ആത്മിക : ഭാഗം 50

Share with your friends

എഴുത്തുകാരി: ശിവ നന്ദ

പുതിയ പ്രൊജക്റ്റിന്റെ പ്രസന്റേഷൻ റിപ്പോർട്ട്‌ നോക്കികൊണ്ട് ഇരിക്കുമ്പോഴാണ് കിച്ചന്റെ കാൾ വരുന്നത്..അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് സ്തബ്ധനായി ഇരിക്കാനെ ആൽബിക്ക് കഴിഞ്ഞോളു..യാന്ത്രികമായി ആ കാൾ കട്ട്‌ ചെയ്തിട്ടും കിച്ചൻ പറഞ്ഞയാ വാക്കുകൾ ആൽബിയുടെ ഹൃദയതാളം തെറ്റിച്ചു..അപ്പോഴാണ് ജെറി ക്യാബിനിലേക്ക് കയറി വന്നത്. “ഇച്ചായ…അറിഞ്ഞോ..അമ്മുവിന്റെ എൻഗേജ്മെന്റ് ഡേറ്റ് എടുത്തു..ടീനൂച്ചിയുടെ കല്യാണത്തിന്റെ പിറ്റേന്ന്” “മ്മ്…” “ഇത്രപെട്ടെന്ന് ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല ഇച്ചായ..ഇപ്പോൾ അമ്മു വിളിച്ച് പറഞ്ഞപ്പോൾ ശെരിക്കും ഞെട്ടിപോയി..ചന്തുവിന്റെ വീട്ടുകാരുടെ നിർബന്ധം ആണെന്ന്..”

“പൂർണ്ണമനസ്സോടെ ആണോ അമ്മു എല്ലാം സമ്മതിച്ചത്??” “പിന്നല്ലാതെ..അവളുടെ ഇഷ്ടം അറിഞ്ഞിട്ടല്ലേ ചന്തു വീട്ടിൽ വന്നു കാര്യം അവതരിപ്പിച്ചത്…ഇതിപ്പോൾ ഇച്ചായനെ സ്നേഹിച്ചവളുടെയും ഇച്ചായൻ സ്നേഹിച്ചവളുടെയും കല്യാണം ആയി..ഇനി എന്റെ ഇച്ചായനും വേണം ഒരു ജീവിതം” “നിനക്കില്ലാത്തൊരു ജീവിതം എനിക്കും വേണ്ട” “ഓഹോ അത്രക്ക് വേണ്ടാട്ടോ..ഞാൻ കല്യാണം വേണ്ടെന്ന് വെച്ചതിന് തക്കതായ കാരണം ഉണ്ട്” “ജെറി…പ്രണയം എല്ലാവരിലും പല അളവിൽ ആയിരിക്കും…പക്ഷെ വിരഹം…അത് എന്നും വേദന തന്നെയാടാ” “എന്റേത് നഷ്ടപ്രണയം അല്ല ഇച്ചായ..ആ പ്രണയം ഇന്നും എന്നിൽ നിറഞ്ഞുനില്പുണ്ട്…പക്ഷെ ഇച്ചായനും ടീനൂച്ചിയും വേർപിരിഞ്ഞതാണ്..ചേച്ചിക്ക് വേറെ കല്യാണവും ആയി” ആൽബിയിൽ നിന്നും പ്രതികരണം ഒന്നുമില്ലാതെ വന്നപ്പോൾ ജെറി അവനെ സൂക്ഷിച്ച് നോക്കി..

ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നവന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തയാറായി നില്പുണ്ട്..എന്നാൽ ഇമവെട്ടാതെ ആ കണ്ണുനീരിനെ അവൻ തടഞ്ഞുനിർത്തുന്നുണ്ട്..ആരോടെക്കെയോ ഉള്ള പ്രതിഷേധം എന്നപോൽ.. “ഇച്ചായ…ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ??” “ഞാനും ടീനുവും എന്തിനാ പിരിഞ്ഞതെന്ന് നിനക്ക് അറിയുമോ??” “അത് ചോദിച്ചപ്പോഴൊന്നും ഇച്ചായൻ പറഞ്ഞില്ലല്ലോ” “എന്നാൽ നീ ചോദിക്കാത്ത ഒരു കാര്യം ഞാൻ പറയട്ടെ” “എന്താ ഇച്ചായ??” “അമ്മു എന്നെ സ്നേഹിക്കുന്നെണ്ടെന്ന് ആദ്യം അറിഞ്ഞത് നീയല്ലേ…അവൾക്ക് സപ്പോർട്ട് നൽകി ഞങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിച്ചതും നീയല്ലേ…അവൾ എന്റെ പെണ്ണാണെന്ന് ഉറപ്പിച്ച് പറഞ്ഞതും നീയല്ലേ…” “അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ ഇച്ചായ..

