ഉറവിടം: ഭാഗം 11

ഉറവിടം: ഭാഗം 11

എഴുത്തുകാരി: ശക്തി കല ജി

അവൾ മറുപടി പറയാതെ ക്യാബിനിൽ നിന്ന് ഇറങ്ങി നടന്നു,… പോകുന്നതിന് തലേ ദിവസം തന്നെ എല്ലാം ഒരുക്കി വച്ചു… പിറ്റേ ദിവസം സഞ്ജയ് സർ കാറുമായി വന്നു…. അവൾ കാറിലേക്ക് കയറാൻ മടിച്ചു നിന്നു….. സഞ്ജയ് പുറകിലത്തെ ഡോർ ലോക്ക് തുറന്നു… അവൾ ഡോർ തുറന്നു നോക്കിയതും അവളുടെ മിഴികൾ വിടർന്നു…. സഞ്ജയുടെ അമ്മ അവളെ പുഞ്ചിരിയോടെ നോക്കിയിരിക്കുന്നുണ്ടായിരുന്നു… അവളുടെ മിഴികൾ വിടർന്നു.. ആ നിമിഷം വരെ അനുഭവിച്ച മനസ്സിലെ സങ്കർഷം ആ അമ്മയെ കണ്ടപ്പോൾ ഇല്ലാതായി.. .സന്തോഷം കൊണ്ടാവണം മിഴി കോണിൽ നനവ് പടർന്നു… ” അമ്മേ കണ്ടതിൽ ഒത്തിരി സന്തോഷം “…എന്ന് പറഞ്ഞ് കൊണ്ട് അവൾ കൈകൾ കൂപ്പി… അവർ പുഞ്ചിരിയോടെ അവളെ നോക്കി… ” മീനൂട്ടി കയറിക്കോളു… സഞ്ജയ് ബാഗ് എടുത്ത് ഡിക്കിയിൽ വച്ചോളും” അമ്മ പറഞ്ഞു..

“യ്യോ അത് വേണ്ട .. അമ്മയ്ക്ക് മകനാണെങ്കിലും എനിക്ക് സർ എൻ്റെ ബോസാണ്.. സ്വന്തം നില മറന്ന് ഞാൻ ഒരിക്കലും പ്രവർത്തിക്കില്ല…. ഞാൻ ബാഗെടുത്തു വച്ചോളാം”.. സർ ഡിക്കിയുടെ ലോക്ക് തുറക്കാമോ” അവൾ വിനയത്തോടെ പറഞ്ഞു… “മ്മ്” സഞ്ജയ് ഒന്ന് മൂളുക മാത്രം ചെയ്തു….ഡിക്കിയുടെ ലോക്ക് തുറന്നതും അവൾ ബാഗ് എടുത്ത് വച്ചു… ഡിക്കി അടച്ചു കാറിൻ്റെ പുറകിലത്തെ ഡോർ തുറന്ന് അകത്ത് കയറി… ” ഞാൻ പറഞ്ഞതാ ഇവനോട്… ഞാനും കൂടി വരുന്നുണ്ട് എന്ന് പറയാൻ… പക്ഷേ മീനുട്ടിയുടെ മുഖഭാവം കണ്ടിട്ട് പറഞ്ഞില്ലായിരുന്നു…. പെട്ടൊന്നൊരു യാത്ര…. വിവാഹം ഉടനെ നടത്തണമെന്ന് സ്വീറ്റിയുടെ വീട്ടുകാർക്ക് നിർബന്ധം.. അതു കൊണ്ട് നാട്ടിൽ പോയി നാളു കുറിക്കാൻ പോവാ. ”

