരിമ്പ് പോലും സംശയമില്ലെന്നുള്ളത് ശ്യാമിനെ അത്ഭുതപെടുത്തി.. കൂടുതലൊന്നും പറയാൻ വാക്കുകൾ കിട്ടാതെ ശ്യാം നിന്നപ്പോൾ ജോയൽ അന്ത്യശാസന പോലെ പറഞ്ഞു.. “ഇത് നിന്റെ ആദ്യത്തെയും അവസാനത്തെയും ഫോൺ കാളായിരിക്കണം.. എന്റെ പെണ്ണിനെപ്പറ്റി ഇനിയെങ്കിലും അപവാദം പറയാനായിട്ട് നീയിനി വിളിച്ചാൽ എന്റെ കയ്യുടെ ചൂട് നീയറിയും..

ആളാരാണെന്ന് ശരിക്കും മനസിലാകാതെയാണ് എന്നെ ചൊറിയാൻ നീ വന്നത്.. നിനക്ക് അബദ്ധം പറ്റിയതാണെന്ന് കരുതി ഞാൻ ക്ഷമിച്ചു വിടുകയാണ്.. പക്ഷേ ഇനിയും നീ ഞങ്ങളെ പിന്തുടരാനാണ് ഭാവമെങ്കിൽ നീ ബാംഗ്ലൂരിലേക്ക് വന്നത് പോലെ തിരിച്ചു പോകത്തില്ല.. മനസ്സിലായോ?” ശ്യാം പെട്ടന്ന് ഫോൺ കട്ട്‌ ചെയ്തു.. ജോയൽ പറയുന്നതിനൊന്നും തനിക്ക് മറുപടി പറയാൻ കഴിയുന്നില്ല.. താണിങ്ങനെയൊന്നുമല്ല പ്രതീക്ഷിച്ചത്.. തന്റെ വാക്കുകൾ അവൻ വിശ്വസിച്ചിട്ട് അമേയയേ ഉപേക്ഷിക്കുമെന്നാണ് കരുതിയത്.. പക്ഷേ ഇവിടെയും താൻ തോറ്റു പോയിരിക്കുന്നു.. ജോയലിന്റെ ദേഷ്യത്തിന് ക്ഷമനമുണ്ടായില്ല.. താൻ അവനോട് പറഞ്ഞത് കുറഞ്ഞു പോയതായിട്ടാണ് ജോയലിന് തോന്നിയത്.. ജോയൽ അമേയയുടെ അടുത്തെത്തി അവളെയും കൂട്ടി പുറത്തേക്ക് നടന്നു..

കാറിൽ തന്റെ അടുത്തിരിക്കുന്ന അമേയയുടെ മുഖത്തേക്ക് ജോയൽ സൂക്ഷിച്ചു നോക്കി.. അവളുടെ മുഖത്തെ നിഷ്കളങ്കത കണ്ടപ്പോൾ ജോയലിന് അവളോട് വാത്സല്യം തോന്നി.. അമേയ അമ്പരപ്പോടെ ചോദിച്ചു.. “എന്താ സാറേ.. എന്നെ ആദ്യം കാണുന്നത് പോലെ നോക്കുന്നത്?” ജോയൽ അവളുടെ ഇടത് കരമെടുത്തു ഗിയറിൽ വച്ച് കൊണ്ട് പറഞ്ഞു.. “ചുമ്മാ നോക്കിയതാണ്..” ജോയൽ കാർ സ്റ്റാർട്ട്‌ ചെയ്തു.. ആ യാത്രയിലുടനീളം അവളുടെ കൈ അവൻ ചേർത്ത് പിടിച്ചിരുന്നു.. അമേയയ്ക്ക് അമ്പരപ്പായിരുന്നു.. ഈ സാറിനിതെന്താ പറ്റിയതെന്നവൾ ചിന്തിച്ചു.. ശ്യാം തന്റെ ബൈക്ക് പാർക്ക് ചെയ്തിടത്തേക്ക് വന്നു.. റിജോ അക്ഷമയോടെ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. ശ്യാമിനെ കണ്ടതും അവൻ ദേഷ്യത്തോടെ ചോദിച്ചു.. “നീ ഇതെവിടെ പോയിക്കിടക്കുവാർന്നു..

എത്ര നേരമായിട്ട് മനുഷ്യൻ ഇവിടെ പോസ്റ്റായിട്ട് നിൽക്കുവാ.. നിന്നോട് ഞാനാദ്യമേ പറഞ്ഞതല്ലേ എന്നെ റൂമിൽ കൊണ്ടാക്കിയിട്ട് നീയെന്ത് വേണമെങ്കിലും ചെയ്തോളാൻ ” ശ്യാം മറുപടിയൊന്നും പറയാതെ ബൈക്ക് സ്റ്റാർട്ടാക്കി.. റിജോ പിറുപിറുത്തു കൊണ്ട് ബൈക്കിനു പിന്നിലേക്ക് കയറി.. “എന്തെങ്കിലും ചോദിച്ചാൽ വാ തുറന്നു മറുപടി പറഞ്ഞാലെന്താ..ഞാൻ ഇവിടെ പാർക്കിങ്ങിൽ നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറോളമായി ” “നിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി ഞാൻ റൂമിൽ ചെന്നിട്ട് തരാം ” ശ്യാം വേഗത്തിൽ ബൈക്ക് ഓടിക്കാൻ തുടങ്ങി.. റിജോ അവനെ ശാസിച്ചു.. “എടാ ശ്യാമേ.. നീയെന്താ മനുഷ്യനെ കൊല്ലാൻ കൊണ്ട് പോകുവാണോ? ഒന്ന് പതുക്കെ വണ്ടിയോടിക്ക് ” ശ്യാമിന് അത്‌ കേട്ടഭാവം പോലും ഉണ്ടായിരുന്നില്ല…