അമ്മു അതൊക്കെ മറന്നു” “പക്ഷെ എനിക്ക് അങ്ങനെ മറക്കാൻ പറ്റില്ലടാ” “എന്തൊക്കെയാ ഇച്ചായൻ പറയുന്നത്..ശെരിക്കും ടീനൂച്ചിയെ ഇച്ചായൻ പ്രേമിച്ചിരുന്നോ??” “നിനക്ക് എന്ത് തോന്നുന്നു??” “എനിക്ക് അന്നും ഇന്നും അത് വിശ്വസിക്കാൻ പറ്റിയിട്ടില്ല…അഥവാ പ്രേമത്തിൽ ആയിരുന്നെങ്കിൽ ഒരിക്കലും നിങ്ങൾ പിരിയില്ലായിരുന്നു.. പക്ഷെ… ” “പക്ഷെ???” “അമ്മുവിന് എല്ലാം നേരിട്ട് ബോധ്യപ്പെട്ടത് അല്ലേ…അതിനപ്പുറം എന്റെ വിശ്വാസത്തിന് എന്ത് പ്രസക്തി…” “അമ്മുവിന്റെ മനസ്സിൽ ഇപ്പോൾ എന്നെ കുറിച്ചുള്ള ഇമേജ് എന്താടാ…എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയ പെണ്ണിന്റെ കല്യാണം നടത്താൻ നടക്കുന്ന നട്ടെല്ല് ഇല്ലാത്ത ഒരുത്തൻ… അല്ലേ.. ” “ഇച്ചായ.. എന്തൊക്കെയാ ഈ വിളിച്ചുപറയുന്നത്…” “ഹ്മ്മ്…

നീ പോയി ജോലി ചെയ്യാൻ നോക്ക്.. ഇനി കല്യാണവും നിശ്ചയവും ഒക്കെയായിട്ട് ലീവ് കുറേ എടുക്കേണ്ടത് അല്ലേ” “ഇച്ചായ…അമ്മുവിന് അറിയാത്ത എന്തെങ്കിലും സത്യം ഉണ്ടോ??” “ഉണ്ട്…അത് നീ അറിഞ്ഞത് കൊണ്ട് പ്രയോജനം ഒന്നുമില്ല.. അറിയേണ്ടത് അവളാണ്.. അമ്മു” “ഇനി അതിനൊരു അവസരം കിട്ടുമോ??” മറുപടി പറയാതെ ആൽബി ഒന്ന് ചിരിച്ചു.. അതിന്റെ അർത്ഥം മനസിലാക്കാൻ ജെറിക്ക് കഴിഞ്ഞില്ല..കുറച്ച് നേരം ആൽബിയെ നോക്കിയിരുന്നിട്ട് അവൻ പോയി. മനസ്സ് അസ്വസ്ഥമായിട്ടും വൈകുന്നേരം വരെ ആൽബി ഓഫീസിൽ തന്നെയിരുന്നു..വീട്ടിൽ പോയാൽ മനസ്സ് കൈവിട്ട് പോകുമെന്ന് അവന് ഉറപ്പായിരുന്നു.ഇതിനിടയിൽ പലതവണ കിച്ചൻ വിളിച്ചെങ്കിലും ആൽബി കാൾ അറ്റൻഡ് ചെയ്തില്ല..

ആരുടേയും ആശ്വാസവാക്കുകൾക്ക് തന്റെ മനസ്സ് ശാന്തമാക്കാൻ കഴിയില്ലെന്ന് ആൽബിക്ക് അറിയാം. വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയതും മഴ പെയ്യാൻ തുടങ്ങി..ജെറിയോട് കാർ എടുത്തിട്ട് വരാൻ പറഞ്ഞ് ആൽബി ആ മഴ നോക്കി നിന്നു..കാർമേഘത്തുണ്ടിൽ നിന്നും തന്റെ പ്രണയിനിയെ തന്നിലേക്ക് ചേർക്കുന്ന മൺതരിയുടെ പ്രണയം എല്ലാവർക്കും അറിയാം..എന്നാൽ മഴത്തുള്ളിയുടെയും ഇലത്തുമ്പിന്റെയും പ്രണയം ആരും അറിഞ്ഞില്ല..അസൂയ തോന്നിയ തെക്കൻകാറ്റിനാൽ മഴതുള്ളി മണ്ണോടു ചേരുമ്പോൾ…ആ മൺതരി സന്തോഷിച്ചിരിക്കാം..ഞെട്ടറ്റുവീഴാൻ ആ ഇലത്തുമ്പും കൊതിച്ചിരിക്കാം…ഒരാളുടെ പ്രണയനഷ്ടത്തിലൂടെ മറ്റൊരാൾക്ക് പ്രണയസാഫല്യം…. ഡ്രൈവ് ചെയ്യുമ്പോൾ പലതവണ ജെറി ആൽബിയെ നോക്കി..

അവന് എന്തൊക്കെയോ ചോദിക്കണമെന്ന് ഉണ്ട്..പക്ഷെ ഒന്നിനും ഉത്തരം കിട്ടില്ലെന്ന്‌ അറിയാവുന്നത് കൊണ്ട് ജെറി അതിന് തയാറായില്ല.പെട്ടെന്നാണ് ആൽബി വണ്ടി നിർത്താൻ പറയുന്നത്..അമ്പലത്തിന് മുന്നിലേക്ക് ജെറി കാർ ഒതുക്കിയതും ആൽബി ഇറങ്ങി…മഴ നനഞ്ഞ് ശ്രീകോവിലിലേക്ക് നോക്കി നിൽകുന്നവനെ അത്ഭുതത്തോടെയാണ് ജെറി നോക്കിയത്..അവനും കാറിൽ നിന്നിറങ്ങി ആൽബിയുടെ അടുത്തേക്ക് ചെന്നു. “ഇച്ചായ..എന്ത് ഭ്രാന്താ ഈ കാണിക്കുന്നത്??” “എല്ലാത്തിന്റെയും തുടക്കം ഇവിടെ വെച്ചായിരുന്നു..എല്ലാം മാറിമറിഞ്ഞതും ഇവിടെ വെച്ച്…എല്ലാത്തിനും സാക്ഷി…ആ ഭഗവാനും” “ഒന്ന് വന്നേ ഇച്ചായ..പ്ലീസ്..” ജെറി അവന്റെ കൈയിൽ പിടിച്ച് വലിച്ചതും ഒരിക്കൽ കൂടി ആൽബി ക്ഷേത്രത്തിലേക്ക് നോക്കി..കണ്ണന്റെ പുഞ്ചിരിക്ക് പതിവിലും തിളക്കമുള്ളത് പോലെ അവന് തോന്നി. 💞💞💞💞💞💞💞💞