അമ്മ ചിരിയോടെ പറഞ്ഞു… “ഈ അമ്മ എന്ത് ഭാവിച്ച…. ഇവളോടെന്തിനാ നമ്മുടെ കുടുംബ കാര്യമൊക്കെ പറയുന്നത് ” സഞ്ജയ് അൽപം ദേഷ്യത്തോടെ പറഞ്ഞു വണ്ടി മുൻപോട്ട് എടുത്തു… “എന്താ നിനക്ക് പറ്റിയത് സഞ്ജയ്…. ഇത്ര ദേഷ്യം നിൻ്റെയുള്ളിൽ ഉണ്ടായിരുന്നോ.. ഒരു വാക്ക് കൊണ്ട് പോലും ഒരാളെയും നോവിക്കാത്ത നീ എന്താ ഇപ്പോ ഇങ്ങനെ… “… ഇതോടെ നിർത്തിക്കോണം നിൻ്റെയീ സ്വഭാവം” അമ്മ ശാസനയോടെ പറഞ്ഞു… സഞ്ജയ് മറുപടി പറഞ്ഞില്ല… അവൻ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു… മീനാക്ഷി പുറത്തേക്ക് നോക്കിയിരുന്നു.. അപ്പോൾ സഞ്ജയ് സാറിന് എന്നോട് മാത്രമാണോ ഇത്ര ദേഷ്യം… എന്താണാവോ.. സത്യമെല്ലാം മഹി പറഞ്ഞതല്ലേ.. എന്നിട്ടും എന്നെ കാണുമ്പോഴെ വഴക്ക് പറയാനുള്ള ഒരു കാരണം കണ്ടു പിടിച്ചിരിക്കും….

സഞ്ജയ് ഇടയ്ക്കിടെ മിററിൽ കൂടെ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… അവളുടെ മുഖത്തെ പല വിധ ഭാവങ്ങൾ മിന്നി മറയുന്നത് കണ്ടു… അധരങ്ങൾ മൗനമായി പരിഭവം പറയുന്നുണ്ട് എന്ന് തോന്നി.. ഒന്നു രണ്ടു പ്രാവശ്യം മിഴികൾ തമ്മിൽ കോർത്തതും അവളുടെ ഉള്ളിൽ ഭയം ഉരുണ്ടുകൂടി… സഞ്ജയ് സാർ എന്നെ നാട്ടിലേക്ക് പോകാൻ കൂടെ കൂട്ടിയതിൽ എന്തോ ദുരുദ്ദേശം ഉണ്ട് എന്ന് തോന്നി തുടങ്ങിയിരുന്നു… അമ്മയോട് കുറച്ച് നേരം സംസാരിച്ചിരുന്നു…. എപ്പോഴോ സീറ്റിൻ്റെ ഒരു വശത്തേക്ക് തലചരിച്ച് വച്ച് കണ്ണടച്ചു കിടന്നു…. അമ്മയും മകനുo എന്തൊക്കെയോ തമാശകൾ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു…. വണ്ടി നിർത്തിയെന്ന് തോന്നിയപ്പോഴാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്… ഏതോ ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തിയിരിക്കുന്നു… ഞാൻ വേഗം നിവർന്നിരുന്നു…

തലയിൽ ചുറ്റിയിരുന്ന ഷാൾ ഒക്കെ എങ്ങോ പോയിരുന്നു….. തപ്പി പിടിച്ചു ഷാൾ എടുത്തു നേരെയിട്ടു… ” അമ്മയും മീനാക്ഷിയും ഇറങ്ങിക്കോളു… ഫുഡ് ഓർഡർ കൊടുത്തോളു… ഞാൻ എൻ്റെ പെങ്ങളുട്ടിക്ക് ഒരു സൽവാർ വാങ്ങിവരാന്ന് വാക്ക് കൊടുത്തിരുന്നു…. ഞാൻ പോയി വേഗം വാങ്ങി വരാം…” സഞ്ജയ് പറഞ്ഞു.. അമ്മയും മീനാക്ഷിയും കാറിൽ നിന്നിറങ്ങി .. ” മീനൂട്ടിയ്ക്കും കൂടി എന്തെങ്കിലും വാങ്ങിക്കോട്ടൊ.. ആദ്യമായിട്ട് നമ്മുടെ വീട്ടിലേക്ക് വരുമല്ലേ” അമ്മ പറഞ്ഞു.. “ശരി അമ്മേ…. മീനാക്ഷിയ്ക്ക് എന്താ വേണ്ടത്… സാരിയാന്നോ അതോ മോഡേൺ ഡ്രസ്സ് വല്ലതും വേണോ… ഒന്നും വേണ്ടാ എന്ന് പറയാൻ നിൽക്കണ്ട ” സഞ്ജയ് ഗൗരവത്തിൽ പറഞ്ഞു..അമ്മയുടെ മുൻപിൽ വച്ച് എന്താ വിനയം…