അവൻ ഭ്രാന്തമായ ആവേശത്തോട് കൂടി ബൈക്ക് പായിച്ചു.. ജോയലിന്റെ കയ്യും പിടിച്ചു അമേയ നടന്ന് പോകുന്ന ആ കാഴ്ച കണ്മുന്നിൽ നിന്നും മായുന്നില്ല.. അമേയയുടെ മുഖത്തെ ആ നിറഞ്ഞ ചിരി മുൻപൊരിക്കൽ പോലും താൻ കണ്ടിട്ടില്ലെന്ന് ഓർത്തപ്പോൾ അവന് ദേഷ്യം ഇരട്ടിച്ചു.. ഫ്ലാറ്റിലെത്തിയപ്പോൾ അമേയ തന്റെ റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ജോയൽ അവളുടെ ചുമലിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി.. അമേയ ദുർബലമായി എതിർത്തു കൊണ്ട് പറഞ്ഞു.. “വിട് സാറേ.. ഞാൻ ഈ സാരി മാറ്റിയിട്ട് വരട്ടെ… എനിക്ക് ചൂടെടുക്കുന്നു ” “സാരിയൊക്കെ പിന്നീട് മാറ്റാം.. തത്കാലം കുറച്ച് സമയം നമുക്കിവിടെയിരിക്കാം ” ഹാളിലെ സെറ്റിയിൽ ഇരുന്നിട്ട് ജോയൽ അവളെ തന്റെയരികിൽ പിടിച്ചിരുത്തി.. അമേയ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..

“എന്താ പതിവില്ലാത്ത ഓരോ ശീലങ്ങൾ? ആ റെസ്റ്റോറന്റിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാണ്.. സാറിനെന്തോ ഒരു മാറ്റം?” ജോയൽ അവളുടെ തലമുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു.. “എനിക്കൊരു മാറ്റവുമില്ല പെണ്ണേ.. നിനക്ക് വെറുതേ തോന്നുന്നതാണ് ” “അല്ല.. എന്തോ ഉണ്ട്…” ശ്യാം തന്നെ ഫോൺ ചെയ്ത വിവരം അവളോട് തുറന്ന് പറയണോ അതോ മറച്ചു വയ്ക്കണോയെന്ന് ജോയൽ ഒരുനിമിഷം ആലോചനയോടെയിരുന്നു.. താനിപ്പോൾ അവളിൽ നിന്നും ഇത് മറച്ചു വച്ചിട്ട് പിന്നീടെപ്പോളും അവളതറിഞ്ഞാൽ അത്‌ ഏറെ വിഷമത്തിന് ഇടയാക്കിയേക്കും.. അതുകൊണ്ട് അവളോട് പറയാമെന്നു തീരുമാനിച്ചു.. “ശ്യാം എന്നെ ഫോൺ ചെയ്തിരുന്നു ” അമേയയുടെ മിഴികളിൽ ഒരു നടുക്കം പ്രകടമായി.. “എന്നിട്ട്… എന്താ പറഞ്ഞത്?” അവൻ പറഞ്ഞതെല്ലാം അവളെ അറിയിച്ചിട്ട് അവളുടെ മനസ്സ് വേദനിപ്പിക്കാൻ ജോയലിന് മനസ്സ് വന്നില്ല..

“നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്നെന്നോട് പറഞ്ഞു ” “അപ്പോൾ സാറെന്താ പറഞ്ഞത്?” അവളുടെ സ്വരത്തിലെ നനവ് ജോയൽ തിരിച്ചറിഞ്ഞു.. അവളുടെ വലത്കരം തന്റെ നെഞ്ചിലേക്ക് ചേർത്ത് വച്ചുകൊണ്ട് ജോയൽ മറുപടി പറഞ്ഞു.. “എനിക്ക് നിന്നെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും അറിയാമെന്നു പറഞ്ഞു ” അമേയ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് ചോദിച്ചു . “വേറെയൊന്നും പറഞ്ഞില്ലേ? ” ജോയൽ അവളുടെ മുഖം തന്റെ ഇരുകൈകളിലുമായി കോരിയെടുത്തു.. ആ മിഴികളിലേക്ക് നോക്കിയിട്ട് പറഞ്ഞു.. “നിന്നെ എനിക്ക് നന്നായിട്ടറിയാം പെണ്ണേ.. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ട് ഇടറുന്ന മനസല്ല എന്റേത്…

നിന്റെ ഈ മുഖം ആഴത്തിൽ പതിഞ്ഞിരിക്കുന്നത് എന്റെ ഹൃദയത്തിലാണ്.. ആരു ശ്രമിച്ചാലും അത്‌ മായ്ച്ചു കളയാൻ പറ്റില്ല ” സന്തോഷം കൊണ്ട് തന്റെ ഹൃദയം നിറയുന്നത് പോലെ അമേയയ്‌ക്ക് തോന്നി… ജോയൽ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.. അവൾ ആ നെഞ്ചിലെ ചൂടിൽ ഏറെ സുരക്ഷിതായത് പോലെയിരുന്നു.. മെയിൻ റോഡിൽ നിന്നും തങ്ങളുടെ റൂമിലേക്ക് പോകാനുള്ള വളവ് തിരിയുമ്പോൾ അമിതവേഗത കാരണം ശ്യാമിന്റെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു.. റിജോയും ശ്യാമും റോഡിലേക്ക് വീണു.. നിമിഷങ്ങൾക്കകം അവിടെ രക്തം പരന്നൊഴുകാൻ തുടങ്ങി……. തുടരും…….

ഈറൻമേഘം: ഭാഗം 36

Share this story