ഓരോ ദിവസവും ആൽബിയുടെ പ്രതീക്ഷിക്കകൾക്കുമേൽ കരിനിഴൽ വീഴ്ത്തി കടന്നുപോയി..പലപ്രാവശ്യം ടീനയോട് സംസാരിക്കാനും അമ്മുവിനെ കാണാനും അവൻ ശ്രമിച്ചു..രണ്ട് വീട്ടിലും കല്യാണത്തിന്റെയും നിശ്ചയത്തിന്റെയും തിരക്കുകൾ ആയതുകൊണ്ട് അവന് അതിന് കഴിഞ്ഞില്ല..ഏറെ ആഘോഷമാക്കേണ്ട ടീനയുടെ ഓരോ ചടങ്ങിനും വെന്തുരുകുന്ന മനസ്സുമായി അവൻ നിന്നു.. ടീനയുടെ വീട്ടിൽ വലിയ പന്തൽ ഉയർന്നു..ബന്ധുക്കളാലും നാട്ടുകാരാലും ആ വീട് നിറഞ്ഞു..മധുരംവെപ്പിനുള്ളതെല്ലാം തയാറായപ്പോഴാണ് അമ്മു എത്തുന്നത്..കിച്ചനും ജെറിയും കൂടി ഹർഷനെ കാറിൽ നിന്ന് ഇറങ്ങാൻ സഹായിക്കുന്നുണ്ട്..

അപ്പോഴേക്കും അമ്മുവും ദിയയും ടീനയുടെ അടുത്തേക്ക് പോയി..പഴയതിലും സ്നേഹത്തോടെ ടീനയോട് പെരുമാറുന്ന അമ്മുവിലായിരുന്നു ആൽബിയുടെ ശ്രദ്ധ മുഴുവൻ..നാളെ ഒരുദിവസം കൂടിയെ അവളെ മോഹിക്കാൻ തനിക്ക് അവകാശമുള്ളു..നെഞ്ച് വല്ലാതെ വിങ്ങുന്നത് ആൽബി അറിഞ്ഞു..കഴിയില്ല പെണ്ണേ..നീയില്ലാതെ എനിക്ക് പറ്റില്ല…കണ്ണ് നിറഞ്ഞതും തിരക്കുകളിൽ നിന്നും മാറി ആൽബി ടെറസിലേക്ക് പോയി. “ഇങ്ങനെ മാറ്റത്തോട്ട് നോക്കി നിന്നാൽ ഒന്നിനും ഒരു തീരുമാനം ആകില്ലടാ” കിച്ചന്റെ ശബ്ദം കേട്ടതും കണ്ണ് തുടച്ചവൻ തിരിഞ്ഞുനോക്കി. “നീ ഇങ്ങോട്ട് വരുന്നത് കണ്ടപ്പോൾ ഞാൻ കരുതി ചാടി ചാകാൻ ആയിരിക്കുമെന്ന്” “ആത്മഹത്യ എനിക്ക് ചേർന്ന പണി അല്ലല്ലോ കിച്ചു..

അത് ഭീരുക്കൾക്ക് ഉള്ളതല്ലേ..ഞാനൊക്കെ ദേ ഈ ചങ്കിൽ എല്ലാം താങ്ങുന്നവൻ അല്ലേ” നെഞ്ച് തടവി അത് പറയുമ്പോൾ ആൽബിയുടെ തൊണ്ട ഇടറിയത് കിച്ചൻ ശ്രദ്ധിച്ചു. “എന്തായാലും ഒരു അവസാനശ്രമം നടത്തിനോക്കാം” “എന്ത്???” ആൽബി ചോദിച്ചതും ദേവു ടീനയുമായി ടെറസിലേക്ക് വന്നു. “ഇവനെ കാണാൻ ആണോ നീ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്” “ടീനുചേച്ചി പോവല്ലേ…ഇച്ചായന്റെ കൂടെ നിൽക്കാൻ നമ്മൾ അല്ലാതെ വേറെ ആരുമില്ല” “നീ എന്ത് അറിഞ്ഞിട്ട ദേവു ഈ പറയുന്നത്..ഇവന് ഒരു കാര്യം സാധിക്കാൻ നമ്മുടെ അറിവോ സമ്മതമോ ഒന്നും വേണ്ട..നമ്മൾ കൂടെ നിന്നില്ലെങ്കിലും ഇവൻ അതൊക്കെ നേടിക്കോളും” “എല്ലാം ഞങ്ങൾക്ക് അറിയാം ടീനു..