“ദാവണി കിട്ടുമെങ്കിൽ അത് മതി… വീട്ടിൽ അതായിരുന്നു ഉടുക്കുന്നത്… ” …അവൾ വിനയത്തോടെ പറഞ്ഞു… “ശരി” എന്ന് പറഞ്ഞ് വണ്ടിയുമായി പോകുന്നത് നോക്കി നിന്നു.. “അനിയത്തി എന്ന് പറഞ്ഞാൽ അവന് ജീവനാണ് ” സഞ്ജയ് പറഞ്ഞിരുന്നു മീനൂട്ടിയെ ഉപദ്രവിച്ചൂന്ന്… ഒരു തെറ്റിദ്ധാരണയായിരുന്നു എന്നറിഞ്ഞപ്പോൾ അവന് വല്ലാത്ത വിഷമമായിരുന്നു…. ” അവനോട് ദേഷ്യം തോന്നരുത് ” അമ്മ പറഞ്ഞു.. “മ്മ്”അവൾ വെറുതെ മൂളി.. “വാ എനിക്ക് വിശന്നു തുടങ്ങി… നമ്മുക്ക് വേഗം പോകാം” അമ്മ അവളുടെ കൈ പിടിച്ച് ഹോട്ടലിനകത്തേക്ക് നടന്നു… കൈ കഴുകി ടേബിളിൻ്റെ ഒരു വശത്തെ ഇരുകസേരകളിലായി ഞങ്ങൾ ഇരുന്നു…. അമ്മ ചോദിച്ചതിന് എന്തെങ്കിലും മതിയെന്ന് പറഞ്ഞ് ടേബിളിലിരുന്ന രണ്ടു ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ചു വച്ചു..

“എന്തിനാണ് ഇങ്ങനെ മുഖം മറച്ച് നടക്കുന്നത് “അമ്മയുടെ വാക്കുകളിൽ സങ്കടം നിറഞ്ഞിരുന്നു… “എൻ്റെ അമ്മയുടെ മുഖത്തും ഇത് പോലെ വലത് കവിളിനെ ഭാഗികമായി മറച്ച കറുത്ത മറുക് ഉണ്ടായിരുന്നു… അമ്മ എപ്പോഴും മുഖം മറച്ചിരുന്നു… അത് കൊണ്ട് ഞാനും അത് തുടർന്നു…… ” കൂട്ടുകാരുടെ കളിയാക്കലുകൾ നിന്നെല്ലാം ഒരു രക്ഷയായിരുന്നു ഈ മറ “.. ഇപ്പോൾ ഇത് ആരെയും ബുദ്ധിമുട്ടിലാക്കാതിരിക്കാനും വേദനിപ്പിക്കാതിരിക്കാനുമുള്ള മറയാണ്…”അവൾ പുഞ്ചിരിയോടെ പറഞ്ഞു… അവർ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി.. ‘ഇങ്ങനെയൊരു മകൾ ഉണ്ടെന്നറിഞ്ഞാൽ ആ അച്ഛൻ ഒരിക്കലും വേദനിക്കില്ല എന്ന് എൻ്റെ മനസ്സ് പറയുന്നു….. നിൻ്റെ അച്ഛനെ എനിക്ക് അടുത്തറിയാം… ആദ്ദേഹത്തിൻ്റെ ഓർമ്മകളിലെവിടെയോ നീയും നിൻ്റെ അമ്മയുമുണ്ട്…