പക്ഷെ ഈ അവസാനനിമിഷം നീ വിചാരിച്ചാലെ എന്തെങ്കിലും നടക്കു” “കിച്ചു എന്താ ഉദ്ദേശിക്കുന്നത്..എനിക്ക് മനസിലായില്ല” “അന്ന് യഥാർത്ഥത്തിൽ എന്താ സംഭവിച്ചതെന്ന് നിനക്ക് അമ്മുവിനോട് പറഞ്ഞൂടെ???” “ഞാൻ എന്തിന് പറയണം?? അറിഞ്ഞുകൊണ്ട് ഒരു തെറ്റും അമ്മുവിനോട് ഞാൻ ചെയ്തിട്ടില്ല.എന്നിട്ടും അവളുടെ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ വന്നില്ലേ എനിക്ക്.നാട്ടിൽ വന്നപ്പോൾ തന്നെ അമ്മുവിനെ കാണാൻ ഞാൻ പോയിരുന്നു..എന്റെ പരിശുദ്ധി തെളിയിക്കാൻ എങ്കിലും എല്ലാം അവളോട് പറയണമെന്ന് കരുതി തന്നെയാ പോയത്..പക്ഷെ ഇവിടെ വന്ന് അവൾക്ക് എന്നോടുള്ള സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് അറിഞ്ഞപ്പോൾ..അവളുടെ സന്തോഷം കണ്ടപ്പോൾ…വീണ്ടും പഴയതൊക്കെ പറഞ്ഞ് അവളെ ധർമസങ്കടത്തിൽ ആക്കണ്ടെന്ന് കരുതി..

അവളുടെ ഒരുതരി സ്നേഹം കിട്ടാനുള്ള യോഗ്യത പോലും ഇവനില്ല കിച്ചു.” എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ നില്കുന്നവനിൽ ആയിരുന്നു കിച്ചന്റെയും ദേവുവിന്റേയും നോട്ടം. “ഇവൻ ചെയ്തതൊക്കെ തെറ്റ് തന്നെയാ..പക്ഷെ അതിന്റെ ഉദ്ദേശശുദ്ധി….” “നിർത്ത് കിച്ചു..നീ പറഞ്ഞ് പറഞ്ഞ് ഇവൻ ചെയ്ത പോക്രിത്തരം ഒരു ചെറിയ തെറ്റാണെന്ന് വരുത്തി തീർക്കേണ്ട.ഇവൻ എന്നോട് ചെയ്തത് എന്താടാ??? എന്നിട്ടും ഇവനെ എന്റെ most important ചടങ്ങിൽ പങ്കെടുപ്പിക്കുന്നത് വീട്ടുകാരെ ഓർത്ത് മാത്രമാ..നീയും പ്രേമിച്ചവൻ അല്ലേ..ഇങ്ങനെ ചെറ്റത്തരം കാണിച്ചാണോ നീ ഇവളെ സ്വന്തമാക്കിയത്??” “മതി ടീനു…” ആൽബിയുടെ ശബ്ദമുയർന്നതും എല്ലാവരും നിശബ്ദരായി. “ശരിയാ ഞാൻ ചതിയനാ..വിശ്വസിക്കാൻ കൊള്ളാത്തവനാ..ഞാൻ ചെയ്തതെല്ലാം എനിക്ക് വേണ്ടിയാണല്ലോ..

ഇനി അതിന്റെ പേരിൽ ഒരു ചർച്ച വേണ്ടാ..എനിക്ക് ആരും വേണ്ടാ…” “കണ്ടില്ലേ കിച്ചു…ഇവന്റെ സംസാരം കേട്ടാൽ തോന്നും എല്ലാത്തിനും കാരണക്കാർ നമ്മൾ ആണെന്ന്..ഇത്രയുമൊക്കെ ആയിട്ടും അവന്റെ അഹങ്കാരത്തിനും വാശിക്കും ഒരു കുറവും വന്നിട്ടില്ല..” “ആ അഹങ്കാരത്തിനും വാശിക്കും കൂട്ടുനിന്നിട്ടുള്ളത് നീ തന്നെയല്ലേ..എന്നിട്ട് കൂടെനിൽകേണ്ട സമയത്ത് നീയും ഇവനെ ഒറ്റക്കാക്കി പോയില്ലേ??? ശരിയാണ്..ഇവന്റെ പ്ലാൻ ഒന്ന് പാളിപോയിരുന്നെങ്കിൽ നിന്റെ ജീവിതം തന്നെ ഇല്ലാതായേനെ..പക്ഷെ അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ..ആർക്കും ഒരു നഷ്ടവും ഉണ്ടായില്ല…ശെരിക്കും ഇവനല്ല..നിനക്കൊക്കെയാണ് സ്വാർത്ഥത…” “കിച്ചു…” ദേഷ്യത്തോടെയുള്ള ആൽബിയുടെ വിളിയിൽ കിച്ചൻ ടീനയെ നോക്കി. “കണ്ടോടി..നിന്നെ മറ്റാരും കുറ്റപ്പെടുത്തുന്നത് അവന് സഹിക്കില്ല..

കുറച്ച് മുൻപ് നീ പറഞ്ഞല്ലോ അമ്മുവിന്റെ സ്നേഹം കിട്ടാനുള്ള യോഗ്യത ഇവന് ഇല്ലെന്ന്..ഇവനോളം അമ്മുവിനെ സ്നേഹിക്കാൻ വേറെ ആർക്കും കഴിയില്ലെടി..കോളേജിൽ പോയതുകൊണ്ടല്ലേ ചന്തു അമ്മുവിനെ കണ്ടതും ഇഷ്ടപെട്ടതും ഒക്കെ..ആൽബി ഇല്ലായിരുന്നെങ്കിൽ അവൾ ആ കോളേജ് കാണുമായിരുന്നോ?? അവൾ ജീവനോടെ എങ്കിലും ഉണ്ടാകുമായിരുന്നോ??? ” കിച്ചന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ എല്ലാവരെയും ഒന്ന് നോക്കി ടീന പിന്തിരിഞ്ഞ് നടന്നു..നെഞ്ച് വിങ്ങിപൊട്ടുന്നത് പോലെ അവൾക് തോന്നി..ഇടതടവില്ലാതെ കണ്ണുനീർ ഒഴുകി..അവളെ അന്വേഷിച്ച് ദിയ വരുന്നത് കണ്ടതും കണ്ണ് തുടച്ച് അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

“നീ ഇവിടെ എന്തെടുക്കുവാ??” “ഏയ്‌ ഞാൻ വെറുതെ…” “അവിടെ എല്ലാവരും തിരക്കുന്നുണ്ട്..വാ” ദിയയോടൊപ്പം അവൾ പോയതും കിച്ചന്റെ നിർബന്ധത്തിന് ആൽബിയും താഴേക്ക് ചെന്നു.ഡാൻസും പാട്ടുമൊക്കെയായി അമ്മു ഉൾപ്പടെ എല്ലാവരും ടീനയ്ക്ക് ചുറ്റും നിൽകുമ്പോൾ നിർജീവമായി ആൽബിയും നിന്നു… 💞💞💞💞💞💞💞💞💞💞 “നിനക്ക് ഞങ്ങളുടെ കൂടെ വന്നാൽ എന്താടാ??” കല്യാണത്തിന് പള്ളിയിലേക്ക് പോകാനായി കത്രീനാമ്മയും ജെറിയും റെഡി ആയി ഇറങ്ങിയപ്പോഴാണ് സമയം ആകുമ്പോൾ അങ്ങ് എത്തിയേക്കാമെന്ന് ആൽബി പറയുന്നത്. “എന്നാൽ അമ്മച്ചി പൊയ്ക്കോ..ഞാൻ ഇച്ചായന്റെ കൂടെ വന്നോളാം” “വേണ്ടടാ..എനിക്ക് ഇവിടെ കുറച്ച് പണി ഉണ്ട്..അത് കഴിഞ്ഞ് ഞാൻ വരാം” അവന്റെ കൂടെ നിൽക്കാൻ ജെറി കുറേ ശ്രമിച്ചെങ്കിലും ആൽബിയുടെ രൂക്ഷനോട്ടത്തിന് മുന്നിൽ അവൻ അമ്മച്ചിയുടെ കൂടെ പള്ളിയിലേക്ക് പോയി.

വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആൽബി…മനസ്സ് ശൂന്യമാണെങ്കിലും ഹൃദയഭാരം അവന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു..കണ്ണിന് കുറുകെ വലംകൈ വെച്ച് അവൻ സെറ്റിയിൽ ചാരികിടന്നു..എത്രസമയം കടന്ന് പോയെന്ന് അറിയില്ല..കാളിങ് ബെൽ കേട്ടാണ്‌ ആൽബി എഴുന്നേൽക്കുന്നത്..കണ്ണ് തിരുമ്മി അവൻ വാതിൽ തുറന്നു…മെറൂൺ കളർ സാരിയും കഴുത്തിൽ പാലക്കാ മാലയും അതിന്റെ തന്റെ ജിമിക്കി കമ്മലും തലയിൽ മുല്ലപ്പൂവും ചൂടി തന്റെ മുന്നിൽ നിൽക്കുന്നവളെ കണ്ട് ഒരുനിമിഷം ആൽബി ഞെട്ടി.. “അമ്മൂ…” “പള്ളിയിലേക്ക് വരുന്നില്ലേ??” അവളുടെ ആ ചോദ്യം അവൻ കേട്ടില്ല..അപ്രതീക്ഷിതമായി അവളെ കണ്ടതിന്റെ പകപ്പിൽ ആയിരുന്നു അവൻ.അവന്റെ ഭാവം കണ്ടിട്ടും അത് ശ്രദ്ധിക്കാത്തത് പോലെ അമ്മു അകത്തേക്ക് കയറി..

പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന ആൽബി അവളുടെ മുന്നിലേക്ക് കയറി നിന്നു. “അമ്മു..ഇനി എങ്കിലും ഞാനൊന്ന് പറഞ്ഞോട്ടെ…” “അതിന് ഇനിയും സമയം ഉണ്ടല്ലോ..ഇപ്പോൾ പോയി റെഡി ആയിട്ട് വാ..അവിടെ എല്ലാവരും കാത്തുനിൽക്കുവാ” “എന്നെ കാത്ത് ആരൊക്കെ നിന്നാലും ടീനു പ്രതീക്ഷിക്കില്ലെന്ന് എനിക്ക് അറിയാം..” “എന്ന് ടീനുചേച്ചി നിങ്ങളോട് പറഞ്ഞോ??” “പറയാതെ തന്നെ എനിക്ക് അറിയാം” “നിങ്ങൾക്ക് ആരെയും അറിയില്ല..അറിഞ്ഞിരുന്നെങ്കിൽ ടീനുചേച്ചി നിങ്ങളെ വിട്ട് പോകില്ലായിരുന്നു” “അമ്മു..നീ വിചാരിക്കുന്നത് പോലെയല്ല..ഞങ്ങൾ പ്രണയിച്ചിട്ടില്ല” “മ്മ്മ്…ഇനി അങ്ങനെയല്ലേ പറയാൻ പറ്റു..വെറുതെ സമയം കളയാതെ ചെന്ന് റെഡി ആയിട്ട് വാ” അത്രയും പറഞ്ഞ് അമ്മു മുകളിലേക്ക് പോകാനായി സ്റ്റെപ് കയറിയതും ആൽബി അവളുടെ കൈയിൽ പിടിച്ചു..

പെട്ടെന്നുള്ള പ്രവർത്തിയിൽ അമ്മു ഒന്ന് വഴുതിയെങ്കിലും വീഴാതെ ആൽബി അവളെ പിടിച്ചിരുന്നു..ഒരുവേള അവന്റെ മിഴികളിലേക്ക് നോക്കിയവൾ പിടച്ചിലോടെ അവനിൽ നിന്ന് അകന്നുമാറി. “വെറുതെ പറയുന്നത് അല്ല അമ്മു..സത്യമാണ്..ഞാൻ..ഞാൻ നിന്നെ മാത്രമേ പ്രണയിച്ചിട്ടുള്ളു..” “ടീനുചേച്ചിയുടെ കല്യാണം ഉറപ്പിച്ചെന്ന് അറിഞ്ഞപ്പോൾ തന്നെ ഈ ഡയലോഗ് ഞാൻ പ്രതീക്ഷിച്ചതാണ്..എന്തേ ചേച്ചി വിട്ടുപോയപ്പോഴാണോ എന്റെ പ്രണയം തിരിച്ചറിഞ്ഞത്??” “അമ്മൂ….” ദേഷ്യത്തോടെ അവൻ അവളുടെ കൈയിൽ കയറിപ്പിടിച്ചു..അവൾ ആ പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും അവൻ വിട്ടില്ല. “വിവാഹം ഉറപ്പിച്ച പെണ്ണാ ഞാൻ..

മറ്റൊരുവന്റെ മോതിരം നാളെ സ്വീകരിക്കേണ്ടവൾ..അതുകൊണ്ട് മര്യാദക്ക് കൈയെടുക്ക്” യാന്ത്രികമായി ആൽബിയുടെ കൈ അയഞ്ഞു..എല്ലാം അവസാനിച്ചത് പോലെ ആൽബി അവന്റെ മുറിയിൽ കയറി..ഒന്നാലോചിച്ച് നിന്നിട്ട് അമ്മുവും.. അലമാര തുറന്ന് അവന് ഇടാനുള്ള ഡ്രസ്സ്‌ എടുത്ത് അവൾ കട്ടിലിലേക്ക് വെച്ചു. “ഞാൻ പുറത്തുണ്ടാകും..റെഡി ആയി വാ” “ഞാൻ പറയുന്നതൊന്നും നീ വിശ്വസിക്കില്ലേ അമ്മു??” “വിശ്വസിച്ചത് കൊണ്ടാണല്ലോ ഞാൻ ഒഴിഞ്ഞുമാറി പോയത്” “ആ വിശ്വാസം തെറ്റായിരുന്നെന്ന് ബോധ്യപ്പെട്ടാൽ??” “കേട്ട വാക്കുകൾ അല്ല..കണ്ട കാഴ്ചയാണ് ഞാൻ വിശ്വസിച്ചത്” “നീ എന്ത് കണ്ടെന്ന..ഏഹ്ഹ്?? അതൊക്കെ ഞാൻ ക്രിയേറ്റ് ചെയ്തത് ആണ്” “എന്തിന്?? ” “അത്….” “വേണ്ട..പറഞ്ഞ് ബുദ്ധിമുട്ടണ്ട..നിങ്ങൾ പറയാൻ പോകുന്നത് എന്താണെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു..” ആൽബി സംശയത്തോടെ അമ്മുവിന്റെ മുഖത്തേക്ക് നോക്കി.

“നിങ്ങൾ ചെയ്തതെല്ലാം എന്റെ നല്ലതിന് വേണ്ടിയാണെന്നല്ലേ പറയാൻ പോകുന്നത്…എനിക്ക് വേണ്ടിയാണ് നിങ്ങൾ നീറിനീറി ജീവിക്കുന്നതെന്നല്ലേ പറയാൻ ഉദ്ദേശിച്ചത്” “ഹ്മ്മ്…നീയിപ്പോൾ എന്നെ കളിയാക്കി പരിഹാസത്തോടെ പറഞ്ഞത് തന്നെയാ അമ്മു സത്യം..പക്ഷെ അത് തെളിയിക്കാൻ എനിക്ക് പറ്റില്ല” “അത് സത്യമായിരുന്നെങ്കിൽ എന്ത് കൊണ്ട് ഇത്രയും നാളും എന്റെ തെറ്റിധാരണ മാറ്റാൻ നിങ്ങൾ ശ്രമിച്ചില്ല…” “ഞാൻ എല്ലാം പറയാൻ വന്നിട്ട് നീയല്ലേ കേൾക്കാതെ പോയത്” “അന്ന് പിറന്നാളിന്റെ അന്നല്ലേ എന്നോട് സംസാരിക്കാൻ വന്നത്..അതിന് മുന്നേ ചന്തുവേട്ടന് ഞാൻ മറുപടി കൊടുത്തിരുന്നു..ഇനി പഴയതൊന്നും ഓർക്കാനോ കൂടുതൽ എന്തെങ്കിലും അറിയാനോ എനിക്ക് താല്പര്യമില്ല” “ഒന്നും പിടിച്ച് വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല…