അത് മീനൂട്ടി അവിടെ ചെല്ലുമ്പോൾ മനസ്സിലാക്കും” അമ്മ പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷം തോന്നി…. ” അങ്ങനെയൊരു സന്തോഷം അച്ഛന് കൊടുക്കാൻ സാധിക്കുമോ” അവൾ ആകാംക്ഷയോടെ ചോദിച്ചു… “തീർച്ചയായും സാധിക്കും.. ഞാനതിന് സഹായിക്കാം. പക്ഷേ പകരം എനിക്ക് ഒരു ഉപകാരം ചെയ്യണം” അമ്മ അവളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി… “എന്ത് ഉപകാരം ” ജീവിതത്തിൽ ഇപ്പോൾ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ല… എന്നെ കൊണ്ട് ആർക്കെങ്കിലും ഒരു ഉപകാരം ചെയ്യാൻ സാധിക്കുമെങ്കിൽ സന്തോഷം… എന്താന്ന് പറഞ്ഞാൽ മതി” അവൾ സന്തോഷത്തോടെ പറഞ്ഞു… ” പറയാം പക്ഷേ ഇപ്പോൾ അല്ല..അത് സമയമാകുമ്പോൾ ഞാൻ ചോദിച്ചോളാം.. അപ്പോൾ ഈ തന്ന വാക്ക് മാറരുത് ” അവർ ചിരിയോടെ പറഞ്ഞു…

അപ്പോഴേക്ക് സഞ്ജയ് അങ്ങോട്ടേക്ക് വന്നിരുന്നു… എതിർവശത്തെ കസേര നീക്കിയിട്ട് ഇരുന്നു.. കൈയ്യിലിരുന്ന കവറുകൾ അമ്മയെ ഏൽപ്പിച്ചു… ” ഞാൻ സ്വീറ്റിയ്ക്കു് കൂടി വാങ്ങിയിട്ടുണ്ട്… ” വിവാഹ തിയതി അടുത്താന്നെങ്കിൽ നേരത്തെ നാട്ടിലേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട് ” സഞ്ജയ് പറഞ്ഞു. “ശരി… നല്ലത്..” എന്ന് പറഞ്ഞ് അമ്മ വാങ്ങി വച്ചു… ഭക്ഷണം കഴിച്ചിറങ്ങി… ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ കവറുകൾ അമ്മയുടെ കൈയ്യിൽ നിന്നും അവൾ വാങ്ങി പിടിച്ചിട്ട് ഒരു കൈ അമ്മയുടെ വലത് കൈയ്യിൽ പിടിച്ചു കൊണ്ടുവരുന്നത് അവൻ കൗതുകത്തോടെ നോക്കിയിരുന്നു.. അവളെ ദേഹോദ്രവം ഏൽപ്പിച്ച പക മനസ്സിൽ ഉണ്ടായിട്ടും തൻ്റെ അമ്മയോട് കരുതലോടെ പെരുമാറുന്നവളെ അവനത്ഭുതം തോന്നുന്നുണ്ടായിരുന്നു… അവർ കാറിൽ കയറിയതും വണ്ടി മുന്നോട്ടെടുത്തു….