ഇനിയൊരിക്കലും നീ എന്റെ അമ്മൂട്ടി ആകില്ലെന്ന് ഇപ്പോൾ എനിക്ക് പൂർണബോധ്യം ഉണ്ട്..ഈ നിമിഷം വരെ നിന്റെ നാവിൽ നിന്ന് ‘ഇച്ചൻ’ എന്ന വാക്ക് വീണിട്ടില്ല അമ്മു” “ആ ഒരു വാക്ക് മാത്രം ഈ നാവിൽ നിന്നും വീണിരുന്നു ഒരു കാലമുണ്ടായിരുന്നു” കൂടുതൽ ഒന്നും പറയാതെ അമ്മു വാതിൽ അടച്ച് പുറത്തിറങ്ങി..എന്തോ ഒരു ഭാരം ഇറക്കിയ ആശ്വാസം ആയിരുന്നു അപ്പോൾ അമ്മുവിന്. അല്പസമയം കഴിഞ്ഞതും വാതിൽ തുറന്ന് ആൽബി ഇറങ്ങി.അവന്റെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ഓർക്കാതെ അമ്മു അത് തുടച്ചുകൊടുക്കാനായി കൈ ഉയർത്തി..എന്നാൽ അതിന് മുൻപ് തന്നെ ആൽബി അവളുടെ കൈ പിടിച്ച് മാറ്റിയിരുന്നു. “മറ്റൊരുത്തന്റെ പെണ്ണ് എന്റെ കണ്ണീരൊപ്പേണ്ട ആവശ്യമില്ല” മനസ്സ് കല്ലാക്കി അത് പറയുമ്പോൾ വാക്കുകൾ ഇടറാതിരിക്കാൻ ആൽബി ശ്രദ്ധിച്ചു. “ഹ്മ്മ്…പെട്ടെന്ന് ഇറങ്ങ്..സമയം ഒരുപാടായി”

“അവിടെ മുഹൂർത്തം ഒന്നുമില്ല” “മുഹൂർത്തം ഇല്ലെങ്കിലും എല്ലാത്തിനും ഒരു നേരവും കാലവും ഉണ്ടല്ലോ” അത്രയും പറഞ്ഞ് അമ്മു താഴേക്ക് ഇറങ്ങി..ബൈക്കിന്റെ കീ എടുത്ത് ആൽബി വന്നതും അമ്മു അത് പിടിച്ചുവാങ്ങി ടേബിളിലേക്ക് വെച്ചു. “എന്താ പോകണ്ടേ??” “അന്യപുരുഷന്റെ കൂടെ ബൈക്കിൽ ചെന്നിറങ്ങുന്നത് ആരെങ്കിലും കണ്ടിട്ട് വേണം ഓരോന്ന് പറഞ്ഞൊപ്പിക്കാൻ..അതുകൊണ്ട് കാറിൽ പോയാൽ മതി” പറഞ്ഞ് തീർന്നതും ആൽബിയെ പുറത്തേക്ക് ഇറക്കി അമ്മു വാതിൽ അടച്ചിരുന്നു. “കാറിന്റെ ചാവി എടുത്തില്ല” “അതൊക്കെ ഞാൻ എടുത്തിട്ടുണ്ട്” അവൻ സംശയത്തോടെ അമ്മുവിനെ നോക്കി നിന്നപ്പോഴേക്കും അവൾ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.

“നീ എന്ത് ചെയ്യാൻ പോകുവാ..ഇങ്ങോട്ട് ഇറങ്ങ്” “അതെന്താ ഞാൻ ഓടിച്ചാൽ വണ്ടി ഓടില്ലേ??” അതിന് മറുപടി കൊടുക്കാനുള്ള മനസികാവസ്‌ഥയിൽ ആയിരുന്നില്ല ആൽബി അപ്പോൾ.അതുകൊണ്ട് അമ്മുവിനെ കൂർപ്പിച്ചൊന്ന് നോക്കി അവൻ കോ ഡ്രൈവർ സീറ്റിലേക്ക് കയറി..എന്നാൽ അമ്മു കാർ സ്റ്റാർട്ട്‌ ചെയ്തതും കൂൾ ആയിട്ട് ഓടിച്ചുപോകുന്നതും അവൻ അത്ഭുതത്തോടെ നോക്കി..പണ്ട് ക്ലെച്ചും ബ്രേക്കും ഏതെന്ന് അറിയാതെ നട്ടംതിരിഞ്ഞ ഒരു തൊട്ടാവാടിയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു..സീറ്റിൽ ചാരിയിരുന്ന് അവൻ കണ്ണടച്ചു.. 💞💞💞💞💞💞💞💞 പള്ളിയിലേക്ക് അവർ ഒരുമിച്ച് വരുന്നത് കണ്ട് കിച്ചനും ദേവുവും സന്തോഷത്തോടെ ആൽബിയെ നോക്കി.എന്നാൽ അവന്റെ നിർജീവമായ ചിരിയും കണ്ണുചിമ്മി കാണിക്കലും കണ്ടതോടെ അവരുടെ പ്രതീക്ഷ ഇല്ലാതായി..

അമ്മു കത്രീനാമ്മയുടെ അടുത്തേക്ക് നിന്നപ്പോൾ ആൽബി കുറച്ച് മാറി ജെറിയുടെ അടുത്തായി നിന്നു..മണവാട്ടിയുടെ വേഷത്തിൽ തന്റെ കളികൂട്ടുകാരിയെ കണ്ടതും സങ്കടത്തിനിടയിലും അവനിൽ ചെറുപുഞ്ചിരി തെളിഞ്ഞു..അങ്ങനെ പാറേക്കുന്നേൽ ജെയിംസ് ടീന കുര്യാക്കോസിനെ മിന്നുകെട്ടി സ്വന്തമാക്കി.. ചടങ്ങെല്ലാം കഴിഞ്ഞ് അവർ ഫോട്ടോ എടുത്ത് നിൽക്കുമ്പോഴാണ് ആൽബി ടീനയുടെ അടുത്തേക്ക് ചെല്ലുന്നത്. “ഹലോ ആൽബിൻ..എന്തേ ലേറ്റ് ആയത്??” ജെയിംസ് ചോദിച്ചതും ആൽബി അവന് ചിരിച്ചുകൊണ്ട് കൈകൊടുത്തു. “ടീന വന്നപ്പോൾ മുതൽ തന്നെ നോക്കി നിൽകുവായിരുന്നു..ഒരുമിച്ച് കല്യാണം നടത്തണമെന്ന ഇവളുടെ ആഗ്രഹത്തിന് കൂട്ടുനിന്നിട്ട് അവസാനം താൻ വരാതിരിക്കുമോന്ന് ഞാനും ഒന്ന് പേടിച്ചു.”

ജെയിംസ് പറഞ്ഞതൊന്നും മനസിലാകാതെ ആൽബി ടീനയെ നോക്കി. “നിന്നോടുള്ള ദേഷ്യത്തിനും പിണക്കത്തിനും ഒരു കുറവും വന്നിട്ടില്ല..പക്ഷെ എന്തൊക്കെയായാലും നീ എന്റെ താന്തോന്നി അല്ലാതാവില്ലല്ലോ…” “ടീനു..മോളെ..” “പല തവണ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കളരിയ്ക്കൽ വീട്ടിലെ ചുണകുട്ടിക്ക് ശോകഭാവം ചേരില്ലെന്ന്..പ്രത്യേകിച്ച് ഇന്നത്തെ ദിവസം..നീ പുറത്തേക്ക് ചെല്ല്” “പുറത്ത് എന്താ??” “നീ അങ്ങോട്ട് ചെല്ലടാ..അപ്പോൾ അറിയാലോ” രണ്ടുപേരെയും നോക്കിയിട്ട് ആൽബി പുറത്തേക്ക് നടന്നു..അവിടെ പള്ളിമുറ്റത്ത് എല്ലാവരും കൂടിനില്പുണ്ട്..കാര്യം എന്താണെന്ന് അറിയാതെ ആൽബി ചെന്നുനോക്കുമ്പോൾ അതേ അവസ്ഥയിൽ തന്നെ കിച്ചനും ദേവുവും നില്പുണ്ട്. “എന്താടാ കിച്ചു?” “ആ അറിയില്ലടാ..അവിടെ നിന്നപ്പോൾ ജെറിയാ ഞങ്ങളെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്..”

“എന്നിട്ട് ജെറി എവിടെ?” “ദേ നിന്ന് കത്തിയടിക്കുന്നു” അവൻ നോക്കുമ്പോൾ ജെറിയും അമ്മുവും കാര്യമായ എന്തോ ചർച്ചയിൽ ആണ്.അപ്പോഴാണ് കത്രീനാമ്മ അങ്ങോട്ട് വരുന്നത്. “പള്ളിയ്ക്ക് അകത്തുവെച്ച് കെട്ട് നടത്താൻ പറ്റില്ലെന്ന അച്ചൻ പറയുന്നത്..അതുകൊണ്ട് ഇവിടെവെച് അങ്ങ് നടത്താം..എന്താ ആൽബി??” “ആരുടെ കെട്ടിന്റെ കാര്യമാ അമ്മച്ചി പറയുന്നത്??” “നിന്റെ..അല്ലാതെ ആരുടേയ?” “എന്റെയോ????” “ദാ ഈ മിന്ന് അമ്മുവിനെ അണിയിക്ക്” തന്റെ നേർക്ക് മിന്ന് നീട്ടിനിൽകുന്ന അമ്മച്ചിയെ അവൻ ഞെട്ടലോടെ നോക്കി..പിന്നെയാ നോട്ടം അമ്മുവിലേക്കായി.. “ഇച്ചാ….” അമ്മുവിന്റെ ആ വിളിയിൽ തനിക്ക് ചുറ്റും നടക്കുന്നത് സ്വപ്‌നമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ആൽബി……. (തുടരും )

ആത്മിക:  ഭാഗം 49

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-