“മോൻ പറഞ്ഞു മീനൂട്ടി വയലിൻ വായിക്കുമെന്ന്…. വീട്ടിൽ വന്നിട്ട് വയലിൻ വായിച്ച് കേൾപ്പിക്കണം… അവനും ഇഷ്ട്ടമാണ്.. അവനും ആഗ്രഹിച്ചിരുന്നു പഠിക്കണമെന്ന്….. പക്ഷേ അവൻ്റെ ഇഷ്ട്ടങ്ങളൊന്നും അച്ഛനിഷ്ട്ടമല്ല ” അമ്മ വിഷമത്തോടെ പറഞ്ഞു. “യ്യോ ഞാൻ വരുന്നതും അച്ഛനിഷ്ടമാകാൻ വഴിയില്ല.. ഞാൻ വേറെയെവിടെയെങ്കിലും താമസിച്ചോളാം” അവൾ പതർച്ചയോടെ പറഞ്ഞു.. “ഹേയ് അതൊന്നും പ്രശ്നമില്ല… കുട്ടി ധൈര്യമായിട്ട് പോന്നോളു.. ഞാനില്ലേ കൂടെ” അമ്മ എൻ്റെ വലത് കൈയ്യിലെ വിരലുകൾ കോർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.. മനസ്സ് വീണ്ടും നൂല് പൊട്ടിയ പട്ടം കണക്കെ പാറി പറന്നു തുടങ്ങിയിരുന്നു… സഞ്ജയ് സാറിൻ്റെ അച്ഛൻ അന്ന് ഫ്ളാറ്റിൽ വന്ന് പറഞ്ഞ കാര്യങ്ങൾ ഓർക്കവെ മനസ്സിൽ ഭീതി നിറഞ്ഞു…. ഇനിയും പൊരുതി നിൽക്കേണ്ടി വരും….

എഗ്രിമെൻ്റ് ഒറ്റ കാരണം കൊണ്ടാണ് തിരികെ വരേണ്ടി വന്നത്.. അല്ലെങ്കിൽ ഒരിക്കലും തിരികെ ജോലിക്ക് കയറണമെന്ന് കരുതിയതല്ല… എന്നാലും ഇത്രം വന്ന സ്ഥിതിയ്ക്ക് അച്ഛനെ ഒന്ന് അടുത്ത് കാണണം എന്ന് ആഗ്രഹം തോന്നുന്നു… മഹി അന്ന് പറഞ്ഞിരുന്നു സഞ്ജയ് സാറിൻ്റെ വീടിൻ്റെ അടുത്താണ് തറവാട് എന്ന്…. സാഹചര്യം കിട്ടിയാൽ ഒന്ന് കാണണം…… സംസാരിക്കണം……. ഒന്ന് ആ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങണം… സ്വന്തം ചോരയാണ് എന്ന സത്യമറിയിക്കാതെ തന്നെ മടങ്ങണം… ❤❤❤❤❤❤❤❤❤❤❤❤❤❤ അവളുടെ മൗനം കണ്ട് അവന് ഏകദേശം കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിരുന്നു.. മീനാക്ഷി കമ്പനിയിൽ നിന്ന് പോയതിൻ്റെ പിന്നിൽ അച്ഛന് ഉറപ്പായും പങ്കുണ്ട്…

കമ്പനി ഡ്രൈവർ പറഞ്ഞിരുന്നു അച്ഛൻ രാത്രി മീനാക്ഷിയുടെ ഫ്ളാറ്റിലേക്ക് ചെന്നിരുന്നു എന്ന്… മീനാക്ഷിയെ വീട്ടിൽ കാണുമ്പോൾ അച്ഛൻ്റെ പ്രതികരണം അത്ര നല്ലതാവില്ല… കൂട്ടുകാരൻ്റെ നന്മയെ കരുതി ചിലപ്പോൾ ഭീഷണിപ്പെടുത്തിയേക്കാം….. പക്ഷേ ഭീഷണിക്കൊന്നും വഴങ്ങുന്ന പെണ്ണല്ല മീനാക്ഷി…. സ്നേഹത്തിന് മുന്നിൽ മാത്രം തോറ്റു കൊടുക്കുന്ന പെണ്ണ്…….. ” തുടരും

ഉറവിടം: ഭാഗം 10

Share this story